പൗരത്വസമരം ഇനിയൊരിക്കല്‍ കൂടി തുടങ്ങരുത്; അതിനായിരുന്നു ഊതിവീര്‍പ്പിച്ച കഥകളുണ്ടാക്കി കരിനിയമം ചുമത്തിയുള്ള അറസ്റ്റുകള്‍|INTERVIEW

പൗരത്വസമരം ഇനിയൊരിക്കല്‍ കൂടി തുടങ്ങരുത്; അതിനായിരുന്നു ഊതിവീര്‍പ്പിച്ച കഥകളുണ്ടാക്കി കരിനിയമം ചുമത്തിയുള്ള അറസ്റ്റുകള്‍|INTERVIEW
Published on

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് തീഹാര്‍ ജയില്‍ നിന്ന് ആസിഫ് പുറത്തിറങ്ങുന്നത്. പിഞ്ച്ര ടോഡ കേസില്‍ അറസ്റ്റിലായ നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്കൊപ്പമാണ് ആസിഫും ജയില്‍ മോചിതനായത്. ജാമിയയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫിനെ ഗൂഢാലോചനകുറ്റം ആരോപിച്ചായിരുന്നു ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. എന്തുകൊണ്ട് അറസ്റ്റു ചെയ്യപ്പെട്ടെന്നും, ജയിലിലും ഡല്‍ഹി പൊലീസിന്റെ ഇടയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ആസിഫ് ഇക്ബാല്‍ തന്‍ഹ

ആസിഫ് ഇക്ബാല്‍ തന്‍ഹ
ആസിഫ് ഇക്ബാല്‍ തന്‍ഹ

2019ല്‍ നടന്ന സി.എ.എ, എന്‍.ആര്‍.സി പ്രതിഷേധ സമരങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം പേര്‍ പങ്കെടുത്തിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ആസിഫ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട വാദങ്ങള്‍ ആസിഫിനെതിരെ വരാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുണ്ടോ? ആസിഫിന്റെ അറസ്റ്റിന് ആസപ്ദമായ സംഭവത്തെക്കുറിച്ച് വിശദീകരിക്കാമോ?

സിഎഎ, എന്‍ആര്‍സി പ്രതിഷേധങ്ങളെ അവസാനിപ്പിക്കാനുള്ള ശ്രമം ഡല്‍ഹി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് അതിനുള്ള അവസരം കിട്ടിയിയിരുന്നില്ല. ഡല്‍ഹി നഗരത്തില്‍ നിന്ന് തന്നെ സിഎഎ, എന്‍ആര്‍സി പ്രതിഷേധങ്ങളെ മുഴുവനായും ഇല്ലാതാക്കണം എന്നായിരുന്നു പൊലീസ് വിചാരിച്ചത്.

കൊവിഡ് തുടങ്ങുന്ന സമയത്തായിരുന്നു ഇതെല്ലാം നടക്കുന്നത്. ഈ സമയത്തായിരുന്നു വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതും. കൊവിഡ് തുടങ്ങിയ സമയത്ത് ജാമിയയിലും ഷാഹീന്‍ ബാഗ് റോഡിലുമെത്തി സമരത്തിന്റെ പോസ്റ്ററുകള്‍, പെയിന്റിങ്ങുകള്‍, ബാനറുകള്‍, ബുക്കുകള്‍ തുടങ്ങി എല്ലാം പൊലീസ് എടുത്തുകൊണ്ടുപോകുമായിരുന്നു. സമരം നിര്‍ത്തിവെക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പ് വരാത്തതുകാരണം, കൊവിഡിനു ശേഷം സമരം ആളികത്തുമോ എന്ന ഭയത്താലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ തുടങ്ങുന്നത്. ഖാലിദ് സൈഫിയേയും ഇസ്രത് ജഹാനെയും അറസ്റ്റ് ചെയ്തതിനു ശേഷം എന്നെയും അറസ്റ്റ് ചെയ്തു. എന്റെ മുകളിലും യു.എ.പിഎ. ചുമത്തി.

കൂടുതല്‍ കാലം ജയിലില്‍ ഇടാമെന്ന് വിചാരിച്ചാണ് ഞങ്ങളുടെ എല്ലാം മേല്‍ യുഎപിഎ തന്നെ ചുമത്തിയത്. യുഎപിഎ ആകുമ്പോള്‍ ജാമ്യം കിട്ടില്ലല്ലോ. ഇത് മുഴുവന്‍ പ്രീ പ്ലാന്‍ഡ് ആയിരുന്നു. ജാമിയയിലെ വിദ്യാര്‍ത്ഥികളേയും മറ്റ് ആക്ടിവിസ്റ്റുകളെയുമെല്ലാം മുഖ്യ ഗൂഢാലോചകരായി കണ്ട് അവരെയെല്ലാവരെയും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഒന്നിനു പുറകേ ഒന്നായി ഓരോരുത്തരെയും അറസ്റ്റ് ചെയ്തു.

വിദ്യാര്‍ത്ഥികളെ പേടിപ്പിച്ച് നിര്‍ത്തി സമരം അവസാനിപ്പിക്കാനായിരുന്നു ശ്രമം എന്നാണോ പറയുന്നത്?

അതെ. ഈ സമരം വീണ്ടും തുടങ്ങാതിരിക്കാന്‍ ഇതിനു മുന്‍കൈ എടുത്ത നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. കൊവിഡിന്റെ തീവ്രത കുറഞ്ഞാലും ഞങ്ങള്‍ പുറത്തിറങ്ങരുതെന്നും സമരം തുടരരുത് എന്നുമായിരുന്നു അവര്‍ കണക്കൂട്ടിയിരുന്നത് എന്ന് തോന്നുന്നു.

