പശ്ചിമഘട്ട സംരക്ഷണത്തിനായി ജനകീയ പങ്കാളിത്തത്തോടെ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റിയിലെ അംഗവും ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോക്ടര്‍ വിഎസ് വിജയന്‍. തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികള്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തി, പെട്ടിമുടി ദുരന്തം തുടങ്ങിയവയില്‍ ഡോക്ടര്‍ വിഎസ് വിജയന്‍ സംസാരിക്കുന്നു
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പ്രസക്തി കൂടുകയാണോ
അതില്‍ ഒരു സംശയവുമില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചില പോരായ്മകളുണ്ട്. അത് പഠിച്ച് പരിഹരിച്ച് നടപ്പാക്കുന്നതാണ് നല്ലത്. ഏതൊക്കെ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണൊലിപ്പും പ്രളയവും കാട്ടുതീയും ഉണ്ടാവുകയെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ മാപ്പ് ചെയ്തിട്ടുണ്ട്. അത് അതുപോലെ പാലിച്ചാല്‍ ഈ ദുരിതം 90 ശതമാനം കുറയും. ഡാമുകളുടെയും പുഴയുടെയും വൃഷ്ടിപ്രദേശങ്ങളില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. നമ്മള്‍ അത് ചെയ്തിട്ടില്ല. മാത്രമല്ല പിന്നെയും ഈ പ്രദേശങ്ങളില്‍ നിന്നും മരങ്ങള്‍ മുറിക്കുകയാണ്. ആളുകളെ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യുന്നു. വൃഷ്ടിപ്രദേശത്ത് മരം വെച്ച് പിടിപ്പിച്ചാല്‍ പുഴയിലേക്ക് വെള്ളം ഒഴുകുന്നതിന്റെ വേഗത കുറയും. അതില്ലാത്തതാണ് പ്രശ്‌നം. ഇടുക്കി ഡാമിന്റെയെല്ലാം വൃഷ്ടിപ്രദേശം ക്ലിയറാക്കി വെച്ചിരിക്കയാണ്. ഇവിടെ ജനങ്ങളെ താമസിപ്പിച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുമ്പോള്‍ കുത്തി ഒഴുകി പുഴയിലേക്കും ഡാമുകളിലേക്കും വരുന്നു.ഡാമില്‍ പെയ്യുന്ന മഴയും ഒഴുകിയെത്തുന്ന വെള്ളവും ചേര്‍ന്ന് ഇരട്ടിയിലധികമാകും. ഡാം പെട്ടെന്ന് നിറയും. ഒഴുക്കി വിടുകയോ നിറഞ്ഞൊഴുകുകയോ ചെയ്യും. 2018ലും 2019ലും പ്രളയമുണ്ടായപ്പോള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയുിരുന്നു. നടപടിയുണ്ടായില്ല. സര്‍ക്കാരിന് ഇതില്‍ തീരുമാനം എടുക്കാന്‍ പറ്റണം. അടുത്ത വര്‍ഷമെങ്കിലും മലവെള്ളം ഒഴുകി വരുന്നതിനും ഉരുള്‍പൊട്ടലുണ്ടാകുന്നതിനും പരിഹാരം കാണണം. അതിന് പ്രതിവിധി കാണേണ്ടത് മഴ വന്ന് ഡാം നിറയുമ്പോളോ ഉരുള്‍പൊട്ടുമ്പോഴോ അല്ല. പെട്ടിമുടിയിലെത് പോലെയുള്ള ദുരന്തമുണ്ടാകുമ്പോള്‍ ഓടി പോയിട്ട് കാര്യമല്ല. അതിന് മുമ്പ് ചെയ്യണമായിരുന്നു. മുന്‍കരുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പുഴയുടെ തീരത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കണം. ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളല്ല ഇപ്പോള്‍ ഒരുക്കേണ്ടത്. അറിയാഞ്ഞിട്ടല്ല ഇതൊന്നും. അറിഞ്ഞുകൊണ്ട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കേരളത്തിലേത്.
പെട്ടിമുടി സുരക്ഷിതമായി കണക്കാക്കിയ പ്രദേശമാണെന്നൊരു വാദം ശക്തമാണല്ലോ?
പെട്ടിമുടിയില്‍ അപകടം ഉണ്ടാകുമെന്ന് നേരത്തെ അറിയാം. മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. ആ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ കുറെ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റുമായിരുന്നു. മൂന്നായിട്ടാണ് സോണുകളെ തിരിച്ചിരുന്നത്. സോണ്‍ ഒന്ന് ഏറ്റവും കൂടുതല്‍ ആഘാതം ഉണ്ടാകുന്ന സ്ഥലമാണ്. ഖനനം ഈ മേഖലയില്‍ തീരെ അനുവദിക്കാനാവില്ല. അവിടെ കൂടുതല്‍ സംരക്ഷണം ആവശ്യമാണ്. സോണ്‍ രണ്ടില്‍ നിയന്ത്രണത്തോടെ ആവാമെന്നായിരുന്നു നിര്‍ദേശം. സോണ്‍ മൂന്നില്‍ നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് നടപ്പാക്കാവുന്നതാണ്. ഇങ്ങനെ നോക്കുമ്പോള്‍ സോണ്‍ ഒന്നിലാണ് പെട്ടിമുടി. അവിടെ അതിനുള്ള മുന്‍കരുതല്‍ എടുക്കണമായിരുന്നു. അത് നമ്മള് ചെയ്തില്ല.
