മലയാളികളെ സെക്‌സ് പഠിപ്പിച്ചത് ഞാനല്ല: ഷക്കീല അഭിമുഖം
മലയാളിയേയും മലയാള സിനിമയെയും വഴിതെറ്റിച്ചയാളെന്ന് മുദ്രകുത്തി ഷക്കീലയെ എക്കാലവും വിചാരണ ചെയ്യാനും ക്രൂശിക്കാനും വെമ്പുന്നതാണ് മലയാളിയുടെ സദാചാര കാപട്യം. സിനിമയും അഭിനയവും പ്രൊഫഷനായിരുന്നുവെന്നും ലഭിച്ച അവസരങ്ങള്‍ക്കൊത്ത് അഭിനയിക്കുകയായിരുന്നുവെന്ന് ആവര്‍ത്തിച്ചിട്ടും ഷക്കീലയെ ഉള്‍ക്കൊള്ളാനും അഭിനേത്രിയെന്ന നിലയില്‍ അംഗീകരിക്കാനുമുള്ള വിമുഖത പൊതുബോധത്തിനുണ്ട്. 24 ന്യൂസ് ചാനലില്‍ ഷക്കീലയെ പങ്കെടുപ്പിച്ചു 'ജനകീയ കോടതി' എന്ന പരിപാടി ചര്‍ച്ചയായത് ഷക്കീലയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അവതാരകനും വിചാരണയ്ക്കായി പങ്കെടുത്ത രഞ്ജിനി മേനോനും പെരുമാറിയെന്ന വാദങ്ങള്‍ക്കൊപ്പമാണ്. ചോദ്യങ്ങളെ യുക്തിഭദ്രമായും കൃത്യതയോടെയും നേരിടുന്ന ഷക്കീല വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം
തനിക്ക് ചോദ്യങ്ങളേയും വിമര്‍ശനങ്ങളേയും പേടിയില്ല. മറുപടി വ്യക്തമായി പറയാനുള്ള ആത്മവിശ്വാസവും ബോധ്യവും ഉണ്ട്. സമൂഹത്തെ വഴിതെറ്റിച്ചിട്ടില്ല. ആളുകളെ സെക്‌സ് പഠിപ്പിച്ചത് താനല്ല. 19 വര്‍ഷം മുമ്പ് നടിയെന്ന നിലയില്‍ താന്‍ ചെയ്ത വേഷങ്ങളുടെ പേരില്‍ ഇപ്പോഴും ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ആ ഭൂതകാലത്തെ ഓര്‍ത്ത് സന്തോഷം മാത്രമാണുള്ളതെന്നും അവര്‍ പറയുന്നു. ഷക്കീല 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം.
താങ്കളെ വിചാരണ ചെയ്തുകൊണ്ടുള്ള പരിപാടി വലിയ വിവാദമായിരിക്കുകയാണ്. അവതാരകരുടെ പെരുമാറ്റവും വാക്കുകളുമെല്ലാം വിമര്‍ശിക്കപ്പെടുന്നുണ്ട്?
അത് അവരുടെ പോയിന്റ് ഓഫ് വ്യൂ ആണ്. നിങ്ങള്‍ക്ക് എല്ലാരുടേയും കാഴ്ച്ചപ്പാട് മാറ്റാന്‍ കഴിയില്ല. സാരമില്ല. എനിക്ക് എന്നെ ജസ്റ്റിഫൈ ചെയ്യാന്‍ മാത്രമേ കഴിയൂ. അല്ലേ? ഞാന്‍ അതാണ് ചെയ്തത്. എനിക്ക് ഒരു വിഷമവും തോന്നുന്നില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ അവര്‍ അവരുടെ ഡ്യൂട്ടിയാണ് ചെയ്തത്. എനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല.
ആ പ്രോഗ്രാമിന്റെ ശൈലി അങ്ങനെയാണെന്നിരിക്കലും പരിധിവിട്ടില്ലേ? ഷക്കീല സമൂഹത്തോട് എന്തോ വലിയ കുറ്റം ചെയ്‌തെന്ന് ആവര്‍ത്തിച്ച് അത് സ്ഥാപിക്കാനല്ലേ അവര്‍ ശ്രമിച്ചത്? ആക്രമണോത്സുകതയും അധിക്ഷേപവും നിറഞ്ഞതായിരുന്നില്ലേ ചോദ്യങ്ങള്‍?
