വേനലിന്റെ കാഠിന്യം കൂടും -ഡോ. മനോജ്.പി.സാമുവല്‍

വേനലിന്റെ കാഠിന്യം കൂടും -ഡോ. മനോജ്.പി.സാമുവല്‍
Published on
Summary

ഫെബ്രുവരി മാസത്തില്‍ തന്നെ കേരളത്തില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നു. ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കാലാവസ്ഥ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ദ ക്യു ന്യൂസ് പരമ്പരയില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ്.പി. സാമുവല്‍ സംസാരിക്കുന്നു.

കാലാവസ്ഥയിലെ മാറ്റം പ്രത്യേക പാറ്റേണിലല്ല സംഭവിക്കുന്നത്. താപനില കൂടുന്നുവെന്നത് ശരിയാണ്. എന്നാല്‍ എല്ലാവര്‍ഷവും വേനല്‍ക്കാലം ഇതുപോലെ നേരത്തെ വരുമെന്നോ ശക്തമായ ചൂടുണ്ടാകുമെന്നോ പറയാന്‍ കഴിയില്ല. എങ്കിലും മഴക്കാലം കൂടുതല്‍ തീവ്രമാകുന്നതായും വേനക്കാലം കൂടുതല്‍ കാഠിന്യമുള്ളതാകുന്നുവെന്നതുമാണ് പൊതുവായി കാണുന്നത്. മഴയുടെ ആകെ അളവില്‍ മാറ്റമില്ലെങ്കിലും വിതരണക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. മഴദിവസങ്ങളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ലഭിക്കുന്ന മഴയുടെ അളവില്‍ വ്യത്യാസമില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുന്നു. ഇങ്ങനെ തീവ്രതയുള്ള മഴ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മഴ വിതരണക്രമത്തിലും പാറ്റേണിലുമുണ്ടാകുന്ന മാറ്റം വേനല്‍ക്കാലത്തെയും ബാധിക്കുന്നു. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ നല്ല മഴ ലഭിച്ചിട്ടില്ല. എല്‍ നിനോ പ്രതിഭാസം കൂടുതല്‍ പ്രഭാവ പൂര്‍ണമാകുമെന്നും അതുകൊണ്ട് തന്നെ ലോകമാകെ വേനല്‍ കടുക്കുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

താപനില കൂടുന്നതിന് അനുസരിച്ച് ബാഷ്പീകരണവും സ്വേദനവും കൂടും. ഇത് മൂലം ഉപരിതല ജല സ്രോതസ്സുകള്‍ വറ്റി വരണ്ടു പോകാന്‍ സാധ്യതയുണ്ട്. സ്വേദനം കൂടുമ്പോള്‍ മണ്ണിലെ ജലാംശവും നഷ്ടപ്പെടും. ഈ രണ്ട് പ്രശ്നങ്ങളുമുള്ളത് കൊണ്ട് നമ്മുടെ ഗാര്‍ഹികാവശ്യങ്ങളെയും കുടിവെള്ള ലഭ്യതയേയും ബാധിക്കും. ഈ ഘട്ടത്തില്‍ ഭൂഗര്‍ഭജലത്തെയാണ് കൂടുതലായി ആശ്രയിക്കാന്‍ കഴിയുക. എന്നാല്‍ നമ്മുടെ സംസ്ഥാനത്തെ പല ജില്ലകളിലും ഭൂഗര്‍ഭലത്തിന്റെ അളവ് താഴേക്ക് പോകുന്നതായാണ് കാണുന്നത്. പാലക്കാട്, കാസര്‍കോഡ് ജില്ലകളിലെ ചില പ്രദേശങ്ങളെ ക്രിട്ടിക്കല്‍ ഏരിയകളായി തരംതിരിച്ചിട്ടുണ്ട്. ഇവിടെ ഭൂഗര്‍ഭജലം വളരെ താഴോട്ട് പോയിരിക്കുന്നതായാണ് കാണുന്നത്. അശാസ്ത്രീയമായും അമിതമായും ഭൂഗര്‍ഭജലം എടുത്ത് ഉപയോഗിക്കുന്നത് വരും വര്‍ഷങ്ങളിലും വലിയ ബുദ്ധിമുട്ടുണ്ടാക്കും. കൂടുതല്‍ കുതിരശക്തിയുള്ള പമ്പ് ഉപയോഗിച്ച് താഴ്ചയില്‍ നിന്നും വെള്ളം എടുക്കേണ്ടി വരുന്നു. ഇത് കാര്‍ബണ്‍ കൂടുതലായി പുറംതള്ളുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കുന്നു. ഇതെല്ലാം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്ന കാര്യങ്ങളാണ്.

