മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ടല്ല

മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ടല്ല
Published on
Summary

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലവും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. പുതിയ അണക്കെട്ട് വേണമെന്നും അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നിറയുന്ന ആശങ്ക? ഡാം പൊളിച്ചാല്‍ പരിഹരിക്കപ്പെടുന്നതാണോ നിലവിലെ ആശങ്ക? സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി മുന്‍ അംഗം ഡോ. കെ.ജി താര ദ ക്യുവിനോട് സംസാരിക്കുന്നു.

മുല്ലപ്പെരിയാറിലെ ആശങ്ക

നിലവിലുള്ള കാലാവസ്ഥാ സംവിധാനങ്ങള്‍ക്ക് ഒട്ടും പ്രവചിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മഴയാണ് കേരളത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്. 2018ല്‍ പ്രളയമുണ്ടായപ്പോള്‍ നൂറ് വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണെന്ന ധാരണയായിരുന്നു സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊക്കെ. പക്ഷെ അടുത്ത വര്‍ഷവും ഇത് ആവര്‍ത്തിച്ചു. അപ്പോഴും വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ സ്ഥിരമായി തുടരുന്ന ഒരു സ്ഥിതി വിശേഷം കേരളത്തില്‍ ഉണ്ടാകുമെന്നോ, ഇത്തരമൊരു ആശങ്ക നമ്മുടെ ജീവിതത്തിന്റെ ഭാഗമായിമാറുമെന്നോ ആരും ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല.

2020ലും 2021ലും മഴക്കെടുതി ആവര്‍ത്തിച്ചതോടെ മഴ പ്രവചനാതീതമായ ഘടകമാണെന്ന് വ്യക്തമാവുകയാണ്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള മഴ പെയ്യുന്നതും അത് മുല്ലപ്പെരിയാര്‍ പോലെ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളില്‍ ജലനിരപ്പിന് മുകളിലാകുന്നതും ജനങ്ങളില്‍ സ്വാഭാവികമായും ഭീതിയുണ്ടാക്കും.

വെള്ളപ്പൊക്കം നിയന്ത്രിക്കാനല്ല, പൊതുവെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായാണ് കേരളത്തില്‍ അണക്കെട്ടുകള്‍ ഉപയോഗിക്കുന്നത്. അധിക മഴയെ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള അണക്കെട്ടുകള്‍ക്ക് പ്രയാസമുണ്ടാകും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കേരളത്തെ വിഴുങ്ങാന്‍ പോന്ന ശക്തിയുള്ള മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ഭയമാണ് നിലവില്‍ ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിലേക്ക് എത്തിച്ചത്. ഇപ്പോള്‍ തുടര്‍ന്നുവരുന്ന മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും അതിന്റെ ആക്കം കൂട്ടി.

ഡാമിന്റെ ജലനിരപ്പ് 137 അടി ആക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മാത്രമല്ല, റിസര്‍വോയറിലുള്ള ജലത്തിന്റെ മര്‍ദ്ദം കാരണം ഭൂചലനമുണ്ടായ സന്ദര്‍ഭങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഡാമിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന തരത്തില്‍ പുതിയൊരു ആശങ്കയ്ക്ക് കാരണമാകുന്നു.

999 വര്‍ഷത്തെ ഉടമ്പടി എന്നതില്‍ ഒരു അപ്രായോഗികത ഉണ്ട്. അണക്കെട്ട് എന്നല്ല, മനുഷ്യനിര്‍മിതമായ എന്തൊരു വസ്തുവും ഒരു പരിധിയില്‍ കൂടുതല്‍ നിലനില്‍ക്കില്ല. ഭൗമശാസ്ത്രപരമായോ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംബന്ധിച്ചോ ഒന്നും നമുക്ക് പ്രവചിക്കാന്‍ പറ്റാത്ത മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അണക്കെട്ടിനെ സംബന്ധിച്ച ആശങ്കയെ ഗൗരവമായി കാണണം.

പുതിയൊരു അണക്കെട്ട് ശാശ്വത പരിഹാരമാണോ?

കേരളം പുതിയ ഡാം എന്ന ആശയത്തെയാണ് മുന്നോട്ടു വെയ്ക്കുന്നത്. പക്ഷെ ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതവും ചെറുതല്ല എന്ന് മനസിലാക്കണം. പുതിയ ഡാമിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാം എന്ന് പറയുന്നുണ്ടെങ്കിലും പാരിസ്ഥിതിക ആഘാതം വലിയ രീതിയില്‍ ബാധിച്ചേക്കും. അതിന് പകരം തമിഴ്‌നാടിന് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളം കൊടുക്കുകയും ഈ ഡാമിലെ ജലനിരപ്പ് അപകട നിലയിലും വളരെയധികം താഴെ ആക്കുകയും ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്.

