എന്താണ് രാജ്യസ്നേഹമെന്ന് എനിക്കിപ്പോൾ മനസിലാകുന്നില്ല; ജോൺ ബ്രിട്ടാസ് അഭിമുഖം

എന്താണ് രാജ്യസ്നേഹമെന്ന് എനിക്കിപ്പോൾ മനസിലാകുന്നില്ല; ജോൺ ബ്രിട്ടാസ് അഭിമുഖം
Published on
Summary

ആഭ്യന്തര മന്ത്രിയെ വിമർശിച്ചാലും, പ്രധാനമന്ത്രിയെ വിമർശിച്ചാലും രാജ്യദ്രോഹമാണ്. എന്താണ് രാജ്യസ്നേഹം എന്നാണ് എനിക്കിപ്പോൾ മനസ്സിലാകാത്തത്. ഇവരെ പുകഴ്ത്തുന്നത് മാത്രമാണ് രാജ്യസ്നേഹം. ഇത് രാജവാഴ്ചയുടെ കാലത്തെ രീതിയാണ്. ഇത് തികച്ചും ഒരു സാധാരണ പൗരനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതാണ്. ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനത്തിൽ പാർലമെന്റ് സെക്രട്ടറിയേറ്റ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസുമായി നടത്തിയ അഭിമുഖം.

Q

പാർലമെന്റിൽ താങ്കൾ ഉയർത്തിയ ഒരുപാട് ആരോപണങ്ങളുണ്ട്. പെഗാസസ് ഉൾപ്പെടെ, ഹിന്ദി അടിച്ചേൽപ്പിക്കുന്നതുൾപ്പെടെ ഒരുപാട് കാര്യങ്ങൾ. പ്രതിപക്ഷത്ത് നിന്ന് വരുന്ന വിമർശനങ്ങളെ നിശബ്ദമാക്കുക എന്ന ശ്രദ്ധ എല്ലായിപ്പോഴും കേന്ദ്ര സർക്കാർ കാണിച്ചിട്ടുണ്ട്, സർക്കാരിന് ചെവിതല കേൾപ്പിക്കാത്തതുകൊണ്ടാണോ ജോൺ ബ്രിട്ടാസിന് നേരെ, ഇന്ത്യൻ ഏക്സ്പ്രസ്സിൽ ഒരു ലേഖനം എഴുതിയതിന്റെ പേരിൽ രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി കാരണം അന്വേഷിച്ച് നോട്ടീസ് അയച്ചത്?

A

ഭരണകക്ഷിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദമാക്കുക എന്ന കാര്യപരിപാടി കുറെ കാലമായി നടന്നുകൊണ്ടിരിക്കുന്നതാണ്. പാർലമെന്റിൽ നമ്മൾ സംസാരിക്കുന്നത് അവർക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാർലമെന്റ് നടപടിക്രമങ്ങൾ തടസപ്പെടുത്തുക എന്നത് ഭരണകക്ഷിയുടെ തന്നെ ആവശ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സഭയ്ക്ക് പുറത്തും നമ്മളെന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ പരാതിയുമായി വരും എന്ന അവസ്ഥയായി. രാഹുൽ ഗാന്ധിക്കെതിരേ അപകീർത്തി കേസ് കൊടുക്കുന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്. ഇന്ത്യൻ എക്സ്‌പ്രസ് പോലെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പത്രത്തിൽ ഒരു ലേഖനം എഴുതുമ്പോൾ തന്നെ ഭരണകക്ഷിയിൽ പെടുന്നവർ പരാതി സമർപ്പിക്കുകയാണ്. ആ ലേഖനം, ആഭ്യന്തര മന്ത്രി കേരളത്തെപ്പറ്റി നടത്തിയ വളരെ വിചിത്രവും അസ്വസ്ഥജനകവുമായ പരാമർശത്തെ കുറിച്ചാണ്. എല്ലാ സംസ്ഥാനങ്ങൾക്കിടയിലും സൗഹാർദം സൂക്ഷിക്കേണ്ട ഒരു ആഭ്യന്തര മന്ത്രി അത് മറക്കുന്നു എന്നാണ് ഞാൻ സൂചിപ്പിച്ചത്. അതിന് ഇവർ ചാർത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. ആഭ്യന്തര മന്ത്രിയെ വിമർശിച്ചാലും, പ്രധാനമന്ത്രിയെ വിമർശിച്ചാലും രാജ്യദ്രോഹമാണ്. എന്താണ് രാജ്യസ്നേഹം എന്നാണ് എനിക്കിപ്പോൾ മനസ്സിലാകാത്തത്. ഇവരെ പുകഴ്ത്തുന്നത് മാത്രമാണ് രാജ്യസ്നേഹം. ഇത് രാജവാഴ്ചയുടെ കാലത്തെ രീതിയാണ്.