മഴ കൂടിയാലും വേനല്‍ കടുക്കും

മഴക്കാലത്ത് കൂടുതലായി ലഭിക്കുന്ന മഴ നമ്മുടെ ഡാമുകളും പുഴകളും ഉള്‍പ്പെടെയുള്ള ഉപരിതല ജല സ്രോതസ്സുകളിലാണ് കൂടുതലായി സംഭരിക്കപ്പെടുന്നത് . ഒഴുകുന്ന ജലസ്രേതസ്സുകളിലെ ജലം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു. എന്നാല്‍ വൃഷ്ടി പ്രദേശങ്ങളില്‍ ജലം റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്നില്ലെന്നതാണ് പുഴകള്‍ നേരിടുന്ന പ്രശ്നം. ചില പ്രദേശങ്ങളില്‍ മണ്ണിന്റെ പ്രത്യേകതയും വനങ്ങളുടെയും മറ്റ് മണ്ണ് -ജല സംരക്ഷണ ഘടകങ്ങളുടെ അഭാവവും കാരണം വെള്ളം താഴേക്ക് ഇറങ്ങാതെ കുത്തിയൊലിച്ച് പോകുകയാണ്. തുടര്‍ച്ചയായി മഴ ലഭിക്കാതാകുമ്പോള്‍ ഉറവകളും വറ്റി വരണ്ടു പോകും. പുഴകളിലെയും കുളങ്ങളിലെയും വെള്ളം ബാഷ്പീകരണത്തിലൂടെയും നഷ്ടപ്പെടും. ഈ പ്രക്രിയകളെല്ലാം ഒന്നിച്ച് വരുമ്പോഴാണ് പ്രതിസന്ധി രൂക്ഷമാകുക. വികേന്ദ്രീകൃതമായ മഴക്കാലമാണെങ്കില്‍ വരള്‍ച്ചയുടെ രൂക്ഷത തടയാന്‍ കഴിയും.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ (വടക്കുകിഴക്കന്‍ കാലവര്‍ഷം) പെയ്യേണ്ട മഴ ഇക്കൊല്ലം കേരളത്തില്‍ ശരാശരിയിലും താഴേയായിരുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് ശേഷം (ഓഗസ്ത്-സെപ്റ്റംബര്‍ മുതല്‍ )നല്ലൊരു മഴ ലഭിച്ചിട്ടില്ല. കൂടുതല്‍ ദിവസങ്ങളില്‍ മഴ കിട്ടാത്തതിനാല്‍ മണ്ണിലെ ജലാംശവും ഒഴുകുന്ന ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെയും അളവ് കുറഞ്ഞു വരുന്നതായി കാണുന്നു.

വേനല്‍ മഴ തുടര്‍ച്ചയായി കിട്ടിയില്ലെങ്കില്‍ വരള്‍ച്ച

വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചില്ലെങ്കില്‍ കേരളം ജലക്ഷാമത്തിലേക്ക് നീങ്ങും. ഒറ്റപ്പെട്ടു പെയ്യുന്ന വേനല്‍ മഴ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടാന്‍ ഇടയാക്കുകയും താപനില ഉയര്‍ന്നയായി അനുഭവപ്പെടാനും കാരണമാകും. തുടര്‍ച്ചയായി വേനല്‍ മഴ ലഭിച്ചാല്‍ സ്ഥിതി മെച്ചപ്പെടും. വരള്‍ച്ച ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെങ്കിലും വേനലിന്റെ കാഠിന്യം കൂടുതലായിരിക്കും. വിള ക്രമീകരണവും ക്രമവും കൃത്യമായതുമായ കുറഞ്ഞ അളവിലുള്ള ജലസേചനവും ആവശ്യമാണ്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രം കര്‍ഷകര്‍ക്ക് അടുത്ത ദിവസം പുറത്തിറക്കും. കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഷിക സര്‍വകലശാല, കൃഷി ഭവനുകള്‍ എന്നിവ വഴി കര്‍ഷകരിലേക്ക് എത്തിക്കും.

