ജാഥകളിലെ ആള്‍ക്കൂട്ടം വോട്ടാകില്ല, കോണ്‍ഗ്രസിന് വേണ്ടത് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം: സുധ മേനോൻ അഭിമുഖം

ജാഥകളിലെ ആള്‍ക്കൂട്ടം വോട്ടാകില്ല, കോണ്‍ഗ്രസിന് വേണ്ടത് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം: സുധ മേനോൻ അഭിമുഖം
Published on
Summary

'നവ കോണ്‍ഗ്രസ്' എന്ന ലക്ഷ്യം മുന്നോട്ട് വെച്ച് റായ്പൂര്‍ പ്ലീനറി സമ്മേളനം അവസാനിച്ചു. 2024ലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് സമാഹരിക്കാന്‍ പ്ലീനറി സമ്മേളനത്തിലൂടെ കഴിഞ്ഞോ?. അച്ചടക്കത്തോടെയും ഒത്തൊരുമയോടെയും പാര്‍ട്ടിയെ കരുത്തുറ്റതാക്കാന്‍ നേതൃത്വം ആഹ്വാനം ചെയ്യുമ്പോള്‍ അതിലേക്കുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയ വിഭാഗങ്ങളെ കൂടെ ചേര്‍ക്കാനുള്ള പ്ലീനറി സമ്മേളനത്തിലെ തീരുമാനങ്ങള്‍ ലക്ഷ്യം കാണുമോ?.

എഴുത്തുകാരിയും കോൺ​ഗ്രസ് സഹയാത്രികയുമായ സുധാ മേനോന്‍ സംസാരിക്കുന്നു.

Q

ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ പ്ലീനറി സമ്മേളനം നടന്നു. പുതിയ കോണ്‍ഗ്രസിന്റെ തുടക്കമെന്നാണ് നേതൃത്വം പറയുന്നത്. അധികാരമില്ലാതായിട്ട് ഒമ്പത് കൊല്ലമായി. പുതിയ പാതയിലേക്ക് കടക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് എത്രത്തോളം വെല്ലുവിളിയാണ്?

A

കുറേ കാലമായുള്ള ജഡത്വത്തില്‍ നിന്നു കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് പറയാന്‍ പറ്റും. ഭാരത് ജോഡോ യാത്ര അതിന്റെ തുടക്കമായിരുന്നു. നെഹ്റു കുടുംബത്തിനു പുറത്തു നിന്ന് തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. മൂന്നാമത്തെ കാര്യം പ്ലീനറി സെഷനിലെ ചില തീരുമാനങ്ങളാണ്. എസ്.സി എസ്.ടി, ഒ.ബി.സി, യൂത്ത് എന്നിവര്‍ക്കെല്ലാം അമ്പത് ശതമാനം സംവരണം കൊടുക്കാനുള്ള തീരുമാനമടക്കം അങ്ങനെ കാണാം. രാഹുല്‍ ഗാന്ധി വീണ്ടുമൊരു യാത്ര നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ കുറേ കാലമായുള്ള കോണ്‍ഗ്രസില്‍ നിന്നു പതുക്കെ മാറ്റം വരുന്നുണ്ടെന്ന് കാണാം. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി 2024-ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അതിലേക്കുള്ള ശരിയായ പാതയിലാണ് കോണ്‍ഗ്രസ് എന്ന് പറയേണ്ടി വരും.

കഴിഞ്ഞ ഓഗസ്ത് മുതല്‍ ശരിയായ പാതയിലൂടെ മുന്നോട്ടാണ് കോണ്‍ഗ്രസിന്റെ യാത്രയെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. അതിന് ഒരുപാട് പരിമിതികളും ദൗര്‍ബല്യങ്ങളുമുണ്ടാകും. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ജനാധിപത്യപരമായി പരിഷ്‌കരിക്കാത്തിടത്തോളം ഈ വെല്ലുവിളികള്‍ മുന്നിലുണ്ടാകും. യാത്ര തുടങ്ങിയെന്നതും ശരിയായ പാതയില്‍ മുന്നോട്ട് പോകുന്നുവെന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കും.

കോണ്‍ഗ്രസ്  പ്ലീനറി സമ്മേളനം
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം
Q

ഭാരത് ജോഡോ യാത്ര കടന്നു പോയ വഴികളിലെ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പാര്‍ട്ടിയിലേക്ക് വീണ്ടും അണിചേര്‍ക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടോ?. എന്താണ് വിലയിരുത്തല്‍?

A

കാലമാണ് അത് തെളിയിക്കേണ്ടത്. പങ്കാളിത്തം കൊണ്ട് മാത്രം വിലയിരുത്താന്‍ കഴിയുന്ന ഒന്നല്ല അത്. തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. ഇന്ത്യയിലെ പൗരന്മാരെയാണ് വോട്ടര്‍മാരെയല്ല രാഹുല്‍ ഗാന്ധി യാത്രയില്‍ അഭിസംബോധന ചെയ്തത്. ജാഥയുടെ സന്ദേശത്തില്‍ പറയുന്നതു പോലെ ജനകീയ ബദലായിരുന്നു ലക്ഷ്യം. 2024-ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ഇത്തരമൊരു യാത്രയാണോ നടത്തേണ്ടതെന്ന ചോദ്യമുണ്ടായേക്കാം.

