ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ പരീക്ഷണശാലയാകുകയാണ് അസം|അഖില്‍ ഗൊഗോയ് | അഭിമുഖം

ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ പരീക്ഷണശാലയാകുകയാണ് അസം|അഖില്‍ ഗൊഗോയ് | അഭിമുഖം
Published on

ബി.ജെ.പിക്ക് കീഴില്‍ അസം വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുകയാണെന്ന് പറയുകയാണ് ദ ക്യുവിന് അനുവദിച്ച അഭിമുഖത്തില്‍ അസമിലെ സിബ്‌സാഗറില്‍ നിന്നുള്ള എം.എല്‍.എ അഖില്‍ ഗൊഗോയ്. 2019ല്‍ പൗരത്വ സമരങ്ങളുടെ ഭാഗമായി ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റിലാക്കപ്പെട്ട അഖില്‍ ഗൊഗോയ് തടവറയില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഖില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. റായ്‌ജോര്‍ ദര്‍ പാര്‍ട്ടിയുടെ പ്രസിഡന്റുമാണ് അഖില്‍.

അഴിമതിയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

അണ്ണാ ഹസാരെയുടെ മുന്‍കൈയില്‍ ഇന്ത്യാ എഗയിന്‍സ്റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റം രൂപംകൊണ്ടപ്പോള്‍ തുടക്കത്തില്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പുറത്തുപോവുകയായിരുന്നു.

2021 ജൂലായ് ഒന്നിന് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച അഖില്‍ ഗൊഗോയിയെ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് എന്‍.ഐ.എ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

അസമിലെ ധാരങ്ങില്‍ നടന്ന ക്രൂരമായ പൊലീസ് വെടിവെപ്പ് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി. അസമില്‍ നിന്നുള്ള നിയമസഭ പ്രതിനിധി എന്ന നിലയില്‍ എങ്ങനെയാണ് ഈ വിഷയത്തെ കാണുന്നത്?

ഒരു സര്‍ക്കാര്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വര്‍ഗീയവല്‍ക്കരിക്കാന്‍ അത്യന്തം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ. ബി.ജെ.പി നയിക്കുന്ന അസം സര്‍ക്കാരിന്റെ ദുഷിച്ച വര്‍ഗീയ രൂപകല്‍പ്പനയുടെ ഭാഗമായിരുന്നു ധാരങ്ങിലെ ദാരുണവും മനുഷ്യത്വരഹിതവുമായ സംഭവം. അങ്ങനെ തന്നെ അതിനെ കാണണമെന്നാണ് അഭിപ്രായം.

ഹിമന്ത ബിശ്വ ശര്‍മ്മ
ഹിമന്ത ബിശ്വ ശര്‍മ്മ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കുടിയേറ്റ ജനതയെ പുറത്താക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധാരങ്ങിലെ സംഭവത്തെയും ഇതിനോട് ചേര്‍ത്തു തന്നെയാണോ വായിക്കേണ്ടത്. മുസ്ലിം വിരുദ്ധതയുടെ പരീക്ഷണശാലയാകുകയാണോ അസം?

2017 മുതല്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ അസമില്‍ നടക്കുന്നുണ്ട്. ഇതുപോലുള്ള കുടിയൊഴിപ്പിക്കലിനെ എതിര്‍ത്തതിന്റെ ഭാഗമായാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി എന്നെ ജയിലില്‍ അടച്ചത്.

കുടിയൊഴിപ്പിക്കലാണ് തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമെന്ന് ഈ സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കുടിയൊഴിപ്പിക്കലിലൂടെ ഈ സര്‍ക്കാര്‍ സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പാവങ്ങളെയും അവര്‍ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തെ ധ്രൂവീകരിച്ചു കൊണ്ടിരിക്കുകയാണ്.

ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ പരീക്ഷണശാലയാകുകയാണ് അസം|അഖില്‍ ഗൊഗോയ് | അഭിമുഖം
ദുരിതത്തിന്റേതാണ് 'ഗുജറാത്ത് മോഡല്‍',ആളുകള്‍ക്ക് മോദിയെ മടുത്തു; ജിഗ്‌നേഷ് മേവാനി, അഭിമുഖം

താങ്കളുടെ പാര്‍ട്ടി ഇത് സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകാനുള്ള മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലാണെന്ന് പറഞ്ഞിട്ടുണ്ട്?

ഇത് മനുഷ്യത്വരഹിതം എന്ന വാക്കിനും അപ്പുറമാണ്. തങ്ങള്‍ ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളില്‍ കുറ്റബോധം പോലുമില്ല ഈ സര്‍ക്കാരിന്.

പാവങ്ങള്‍ക്ക് സഹായം നല്‍കാന്‍ പോലും അവര്‍ തയ്യാറല്ല. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ദരിദ്രരില്‍ ദരിദ്രരാണ്. അതിലുപരിയായി ഇത്തരം പ്രവൃത്തിയിലൂടെ ബി.ജെ.പിയും ആര്‍.എസ്.എസും ഒരുമിച്ച് സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്താനാണ് ശ്രമിക്കുന്നത്.

ഹിന്ദുത്വ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ പരീക്ഷണത്തിന്റെ പരീക്ഷണശാലയാകുകയാണ് ഇവിടം.

അസമിലെ മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന സര്‍ക്കാരിന്റെ കന്നുകാലി സംരക്ഷണ നിയമം, 2021നെതിരെ താങ്കളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നല്ലോ?

ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടായ്മ അവരുടെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ തുറന്നു പറയുന്നുണ്ട്. മിക്ക സര്‍ക്കാര്‍ പരിപാടികളും ഇപ്പോള്‍ ഈ രീതിയിലാണ് രൂപകല്‍പ്പന ചെയ്യുന്നതും.

തന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയം അക്രമോത്സുകമാണെന്ന് ഉറപ്പുവരുത്തുന്ന ഒരു അവസരവും മുഖ്യമന്ത്രി ഉപേക്ഷിക്കുന്നില്ല. ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഒരു അവസരവും ഉപേക്ഷിക്കുന്നില്ല. യോഗി ആദിത്യനാഥിനെ പോലും അദ്ദേഹം ഇതിനകം മറികടന്നിട്ടുണ്ട്.

രാഷ്ട്രീയ അരാജകത്വത്തിന്റെ കേന്ദ്രമായി അസം മാറുകയാണെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഹിമാന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാരിന് കീഴില്‍ അസമില്‍ നിരവധി എന്‍കൗണ്ടറുകളാണ് നടന്നത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാകുകയല്ലേ?

ഈ ഏറ്റുമുട്ടലുകളെല്ലാം നിയമവിരുദ്ധമാണ്. പക്ഷേ ഇത് തുടരാന്‍ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. മിക്കവാറും എല്ലാ ദിവസവും ഒരു ഏറ്റുമുട്ടലും നിരവധി മരണങ്ങളും സംഭവിക്കുന്നു.

ആളുകളെ ഭയപ്പടുത്തി തന്റെ വാക്കാണ് ഇവിടെ നിയമമെന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഒരു ഗുണ്ടയുടെയോ മാഫിയ തലവന്റെയോ പ്രവൃത്തിയാണ് മുഖ്യമന്ത്രിയുടേത്. ഇത് വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്.

അസമില്‍ നിന്നുള്ള വാര്‍ത്തകള്‍ ബോധപൂര്‍വ്വം മാധ്യമങ്ങള്‍ തിരസ്‌കരിക്കുകയാണ് എന്ന് കരുതുന്നുണ്ടോ?

അതാണ് ഏറ്റവും നിര്‍ഭാഗ്യകരമായത്.

