ഒരു കഷ്ണം തുണിയുടെ പേരില്‍ ഞങ്ങളുടെ വിദ്യാഭ്യാസം അവര്‍ നശിപ്പിക്കുകയാണ് : മുസ്‌കാന്‍

ഒരു കഷ്ണം തുണിയുടെ പേരില്‍ ഞങ്ങളുടെ വിദ്യാഭ്യാസം അവര്‍ നശിപ്പിക്കുകയാണ് : മുസ്‌കാന്‍
Published on

കര്‍ണാടകയിലെ മാണ്ഡ്യയിലെ പി.ഇ.എസ് കോളേജില്‍ ബുര്‍ഖ ധരിച്ചെത്തിയതിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുസ്‌കാനുമായിഎന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിഷ്ണു സോം നടത്തിയ അഭിമുഖം.

Q

വീഡിയോയില്‍ കാണാം ആ ആള്‍ക്കൂട്ടത്തെ എതിര്‍ക്കുമ്പോള്‍ മുസ്‌കാന്‍ ഒറ്റയ്ക്കായിരുന്നു എന്ന്. ആ ഷോളുകളുമായി അവര്‍ വളഞ്ഞപ്പോള്‍, അവരെ എതിര്‍ക്കാന്‍ നേരം, മുസ്‌കാന് ഭയം തോന്നിയിരുന്നോ..?

A

സര്‍, എനിക്ക് ഭയം തോന്നിയിരുന്നില്ല. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നു വെച്ചാല്‍ അസൈന്‍മെന്റ് സബ്മിറ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഞാന്‍ കോളേജിലേക്ക് ചെന്നത്. ഞാന്‍ ബുര്‍ഖ ധരിച്ചിരുന്നതിനാല്‍ അവരെന്നെ കോളേജില്‍ കയറാന്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ എങ്ങനെയൊക്കെയോ ഞാന്‍ ഉള്ളില്‍ കടന്നു. അപ്പോള്‍ അവരെന്റെ അടുത്ത് വന്ന് ജയ് ശ്രീറാം, ജയ് ശ്രീറാം എന്ന് ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ തിരിച്ച് അള്ളാഹു അക്ബര്‍ എന്ന് അലറിവിളിച്ചത്.

Q

ആക്രമിക്കാനായെത്തിയ ആണ്‍കുട്ടികളെ മുമ്പ് അവിടെ കണ്ടിട്ടുണ്ടോ അതോ അവര്‍ കോളേജിന് പുറത്തു നിന്നുള്ളവര്‍ ആയിരുന്നോ .?

A

വളരെ കുറച്ചു പേര്‍ മാത്രമേ കോളേജില്‍ നിന്നുള്ളവരായിട്ടുള്ളൂ. ഒരു പത്ത് ശതമാനം പേര്‍ മാത്രം ഉണ്ടാവുമായിരിക്കും. ബാക്കിയുള്ളവര്‍ മുഴുവന്‍ പുറത്തുള്ളവര്‍ ആയിരുന്നു. പ്രിന്‍സിപ്പളും മറ്റ് അധ്യാപകരും എനിക്ക് സംരക്ഷണവും പിന്തുണയും തന്നു.

Q

ദൃശ്യങ്ങളില്‍ മുസ്‌കാന്‍ കോളേജിന് അകത്തേക്ക് പോകുന്നത് കാണാം, അപ്പോഴാണോ പ്രിന്‍സിപ്പളും മറ്റ് അധ്യാപകരും മുസ്ഖാനെ ആരും ഉപദ്രവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയതും പിന്തുണ നല്‍കിയതും.?

A

അതെ സര്‍, ആരും എന്നെ ആക്രമിക്കാതിരിക്കാന്‍ അവര്‍ നോക്കി. ആള്‍ക്കൂട്ടം എനിക്ക് ചുറ്റും കൂടി നിന്ന് ജയ് ശ്രീറാം വിളിക്കുകയും എന്തൊക്കെയോ പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രിന്‍സിപ്പളും അധ്യാപകരും എല്ലാ സംരക്ഷണവും നല്‍കിയിരുന്നു.

Q

മുസ്‌കാന്‍ കോളേജില്‍ എപ്പോഴും ബുര്‍ഖയും ഹിജാബ് ധരിക്കാറുണ്ടായിരുന്നോ.?

