'നാം പുതിയ തലമുറ ക്യൂറേറ്റര്‍മാരെ സൃഷ്ടിക്കുന്നില്ല.': ദീപിക സുശീലന്‍ അഭിമുഖം

'നാം പുതിയ തലമുറ ക്യൂറേറ്റര്‍മാരെ സൃഷ്ടിക്കുന്നില്ല.': 
ദീപിക സുശീലന്‍ അഭിമുഖം
Published on

'സിനിമാമാതൃകകളെ സാഹസികമായി അതിലംഘിച്ച ഒരാള്‍' എന്നാണ് സൂസണ്‍ സൊന്റാഗ് ബേലാ താറിനെ വിശേഷിപ്പിച്ചത്‌.  'എന്റെ ജീവിതകാലം മുഴുവൻ എല്ലാ വർഷവും താറിന്റെ സാത്താന്‍ ടാംഗോ എന്ന സിനിമ കാണാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ട്ട് സിനിമയില്‍ത്തന്നെ വളരെ വ്യത്യസ്തനായ താര്‍ മേളയിൽ പങ്കെടുത്തു, അദ്ദേഹത്തെ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഒപ്പം ആ സിനിമകളുടെ റെട്രോസ്പെക്റ്റീവ് സംഘടിപ്പിക്കുകയും ചെയ്തു.

'I use artificial images to access real emotions' എന്ന് തന്റെ സിനിമകളെ വിശേഷിപ്പിച്ച ജൊഡറോവ്സ്കിയുടെ സിനിമകളെ ഭ്രാന്തവും തലതിരിഞ്ഞതും ആയാണ് പലരും അടയാളപ്പെടുത്തുന്നത്.  അദ്ദേഹത്തിന്റെ സിനിമകളും മേളയിൽ   പ്രദര്‍ശിപ്പിക്കുകയുണ്ടായി.  ’ശത്രുക്കളുടെ ഭാഗം പിടിക്കുന്ന ആള്‍, സ്വന്തം നഗരത്തിനും, വംശപരമായ വേരുകള്‍ക്കും, രാജ്യത്തിനും പുറംതിരിഞ്ഞു നില്‍ക്കുന്ന ആള്‍' എന്ന രീതിയിൽ പ്രശസ്ത ചിന്തകരായ Slavoj Zizek,  Fienkel Kraut, Andre Glucksmann എന്നിവര്‍  വിമര്‍ശിക്കുകയും അതേ സമയം കാൻ മേളയില്‍ പാം ദിയോർ  പുരസ്കാരം  കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ് എമീർ കുസ്തൂരിക്കയുടെ അണ്ടര്‍ഗ്രൌണ്ട്.  ഇദ്ദേഹത്തിന്റെ സിനിമകളും മേളയിലുണ്ടായിരുന്നു. ഇതൊക്കെയും ഐ.എഫ്.എഫ്.കെയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായ ദീപിക സുശീലന് അഭിമാനിക്കാൻ വകനല്‍കുന്നു. 

ദീപിക സുശീലന്‍ കേരള സര്‍വ്വകലാശാലയിൽ നിന്ന് കമ്യൂണിക്കേഷൻ ആന്‍ഡ് ജേര്‍ണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സര്‍വ്വകലാശാലാ തലത്തിൽ   ഫസ്റ്റ് റാങ്കും ഗോള്‍ഡ്‌ മെഡലും നേടിയിട്ടുണ്ട്.  ഐ.എഫ്.എഫ്.കെയിൽ 2010-ലാണ് പ്രോഗ്രാമറായി അവർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.  2014-ല്‍ ഐ.എഫ്.എഫ്.കെയുടെ പ്രോഗ്രാം മാനേജര്‍ ആയി.  2017-ല്‍ ഐ.എഫ്.എഫ്.കെ. വിടുകയും ഐ.എഫ്.എഫ്.ഐയില്‍ സീനിയര്‍ ഫിലിം പ്രോഗ്രാമറായി ചേരുകയും ചെയ്തു.  മേളയുടെ 2019-ലെ ഗോള്‍ഡൻ ജൂബിലി എഡിഷന്റെ ഹെഡ് ഓഫ് ഫിലിം പ്രോഗ്രാമിംഗ് ആയിരുന്നു ദീപിക. ഈ മേളയുടെ ആശയം മുതൽ മുഴുവന്‍ മേളയുടെയും ക്യൂറേഷനും രാജ്യാന്തരജൂറിയെ കണ്ടെത്തി മേളയിൽ കൊണ്ടുവരുന്നതും അവരുടെ ചുമതലയായിരുന്നു.  ഏകദേശം ഇരുപതോളം രാജ്യാന്തര മേളകളിലും നിരവധി പ്രാദേശിക മേളകളിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  Beeston Film Festival-UK, Knoxville Film Festival-USA, Aladerri International Film Festival-Chivago, El Ojo Cojo Film Festival-Madrid, Spain മുതലായ മേളകളില്‍ ദീപിക ജൂറി അംഗമാണ്.

ഐ.എഫ്.എഫ്.കെയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടർ എന്ന രീതിയിലുള്ള തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മേളകളുടെ മാറുന്ന  സ്വഭാവത്തെ കുറിച്ചും മാറേണ്ട കാര്യങ്ങളെ കുറിച്ചും പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കുറിച്ചും ദീപിക വിശദമായി സംസാരിക്കുന്നു.

Q

ആര്‍ട്ട് സിനിമയില്‍ത്തന്നെ വളരെ എക്സ്ട്രീം ആയ ചലച്ചിത്രകാരന്മാരാണ് ബേലാ  താറും ജൊഡറോവസ്കിയും. താറിനെ മേളയില്‍ പങ്കെടുപ്പിച്ചതിനും റിട്രോസ്പെക്റ്റീവ് സംഘടിപ്പിച്ചതിനുമൊപ്പം ജൊഡറോവ്സ്കി, കുസ്തൂരിക്ക എന്നിവരുടെ റിട്രോസ്പെക്റ്റീവുകൾ സംഘടിപ്പിച്ചതിനും ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

A

സന്തോഷം. ബേലാ താറിനെ ഗോവയിലെ മേളയില്‍ കൊണ്ടുവരാൻ മുൻപ് ശ്രമിച്ചിട്ടുണ്ട്.   ആര്‍ട്ടിസ്റ്റിക് ഡയറക്ടർ എന്ന പദവി ഇല്ലായിരുന്നുവെങ്കിലും   നാല്‍പ്പത്തി ഒമ്പത്-അമ്പത് എഡിഷനുകൾ  ഞാനാണ് സംഘടിപ്പിച്ചത്.   അതിനായി ഞാന്‍ താറുമായി ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില അതിന് അനുവദിച്ചില്ല. അന്ന് അദ്ദേഹത്തിന്റെ ഒരു റിട്രോസ്പെക്റ്റീവ്  സംഘടിപ്പിക്കാനും സമയം കിട്ടിയില്ല.  പകരം തകാഷി മിക്കിയാണ് ആ വര്‍ഷം വന്നത്. അത് 2019-ല്‍ ആയിരുന്നു.  ഞാൻ ഐ.എഫ്.എഫ്.കെയിൽ  ഇത്തവണ ചേരുന്നത് ആഗസ്ത് ഇരുപത്തി രണ്ടാം തീയതിയാണ്.  ചലച്ചിത്രമേള ആരംഭിക്കുന്നത് ഡിസംബർ  ഒമ്പതാം തീയതിയും.  ഈ രീതിയിലുള്ള ഒരു മേള പ്ലാന്‍ ചെയ്യാൻ ചുരുങ്ങിയത് ഏഴു മാസമെങ്കിലും വേണം.  ഞാന്‍ ഐ.എഫ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോൾ ഒരു മേള കഴിഞ്ഞ ഉടനെ അടുത്ത മേള പ്ലാന്‍ ചെയ്യും. താറിനെപോലുള്ള ഒരാളെ കൊണ്ടുവരാന്‍ ചുരുങ്ങിയത് അഞ്ചു മാസം മുമ്പേ അറിയിക്കണം.  അതൊരു മര്യാദയാണ്. മറിച്ച് അവസാന നിമിഷം നാം ഒരാളെ  ക്ഷണിക്കുകയാണെങ്കില്‍ അവർ അതിനെ പകരക്കാരൻ  എന്ന രീതിയിൽ സ്വാഭാവികമായും കാണും. ഞാൻ ഐ.എഫ്.എഫ്.കെയിൽ ജോയിന്‍ ചെയ്യുന്ന സമയത്ത് എന്നെ സഹായിക്കാന്‍ പ്രോഗ്രാമിംഗിൽ   പരിജ്ഞാനമുള്ള ആരും ടീമിൽ ഉണ്ടായിരുന്നില്ല.  ഇത്രയും വലിയ ചുമതല ഒറ്റയ്ക്ക് ചെയ്യേണ്ട സാഹചര്യത്തില്‍ അതിഥികളുടെ  കാര്യത്തില്‍  വ്യക്തിപരമായി അറിയാവുന്നവരെ സമീപിക്കുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി. മേളകളിലെ പ്രേക്ഷകരുമായി സംസാരിക്കുന്ന സമയത്ത് ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്ന ധാരാളം നിരൂപകരും പ്രേക്ഷകരും ഉണ്ട് എന്ന്  ഞാന്‍ മനസ്സിലാക്കിയിരുന്നു.  പുതിയ തലമുറ പ്രേക്ഷകര്‍ക്ക് താറിനെ എത്രമാത്രം അറിയാം എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്‌.  അതേ സമയം സിനിമയെ ഗൗരവത്തോടെ കാണുന്നവര്‍ക്കും സിനിമ പഠിക്കുന്നവര്‍ക്കും അദ്ദേഹത്തെ അറിയാം.  ഐ.എഫ്.എഫ്.കെയിൽ ഇതുവരെ കൊണ്ടുവരാത്ത ആരെയെങ്കിലും കൊണ്ടുവരണം എന്ന്   അക്കാദമിയില്‍ ചേരുമ്പോള്‍ത്തന്നെ ഞാൻ  തീരുമാനിച്ചിരുന്നു.  താറിന്റെ  സിനിമകള്‍ പോലെ, കുസ്തൂരിക്കയുടെയും ജൊഡോറൊവസ്കിയുടെയും റിട്രോസ്പെക്റ്റീവുകൾ ആദ്യമായാണ്‌ ഒരു ഇന്ത്യൻ  മേളയില്‍ ഉള്‍പ്പെടുത്തുന്നത്.  ജൊഡറോവ്സ്കിയുടെ പ്രായാധിക്യം കാരണം  ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചില്ല.