പെട്ടിമുടിയിലെ മണ്ണിന്റെയും പാറയുടെയും ഘടന പരിശോധിച്ചാല്‍ ഈ സാധ്യത വ്യക്തമാകും. വലിയ പാറയായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ഇവിടെ ചെറിയ ചെറിയ കഷ്ണം കല്ലുകളാണ് ഉള്ളത്. ലൂസായിട്ടുള്ള മണ്ണാണ്. കുത്തിയൊലിച്ച് പോകാനുള്ള സാധ്യത ഇവിടെ കൂടുതലാണ്. തുടര്‍ച്ചയായി മഴ ലഭിച്ചാലാണ് പ്രശ്‌നം.
60 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയാണ് പെട്ടിമുടിയില്‍ ആ ദിവസങ്ങളില്‍ പെയ്തത്. ഇതുപോലെ ശക്തമായ മഴ പെയ്താല്‍ എവിടെയും പെട്ടിമുടി ആവര്‍ത്തിക്കാമെന്ന വാദമുണ്ട്
എവിടെയും ഉണ്ടായേക്കാം. നേരത്തെ പറഞ്ഞതുപോലെ വലിയ റോക്കാണ് ഉള്ളതെങ്കില്‍ പ്രശ്‌നമില്ല. കുത്തിയൊലിച്ച് വരുന്നത് ചെറിയ പാറകല്ലുകളാണ്. മണ്ണിന്റെ ഘടനയൊക്കെ നോക്കിയാണ് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് മാപ്പിംഗ് ചെയ്തത്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ കൂടി പരിഗണിച്ചാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ ജില്ലകളിലാണ് മഴക്കെടുതിയും രൂക്ഷമായി നേരിടുന്നത്. ജനങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഇപ്പോഴും അനുകൂലിക്കാത്തത് എന്തുകൊണ്ടാണ്. 2018ലെ പ്രളയത്തിന് ശേഷം ഇടുക്കിയില്‍ നിന്നും ഒരുപാട് പേര്‍ വിളിച്ചു. സാറൊക്കെ പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ ഇത്രയധികം പ്രശ്‌നം ഉണ്ടാവുമായിരുന്നില്ലെന്നും പറഞ്ഞു. അതിന് ശേഷം സെമിനാറ് നടത്തി. ആളുകള്‍ തിരിച്ചറിയുന്നുണ്ട് കാര്യങ്ങള്‍. എന്നാലും പണമാണല്ലോ മനുഷ്യന്റെ പ്രധാന കാര്യം. അതിന് വേണ്ടി എന്തും ചെയ്യും. മഴ വരുമ്പോള്‍ മാത്രമാണ് ഇതിന് ഓര്‍ക്കുന്നത്. അല്ലാത്തപ്പോള്‍ മറന്നു പോകുന്നു.
കസ്തൂരിരംഗന്‍, ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി ഇതൊക്കെ ഉണ്ടായി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. പുതിയ സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള വിശദമായ പഠനം ആവശ്യമല്ലേ.
മൂന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും മദര്‍ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെയാണ്. അത് അടിസ്ഥാനമാക്കിയാണ് മറ്റ് റിപ്പോര്‍ട്ടുകള്‍. അതില്‍ പല താല്‍പര്യങ്ങളുണ്ട്. താല്‍പര്യമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ള പല പ്രദേശങ്ങളെയും ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി ഒഴിവാക്കിയിട്ടുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അങ്ങേയറ്റം ഫ്രോഡാണ്. ഇപ്പോഴത്തെ സാന്‍ച്വറികളും നാഷണല്‍ പാര്‍ക്കുകളും മാത്രം സംരക്ഷിച്ചാല്‍ മതിയെന്നാണ് പറയുന്നത്. 37 ശതമാനം കാട് മാത്രം സംരക്ഷിച്ചാല്‍ മതിയെന്നും ബാക്കിയുള്ള പ്രദേശങ്ങളില്‍ എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് പറഞ്ഞത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 67 ശതമാനം കാടുകള്‍ സംരക്ഷിക്കണമെന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഈ പ്രദേശങ്ങളെ ഒഴിവാക്കി. അത് വലിയൊരു പ്രശ്‌നമാണ്.
