ത്രിപുര, ബി.ജെ.പി പോക്കറ്റടിച്ച് നേടിയ വിജയം- എം എ ബേബി

ത്രിപുര, ബി.ജെ.പി പോക്കറ്റടിച്ച് നേടിയ വിജയം- എം എ ബേബി
Published on
Summary

ത്രിപുര തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സഖ്യ പരീക്ഷണവും തിരിച്ചടിയും സംബന്ധിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പ്രതികരിക്കുന്നു

Q

ത്രിപുരയില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു മത്സരിച്ചു. സഖ്യത്തിനും ബി.ജെ.പി അധികാരത്തില്‍ നിന്നും താഴെയിറക്കാനായില്ല. സഖ്യമുണ്ടാക്കി മത്സരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെടുന്നുണ്ടോ?

A

ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യമായിരുന്നില്ല ഉണ്ടായിരുന്നത്. 60 സീറ്റുകളുള്ള ത്രിപുര നിയമസഭയില്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം 47 സീറ്റുകളില്‍ മത്സരിക്കാനും 13 സീറ്റുകള്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ളവര്‍ക്ക് മത്സരിക്കാനും വിട്ടു കൊടുത്തു. തെരഞ്ഞെടുപ്പിലെ പരസ്പര ധാരണയാണത്. ജനാധിപത്യപരമായ അന്തരീക്ഷത്തില്‍ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ പോയി രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിച്ച് സ്വതന്ത്രവും നീതിപൂര്‍വ്വവുമായി തെരഞ്ഞെടുപ്പ് നടക്കുന്നതിനെക്കുറിച്ച് നമുക്ക് സാമാന്യധാരണയുണ്ട്. എന്നാല്‍ അതുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത സ്ഥിതിയാണ് ത്രിപുരയില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 16 പേരാണ് സി.പി.എം പ്രതിനിധികളായി നിയമസഭയിലുണ്ടായിരുന്നത്. കാല്‍നൂറ്റാണ്ടോളം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന മണിക് സര്‍ക്കാരിന് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോയി ജനങ്ങളെ കാണാനോ അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനോ കഴിയുമായിരുന്നില്ല. സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും അനുവദിച്ചില്ല. അര്‍ദ്ധ ഫാസിസ്റ്റ് ഭീകര സാഹചര്യങ്ങളായിരുന്നു ത്രിപുരയില്‍. സംസ്ഥാന കമ്മിറ്റി ഓഫീസിന് തീയിടുകയും രണ്ട് വാഹനങ്ങള്‍ കത്തിച്ച് കളയുകയും ചെയ്തു. പ്രാദേശിക ഓഫീസുകള്‍ കൈയേറി നശിപ്പിച്ചു. മൂന്ന് ഭാഗവും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ത്രിപുരയില്‍ നടക്കുന്ന പല സംഭവങ്ങളും പുറത്തേക്ക് അറിയുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ തന്നെ വളരെ കുറച്ച് മാത്രമാണ് പുറത്ത് വരുന്നത്. അത്തരത്തില്‍ തികച്ചും അസാധാരണമായി സാഹചര്യത്തിലും ഇത്രയധികം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുക എന്നത് ഞങ്ങളുടെ കണക്കു കൂട്ടലുകളെയും പ്രതീക്ഷകളെയും കവച്ചുവെച്ചുള്ള ജനങ്ങളുടെ മുന്നേറ്റമാണ് കാണിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കില്‍ ബി.ജെ.പി അവിടെ പച്ചതൊടുമായിരുന്നില്ല. ക്രമക്കേടുകള്‍ നടക്കുക മാത്രമല്ല കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി അവിടെ ഇറക്കിയത്. പോലീസിന്റെ സംരക്ഷണത്തിലാണ് ബി.ജെ.പി ത്രിപുരയില്‍ പണം വിതരണം ചെയ്തത്. അതിനുള്ള തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പണം വിതരണം ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ അവരുടെ സത്യസന്ധത കൊണ്ട് വെളിപ്പെടുത്തിയ കാര്യമാണിത്. മാധ്യമങ്ങള്‍ പോയി അന്വേഷിച്ചാല്‍ അവര്‍ക്കും ഇക്കാര്യം വ്യക്തമാകും. അതുകൊണ്ട് തന്നെ പോക്കറ്റടിച്ച് നേടിയ വിജയമാണ് ബി.ജെ.പിക്ക് ത്രിപുരയിലുണ്ടായത്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിട്ടും ബി.ജെ.പിയെ താഴെയിറക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചോദ്യം അവിടെത്തെ ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ്.

തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കി മത്സരിച്ചതോടെ പുറത്ത് വരാനും ബി.ജെ.പിക്കെതിരെ പൊരുതാനും കഴിയുമെന്ന ആത്മധൈര്യം അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങാന്‍ കഴിയാതിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പുറത്ത് വരുന്നുണ്ട്. അതുകൊണ്ട് ത്രിപുരയില്‍ ബി.ജെ.പിയുടെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരത അധിക കാലം നിലനില്‍ക്കില്ലെന്നതിന്റെ സൂചന ഈ തെരഞ്ഞെടുപ്പോടെ വന്നിട്ടുണ്ട്.

Q

കോണ്‍ഗ്രസുമായി ചേര്‍ന്ന് സംയുക്ത റാലികള്‍ നടത്തിയിട്ടും രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജുന്‍ ഖര്‍ഗോയോ ത്രിപുരയില്‍ പ്രചരണത്തിനെത്തിയില്ല. ഐക്യത്തിലാണെന്ന് പറയുമ്പോഴും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയില്ലേ?

A

കോണ്‍ഗ്രസ് ധാരണ ഫലപ്രദമായോ അവരുടെ നേതാക്കള്‍ എന്തുകൊണ്ട് പ്രചരണത്തിന് വന്നില്ല എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഈ ഘട്ടത്തില്‍ അഭിപ്രായം പറയാന്‍ സമയമായിട്ടില്ല. കുറച്ച് കൂടി കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമേ പ്രതികരിക്കാന്‍ കഴിയുകയുള്ളു. സി.പി.എമ്മും തിപ്ര മോത്തയും വിജയിച്ച രണ്ടു വീതം സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചിട്ടും വീണ്ടും വോട്ടെണ്ണണമെന്ന് ബി.ജെ.പിക്കാര്‍ വാശിപിടിക്കുകയാണ്. അവിടെ കൗണ്ടിംഗ് ഏജന്റുമാരെ തല്ലിയോടിച്ചിട്ടാണ് തോല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നത്. മുമ്പ് കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ദിവസം പിടിച്ചെടുക്കല്‍ നടത്തിയിരുന്നു.

അന്ന് രാജ്യസഭാംഗമായിരുന്ന ഞാനുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് സമാധാനപരമായാണോ നടക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പോയിരുന്നു. സി.പി.എമ്മിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ എം.പിമാര്‍ വന്നിരിക്കുന്നുവെന്ന് പറഞ്ഞ് ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. സോമനാഥ് ചാറ്റര്‍ജിയും കൂട്ടത്തിലുണ്ടായിരുന്നു. മജ്‌ലിഷ്പുര്‍ എന്ന നിയമസഭ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചുവെന്ന് പ്രഖ്യാപിച്ചിട്ടും സന്തോഷ് മോഹന്‍ ദേവിന്റെ നേതൃത്വത്തില്‍ തെരുവ് ഗുണ്ടായിസം കാണിച്ച് വീണ്ടും കൗണ്ടിംഗ് ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ അടിച്ചോടിച്ചു. കൃത്രിമമായി വോട്ടെണ്ണിയിട്ട് കോണ്‍ഗ്രസ് വിജയിച്ചതായി പ്രഖ്യാപിച്ചു. പണ്ട് കോണ്‍ഗ്രസുകാര്‍ ചെയ്ത അതിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഇപ്പോള്‍ ബി.ജെ.പിക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നു.

Q

കോണ്‍ഗ്രസിന് പൂജ്യത്തില്‍ നിന്ന് 3 സീറ്റിലേക്ക്. 16ല്‍ നിന്നും 11 ലേക്ക്. സി.പി.എമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയതു. കോണ്‍ഗ്രസ് സി.പി.എമ്മിന് വോട്ട് ചെയ്തില്ല. നേരത്തെ പശ്ചിമബംഗാളിലും ഇതേ അവസ്ഥയുണ്ടായി. എന്തായിരിക്കും കാരണം?

A

ഇപ്പോള്‍ മറുപടി പറഞ്ഞാല്‍ അസമയത്താകും അത്. കുറച്ച് കൂടി പഠിക്കേണ്ടതുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും വേണമെങ്കില്‍ ആരോപണം ഉന്നയിക്കാമല്ലോ. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കിയാല്‍ മാത്രമേ പ്രതികരിക്കാന്‍ കഴിയു.

Q

2024ല്‍ തെരഞ്ഞെടുപ്പ്. ബി.ജെപിയെ എങ്ങനെയാണ് അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനാകുക?

A

ബി.ജെ.പിക്കും അവരുടെ കൂട്ടാളികള്‍ക്കും 2019ലെ തെരഞ്ഞെടുപ്പില്‍ എത്ര വോട്ടാണ് കിട്ടിയതെന്ന് നമുക്ക് അറിയാമല്ലോ. ജനങ്ങളുടെ മുന്നിലുള്ള ചോദ്യം 1975 ല്‍ ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യത്തെ മുഴുവന്‍ ജയിലാക്കി മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ രാജ്യത്തെ ജനങ്ങളുടെ മനസിനെ വിഭജിക്കുകയും ജനതയെ വെട്ടിമുറിക്കുകയും ചെയ്യുകയാണ് ആര്‍.എസ്സ.എസിന്റെയും മോദിയുടെയും നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റ് സര്‍ക്കാര്‍.