ജല ബഡ്ജറ്റിംഗ്

നവ കേരള മിഷനുമായി ചേര്‍ന്ന് ജല ബഡ്ജറ്റിംഗ് നടപ്പിലാക്കുന്നുണ്ട്. ഒരു യൂണിറ്റ് സ്ഥലത്ത് ലഭ്യമായ ജലവും അവിടെ ആവശ്യമായ ജലത്തിന്റെ അളവും തമ്മില്‍ താരതമ്യം ചെയ്തു നോക്കുകയാണ്. കുടിവെള്ളം, ജലസേചനം, ഗാര്‍ഹികം, വ്യവസായം, ടൂറിസം, ഫിഷറീസ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഓരോ സീസണിലും എത്രത്തോളം വെള്ളമാണ് വേണ്ടതെന്നു അപഗ്രഥിക്കും. മഴ ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളിലൂടെ ഈ പ്രദേശത്ത് എത്ര ജലം ലഭിക്കുന്നുവെന്നും പരിശോധിക്കുന്നു. ഡിമാന്റും സപ്ലൈയും തമ്മില്‍ തുലനം ചെയ്യാന്‍ പറ്റുന്നുണ്ടോയെന്നാണ് നോക്കുന്നത്. ഇങ്ങനെ മുന്നോട്ട് പോയാല്‍ മാത്രമേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജല ലഭ്യത ഉറപ്പാക്കാന്‍ കഴിയുകയുള്ളു. കാലാവസ്ഥാ മാറ്റത്തിനനുസരിച് വരും വര്‍ഷങ്ങളില്‍ ജല ഉപഭോഗം ക്രമീകരിക്കാന്‍ ഇത് വഴിയായി സാധിക്കും. മഴവെള്ള സംഭരണം, റീചാര്‍ജിങ്, മലിനീകരണം തടയല്‍ തുടങ്ങിയ മുന്നേറ്റങ്ങള്‍ വഴിയായി ജല ലഭ്യത കൂട്ടാനുമാകും.

കാലാവസ്ഥ വ്യതിയാനം വിളകളെ ബാധിക്കുന്നു

മഴയെ മാത്രം ആശ്രയിച്ചുള്ളതാണ് കേരളത്തിലെ കാര്‍ഷിക കലണ്ടര്‍. ജലസേചനം ഉപയോഗിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ വളരെ കുറവാണ്. മഴയുടെ പാറ്റേണില്‍ മാറ്റം വന്നത് കാര്‍ഷിക കലണ്ടറിനെയും വിളകളെയും ഉല്‍പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തവണ മണ്‍സൂണ്‍ വൈകിയാണ് തുടങ്ങിയത്. നെല്‍കൃഷിയില്‍ വിതയ്ക്കുന്ന സമയത്ത് മഴയില്ലായിരുന്നു. കര്‍ഷകര്‍ക്ക് മഴയിലെ മാറ്റം മുന്‍കൂട്ടി കാണാന്‍ കഴിയാത്തതിനാല്‍ വിത്തിറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും പലയിടങ്ങളിലും സമയത്ത് ഞാറ് നടാന്‍ കഴിഞ്ഞില്ല. നെല്‍കൃഷിയുടെ മാത്രം അവസ്ഥയല്ല. അന്തരീക്ഷത്തിലെ കൂടുതലായ താപനിലയും ആര്‍ദ്രതയും കൃഷികളെ ദോഷകരമായി ബാധിക്കുന്നു. അതോടൊപ്പം മറ്റൊരു മാറ്റം കൂടി കാണുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റം ചെടികളുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍ ആ ചെടികള്‍ പൂക്കുന്ന അളവും വിളവും കുറയുന്നു. പൂക്കുന്ന സമയത്ത് മഴ പെയ്യുന്നതുള്‍പ്പെടെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഫലമായി മാറുന്നില്ല. ഭക്ഷ്യത്പാദനം കുറയുന്നു. കാര്‍ഷിക മേഖലയിലെ ഈ മാറ്റം ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ കേരളം പോലൊരു സംസ്ഥാനത്തിന് ദോഷകരമായിരിക്കും.

കാലാവസ്ഥയിലെ മാറ്റങ്ങള്‍ നമ്മളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സൂക്ഷമമായ പഠനം ആവശ്യമാണ്. ചെറിയ പ്രദേശങ്ങള്‍ക്കിടയില്‍ തന്നെ പലതരം കാലാവസ്ഥ അനുഭവപ്പെടുന്നു. മഴയുടെ അളവിലും വിതരണത്തിലും വ്യത്യാസം ഉണ്ട്. പഞ്ചായത്തുകളിലോ ഏതാനും പ്രദേശങ്ങള്‍ ചേരുന്ന പ്രത്യേക അഗ്രോ ഇക്കോളജിക്കല്‍ സോണുകളിലോ പഠനം നടന്നാല്‍ കാലാവസ്ഥ എങ്ങനെ മാറുന്നുവെന്ന് വ്യക്തമാകും. കഴിഞ്ഞ വര്‍ഷങ്ങളിലെ വിവരങ്ങള്‍ ള അപഗ്രഥിച്ചാല്‍ ഏകദേശരൂപം കിട്ടുമെങ്കിലും പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ കഴിയില്ല. സൂക്ഷ്മ തല വിവരാപഗ്രധനവും ആസൂത്രണവും ജന പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in