Jagdeep Dhankhar  (Vice President of India)
Jagdeep Dhankhar (Vice President of India)
Q

സഭയുമായി ഒരു ബന്ധവുമില്ലാത്ത താങ്കളുടെ ലേഖനത്തിൽ ഉപരാഷ്ട്രപതി നേരിട്ട് ഇടപെടുകയും ഈ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഗവർണർമാരെ ബി.ജെ.പി മറ്റു സംസ്ഥാന സർക്കാരുകൾക്ക് നേരെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നേരത്തെ തന്നെ ഉണ്ട്. എന്നാൽ ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കുന്ന ആൾ കൂടി അത്തരത്തിലേക്ക് മാറുന്നു എന്നത് അപകടകരമല്ലേ?

A

ഇതൊരു ദുഖകരമായ അവസ്ഥയാണ്. ഉപരാഷ്ട്രപതി എന്ന് പറഞ്ഞാൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന ആളാണ്. ഓഡർ ഓഫ് പ്രസിഡൻസ് പ്രകാരം രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വ്യക്തി. രാജ്യസഭയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഇത്തരം ഭരണഘടനാ സ്ഥാനങ്ങളെ രാഷ്ട്രീയ പാർട്ടിയുടെ ദൈനംദിന പരാതികളിൽ വലിച്ചിഴക്കാൻ പാടില്ല. ബി.ജെ.പിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്റെ ലേഖനം വായിച്ച് അത് രാജ്യദ്രോഹപരമാണ് എന്ന് പറഞ്ഞുകൊണ്ട് രാജ്യസഭാ ചെയർമാന് കത്തയക്കുന്ന പ്രവണത തന്നെ എന്തൊരു അസംബന്ധമാണ്? അങ്ങനെ ഒരു കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്, രാജ്യസഭാ ചെയർമാന്റെ ജോലി ഗവണ്മെന്റിനെതിരെ ശബ്ദിക്കുന്ന എം.പി മാരെ സഭയ്ക്കുള്ളിൽ മാത്രമല്ല സഭയ്ക്ക് പുറത്തും നിയന്ത്രിക്കുക എന്നതാണ് എന്നാണ്. സഭയിൽ ഭരണകക്ഷിയെ സംരക്ഷിക്കണം. അതിനപ്പുറത്ത് സഭയ്ക്ക് പുറത്ത് എം.പിമാരെ നിശബ്ദരാക്കുന്നതിന് വേണ്ടി നിങ്ങളുടെ ഭരണഘടനാ പദവി ഉപയോഗിക്കണം എന്നാണ് ഈ പരാതിയിൽ പറയുന്നത്. ചെയർമാൻ അങ്ങനെ ഒരു പരാതി പരിഗണിച്ചതിന് തന്നെ ഇതുവരെയുള്ള പാർലമെന്ററി ചരിത്രത്തിൽ ഒരു കീഴ്വഴക്കവുമില്ല. പാർലമെന്റിലെ ഒരു മെമ്പറുടെ പെരുമാറ്റത്തെ കുറിച്ചാണ് സാധാരണ ഗതിയിൽ രാജ്യസഭാ ചെയർമാൻ നടപടിയിലേക്കോ വിശദീകരണത്തിലേക്കോ ഒക്കെ പോകുന്നത്. പക്ഷെ ഇത് തികച്ചും ഒരു സാധാരണ പൗരനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതാണ്.

ഞാൻ ഒരു എം.പി എന്ന നിലയിലുള്ള അവകാശങ്ങളുപയോഗിച്ചല്ലല്ലോ ഒരു ലേഖനം എഴുതുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മുൻനിർത്തിയാണ് ഞാൻ എഴുതിയത്. ഒരു പൗരന്റെ അവകാശമാണ് ഞാൻ വിനിയോഗിക്കുന്നത്. അതുപോലും സമ്മതിക്കില്ല എന്ന ഒരവസ്ഥയിലേക്കെത്തിക്കുകയാണല്ലോ. ഞാൻ എന്ന വ്യക്തിയല്ല ഇവിടെ പ്രശ്നം. എന്നെ മുൻനിർത്തി ജനാധിപത്യത്തിന്റെ നാലാമത്തെ നെടും തൂണായിട്ടുള്ള മാധ്യമങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പാണ്. സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങളോ പംക്തികളോ നിങ്ങൾ നൽകിക്കൂടാ എന്നൊരു സന്ദേശം കൂടിയതിനകത്തുണ്ട്. പലതലങ്ങളിലുള്ള ഒരു കടന്നാക്രമണമായി വേണം ഇതിനെ കാണാൻ.