പലപ്പോഴും പുതിയൊരു ഡാം എന്ന മാര്‍ഗമല്ലാതെ മറ്റൊന്നും നമ്മുടെ മുന്നില്‍ കാണുന്നില്ലെന്നതാണ് പ്രശ്‌നം. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഒരു ഇടപെടല്‍ നടത്തിയാല്‍ അതും കേരളത്തിന് ആശ്വാസകരമായിരിക്കും. ഉദാഹരണത്തിന് കേന്ദ്ര ജലകമ്മീഷന്‍ ഒരു ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നത് നല്ലതാണ്.

എന്താണ് ഡീകമ്മീഷന്‍

അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഡീകമ്മീഷന്‍ പല രീതിയിലുണ്ട്. ഡാമിനെ പൊളിച്ചുകളയാതെ ഡാമിനെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കലും ഡീ മ്മീഷനില്‍ പെടും. ഉദാഹരണമായി കുടിവെള്ളത്തിനായി ഉണ്ടാക്കിയ ഡാമിനെ ആളുകളുടെ വിനോദസഞ്ചാരത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതി. രണ്ടാമതായി ഡാമിന്റെ ഉയരമോ സ്പില്‍വേയുടെ ഉയരമോ കുറച്ചുകൊണ്ട് അതിന്റെ സംഭരണ ശേഷി കുറയ്ക്കുക എന്നുള്ളതാണ്. മൂന്നമാതായി ഡാമിന്റെ ചിലഭാഗങ്ങള്‍ പൊളിച്ചുമാറ്റിക്കൊണ്ട് നദിയെ പൂര്‍വ്വ സ്ഥിതിയില്‍ ഒഴുകുന്ന അവസ്ഥയിലേക്ക് മാറ്റുക.

സര്‍ക്കാര്‍ ഇടപെടലുകള്‍ പ്രധാനം

വലിയ രീതിയില്‍ ജലക്ഷാമം നേരിടുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം സുരക്ഷയാണ് പ്രധാനം. ഇതു രണ്ടും പ്രധാനപ്പെട്ടതാണ്.

രണ്ട് സര്‍ക്കാരുകള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ നടപടി. തമിഴ്‌നാടിന് കിട്ടിക്കൊണ്ടിരുന്ന ജലം ലഭിക്കാതിരിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നിടത്തോളംകാലം പുതിയൊരു അണക്കെട്ടിനെ തമിഴ്‌നാട് അംഗീകരിക്കില്ല. തമിഴ്‌നാട് നമ്മുടെ അയല്‍ സംസ്ഥാനമാണ്, അവിടെയുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ്. ആ നിലയില്‍ അവരുടെ ആവശ്യങ്ങള്‍ കേരളം പരിഗണിക്കേണ്ടതുണ്ട്. ഇത് സുരക്ഷയെ സംബന്ധിച്ച ആശങ്കകളാണ് എന്ന് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും.

ഒരു അണക്കെട്ട് ഉണ്ടാക്കണമെങ്കിലും അതിന് 2000 കോടി രൂപയ്ക്ക് മേല്‍ ചെലവ് വേണ്ടി വരും. അത്രയും ഭീമമായ തുക കേരള സംസ്ഥാനം ചെലവാക്കി കൊണ്ട് അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം ഭൂരിഭാഗം ജലവും തമിഴ്‌നാടിന് കൊടുക്കേണ്ടി വരും. വലിയ രീതിയില്‍ കേരളം ഇതിനെല്ലാം ചെലവ് വഹിക്കുക എന്ന് പറയുന്നതും പ്രായോഗികമാവില്ല.

മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ടല്ല
മുറവിളികളല്ല, മുല്ലപ്പെരിയാറില്‍ വേണ്ടത് പ്രായോഗിക പരിഹാരം

ഡാമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍

ശാസ്ത്ര സമൂഹത്തിലും സത്യസന്ധത പ്രധാനമാണല്ലോ. അണക്കെട്ടിനെ സംബന്ധിച്ച പല പഠനങ്ങളും യുക്തിഭദ്രമാണോ എന്ന് ചോദിച്ചാല്‍ ചിലത് അല്ല എന്നുതന്നെ പറയേണ്ടി വരും. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും അതീതമായി, നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുന്ന ഒരു പഠനം ഉണ്ടായി വരേണ്ടതുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം പെട്ടെന്ന് തകര്‍ന്നുപോകുന്ന ഒന്നാണെന്ന അഭിപ്രായം ഇല്ല. പക്ഷെ വലിയ അളവില്‍ വരുന്ന മഴയെ താങ്ങാന്‍ അണക്കെട്ടിന് സാധിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന ഒരു ചോദ്യം. മുല്ലപ്പെരിയാറില്‍ ഡാം ബ്രേക്ക് അനാലിസിസ് നടന്നിട്ടുണ്ട്. മാത്രമല്ല, ഐഐടി റൂര്‍ക്കി 2009ല്‍, ഒരു ഭൂകമ്പം നടന്നാല്‍ മുല്ലപ്പെരിയാര്‍ അതിനെ അതിജീവിക്കുമോ എന്നത് സംബന്ധിച്ച ഒരു പഠനം നടത്തിയിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം അണക്കെട്ടിന്റെ 16കിലോമീറ്ററിനകം ഉണ്ടായാല്‍ 136 അടി ഉള്ളപ്പോള്‍ തന്നെ, മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടും ബേബി അണക്കെട്ടിനും കേടുപാടുകള്‍ ഉണ്ടാകുമെന്നാണ് പഠനം. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാറില്‍ പ്രധാനമായും പ്രാദേശികമായി ഭൂകമ്പ സാധ്യതാ പഠനം സൂക്ഷ്മതലത്തില്‍ നടത്തേണ്ടതുണ്ട്.

ഇത്തരത്തില്‍ ഒരു ഭൂകമ്പമുണ്ടാവുകയാണെങ്കില്‍ 136 അടി വെള്ളമുള്ള അണക്കെട്ടിന്റെ അടിഭാഗത്ത് (ഹീല്‍) അണക്കെട്ടിന് താങ്ങാനാവുന്നതിനേക്കാളും ഇരട്ടി സമ്മര്‍ദ്ദം (ടെന്‍സൈല്‍ സ്‌ട്രെസ്) അനുഭവപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ഭൂകമ്പസാഹചര്യത്തില്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടാകില്ല എന്ന നിഗമനത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ എത്തിയ പഠന റിപ്പോര്‍ട്ടിലാകട്ടെ, ഭൂകമ്പ ഘടകത്തിന്റെ (എര്‍ത്ത്‌ക്വേക്ക് കോഎഫിഷ്യന്റ്) മൂല്യം അംഗീകൃതമായ 0.18 ന് പകരം 0.1 എന്നാണ് എടുത്തത് എന്നതും ആശ്ചര്യകരമാണ്.

പുതിയ പഠനങ്ങള്‍ ഇനിയും ആവശ്യം

മഴയുടെ പ്രവചനാതീതമായ സ്വഭാവവും ഇപ്പോഴത്തെ അളവും പരിഗണിച്ചുകൊണ്ട് ഹൈഡ്രോ-ജിയോളജിയും ഭൂകമ്പ സാധ്യതകളും പ്രളയ സാധ്യകളും കണക്കിലെടുത്തുകൊണ്ട് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പുതിയ പഠനം എത്രയും പെട്ടെന്ന് നടത്തണം.

എന്‍.കെ പ്രേമചന്ദ്രന്‍ മന്ത്രിയായിരിക്കുന്ന കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ വെച്ച് സുപ്രീം കോടതിയില്‍ കേസ് വാദിക്കാനും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് ശ്രമിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ അതുമായി ബന്ധപ്പെട്ട് പിന്നീട് തുടര്‍ പഠനങ്ങള്‍ നടത്താനോ മുന്നോട്ടു കൊണ്ടുപോകാനോ കേരളത്തിന് സാധിച്ചില്ല.

കേരളത്തെ സംബന്ധിച്ചടത്തോളം ഭൂമിയുടെ വിള്ളലുകളും (ലീനിയമെന്റ്), അപഭ്രംശ മേഖലകളും ധാരാളമുണ്ട്. അതുകൊണ്ട് ഭൂകമ്പ മേഖലകളും നമ്മള്‍ പ്രദേശിക തലത്തില്‍ തന്നെ കണ്ടെത്തേണ്ടതും പഠന വിധേയമാക്കേണ്ടതുമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്ന പ്രദേശത്തെ ഭൂകമ്പ സാധ്യതകള്‍ പഠിക്കുന്നതിനായി ഖരഖ്പൂര്‍ തുടങ്ങി വിവിധ ഐ.ഐ.ടികളുടെയും മറ്റു ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹായം സ്വീകരിക്കാവുന്നതുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in