കൊവിഡില്‍ കഴിയുമ്പോഴും ഫോണില്‍ വധഭീഷണിയും തെറിവിളിയും തുടരുകയാണ്; പി.ആര്‍ പ്രവീണ പറയുന്നു

കൊവിഡില്‍ കഴിയുമ്പോഴും ഫോണില്‍ വധഭീഷണിയും തെറിവിളിയും തുടരുകയാണ്; പി.ആര്‍ പ്രവീണ പറയുന്നു
Published on

ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ചോദിച്ച് വന്ന ഫോണ്‍ കോളിന് താങ്കള്‍ കൊടുത്ത മറുപടിയുടെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണല്ലോ? അതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നതും, സത്യത്തില്‍ അന്ന് എന്താണ് സംഭവിച്ചത്?

ഞാന്‍ അന്ന് രാവിലെ ആറരയ്ക്ക് ഡ്യൂട്ടിക്ക് കയറിയതാണ്. അപ്പോള്‍ മുതല്‍ തന്നെ എന്തുകൊണ്ട് ബംഗാളിലെ വാര്‍ത്ത കൊടുക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് കോളുകള്‍ വരുന്നുണ്ടായിരുന്നു. കേരളത്തിലെ കൊവിഡ് കേസുകള്‍ വലിയ തോതില്‍ കൂടിയിരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രാധാന്യം കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് നല്‍കുന്നതെന്ന മറുപടി ഈ കോളുകള്‍ക്ക് കൊടുക്കുന്നുമുണ്ടായിരുന്നു. ഞാന്‍ മാത്രമല്ല ആ സമയത്ത് ഡെസ്‌കിലുള്ള ഒരോരുത്തരായിട്ടാണ് കോള്‍ എടുക്കുന്നത്.

കോട്ടയത്ത് നിന്നുള്ള സ്ത്രീയുടെ കോള്‍ ഏകദേശം ഉച്ചയടുപ്പിച്ചാണ് വന്നത്. എനിക്ക് ആ സമയത്ത് തന്നെ ഒരുമണി വാര്‍ത്തയില്‍ രണ്ട് പാക്കേജ് കൊടുക്കാനുമുണ്ട്. അത് കണക്കെടുത്ത് ചെയ്യേണ്ട റിപ്പോര്‍ട്ടായിരുന്നു. അതിന് വേണ്ടി എല്ലാ ജില്ലകളില്‍ നിന്നും കണക്ക് വാട്‌സ്ആപ്പിലുടെയും ഫോണ്‍ വിളിച്ചും എടുക്കുന്ന തിരക്കിലായിരുന്നു ഞാന്‍.

ഇതിനിടയില്‍ ബംഗാളിലെ വിഷയം അന്വേഷിച്ച് ഒരു ചേച്ചി ഇരുപത് തവണയില്‍ കുറയാതെ വിളിച്ചിട്ടുണ്ട്. ഫോണ്‍ എന്റെ അടുത്തായതുകൊണ്ട് ഞാനായിരുന്നു സംസാരിച്ചത്. ഞാന്‍ കോട്ടയത്ത് നിന്നാണ് എന്ന് പറയുമ്പോഴും സൗണ്ട് കേള്‍ക്കുമ്പോഴും നമുക്ക് അറിയാമല്ലോ. ആ ചേച്ചി തന്നെ കോട്ടയം റിപ്പോര്‍ട്ടറെയും വിളിച്ചിട്ടുണ്ട് എന്നാണ് കോട്ടയം റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

കുറേ തവണ ആ ചേച്ചിയോട് ഞാന്‍ തിരക്കിലാണ്, നിങ്ങള്‍ പിന്നെ വിളിക്കൂ എന്ന് പറഞ്ഞു. പക്ഷേ അവര്‍ ഫോണ്‍ വെക്കും, വീണ്ടും വിളിക്കും. ഒരു തവണ അവര്‍ വിളിച്ചിട്ട് നിങ്ങള്‍ എന്തുണ്ടാക്കാനാണ് ഇവിടെ ഇരിക്കുന്നത് എന്നൊക്കെ ചോദിച്ചപ്പോള്‍ എന്റെ ടെമ്പര്‍ വിട്ടു എന്നത് ശരിയാണ്. അപ്പോഴാണ് ഞാന്‍ അവരോട് നിങ്ങള്‍ സൗകര്യം ഉണ്ടെങ്കില്‍ കണ്ടാല്‍ മതിയെന്ന് പറയുന്നത്.

പിന്നീട് ആ കോള്‍ റെക്കോര്‍ഡ് ചെയ്ത്‌ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. അതിന് ശേഷം എന്റെ വാട്‌സ്ആപ്പ് നമ്പറിലും ഒഫീഷ്യല്‍ നമ്പറിലും നിരവധി പേര്‍ വിളിച്ച് നിരന്തരം ഭീഷണി മുഴക്കി. എന്നെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യും, നടുറോഡില്‍ തുണിയില്ലാതെ ഓടിക്കും, എന്നെ കൊല്ലും, വഴിയെ പോകുമ്പോള്‍ നിന്നെ തട്ടാനറിയാം എന്നൊക്കെയുള്ള ഭീഷണി മുഴക്കി ഒരുപാട് പേരാണ് വിളിച്ചത്.