ഗോവയില്‍ നടക്കുന്ന മേളയ്ക്ക്, അത് എത്രതന്നെ മോശം രീതിയില്‍ സംഘടിപ്പിക്കുന്നതായാലും ഗുണനിലവാരം കുറയുന്നു എന്ന് പറയുമ്പോഴും ഇന്ത്യയുടെ ഔദ്യോഗികമേള എന്ന രീതിയില്‍ അതിന് വിദേശത്ത്‌ വലിയ സ്വീകാര്യതയുണ്ട്.  അതിനു കാരണം അത് അമ്പത് വര്‍ഷം പിന്നിട്ട ഒരു മേളയാണ് എന്നതുകൂടിയാണ്.  എന്നാൽ  ഐ.എഫ്.എഫ്.കെയെ കുറിച്ച് പലരും കേട്ടുകാണില്ല. താറിന്റെയോ ജൊഡറോവ്സ്കിയുടെയോ  സിനിമകളുടെ അവകാശം ഉള്ള കമ്പനി ഐ.എഫ്.എഫ്.കെയെ കുറിച്ച് കേട്ടുകാണില്ല. മറ്റൊരു കാര്യം, പത്തു വര്‍ഷത്തിനു മുമ്പുള്ള സിനിമയുടെ നിയമപരമായ അവകാശത്തെ (Iegal rights) സംബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ ഉണ്ട്. അതിന് നമ്മുടെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങള്‍ നടത്തേണ്ടി വരും.  എന്നാല്‍ ഒരു പുതിയ സിനിമയാണെങ്കിൽ കാര്യങ്ങള്‍ എളുപ്പമാണ്. മറ്റൊന്ന്, ഐ.എഫ്.എഫ്.കെ നടക്കുന്നത് വര്‍ഷത്തിന്റെ അവസാനത്തിലാണ്. അവസാനം ജൊഡറോവസ്കിയെ ഞാൻ നേരിട്ട് ബന്ധപ്പെട്ടു.  ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വലിയ സന്തോഷം ഉണ്ടെന്നും ഭാര്യ വേണ്ട സഹായമെല്ലാം ചെയുതുതരുമെന്നും എന്നെ അറിയിച്ചു. കണ്‍ട്രി ഫോക്കസ് സെര്‍ബിയ ആയപ്പോൾ കുസ്തൂരിക്കയുടെ സിനിമകൾ  ആവണം എന്ന് ഞാൻ ആഗ്രഹിച്ചു.  കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിൽ   അദ്ദേഹത്തിന്റെ സിനിമകളുടെ റെട്രോസ്പെക്റ്റീവ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ നാട്ടില്‍ ഉണ്ടായതല്ലാതെ മറ്റൊരു സ്ഥലത്തും  ഉണ്ടായിട്ടില്ല.  ഈ സിനിമകൾ  ലഭിക്കുന്നതില്‍ അവകാശവുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പല രീതിയില്‍ ശ്രമിച്ചാണ് സിനിമകൾ ലഭിച്ചത്.

Q

ഇരുപത്തി ഏഴ്  മേളകള്‍. ഒപ്പം വേറെയും ചെറിയ ചെറിയ മേളകള്‍, ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങൾ, മീഡിയാ സ്കൂളുകള്‍. ഇതൊക്കെയാണെങ്കിലും കേരളത്തിലെ സിനിമാ പ്രേക്ഷകരുടെ ആസ്വാദനനിലവാരം വലിയ തോതിൽ   ഉയര്‍ന്നതായി തോന്നുന്നില്ല. വളരെ എക്സ്ട്രീം ആയ, സാമ്പ്രദായികമല്ലാത്ത സിനിമകൾ കാണുമ്പോൾ ഇവര്‍ അക്ഷമാരാവുന്നു, ബഹളം വെക്കുന്നു.

A

എനിക്ക് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ ഒരു ധാരണയില്ല.  ലോകത്തിലെ മികച്ച കുറേ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോൾ എല്ലാ പ്രേക്ഷകരും ഒരുപോലെ പ്രതികരിക്കുന്നില്ല എന്ന് പറയുമ്പോഴും കുറച്ചു  പേര്‍ വളരെ ആത്മാര്‍ത്ഥമായി സിനിമകൾ കാണുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നുണ്ട്.  മേളകൾ കാരണം പ്രേക്ഷകരുടെ ആസ്വാദനത്തിൽ   വലിയ മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ  കൃത്യമായി ഒരുത്തരം പറയാന്‍ എനിക്കാവില്ല.  പക്ഷെ, കുറേ സംവിധായകരുടെ സിനിമയോടുള്ള സമീപനത്തിൽ മേള വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ തലമുറ സിനിമാക്കാരായ സജിന്‍  ബാബു, കൃഷാന്ദ്  എന്നിവരെപ്പോലുള്ളവർ  മേളകളില്‍ സിനിമ കണ്ട് വളര്‍ന്നുവന്നവരാണ്. തങ്ങള്‍ മേളയുടെ ഉല്‍പ്പന്നങ്ങളാണെന്ന്  അവര്‍ പറയുന്നുന്നുമുണ്ട്.  വേറൊരു രീതിയിലുള്ള സിനിമകള്‍ സംവിധാനം ചെയ്ത് വിദേശ മേളകളിൽ അംഗീകാരങ്ങള്‍  നേടാന്‍ പാകത്തിൽ മേള അവരെ പാകപ്പെടുത്തിയിട്ടുണ്ട്‌.  ഇതൊക്കെ ഒരു തരത്തിൽ   മേളയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും താങ്കൾ പറഞ്ഞതുപോലെ, പൊതു ബോധത്തില്‍ മേളകള്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തി എന്ന രീതിയിൽ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.  പ്രദര്‍ശനം നടക്കുമ്പോള്‍ ആളുകളുടെ പ്രതികരണം ശ്രദ്ധിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല.

Q

ഏഴര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'സാത്താൻ ടാംഗോ' എന്ന താര്‍ സിനിമ മേളയിൽ  പ്രദര്‍ശിപ്പിക്കാത്തതിനു കാരണമായി താങ്കൾ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി:  ഐ.എഫ്.എഫ്.കെയുടെ പ്രേക്ഷകര്‍ വളരെ മാറിയിരിക്കുന്നു. ഇപ്പോള്‍ ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ് കൂടുതൽ.  അവരെ സംബന്ധിച്ച് മേള കാര്‍ണിവൽ പോലെയാണ്. ഇതിനര്‍ത്ഥം ഇവര്‍ക്ക് ഗൗരവം ഇല്ല എന്നാണോ?

A

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗികപദവിയിൽ   ഇല്ലായിരുന്നെങ്കിലും ഞാൻ  മേളയിൽ പങ്കെടുക്കുമായിരുന്നു.  ഞാന്‍ ശ്രദ്ധിച്ച കാര്യം, മേളയില്‍ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന മുഖങ്ങൾ, അവരെ വ്യക്തിപരമായി പരിചയമില്ലെങ്കിലും, കാണുമ്പോള്‍ അറിയുന്നവരുടെ അഭാവമാണ്.  അതിന് കോവിഡും ഒരു കാരണമായിരിക്കാം.  പകരം പുതിയ തലമുറ പ്രേക്ഷകരെയാണ് ഞാൻ  കാണുന്നത്. ടാഗോര്‍ തിയേറ്ററിന്റെ പരിസരത്താണ് കൂടുതലും ഇവരെ കാണുന്നത്.  ബേലാതാറിന്റെ അരവിന്ദന്‍ മെമ്മോറിയൽ ലക്ചര്‍ പതിനൊന്നു മണിക്കായിരുന്നു ടാഗോർ തിയേറ്ററില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവരിൽ എത്രപേർ  ഇതിൽ  പങ്കെടുത്തു എന്ന കാര്യം ആലോചിക്കേണ്ടതാണ്. തിയേറ്ററിന്റെ പകുതി സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതേസമയം, മേളയുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ വന്‍ തിരക്കായിരുന്നു. ഇത് വളരെ വൈരുദ്ധ്യം നിറഞ്ഞ കാര്യമായി തോന്നുന്നില്ലേ?

a j joji
Q

അതേസമയം, റിലീസ്  ചെയ്യും എന്ന് ഉറപ്പുള്ള 'നന്‍പകൽ  നേരത്ത് മയക്കം' എന്ന സിനിമ കാണാന്‍ വലിയ തിരക്കും ബഹളവും ആയിരുന്നു.

A

ശരിയാണ്. താറിന്റെ ഏഴര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  സാത്താന്‍ ടാംഗോ എന്ന സിനിമ പ്രോഗ്രാം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നം, ലിമിറ്റഡ് സ്ലോട്ടുകൾ  വച്ചിട്ടാണ് മൊത്തം മേളയും പ്ലാന്‍ ചെയ്യുന്നത്.  അതില്‍ എത്ര സിനിമ ഉള്‍ക്കൊള്ളിക്കാൻ പറ്റും എന്നതിന്റെ അടിസ്ഥാനത്തിലാണ് 185 സിനിമകളിലേക്ക് വരുന്നത്.  ഇതിനിടയില്‍ ഏഴര മണിക്കൂർ   ദൈര്‍ഘ്യമുള്ള ഒരു സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കിൽ ഒരു പ്രദര്‍ശനത്തിനുതന്നെ മൂന്ന് സ്ലോട്ട്  പോയിക്കിട്ടും. ലവ് ഡിയാസിന്റെ  മൂന്നര-നാല് മണിക്കൂർ ദൈര്‍ഘ്യമുള്ള സിനിമകള്‍ ഞാന്‍ ഐ.എഫ്.എഫ്.ഐയിൽ ആയിരുന്നപ്പോള്‍ പ്രോഗ്രാം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷവും അദ്ദേഹത്തിന്റെ സിനിമ ഉണ്ടായിരുന്നു, എന്നാല്‍, അതിന്റെ ദൈര്‍ഘ്യം കുറവായിരുന്നു. ഈ സിനിമകൾ പോലും എത്ര പേര്‍ കാണും എന്ന് പലരും ചോദിച്ചിട്ടുണ്ട്.  പ്രോഗ്രാം ചെയ്യുമ്പോള്‍ ആളുകളുടെ പ്രതികരണവും കണക്കിലെടുക്കണമല്ലോ.  ഈ അവസ്ഥയില്‍ സാത്താൻ ടാംഗോ    പ്രദര്‍ശിപ്പിക്കുകയാനെങ്കിൽ സിനിമ നടന്നുകൊണ്ടിരിക്കും,  കാണാന്‍ ആളുകൾ ഉണ്ടാവില്ല. അതിനാലാണ് ഈ സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കാൻ തീരുമാനിക്കുന്നത്. മറ്റൊന്ന്, റിട്രോസ്പെക്റ്റീവുകള്‍ക്ക് അക്കാദമിക് സ്വഭാവം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.  ഈ രീതിയിലുള്ള ഒരു ചലച്ചിത്രകാരന്റെ സിനിമകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, പിന്നെ അവര്‍ അയാളുടെ മറ്റു സിനിമകൾ കണ്ടെത്തി കാണുകയും പഠിക്കുകയും ചെയ്യും എന്ന ഉദ്ദേശ്യമാണ് ഇതിനുപിന്നില്‍.
മേളകളും ഇതുപോലെ തന്നെയാണ്. 

Q

ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ഭൂരിഭാഗം സിനിമകളും ശരാശരിയോ അതിലും താണ നിലവാരം ഉള്ളതോ ആണ്. കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. സിനിമ മാറി. സിനിമ സങ്കരമായി. സിനിമയാണോ ശില്‍പം ആണോ പെര്‍ഫോമന്‍സ് ആണോ എന്ന് പറയാൻ കഴിയാത്ത അവസ്ഥ.  സായ് മിംഗ് ലിയാംഗ്,  അപ്പിച്ചാംഗ് വീരസേതാകുൽ എന്നിവരുടെ സിനിമകള്‍ ഉദാഹരണം.  സായ് മിംഗ് പറയുന്നത് അയാൾ സിനിമാസംവിധായകനല്ല, മറിച്ച് ദൃശ്യങ്ങള്‍ രചിക്കുന്ന കലാകാരനാണ് എന്നാണ്. ഇത്തരത്തില്‍ എക്സ്ട്രീം ആയ സിനിമകൾ ഇന്ന് ഫെസ്റ്റീവൽ സര്‍ക്യൂട്ടിന് വെളിയിലാണ്.  അതേ സമയം, ഈ രീതിയിലുള്ള സിനിമകളാണ് പുതിയ കാലത്തെ സിനിമകള്‍.  എന്നാല്‍ ഇത്തരം സിനിമകൾ നമ്മുടെ മേളകളില്‍ വരുന്നില്ല.  ഇവിടെ ഭൂരിഭാഗം സിനിമകളും ഒരു പ്രത്യേക റിയലിസ്റ്റിക് സമീപനമുള്ള നരേറ്റീവ്  സിനിമകളാണ്.

