പി.എച്ച്.ഡി വിവാദം, അമ്മയോടൊപ്പം റിസോർട്ടിൽ ഒരു വർഷമായി താമസിക്കുന്നുവെന്ന മാധ്യമവാർത്തകൾക്ക് പിന്നാലെയുള്ള പ്രതികരണം,
സൈബർ ആക്രമണം. ചിന്താ ജെറോം സംസാരിക്കുന്നു
യുവജന കമ്മീഷന്‍ അധ്യക്ഷയും സി.പി.എം സംസ്ഥാന സമിതി അംഗവുമാണ് ചിന്ത ജെറോം. തുടര്‍ച്ചയായി വിവാദങ്ങളിലേക്ക് ചിന്തയുടെ പേര് ഉയര്‍ന്നുവരുന്നത് എന്തുകൊണ്ടാണ്?
വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് പൊതുജന മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. അപ്പോള്‍ സ്വാഭാവികമായും പ്രവര്‍ത്തനങ്ങളും കാര്യങ്ങളുമെല്ലാം ജനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യും. അതില്‍ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവരും ഉണ്ടാകും. അവര്‍ ആ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപം അഴിച്ചു വിടുന്നു. അതുകൊണ്ടാണ് കുപ്രചരണങ്ങള്‍ ഉണ്ടാകുന്നത്.
റിസോര്‍ട്ടില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളിലേക്ക് ചിന്തയുടെ അമ്മയുടെ പേര് കൂടി വന്നു. വ്യക്തിപരമായ അധിക്ഷേപം കുടുംബത്തിലേക്ക് കൂടി എത്തുന്നുവെന്ന് തോന്നുന്നുണ്ടോ?
അമ്മ എനിക്കൊപ്പം പാര്‍ട്ടി പരിപാടികളിലും കമ്മീഷന്റെ പ്രോഗ്രാമുകളിലുമൊക്കെയായി എല്ലാ യാത്രകളിലും ഒപ്പമുണ്ടാകുന്ന ആളാണ്. എല്ലാ കാര്യങ്ങളും നല്ല ബോധ്യമുള്ള ആളാണ്. അമ്മയുടെ അസുഖത്തെക്കുറിച്ചൊക്കെ പുറത്ത് പരസ്യമായി പറയണമെന്ന് കരുതിയിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അമ്മയ്ക്ക് സ്‌ട്രോക്ക് വന്ന കാര്യമൊക്കെ അറിയുമായിരുന്നുള്ളു. അതൊക്കെ തുറന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. എന്റെ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു വിവാദമുണ്ടായത് കൊണ്ട് അമ്മയുടെ കാര്യവും പറയേണ്ട സാഹചര്യം വന്നു.
കൊല്ലത്തെ ഇത്ര വലിയ റിസോര്‍ട്ട് ചെറിയ തുകയ്ക്ക് വാടകയ്ക്ക് ലഭിക്കുമോയെന്ന സ്വാഭാവിക സംശയം നിലനില്‍ക്കില്ലേ. മാതൃകയാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വാധീനം ഉപയോഗിച്ചുവെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കുണ്ടാകില്ലേ?