അതെ. പക്ഷെ, അവര്‍ പാവം. ആ രഞ്ജിനി ചേച്ചിക്ക് എങ്ങനെ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് അറിയില്ല. അവര്‍ ഡിസ്‌കസ് ചെയ്തില്ല. വന്നു, ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ക്ക് അറിയാത്തതുകൊണ്ടാണ്. എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ അത് വിട്ടുകളയുകയാണ്. സാരമില്ല.
കുട്ടിക്കാലത്ത് അദ്ധ്യാപകരില്‍ നിന്നുണ്ടായ അതിക്രമം പരമാവധി വിശദീകരിക്കാന്‍ അവതാരകന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു?
ഞാന്‍ അത് പറയാനും കാരണമുണ്ട്. ചില കുട്ടികള്‍ ഇത്തരം ഹരാസ്‌മെന്റ് പുറത്തുപറയില്ല. ഇന്നയാളില്‍ നിന്ന് ഇങ്ങനെ പ്രശ്‌നമുണ്ടായെന്ന് വീട്ടുകാരെ അറിയിക്കില്ല. എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളോട് പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് അത് സംഭവിച്ചതുകൊണ്ട് നിങ്ങളും നിങ്ങളുടെ കുട്ടികളും ബി കെയര്‍ഫുള്‍ എന്നാണ് ഉദ്ദേശിച്ചത്.
രഞ്ജിനി മേനോന്റെ അധിക്ഷേപ ചോദ്യങ്ങള്‍ അവതാരകന്‍ ശരി വെയ്ക്കുന്നുണ്ടായിരുന്നു. ‘മല്ലു ആന്റി’ സെക്‌സ് ബോംബ് ഇമേജുണ്ടാക്കിയെന്നും സമൂഹത്തെ വഴി തെറ്റിച്ചെന്നുമെല്ലാം കുറ്റപ്പെടുത്തിയല്ലോ?
ഞാനെങ്ങെനെ സൊസൈറ്റിയെ വഴി തെറ്റിക്കും? ആ കുറ്റപ്പെടുത്തല്‍ എനിക്ക് മനസിലാകുന്നില്ല. ഞാന്‍ വരുന്നതിന് വളരെ മുമ്പ് തന്നെ പോണ്‍ മൂവീസ് ഉണ്ടായിരുന്നല്ലോ. ഞാന്‍ പോണ്‍ ചെയ്തിട്ടുമില്ലല്ലോ. എനിക്ക് കിട്ടിയ വേഷങ്ങളാണ് ചെയ്തത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് സെക്‌സിനേക്കുറിച്ച് അറിയാം. ഞാനല്ല ആളുകളെ സെക്‌സ് പഠിപ്പിച്ചത്. ആളുകള്‍ താല്‍പര്യം തോന്നി തിയേറ്ററില്‍ വരികയായിരുന്നു. ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി. എല്ലാ നായികമാരും ഇപ്പോള്‍ ബിക്‌നി ധരിക്കുന്നുണ്ട്. ഷക്കീല കുളിസീന്‍ ചെയ്യുമ്പോള്‍ മാത്രം അത് തെറ്റാകുന്നത് എങ്ങനെയാണ്? ആ ലോജിക് എനിക്ക് മനസിലാകുന്നേയില്ല.
‘വിചാരണ’ ചെയ്തവര്‍ തങ്ങള്‍ കേരളസമൂഹത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെടുന്നുണ്ട്. അങ്ങനെ തോന്നിയോ?
(ചിരിക്കുന്നു)..ഇല്ല..ഇല്ല..അത് സ്റ്റുപ്പിഡിറ്റിയാണ്. രഞ്ജിനി മാഡം വിഡ്ഡിയാണ് എന്നല്ല ഞാന്‍ പറഞ്ഞത്. ഞാന്‍ ഏറ്റവും പ്രശസ്തയായിട്ടുള്ളത് കേരളത്തിലാണ്. മലയാളികളോട് എനിക്ക് നന്ദിയുണ്ട്. അതുകൊണ്ട് ആ തരത്തില്‍ ഞാന്‍ അതിനെ കാണുന്നേയില്ല. അങ്ങനെയാണെങ്കില്‍ ഇപ്പോഴും നിങ്ങള്‍ എന്നെ വിളിച്ച് സംസാരിക്കുന്നത് എന്തിനാണ്? ഞാന്‍ ഒരു മോശം വ്യക്തിയാണെങ്കില്‍ ഇന്റര്‍വ്യൂ ഒന്നും ഉണ്ടാവില്ലല്ലോ. മലയാളികള്‍ ബുദ്ധിയുള്ളവരാണ്. അവര്‍ എല്ലാം മുഖത്ത് നോക്കി സംസാരിക്കും. മലയാളികളോട് സ്‌നേഹവും ബഹുമാനവുമാണ്.
