എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരിനെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയിരുന്നു. ഹരിത വിഷയത്തില്‍ പി.കെ നവാസിനെതിരെ നിലപാടെടുത്തവരെ കൂട്ടത്തോടെ പുറത്താക്കിയിരുന്നു. നാളെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയുള്ള ഹരിതയിലെ മുന്‍ അംഗങ്ങളുടെ പരാതി കോടതിക്ക് മുന്നിലെത്തുകയാണ്. ഈ സാഹചര്യത്തില്‍ ലത്തീഫ് തുറയൂര്‍ സംസാരിക്കുന്നു.
പി.കെ നവാസിനെതിരെ ഹരിതയിലെ മുന്‍ഭാരവാഹികള്‍ നല്‍കിയ പരാതി നാളെ കോടതിക്ക് മുന്നിലെത്തുകയാണല്ലോ. ആ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമോ
ഹരിത നേതാക്കളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ സംസാരിച്ചതിന് ഞങ്ങളെല്ലാം സാക്ഷികളാണ്. മുപ്പത് അംഗങ്ങള്‍ ആ മീറ്റിംഗിലുണ്ടായിരുന്നു. ആ വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിച്ച ഏഴ് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഈ പെണ്‍കുട്ടികളുടെ വീഡിയോയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ യാസര്‍ എടപ്പാള്‍ എന്ന് പറയുന്ന സൈബര്‍ കുറ്റകൃത്യം ചെയ്യുന്ന ഒരാളുടെ കൈവശമുണ്ടെന്ന പരാമര്‍ശവും യോഗത്തില്‍ നവാസ് ഉന്നയിച്ചു.
എന്ത് വീഡിയോയെക്കുറിച്ചാണ് നവാസ് പറഞ്ഞത്?
എന്ത് വീഡിയോയാണെന്നതില്‍ വ്യക്തതയില്ല. അത് തന്നെയാണ് വലിയ പ്രയാസം സൃഷ്ടിച്ചതും. നിങ്ങളില്‍ പലരേയും നിയന്ത്രിക്കുന്നത് യാസര്‍ എടപ്പാളാണെന്നാണ് നവാസ് പറഞ്ഞത്. ഹരിതയിലെയും വനിതാ ലീഗിലെയും പല പ്രവര്‍ത്തകരുടെയും വീഡിയോകളും വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നിയന്ത്രണവും യാസര്‍ ഇടപ്പാളിന്റെ കൈകളിലാണെന്ന് നവാസ് ആരോപിച്ചു. യസാര്‍ എടപ്പാടുമായി യാതൊരു ബന്ധവും പാടില്ലെന്ന് ഈ യോഗം പാസാക്കണമെന്നും താന്‍ പ്രമേയം അവതരിപ്പിക്കാമെന്നും നജ്മ മറുപടി നല്‍കി. അങ്ങനെ യാസര്‍ എടപ്പാളിനെതിരെ പ്രമേയം പാസാക്കിയാല്‍ നിങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് നവാസ് പ്രതികരിച്ചത്. ഒന്നോ രണ്ടോ ആളുകള്‍ മരിച്ചാലും കുഴപ്പമില്ല, എന്നാലെങ്കിലും ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാമല്ലോയെന്ന് വൈകാരികമായി നജ്മ മറുപടി പറഞ്ഞു. ഈ പ്രതികരണത്തോടെ യോഗത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ജനാധിപത്യ വിരുദ്ധമായാണ് സംഘടനയിലേക്ക് നവാസ് വന്നത്. വന്നതിന് ശേഷം നവാസ് നടത്തിയ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രവര്‍ത്തക സമിതിയിലെ ബഹുഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ എതിര്‍ത്ത് സംസാരിച്ചു. പിന്നീട് വലിയ തോതിലുള്ള ബഹളം ഉണ്ടായപ്പോള്‍ വെള്ളയില്‍ ഓഫീസിനടത്തുള്ള പ്രദേശവാസികളോ മുസ്ലിംലീഗിന്റെ നേതാക്കളോ പി.എം.എ സലാമിനെ വിളിച്ച് പറഞ്ഞു. എന്റെ ഫോണിലേക്ക് വിളിച്ച് യോഗനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും മീറ്റിംഗിലുണ്ടായ പ്രശ്‌നങ്ങള്‍ മുഴുവന്‍ മുസ്ലിംലീഗ് നേതാക്കള്‍ നേരിട്ട് വിളിപ്പിച്ച് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം പിരിച്ചുവിട്ടു.
യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു നേരത്തെ മുസ്ലിംലീഗ് പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയൊന്നും കാണാത്ത രീതിയിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായുള്ള ഇടപെടല്‍. ഫാത്തിമ തഹലിയക്കെതിരെയുള്ള നടപടി ഒരു സുപ്രഭാതത്തില്‍ ചാനലില്‍ വാര്‍ത്തയായി വന്നാണ് അറിയുന്നത്. മറ്റ് നേതാക്കള്‍ക്കെതിരെയുള്ള നടപടിയും ഇങ്ങനെയായിരുന്നു.
ലത്തീഫിനെതിരെ നടപടി അറിഞ്ഞില്ലെന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ചിരുന്നല്ലോ? ഇങ്ങനെയാണോ സംഘടനയില്‍ മുമ്പും നടപടികള്‍ എടുത്തരുന്നത്
സംഘടനാ പ്രവര്‍ത്തനം കൃത്യമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. എറണാകുളത്ത് ഒരു നേതാവിനെ കണ്ട് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് എനിക്കെതിരെ നടപടിയുണ്ടായത് അറിയുന്നത്. സാധാരണ അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ ഏഴ് ദിവസത്തിന് മുമ്പ് രേഖാമൂലം വിശദീകരണം ചോദിക്കണം. അതിന് ശേഷം വിളിച്ച് വരുത്തി കാര്യങ്ങള്‍ വിശദമായി അച്ചടക്ക സമിതി ചോദിച്ചറിയണം. അതിന് ശേഷം മാത്രമേ അച്ചടക്ക നടപടി സ്വീകരിക്കാവൂ എന്നാണ്. എന്നാല്‍ എനിക്കെതിരെ നടപടി എടുത്തത് ചന്ദ്രിക പത്രത്തിലെ ചെറിയൊരു കോളം വാര്‍ത്ത നല്‍കിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്‍കിയെന്നായിരുന്നു വാര്‍ത്ത. പത്രത്തില്‍ വാര്‍ത്ത വരുന്നതിന് മൂന്ന് ദിവസം മുമ്പ് മുസ്ലിംലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകളും അച്ചടക്ക നടപടികളും യോഗം ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തിലെ ഒരംഗമാണ് ഞാന്‍. അതിലൊന്നും പരാമര്‍ശിക്കപ്പെടാതെ രണ്ട് ദിവസം കഴിഞ്ഞ് എനിക്കെതിരെ നടപടി എടുത്തു. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിത്. പ്രവര്‍ത്തകര്‍ അവരുടെ സമയവും സമ്പത്തും ഒക്കെ ചെലവഴിക്കുന്നുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരങ്ങളും കേസുകളും നേരിടുന്നു. ജനറല്‍ സെക്രട്ടറിയെന്നത് എം.എസ്.എഫിന്റെ ഭരണഘടന പ്രകാരം ആ സംഘടനയുടെ മുഴുവന്‍ നടത്തിപ്പ് ചുമതലയുള്ള ആളാണ്. അങ്ങനെയൊരാളെ മാറ്റിയത് ഒരുകോളം വാര്‍ത്തയിലൂടെയാണ്. ജനാധിപത്യ സംഘടനയ്ക്ക് യോജിക്കുന്ന നടപടിയല്ല ഇത്. മുസ്ലിംലീഗ് അത്തരമൊരു പാര്‍ട്ടിയല്ല. മുസ്ലിംലീഗിന്റെ കീഴ് വഴക്കവുമല്ല. കൃത്യമായി അംഗങ്ങളെ കേള്‍ക്കാനും അവര്‍ക്ക് എല്ലാതരത്തിലുള്ള ജനാധിപത്യ അവകാശങ്ങളും അംഗീകരിച്ച് കൊടുക്കാറുണ്ട്. യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു നേരത്തെ മുസ്ലിംലീഗ് പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയൊന്നും കാണാത്ത രീതിയിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായുള്ള ഇടപെടല്‍. ഫാത്തിമ തഹലിയക്കെതിരെയുള്ള നടപടി ഒരു സുപ്രഭാതത്തില്‍ ചാനലില്‍ വാര്‍ത്തയായി വന്നാണ് അറിയുന്നത്. മറ്റ് നേതാക്കള്‍ക്കെതിരെയുള്ള നടപടിയും ഇങ്ങനെയായിരുന്നു.