യാത്രയിലൂടെ രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള യാത്രയായിരുന്നു അത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം 1920-കള്‍ മുതല്‍ മുന്നോട്ട് വെച്ച ജാതിമതഭാഷാ വൈവിധ്യങ്ങള്‍ക്കപ്പുറമുള്ള ബഹുസ്വരമായ ഇന്ത്യയെന്ന ആശയവും അതിനെ മുന്‍നിര്‍ത്തി ഉണ്ടാക്കിയ ഭരണഘടനയും രാഷ്ട്രസങ്കല്‍പ്പവും 2014 തൊട്ട് ഭീഷണി നേരിടുകയാണ്. ഭൂരിപക്ഷ വംശീയ ജനാധിപത്യം എന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ആശയത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. ആ ആശയം മരിച്ചു പോകുമോയെന്ന ആശങ്ക ജനാധിപത്യ മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യയെന്ന ആശയത്തെ തിരിച്ചു പിടിക്കാനാണ് ഭാരത് ജോഡോ യാത്ര ശ്രമിച്ചത്. അടിസ്ഥാനപരമായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായിട്ടായിരുന്നില്ല, ഇന്ത്യയെ തിരിച്ചു പിടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്.

ഖാർ​ഗെയും രാഹുലും
ഖാർ​ഗെയും രാഹുലും
Q

ജാതി സെന്‍സസ്, ഒബിസി പ്രത്യേക മന്ത്രാലയം, ദുര്‍ബല വിഭാഗങ്ങളുടെ അസമത്വം പഠിക്കാന്‍ സര്‍വേ ഇങ്ങനെ സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങള്‍ പ്ലീനറി സമ്മേളനം മുന്നോട്ട് വെക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇതിലൂടെ കഴിയുമോ?

A

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷവും സ്വത്വവാദ രാഷ്ട്രീയത്തിന്റെ ഭാഗമായും നോര്‍ത്തിന്ത്യയില്‍ ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ ഒ.ബി.സി വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പാര്‍ട്ടികളുണ്ടായിട്ടുണ്ടായിട്ടുണ്ട്. ആ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നവരാണ് അവിടെയുള്ള ഭൂരിഭാഗം ഒ.ബി.സി വോട്ടര്‍മാരും. മറ്റ് സംസ്ഥാനങ്ങളിലെ ഒ.ബി.സി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നത്. ക്ഷത്രിയ-ഹരിജന്‍-ആദിവാസി- മുസ്‌ളീം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക്. ബാബ്റി മസ്ജിദിന് ശേഷം കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയ മുസ്ലീങ്ങളെയും ദളിത്, ആദിവാസി വിഭാഗങ്ങളെയും ഒ.ബി.സിയേയും ഒരുപോലെ കാണുന്ന പാക്കേജ് അവതരിപ്പിക്കാമെന്നാണ് എന്റെ അഭിപ്രായം. ഒ.ബി.സി വോട്ടുകള്‍ മാത്രം ലക്ഷ്യമിടുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് അറിയില്ല.

കോണ്‍ഗ്രസ് നേരിടുന്ന അടിസ്ഥാന പ്രശ്നം എല്ലാ സംസ്ഥാനങ്ങളിലും താഴേത്തട്ടില്‍ പാര്‍ട്ടിയില്ലെന്നതാണ്. മുദ്രാവാക്യങ്ങള്‍ ഒരുപാട് ഉയര്‍ത്തിയിട്ട് കാര്യമില്ല. വോട്ടര്‍മാരുടെ വീടുകളില്‍ പോയി കണ്ട് ക്ഷേമപദ്ധതികള്‍ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടേണ്ട ആളെ കണ്ടെത്തുന്നതും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് അറിയിക്കുന്നതും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ പോകുന്നതും വോട്ടിംഗ് കേന്ദ്രത്തിലെത്തിക്കുന്നതും ഒരാളാണ്. ഇങ്ങനെ മൂന്നും നാലും തവണ ബി.ജെ.പി പ്രവര്‍ത്തകന്‍ വോട്ടറുടെ വീട്ടില്‍ കയറി ഇറങ്ങുന്നുണ്ട്. സമുദായ-ജാതി വോട്ടുകള്‍ ഒന്നിച്ച് പാര്‍ട്ടിയിലേക്ക് എത്തുന്ന സ്ഥിതി ഇപ്പോള്‍ ഇല്ല. വോട്ടര്‍മാരോട് നേരിട്ടുള്ള ബന്ധം കോണ്‍ഗ്രസിന് വേണം. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ ജാഥകളില്‍ കാണുന്ന ആളുകളെ മുന്നില്‍ വെച്ച് നമുക്ക് കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുടെയും രമേശ് ചെന്നിത്തലയുടെയുമെല്ലാം പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. അതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല. പരമ്പരാഗത പ്രവര്‍ത്തന രീതി കോണ്‍ഗ്രസ് മറികടക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമ-വികസന കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ട് മാത്രം കാര്യമില്ല. അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണം.

