അഖിലേഷിന്റെ ആ ചോദ്യം എന്നെ സമാജ്‌വാദി പാര്‍ട്ടിയോട് അടുപ്പിച്ചു

അഖിലേഷിന്റെ ആ ചോദ്യം എന്നെ സമാജ്‌വാദി പാര്‍ട്ടിയോട് അടുപ്പിച്ചു
Published on

ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഡോ.കഫീല്‍ ഖാന്‍ മത്സരിക്കുകയാണ്. ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ദുരന്തത്തിന് ശേഷം യുപി സര്‍ക്കാര്‍ നിരന്തരം വേട്ടയാടിയ കഫീല്‍ ഖാന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നത് വലിയ ചര്‍ച്ചയായിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്ക് ഏപ്രില്‍ 9 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്തുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുത്തുവെന്ന് പറയുകയാണ് ഡോ.കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ സമയത്ത് താങ്കള്‍ പറഞ്ഞത് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യുപിയിലെ എം.എല്‍.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്?

രാഷ്ട്രീയ പ്രവേശനത്തിന് എനിക്ക് പദ്ധതികളൊന്നുമുണ്ടായിരുന്നില്ല എന്നത് സത്യമാണ്. ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ദുരന്തത്തെക്കുറിച്ച് ഞാനെഴുതിയ പുസ്തകം അഖിലേഷ് യാദവിന് നല്‍കാന്‍ പോയപ്പോള്‍ ഞങ്ങള്‍ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. അന്ന് എങ്ങനെയാണ് എനിക്ക് താങ്കളെ സഹായിക്കാന്‍ കഴിയുക എന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

യു.പി-ബീഹാര്‍ അതിര്‍ത്തിയില്‍ ഒരു ആശുപത്രി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ജനങ്ങളെ സഹായിക്കണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എല്ലാ വര്‍ഷവും ആയിരക്കണക്കിന് കുട്ടികളാണ് ചികിത്സ കിട്ടാതെ മരിക്കുന്നത്.

യുപിയിലും ഇതേ അവസ്ഥ തന്നെയാണ്. ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹത്തോട് വിശദമായി സംസാരിച്ചു. നമ്മളെ കേള്‍ക്കുന്ന വ്യക്തിയാണ് അഖിലേഷ്.

അത്തരമൊരു ആശുപത്രി തുടങ്ങിയാലും ബി.ജെ.പി സര്‍ക്കാര്‍ താങ്കളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് അഖിലേഷ് എന്നോട് ചോദിച്ചു.

എം.എല്‍.സി തെരഞ്ഞെടുപ്പില്‍ താങ്കള്‍ വിജയിച്ചാല്‍ ഒരു പക്ഷേ അത് ചെയ്യാന്‍ സാധിച്ചേക്കും. അങ്ങനെയാകുമ്പോള്‍ സര്‍ക്കാരിന് തടസം നില്‍ക്കാനാകില്ലെന്നും അഖിലേഷ് എന്നോട് പറഞ്ഞു. അങ്ങനെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ഞാന്‍ ഒരു ഡോക്ടര്‍ തന്നെയായിരിക്കും. മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യാനാണ് എനിക്ക് ഏറെ ഇഷ്ടം. കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഇതെല്ലാം പെട്ടെന്ന് ഉണ്ടായ ഒരു തീരുമാനമായിരുന്നു. എനിക്ക് ഇപ്പോള്‍ ജോലി പോലുമില്ലാത്ത സാഹചര്യമാണ്. യുപി സര്‍ക്കാര്‍ എന്നെ പിരിച്ചുവിട്ടതിനെതിരെ കോടതിയില്‍ കേസ് നടക്കുകയാണ്.

ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിടത്ത് നിന്ന് സാഹചര്യങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാകുന്നതിലേക്ക് താങ്കളെ നയിക്കുകയായിരുന്നു അല്ലേ?

സാഹചര്യങ്ങള്‍ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണോ സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്. അതിലുപരിയായി സമാജ്‌വാദി പാര്‍ട്ടിക്ക് യുപിയില്‍ ഒരു ഭാവി താങ്കള്‍ കാണുന്നുണ്ടോ?

തീര്‍ച്ചയായും 2022 ലെ തെരഞ്ഞെടുപ്പിനെ സമാജ്‌വാദി പാര്‍ട്ടി ശക്തമായാണ് നേരിട്ടത്. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രതിപക്ഷമായി നില്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിയില്ല. കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ശക്തിയാകാന്‍ കഴിഞ്ഞില്ല.

ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും പ്രസക്തിയുണ്ട്. പക്ഷേ ഉത്തര്‍പ്രദേശില്‍ അത് സമാജ്‌വാദി പാര്‍ട്ടിയാണ്.