ചില സ്ത്രീകള്‍ വിളിച്ചിട്ട് ഞാന്‍ സംഘപുത്രിയാണെന്ന് പറയും, പിന്നെ പറയുന്നത് മുഴുവന്‍ തെറിയാണ്. ചിലര്‍ ചേച്ചി എന്ന് പറഞ്ഞ് വിളിക്കും ഫോണ്‍ എടുത്ത് കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ തെറിയായിരിക്കും. ഫോണ്‍ കോളുകളും വാട്‌സ്ആപ്പ് മെസേജുകളും നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയ്ക്ക് എന്റെ ഒഫീഷ്യല്‍ നമ്പര്‍ ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്റെ കയ്യില്‍ ഇരിക്കുന്ന ഒഫീഷ്യല്‍ നമ്പറില്‍ നിന്ന് തന്നെ എനിക്ക് കോള്‍ വരികയായിരുന്നു.

ബംഗാളിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏഷ്യാനെറ്റ് തമസ്‌കരിക്കുന്ന സാഹചര്യമുണ്ടായിരുന്നോ?

ബംഗാളിലെ വാര്‍ത്തകള്‍ കൃത്യമായി കൊടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന് നേരെ ബംഗാളില്‍ ആക്രമണമുണ്ടായപ്പോള്‍ ആ വാര്‍ത്ത കൊടുക്കുകയും അത് ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത് ഒരു സംഘടിതമായ ആക്രമണമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മണി ന്യൂസ് റൗണ്ടപ്പില്‍ കൊടുക്കേണ്ട വാര്‍ത്തയുടെ തിരക്കിലായിരുന്നു ഞാന്‍. ആ സമയത്ത് സ്വാഭാവികമായും മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും നമ്മള്‍. അല്ലാതെ ആ ഫോണ്‍ സംഭാഷണത്തിലുള്ളത് ഞാന്‍ മനപൂര്‍വ്വം ചെയ്തതോ ആലോചിച്ച് കൂട്ടി സംസാരിച്ചതോ ആയ കാര്യങ്ങളല്ല.

ഇപ്പോഴും ആളുകള്‍ വിളിക്കുന്നുണ്ടോ?

ഇപ്പോഴും കോളുകള്‍ വരുന്നുണ്ട്. ഇന്നലെയൊക്കെ വിളിച്ചവരോട് ഞാന്‍ പറഞ്ഞത് നിങ്ങളുടെ വീട്ടിലുള്ളവരോടും ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ സംസാരിച്ചോളൂ എനിക്ക് മറുപടിയൊന്നും പറയാനില്ല എന്നാണ്. സൈബര്‍ സെല്ലില്‍ നിന്ന് വിളിക്കുന്നവര്‍ പറയുന്നത് കൂടി കേള്‍ക്കാന്‍ തയ്യാറാകണം എന്നും ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ചിലര്‍ കട്ട് ചെയ്ത് പോകും. ഫോണ്‍ കോളുകളും വാട്‌സ്ആപ്പ് മെസേജുകളും നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ട്.

നേരത്തെ സെന്‍കുമാറിനോട് ഉള്‍പ്പെടെയുള്ളവരോട് പ്രവീണ ചോദിച്ച ചോദ്യങ്ങളും മറുപടിയും വലിയ ചര്‍ച്ചയായിരുന്നു. ഒരു അവസരം വന്നപ്പോള്‍ സംഘടിതമായ ആക്രമണം നടത്തുകയാണ് എന്ന് തോന്നുന്നുണ്ടോ?

അങ്ങനെ തോന്നുന്നില്ല. കാരണം സെന്‍കുമാറിന്റെ ഇഷ്യൂ വന്നപ്പോള്‍ അന്ന് തന്നെ എനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകാമായിരുന്നു. പക്ഷേ അന്നൊന്നും ഉണ്ടായില്ല. പകരം ഒരു പാട് പേര്‍ എന്നെ അഭിനന്ദിക്കുന്ന തരത്തിലാണ് സംസാരിച്ചത്.

പക്ഷേ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സംഘടിതമായ ആക്രമണമാണ്. മാപ്പ് പറഞ്ഞിട്ടു പോലും അക്രമിക്കുകയാണ്. ഇപ്പോള്‍ എന്റെ ഒരു പുതിയ ഓഡിയോ ക്ലിപ്പും പ്രചരിപ്പിക്കുന്നുണ്ട്. എന്നെ വിളിച്ച് മോശമായി സംസാരിച്ചയാളെ ഞാന്‍ എടോ എന്നൊക്കെ വിളിക്കുന്നത് ആ ഓഡിയോ ക്ലിപ്പില്‍ ഉണ്ട്. ഞാന്‍ കൊല്ലത്ത് ഉണ്ടായിരുന്നപ്പോഴുള്ള ഓഡിയോ ക്ലിപ്പാണത്. അന്ന് ആ സംഭവത്തില്‍ ഒരാള്‍ എന്നെ തെറിവിളിക്കുകയും ഞാന്‍ അയാള്‍ക്കെതിരെ പരാതി കൊടുക്കുകയും ചെയ്തിരുന്നു. പൊലീസുകാര്‍ അയാളെ താക്കീത് ചെയ്ത് എന്നോട് മാപ്പ് പറയിപ്പിച്ചാണ് വിട്ടത്. ഇപ്പോള്‍ വീണ്ടും അതെല്ലാം എടുത്ത് ഉപയോഗിക്കുകയാണ്. ഒരു സ്ത്രീക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്നാല്‍ ബാക്കി കൂടി കിടക്കട്ടെ എന്നുള്ളതാണ് ഇവരുടെയൊക്കെ ഉദ്ദേശ്യം എന്നെനിക്ക് തോന്നുന്നു.