Q

മൂന്നാം മുന്നണി ബി.ജെ.പിയെ സഹായിക്കാനേ ഉപകരിക്കുകയുള്ളുവെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നേരത്തെയും ഇത്തരം സഖ്യങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ അത് വഴി പിരിയാറുമുണ്ട്. യു.പി തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത ചേരികളായി മത്സരിച്ചത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറാന്‍ ഇടയാക്കുകയും ചെയ്തു. 2024-ലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരില്ലേ?

A

കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 2024-ല്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് മിനിമം സീറ്റുകള്‍ നേടണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമില്‍ വരിക എന്നത് പ്രധാനമാണ്. എത്ര പേര്‍ വരുമെന്നത് പ്രശ്നമാണ്. മമ്ത ബാനര്‍ജി, ജഗന്‍മോഹന്‍ റെഡ്ഢി, ചന്ദ്രശേഖര്‍ റാവു, അരവിന്ദ് കെജ്രിവാള്‍ എന്നിവരൊക്കെ അത്തരമൊരു സഖ്യത്തിന്റെ ഭാഗമാകുമോയെന്ന വിഷയമുണ്ട്. നിതീഷ് കുമാറും ഇടതുപാര്‍ട്ടികളും എന്‍.സി.പിയുമൊക്കെ വന്നേക്കാം. ഡി.എം.കെ കൂടെയുണ്ട്. പലപ്പോഴും ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയുമെല്ലാം നിലപാടുകള്‍ കാണുമ്പോള്‍ ബി.ജെ.പിയുടെ ട്രോജന്‍ കുതിരകളാണോയെന്ന് സംശയം തോന്നാറുണ്ട്. ഗുജാറാത്തിലെ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ബാധിച്ചത് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാണ്. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഒരുപാര്‍ട്ടിയോടും പറയാന്‍ കഴിയില്ല. ഒരേ സമയം ഫാസിസത്തെ എതിര്‍ക്കുന്നുവെന്ന് പറയുകയും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. അത് തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ കാര്യമില്ല. എല്ലാവരും ഒരു പ്ലാറ്റ്ഫോമിലേക്ക് വരണമെങ്കില്‍ യു.പിയിലും ബീഹാറിലും ആന്ധ്രയിലും തെലുങ്കാനയിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് സംഘടനാപരമായും ഇലക്ട്രല്‍ സംവിധാനത്തിലും ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അത്തരമൊരു പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് പോകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലും കേരളത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ഗുജറാത്തിലും സംഘടനാപരമായി കോണ്‍ഗ്രസ് ശക്തമായതിനാല്‍ വലിയ വിട്ടുവീഴ്ച വേണ്ടി വരില്ല. യു.പിയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു സീറ്റാണുള്ളത്. അവിടെ സീറ്റുകള്‍ കുറച്ചിട്ട് എസ്.പിയെയും ബി.എസ്.പിയെയും ഒന്നിച്ച് നിര്‍ത്തി പിന്തുണയ്ക്കുകയാണ് വേണ്ടത്. 2024-ലെ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായതിനാല്‍ അത്തരമൊരു സന്ദേശം പ്ലീനറി നല്‍കുന്നുണ്ടെന്നാണ് എന്റെ തോന്നല്‍.

സോണിയ ​ഗാന്ധിയും രാഹുലും
സോണിയ ​ഗാന്ധിയും രാഹുലും
Q

ഐക്യത്തോടെയും അച്ചടക്കത്തോടെയും മുന്നോട്ട് പോകാനാണല്ലോ പ്ലീനറി സമ്മേളത്തിലെ തീരുമാനം. ഓരോ സംസ്ഥാനമെടുത്താലും പ്രധാന നേതാക്കള്‍ തമ്മില്‍ ഒത്തൊരുമയില്ലെന്ന് കാണാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ആദര്‍ശം മാറ്റിവെച്ച് ബി.ജെ.പിക്കൊപ്പം പോകുന്ന സ്ഥിതിയുമുണ്ടായി. ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ വോട്ടര്‍മാര്‍ വിശ്വസിക്കുമോ?