A

ഐ.എഫ്.എഫ്.കെയിലേക്ക് എന്‍ട്രി ക്ഷണിക്കുന്ന സമയത്ത് മലയാളത്തിൽ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സിനിമകളാണ് നമുക്ക് കൂടുതലായും ലഭിക്കുന്നത്.  ഇതിനു കാരണം ഐ.എഫ്.എഫ്.കെ ഇന്ത്യയിലെ മികച്ച ഒരു മേളതന്നെയാണ്. അപ്പോഴും ഏതാനും ചിലരെ നാം സമീപിക്കേണ്ടിവരുന്നു.  അതേ സമയം, ഏകദേശം 200  സിനിമകളുടെ എന്‍ട്രി മാത്രമാണ് നമുക്ക് വിദേശത്തു നിന്ന് കിട്ടുന്നത്.  ഈ വര്‍ഷത്തെ കണക്ക് പ്രകാരം നമുക്ക് വന്ന വിദേശ എന്‍ട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് അഞ്ചോ ആറോ സിനിമകള്‍ മാത്രമാണ്. ബാക്കി അഞ്ഞൂറോളം സിനിമകള്‍ നാം അവരെ സമീപിച്ച് കൊണ്ടുവരികയാണ്.  അതായത്, കാന്‍, വെനീസ്, ബര്‍ലിൻ മുതലായ വലിയ മേളകളിൽ പ്രദര്‍ശിപ്പിച്ച സിനിമകൾ കണ്ടെത്തി അതിന്റെ സംവിധായകരുമായി ബന്ധപ്പെടുന്നു.  അതിനു പുറമെ കുറേ റിസര്‍ച്ച് നടത്തി പുതിയ സിനിമകള്‍ കണ്ടെത്തുകയും ചെയ്യാറുണ്ട്.  ഇതിനര്‍ത്ഥം നാം മറ്റു മേളകളെ ഒരു പരിധി വരെ ആശ്രയിക്കുന്നുണ്ട്. ആ മേളകളുടെ സ്വഭാവം മാറുന്നതിനനുസരിച്ച്, അതുകൊണ്ടുതന്നെ, നമ്മുടെ മേളയുടെ സ്വഭാവവും മാറും. 

ഇതിനുള്ള പോംവഴി ഐ.എഫ്.എഫ്.കെ ഒരു പ്രധാന മേളയായി വളരുകയും സിനിമകൾ കാന്‍ പോലുള്ള മേളകളിൽ സബ്മിറ്റ് ചെയ്യുന്നതുപോലെ ഈ മേളയിലും സബ്മിറ്റ് ചെയ്യുകയും അതില്‍ നിന്ന് നമ്മുടെ താത്പര്യമനുസരിച്ചുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും വേണം.  അപ്പോഴാണ്‌ നമ്മുടെ മേളയ്ക്ക് മറ്റു മേളകളില്‍ നിന്ന് വ്യത്യസ്തമായ തനതായ സ്വഭാവം ഉണ്ടാവുക.  അതായത്, താങ്കള്‍ സൂചിപ്പിച്ച രീതിയിലുള്ള എക്സ്ട്രീം ആയ സിനിമകൾ ലോകത്ത് ഉണ്ടാവുന്നുണ്ട്.  സിനിമകളുടെ അവകാശം ഉള്ളവരുടെ കയ്യിൽ ആ രീതിയിലുള്ള ധാരാളം സിനിമകളും ഉണ്ടാവും. എന്നാല്‍ മുകളിൽ പരാമര്‍ശിച്ച മേളകളിൽ സിനിമകള്‍  തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇത്തരം സിനിമകളിൽ താത്പര്യം ഇല്ലെങ്കിൽ ആ സിനിമകള്‍ നാം അറിയാതെ പോവുന്നു.  നമ്മള്‍ മാത്രമല്ല, മറ്റു മേളകളും കാന്‍ പോലുള്ള വലിയ മേളകളെ ആശ്രയിക്കുന്നു.

മറ്റൊരു വഴി, നാം മറ്റു സ്ഥലങ്ങളിലേക്ക് സിനിമ അന്വേഷിച്ച് പോവണം.  ഐ.എഫ്.എഫ്.കെ യിൽ  പ്രവര്‍ത്തിക്കുന്നവരെ  ആരെയെങ്കിലും മറ്റു മേളകളിലേക്ക് അയക്കുന്നുണ്ടോ?  അങ്ങിനെ പോവുകയാണെങ്കില്‍ മേളകളില്‍ സെലക്ഷൻ കിട്ടാത്ത സിനിമകൾ അവിടെയുള്ള ഫിലിം മാര്‍ക്കറ്റിൽ  ഉണ്ടായിരിക്കും.  അവിടെയൊക്കെ പോയി അന്വേഷിച്ച് സിനിമകള്‍ കണ്ടെത്താനുള്ള അവസരം ഇവിടെയില്ല. നാം ഇവിടെ ഇരുന്ന് കിട്ടാവുന്ന സിനിമകളൊക്കെ കൊണ്ടുവരിക മാത്രമാണ്.  വിദേശത്തുള്ള പ്രോഗ്രാമേഴ്സ് ലോകം മൊത്തം യാത്ര ചെയ്താണ് സിനിമകൾ സംഘടിപ്പിക്കുന്നതും,  നെറ്റ് വര്‍ക്ക്  ഉണ്ടാക്കുന്നതും.  ഇത്തവണ ഐ.എഫ്.എഫ്.കെയിലേക്ക് പല ഭാഗത്തുനിന്നുമുള്ള ചെറിയ ചെറിയ മേളകളില്‍ നിന്നുള്ള സിനിമകൾ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇത്തരം മേളകളിൽ കാണിക്കുന്ന സിനിമകള്‍ മറ്റു മേളകളില്‍ കാണാൻ പറ്റില്ല.  ഇവ ഗംഭീര സിനിമകളാണ്. അവിടെയും നാം ഒരു മേളയെ ആശ്രയിക്കുകയാണ്.

വലിയ മേളകളില്‍ ഉള്‍പ്പെടാതെയുള്ള വ്യത്യസ്തങ്ങളായ സിനിമകൾ നമ്മുടെ ശ്രദ്ധയില്‍ പെടുന്നില്ല എന്ന് ഞാൻ പറഞ്ഞു. അതായത്,  വലിയ മേളകളില്‍ ഇരിക്കുന്നവരുടെ തീരുമാനങ്ങള്‍ ആ വര്‍ഷം എല്ലാ മേളകളിലും പ്രതിഫലിക്കുന്നു.  ഇതില്‍ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ കടന്നുവരുന്നു.  ചിലര്‍ക്ക് ഇന്ത്യയിൽ നിന്നുള്ള സിനിമകള്‍ ഇഷ്ടപ്പെടില്ല. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍  ഈ സിനിമകളെ വിലയിരുത്തുന്നത്.  തുടക്കത്തില്‍ത്തന്നെ പലരും ഈ രീതിയിലാണ് ഇന്ത്യൻ സിനിമകളെ സമീപിക്കുന്നത്.  ഇന്ത്യൻ സിനിമകള്‍ കാൻ പോലുള്ള മേളകളില്‍ പോവാത്തതിന് ഒരു കാരണം ഇതാണ്. അല്ലാതെ ഇവിടെ നല്ല സിനിമകള്‍ ഉണ്ടാവാത്തതുകൊണ്ടല്ല.  ഈ സിനിമകള്‍ അവര്‍ക്ക് ആകര്‍ഷകമായി തോന്നാത്തതുകൊണ്ടാണ്.  ഈ സിനിമകള്‍ അതേസമയം മറ്റു മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്.  അതേസമയം, മെയിന്‍സ്ട്രീം സ്വഭാവമുള്ള ചില സിനിമകളാണ് ഇത്തരം മേളകളില്‍ പ്രീമിയറിന് പോവുന്നത്. ഞാന്‍ അതിനെ കുറ്റം പറയുകയല്ല.  എന്നെ സംബന്ധിച്ച് നമുക്ക് എളുപ്പത്തില്‍ ലഭ്യമല്ലാത്ത, കലാമൂല്യമുള്ള സിനിമകള്‍ക്കുള്ള വേദിയാണ്‌ മേളകൾ.  അത് ഇന്ത്യയില്‍ നിന്നുള്ള സിനിമകളെ സംബന്ധിച്ച് മാത്രമല്ല,  നാം ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള സിനിമകള്‍ക്കും ബാധകമാണ്.   ഈ സിനിമകള്‍ക്ക് അവരുടെ നാട്ടിൽ വേദിയില്ല.  മേളകള്‍ ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.  അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും, അതിന്റെ സംവിധായകര്‍ക്ക് ഇവിടത്തെ പ്രേക്ഷകരുടെ അഭിപ്രായം അറിയാനുള്ള അവസരംകൂടിയാണ് ഇത്.  ഒരു ക്യൂറേറ്ററുടെ തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന  സാഹചര്യം പോലും എനിക്ക്  ഈ വർഷം ഉണ്ടായി.

Q

ഞാന്‍ കേരളത്തിലെ മേളയെ കുറിച്ച് മാത്രമല്ല പറയുന്നത്. ലോകത്തിലെ ഭൂരിഭാഗം മേളകളിലും ശരാശരി സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

A

കാൻ, ബര്‍ലിൻ മുതലായ  മേളകളില്‍ നിന്നാണ് നമുക്ക് ഞെട്ടിക്കുന്ന രീതിയിലുള്ള കുറച്ച് സിനിമകള്‍ കിട്ടുക. ലോക സിനിമയില്‍ നല്ല വര്‍ഷവും ചീത്ത വര്‍ഷവും ഉണ്ട്.  ഈ വര്‍ഷം ഒരു ചീത്ത വര്‍ഷം ആയിരുന്നു. ഇത് പ്രോഗ്രാമേഴ്സിനെ സംബന്ധിച്ച് നിരാശാജനകമാണ്.  ഞാന്‍ വായിച്ച പല ലേഖനങ്ങളും പറയുന്നത് ഈ വര്‍ഷം പ്രശസ്തങ്ങളായ മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകൾ പോലും ശരാശരി നിലവാരം ഉള്ളവയായിരുന്നു. പുരസ്കാരങ്ങള്‍ ലഭിച്ച സിനിമകൾ പോലും ആ രീതിയിൽ  ഉള്ളവയാണ്.  പുരസ്കാരം ലഭിച്ച ചില സിനിമകൾ കാണുമ്പോള്‍ നമുക്ക് തോന്നും, എന്തിനാണ് ഈ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചത്. ഞാന്‍ കണ്ട ഭൂരിഭാഗം സിനിമകളും മനസ്സില്‍ തങ്ങി നില്‍ക്കാത്ത സിനിമകൾ ആയിരുന്നു.  എക്കാലത്തും മനസ്സില്‍ ഇടം പിടിക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇല്ലായിരുന്നു. വെനീസ് മേളയില്‍ നിന്നുള്ള സിനിമകളാണ് അല്‍പം ആശ്വാസം പകര്‍ന്നത്.  അത്തരത്തിലുള്ള സിനിമകള്‍ ഐ.എഫ്.എഫ്.കെയിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  നല്ല സിനിമകള്‍ ഇല്ലാത്തതിനാൽ തുടക്കത്തിൽ വലിയ നിരാശ ഉണ്ടായിരുന്നു. ഇത് എന്റെ കുഴപ്പമായി പ്രേക്ഷകര്‍ കരുതുമോ എന്ന ചിന്തയും ഉണ്ടായിരുന്നു.  അവസാനമായപ്പോള്‍ എല്ലാം നിലവാരം കുറഞ്ഞ സിനിമകള്‍ അല്ലെന്നും കുറച്ച് നല്ല സിനിമകളും ഉണ്ടെന്ന് മനസ്സിലായപ്പോൾ    സന്തോഷം തോന്നി.