വര്‍ഷങ്ങളായി റിപ്പോര്‍ട്ടിംഗ് രംഗത്തുള്ള സീനിയര്‍ ജേണലിസ്റ്റാണ്, മുന്‍പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

കോട്ടയത്തെ കെവിന്‍-നീനു ഇഷ്യുവില്‍ മുഖ്യമന്ത്രി കളളം പറയുന്നു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ഓണ്‍ലൈനിന് വേണ്ടി ഒരു വീഡിയോ ഞാന്‍ ചെയ്തിരുന്നു. അന്ന് ഇതുപോലെ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇങ്ങനെ അനുഭവം ഉണ്ടാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗത്തു നിന്ന് എന്തായിരുന്നു നടപടി?

ഏഷ്യാനെറ്റ് എന്റെ കൂടെ തന്നെയുണ്ട്. കമ്പനി റിപ്പോര്‍ട്ടേഴ്‌സിന്റെ അടുത്തേക്ക് ഇനിമുതല്‍ കോളുകള്‍ ഫോര്‍വേര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞ് ഒരു ലെറ്റര്‍ ഇറക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് കൂടിയാണ് കേസ് കൊടുത്തിരിക്കുന്നത്. എന്റെ ഒഫീഷ്യല്‍ നമ്പര്‍ മാറ്റാനുള്ള തീരുമാനവും കമ്പനി തന്നെയാണ് എടുത്തത്.

കൊവിഡാണെന്ന് പറഞ്ഞിട്ട ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ പോലും വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്

വെള്ളിയാഴ്ച ഈ ഇഷ്യു നടന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് തന്നെ എനിക്ക് ചെറിയ കിതപ്പും ശ്വാസം മുട്ടലുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ രാവിലെ ചിറയിന്‍കീഴ് ഹോസ്പിറ്റലില്‍ പോയി ടെസ്റ്റ് ചെയ്യുകയായിരുന്നു. ഒറ്റയ്ക്ക് വണ്ടിയോടിക്കാന്‍ പോലും എനിക്ക് വയ്യായിരുന്നു. ലക്ഷണങ്ങളെല്ലാമുള്ളതുകൊണ്ട് തന്നെ ഡ്രൈവറെ വെച്ച് പോയാല്‍ ഡ്രൈവറും ക്വാറന്റീനില്‍ പോകണമല്ലോ എന്നോര്‍ത്ത് സ്വയം ഡ്രൈവ് ചെയ്താണ് പോയത്. കൊവിഡിനെ മറയാക്കിയാണ് ഞാന്‍ ഇരിക്കുന്നത് എന്നാണ് പറയുന്നത്. കൊവിഡിന്റെ മറവില്‍ ഇരുന്നിട്ട് എനിക്ക് എന്ത് ചെയ്യാനാണ് കഴിയുക. എന്തായാലും ഞാന്‍ ഒരു ഇരയായി നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തല ഉയര്‍ത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകും

സൈബര്‍ പൊലീസ് ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുത്തിട്ടുണ്ടോ?

സൈബര്‍ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. അവര്‍ക്ക് ഫോണ്‍ പരിശോധിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്.

ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കും എന്നാണ് ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്?

ബംഗാള്‍ പാകിസ്താനിലാണ്‌ എന്നത് ഞാന്‍ മനപൂര്‍വ്വം പറഞ്ഞതല്ലെങ്കിലും എനിക്ക് പറ്റിയത് ഒരു തെറ്റ് തന്നെയാണ്. കുറച്ചു പേരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലായിപോയി എന്റെ അപ്പോഴത്തെ പ്രതികരണം. അത് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ആ സംഭവിച്ചതിന് ഞാന്‍ മാപ്പ് പറഞ്ഞു, ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞു. അത് കഴിഞ്ഞിട്ടും ഇങ്ങനെ ചെയ്യുന്നവരോട് എന്ത് പറയണമെന്ന് എനിക്കറിയില്ല. അവര്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നും അറിയില്ല. അങ്ങനെ ചര്‍ച്ചകളില്‍ നിന്ന് മാറി നിന്ന് കഴിഞ്ഞാല്‍ അവരുടെ ഭാഗം പറയാന്‍ ആളില്ലാതെ പോകും എന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുമോ എന്നും അറിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in