A

തീര്‍ച്ചയായും അത്തരമൊരു പ്രശ്നം കോണ്‍ഗ്രസ് കുറേ നാളുകളായി അഭിമുഖീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സീറ്റില്‍ വിജയിക്കുന്നവര്‍ ബി.ജെ.പിക്കൊപ്പം പോകുന്നത് വലിയ പ്രശ്നമാണ്. പ്രത്യ''യശാസ്ത്ര അടിത്തറയുള്ളവര്‍ക്ക് സീറ്റ് കൊടുക്കുകയെന്നതാണ് ഒരു വഴി. ഗുലാംനബി ആസാദിനെ പോലെയുള്ളവര്‍ വരെ പോകുന്നു. 2014 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മാത്രമല്ല തളര്‍ച്ച സംഭവിച്ചത്. എല്ലാ മതേതര ശക്തികള്‍ക്കും ഈ തളര്‍ച്ചയുണ്ട്. കൂടാതെ സമൂഹം പെട്ടെന്ന് തന്നെ ഈ ധ്രൂവീകരണ രാഷ്ട്രീയത്തിലേക്ക് മാറി. വലതുപക്ഷവത്കരിക്കപ്പെട്ട രാഷ്ട്രീയമാണിപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസാണ് ഇപ്പോള്‍ ബാക്കിയുള്ളത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവിടെ അടിത്തറ ശക്തമാണ്. അവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകേണ്ടതില്ല. ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രമാണുള്ളത്. അധികാരത്തിന്റെ ഭാഗമായി നിന്നവരാണ് കോണ്‍ഗ്രസിലെ നേതാക്കള്‍. ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമായി നിന്ന് താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് വേരുകളുണ്ടാക്കിയവര്‍ എണ്‍പതുകള്‍ മുതല്‍ കുറവാണ്. റിട്ടേയേഡ് ബ്യൂറോക്രാറ്റുകളും മറ്റുമാണ് നേതൃത്വത്തിലേക്ക് വന്നത്. അവര്‍ ഗവേണന്‍സില്‍ ശ്രദ്ധിച്ചു എന്നതല്ലാതെ സംഘടന വളര്‍ത്തിയില്ല. കേരളത്തിലും കര്‍ണാടകയും ഒഴിച്ചുള്ള ഇടങ്ങള്‍ പരിശോധിച്ചാല്‍ ഇത് കാണാം. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ വന്ന ചില നേതാക്കള്‍ ജനങ്ങളോടോ പാര്‍ട്ടിയോടോ അതിന്റെ പ്രത്യശാസ്ത്രത്തോടോ പ്രത്യേക കമിറ്റ്മെന്റ് ഇല്ലാത്തവരാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മാത്രം. അധികാരം തുടര്‍ച്ചയായി നഷ്ടപ്പെട്ടപ്പോള്‍ സ്ഥാനം കിട്ടാന്‍ സാധ്യതയുള്ള മേച്ചില്‍പുറങ്ങള്‍ തേടി അവര്‍ പോയി. കൂടാതെ അധികാരവും പണവും ഉപയോഗിച്ച് വേട്ടയാടുന്നുമുണ്ട്. അതിനെ മറികടക്കുക ബുദ്ധിമുട്ടാണ്. അത്രയേറെ ഐഡിയോളജിക്കല്‍ കമിറ്റ്മെന്റുള്ളവര്‍ക്ക് മാത്രമേ ഇതിനെ അതിജീവിക്കാനാകുകയുള്ളു.

ബി.ജെ.പിയുടെ കൈയില്‍ പണവും അധികാരവുമുണ്ട്. കോണ്‍ഗ്രസിന് മിക്ക സംസ്ഥാനങ്ങളിലും അധികാരമില്ല. സംഘടനാ ശേഷിയില്ല. പണം കൊടുക്കാന്‍ വ്യവസായികളില്ല. അപ്പോള്‍ അതിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയിലേക്ക് ആളുകള്‍ പോകുന്നുവെന്ന് മാത്രം.