സ്വാതന്ത്രസമര കാലത്ത് രൂപപ്പെട്ട് വന്ന ഇന്ത്യയെന്ന ആശയമുണ്ട്. എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കാനും ആദരിക്കാനും വിദ്വേഷമല്ല, അപര സ്‌നേഹമാണ് മനുഷ്യര്‍ക്ക് തമ്മിലുണ്ടാകേണ്ടതെന്നും ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള ഭിന്നതകള്‍ മറന്ന് നാടിന് വേണ്ടി നില്‍ക്കണമെന്നുമുള്ള ഇന്ത്യയെന്ന ആശയം. അത് വീണ്ടെടുക്കണമെങ്കില്‍ ഇന്ത്യയിലെ ആര്‍.എസ്.എസ് വാഴ്ച അവസാനിപ്പിക്കണം.

എല്ലാ പാര്‍ട്ടികളും ഉത്തരവാദിത്തത്തോടെ ശ്രമിച്ചാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കുക എന്നത് അസാധ്യമായ കാര്യമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ നേതാവിന് ഭാവിയില്‍ എന്തെങ്കിലും സ്ഥാനം കിട്ടുകയെന്ന ചിന്തയാണ് ഉള്ളത്. നമ്മുടെ രാജ്യത്തിന്റെ ഭാവി എന്താകുമെന്നല്ല ചിന്തിക്കുന്നത്. പാര്‍ട്ടിയുടെ നേതാവിനെക്കുറിച്ചുള്ള ചിന്ത കുറച്ചൊന്ന് പിറകോട്ട് വെക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ തയ്യാറായാല്‍ 2024ല്‍ മോദിയേയും കൂട്ടാളികളെയും പരാജയപ്പെടുത്താന്‍ കഴിയുന്ന ഇന്ത്യയാണിത്. അത്തരം ജനതയാണ് ഇന്ത്യക്കാര്‍. അത് മനസിലാക്കാന്‍ തയ്യാറാകാതെ തിണ്ണമിടുക്ക് കാണിക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. മോദിയെ മാറ്റിയാല്‍ എന്റെ പാര്‍ട്ടിയുടെ നേതാവ് പ്രധാനമന്ത്രിയെന്നതാണ് ചിന്ത. അല്ലെങ്കില്‍ ഞാനായിരിക്കണമെന്നാണ് നേതാക്കള്‍ സ്വപ്‌നം കാണുന്നത്. അത് ദൗര്‍ഭാഗ്യകരമാണ്. അതാണ് മോദി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മോദിക്കുള്ള ഏറ്റവും വലിയ ഗ്യാരന്റി പ്രതിപക്ഷ നിരയിലെ ആലോചനാ ശൂന്യതയും ഉത്തരവാദിത്തരാഹിത്യവുമാണ്. അത് വ്യത്യസ്ത പാര്‍ട്ടികളിലെ വ്യത്യസ്ത നേതാക്കളില്‍ പല തോതിലുണ്ട്.

ഇനിയുള്ള നാളുകളില്‍ ഇന്ത്യയുടെ അവസ്ഥയെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ആലോചന വേണം. സ്വന്തം രാഷ്ട്രീയ ഭാവിയും സ്ഥാനമോഹങ്ങളും മാറ്റിവെച്ച് രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും വേണ്ടി നില്‍ക്കാന്‍ കഴിയണം. അദാനിയെയും അംബാനിയേയും പോലുള്ള ധനികരെ വളര്‍ത്താനുള്ള മോദിയുടെ ശ്രമത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നില്ല കോണ്‍ഗ്രസിന്റെ ഭരണകാലവും.

സാമ്പത്തിക നയത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് പുനരവലോകനത്തിന് കോണ്‍ഗ്രസ് തയ്യാറാകണം. കോണ്‍ഗ്രസാണ് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. ആ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിശ്വാസം വരണമെങ്കില്‍ ഇന്നത്തെ സമീപനങ്ങള്‍ അവര്‍ തിരുത്തേണ്ടതുണ്ട്. ഉത്തരവാദിത്ത ബോധം പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ 2024ല്‍ ആര്‍.എസ്.എസിന്റെ വിഷലിപ്തമായ രാഷ്ട്രീയത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ മോചിപ്പിക്കാന്‍ കഴിയും. ആശങ്കകളുണ്ടെങ്കിലും അതിന് അനുകൂലമായ സാഹചര്യം രൂപപ്പെടുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in