Q

ക്യൂറേറ്റര്‍മാരും മാനേജര്‍മാരും മേളകളെ നിയന്ത്രിക്കുന്നു എന്നാണ് എന്റെ വിശ്വാസം.  ഇവര്‍ സിനിമയുടെ നിര്‍മ്മാണ ഘട്ടത്തിൽ പോലും ഇടപെടുന്നു എന്ന് തോന്നുന്നു.  ഇതിലൂടെ മേളയ്ക്ക് ആവശ്യമായ രീതിയില്‍ ഒരു പ്രത്യേക തരം സിനിമകള്‍ ഉണ്ടാക്കുകയാണോ?

A

അങ്ങിനെ തോന്നുന്നില്ല.  ഉദാഹരണമായി, കാനിൽ ഒരാള്‍ ഒരു സിനിമ അയക്കുന്നു, ക്യൂറേറ്റര്‍മാർ സിനിമ കാണുന്നു.  ചില സന്ദര്‍ഭങ്ങളിൽ അവര്‍ ചില എഡിറ്റ് നിര്‍ദ്ദേശിക്കാറുണ്ട്.  ഒരു സംവിധായകന് സിനിമ പ്രിയപ്പെട്ടതാകയാല്‍ അതിൽ നിന്ന് എന്തെങ്കിലും എഡിറ്റ് ചെയ്ത് കളയാന്‍ ഉണ്ടെന്ന് തോന്നുകയില്ല.  അയാള്‍ സിനിമയില്‍ അത്രമാത്രം ആമഗ്നനാകയാൽ സിനിമയില്‍ നിന്ന് മാറി ചിന്തിക്കില്ല.  കുറച്ചു ദിവസം കഴിഞ്ഞ് സിനിമ കാണുമ്പോൾ അവര്‍ക്ക് സിനിമയെ വസ്തുനിഷ്ഠമായി കാണാൻ   കഴിയും.  ഈ സന്ദര്‍ഭത്തിൽ ഞാന്‍ കണ്ടിട്ടുള്ള ക്യൂറേറ്റര്‍മാർ ചില എഡിറ്റ് നിര്‍ദ്ദേശിക്കാറുണ്ട്.  അത് എപ്പോഴും സിനിമ നന്നാക്കാൻ വേണ്ടിയാണ്.  ഒരിക്കലും ക്യൂറേറ്റര്‍മാർ തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല.  ഈ രീതിയിലുള്ള ഇടപെടല്‍ സിനിമാ സംവിധായകനും ആഗ്രഹിക്കുന്നുണ്ട്.  അത്തരം മാറ്റങ്ങൾ  സംവിധായകര്‍ സിനിമയിൽ കൊണ്ടുവരാറും ഉണ്ട്.   ഈ രീതിയിൽ ഇടപെട്ടിട്ടുള്ള സിനിമകള്‍ ധാരാളം ഉണ്ട്.  ക്യൂറേറ്റര്‍മാർ സിനിമയെ നിയന്ത്രിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.

Q

ഞാന്‍ ഇത് പറയാൻ കാരണം,  ഈയടുത്ത് എനിക്ക് സിനിമയുടെ ലിങ്ക് അയച്ചുതന്ന സംവിധായകന്‍,  ഞാന്‍ സിനിമയുടെ ന്യൂനത ചൂണ്ടിക്കാട്ടിയപ്പോൾ  എന്നോട് പറഞ്ഞത് സിനിമയ്ക്ക് രണ്ടു പ്രിന്റുകള്‍ ഉണ്ടെന്നാണ്, ഒന്ന് ലളിതമായതും, മറ്റേത് സങ്കീര്‍ണ്ണമായതും. ഞാന്‍ കണ്ടത് ലളിതമായ പതിപ്പ് ആണത്രേ.  അങ്ങിനെയെങ്കില്‍, ഏത് പതിപ്പ് കണ്ടാണ്‌ ഞാൻ സിനിമയെ കുറിച്ച് എഴുതേണ്ടത്? 

A

ചില സിനിമകള്‍ക്ക് രണ്ട് പതിപ്പ് ഉണ്ടാവാറുണ്ട്.  ഉദാഹരണം ജല്ലിക്കെട്ട്.  ഈ സിനിമയ്ക്ക് ഒരു മേളപ്പതിപ്പും, ഒരു തിയേറ്റര്‍ പതിപ്പും ഉണ്ട്.  എന്നാല്‍, താങ്കള്‍ പറഞ്ഞതുപോലുള്ള രണ്ടു പതിപ്പുകളെ കുറിച്ച് എനിക്ക് അറിയില്ല.  എന്നാല്‍ ഇന്ത്യൻ   സിനിമകളെ സംബന്ധിക്കുന്ന രണ്ടു പതിപ്പുകളെ കുറിച്ച് എനിക്ക് അറിയാവുന്ന കാര്യം പറയാം.  ഗാനങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽ ഈ രീതിയിൽ രണ്ടു പതിപ്പുകള്‍  ഉണ്ടാവാന്‍ കാരണം എന്നാണ് എനിക്ക് തോന്നുന്നത്.  ആഖ്യാനത്തിന്റെ ഭാഗമല്ലാതെ  ഗാനങ്ങള്‍ ഉപയോഗിക്കുമ്പോൾ  വിദേശ മേളകളില്‍ സിനിമ സ്വീകരിക്കപ്പെടില്ല.  എന്നാല്‍, ആഖ്യാനത്തിന്റെ ഭാഗമായി ഗാനങ്ങൾ  ഉള്ള സിനിമകൾ, ഉദാഹരണം നായാട്ട്,  അവര്‍ സ്വീകരിക്കും.  ചില സംവിധായകര്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഗാനങ്ങൾ   ഉള്ള പതിപ്പും മേളകള്‍ക്ക് വേണ്ടി ഗാനങ്ങൾ ഇല്ലാത്ത പതിപ്പും ഉണ്ടാക്കാന്‍ നിര്‍ബന്ധിതരാവുന്നു. കാരണം, ഗാനങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുണ്ട്.  സംവിധായകൻ സിനിമ മേളകളില്‍ പോവണം എന്ന് ആഗ്രഹിക്കുന്നു.  നിര്‍മ്മാതാവിന് മുടക്കിയ തുക  തിരികെ ലഭിക്കണമല്ലോ. അവര്‍ക്ക് ബിസിനസ് കൂടി ചിന്തിച്ചേ മതിയാവൂ.

മറ്റൊന്ന്, സാറ്റലൈറ്റ് അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്.  സാറ്റലൈറ്റ് അവകാശം കിട്ടാൻ സിനിമയ്ക്ക് ഇത്ര ദൈര്‍ഘ്യം ആവശ്യമാണ്‌ എന്നുണ്ട്. ഇതിനായി ചിലര്‍ ഗാനങ്ങൾ ചേര്‍ക്കുന്നു.  ചിലര്‍ രണ്ടു  വ്യത്യസ്തരീതിയില്‍ സിനിമ അവസാനിക്കുന്ന രണ്ടു പതിപ്പുകള്‍ ഉണ്ടാക്കാറുണ്ട്.  കൊമേഴ്സ്യൽ വിജയം ലക്ഷ്യമിട്ട് തിയേറ്റര്‍ പതിപ്പിൽ അതിന് ആവശ്യമായ രീതിയിലുള്ള ക്ലൈമാക്സ് ആയിരിക്കും.  എന്നാല്‍, മേളപ്പതിപ്പിൽ തുറന്ന രീതിയിലുള്ള, പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുന്ന രീതിയിലുള്ള അവസാനമായിരിക്കും.  കഴിഞ്ഞ നമ്മുടെ  മേളയിലെ കലിഡോസ്കോപ്പ് വിഭാഗത്തില്‍ കാണിച്ച ഒരു സിനിമയുടെ പേര്  ആകര്‍ഷണീയമല്ലാത്തതിനാൽ   മാറ്റണം എന്നൊരു നിര്‍ദ്ദേശം ഡിസ്ട്രിബ്യൂട്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായി എന്ന് കേട്ടു. അത് ബിസിനസുമായി ബന്ധപ്പെട്ട വശം. എന്നാല്‍ സിനിമയുടെ ഉള്ളടക്കത്തിലാണല്ലോ കാര്യം.

Q

ഐ.എഫ്.എഫ്.കെയിലേക്ക് വന്നാൽ,  ഈ മേളയെ നയിക്കുന്നത് സിനിമാക്കാരാണ്. അതേസമയം, ലോകത്തിലെ മറ്റു മേളകളെ നയിക്കുന്നത് സിനിമാ സംവിധായകാരോ, അഭിനേതാക്കളോ അല്ല. അവിടെ സിനിമാ സ്റ്റഡീസ്, മീഡിയ സ്റ്റഡീസ്, കള്‍ച്ചറൽ സ്റ്റഡീസ് എന്നീ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവരാണ് മേളയുടെ തലപ്പത്ത്.  അവിടെ ഫെസ്റ്റിവൽ ഡയറക്ടർ ആണ് മേളയെ അഭിസംബോധന ചെയ്യുന്നത്. ഫെസ്റ്റിവൽ ഡയറക്ടർ പിന്നെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടർ അങ്ങിനെ പോവുന്നു ശ്രേണി. എന്നാല്‍ ഇവിടെ സിനിമാക്കാരനായ ചെയര്‍മാനാണ് മേളയെ അഭിസംബോധന ചെയ്യുന്നത്. അദ്ദേഹം ഏതുതരത്തിലുള്ള സിനിമാക്കാരനാണ് എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. 