പ്ലീനറി സമ്മേളനത്തിന്റെ ഒരു പോരായ്മയായി തോന്നിയത് ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ശിവിര്‍ മുന്നോട്ട് വെച്ച ആശയം ഇവിടെ കണ്ടില്ല. അത് വേണമായിരുന്നു. അങ്ങനെ ഭരണഘടനാഭേദഗതി ചെയ്യണമായിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍, കുടുംബത്തില്‍ നിന്നു മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ അവര്‍ മിനിമം അഞ്ച് വര്‍ഷം പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ടാകണം എന്നൊക്കെ നിര്‍ദ്ദേശമുണ്ടായിരുന്നു. അത് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കുറേ പേര്‍ മാറാന്‍ ഇടയാക്കുമായിരുന്നു. നടപ്പിലാക്കാനുള്ള പ്രായോഗിക പ്രശ്നങ്ങള്‍ കൊണ്ടായിരിക്കാം ഒഴിവാക്കിയത്. അടിത്തട്ട് മുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ആളുകള്‍ വരണം. കാമരാജ് പ്ലാന്‍ പോലെ ഒരു പദ്ധതിയാണ് കോണ്‍ഗ്രസിന് ഇനി വേണ്ടത്. അത്തരത്തില്‍ സംഘടനയെ ഉടച്ചുവാര്‍ക്കുന്ന പദ്ധതികളൊന്നും പ്ലീനറിയില്‍ കണ്ടില്ലെന്നത് പോരായ്മയാണ്. സാമ്പത്തിക നയങ്ങളിലും സാമൂഹ്യനീതിയിലുമൊക്കെയുള്ള പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ലക്ഷ്യങ്ങളും നല്ലതാണെങ്കിലും സംഘടനയെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തുകയുള്ളു. കര്‍ഷക-തൊഴിലാളി സംഘടനകളെ ശക്തിപ്പെടുത്തണം. ബി.ജെ.പി മാക്രോ ലെവലില്‍ ഹൈന്ദവ ധ്രൂവീകരണത്തിനായി ശ്രമിക്കുമ്പോഴും മൈക്രോ ലെവലില്‍ പല സ്ട്രാറ്റജികള്‍ പരീക്ഷിക്കുന്നുണ്ട്. മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടും ബി.ജെ.പി പ്രവര്‍ത്തിക്കുന്നുണ്ട്. അവ തമ്മില്‍ വലിയ വൈരുദ്ധ്യവും കാണാന്‍ കഴിയും. സരസ്വതി നദി പോലെയാണ് ഇപ്പോള്‍ പലയിടത്തും കോണ്‍ഗ്രസ്. താഴെയില്ല. യു.പി തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ആ വോട്ടുകള്‍ കോണ്‍ഗ്രസിനും മതേതര പാര്‍ട്ടികള്‍ക്കും ഉള്ളതാണെന്ന സ്ഥിതി മാറി. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഐഡിയോളജിക്കല്‍ ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് കൂടിയാണ് പലരും വിട്ടുപോകുന്നത്. ഐഡിയോളജിക്കല്‍ ക്ലാരിറ്റിയെക്കുറിച്ച് ശശി തരൂര്‍ മാത്രമാണ് പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. ബി.ജെ.പിയില്‍ നിന്നു കോണ്‍ഗ്രസ് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നതില്‍ എത്ര കോണ്‍ഗ്രസുകാര്‍ക്ക് ധാരണയുണ്ടെന്ന് എനിക്ക് അറിയില്ല. അങ്ങനെ ഇല്ലാത്തത് കൊണ്ടാണ് മൃദു ഹിന്ദുത്വമെന്നൊക്കെ പറയുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ ഇനിയും വലിയ വെല്ലുവിളികളുണ്ട്.

Q

നിര്‍ണായക ഘട്ടങ്ങളില്‍ നിശബ്ദനായി മാറി നില്‍ക്കുന്നുവെന്നതാണല്ലോ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പ്രധാന വിമര്‍ശനം. ലോക്സഭയിലെ സാന്നിധ്യവും ഇടപെടലും വിമര്‍ശിക്കപ്പെടുന്നുണ്ട്. പ്രതിപക്ഷത്തെ പ്രധാന നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ജാഗ്രതയോടെ ശക്തമായി ഇടപെടേണ്ടതല്ലേ?

A

പൊതുവെ ബി.ജെ.പിക്കെതിരെ ശക്തമായി ഇടപെടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മുഴുവല്‍ സമയമില്ലെങ്കിലും കാതലായ വിഷയങ്ങളില്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. പാര്‍ലമെന്റിലും ദേശീയ ''ശ്രദ്ധ കിട്ടേണ്ട വിഷയങ്ങളില്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റെല്ലാരേക്കാളും രാഹുല്‍ ഗാന്ധിയെ അവര്‍ ഭയക്കുന്നതും നെഹ്റു കുടുംബത്തെ അറ്റാക്ക് ചെയ്യുന്നതും. രാഹുല്‍ ഗാന്ധി ദേശീയ വിഷയങ്ങളില്‍ ഇടപെട്ടില്ലെന്ന് എനിക്ക് തോന്നുന്നില്ല. സംഘടനാ തലത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവെച്ചത് തെറ്റായിരുന്നു. എന്നാല്‍ പ്രതിപക്ഷത്ത് നിന്നും മോദിക്കെതിരെ ശക്തമായും വ്യക്തമായും രാഷ്ട്രീയം പറയുന്നത് രാഹുല്‍ ഗാന്ധി തന്നെയാണ്. മോദി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ പപ്പുമോന്‍ ഇമേജുണ്ടാക്കി ആക്രമിക്കുന്നത്.

സോണിയ ​ഗാന്ധി
സോണിയ ​ഗാന്ധി
Q

കാല്‍നൂറ്റാണ്ട് കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ നയിച്ച നേതാവാണ് സോണിയാ ഗാന്ധി. ഒരു വനിത ഇത്രയേറെക്കാലം ദേശീയ പാര്‍ട്ടിയെ നയിച്ച് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നു വിടവാങ്ങുകയാണ്. സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