A

അതേ സര്‍, പഠനം ആരംഭിച്ച മുതല്‍ തന്നെ ഞാന്‍ ഹിജാബും ബുര്‍ഖയും ഉപയോഗിക്കുന്നുണ്ട്. ക്ലാസുകളില്‍ കേറുമ്പോള്‍ മാത്രം ഞാന്‍ ബുര്‍ഖ ഒഴിവാക്കും അപ്പോള്‍ ഹിജാബ് മാത്രമേ ധരിക്കാറുള്ളു.

ഒരു കഷ്ണം തുണിയുടെ പേരില്‍ ഞങ്ങളുടെ വിദ്യാഭ്യാസം അവര്‍ നശിപ്പിക്കുകയാണ് : മുസ്‌കാന്‍
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തി കര്‍ണാടക കോളേജ്; പഠിപ്പിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍
Q

ഹിജാബ് യൂണിഫോമിന്റെ ഭാഗം തന്നെയാണ്, അല്ലെങ്കില്‍ അത് എല്ലായ്‌പ്പോഴും അനുവദനീയമായിരുന്നോ.?

A

അതെ സര്‍, അത് ഞങ്ങളുടെ ഒരു ഭാഗമായിരുന്നു. പ്രിന്‍സിപ്പള്‍ ഒന്നും പറഞ്ഞിട്ടില്ല. പുറത്തുള്ളവരാണ് ഇതിനെല്ലാം തുടക്കമിട്ടത്.

Q

കൃത്യമായി മനസ്സിലാക്കാന്‍ വേണ്ടിയാണു ചോദിക്കുന്നത് . ബുര്‍ഖ ധരിച്ചാണ് മുസ്‌കാന്‍ കോളേജില്‍ പോകുന്നത്, ക്ലാസില്‍ കയറുന്നതിന് മുന്‍പായി ബുര്‍ഖ അഴിച്ച് ഹിജാബ് മാത്രം ധരിക്കും. ഇതുവരെ ആരും ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല..?

A

ഇല്ല സര്‍, യഥാര്‍ത്ഥത്തില്‍ ഇന്നലെ മുതലാണ് എല്ലാം ആരംഭിക്കുന്നത്. ഇന്നലെയാണ് എല്ലാം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ വളരെ രോഷത്തിലാണ് അതുകൊണ്ട് ബുര്‍ഖ ധരിക്കാതിരിക്കുന്നതായിരിക്കും തത്ക്കാലത്തേക്ക് നല്ലത് എന്ന നിലയില്‍ പ്രിന്‍സിപ്പള്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് ആക്രമണം ഉണ്ടായപ്പോഴും പ്രിന്‍സിപ്പാളും അധ്യാപകരും തന്നെയാണ് എന്നെ സംരക്ഷിച്ചതും. പ്രതിഷേധിച്ചവരില്‍ 10% മാത്രമേ എന്റെ കോളേജില്‍ പഠിക്കുന്നവര്‍ ഉണ്ടായിരുന്നുള്ളു ബാക്കി എല്ലാവരും പുറത്തുള്ളവര്‍ ആയിരുന്നു

Q

നിങ്ങള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദമില്ലെങ്കില്‍, നിങ്ങളുടെ വിദ്യാഭ്യാസം അതേ സ്ഥലത്ത് തുടരാന്‍ ആകുമോ? അതോ നിങ്ങള്‍ പ്രതിഷേധം തുടരുമോ?

A

സര്‍ ഞങ്ങള്‍ ഹിജാബ് ധരിക്കുന്നത് തുടരും, കാരണം ഒരു മുസ്ലീം പെണ്‍കുട്ടിയെന്ന നിലയ്ക്ക് ഹിജാബ് ഞങ്ങളുടെ ഒരു ഭാഗമാണ്.

Q

ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുസ്‌കാന്‍ പ്രതിഷേധം തുടരും അങ്ങനെയല്ലേ.?

A

അതെ

ഒരു കഷ്ണം തുണിയുടെ പേരില്‍ ഞങ്ങളുടെ വിദ്യാഭ്യാസം അവര്‍ നശിപ്പിക്കുകയാണ് : മുസ്‌കാന്‍
'ബിക്കിനിയോ ഹിജാബോ'; സ്ത്രീയുടെ സ്വാതന്ത്രമെന്ന് പ്രിയങ്ക; പിന്തുണയുമായി രാഹുല്‍
Q

മുസ്‌കാന്‍, നിങ്ങള്‍ക്ക് മറ്റു മതത്തിലുള്ള ആളുകളില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോ? ഹിന്ദുക്കളായ സുഹൃത്തുക്കള്‍? മറ്റ് സമുദായങ്ങളിലുള്ള സുഹൃത്തുക്കള്‍?