A

താങ്കള്‍ പറഞ്ഞ കാര്യം വളരെ ശരിയാണ്.  എന്റെ അനുഭവത്തില്‍ നിന്ന് പറയുകയാണെങ്കില്‍, ഞാന്‍ പ്രവര്‍ത്തിച്ച എല്ലാ വിദേശ മേളകളിലും മേളയെ നയിക്കുന്നത് താങ്കള്‍ പറഞ്ഞതുപോലെയുള്ള മേഖലകളിൽ പ്രവര്‍ത്തിക്കുന്നവരാണ്.  ചിലപ്പോള്‍ ഈ മേഖലകളില്‍ കൂടി പ്രവര്‍ത്തിക്കുന്ന സംവിധായകൻ ഉണ്ടായിരിക്കും.  കേരളത്തിന്റെ കാര്യത്തില്‍ ഞാൻ മനസ്സിലാക്കിയേടത്തോളം, ചലച്ചിത്ര അക്കാദമിയുടെ നിയമാവലി അനുസരിച്ച് ദേശീയ പുരസ്കാരം നേടിയ സംവിധായകനായിരിക്കണം ചെയര്‍മാൻ.  ഞാന്‍ അവസാനമായി പ്രോഗ്രാമറായി പ്രവര്‍ത്തിച്ച ഡര്‍ബൻ മേളയുടെ കാര്യമെടുത്താല്‍, അവിടെ ഞങ്ങള്‍ മൂന്ന്‍ പ്രോഗ്രാമേഴ്സ് ഉണ്ടായിരുന്നു.  ഞങ്ങളാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.  ഞങ്ങള്‍ സിനിമകൾ കാണുന്നു, സിനിമകളെ വിലയിരുത്തുന്നു, കുറിപ്പുകള്‍ ഉണ്ടാക്കുന്നു, അതിനു ശേഷം  എല്ലാ രണ്ട് ആഴ്ചയിലും ഒരു റിവ്യൂ മീറ്റിംഗ് ഉണ്ടാവും.  ഞങ്ങള്‍ മൂന്നു  പേര്‍  മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.  ഫെസ്റ്റിവൽ ഡയറക്ടർ  ഒരു സര്‍വകലാശാലയിൽ ജോലി ചെയ്യുന്ന ആളായിരുന്നു. എന്നിരുന്നാലും, എല്ലാവര്‍ക്കും പറ്റുന്ന രീതിയിലുള്ള സമയം കണ്ടെത്തി ഇത്തരത്തിലുള്ള എല്ലാ മീറ്റിംഗിലും അദ്ദേഹം  പങ്കെടുക്കുകയും തന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങൾ പറയുകയും ചെയ്യുമായിരുന്നു.  നമ്മള്‍ പറയുന്ന ലോജിക്കല്‍ ആയ കാര്യങ്ങൾ സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല.  ചര്‍ച്ചകൾ വളരെ തുറന്ന രീതിയില്‍ ആയിരുന്നു.  അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങൾ എടുക്കുന്നു. 

എന്നാല്‍ ഞാൻ പ്രവര്‍ത്തിച്ചിരുന്ന ഐ.എഫ്.എഫ്.കെയില്‍ ആയാലും, ഐ.എഫ്.എഫ്.ഐയില്‍ ആയാലും ആ രീതിയിലുള്ള പങ്കാളിത്തം ഞാന്‍ കണ്ടിട്ടില്ല.   അങ്ങനെ ഇല്ലാതിരുന്നിട്ടും, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്ക് പ്രാധാന്യം കിട്ടുമ്പോൾ, പലരും അനുമോദിക്കുമ്പോള്‍  ഇവര്‍ക്ക് വലിയ പ്രശ്നമാണ്.  ബീനാ പോള്‍ അക്കാദമിയില്‍ നിന്ന് പോവുന്ന സമയത്ത്  ഇനി ഒരു ആര്‍ട്ടിസ്റ്റിക് ഡയറക്ടർ വേണ്ട എന്ന രീതിയില്‍ അക്കാദമി ചിന്തിച്ചിരുന്നു. എന്നാല്‍ അതിന് അവർ സജ്ജമായിരുന്നില്ല. ഒരാള്‍ക്ക് പ്രാധാന്യം കിട്ടുന്നത് അയാൾ ചെയ്യുന്ന സംഭാവനയുടെ,  പ്രവൃത്തിയുടെ  അടിസ്ഥാനത്തിലാണ്. 

Q

ഐ.എഫ്.എഫ്.കെ എന്തിനാണ് നടത്തുന്നത് എന്നൊരു ചോദ്യം പ്രസക്തമാണ്. ഇവിടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ദ്ധനവ്‌ ഉണ്ടാക്കി അഭിമാനിക്കുന്നു. കേരളത്തിലെ സിനിമാക്കാരെ ലോകവുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള ശ്രമങ്ങള്‍-നെറ്റ് വര്‍ക്കിംഗ്, കമ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ്– ഒന്നും നടക്കുന്നില്ല.  മേളയില്‍ സ്ക്രിപ്റ്റ് വര്‍ക്ക്ഷോപ്പ് നടത്തി അതിൽ നിന്ന് കണ്ടെത്തുന്നവര്‍ക്ക്  കോ-പ്രൊഡക്ഷന് അവസരം ഒരുക്കുകയും ചെയ്യുന്നില്ല.  നമ്മുടെ ഓപ്പണ്‍ ഫോറം അനുഷ്ഠാനം മാത്രമാണ്.  അവിടെ കാര്യമായി ഒന്നും സംഭവിക്കുന്നില്ല. പ്രേക്ഷക പങ്കാളിത്തം തീരെ ഇല്ല.

A

ഓപ്പണ്‍ ഫോറത്തിൽ മാത്രമല്ല, മറ്റു വേദികളിലും പ്രേക്ഷകർ വളരെ കുറവാണ്.  ഉദാഹരണമായി ശ്രീ തിയേറ്ററില്‍ എല്ലാ ദിവസവും ഓടിടി പ്ലാറ്റ്ഫോം മുതലായ വളരെ ഗൗരവതരമായ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകൾ സംഘടിപ്പിച്ചപ്പോൾ പത്തോ ഇരുപതോ പ്രേക്ഷകര്‍ മാത്രമാണ് പങ്കെടുത്തത്. ഓപ്പണ്‍ ഫോറത്തിന്റെ കാര്യവും തഥൈവ.  വളരെ പ്രധാനപ്പെട്ട, ഇതിഹാസ തുല്യനായ ചലച്ചിത്രകാരനായിട്ടും ബേലാ താറിന്റെ  ഇന്‍-കോണ്‍വര്‍സേഷൻ പരിപാടിയില്‍പ്പോലും ഹാളിൽ പകുതിപോലും പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. മുമ്പ് കിംകി ഡുക്ക്‌ വന്നപ്പോൾ ഉണ്ടായ രീതിയിലുള്ള പ്രേക്ഷകപങ്കാളിത്തം ഇപ്പോള്‍ കാണുന്നില്ല. സിനിമകള്‍ കാണാൻ വലിയ തിരക്കാണ്. തിയേറ്റര്‍ നിറയുന്നുണ്ട്.  എന്നാല്‍ ഇത്തരം ചര്‍ച്ചകളിൽ പ്രേക്ഷക പങ്കാളിത്തം ഉണ്ടാവുന്നില്ല.  ഇത് മാറിയ പ്രേക്ഷക അഭിരുചിയെയാണ് കാണിക്കുന്നത്.  അവര്‍  സിനിമകള്‍ കാണുന്നു, പോവുന്നു അത്രമാത്രം.  താറിന്റെ കാര്യം പോകട്ടെ,  A Twelve Year Night  എന്ന സിനിമ വളരെയധികം ആഘോഷിച്ച പ്രേക്ഷകര്‍ക്കിടയിലേക്ക് വന്ന Alvaro Brechner എന്ന സംവിധായകനുമായി സംവദിക്കാനും അധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല.  അവര്‍ക്ക് അത് ഒരു നല്ല അവസരമായിരുന്നു.  പുതിയ പ്രേക്ഷകരുടെ സ്വഭാവം ഇതുപോലെ ആവാം എന്നാണ് ഇതേക്കുറിച്ച് എനിക്ക് പറയാനുള്ളത്.

ഫിലിം ബസാര്‍, സ്ക്രിപ്റ്റ് വര്‍ക്ക്ഷോപ്പ് എന്നിവയെ കുറിച്ച് പറയുകയാണെങ്കിൽ  ഇതിനു മുമ്പ് അക്കാദമി നയിച്ചിരുന്നവരുടെ ചിന്താഗതി എന്തായിരുന്നുവെന്നും അവര്‍ ഇക്കാര്യത്തില്‍ എത്രമാത്രം പ്രതിബദ്ധരായിരുന്നു എന്നും എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടർ ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മാസം കൊണ്ട് ഒരു ടീം ഇല്ലാതെ ഒരു മേള പ്രോഗ്രാം ചെയ്യുക എന്ന് പറയുന്നതുതന്നെ എളുപ്പമല്ല.  ടീം ഇല്ല എന്നതുകൊണ്ട്‌ ഞാൻ ഉദ്ദേശിക്കുന്നത്  ചലച്ചിത്ര അക്കാദമിയില്‍ ആളുകൾ ഇല്ല എന്നല്ല.  മറിച്ച് പ്രോഗ്രാമിംഗ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ പരിച്ചയമുള്ളതോ അല്ലെങ്കില്‍ കഴിവുള്ളതോ ആയിട്ടുള്ള ആളുകൾ ഇല്ല എന്നാണ്.  എന്റെ പ്രോഗ്രാം ടീമില്‍ ഉണ്ടായിരുന്ന ആൾ ഈ വര്‍ഷം അക്കാദമി നിയമിച്ച ആളാണ്‌. അയാളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ മേളയാണ്. വരും  വര്‍ഷങ്ങളിൽ അദ്ദേഹം ഇവിടെ തുടരുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സംഭാവനകള്‍ ഉണ്ടാവും.  ഈ സാഹചര്യത്തിൽ  ജോലിയിൽ  പ്രവേശിക്കുന്ന സമയത്തുതന്നെ ഞാന്‍ പറഞ്ഞിരുന്നു, കാട്ടിക്കൂട്ടാനോ ആളെക്കൂട്ടാനോ ആയി എന്തെങ്കിലും ചെയ്യാൻ ഞാന്‍ തയ്യാറല്ല.  അത് എന്റെ ഒരു നയമാണ്. ഏത് മേളയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഞാൻ ഇതുപോലെത്തന്നെയാണ് പറയുക. 

ഫിലിം മാര്‍ക്കറ്റ് എന്നത് വളരെ സജീവമായി, വളരെ ഗൗരവത്തോടെ ചലച്ചിത്ര അക്കാദമി ഏറ്റെടുക്കേണ്ട ഒരു മേഖലയാണ്. മേളകളിലൂടെ നമ്മുടെ സംവിധായകർ ലോക സിനിമയുമായി പരിചയപ്പെട്ടവരാണ്. അവര്‍ക്ക് സിനിമയുടെ കാഴ്ചാ സംസ്കാരം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേളകൾ നടന്നാലും ഇല്ലെങ്കിലും അവര്‍ക്ക് സിനിമ കാണാനുള്ള വിവിധ പ്ലാറ്റ്ഫോമുകള്‍ ഉണ്ട്.  മുബി പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഇപ്പോൾ   ക്യൂറേറ്റ് ചെയ്ത സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.  അത്തരം ഒരു കാലത്താണ് നാം ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.  അതുപോലെ സിനിമകളെ കുറിച്ച് വളരെ ഗൗരവത്തോടെ ചര്‍ച്ചകൾ നടക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾ ഉണ്ട്. എന്നാല്‍ മേളയിലേതു പോലെ തിയേറ്റർ അനുഭവം അവര്‍ക്ക് മറ്റെവിടെയും കിട്ടില്ല.  പുറത്ത് ലഭ്യമല്ലാത്ത സിനിമകള്‍ തിയേറ്ററിൽ അനുഭവിക്കാന്‍ മേളയിൽ വന്നേ മതിയാവൂ. നാം തിയേറ്റര്‍ അനുഭവത്തിൽ വളരെ ആനന്ദം കാണുന്നവരാണ്.  ചിലപ്പോൾ ഇനി ഹോം തിയേറ്റർ ഒക്കെ വന്ന് വീടിന്റെ സ്വകാര്യതയിലും സുരക്ഷിതത്വത്തിലും ഇതുപോലുള്ള അനുഭവം സാധ്യമായേക്കാം.  അതുവരെ ഈ അനുഭവം തിയേറ്ററില്‍ മാത്രമേ ലഭ്യമാവൂ.  പിന്നെ ഒരുമിച്ചിരുന്ന് കാണുക, പിന്നീട് സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുക മുതലായവയുടെ അനുഭവം ഒറ്റയ്ക്കിരുന്ന് സിനിമ കണ്ടാല്‍ കിട്ടില്ലല്ലോ.