ഭരിക്കാന്‍ ആവശ്യമായ സീറ്റ് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചില്ലെങ്കിലും 36 ശതമാനം വോട്ട് അവര്‍ക്ക് ലഭിച്ചു. അഖിലേഷ് യാദവ് ലോക്‌സഭയില്‍ നിന്ന് രാജിവെച്ച് പൂര്‍ണമായും യുപി രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കുകയാണ്. അദ്ദേഹത്തിന് യുപി രാഷ്ട്രീയത്തില്‍ നല്ലൊരു ഭാവി നശ്ചയമായും ഉണ്ട്.

2024ലെ തെരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. മികച്ച പ്രകടനം കാഴ്ചവെച്ച് യുപിയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

അഖിലേഷാണ് താങ്കളെ സമാജ്‌വാദി പാര്‍ട്ടിയോട് അടുപ്പിച്ചത്. ശക്തമായ പ്രതിപക്ഷമായി നില്‍ക്കാന്‍ സാധിക്കുന്നൊരു നേതാവിനെ അഖിലേഷില്‍ താങ്കള്‍ കാണുന്നുണ്ടോ? അദ്ദേഹത്തിന് സന്ദര്‍ഭത്തിന് അനുസരിച്ച് വളരാനും വലതുപക്ഷ രാഷ്ട്രീയത്തിന് ബദലാകാനും സാധിക്കുമെന്ന് കരുതുന്നുണ്ടോ?

നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരനാണ് അഖിലേഷ് യാദവ്. ഞാന്‍ ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ രണ്ട് മൂന്ന് കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു അഭിപ്രായമായിരുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളിലെ പ്രശ്‌നങ്ങളാണ് രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതെന്നും മതവും, ജാതിയും രാഷ്ട്രീയത്തെ നിര്‍ണയിക്കരുതെന്നും ഞങ്ങള്‍ ഇരുവരും വിശ്വസിക്കുന്നു. അദ്ദേഹം ധിക്ഷണാശാലിയായ വ്യക്തിയാണ്.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, കനയ്യ കുമാര്‍, ജിഗ്നേഷ് തുടങ്ങിയവരൊക്കെ രാഷ്ട്രീയത്തെ വ്യത്യസ്തമായാണ് കാണുന്നത്.

പ്രിയങ്ക ഗാന്ധിയാണ് ഉത്തര്‍പ്രദേശില്‍ കടുത്ത പ്രതിസന്ധി നേരിട്ട സമയത്ത് ജയ്പൂരില്‍ താമസ സൗകര്യം ഒരുക്കി തന്നതെന്ന് താങ്കള്‍ പറഞ്ഞിരുന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം പ്രിയങ്കയോട് പറഞ്ഞിരുന്നോ? എന്തായിരുന്നു അവരുടെ പ്രതികരണം?

പ്രിയങ്ക ഗാന്ധി പ്രതിസന്ധി ഘട്ടത്തില്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു. അവരോട് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കും. ഇപ്പോള്‍ ഞാന്‍ ഉത്തര്‍പ്രദേശിലെ എം.എല്‍.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എന്റെ ഭാര്യയും കുട്ടികളും ജയ്പൂരിലാണ്.

കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് രാജസ്ഥാനില്‍ വീടും സംരക്ഷണവും നല്‍കി. അതുകൊണ്ട് തന്നെ എനിക്ക് എന്റെ കുടുംബത്തെ ഓര്‍ത്ത് ഇപ്പോള്‍ പേടിക്കേണ്ട അവസ്ഥയില്ല.

മനുഷ്യത്വപരമായ കരുതലാണ് പ്രിയങ്ക ഗാന്ധി എന്നോട് കാണിച്ചത്. ഞങ്ങള്‍ ഒരിക്കലും രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. അവര്‍ ചെയ്ത് തന്നെ സഹായങ്ങള്‍ ഞാനൊരിക്കലും മറക്കില്ല. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം ഞാന്‍ പ്രിയങ്കയെ അറിയിച്ചിരുന്നു.

പ്രിയങ്കയില്‍ ഒരു ശക്തയായ നേതാവിനെ കാണുന്നുണ്ടോ?

തീര്‍ച്ചയായും പ്രിയങ്ക ശക്തയായ നേതാവാണ്. കോണ്‍ഗ്രസിന് സംഘടനാപരമായി നല്ലൊരു അടിത്തറ ഉത്തര്‍പ്രദേശിലില്ല. ഉത്തര്‍പ്രദേശില്‍ രണ്ട് ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ 50,000 മുതല്‍ - 100000 ലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ഒരു പക്ഷേ യുപിയില്‍ ഏറ്റവും കൂടുതല്‍ റാലി നടത്തിയതും പ്രിയങ്കയായിരിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ ഉത്തര്‍പ്രദേശില്‍ തന്നെയുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അടിത്തട്ടില്‍ പ്രവര്‍ത്തകരില്ല. ആ പ്രവര്‍ത്തകരാണ് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റേണ്ടത്.