A

എല്ലാവരും ക്ലാസ്സില്‍ ആയിരുന്നു. ഈ ആണ്‍കുട്ടികള്‍ പുറത്തു നില്‍ക്കുകയായിരുന്നു. ഞങ്ങളുടെ പ്രിന്‍സിപ്പളും അധ്യാപകരും പിന്തുണച്ചിരുന്നു.

Q

കോളേജിലെ മറ്റ് സുഹൃത്തുക്കളുടെ കാര്യമോ?

A

എനിക്ക് മുമ്പ് അവിടെ 5 മുസ്ലീം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ കരയുകയായിരുന്നു. കാരണം അവര്‍ക്കും അതു തന്നെ സംഭവിച്ചു

Q

അവര്‍ക്ക് എന്ത് സംഭവിച്ചു?

A

അവരെ അകത്തു കയറാന്‍ അനുവദിച്ചിരുന്നില്ല. ഒന്നുകില്‍ ബുര്‍ഖ അഴിച്ചു മാറ്റുക അല്ലെങ്കില്‍ വീട്ടിലേക്ക് തിരികെ പോകാന്‍ അവര്‍ ആവശ്യപ്പെട്ടു, നിങ്ങള്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്നും അവര്‍ പറഞ്ഞു.

ഒരു കഷ്ണം തുണിയുടെ പേരില്‍ ഞങ്ങളുടെ വിദ്യാഭ്യാസം അവര്‍ നശിപ്പിക്കുകയാണ് : മുസ്‌കാന്‍
'സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് യുണിഫോം തീരുമാനിക്കാം' ; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കെന്ന് കര്‍ണാടക സര്‍ക്കാര്‍
Q

മുസ്‌കാന്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്, നിങ്ങളുടെ ഹിന്ദു സുഹൃത്തുക്കള്‍, നിങ്ങള്‍ക്ക് ചുറ്റും നടക്കുന്നതിനെ അവര്‍ എതിര്‍ത്തിരുന്നോ? നിങ്ങളോട് അതിക്രമം കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ശല്യക്കാരാണെന്ന് അവര്‍ പറഞ്ഞോ?

A

അതെ സര്‍, അവര്‍ ഞങ്ങളെ പിന്തുണച്ചു. നിന്റെ മതം ഞങ്ങളുടെ കൂടെ മതമാണെന്ന് അവര്‍ പറഞ്ഞു. ഈ പ്രശ്‌നക്കാരെല്ലാം പുറത്ത് നിന്നുള്ളവരാണെന്നും.

Q

മുസ്‌കാന്‍ ഇപ്പോള്‍ ആശങ്കയുണ്ടോ ? സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നുണ്ടോ? അതോ നിങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടോ?

A

ഇല്ല സര്‍, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്. ഇന്നു രാവിലെ മുതല്‍ പോലീസും, മറ്റുള്ളവരും വന്ന് 'ഞങ്ങള്‍ കൂടെയുണ്ട്, വിഷമിക്കണ്ട' എന്ന് പറയുന്നുണ്ട്.

Q

നിങ്ങളുടെ വിദ്യാഭ്യാസമാണ് നിങ്ങളുടെ മുന്‍ഗണന. ആത്യന്തികമായി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

A

അതെ സര്‍, വിദ്യാഭ്യാസത്തിനാണ് ഞങ്ങളുടെ മുന്‍ഗണന. ഒരു കഷ്ണം തുണിയുടെ പേരില്‍ ഞങ്ങളുടെ വിദ്യാഭ്യാസം അവര്‍ നശിപ്പിക്കുകയാണ്.

Q

അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്. മുസ്‌കാന്‍ എന്താണ് പഠിക്കുന്നത്?

A

ഞാന്‍ സെക്കന്റ് ഇയര്‍ ബികോം വിദ്യാര്‍ത്ഥിയാണ്.

Q

എന്തായാലും പഠനത്തിന് എല്ലാ വിധ ആശംസകളും. നിങ്ങള്‍ക്ക് ചുറ്റും നടന്നു കൊണ്ടിടിക്കുന്ന ഭ്രാന്തുകളെല്ലാം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. സംസാരിക്കാന്‍ കാണിച്ച ധൈര്യത്തിന് നന്ദി.

A

നന്ദി സര്‍

Related Stories

No stories found.
logo
The Cue
www.thecue.in