സവര്‍ണ വോട്ട് കൊഴിയുന്നത് തടയാം; പുതിയ വോട്ടുബാങ്കുണ്ടാക്കാന്‍ മുന്നാക്ക സംവരണം ഇടതിനെ സഹായിക്കില്ല: സണ്ണി.എം.കപിക്കാട്

സവര്‍ണ വോട്ട് കൊഴിയുന്നത് തടയാം; പുതിയ വോട്ടുബാങ്കുണ്ടാക്കാന്‍ മുന്നാക്ക സംവരണം ഇടതിനെ സഹായിക്കില്ല: സണ്ണി.എം.കപിക്കാട്
Published on
Q

നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ മുന്നാക്ക സംവരണത്തിലൂടെ നഷ്ടം സംഭവിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം മുന്നാക്ക സംവരണത്തിലൂടെ പ്ലസ്ടു, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ തിരിച്ചടി നേരിടുന്നത് എങ്ങനെയെന്ന് വ്യക്തമാകുന്നുണ്ട്. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കുന്നുണ്ടോ?

A

പുറത്ത് വന്ന കണക്കുകള്‍ പ്രകാരം നേരത്തെ സംവരണീയരാവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നുണ്ടെന്ന വസ്തുതാപരമായ കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കവര്‍ന്നെടുക്കപ്പെടുമോ ഇല്ലയോ എന്നത് മാത്രമല്ല പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തില്‍ പറയുന്നത് സവര്‍ണരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാമെന്നാണ്. അത് പൂര്‍ണമായും സ്റ്റേറ്റിന്റെ തീരുമാനമാണ്. പഠിച്ച് വേണമെങ്കില്‍ നടപ്പാക്കാവുന്ന ഒന്നാണ്. ആ നിയമം തന്നെ ദുര്‍വ്യാഖ്യാനം ചെയ്ത് കണക്കുകളുടെ പിന്‍ബലമില്ലാതെ പത്ത് ശതമാനം പ്രഖ്യാപിക്കുകയാണ് ചെയ്തത്. സംവരണത്തിന് പുറത്തുള്ള അമ്പത് ശതമാനത്തിന്റെ പത്ത് ശതമാനം നല്‍കണമെന്നിരിക്കേ മൊത്തത്തിലുള്ളതിന്റെ പത്ത് ശതമാനമാണ് കണക്കുകൂട്ടുന്നത്. അവിടെയാണ് അട്ടിമറി സംഭവിക്കുന്നത്. പിണറായി വിജയന്‍ പറയുന്നത് പോലെ നിലവിലുള്ളവര്‍ക്ക് സംവരണം നഷ്ടപ്പെടുമോയെന്നത് മാത്രമല്ല കാര്യം പത്ത് ശതമാനം കൊടുക്കാന്‍ വസ്തുനിഷ്ഠമായ എന്തുകണക്കാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നത് വെളിപ്പെടുത്തണം. അത് സര്‍ക്കാരിന് മുന്നിലില്ല. അനധികൃതമായി നടപ്പിലാക്കുന്ന പദ്ധതിയാണെന്നതാണ് പ്രശ്‌നം.

സവര്‍ണ സാമ്പത്തിക സംവരണത്തിന് വേണ്ടി നില്‍ക്കുന്ന എന്‍.എസ്.എസിന് കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടല്ലോ. അവിടെ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ജോലി കൊടുത്തിട്ടുണ്ടോ? ഇല്ലല്ലോ.. ഈ പാവപ്പെട്ടവരോടുള്ള സ്‌നേഹം തട്ടിപ്പാണ്. ഉദ്യോഗതലത്തില്‍ നടക്കുന്ന സവര്‍ണ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍.
Q

ഈഴവ- മുസ്ലിം വിഭാഗങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാതിനിധ്യം ലഭിച്ചു കഴിഞ്ഞുവെന്ന വാദം മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്നു. അത്തരമൊരു പ്രാതിനിധ്യം ഉണ്ടായെന്ന് വിലയിരുത്താന്‍ പറ്റുമോ?