അസമിലെ നെല്ലിക്കൂട്ടക്കൊല നിരവധി പേരുടെ ജീവനാണ് എടുത്തത്. ബി.ജെ.പി അവിടെ മുതലെടുപ്പിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. അസമില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കരുതുന്നുണ്ടോ?

ബി.ജെ.പി- ആര്‍.എസ്.എസ് അധികാരത്തില്‍ ഇനിയും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കുകയാണെങ്കില്‍ അസം തകരുമെന്ന് ഉറപ്പാണ്. അസമിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് തിരിച്ചറിയേണ്ടതുണ്ട്. പ്രതീക്ഷയില്ലാത്ത അവസ്ഥയിലേക്ക് ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ കൊണ്ടുവരാന്‍ അധികം സമയം ആവശ്യമില്ല. നമുക്ക് മുന്നില്‍ സമയം കുറവാണ്.

അസമിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് കാണുന്നത്

ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ഒരു എ.ഐ.ഡി.യു.എഫ് എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കാരണം കൊണ്ട് തന്നെ അസമില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അടിത്തട്ടില്‍ കോണ്‍ഗ്രസ് ദിശയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

അവര്‍ക്കിപ്പോഴും ഒരു വല്യേട്ടന്‍ ഭാവമാണ്. അമ്പതുകളിലെയോ അറുപതുകളിലെയോ പോലെ ശക്തരല്ല തങ്ങളെന്ന് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. എ.ഐ.ഡി.യു.എഫ് തികച്ചും വര്‍ഗീയ സ്വഭാവമുള്ള പാര്‍ട്ടിയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളിലെ അവരുടെ വളര്‍ച്ച ബി.ജെ.പിയെയാണ് സഹായിച്ചത്. അസമിലെ കൊച്ചുകുട്ടിക്കു പോലും ഇതൊക്കെ അറിയാം.

ആഴ്ചകള്‍ക്ക് മുമ്പാണ് അസമിലെ എ.ഐ.ഡി.യു.എഫിന്റെ മുതിര്‍ന്ന നേതാവ് അസം മുഖ്യമന്ത്രി ഒരു മഹാനായ നേതാവാണെന്ന് പറഞ്ഞത്. അദ്ദേഹം പരസ്യമായി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തെ പിന്തുണക്കുകയായിരുന്നു.

സി.എ.എ, എന്‍.ആര്‍.സി നടപ്പിലാക്കാനുള്ള ആദ്യപടിയാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ എന്ന് പറയാന്‍ കഴിയുമോ?

അത് പറയാന്‍ സമയമായില്ല. അതിപ്പോള്‍ പറയുന്നത് നേരത്തെയുള്ള പ്രതികരണമായി പോകും.

ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ പരീക്ഷണശാലയാകുകയാണ് അസം|അഖില്‍ ഗൊഗോയ് | അഭിമുഖം
പൗരത്വസമരം ഇനിയൊരിക്കല്‍ കൂടി തുടങ്ങരുത്; അതിനായിരുന്നു ഊതിവീര്‍പ്പിച്ച കഥകളുണ്ടാക്കി കരിനിയമം ചുമത്തിയുള്ള അറസ്റ്റുകള്‍|INTERVIEW

സി.എ.എ എന്‍.ആര്‍.സി ചര്‍ച്ചകള്‍ അസമിനെ എങ്ങനെയാണ് ബാധിച്ചത്?

അസമിന്റെയും ഇന്ത്യയുടെയും ആശയത്തിന് വിരുദ്ധമാണ് സി.എ.എ. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ചോദ്യം അസമില്‍ കൂടുതല്‍ സങ്കീര്‍ണമാണ്. ഒരു ജനാധിപത്യ പ്രക്രിയയിലൂടെയും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കൈവരിച്ച രാഷ്ട്രീയ സമവായത്തിന്റെ അടിസ്ഥാനത്തിലും അത് യുക്തിസഹമായ അന്ത്യത്തില്‍ എത്തിച്ചേരേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in