Q

കേരളമടുത്തുണ്ട്, സൂക്ഷിക്കണം എന്ന് അമിത് ഷാ പറയുന്നത് രാജ്യസ്നേഹവും താങ്കൾ അദ്ദേഹത്തെ നിയമം ഓർമ്മപ്പെടുത്തുന്നത് രാജ്യദ്രോഹവുമാകുന്നതിന് പിന്നിൽ ഒരു പ്രൊപഗണ്ടയുണ്ടല്ലോ. ഇങ്ങനെ പല തലത്തിൽ ഈ പ്രൊപഗണ്ട പ്രവർത്തിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലോ കേരള സ്റ്റോറി എന്ന സിനിമ. ഈ അങ്കപ്പുറപ്പാടിനെ എങ്ങനെയാണ് കാണുന്നത്? കേരളം ഇതിൽ ഭയപ്പെടേണ്ടതുണ്ടോ?

A

കേരളം ഇതിൽ ഭയപ്പെടേണ്ടതുണ്ട്. കേരളം കരുതിയിരിക്കേണ്ടതുണ്ട്. ലവ് ജിഹാദ് ഉൾപ്പെടെ എന്തൊക്കെ പ്രചാരണങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തെല്ലാം കാര്യങ്ങളിലാണ് ഇവർ ഇടപെട്ടുകൊണ്ടിരിക്കുന്നത്? യഥാർത്ഥത്തിൽ മലയാളിയെ സമാധാനത്തോടെ, സ്നേഹത്തോടെ, സൗഹാർദത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയല്ലേ? എന്തൊക്കെ തരത്തിലുള്ള വിഭാഗീയ ശ്രമങ്ങളാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്? കേന്ദ്ര ഭരണകക്ഷിയുടെ നിയന്ത്രണത്തിലേക്ക്, വരുതിയിലേക്ക് വരാത്ത ഒരു സംസ്ഥാനമായതിന്റെ പേരിൽ വലിയ പടപ്പുറപ്പാട് നടക്കുകയാണ്. കേരളത്തെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഒരു സ്ഥലത്ത് പ്രീണിപ്പിക്കാൻ ശ്രമിക്കുക, മറ്റൊരുസ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിക്കുക, ആവനാഴിയിലുള്ള എല്ലാ അമ്പും എടുത്തുപയോഗിക്കുകയാണ്. എന്തിനാണ്? കേരളത്തെ നിയന്ത്രണത്തിൽ കൊണ്ടുവരണം. അതിന് ഇല്ലാക്കഥകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ചിന്തിക്കാനാകുമോ, ഇന്ത്യയുടെ അഖണ്ഡതയും സാഹോദര്യവും കാത്ത് സൂക്ഷിക്കേണ്ട ഒരു ആഭ്യന്തര മന്ത്രി ഒരു സംസ്ഥാനം അയല്പക്കത്തുണ്ട് സൂക്ഷിക്കണം എന്ന് പറയുന്നത്. കേരളമെന്താ പാക്കിസ്ഥനാണോ?

Q

എന്തുകൊണ്ടാണ് കേരളം ടാർഗറ്റ് ചെയ്യപ്പെടുന്നത്?

A

ഒറ്റക്കാരണമേയുള്ളു. ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങിയിട്ടില്ല എന്ന ഒറ്റകാരണം കൊണ്ട്. ആർ.എസ്.എസിന്റെ അജണ്ട ഒരിക്കലും ഇവിടെ നടപ്പിലാകുന്നില്ല എന്നതുകൊണ്ട്. ആർ.എസ്.എസ് വിചാരിക്കുന്നത് പോലെ ഇവിടെ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും ഇവിടെ തമ്മിലടിക്കുന്നില്ല എന്നതുകൊണ്ട്. ആർ.എസ്.എസ് കരുതുന്നതുപോലെ ഇവിടെ വർഗ്ഗീയ ധ്രുവീകരണമോ, വർഗീയ വിവേചനമോ ഇല്ല. ഇവിടെ ആളുകൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കശാപ്പുചെയ്യപ്പെടുന്നില്ല. അത് തന്നെയാണ് കാരണം.

Q

താങ്കൾ ഒരു ജേണലിസ്റ്റ് ആയി ഒരു സ്ഥാപനത്തിന്റെ ഡിസിഷൻ മേക്കിങ് പോസ്റ്റിൽ ഇരുന്ന ഒരാളാണ്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഹിന്ദി മാധ്യമങ്ങളെ മുഴുവൻ വലിയരീതിയിൽ ബി..ജെ.പി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അവർ ഒരു മീഡിയം ഷിഫ്റ്റ് നടത്തുകയാണ്. മാധ്യമം മാറ്റുകയാണ്. സിനിമയാണ് പുതിയ ആയുധം. കാശ്മീർ ഫയൽസ് നമ്മൾ കണ്ടതാണ്.