A

വസ്തുതാപരമായി അത് തെളിയിക്കട്ടെ. ഈഴവരാണ് കേരളത്തിലെ ഏറ്റവും സംഘടിതരായ സമൂഹം. അവര്‍ക്ക് പോലും ക്ലാസ് വണ്‍ തസ്തികകളില്‍ മതിയായ പ്രാതിനിധ്യം ഇല്ലെന്ന കണക്കുകള്‍ നിലവിലുണ്ട്. മുസ്ലിംങ്ങള്‍ക്കും ഇല്ല. കേരളത്തിലെ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പുറത്ത് വിടട്ടെ. 1932ലെ നിവര്‍ത്തന പ്രക്ഷോഭകാലത്ത് ഉന്നയിക്കപ്പെട്ട ആവശ്യമാണിത്. ഇതുവരെ അത് പുറത്ത് വിട്ടിട്ടില്ല. പുറത്ത് വിട്ടാല്‍ മനസിലാകും കേരളത്തിലെ ഉദ്യോഗം ആരുടെ കൈയ്യിലാണ് ഇരിക്കുന്നതെന്ന്. സെക്രട്ടറിയേറ്റിലെ ലിസ്റ്റ് മാത്രം പുറത്ത് വിട്ടാലും അതിലെ സവര്‍ണ പ്രാതിനിധ്യം എത്ര ഭീമമാണെന്ന് മനസിലാകും. മുസ്ലിങ്ങളും പട്ടികജാതിക്കാരും തട്ടിയെടുത്തു എന്ന് പറയാതെ, കണക്ക് പുറത്ത് വിട്ട് മതിയായ പ്രാതിനിധ്യം കിട്ടിയോ എന്ന് വ്യക്തമാക്കണം. മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം കൂടിയാല്‍ വേണ്ടെന്ന് വെയ്ക്കാമെന്നാണല്ലോ ഭരണഘടന പറയുന്നത്. ഭരണഘടനയുടെ 16ാം വകുപ്പ് പറയുന്നത് ഏതെങ്കിലും വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഇല്ലെങ്കില്‍ സംവരണം കൊടുക്കാനാണ് പറയുന്നത്. ഇതുവരെ പുറത്ത് വന്ന കണക്കുകളില്‍ ഈഴവ, മുസ്ലിം-പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. പട്ടികജാതി വിഭാഗത്തിനാണ് കുറച്ചെങ്കിലും പ്രാതിനിധ്യം ഉള്ളത്. പുതിയ കണക്ക് പിണറായി വിജയന്റെ കൈയ്യിലുണ്ടെങ്കില്‍ പുറത്ത് വിടട്ടെ.

സംവരണീയ വിഭാഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്തത് മുസ്ലിംലീഗാണ്. ലീഗ് വിളിച്ചത് കൊണ്ട് വര്‍ഗ്ഗീയമാണെന്ന് പ്രചരിപ്പിക്കുന്നു. ആര്‍.എസ്.എസുമായി എന്ത് വ്യത്യാസമാണ് കേരളത്തിലെ സി.പി.എമ്മിനുള്ളത്. ഞങ്ങള്‍ സംവരണീയ സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ലീഗും അതില്‍ ഉള്‍പ്പെടുന്നതാണ്.
Q

സാമ്പത്തിക സംവരണത്തിലേക്കെത്താനുള്ള സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടായിട്ടുണ്ടോ? സാമൂഹികമായ പിന്നാക്കാവസ്ഥ മാറാത്ത സമൂഹത്തില്‍ സാമ്പത്തിക സംവരണം ആരെയാണ് സഹായിക്കുക എന്ന ചോദ്യം ഉയരേണ്ടതല്ലേ?