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അപ്പാര്‍ട്‌മെന്റ് വാടകയ്‌ക്കെടുത്തതെന്ന് ആരോപിക്കുന്നവര്‍ അത് തെളിയിക്കണം. വെറുതെ അന്തരീക്ഷത്തിലേക്ക് ആരോപണം ഇട്ടിട്ട് പോകരുത്. അവിടെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനമാണത്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്ത് അതുപോലൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലല്ലോ. അതിനെക്കുറിച്ചൊക്കെ അന്വേഷിക്കേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. എവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കുകയോ താമസിക്കുകയോ ചെയ്യുമ്പോള്‍ ആ സ്ഥാപനം നിയമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്നെല്ലാം പരിശോധിക്കില്ലല്ലോ. അതൊക്കെ പരിശോധിക്കേണ്ട ഏജന്‍സികളും സ്ഥാപനങ്ങളും ഉണ്ടാല്ലോ. അവരുടെ ഉത്തരവാദിത്തമാണത്. ഇത്തരം കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുകയോ എന്തെങ്കിലും സഹായം ചെയ്യുകയോ ഉണ്ടായെന്ന് ആരോപണം ഉന്നയിച്ചവര്‍ പറയണം. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും ഇടപെടല്‍ നടത്തി സഹായിക്കുന്ന ആളല്ല. കമ്മിഷന്റെ മുന്നിലെത്തുന്ന ജെനുവിനായിട്ടുള്ള പരാതികളില്‍ സമയബന്ധിതമായി പരിഹാരം കാണാന്‍ ശ്രമിക്കാറും ഇടപെടാറുമുണ്ട്. അല്ലാതെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി നിയമപ്രകാരമല്ലാതെ ഒരു ഇടപെടലും നടത്താറില്ല. വീട് പൊളിക്കുന്ന സമയത്ത് മാറി താമസിക്കേണ്ടി വന്നു. അപ്പോള്‍ ഗീത ചേച്ചിയാണ് അവരുടെ അപ്പാര്‍ട്‌മെന്റ് ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും അവിടെ താമസിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചത്. വീടുപണിയായതിനാല്‍ ദീര്‍ഘകാലം മാറി താമസിക്കേണ്ടി വരുമല്ലോ. നേരത്തെ ചൈനയിലെല്ലാം പോയപ്പോള്‍ അമ്മ അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. കൊല്ലം ടൗണിലാണ് 20000 രൂപ അപ്പാര്‍ട്‌മെന്റിന് വാടക നിശ്ചയിച്ചത്. യാത്രകള്‍ക്കെല്ലാം സൗകര്യം ടൗണില്‍ തന്നെ താമസിക്കുന്നതാണല്ലോ. സഹായത്തിനുള്ള ചേച്ചിയും ഉള്ളതിനാല്‍ മൂന്ന് ബെഡ് റൂമുള്ള ഫ്‌ളാറ്റ് ആവശ്യമായിരുന്നു. വൈദ്യുതി ഉള്‍പ്പെടെയാണ് ഈ തുക നല്‍കിയത്. അത് ഭീമമായ തുകയാണെന്ന് എനിക്ക് തോന്നിയില്ല. 20000 രൂപയ്ക്ക് തരാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ച് താമസിച്ചു. അമ്മ ഇപ്പോഴും ചികിത്സയിലാണ്.
നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടിക്കകത്ത് നിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടോ?
പാര്‍ട്ടി നൂറ് ശതമാനം പിന്തുണയ്ക്കുന്നുണ്ട്. എന്നെ പരിചയമുള്ള ആരും ഇത്തരം ആരോപണം ഉന്നയിക്കില്ല. ഞാനതിന് ഇടനല്‍കിയിട്ടില്ലെന്നാണ് വിചാരിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവരെ നോക്കൂ വ്യക്തിപരമായി എപ്പോഴെങ്കിലും എന്നോട് സംസാരിച്ചിട്ടുള്ള ഒരാള്‍ അതിലുണ്ടാകില്ല. ഞാന്‍ എല്ലാവരോടും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. അറിയാത്തവരാണ് വിമര്‍ശിക്കുന്നത്. സോഷ്യല്‍മീഡിയയിലെ കള്ളങ്ങളും പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതുമെല്ലാം വിശ്വസിച്ചവരായിരിക്കാം. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവരാണ് എന്നോട് ദേഷ്യം പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിയിലുള്ളവരുടെ അകമഴിഞ്ഞ പിന്തുണ എനിക്കുണ്ട്. വീഴ്ചകളുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിച്ച് തരും. അത് തിരുത്തി പോകാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ നിന്നെല്ലാം പൂര്‍ണ പിന്തുണയുണ്ട്.
ആരോപണങ്ങള്‍ ഉയരുമ്പോള്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നതിനപ്പുറം നിയമപരമായി നേരിടാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്?