A

ലോകത്ത് സാധാരണ ഇത്തരം ഏകാധിപത്യ ശക്തികൾക്ക്, അമിതാധികാര സ്വഭാവമുള്ള എല്ലാവരും ആദ്യം ഇടപെടാനും കീഴടക്കാനും ശ്രമിക്കുക സംസ്കാരമാണ്. സാംസ്കാരികമായ ഒരു പുതിയ നിർമ്മിതിക്കാണ് അവർ ശ്രമിക്കുന്നത്. സിനിമയുൾപ്പെടെ നിരവധി കലാരൂപങ്ങൾ അതിൽ സ്ഥാനം പിടിക്കുന്നത് കൊണ്ട് തന്നെ അവയിലെല്ലാം ഇടപെടുന്നത് അതുകൊണ്ടാണ്. ഇപ്പോൾ ഇന്ത്യൻ ചരിത്രത്തിൽ നിന്ന് മുഗൾ പാഠങ്ങൾ ഒഴിവാക്കപ്പെടുന്നു. അതൊക്കെ ഈ ചരിത്ര നിർമ്മിതിയുടെ ഭാഗമാണ്. പാഠപുസ്തകം മുതൽ സിനിമവരെ നമ്മുടെ കൾച്ചറിന്റെ ഭാഗമാണ്. സിനിമ വലിയ രീതിയിൽ മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. കാശ്മീർ ഫയൽസ് വന്നു. ഇപ്പോൾ കേരള സ്റ്റോറി വരുന്നു. കാശ്മീരിനെ കാണുന്നത് പോലെ തന്നെയാണ് കേരളത്തെയും കാണുന്നത്. നമ്മുടെ സംസ്കാരത്തെ, നമ്മുടെ മാധ്യമങ്ങളെ സ്വാധീനിക്കുക എന്ന് വച്ചാൽ സമ്മുടെ സംസ്കാരത്തെ പൂർണ്ണമായും സ്വാധീനിക്കുക എന്നുകൂടിയാണ്. പുതിയ തലമുറ പഴയ ത്യാഗത്തിന്റെയും സാമൂഹിക നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും, സഹോദര്യത്തിന്റെയും ചരിത്രം അവർ അറിയേണ്ടതില്ല എന്നാണ്. അവർ അറിയേണ്ടത് ഈ ധ്രുവീകരണത്തിന്റെയും സംഘർഷത്തിന്റെയും കഥകളാണ്. വലിയൊരു പുതു നിർമ്മിതിക്കുവേണ്ടി നിൽക്കുകയാണവർ. അതിന്റെ ഭാഗമാണിത്.

Q

സഭ അട്ടിമറിക്കുന്നത് നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടേതായിരുന്നു ഒടുവിലത്തെ ഉദാഹരണം ഇപ്പോൾ ഇതാ ഇതും. സഭ പൂർണ്ണമായും നിശബ്ദമാകുന്ന, എതിർശബ്ദങ്ങൾ ഇല്ലാതാകുന്ന അവസ്ഥ ഇങ്ങനെ പോയാൽ ഉണ്ടാകുമെന്നു കരുതുന്നുണ്ടോ?

A

ഇന്ത്യൻ ഭരണഘടനാ തന്നെ ചോദ്യചിഹ്നത്തിലാകുന്നതിന് കാരണമെന്താണ്? ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ പ്രക്രിയ എന്ന് പറയുന്നത് പാർലമെന്ററി ജനാധിപത്യമാണ്. ഗവണ്മെന്റ് പാർലമെന്റിന് വിധേയമായി പ്രവർത്തിക്കണം എന്നാണ് അത് ഉദ്ദേശിക്കുന്നത്. പാർലമെന്റിനോടാണ് സർക്കാരിന് അക്കൗണ്ടബിലിറ്റിയുള്ളത്. എക്സിക്യൂട്ടീവും പാർലമെന്റുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മർമ്മം. എക്സിക്യൂട്ടീവിനെ അക്കൗണ്ടബിൾ ആക്കാനുള്ള ഉത്തരവാദിത്വം പാർലമെന്റിനുണ്ട്. അങ്ങനെയുള്ള ഒരു വലിയ നെടുംതൂൺ നിർജ്ജീവമാവുകയാണ്. അപ്പോഴാണ് ഏകാധിപത്യ പ്രവണതകൾ വരുന്നത്. പാർലമെന്റിന്റെ നിരന്തരമായ ഇടപെടലുണ്ടാകുമ്പോഴല്ലേ എക്സിക്യൂട്ടീവ് പാർലമെന്റിന് വിധേയമായി പ്രവർത്തിക്കുന്നത്. അതുണ്ടാകുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in