A

അത് വളരെ വ്യക്തമാണ്. സംവരണം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കാനുള്ളതല്ല. മറിച്ച് സമൂഹത്തില്‍ സ്വാഭാവികമായും നീതിയോ അവസരസമത്വമോ തുല്യതയോ ലഭിക്കാതെ പോയ സമൂഹത്തില്‍ ഇന്നും എത്രയോ അധികമാണ്. വാളയാറിലെയും ഹത്രാസിലെയും പെണ്‍കുട്ടികള്‍ ഇതിന്റെ ഏറ്റവും ഷാര്‍പ്പായ ഉദാഹരണങ്ങളാണ്. സാമൂഹികമായ വിവേചനം പൈസയുടെ കുറവല്ല. നമ്മള്‍ പിന്തുടരുന്ന മൂല്യമാണ് ഇവരോട് വിവേചനം കാണിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിന് പരിഹാരമുണ്ടാക്കുക കൂടിയാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് അങ്ങനെയുള്ള വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുകയാണത്. സാമ്പത്തിക സംവരണത്തിലൂടെ ആരുടെ പ്രാതിനിധ്യമാണ് ഉറപ്പ് വരുത്താന്‍ പോകുന്നത്. രണ്ടര ഏക്കര്‍ ഭൂമി ഗ്രാമപ്രദേശത്തും 75 സെന്റ് ഭൂമി മുനിസിപ്പാലിറ്റിയിലും 50 സെന്റ് ഭൂമി കോര്‍പ്പറേഷനിലുള്ളവരെയുമാണ് സവര്‍ണരിലെ പാവപ്പെട്ടവരെന്ന് വിളിക്കുന്നത്. അതിന് അപ്പുറത്തുള്ളവര്‍ മാത്രമാണ് സംവരണാനുകൂല്യത്തിന് പുറത്ത് പോകുകയുള്ളു. തിരുവനന്തപുരം നഗരത്തില്‍ അമ്പത് സെന്റുള്ള കുടുംബത്തിന് പത്ത് സെന്റ് വിറ്റാല്‍ നാല് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് കിട്ടും. ഇവര് എന്ത് ദാരിദ്യത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ദാരിദ്ര്യമല്ല. വളരെ ആസൂത്രിതമായി സവര്‍ണസമൂഹത്തെ പ്രീണിപ്പിക്കാനുള്ള ഇടപാട് മാത്രമാണിത്.

സവര്‍ണരിലെ പാവപ്പെട്ടവരെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു. പാവപ്പെട്ടവരുടെ കണക്കുണ്ടോ ഇവരുടെ കൈയ്യില്‍. ദേവസ്വം ബോര്‍ഡ് എന്ന് പറയുന്നത് സര്‍ക്കാര്‍ ഏജന്‍സിയാണ്. അതിന് കീഴില്‍ നാല് കോളേജുകളുണ്ട്. 182 അധ്യാപകരില്‍ 136 പേരും നായന്‍മാരാണ്. എങ്ങനെയാണ് അങ്ങനെ വന്നത്? അതൊരു പൊതുസ്ഥലമല്ലേ. അവിടെ എല്ലാവര്‍ക്കും ജോലി ലഭിക്കാത്തത് എന്തുകൊണ്ടാണ്. സംവരണ നിയമം ഇല്ലായിരുന്നെങ്കില്‍ എല്ലാം ഈ വിഭാഗം അടിച്ച് കൊണ്ട് പോകുമായിരുന്നു. ഇത് പോരാഞ്ഞിട്ടാണ് ഇപ്പോള്‍ പത്ത് ശതമാനം സംവരണം കൂടി നല്‍കുന്നത്. സവര്‍ണ സാമ്പത്തിക സംവരണത്തിന് വേണ്ടി നില്‍ക്കുന്ന എന്‍.എസ്.എസിന് കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടല്ലോ. അവിടെ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ജോലി കൊടുത്തിട്ടുണ്ടോ? ഇല്ലല്ലോ.. ഈ പാവപ്പെട്ടവരോടുള്ള സ്‌നേഹം തട്ടിപ്പാണ്. ഉദ്യോഗതലത്തില്‍ നടക്കുന്ന സവര്‍ണ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍.

എസ്.ബി.ഐയുടെ ക്ലറിക്കല്‍ പ്രിലിമിനറി പരീക്ഷയില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 29.25 മാര്‍ക്ക് മതി യോഗ്യത നേടാന്‍. പട്ടിക ജാതി വിഭാഗത്തിന് 55ഉം ഈഴവര്‍ 69 നേടണം.മെറിറ്റില്ലാത്തവര്‍ക്ക് നല്‍കുന്നുവെന്നല്ലേ പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെതിരെ ആരും രംഗത്ത് വരാതിരുന്നത് എന്തുകൊണ്ടാണ്?