അപമാനിക്കപ്പെടുകയാണെന്ന് പരിപാടിക്കിടെ തോന്നിയോ?
അങ്ങനെയൊന്നുമില്ല. ഞാന്‍ കള്ളം പറയില്ല. എന്നോട് ചോദ്യം ചോദിക്കൂ. അതിന് ഉത്തരം പറയാന്‍ വേണ്ട ധൈര്യം എനിക്കുണ്ട്. എനിക്ക് ഒന്നും പേടിയില്ല. അതെന്റെ പാസ്റ്റ് ആണ്. എനിക്ക് എന്റെ പാസ്റ്റിനേക്കുറിച്ച് ഒരു കുറ്റബോധവുമില്ല. ആ പാസ്റ്റ് കാരണമാണ് ഞാന്‍ ഇന്നും ഷക്കീല ആയിരിക്കുന്നത്. എനിക്ക് അതില്‍ സന്തോഷമാണുള്ളത്. ആളുകള്‍ കുറ്റപ്പെടുത്തും, ഐ ഡോണ്ട് കെയര്‍. മലയാളികള്‍ എങ്ങനെയാണ് എന്നെ സ്‌നേഹിക്കുന്നതെന്ന് എനിക്ക് അറിയാം.
അവതാരകരോട് ദേഷ്യം തോന്നിയതേയില്ല?
അവര്‍ അവരുടെ ജോലിയാണ് ചെയ്തത്. അവരുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ അല്ല ചോദിച്ചത്. രഞ്ജിനിച്ചേച്ചിക്ക് എന്താണ് ചോദിക്കുന്നതെന്ന് പോലും അറിയില്ല. അതുകൊണ്ട് ഞാന്‍ അവരെ കുറ്റം പറയില്ല. ഇറ്റ്‌സ് ഓക്കെ. വലിയ തെറ്റ് ചെയ്‌തെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ഭാഗത്ത് നിന്ന് ജസ്റ്റിഫൈ ചെയ്തല്ലോ. എല്ലാവരും നമ്മുടെ സുഹൃത്തുക്കള്‍ ആയിരിക്കില്ല. നമ്മളെ വിമര്‍ശിക്കുന്നവരും ഉണ്ടാകും. രഞ്ജിനിച്ചേച്ചി പാവം. പ്രോഗ്രാമില്‍ അവര്‍ നല്ലതാകുമെന്നും ഞാന്‍ ബാഡ് ആകുമെന്നും അവര്‍ പ്രതീക്ഷിച്ചു. പക്ഷെ ഇപ്പോള്‍ ചീത്തപ്പേര് അവര്‍ക്കും എന്നേക്കുറിച്ച് നല്ലതുമാണ് പറയുന്നത്. ഞാന്‍ അവരുടെ പേര് ചീത്തയാക്കി. അവരുടെ നമ്പര്‍ കൈയിലുണ്ട്. വിളിക്കണം.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് ഇപ്പോള്‍ കുടുംബം എന്ന് പറഞ്ഞല്ലോ?
ഹിന്ദു കുടുംബങ്ങളില്‍ നിന്ന് വന്നവരായാലും മുസ്ലീങ്ങളായാലും ക്രിസ്ത്യാനികള്‍ ആയാലും അവര്‍ ഒറ്റക്കെട്ടാണ്. എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് എന്റെ കൂട്ടുകാര്‍ തന്നെ ഞാന്‍ ഒരു കുടുംബവും കുട്ടികളും ഇല്ലാത്ത ഒരു അനാഥയാണെന്ന് പറഞ്ഞു. എനിക്ക് ഇപ്പോ ആ ഫീലിങ് ഇല്ല. എനിക്കിപ്പോള്‍ എല്ലാമുണ്ട്. ഒരു ഫോണ്‍ വിളിച്ചാല്‍ 100 പേര്‍ വരും. അത് പോരേ നമുക്ക്. മരിക്കുമ്പോള്‍ വരാനും എനിക്ക് വേണ്ടി കരയാനും ആളുകളുണ്ട്. എനിക്ക് പണമല്ല വേണ്ടത്. അത് കൂടെയുണ്ടാകില്ല. ചിലപ്പോള്‍ ആളുകള്‍ ഒപ്പമുണ്ടായേക്കും. അവരോടൊപ്പം കംഫര്‍ട്ടബിള്‍ ആണ് ഞാന്‍. എനിക്ക് ചുറ്റുമുണ്ടായിരുന്ന ആണുങ്ങള്‍ക്ക് പണമാണ് വേണ്ടിയിരുന്നത്. ട്രാന്‍സ്ജന്‍ഡറുകള്‍ വേണ്ടത് സ്‌നേഹം മാത്രമാണ്. അവര്‍ക്കൊപ്പമുള്ള ജീവിതത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.