സംവിധായകര്‍ക്ക് വേണ്ടി നാം ഇനി ചെയ്യേണ്ടത് അവര്‍ക്ക് സിനിമാ നിര്‍മ്മാണ പ്രക്രിയയിൽ സഹായം ചെയ്യുക എന്നതാണ്. ഇത് ചലച്ചിത്ര അക്കാദമിയുടെ കാര്യപരിപാടി ആയിരിക്കണം.  ഒരു തിയേറ്ററില്‍ ഒരു ബോര്‍ഡും വച്ച്, നമുക്ക് പരിചയമുള്ള കുറെ ആളുകളെ കൊണ്ടുവന്ന് നടത്തേണ്ട ഒന്നല്ല ഫിലിം മാര്‍ക്കറ്റ്.  മറ്റൊന്ന്, ഒരു മേളയുടെ ഫിലിം പ്രോഗ്രാമിംഗിൽ നമ്മുടേത്‌ പോലുള്ള കൊച്ചു മേളകളില്‍ ചുരുങ്ങിയത് അഞ്ച് ആളുകള്‍ എങ്കിലും വേണം.  കാന്‍ പോലുള്ള മേളകളില്‍ ടീം അംഗങ്ങളുടെ എണ്ണം മുപ്പതോ നാല്‍പ്പതോ ആണ് എന്ന് ഓര്‍ക്കുക.   ഇവര്‍ വളരെ പ്രതിബദ്ധരായവരും ഇതിന്റെ പ്രക്രിയ അറിയുന്നവരും ആയിരിക്കണം. ഇതൊന്നും ഇല്ലാതെയാണ് ഞാന്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചത്.  ആ സാഹചര്യം അങ്ങിനെ ആയിരുന്നു.  അക്കാദമി സ്വയംപര്യാപ്തമായിരുന്നുവെങ്കിൽ എന്നെ നിയമിക്കേണ്ടല്ലോ. അതുകൊണ്ടുതന്നെ ഞാന്‍ പരാതി പറയുന്നതിൽ അര്‍ത്ഥമില്ല.  ഈ പരിമിതിക്ക് അകത്തു നിന്നുകൊണ്ട് മേള നന്നായി സംഘടിപ്പിച്ചു എന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്.  ഈ രീതിയില്‍ പ്രതിബദ്ധരായ അഞ്ചു പേർ ഒരു മേള സംഘടിപ്പിക്കുന്നതുപോലെ അദ്ധ്വാനിച്ച് സംഘടിപ്പിക്കേണ്ട ഒന്നാണ് ഫിലിം മാര്‍ക്കറ്റ്.  ആര്‍ട്ടിസ്റ്റിക് ഡയറക്ടർ   എന്ന നിലയില്‍ അവര്‍ക്ക് നിര്‍ദ്ദേശങ്ങൾ കൊടുക്കാന്‍ എനിക്ക് കഴിയും.  അപ്പോൾ   മാത്രമേ എന്തെങ്കിലും പ്രയോജനമുള്ള ഒരു ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കാൻ പറ്റൂ.

ഞാന്‍ അക്കാദമിയിൽ ചേരുന്ന സമയത്ത് ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് സംസാരം ഉണ്ടായപ്പോള്‍ ഞാൻ പറഞ്ഞത് എന്തെങ്കിലും കാട്ടിക്കൂട്ടാന്‍ ഞാൻ തയ്യാറല്ല എന്നായിരുന്നു. ഇത്രയും കുറച്ചു സമയം കൊണ്ട് നമുക്ക് നല്ല രീതിയിൽ ഒരു ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കാന്‍ പറ്റില്ല.  പത്തു സിനിമകള്‍ സംഘടിപ്പിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല.  അതുകൊണ്ടു മാത്രം ആയില്ലല്ലോ.  സിനിമകള്‍ കാണാൻ   ആളുകളെ കൊണ്ടുവരുന്നതാണല്ലോ പ്രധാനം.  മറ്റു മേളകളിലെ ആര്‍ട്ടിസ്റ്റിക് ഡയറക്ടർ, ക്യൂറേറ്റർ അല്ലെങ്കില്‍ സെയില്‍സ് ഏജന്റുമാരെ ഒക്കെ കൊണ്ടുവരണമെങ്കിൽ  ആഗസ്തില്‍ ക്ഷണിച്ചാൽ ഡിസംബറിലെ മേളയ്ക്ക് ആരും വരില്ല. ഞാന്‍ പറയുന്നത് വളരെ പ്രധാനപ്പെട്ട ആളുകളെ കുറിച്ചാണ്.  അവരെ ആറുമാസം മുമ്പെങ്കിലും സമീപിക്കണം.  മാത്രവുമല്ല, പുതുവര്‍ഷം ആയതിനാൽ പലരും കുടുംബത്തോപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന സമയമാണിത്.  ചലച്ചിത്ര അക്കാദമി അടുത്ത മേളയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഈ മേഖലകളിലാണ്. ഇതിനു മുമ്പ് ഈ പദവിയില്‍ ഇരുന്നവർ  എന്തുകൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് എനിക്കറിയില്ല.  ഫിലിം  ബസാര്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് അടുത്തവര്‍ഷം ചെയ്യാൻ കുറച്ച് സമയം മതി.  അതു മാത്രമല്ല, അവര്‍ സ്ഥിരമായി ഫിലിം ബസാർ നടത്തുന്നുണ്ട് എന്ന് എല്ലാവര്‍ക്കും  അറിയാം.  എന്നാല്‍ പുതുതായി ഫിലിം ബസാർ തുടങ്ങുമ്പോള്‍ ഞാന്‍ മുകളിൽ  പറഞ്ഞതുപോലെ ആറു മുതല്‍ ഏഴു മാസം വരെ സമയം വേണം. ഫിലിം ബസാർ, കോ-പ്രൊഡക്ഷൻ ബസാർ മുതലായ കാര്യങ്ങള്‍ ആരംഭിക്കുന്ന കാര്യം  അക്കാദമി വളരെ ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  വരും വര്‍ഷങ്ങളിൽ ഇതൊക്കെ പ്രതീക്ഷിക്കാം.

Q

ഐഎഫ്എഫ്കെയിൽ സിനിമക്കാരാണ്, സംവിധായകരും മറ്റുമാണ് സിനിമ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ലോകമേളകളില്‍ അങ്ങിനെയല്ല. അവിടെ അവസാന ജൂറിയിലാണ് സിനിമാക്കാര്‍ ഉണ്ടാവുക.  സിനിമാക്കാര്‍ തിരഞ്ഞെടുക്കുമ്പോള്‍  പക്ഷപാതം ഉണ്ടാവില്ലേ? മെയിന്‍സ്ട്രീം സിനിമാക്കാരൊക്കെയാണ് ഇവിടെ സെലക്ഷന്‍ കമ്മിറ്റിയിൽ. അതുപോലെ അക്കാദമിയുടെ തലപ്പത്തും. ഇവരുടെ സിനിമാ  സൌന്ദര്യബോധം എന്തായിരിക്കും?  ഇതിനെ മറികടക്കാന്‍ സിനിമാക്കാര്‍ അല്ലാത്ത ഒരു പുതിയ തലമുറയെ ഉണ്ടാക്കണം.  അവര്‍ സിനിമാപഠന മേഖലയില്‍ നിന്നുള്ളവർ ആവണം.  അവരായിരിക്കണം ഈ പ്രക്രിയയുടെ ഭാഗമാവേണ്ടത്.

A

ശരിയാണ്.  ഞാന്‍ ഒരു സിനിമാ സംവിധായിക അല്ലല്ലോ.  മറ്റൊന്ന്, മറ്റു രാജ്യങ്ങളിലെ മേളകളില്‍ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയാണ് സെലക്ഷന്‍ കമ്മിറ്റിയിൽ   കൊണ്ടുവരുന്നത്.  ഇതിലൂടെ വേറൊരു രീതിയിലുള്ള വീക്ഷണകോണ്‍ കിട്ടും.  മാത്രവുമല്ല, പക്ഷപാതം ഉണ്ടാവുകയും ഇല്ല. ഒരേ രാജ്യത്തുനിന്നുള്ളവര്‍ ആകുമ്പോൾ   ഒരു പ്രത്യേക രീതിയിൽ സിനിമയെ കാണുന്ന സാധ്യതകള്‍ കൂടും. ഒരു യൂറോപ്യന് ഇന്ത്യയിലെ പല കാര്യങ്ങളും ആകര്‍ഷകമായി തോന്നില്ല. ധാരാളം മേളകളില്‍ ജൂറി മീറ്റിംഗിൽ  പങ്കെടുത്ത എനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.  ചിലർ ചില സിനിമകളെ തീരെ സ്വീകരിക്കില്ല. ഇതില്‍ സാസ്കാരികവും,  സാങ്കേതികവിദ്യയുടെയും പ്രശ്നങ്ങൾ ഉണ്ട്.  എന്നിരുന്നാലും, പല രാജ്യങ്ങളില്‍ നിന്നുള്ളവർ ആകുമ്പോള്‍ തെരഞ്ഞെടുപ്പിൽ ഏകാതാനതയ്ക്ക് പകരം സമ്മിശ്രത ഉണ്ടാവും. 

എന്നാല്‍ ഇന്ത്യയിലെ ഒരു മേളയിലും ഈ രീതിയില്‍ സംഭവിക്കുന്നില്ല.  ഇതിന് ഒരു പ്രധാന കാരണം സാമ്പത്തികമാണ്. ഇവിടെ മേളകൾ  പല രീതിയിലുള്ള സാമ്പത്തിക പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ടാണ് സംഘടിപ്പിക്കുന്നത്. വളരെ വിപുലവും വ്യത്യസ്തവുമായ രീതിയില്‍ ചിന്തിക്കുമ്പോഴും ബജറ്റ് അതിന് അനുവദിക്കുന്നില്ല.


വിദേശത്തുനിന്ന്  പ്രോഗ്രാം ചെയ്യുന്നവരെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.  എന്നാല്‍ ബജറ്റ് എന്നെ അതിന് അനുവദിക്കുന്നില്ല.  മറ്റൊരു കാര്യം,  ഒരു സെലക്ഷന്‍ കമ്മറ്റിയിൽ ഇരുന്നൂറ്റി അമ്പതോളം സിനിമകള്‍ക്ക് ഇവിടെ കൊടുക്കുന്ന പ്രതിഫലം വളരെ ചെറുതാണ്. അതിനെ പ്രതിഫലമായി കണക്കാക്കാന്‍ പോലും പറ്റില്ല. അവരുടെ സമയവും വൈദഗ്ധ്യവും ഒക്കെ കണക്കിലെടുക്കുമ്പോൾ ഈ തുക വളരെ തുച്ഛമാണ്‌.  പുതിയ തലമുറ ഇത്രയും ചെറിയ  ഫീസില്‍ പ്രവര്‍ത്തിക്കാൻ തയ്യാറാവും എന്ന് തോന്നുന്നില്ല.   