A

ആനി ബസന്റിനും സരോജിനി നായിഡുവിനും നെല്ലി സെന്‍ഗുപ്തക്കും ഇന്ദിരാഗാന്ധിക്കും ശേഷം കോണ്‍ഗ്രസ്സിന്റെ അഞ്ചാമത്തെ വനിതാ പ്രസിഡണ്ടായ സോണിയാഗാന്ധിക്ക് തന്റെ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്ന രാഷ്ട്രീയപരിചയവും ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പൈതൃകവും അന്യമായിരുന്നു. അതോടൊപ്പം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും കോണ്‍ഗ്രസ് ഏറെ പ്രതിസന്ധികള്‍ നേരിടുന്ന കാലത്താണ് അവര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായത്. 1998-ല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ടൈറ്റാനിക് ആയിരുന്നു നൂറ്റിപ്പതിമൂന്നു വര്‍ഷങ്ങളുടെ സവിശേഷചരിത്രമുള്ള പാര്‍ട്ടി. രണ്ടു തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം കേവലം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള പാര്‍ട്ടിയായി ചുരുങ്ങിപ്പോയ, പരസ്പരം പോരടിക്കുന്ന നേതാക്കള്‍ക്കിടയില്‍ ദിശാബോധം നഷ്ടപ്പെട്ട ഒരു ദുര്‍ബലമായ സംഘടനയെ നയിക്കാനുള്ള ചരിത്രദൗത്യം അവരില്‍ വന്നുചേരുകയായിരുന്നു. ഒരു 'ഇറ്റാലിയന്‍ വിധവ'യില്‍ ആശ്രയം കണ്ടെത്താന്‍ നിര്‍ബന്ധിതമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'ആസന്നമൃതിയില്‍ ആത്മശാന്തി' നേരാന്‍ മാധ്യമങ്ങളും പൊതുസമൂഹവും മത്സരിച്ചു. ആദ്യവര്‍ഷങ്ങള്‍ ഒട്ടും തന്നെ ശുഭസൂചകമായിരുന്നില്ല. പൊതുപ്രസംഗങ്ങള്‍ ആത്മവിശ്വാസം ഇല്ലാതെ ബുദ്ധിമുട്ടി നോക്കി വായിച്ചപ്പോള്‍ അവര്‍ 'ലീഡര്‍' അല്ല വെറും 'റീഡര്‍' മാത്രമാണ് എന്ന് അപഹസിക്കപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വാജ്പേയിയുടെ സുവര്‍ണ്ണകാലമായിരുന്നു അത്. ദുര്‍ബലയും വിദേശിയുമായ ഒരു വിധവക്ക് അപ്രതിരോധ്യനായ വാജ്പേയിയുടെ മാസ്മരികതയ്ക്കു മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതോടൊപ്പം, അവര്‍ അധ്യക്ഷയായി സ്ഥാനമേറ്റെടുത്ത് ഒരു കൊല്ലത്തിനകം മുതിര്‍ന്ന നേതാക്കള്‍ ആയ ശരത് പവാറും സഗ്മയും താരിഖ് അന്‍വറും 'വിദേശജന്മം' സൂചിപ്പിച്ചുകൊണ്ട് പാര്‍ട്ടിയില്‍ കലാപമുയര്‍ത്തുകയും പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. 1999-ല്‍ വാജ്പേയ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോള്‍, 271 പേരുടെ പിന്തുണ ഉണ്ടെന്ന് രാഷ്ട്രപതിയെ അറിയിച്ച സോണിയയുടെ ആത്മവിശ്വാസത്തെ തകിടം മറിച്ചുകൊണ്ട് മുലായം സിംഗ് യാദവ് പിന്തുണ പിന്‍വലിച്ചു. അതോടെ സോണിയയുടെ പൊതുസ്വീകാര്യതക്ക് വിള്ളല്‍ വീണു. ഈ തിരിച്ചടികളില്‍ അവര്‍ പതറിയില്ല. അവര്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നുപോയ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തി. അതുകൊണ്ടുതന്നെ, 2004-ലെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്, 'ഇന്ത്യ തിളങ്ങുന്നു' എന്ന ബിജെപിയുടെ പ്രചരണത്തെ പാടെ തകര്‍ത്തുകൊണ്ട് സോണിയാഗാന്ധി കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്ക് നയിക്കുന്ന കാഴ്ചക്കാണ്. പക്ഷെ, അവര്‍ പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പായപ്പോള്‍ സുഷമാ സ്വരാജും ഉമാ ഭാരതിയും അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിദേശവനിത രാജ്യം ഭരിക്കുന്നതില്‍ അതിശക്തമായ എതിര്‍പ്പ് ഉയര്‍ത്തിക്കൊണ്ടു രംഗത്ത് വന്നു. ഈ സാഹചര്യത്തില്‍ സോണിയാഗാന്ധി തന്റെ മനസ്സാക്ഷിയുടെ പ്രേരണയ്ക്ക് വിധേയമായി പ്രധാനമന്ത്രി ആകാനില്ലെന്നു പ്രഖ്യാപിച്ചു. അവര്‍ മന്‍മോഹന്‍ സിംഗിനെ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു.