പ്രിയങ്ക അതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദിവസം അവര്‍ രാജ്യത്തെ നയിക്കുമെന്ന് കരുതുന്നു.

കടുത്ത വര്‍ഗീയ ധ്രുവീകരണ തന്ത്രമാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ പ്രയോഗിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഡോ.കഫീല്‍ ഖാന്റെ സാന്നിധ്യം എങ്ങനെയായിരിക്കും വിധാന്‍പരിഷദ് സഭയില്‍ പ്രതിഫലിക്കുക?

ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല വിഭാഗീയതയും വിദ്വേഷവും അവര്‍ ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രം തന്നെ അതാണ്.

അവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യ മുഴുവന്‍ അത്തരം വിഭാഗീയത വളര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്, എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ ആ ശ്രമം നടത്തും. അവര്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന മുറിവ് മാറ്റാന്‍ ദശാബ്ദങ്ങള്‍ തന്നെ എടുത്തേക്കാം.

തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വിദ്വേഷരാഷ്ട്രീയത്തിനെതിരെ നിശ്ചയമായും ഞാന്‍ നിലകൊള്ളും. പരാജയപ്പെട്ടാലും മതസൗഹാര്‍ദവും സമാധാനവും സ്‌നേഹവും പ്രചരിപ്പിക്കാന്‍ ശ്രമിക്കും. എന്റെ പ്രധാന ലക്ഷ്യം ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലെ ഉന്നമനമാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഈ വിഷയം തന്നെയാണ് ഞാന്‍ ഉയര്‍ത്തുന്നത്.വിഭാഗീയതയിലൂടെ വോട്ട് കണ്ടെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ വിഷയങ്ങളെല്ലാം അതുകൊണ്ട് തന്നെ അവര്‍ മറച്ചു പിടിക്കുന്നു.

തുടര്‍ഭരണമെന്നൊരു ട്രെന്‍ഡ് പിന്തുടരാത്ത സംസ്ഥാനമാണ് യു.പി. പക്ഷേ ഇക്കുറി യോഗി ആദിത്യനാഥിന് രണ്ടാമതൊരു ഊഴം നല്‍കാമെന്നാണ് ജനം തീരുമാനിച്ചത്. യു.പിയിലെ ജനവിധിയെ എങ്ങനെ കാണുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് അഖിലേഷും യോഗിയും എന്ന തലത്തിലായിരുന്നു മത്സരം. ആ സമയത്ത് അഖിലേഷിന് മേല്‍ക്കൈ ഉണ്ടായിരന്നു. പക്ഷേ സംസ്ഥാന തെരഞ്ഞെടുപ്പില്‍ അത് മോദി- അഖിലേഷ് എന്ന തരത്തിലായിരുന്നു.

വടക്കേ ഇന്ത്യയില്‍ മോദി ഒരു ബിംബമാണ്. അത്തരത്തിലാണ് നരേറ്റീവുകള്‍ വര്‍ക്ക് ചെയ്യുന്നത്. പക്ഷേ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് മനസിലാകും, എവിടെയും വികസനമില്ല, ആളുകള്‍ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുകയാണ്.

വൈദ്യുതിയോ, സ്‌കൂളോ, റോഡുകളോ ആശുപത്രിയോ ഇല്ല.

യോഗി ആദിത്യനാഥിന്റെ ഒരു രണ്ടാം ടേം യുപിക്ക് എങ്ങനെ ആയിരിക്കും?

ആളുകള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിനും അത് ചെയ്യാന്‍ സാധിക്കട്ടെ.

നിരന്തരം യു.പി പൊലീസ് താങ്കളെയും കുടുംബത്തെയും വേട്ടയാടുകയാണ്. കേരളത്തില്‍ പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം എത്തിയപ്പോള്‍ താങ്കളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.

അത്തരം ഭയം എനിക്കില്ല. നമ്മള്‍ നേരത്തെ സംസാരിച്ചപ്പോള്‍ ഒരിക്കല്‍ ഞാന്‍ താങ്കളോട് പറഞ്ഞിരുന്നു, ആരെങ്കിലും സംസാരിക്കണമല്ലോ എന്ന്.

അത് തന്നെയാണ് ഇപ്പോഴും പറയുന്നത്, ആരെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട്, ഈ പോരാട്ടം നയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ജയ്പൂര്‍ വിട്ട് ഞാനിപ്പോള്‍ ഉത്തര്‍പ്രദേശില്‍ ക്യാമ്പയിന്‍ ചെയ്യുന്നത്.

ഇനിയും മുന്നോട്ട് പോകുക തന്നെ ചെയ്യും. എന്നെ പിരിച്ചുവിട്ട യു.പി സര്‍ക്കാര്‍ ഉത്തരവിനെതിരെയും ഞാന്‍ നിയമപരമായി പോരാടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in