സോഷ്യല്‍ മീഡിയയിലാണ് അരോപണങ്ങള്‍ ഉയരാറുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുണ്ടായ പോസ്റ്റുകള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പരാതി നല്‍കിയിരുന്നു. അതില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നടപടി ഉണ്ടാവുകയും ചെയ്തു. പിന്നീട് അത്രയേറെ ഗൗരവത്തില്‍ ഇത്തരം വിഷയങ്ങളെ ഞാന്‍ എടുക്കാറില്ല. ആവശ്യമെങ്കില്‍ ഇനി നിയമനടപടികളിലേക്ക് പോകും. കമ്മിഷന്റെയും പൊതുപ്രവര്‍ത്തനത്തിന്റെയും തിരക്കുണ്ട്. അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതിനിടെ ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി എനര്‍ജി കളയേണ്ടല്ലോയെന്ന് കരുതും. എന്നാല്‍ ഗുരുതരമായ കള്ളപ്രചരണങ്ങള്‍ നടത്തി നിഷ്‌കളങ്കരായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നിയമ നടപടികള്‍ സ്വീകരിക്കും.
രാഷ്ട്രീയമെന്നതിനേക്കാള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുന്നതായി തോന്നാറുണ്ടോ. സ്ത്രീവിരുദ്ധമായതലത്തിലേക്ക് ആരോപണങ്ങള്‍ മാറുന്നില്ലേ?
ഞാന്‍ രാഷ്ട്രീയ വിമര്‍ശനങ്ങളാണ് ഉന്നയിക്കാറുള്ളത്. വിമര്‍ശിക്കണമെന്ന് തോന്നുന്ന വിഷയങ്ങളില്‍ ഭയമില്ലാതെ വിമര്‍ശിച്ചിട്ടുണ്ട്. അതിനെ രാഷ്ട്രീയമായി നേരിടാതെ വ്യക്തിപരമായി കടന്നാക്രമിക്കുന്നത് കാണാറുണ്ട്. അത് അവരുടെ ശൈലി. കഴിഞ്ഞ ദിവസം പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള ആരോപണങ്ങളും പരാതികളും കുറച്ച് ആളുകള്‍ വിളിച്ച് അറിയിച്ചു. നമ്മള്‍ അങ്ങനെ ഒരാളെ വ്യക്തിപരമായി ആക്രമിക്കേണ്ടതില്ലെന്ന് പറഞ്ഞു. തെറ്റു ചെയ്തി്ട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകട്ടെ. അവരെ ആക്രമിക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനോ ഞാനില്ല. എസ്.എഫ്.ഐ കാലം മുതല്‍ തുടരുന്ന രീതിയാണിത്. എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ബാധിക്കുന്നില്ല. ഞാനിതിനെയൊന്നും വ്യക്തിപരമായി കാണുന്നില്ല. എല്ലാം പൊളിറ്റിക്കലാണ്. ആശയപരമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വസ്തുതകള്‍ തുറന്ന് പറഞ്ഞ് പൊളിറ്റിക്കലായി നേരിടാനാണ് ആഗ്രഹിക്കുന്നത്.
വനിത പ്രവര്‍ത്തക എന്ന നിലയില്‍ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോ?
രാഷ്ട്രീയത്തിലുള്ള എല്ലാവരെയും പോലെ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇടതുപക്ഷത്ത് നില്‍ക്കുന്നത് കൊണ്ട് അതിന് വിരുദ്ധമായ ചേരിയിലുള്ള ചിലര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നതിനപ്പുറമൊന്നും ഞാന്‍ കാണുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധമായ കമന്റുകളും പോസ്റ്റുകളും വരാറുണ്ട്. അവര്‍ കുറച്ച് കൂടി പക്വതയോടെ പെരുമാറണം. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയും സാംസ്‌കാരിക മുന്നേറ്റവും നടന്നിട്ടുള്ള ഒരു നാട്ടില്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നവര്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണം. സ്ത്രീവിരുദ്ധതയില്ലാത്ത സോഷ്യല്‍ മീഡിയ കള്‍ച്ചര്‍ ഇവിടെ രൂപപ്പെടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
പി.എച്ച്.ഡി വിഷയത്തില്‍ വിവാദമുണ്ടായപ്പോള്‍ തുടക്കത്തില്‍ പ്രതികരിക്കാതിരുന്നതും പ്രതികരിച്ചപ്പോള്‍ അതില്‍ ന്യായീകരണ സ്വഭാവം വന്നതും തിരിച്ചടിയായില്ലേ?