വാസ്തവത്തില്‍, ആ അധികാരനിരാസമാണ് ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് സോണിയാഗാന്ധിയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയില്‍ നീണ്ടകാലം ജീവിച്ചിട്ടും, സ്വന്തം ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടും ഏറ്റവും അരക്ഷിതമായ സ്വകാര്യജീവിതം നയിക്കേണ്ടി വന്നിട്ടും 'വിദേശിയും' , 'അധികാരമോഹിയും' ആയി സംഘപരിവാര്‍ നിരന്തരം വേട്ടയാടിയിട്ടും അതിനെയൊക്കെ അവഗണിച്ചുകൊണ്ട് സോണിയാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ ആയി പതുക്കെ വളര്‍ന്നു.

ഇടതുപക്ഷത്തെയും, ദ്രാവിഡപാര്‍ട്ടികളെയും, സോഷ്യലിസ്റ്റുകളെയും, കോണ്‍ഗ്രസ്സിനൊപ്പം അണിനിരത്തിക്കൊണ്ട് ജനക്ഷേമഭരണത്തിന്റെ ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി. ആ മുന്നണിയിലെ വിവിധകക്ഷികളെ കൂട്ടിയിണക്കിയ ചരടായിരുന്നു സോണിയാഗാന്ധി. അധ്യക്ഷയെന്ന നിലയില്‍, സോണിയാഗാന്ധി കോണ്‍ഗ്രസ്സിനു ഏറ്റവും മികച്ച സംഭാവന നല്‍കിയ കാലമായിരുന്നു അത്. ജനക്ഷേമത്തില്‍ ഊന്നിയ ബഹുസ്വരദേശീയതയിലൂടെയും സോഷ്യല്‍ ഡെമോക്രാറ്റിക് നയങ്ങളിലേക്കുള്ള തിരിച്ചുപോക്കിലൂടെയും അവര്‍ കോണ്‍ഗ്രസ്സിനു പ്രത്യയശാസ്ത്ര വ്യക്തത നല്‍കി. യു.പി.എ.മുന്നണി നടപ്പിലാക്കിയ തൊഴിലുറപ്പ്പദ്ധതി, വിവരാവകാശനിയമം, സര്‍വശിക്ഷാഅഭിയാന്‍, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയ വിപ്ലവാത്മകമായ പദ്ധതികള്‍ വെറും 'പോപ്പുലിസ്റ്റ്' പരിപാടികള്‍ ആയിരുന്നില്ല. മറിച്ച്, അവകാശങ്ങളില്‍ അധിഷ്ഠിതമായ യഥാര്‍ത്ഥ സോഷ്യല്‍ ഡെമോക്രാറ്റിക് നയരൂപീകരണത്തിന്റെ ഭാഗമായിരുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ ഉണ്ടാക്കിയ സാമ്പത്തികഅസമത്വത്തെ ഒരു പരിധിവരെ നിര്‍വീര്യമാക്കാന്‍ ഈ പദ്ധതികള്‍ സഹായിച്ചു. അങ്ങനെയാണ് 2009-ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.

അതേസമയം, സോണിയാഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഇവിടെ വലിയൊരു തെറ്റ് കൂടി സംഭവിച്ചു. 'നവലിബറല്‍ കാലത്തെ കോണ്‍ഗ്രസ് ബദല്‍' എന്ന നിലയ്ക്കും, നെഹ്രുവിയന്‍ 'വികസനദേശീയതയുടെ' സ്വാഭാവികപിന്‍ഗാമി എന്ന നിലക്കും, ഈ 'ജനക്ഷേമ-ബഹുസ്വര ദേശീയത'യെ കോണ്‍ഗ്രസ് 'പുതിയ ഇന്ത്യയുടെ' പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കാട്ടേണ്ടതായിരുന്നു. കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനകളെയും പ്രാദേശികഘടകങ്ങളെയും ഉപയോഗിച്ച് രാജ്യമെമ്പാടും വ്യാപകമായി പ്രചരിപ്പിക്കാമായിരുന്നു. പക്ഷെ, കോണ്‍ഗ്രസും സോണിയാഗാന്ധിയും അന്ന് ചെയ്തത് ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സംഘടനയെ ബൂത്ത് തലം മുതല്‍ ജനാധിപത്യപരമായി ഉടച്ചു വാര്‍ക്കുന്നത് അവഗണിക്കുകയുമാണ്. ജനക്ഷേമപദ്ധതികളുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'പ്രത്യയശാസ്ത്രമേല്‍ക്കോയ്മക്ക്' വേണ്ടി രാഷ്ട്രീയമായി ഉപയോഗിക്കാതിരുന്നതും പാര്‍ട്ടിയുടെ 'കൈയൊപ്പ്' ഇല്ലാതെ ഈ പദ്ധതികള്‍ നടപ്പിലാക്കിയതും ആണ് പിന്നീടുള്ള കാലത്ത് കോണ്‍ഗ്രസ്സിന്റെ ഭാവിയെ തകര്‍ത്തു കളഞ്ഞ ഒരു കാരണം. കോണ്‍ഗ്രസ്സിന്റെ പദ്ധതികള്‍ ജനതയുടെ 'നീതിയുക്തവും ന്യായവുമായ അവകാശങ്ങള്‍' ആയിട്ടാണ് നടപ്പിലാക്കപ്പെട്ടതെങ്കില്‍, ബിജെപിയുടെ എല്ലാ ജനക്ഷേമപദ്ധതികളും 'രാജര്‍ഷിയായ മോദിയുടെ ഉദാരതയും, സമ്മാനവും' ആയി അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ചാണ് രാജ്യമൊട്ടാകെ അവതരിപ്പിക്കപ്പെട്ടത്. ഒരുപക്ഷേ, ജനക്ഷേമ-ബഹുസ്വരദേശീയതയുടെ നരേറ്റീവ് കൃത്യമായി ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ യു.പി.എ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഭൂരിപക്ഷവംശീയതയില്‍ ഊന്നിയ സാംസ്‌കാരികദേശീയത ഇന്ത്യയില്‍ എളുപ്പത്തില്‍ വേര് പിടിക്കില്ലായിരുന്നു.