ഷക്കീലയേക്കുറിച്ച് ഗൗരവത്തിലുള്ള പഠനങ്ങള്‍ നടന്നതിനേക്കുറിച്ചും ഒരു കാലത്ത് മലയാള സിനിമാവ്യവസായം പിടിച്ചു നിര്‍ത്തിയതിനേക്കുറിച്ചും ആരും അധികം പറയാറില്ല?
ഉവ്വ്. എനിക്കറിയാം. നമ്മള്‍ തന്നെ നമ്മുടെ സക്‌സസിനേക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കരുത് എന്നാണ് ഞാന്‍ കരുതുന്നത്. എന്റെ സക്‌സസിനേക്കുറിച്ച് പറയേണ്ടത് മറ്റുള്ളവരാണ്, ഞാനല്ല. ഐ ആം വാട്ട് അയാം. അതൊരു സമയമായിരുന്നു. ഒരു തിര പോലെ ആയിരുന്നു. അതെല്ലാം 2000 ഡിസംബറോടെ അവസാനിച്ചതാണ്. എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോഴും അതിനേക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് അതിലൊന്നും വിഷമവും ഇല്ല.
ചലച്ചിത്രരംഗത്ത് അടക്കം സ്ത്രീകള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്? മീറ്റൂ മൂവ്‌മെന്റുകള്‍ ഉണ്ടാകുന്നുണ്ട്?
ലെറ്റ് ബീ ബോള്‍ഡ്..ചൂഷണം ചെയ്യപ്പെടരുത്. പേടിക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒന്നുണ്ടായാല്‍ അത് മുഖത്ത് നോക്കി പറയുക. അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? ഒരു തവണ പ്രതികരിച്ചാല്‍ പിന്നെ അക്കൂട്ടര്‍ അടുത്ത് വരില്ല. അല്ലെങ്കില്‍ അത് എന്നെന്നേക്കുമായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 42 വയസാണെനിക്ക്. സിംഗിളാണ്. ഇങ്ങനെ ബോള്‍ഡ് ആയിരുന്നില്ലെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു. എനിക്ക് ആളുകളെ അറിയാം. പുരുഷന്‍മാരെ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് അറിയാം. ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നൊക്കെ. കരുത്തോടെ, ആത്മവിശ്വാസത്തോടെയിരുന്നാല്‍ നിങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.
കരിയര്‍ എങ്ങനെ പോകുന്നു? ഏതൊക്കെ ഇന്‍ഡസ്ട്രിയില്‍ സജീവമാണ് ഇപ്പോള്‍?
തെലുങ്കിലും കന്നഡയിലും സിനിമകള്‍ ചെയ്യുന്നുണ്ട്.
മലയാളത്തില്‍?
മലയാളത്തില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാന്‍ ഒരു നടിയാണെന്ന് എനിക്ക് തെളിയിക്കണം. പക്ഷെ, നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല.
മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു?
അത് സംഭവിച്ചില്ല. അത് എന്റെ കഥ ആയിരുന്നില്ല. ആ സ്റ്റോറി കടുപ്പമുള്ളതായിരുന്നു. എനിക്കത് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയൊരു ചിത്രം ചെയ്യാനുള്ള എക്‌സ്പീരിയന്‍സ് എനിക്കില്ല.
പരിപാടി കണ്ടതിന് ശേഷം ആരെങ്കിലും വിളിച്ചിരുന്നോ?
കുറേ ആളുകള്‍ വിളിക്കുന്നുണ്ട്. ഇന്റര്‍വ്യൂ വേണമെന്നെല്ലാം പറയുന്നുണ്ട്.