ഇപ്പോളത്തെ സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ പറ്റുക
ഇപ്പോള്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കുകയാണ് വേണ്ടത്. ഈ മൂന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷവും കുറെ കോണ്‍ഫ്‌ളിറ്റുകളുണ്ട്. അതിന് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക. എല്ലാ വിഭാഗക്കാരെയും ഇതില്‍ ഉള്‍പ്പെടുത്തണം. എതിര്‍പ്പുള്ളവരും ഉണ്ടാകണം. രണ്ടോ മൂന്നോ ദിവസം എവിടെയെങ്കിലും ഒന്നിച്ച് ഇരുന്ന് ഈ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ടുണ്ടാക്കുക. ആ റിപ്പോര്‍ട്ടിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാകും. തോട്ടങ്ങളുടെ ആളുകളെ എപ്പോഴും ഈ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായി നില്‍ക്കുന്നത്. പ്ലാന്റേഷനുകള്‍ ചരിവുകളിലാണ് ഉള്ളത്. കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. അവ ഒഴുകി പോകുന്നു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടാകരുത്. എന്നെ പോലെയുളളവര്‍ പശ്ചിമഘട്ടത്തെ മുഴുവനായി സംരക്ഷിക്കണമെന്ന് പറയും. അത് ശരിയാകില്ല. വികസനവും വേണം.പ്രകൃതിയെ സംരക്ഷിക്കുകയും വേണം. അത്തരമൊരു സാധനമാണ് വേണ്ടത്.
നമ്മള്‍ കാടിനെ ഒരുപാട് നശിപ്പിച്ചു കളഞ്ഞു. ഇനി വാസ്തവത്തില്‍ നശിപ്പിക്കാനില്ല. ഉള്ളതിനെ സംരക്ഷിക്കണം എന്നേ ഞാന്‍ പറയുകയുള്ളു. ബാക്കിയുള്ള സ്ഥലത്ത് വികസനം കൊണ്ടു വരണം. ഓരോ ജില്ലകളിലും വ്യവസായ സ്ഥാപനങ്ങളും മറ്റും കൊണ്ടുവരാന്‍ പറ്റുന്ന സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യണം.അതിനോട് ചേര്‍ന്ന് ജനങ്ങള്‍ പാടില്ല. ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്. അങ്ങനെ തീരുമാനിച്ച സ്ഥലങ്ങളില്‍ വ്യവസായം തുടങ്ങിയാല്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ല. അവര്‍ കാടും മലയും തേടി പോകില്ല. അങ്ങനെയൊരു നിയമം വേണം. ആളുകള്‍ അതിലേക്കേ പോകുകയുള്ളു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റിവെച്ചിട്ടാണോ ഈ ചര്‍ച്ചകള്‍ വേണ്ടത്
അല്ല. അതാണ് ബേസിക് റിപ്പോര്‍ട്ട്. അതില്‍ ഇല്ലാത്ത കാര്യങ്ങളില്ല. ആ റിപ്പോര്‍ട്ടില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളവയുണ്ട്. അത് മാറ്റണം.
നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളവ ഏതൊക്കെയാണെന്നാണ് തോന്നുന്നത്
സോണ്‍ ഒന്നില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. അവരെ ഒഴിപ്പിക്കുക എന്നത് കേരളത്തിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരെ എങ്ങനെ പുനരധിവസിപ്പിക്കാം എന്ന് നോക്കണം. സ്ഥലത്തിന്റെ പ്രത്യേകത നോക്കി മാത്രമേ അത് നിശ്ചയിക്കാനാവൂ. ഗാഡ്ഗില്‍ കമ്മിറ്റി നിശ്ചയിച്ച് നല്‍കിയ സോണുകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പഞ്ചായത്തും ജനങ്ങളും ചേര്‍ന്നാണ്.അപ്പോള്‍ എതിര്‍പ്പുണ്ടാവില്ല. ഗാഡ്ഗില്‍ കമ്മിറ്റി ഡ്രാഫ്റ്റാണ് നല്‍കിയത്. ജനങ്ങളുമായി സംസാരിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. അതിന് സര്‍ക്കാരിന് സമയമുണ്ടായില്ല. ജനങ്ങളുടെ അഭിപ്രായം കേട്ടതിന് ശേഷം മാത്രമേ സോണുകളില്‍ അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളു. അത് ചെയ്യണം ആദ്യം. ഒരു വര്‍ഷം വേണ്ടി വരും. അതിന് ശേഷം മറ്റ് രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളെങ്കിലും മലയാളത്തിലാക്കി എല്ലാ പഞ്ചായത്തുകളിലും എത്തിക്കണം. എന്നിട്ട് വേണം ജനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് സമ്മതമുള്ള റിപ്പോര്‍ട്ടായിരിക്കും അത്. ജനാധിപത്യപരമായ കാര്യമാണിത്. പിന്നെ അത് ലംഘിക്കാന്‍ ജനങ്ങള്‍ തയ്യാറാകില്ല. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.