2011-നു ശേഷമുള്ള സോണിയാഗാന്ധിയുടെ കാലം പ്രതിസന്ധികളുടേതായിരുന്നു. രണ്ടാം യു.പി.എ കാലത്ത് അനാരോഗ്യം മൂലം കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതും അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ അവര്‍ക്ക് ഏറെ സംഘര്‍ഷം നല്‍കി. പിന്നീടു രണ്ടു തിരഞ്ഞെടുപ്പുകളിലെ പരാജയവും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഓരോ സംസ്ഥാനങ്ങളിലായി ഭരണം നഷ്ടപ്പെടുന്നതും ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിയെ പുനരുജീവിപ്പിക്കാന്‍ കഴിയാത്തതും രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനമൊഴിഞ്ഞതും ആരോഗ്യം ക്ഷയിച്ച അവസ്ഥയില്‍ അതിനേക്കാള്‍ രോഗഗ്രസ്തമായ ഒരു സംഘടനയെ നയിക്കാന്‍ വിധിക്കപ്പെട്ടതും ഒക്കെ സോണിയാഗാന്ധിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായിരുന്നു. ജി-23 എന്ന പേരില്‍ ഒരു കൂട്ടം മുതിര്‍ന്ന നേതാക്കള്‍ കത്തെഴുതിയതും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. കഠിനമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിട്ടും അവര്‍ അധ്യക്ഷസ്ഥാനത്തു തുടര്‍ന്നത് ഒരു പിളര്‍പ്പ് താങ്ങാനുള്ള കരുത്ത് പാര്‍ട്ടിക്ക് ഇല്ലാത്തത് കൊണ്ടായിരുന്നു.

സോണിയാഗാന്ധി പടിയിറങ്ങുന്നത് കോണ്‍ഗ്രസ്സിനെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവെച്ചു കൊണ്ടാണ്. 'ചിന്തന്‍ ശിവിര്‍', ഭാരത് ജോഡോ യാത്രയുടെ വിജയം, തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ തുടങ്ങിയവ പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ ഊര്‍ജം ചെറുതല്ല. പുത്തന്‍ പ്രതീക്ഷകളുടെ വിത്തിറക്കിയാണ് അവര്‍ ഖാര്‍ഗെയെ പാര്‍ട്ടിസംഘാടനം ഏല്‍പ്പിക്കുന്നത്. അതിന്റെ വിളവെടുക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുമോ എന്ന് വരുംകാലം തെളിയിക്കും.

സോണിയാഗാന്ധി കുറ്റമറ്റ അധ്യക്ഷ ആയിരുന്നില്ല. പക്ഷേ, തനിക്ക് പൂര്‍ണ്ണമായും അന്യമായ ഒരു സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും അമ്പരപ്പിക്കുന്ന വേഗത്തില്‍ മനസ്സിലാക്കുകയും അതിനോട് അലിഞ്ഞുചേര്‍ന്ന് അസാധാരണമായ പ്രായോഗികബുദ്ധിയോടെ ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ സംഭ്രമിപ്പിക്കുന്ന കുറുക്കുവഴികളിലൂടെ ഏറ്റവും പ്രതികൂലമായ ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കുകയും ചെയ്തു എന്നത് നിസ്സാരകാര്യമല്ല. ഭര്‍ത്താവിന്റെ കൊലയാളികളോട് പോലും കാണിച്ച സഹാനുഭൂതിയും വിമര്‍ശനങ്ങള്‍ക്ക് നേരെയുള്ള പക്വമായ സമീപനവും വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷതയും അധികാരത്തോടുള്ള നിര്‍മ്മമതയും സോണിയാഗാന്ധിയെ എന്നും വേറിട്ട് നിര്‍ത്തി. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലും അവര്‍ കോണ്‍ഗ്രസ് എന്ന വിശാലമായ പ്ലാറ്റ്ഫോമിനെ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണിയായി. അതുകൊണ്ടുതന്നെ, സോണിയാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ അവഗണിക്കാനാവാത്ത സാന്നിധ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in