എന്റെ കൈയ്യില്‍ നിന്നും എം.എസ്.എഫിന്റെ മിനിട്‌സ് വാങ്ങിക്കുന്നത് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ്. നിയമനിര്‍മ്മാണ സഭയിലെ നിലവിലെ അംഗമാണ്. അന്നത്തെ യോഗത്തിന്റെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ കേസിലെ പ്രധാന തെളിവ് ആ അംഗത്തിന്റെ കൈയ്യിലാണുള്ളത്.
വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെടുത്തതെന്ന് താങ്കള്‍ പറയുന്നു. എം.കെ മുനീര്‍ ചെയര്‍മാനായ സമിതിയാണ് ശുപാര്‍ശ ചെയ്തതെന്നായിരുന്നു വിശദീകരണം, നടപടിയെടുത്തത് തന്റെ അറിവോടെയല്ലെന്ന് എം.കെ മുനീരും തുറന്ന് പറഞ്ഞു. ലീഗില്‍ ഇത്തരം പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണ്?
നടപടിയെടുത്തതിന് ശേഷം തന്നെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് കേരളത്തിന്റെ പൊതുസമൂഹം കേള്‍ക്കുന്ന രീതിയില്‍ എം.കെ മുനീര്‍ സാഹിബ് പറഞ്ഞിരുന്നു. ലീഗ് നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യങ്ങളൊന്നും അറിയുന്നില്ലെന്നാണല്ലോ ഇതിലൂടെ മനസിലാകുന്നത്. ലീഗിന്റെ മൂന്ന് പ്രധാന നേതാക്കളുടെ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങള്‍ പരിശോധിക്കാം. കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതികരിച്ചത്. എം.എസ്.എഫിന്റെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങളോട് താന്‍ ഇത് അറിഞ്ഞില്ലെന്നും പറഞ്ഞിട്ടുണ്ട്. നടപടിയെടുത്തത് അറിഞ്ഞില്ലെന്നും അത് എടുത്തവരോട് ചോദിക്കൂ എന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് അംഗമല്ലാത്ത ഒരു സമിതിയും മുസ്ലിംലീഗിനില്ല. എല്ലാ സമിതിയിലെയും അംഗമാണ്. നടപടിയെടുത്തതിന് ശേഷമാണ് അറിയിച്ചതെന്ന് എം.കെ മുനീര്‍ സാഹിബും പറഞ്ഞു.വളരെ കൃത്യമാണല്ലോ കാര്യങ്ങള്‍. നേതാക്കള്‍ കൂടിയാലോചിച്ചല്ല ഈ തീരുമാനം എടുത്തിരിക്കുന്നത്. എം.എസ്.എഫിനകത്ത് ഒരു നടപടി എടുക്കുമ്പോള്‍ ആ സംഘടനയ്ക്കകത്ത് അത് ബോധ്യപ്പെടുത്തേണ്ട ബാധ്യത നേതൃത്വത്തിനുണ്ടല്ലോ?. അത് ജനാധിപത്യത്തിലെ കീഴ് വഴക്കമല്ലേ. എന്തിനാണ് നടപടിയെടുത്തതെന്ന് അറിയാന്‍ ഒരു അംഗത്തിന് അവകാശമില്ലേ?. കുറ്റവാളിക്കെതിരെ നടപടിയെടുക്കുമ്പോള്‍ കുറ്റം