മൗനത്തിലായിരുന്നില്ല. പി.എച്ച്.ഡി വിഷയം ആദ്യം വിളിച്ച് ചോദിക്കുന്നത് ഏഷ്യാനെറ്റിലെ വിപിന്‍ എന്ന റിപ്പോര്‍ട്ടറാണ്. ഞാന്‍ ആ സമയത്ത് കോട്ടയത്ത് യൂത്ത് കമ്മീഷന്റെ പരിപാടിയിലാണ്. തീസിസിന്റെ കോപ്പി വീട്ടിലായിരുന്നു. താങ്കളുടെ തീസിസില്‍ തെറ്റുണ്ടെന്നും വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് എഴുതിയിരിക്കുന്നതെന്നും ബിപിന്‍ പറഞ്ഞു. അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും സൂക്ഷമമായി പരിശോധിച്ചതാണെന്നും മറുപടി നല്‍കി. അതിന്റെ കോപ്പി ബിപിന്‍ അയച്ചു തന്നു. ഇത് തീസിസിലേത് തന്നെയാണോ തിരുത്തിയതാണോയെന്ന് ഉറപ്പില്ലായിരുന്നു. ആരോ അയച്ചു കൊടുത്തതാണെന്നും വെയ്റ്റ് ചെയ്യാമെന്നും ബിപിന്‍ പറഞ്ഞു. ജില്ലാ രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നതിനായി കോട്ടയത്ത് നിന്നും മണിയാശാനൊപ്പം ഇടുക്കിയിലേക്കായിരുന്നു പിന്നെയുള്ള യാത്ര. തീസിസ് പരിശോധിക്കാന്‍ സമയം കിട്ടിയില്ല. സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞ് യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ കോപ്പി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം അവര്‍ എടുത്ത് നോക്കിയപ്പോഴാണ് തെറ്റുണ്ടെന്ന് മനസിലായി. ഗൈഡുമായി സംസാരിച്ചപ്പോള്‍ അത്തരമൊരു തെറ്റ് അദ്ദേഹത്തിന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല. ഞങ്ങളെല്ലാം ആവര്‍ത്തിച്ച് വായിച്ചതാണ്. എത്രയോ തെറ്റുകള്‍ തിരുത്തിയതാണ്. ഗവേഷണ പ്രബദ്ധം വെക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ വരാത്ത, മനുഷ്യ സഹജമായ തെറ്റുകള്‍ ഉറപ്പായും ഉണ്ടാകും. എന്റെത് മാത്രമല്ല അത്തരം ചെറിയ തെറ്റുകള്‍ കാണാം. ഇടുക്കിയിലെ യോഗം കഴിഞ്ഞപ്പോള്‍ ചില മാധ്യമ സുഹൃത്തുക്കള്‍ വന്ന് പ്രതികരിക്കുന്നുണ്ടോയെന്ന് ചോദിച്ചു. അവരോട് മാത്രമായി പ്രതികരിക്കേണ്ടതില്ലെന്ന് കരുതിയിട്ട് പിറ്റേദിവസത്തേക്ക് മാറ്റി. ജില്ലയിലെ അദാലത്ത് കഴിഞ്ഞ് എന്റെ കൈയിലുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ചു. അതിനിടെ വലിയ പ്രചരണം നടന്നു. സമാനമായ തെറ്റ് മറ്റൊരു പുസ്തകത്തിലും ഉണ്ട്. അത് കോപ്പിയടിച്ചതാണെന്നായിരുന്നു പ്രചരണം. തീസിസ് കോപ്പിയടിച്ച് വെന്ന് ആരോപിക്കുന്നവര്‍ വസ്തുതാവിരുദ്ധമായ കാര്യമാണ് പറയുന്നത്. യൂണിവേഴ്‌സിറ്റിയുടെ സൈറ്റിലൂടെ പരിശോധിച്ച് സിമിലാരിറ്റി എത്രയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് തീസിസിനൊപ്പം ഹാജരാക്കണം. പത്ത് ശതമാനമാണ് അനുവദനീയമായതെങ്കില്‍ നാല് ശതമാനമാണ് എന്റെ തീസിസിലുള്ളത്. അതുണ്ടായിരിക്കെയാണ് മറ്റ് പല പുസ്തകങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ഇവിടെ പലരും ആരോപിക്കുന്നത്. ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ പോലും അത് റഫറന്‍സില്‍ ചേര്‍ക്കണം. ആ പുസ്തകം ഞാനതില്‍ വെച്ചിട്ടുണ്ട്. അത് വായിച്ച് പോയപ്പോള്‍ പറ്റിയ തെറ്റായിരിക്കാം. എങ്കിലും തെറ്റാണ്. സിമിലാരിറ്റി നാല് ശതമാനമേ ഉള്ളുവെങ്കിലും കോപ്പിയടിയാണെന്ന് രാത്രി ചര്‍ച്ച നടത്തി. എങ്ങനെയാണ് ഇതുപോലൊരു വിഷയത്തില്‍ കോപ്പി അടിക്കുക. ഗവേഷണ കാലയളവില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രത്തെ കൂടി ഉള്‍പ്പെടുത്തിയാണ് തീസിസ്. പഠനങ്ങള്‍ വളരെ കുറവായിരുന്നു. അങ്ങനെയൊരു തീസിസ് എങ്ങനെയാണ് പകര്‍ത്തി എഴുതുക?. വസ്തുതാപരമായ പിശകുണ്ടായിരുന്നത് കൊണ്ട് ഇത്തരം പ്രചരണങ്ങള്‍ക്ക് കൂടുതല്‍ ബലം കിട്ടി എന്നതാണ് വസ്തുത.
രാഷ്ട്രീയ പദവികളിലേക്ക് എളുപ്പത്തില്‍ കയറി വരുന്നുവെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടാറുണ്ടോ?
കമ്മീഷനിലെ പദവി ജോലിയല്ല. യു.ജി.സി നെറ്റും ജെ.ആര്‍.എഫും കിട്ടിയപ്പോള്‍ തന്നെ കോളേജ് അധ്യാപികയാകാന്‍ യോഗ്യതയുണ്ടായിരുന്നു. ആ ഘട്ടത്തിലെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടരണമെന്നാണ് ആഗ്രഹിച്ചത്. ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ യുവജന കമ്മീഷന്‍ രൂപീകരിക്കുകയും ചെയര്‍പേഴ്‌സണായി നിയമിക്കുകയും ചെയ്തു. 18നും 40നും ഇടയില്‍ പ്രായമുള്ള ഒരാളായിരിക്കണമെന്നാണ് കമ്മീഷന്റെ ആക്ടില്‍ പറഞ്ഞിരിക്കുന്നത്. ആ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചു. അതൊരിക്കലും ജോലിയായിരുന്നില്ല. യൂത്ത് കമ്മിഷന്‍ രൂപീകരിച്ചതും ആര്‍.വി രാജേഷിനെ ചെയര്‍മാനാക്കിയതും യു.ഡി.എഫാണ്. എല്‍.ഡി.എഫ് വന്നപ്പോള്‍ എന്നെ നിയമിച്ചു. അതിന് പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ടായിരുന്നില്ല. കുറച്ച് കാലത്തേക്കുള്ള ഉത്തരവാദിത്തം.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കുമോ തുടര്‍ച്ചയായുള്ള ആരോപണങ്ങള്‍. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള പേരാണല്ലോ ചിന്തയുടേത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ?
തെരഞ്ഞെടുപ്പുകള്‍ വരികയും പോവുകയും ചെയ്യും. ഡിഗ്രി ഒന്നാം വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണും സിണ്ടിക്കേറ്റിലും സെനറ്റിലും മെമ്പറുമായി. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവുമായി. ഇതിനിടെ എന്തെല്ലാം വിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടായി. ആരെങ്കിലും ബോധപൂര്‍വ്വം ചെയ്യുന്നതായി കാണുന്നില്ല. രാഷ്ട്രീയമായ എതിര്‍പ്പുള്ളവര്‍ ഇന്നലെയും പറഞ്ഞു ഇന്നും പറയുന്നു നാളെയും പറയും. തെറ്റുപറ്റാതെ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയും ആരെങ്കിലും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാല്‍ വസ്തുതാപരമാണെങ്കില്‍ തിരുത്തി വിനയാന്വിതമായി മുന്നോട്ട് പോകുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്.