Q

കോണ്‍ഗ്രസും ബി.ജെ.പിയും സാമ്പത്തിക സംവരണത്തിനൊപ്പമാണ്. ഇടതുപക്ഷം അത് നടപ്പാക്കിയിരിക്കുന്നു. ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ സമ്മര്‍ദ്ദ ശക്തിയായി മാറിയിട്ടുമില്ല. ദളിതര്‍ക്കൊപ്പം ആരുമില്ലാത്ത അവസ്ഥയില്ലേ.

A

തീര്‍ച്ചയായിട്ടും. ദളിതരെ പ്രതിനിധീകരിക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, ഉന്നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്ല എന്നതില്‍ ഒരു തര്‍ക്കവും വേണ്ട. 326 എം.പിമാരാണ് ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത്. അതില്‍ 323 എം.പിമാരും പിന്തുണച്ചു. ബഹുഭൂരിപക്ഷവും പിന്തുണച്ചു, രാജ്യത്തിന്റെ ആവശ്യമാണ് എന്നാണ് ഇടതുപക്ഷത്തിന്റെ വാദം. ഏറ്റവും കൂടുതല്‍ എം.പിമാരുള്ളത് ബി.ജെ.പിക്കാണ്. രാഷ്ട്രത്തിന്റെ അഭിലാഷമായി കാണുകയാണെങ്കില്‍ ഇവരൊന്നും എന്താ ബി.ജെ.പിയില്‍ ചേരാതിരുന്നത്. ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ഭരണഘടനതത്ത്വത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോഴാണ് തെറ്റായ തീരുമാനമാണെന്ന് വ്യക്തമാകുന്നത്. സംവരണ നിയമം പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമല്ല, ഈഴവര്‍ക്കും മുസ്ലിങ്ങള്‍ക്കും തിരിച്ചടിയായി മാറി.

സംവരണീയ വിഭാഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്തത് മുസ്ലിംലീഗാണ്. ലീഗ് വിളിച്ചത് കൊണ്ട് വര്‍ഗ്ഗീയമാണെന്ന് പ്രചരിപ്പിക്കുന്നു. ആര്‍.എസ്.എസുമായി എന്ത് വ്യത്യാസമാണ് കേരളത്തിലെ സി.പി.എമ്മിനുള്ളത്. ഞങ്ങള്‍ സംവരണീയ സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ലീഗും അതില്‍ ഉള്‍പ്പെടുന്നതാണ്.

Q

വെള്ളാപ്പള്ളി നടേശന്‍ ഇതേ കാര്യം ഉന്നയിച്ചാണ് ഈ കൂട്ടത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നതും.

A

വെള്ളാപ്പള്ളി ബി.ജെ.പിയുടെ ആളാണ്. അയാള്‍ വിട്ട് നിന്നില്ലെങ്കിലേ അത്ഭുതമുള്ളു. എന്‍.ഡി.എയുടെ ഭാഗമാണ് വെള്ളാപ്പള്ളി. വിട്ടുനില്‍ക്കുന്നുവെന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. വെള്ളാപ്പള്ളി നടശേന്‍ നടത്തിയ യാത്രയില്‍ മുസ്ലിം-ക്രിസ്ത്യന്‍ വിരുദ്ധതയാണ് കേരളത്തിലുടനീളം പ്രചരിപ്പിച്ചത്.