വായിച്ച് കേള്‍പ്പിക്കണമെന്നാണ് രാജ്യത്തെ ഭരണഘടന പറയുന്നത്. നവാസിന്റെ കേസ് നാളെ വിചാരണയ്‌ക്കെടുക്കുമ്പോള്‍ അവനെതിരെ പരാതിക്കാരി ഉന്നയിച്ച കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. എന്നിട്ടാണ് അതിന്റെ ന്യായവും അന്യായവും കേള്‍ക്കുന്ന നടപടികളുണ്ടാകുക. അതല്ലേ ഒരു വ്യവസ്ഥ. അതിലല്ലേ നീതി.
ഹരിതയിലെ പെണ്‍കുട്ടികള്‍ക്കും ലത്തീഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും മുസ്ലിംലീഗ് നേതൃത്വത്തില്‍ നിന്നും നീതി കിട്ടിയില്ലെന്ന് പറയുന്നു. കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടോ
ഉറപ്പായിട്ടും. കോടതിയാണല്ലോ രാജ്യത്തെ പൗരന്റെ അവസാനത്തെ പ്രതീക്ഷ. നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ പോലും ഈ കേസില്‍ കക്ഷിയായിട്ടുണ്ട്. അത് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. എന്റെ കൈയ്യില്‍ നിന്നും എം.എസ്.എഫിന്റെ മിനിട്‌സ് വാങ്ങിക്കുന്നത് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ്. നിയമനിര്‍മ്മാണ സഭയിലെ നിലവിലെ അംഗമാണ്. അന്നത്തെ യോഗത്തിന്റെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ കേസിലെ പ്രധാന തെളിവ് ആ അംഗത്തിന്റെ കൈയ്യിലാണുള്ളത്.
അത് അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ലേ
ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. എം.എസ്.എഫിന്റെ ഭരണഘടന പ്രകാരം മിനിട്‌സ് കൈവശം വെയ്‌ക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണ്. മിനിട്‌സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എനിക്ക് രണ്ട് തവണ പോലീസ് കത്തയച്ചു. എന്ത് ചെയ്യണമെന്ന കാര്യത്തില്‍ എനിക്ക് കൃത്യമായൊരു മറുപടി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും കിട്ടിയില്ല. പിന്നീട് നേതൃത്വം എന്നെ വിളിച്ച് വരുത്തി ആ മിനിട്‌സ് വാങ്ങുകയാണ് ചെയ്തത്. അവര്‍ ഹാജരാക്കുമെന്ന പറഞ്ഞു. എനിക്കെതിരെ നടപടിയുണ്ടായതിന് പ്രധാന കാരണം ഒരു അനീതിക്ക് കൂട്ടുനിന്നില്ല എന്നതാണ്. സത്യത്തിനൊപ്പം നിന്നത് കൊണ്ടാണ് നടപടി. തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യാന്‍ പറ്റില്ലെന്ന് കൃത്യമായി ഞാന്‍ അറിയിച്ചിരുന്നു.