മറ്റൊന്ന്, വിദേശ രാജ്യങ്ങളില്‍ ഒരു ക്യൂറേറ്റര്‍ക്ക് ഉള്ള സ്വീകാര്യത ഇവിടെ ഇല്ല.  ഇപ്പോള്‍ ഐ.എഫ്.എഫ്.ഐയിൽ കാര്യങ്ങള്‍ മാറുന്നുണ്ട്.  മറ്റൊരു ഇന്ത്യൻ മേളയും ആ ബഹുമാനം തരാറില്ല.  ആര്‍ട്ടിസ്റ്റിക് ഡയറക്ടർ എന്ന രീതിയിലുള്ള എന്റെ അനുഭവത്തില്‍, എന്റെ കൂടെ ഉള്ളവര്‍ പോലും ചിന്തിക്കുന്നത് ഇതിൽ എന്താണ് ഇത്ര വലിയ കാര്യം എന്നാണ്. അതിന്റേതായ പ്രാധാന്യം ആരും കൊടുക്കുന്നില്ല.  മറ്റൊന്ന്, ഇവിടെ അതിനനുസരിച്ചുള്ള വേതനവും ഇല്ല.  ഇന്ത്യയില്‍ ഒന്നോ രണ്ടോ പേരിൽ  മാത്രം മേളയുടെ നടത്തിപ്പ് ചുരുങ്ങുകയാണ്.  അതേ സമയം കഴിവുള്ള ആളുകൾ   ഇന്ത്യ വിട്ട് പോവുകയാണ്.  ഞാന്‍ ഐ.എഫ്.എഫ്.ഐയിൽ ചേര്‍ന്നപ്പോൾ  മനസ്സിലാക്കിയ കാര്യം, വളരെ വര്‍ഷങ്ങളായി ശങ്കർ മോഹനായിരുന്നു മേളയുടെ തലപ്പത്ത്. അദ്ദേഹം പോയപ്പോള്‍ അവിടെ ഒരു ടീം ഇല്ല.  ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. അവര്‍ക്ക് ഒരു യുവതലമുറ ടീം ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നിരിക്കാം.  എന്നാല്‍,  ആ രീതിയിലുള്ള ആളുകളെ അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല,  എന്തുതന്നെയായാലും, അവര്‍ തല്‍സ്ഥാനത്തു നിന്ന് പോവുമ്പോൾ   അവിടെ ഒരു ശൂന്യത ഉണ്ടായി.  ഐ.എഫ്. എഫ്. ഐയില്‍ ആ രീതിയിലുള്ള ഒരവസ്ഥ ഉണ്ടായ സാഹചര്യത്തിലാണ് എനിക്ക് ജോലി ചെയ്യാന്‍  താത്പര്യം ഉണ്ട് എന്ന് അറിയിച്ചുകൊണ്ട്‌ ഞാന്‍ എന്റെ പ്രൊഫൈൽ അയക്കുന്നത്.  ഈ രംഗത്ത് ജോലി ചെയ്ത് പരിചയമുള്ള ആളാണ്‌, അപ്പോള്‍ ദീപികയെ നോക്കാം എന്ന രീതിയിലാണ് എന്നെ നിയമിക്കുന്നത്. ബീനാ പോള്‍ ഇല്ലാതിരുന്നപ്പോഴും മേള സംഘടിപ്പിച്ച ആളാണ്‌ എന്ന് പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്.  വളരെ നല്ല രീതിയില്‍ നടന്ന ഒരു മേളയായിരുന്നു അത് എന്ന്  അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിലായി. അങ്ങിനെയാണ് ഞാന്‍ വരുന്നത്. 

ഐ.എഫ്.എഫ്.ഐയിൽ എന്റെ  കൂടെ ജോലി ചെയ്തിരുന്ന ഒരാളാണ് ഈ വര്‍ഷം അവിടെ ചീഫ് പ്രോഗ്രാമര്‍ ആയി ജോലിചെയ്തത്.  ജെ.എന്‍.യു വില്‍ നിന്ന്   പഠിച്ചിറങ്ങിയ അയാള്‍ വളരെ കഴിവുള്ള ആളായിരുന്നു. പലപ്പോഴും ഉപദേശങ്ങള്‍ക്കായി എന്നെ സമീപിച്ചപ്പോൾ ജോലി ഏറ്റെടുക്കാന്‍ ഞാൻ അയാളെ പ്രോത്സാഹിപ്പിച്ചു.  എന്റെ കൂടെ ജോലി ചെയ്തിരുന്ന, എന്നെക്കാൾ പ്രായം കുറഞ്ഞ  ഒരാള്‍ ഞാൻ എടുത്തതിനേക്കാള്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹെഡ്-പ്രോഗ്രാം   ആവുന്നതില്‍ എനിക്ക് പ്രശ്നങ്ങൾ ഇല്ല.  അയാള്‍ വളരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് എന്റെ തലമുറയിലെ കുറേപേരെങ്കിലും ചിന്തിക്കുന്നത്.  അങ്ങിനെയാണ് ഒരു പുതിയ ടീം ഉണ്ടാവുക. എന്നാല്‍ മുന്‍തലമുറ ഈ രീതിയിൽ ചിന്തിച്ചിരുന്നില്ല എന്നാണ് എന്റെ അനുഭവം പറയുന്നത്.  അതുകൊണ്ടാണ് ഇന്ത്യയിൽ ക്യൂറേഷൻ രംഗം ഏതാനും ചിലരിൽ   ഒതുങ്ങിനില്‍ക്കുന്നത്.  ഇന്ത്യന്‍ സിനിമകളെ കുറിച്ച് എഴുതുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്യുന്ന ആളുകള്‍ കാണും.  എന്നാല്‍ വിദേശ സിനിമകൾ ക്യൂറേറ്റ് ചെയ്യാനുള്ള ആളുകള്‍ വളരെ കുറവാണ്.  എന്റെ തലമുറയിലുള്ള പലരും ഇവിടെ കുറച്ചു കാലം പ്രവര്‍ത്തിച്ചതിനു ശേഷം ലണ്ടൻ പോലുള്ള വലിയ മേളകളിലേക്ക് പോവുകയാണ്.  ഇതിന് ഒരു കാരണം നാം ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന ജോലിയെ ഇവിടെ വേണ്ട രീതിയില്‍ സ്വീകരിക്കപ്പെടുന്നില്ല.  മറ്റൊരു കാരണം അതിനു തക്കതായ പ്രതിഫലം ലഭിക്കുന്നില്ല.  

എല്ലാ മേളയും ശ്രദ്ധിക്കപ്പെടുന്നത് പ്രധാനമായും അതില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ഗുണം കൊണ്ടാണ്. മറ്റൊന്ന്,   മേളയില്‍ പങ്കെടുക്കുന്ന സംവിധായകരുടെ പ്രൊഫൈൽ ആണ്. അന്തര്‍ദ്ദേശീയ  തലത്തില്‍ വളരെ പ്രധാനപ്പെട്ട ചില സംവിധായകര്‍ക്ക് നാം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും ഈ രീതിയിലുള്ള മാസ്റ്റർ ഫിലിം മേക്കേഴ്സിന്റെ സാന്നിധ്യം  കൂടുതല്‍ ഉറപ്പുവരുത്തണം. ധാരാളം പ്രീമിയറുകള്‍ നക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മേളകളിൽ ഒന്നായി ഐ.എഫ്.എഫ്.കെ. അറിയപ്പെടണം. ആ രീതിയില്‍ മേളയെ വളര്‍ത്തിക്കൊണ്ടുവരണം എന്നത് വലിയ ആഗ്രഹമാണ്. അക്കാദമിക്ക് ഫലവത്തായി ചെയ്യാന്‍ കഴിയാതിരുന്ന ഫിലിം മാര്‍ക്കറ്റിനെ സജീവമാക്കണം.

Q

ക്യൂറേഷൻ, പ്രോഗ്രാമിംഗ് മുതലായ കാര്യങ്ങൾ സിലബസ്സിന്റെ ഭാഗമാക്കണം. ഇത് ഇപ്പോൾ കോളേജ് തലത്തില്‍ സിനിമ പഠിപ്പിക്കുന്നത്‌ പോലെ ആവരുത്. ഇവിടെ സിനിമ പഠിപ്പിക്കുന്നത്‌ ഇംഗ്ലീഷ്-മലയാളം അദ്ധ്യാപകരാണ്. ഇത്തരം ഡിപ്പാര്‍ട്ട്‌മെന്റുകൾ വരികയും ജോലി സാധ്യത ഉണ്ടാവുകയും ചെയ്യുമ്പോഴാണ് കുട്ടികള്‍ ധാരാളമായി ഈ രംഗത്തേക്ക് കടന്നു വരിക. ഇപ്പോള്‍ സിനിമ എന്നാൽ  സിനിമ പിടുത്തം മാത്രമാണ്.

A

വിദേശ സര്‍വ്വകലാശാലകളിൽ ഫിലിം സ്റ്റഡീസ് പഠനം കഴിഞ്ഞാൽ എം.എ. ക്യൂറേഷൻ  കോഴ്സ് ഉണ്ട്. പിന്നെ ഫിലിം ഫെസ്റ്റിവൽ മാനേജ്മെന്റ് എം.ബി.എ. ഉണ്ട്. വളരെയധികം സാധ്യതകള്‍ ഉള്ള ഒരു മേഖലയാണ് സിനിമ എന്നാണ് ഇത് കാണിക്കുന്നത്. ഈ മേഖലകളെ ആധാരമാക്കി ധാരാളം അക്കാദമിക് കോഴ്സുകൾ പല സര്‍വ്വകലാശാലകളും (ഉദാഹരണമായി ലണ്ടന്‍ സര്‍വ്വകലാശാല) നല്‍കുന്നുണ്ട്. സിനിമയുടെ അന്താരാഷ്ട്ര അവകാശം (International rights) സംബന്ധിച്ച  മേഖലയില്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്.  ഈ മേഖല ഇന്ത്യയില്‍ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് നമുക്ക് ഈ രംഗത്ത് പുതിയ തലമുറ ഇല്ലാത്തത്. നാം ഫിലിം സ്റ്റഡീസില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ഫിലിം സ്റ്റഡീസിന്റെ ആള്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരാൾ എന്ന നിലയില്‍ എനിക്ക് മനസ്സിലായത്‌ ഒരു മേളയിൽ  ആയിരത്തില്‍ കൂടുതൽ സിനിമകളാണ് ഇന്ന് നമുക്ക് മുന്നില്‍ വരുന്നത്. ഈ സിനിമകളില്‍ നിന്ന് പ്രേക്ഷകര്‍ക്കായി സിനിമകൾ ക്യൂറേറ്റു ചെയ്യുന്ന പ്രക്രിയ പ്രത്യേകമായി പഠിക്കേണ്ട ഒന്നാണ്. ഇതിന് സിനിമയെ കുറിച്ചുള്ള അറിവ് മാത്രം പോരാ. അതാണ് എം.എ. ക്യൂറേഷനിൽ പഠിപ്പിക്കുന്നത്‌. അതായത്, ഫിലിം സ്റ്റഡീസിനൊപ്പം ഫിലിം ക്യൂറേഷനും പഠിക്കണം. അതില്‍  ക്യൂറേഷനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പഠിപ്പിക്കുന്നു. ഈ രീതിയിലുള്ള പഠനം ഇന്ത്യയില്‍ ഇല്ല. അതുകൊണ്ടാണ് വളരെ കുറച്ച്‌ ആളുകളില്‍ മാത്രം ഈ രംഗം ഒതുങ്ങിപ്പോവുന്നത്.