മുന്നാക്ക സംവരണത്തിനെതിരെ ഒരുമിച്ച് നില്‍ക്കുന്ന പ്ലാറ്റ്‌ഫോം രാഷ്ട്രീയ തീരുമാനം എടുക്കാന്‍ പ്രാപ്തമായതല്ല. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താനും അങ്ങനെയൊരു മനോഭാവം ഉണ്ടാക്കിയെടുക്കാന്‍ മുസ്ലിം ലീഗിന് താല്‍പര്യമുണ്ടാകും. എന്നാല്‍ ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ പറ്റില്ല.
Q

ശബരിമലയിലൂടെ നഷ്ടപ്പെട്ട സവര്‍ണ വോട്ടുകളാണ് സി.പി.എം ലക്ഷ്യമിടുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം മുസ്ലിം സമുദായ സംഘടനകളും പാര്‍ട്ടികളും യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം.വെള്ളാപ്പള്ളി ബി.ജെ.പി അനുകൂല നിലപാടിലേക്ക് മാറുന്നു. ഇതിനെയെല്ലാം നേരിടാന്‍ സാമ്പത്തിക സംവരണത്തിലൂടെ സവര്‍ണ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കുമോ?

A

ഇല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സവര്‍ണര്‍ക്ക് സുരക്ഷിതമായ രാഷ്ട്രീയ മണ്ഡലങ്ങള്‍ പണ്ടെത്തേതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയുമാണത്. ബി.ജെ.പി വളരെ ദുര്‍ബലമായിരുന്നപ്പോള്‍ നായന്‍മാരുള്‍പ്പെടെയുള്ള സവര്‍ണ വിഭാഗം അഭയം പ്രാപിച്ച സ്ഥലമാണ് സി.പി.എം. കാരണം സി.പി.എമ്മിന് ഹിന്ദുഛായ ഉണ്ട്. നേരത്തെ ഇവര്‍ക്ക് വോട്ട് ചെയ്തവരില്‍ വലിയ കൊഴിഞ്ഞ് പോക്കില്ലാതെയാക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കാം. പുതിയൊരു വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ കഴിയില്ല. സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ആ വോട്ട് കൂടെ സി.പി.എമ്മിന് നഷ്ടപ്പെടുമായിരുന്നു. സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയത് കേന്ദ്രത്തിലെ ബി.ജെ.പിയുടെ തീരുമാനപ്രകാരമാണ്. മുമ്പ് തന്നെയുള്ള നിലപാടാണെന്ന് പിണറായി വിജയന് പറഞ്ഞ് നടക്കാന്‍ കഴിയും. ബി.ജെ.പിയുടെ തീരുമാനം നടപ്പാക്കിയ ഇവര്‍ക്ക് വോട്ട് കൊടുക്കേണ്ട കാര്യമില്ലല്ലോ? അതുകൊണ്ട് പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കപ്പെടില്ല.

Q

ഇടത് അനുകൂലമായി നിന്നിരുന്ന ദളിത്- ഈഴവ വിഭാഗങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. കോണ്‍ഗ്രസ് സംവരണത്തെ അനുകൂലിക്കുന്ന സാഹചര്യമാണല്ലോ.

A

മുന്നാക്ക സംവരണത്തിന്റെ പേരില്‍ തെരഞ്ഞെടുക്കാവുന്ന മുന്നണി കേരളത്തിലില്ല. യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും അനുകൂലിക്കുന്നു. വോട്ട് ചെയ്യുന്നവരുടെ മുന്നില്‍ ഇത് പ്രധാനപ്പെട്ട കാര്യമായി വരാനുള്ള സാധ്യത കുറവാണ്. മുന്നാക്ക സംവരണത്തിനെതിരെ ഒരുമിച്ച് നില്‍ക്കുന്ന പ്ലാറ്റ്‌ഫോം രാഷ്ട്രീയ തീരുമാനം എടുക്കാന്‍ പ്രാപ്തമായതല്ല. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താനും അങ്ങനെയൊരു മനോഭാവം ഉണ്ടാക്കിയെടുക്കാന്‍ മുസ്ലിം ലീഗിന് താല്‍പര്യമുണ്ടാകും. എന്നാല്‍ ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ മുന്നാക്ക സംവരണത്തെ യു.ഡി.എഫ് തള്ളിപ്പറയണം. കോണ്‍ഗ്രസ് കൂടിയുള്ള മുന്നണിക്ക് അത് പറ്റില്ല. ലീഗ് മാത്രമാണ് പാര്‍ലമെന്റിലും എതിര്‍ത്തത്. കേസ് കൊടുക്കാനുള്ള തീരുമാനത്തിലേക്ക് അവര് പോയേക്കാം. അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in