സാധാരണ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന നടപടിയുണ്ടായെന്ന് ആരോപണം ഉയര്‍ന്നാല്‍ പോലും ആ അംഗത്തിനെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. പക്ഷേ ഇവിടെ ഒരു വ്യക്തിക്ക് വേണ്ടി പാര്‍ട്ടിയും സംഘടനയും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ വലിയ വിചാരണയ്ക്ക് വിധേയരാകുകയാണ്. സ്ത്രീവിരുദ്ധ സംഘടനയാണെന്ന് ചിത്രീകരിക്കപ്പെട്ടു. അതിനുള്ള കാരണങ്ങളുണ്ടാക്കി. ഇപ്പോള്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യ വിരുദ്ധമാണെന്ന് തെളിയിക്കുന്ന തരത്തിലേക്ക് വന്നു. ഒരിക്കലും മുസ്ലിംലീഗിന്റെ പ്രത്യയശാസ്ത്രം ഇങ്ങനെയല്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യത്തിനും പ്രത്യയശാസ്ത്രത്തിനും എതിരായാണ് ഈ പാര്‍ട്ടിയിലെ ചിലര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും മുന്നോട്ട് പോകുന്നതും.
കേസിലെ നിര്‍ണായക തെളിവാണല്ലോ മിനിട്‌സ്. അത് ഹാജാരാക്കാതെ കൈവശം വെച്ചിരിക്കുന്നുവെന്ന ആരോപണമാണ് ആബിദ് ഹുസൈന്‍ തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയല്ലേ നേതൃത്വം
ഇതുവരെ മിനിടുസ് ഹാജരാക്കിയിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഫോട്ടോ കോപ്പി രേഖകള്‍ എന്റെ കൈവശമുണ്ട്. എന്നോട് കോടതി ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് നല്‍കും.
പി.കെ നവാസിനെ ആരാണ് സംരക്ഷിക്കുന്നത്. എന്തിനാണ്
അതാണ് എനിക്കും മനസിലാകാത്തത്. സാധാരണ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന നടപടിയുണ്ടായെന്ന് ആരോപണം ഉയര്‍ന്നാല്‍ പോലും ആ അംഗത്തിനെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. പക്ഷേ ഇവിടെ ഒരു വ്യക്തിക്ക് വേണ്ടി പാര്‍ട്ടിയും സംഘടനയും പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ വലിയ വിചാരണയ്ക്ക് വിധേയരാകുകയാണ്. സ്ത്രീവിരുദ്ധ സംഘടനയാണെന്ന് ചിത്രീകരിക്കപ്പെട്ടു. അതിനുള്ള കാരണങ്ങളുണ്ടാക്കി. ഇപ്പോള്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യ വിരുദ്ധമാണെന്ന് തെളിയിക്കുന്ന തരത്തിലേക്ക് വന്നു. ഒരിക്കലും മുസ്ലിംലീഗിന്റെ പ്രത്യയശാസ്ത്രം ഇങ്ങനെയല്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യത്തിനും പ്രത്യയശാസ്ത്രത്തിനും എതിരായാണ് ഈ പാര്‍ട്ടിയിലെ ചിലര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും മുന്നോട്ട് പോകുന്നതും. പുതിയ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായിരുന്നു ഇത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വലിയ പരിഗണന നല്‍കിയിരുന്നു. ഏറ്റവും അവസാനത്തെ പരിപാടിയില്‍ കാഞ്ഞങ്ങാട്ട് വെച്ച് പൂക്കോയ തങ്ങള്‍ സംസാരിച്ചപ്പോള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നാണ് പറഞ്ഞത്. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജീവിതം മുഴുവനായിട്ടും പിന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായാണ് ചിലവിട്ടത്. മുസ്ലിം ലീഗ് കേരളത്തിന് സംഭാവന ചെയ്തത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അതിലൂടെ അടുത്ത തലമുറയുടെ അഭിമാനകരമായ ജീവിതവും അസ്ഥിത്വവുമാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ന് ആ രീതിയിലാണോ പോകന്നതെന്ന് ചോദിച്ചാല്‍ ചിലയിടങ്ങളിലെങ്കിലും അല്ല എന്ന് പറയേണ്ടി വരും.