മറ്റൊന്ന്, നാം ഈ മേഖലയെ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ടാണ് പലരും ഇന്ത്യ വിട്ടുപോവുന്നത്. 
വിദേശ മേളകളിലേക്ക് സിനിമ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കാറുണ്ട്‌. നമ്മുടെ മേളയില്‍ കുട്ടികളെ ആ രീതിയിൽ പങ്കെടുപ്പിക്കുന്നില്ല. തൽപരരായ കുട്ടികള്‍ കണ്‍സെഷനിൽ പാസ്സെടുത്ത്‌ സിനിമ കാണുകയാണ്.
വിദേശ മേളകള്‍ കുട്ടികളെ ക്ഷണിക്കുന്നു എന്നു പറയുമ്പോൾ അവരുടെ സര്‍വ്വകലാശാലകള്‍ക്ക് അത്തരം വകുപ്പ് ഉണ്ട്. കുട്ടികളെ അയക്കാനും അവരുടെ ചെലവുകളും മറ്റും വഹിക്കാനും. മേളകളില്‍ പങ്കെടുക്കുക എന്നത് അവരുടെ സിലബസ്സിന്റെ ഭാഗം കൂടിയാണ്. അതിനെ അടിസ്ഥാനമാക്കി റിസര്‍ച്ച് പേപ്പറുകൾ സബ്മിറ്റ് ചെയ്യുക എന്നൊക്കെ. നമ്മുടെ സര്‍വ്വകലാശാലകളിലും അത്തരം വകുപ്പുകൾ   ഉണ്ടാവും. ബന്ധപ്പെട്ട ആളുകൾ ഇക്കാര്യം എത്രത്തോളം മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് ചോദ്യം. ഇത് പറയുമ്പോഴും മറ്റൊരു കാര്യം പറയാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഐ.എഫ്.എഫ്.കെയിൽ ഒരു സംവിധായകന്‍ വരുമ്പോൾ   നാം അയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാം വളരെയധികം ആതിഥ്യമര്യാദ പുലര്‍ത്തുന്നു. അവിടെ സംവിധായകന്‍ സിനിമ അവതരിപ്പിക്കുന്നു, തിരിച്ചു പോവുന്നു. മൂന്നു ദിവസം മാത്രം മേളയില്‍ പങ്കെടുക്കുന്നു. നമ്മള്‍ ഇക്കാര്യത്തില്‍ വളരെയധികം ശുഷ്കാന്തി ഉള്ളവരാണ് എന്നു പറയാനാണ്  ഞാന്‍ ശ്രമിച്ചത്.
പല ഡിപ്പാര്‍ട്ട്‌മെന്റിൽ നിന്നും കുട്ടികൾ നമ്മുടെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. അദ്ധ്യാപകന്‍ / അദ്ധ്യാപിക തന്നെ കൊണ്ടുവന്ന് താമസസൗകര്യവും മറ്റും അവര്‍തന്നെ ഒരുക്കുന്നു. അത് പഠനത്തിന്റെ ഭാഗമായാണ്. ഇത് കാണുമ്പോള്‍ വലിയ സന്തോഷം ഉണ്ട്. എന്നാല്‍, ഇത്രയധികം കോളേജുകളും സര്‍വ്വകലാശാലകളും ഉണ്ടായിട്ടും കുട്ടികളുടെ അത്തരത്തിലുള്ള പങ്കാളിത്തം വളരെ കുറവാണ്. ഇതിന് ഒരു പ്രധാന കാരണം ആവശ്യമായ ബജറ്റ് ഇല്ലാത്തതുതന്നെയാണ്.

Q

മുകളില്‍ ചര്‍ച്ച ചെയ്ത രീതിയിലുള്ള എക്സ്ട്രീം ആയ സിനിമകളാണ് സിനിമയുടെ, സിനിമാട്ടോഗ്രാഫിയുടെ  സാധ്യതകളെ വികസിപ്പിച്ചത്. സിനിമയുടെ ആരംഭം തൊട്ടുതന്നെ ഇത്തരം ശ്രമങ്ങൾ ഉണ്ടായിരുന്നു.  സര്‍റിയലിസ്റ്റ് സിനിമകൾ, അവാംഗ് ഗാര്‍ഡ് സിനിമകൾ മുതലായവ. ഇന്ന് ആ രീതിയിലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടോ?  പകരം സിനിമക്ക് ഒരു പ്രത്യേക രീതിയിലുള്ള ഫോര്‍മാറ്റ് ഉണ്ടായി എന്നാണ് എന്റെ അഭിപ്രായം.

A

സിനിമയ്ക്ക് ഒരു പ്രത്യേക ഫോര്‍മാറ്റ് വന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതേ സമയം നമുക്ക് കിട്ടുന്ന സിനിമകള്‍ക്ക് ഒരു ഫോര്‍മാറ്റ് ഉണ്ടായിരിക്കാം. അതല്ലാതെ സിനിമയുടെ എല്ലാ സാധ്യതകളും അന്വേഷിക്കുന്ന  ധാരാളം സിനിമകള്‍ ഉണ്ട്. ഇതില്‍ ദൈര്‍ഘ്യം ഒരു പ്രധാന ഘടകമാണ്. നാം ഐ.എഫ്.എഫ്.കെയിലേക്ക് ക്ഷണിക്കുന്നത് ഫീച്ചര്‍ ദൈര്‍ഘ്യമുള്ള (Feature length ) സിനിമകളാണ്. അതിന്റെ ദൈര്‍ഘ്യത്തെ സംബന്ധിക്കുന്ന ഡെഫനിഷൻ  70 മിനിട്ടാണ്. കുറെയെങ്കിലും സംവിധായകര്‍ ലോകത്തില്‍ ഈ പറയുന്ന  തരത്തില്‍ സിനിമയുടെ സാധ്യതകൾ ആരായുന്നുണ്ട്. ഈ ഫോര്‍മാറ്റിൽ നിന്ന് വഴിമാറിയിട്ടുണ്ട്. 40-45  മിനിട്ട് ആണ് അവരുടെ സിനിമകളുടെ ദൈര്‍ഘ്യം. ലോക സിനിമയുടെ ഫോര്‍മാറ്റിൽ ഈ സിനിമകള്‍ ഫീച്ചർ സിനിമയുടെ വിഭാഗത്തില്‍പ്പെടില്ല. അതുകൊണ്ടുതന്നെ നമ്മുടെ മേളയില്‍ ഈ സിനിമകൾ  ഉള്‍പ്പെടുത്താൻ കഴിയില്ല. ഇത്തരം സിനിമകള്‍ക്ക് മാത്രമായി ധാരാളം പ്രശസ്തങ്ങളായ എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവലുകള്‍ ഉണ്ട്. അതേ സമയം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 70 മിനിട്ട് ആണെങ്കിലും 65-66 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമകൾ നമ്മള്‍ ലോക സിനിമാവിഭാഗത്തിൽ   ഉള്‍പ്പെടുത്തുന്നുണ്ട്. അതേ സമയം, അക്കാദമി തന്നെ നടത്തുന്ന ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം മേളയിലേക്ക് ഇത്തരം സിനിമകൾ കൊണ്ടുവരാന്‍ പറ്റും.

Q

മേളയില്‍ താങ്കൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

A

ഏഷ്യയിലെ മികച്ച മേള എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ബുസാൻ മേളയ്ക്ക് ഐ.എഫ്.എഫ്.കെയുടെ അത്രയും പ്രായമേ ഉള്ളൂ. ഇതിനിടയില്‍ അന്തര്‍ദ്ദേശീയ തലത്തിൽ വളരെ പ്രധാനപ്പെട്ട മേള എന്ന ഖ്യാതി നേടിയെടുക്കാൻ ബുസാനിന് കഴിഞ്ഞു. ഫണ്ടിംഗ് മുതലായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാൽ, എല്ലാ മേളയും ശ്രദ്ധിക്കപ്പെടുന്നത് പ്രധാനമായും അതില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ഗുണം കൊണ്ടാണ്. മറ്റൊന്ന്,   മേളയില്‍ പങ്കെടുക്കുന്ന സംവിധായകരുടെ പ്രൊഫൈൽ ആണ്. അന്തര്‍ദ്ദേശീയ  തലത്തില്‍ വളരെ പ്രധാനപ്പെട്ട ചില സംവിധായകര്‍ക്ക് നാം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും ഈ രീതിയിലുള്ള മാസ്റ്റർ ഫിലിം മേക്കേഴ്സിന്റെ സാന്നിധ്യം  കൂടുതല്‍ ഉറപ്പുവരുത്തണം. ധാരാളം പ്രീമിയറുകള്‍ നക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മേളകളിൽ ഒന്നായി ഐ.എഫ്.എഫ്.കെ. അറിയപ്പെടണം. ആ രീതിയില്‍ മേളയെ വളര്‍ത്തിക്കൊണ്ടുവരണം എന്നത് വലിയ ആഗ്രഹമാണ്. അക്കാദമിക്ക് ഫലവത്തായി ചെയ്യാന്‍ കഴിയാതിരുന്ന ഫിലിം മാര്‍ക്കറ്റിനെ സജീവമാക്കണം. നാം ഫിലിം മാര്‍ക്കറ്റ് നല്ല രീതിയിൽ സംഘടിപ്പിച്ചിട്ടില്ല എന്നുമാത്രമല്ല, നാം ഫിലിം മാര്‍ക്കറ്റിനെ കുറിച്ച്  ചിന്തിക്കുമ്പോള്‍ പോലും മലയാളം ഫിലിം മാര്‍ക്കറ്റ് എന്ന ചിന്തയാണ് ഉണ്ടാവുന്നത്. മറ്റു ഭാഷകളില്‍ നിന്നുള്ള സിനിമകൾ ലഭ്യമല്ലെങ്കിൽ അവിടേക്ക് പുറത്തുനിന്നുള്ള ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിൽ പരിമിതി ഉണ്ടാവും. മലയാളം സിനിമകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റു ഭാഷാ സിനിമകള്‍ കൂടി ഉള്‍പ്പെടുത്തുന്ന രീതിയിൽ   ഉള്ളതായിരിക്കണം ഫിലിം മാര്‍ക്കറ്റ്.

ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി ധാരാളം ആളുകള്‍ പതിവായി ഫിലിം മാര്‍ക്കറ്റുകളിൽ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗികമായി ക്ഷണിച്ചിട്ടല്ല അവർ വരുന്നത്. അവര്‍ സ്വന്തം ചിലവിൽ വരികയാണ്. ഈ രീതിയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കുന്ന, അവര്‍ക്ക് പോസ്റ്റ്‌-പ്രൊഡക്ഷനിലുള്ള ധാരാളം സിനിമകള്‍ കാണാനും, മികച്ച സിനിമകള്‍ തിരഞ്ഞെടുത്ത് അവരുടെ മേളകളിൽ   പ്രദര്‍ശിപ്പിക്കാനും  പറ്റുന്ന രീതിയിലുള്ള  ഒരു ഫിലിം മാര്‍ക്കറ്റ്  ഉണ്ടാക്കണം എന്ന ആഗ്രഹവും ഉണ്ട്. 

Related Stories

No stories found.
logo
The Cue
www.thecue.in