യുഎപിഎ പോലൊരു വകുപ്പ് ചുമത്തിയത് വിദ്യാര്‍ത്ഥികളെ പേടിപ്പെടുത്താനും കൂടിയാണ്. ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി, ഇസ്രത് ജഹാന്‍, നടാഷ, തുടങ്ങിയവരെ എല്ലാം ജയിലില്‍ അടച്ചു. ഇതു പോലെ വീണ്ടും സമരം ചെയ്താല്‍ നിങ്ങളും ജയിലില്‍ പോകും എന്ന ഭയം ജാമിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

പൊലീസ് ഒരു വര്‍ഷം മുന്‍പ് ആസിഫിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കേസെന്താണ് കുറ്റമെന്താണ് എന്നൊക്കെ വിശദീകരിച്ചിരുന്നോ?

അറസ്റ്റ് ചെയ്തതിനു ശേഷം അവര്‍ ഞങ്ങളെ മാനസികമായും ശാരീരികമായും വളരെ അധികം പീഡിപ്പിച്ചു. മറ്റു നേതാക്കള്‍ക്ക് എതിരെ സാക്ഷിയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ഞങ്ങളോട് പറഞ്ഞു നിങ്ങളുടെ ബന്ധം ഇസ്ലാമിസ്‌റ് സംഘടനകളുമായിട്ടാണ്, നിങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. നിങ്ങള്‍ പഠിക്കുന്ന മദ്രസകളില്‍ നിങ്ങളെ തീവ്രവാദ പ്രവര്‍ത്തനമാണ് പഠിപ്പിക്കുന്നത്, നിങ്ങള്‍ ഈ ദേശത്തിനു വിപത്താണ്, നിങ്ങള്‍ക്ക് ഈ ദേശത്തിന്റെ ഭാഗമാകാന്‍ കഴിയില്ല, നിങ്ങള്‍ മുസ്ലിങ്ങളെ പാകിസ്താനില്‍ അയച്ചിട്ടും പോകാതെ എന്തിനാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നത് എന്നൊക്കെ ചോദിച്ചു.

ജാമിയയില്‍ ജിഹാദികള്‍ ആണ് താമസിക്കുന്നത്, മുസ്ലിങ്ങളുടെ കേന്ദ്രമാണ് അവിടെ, അവിടെ നിങ്ങളെ ജിഹാദിയാക്കാനാണ് പഠിപ്പിക്കുന്നത് അവിടെ കലാപം ഉണ്ടാക്കാനാണ് പഠിപ്പിക്കുന്നത്, അവിടെ ബോംബ് ഉണ്ടാക്കാനും പ്ലാന്റ് ചെയ്യാനുമാണ് പഠിപ്പിക്കുന്നത്. അവിടെ എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുക എന്നതാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പൊലീസ് ആവര്‍ത്തിച്ചു.

എന്റെ ബന്ധം ജാമിയ ആയിട്ടാണ്, ഞാന്‍ ഒരു ജാമിയ സ്റ്റുഡന്റ് ആണ്. എസ്‌ഐഒയില്‍ അംഗമാണ് എന്നൊക്കെ പറഞ്ഞാണ് എന്നെ കുറ്റപ്പെടുത്തുന്നതും ചോദ്യം ചെയ്യുന്നതും.

അറസ്റ്റ് ചെയ്യുന്ന സമയത്ത് ഡല്‍ഹിയില്‍ കലാപം ഉണ്ടാക്കി എന്നാണ് ഞങ്ങളോട് പറഞ്ഞത്. ഇതൊക്കെ നിങ്ങള്‍ പ്ലാന്‍ ചെയ്ത് ചെയ്തതാണ് എന്ന് പറഞ്ഞ് കേസില്‍ സാക്ഷിയാകാനും പറഞ്ഞു. ഞാന്‍ എന്തൊക്കെ ചെയ്‌തോ അതൊക്കെ അവര്‍ പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറയൂ എന്നും പൊലീസ് പറഞ്ഞു.

തീഹാര്‍ ജയിലില്‍ ജയിലില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നോ?

ജയിലിനകത്ത് ഞങ്ങളെ മാനസികമായും ശാരീരികമായും വളരെ അധികം പീഡിപ്പിച്ചിട്ടുണ്ട്. പതിനാല് ദിവസവും ഞങ്ങളെ ശാരീരീകമായും മാനസികമായും പീഡിപ്പിച്ചു. പുറം മുതല്‍ കാല്‍പാദം വരെ എന്നെ അടിച്ചു. വലിയ മര്‍ദ്ദനമായിരുന്നു നേരിട്ടത്.

റമദാന്‍ മാസത്തിലായിരുന്നു എന്നെ അറസ്റ്റ് ചെയ്തത്. എനിക്ക് നോമ്പെടുക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ അതിനുവേണ്ടി ഒന്നും ചെയ്തു തന്നില്ല. നോമ്പു തുറക്കാനും വീടാനുമുള്ള ഭക്ഷണമൊന്നും തന്നില്ല. ഖുറാന്‍ വേണമെന്ന് പറഞ്ഞു, തന്നില്ല. പുസ്തകം വേണമെന്ന് പറഞ്ഞു അതും തന്നില്ല.

ജയിലില്‍ പുസ്തകം വായിക്കാന്‍ അനുവദനീയമാണ്. ജയില്‍ മാനുവല്‍ പ്രകാരം അനുവദിച്ച സൗകര്യം മാത്രമാണ് ഞാന്‍ ചോദിച്ചത്. അവരെനിക്ക് അതൊന്നും തന്നില്ല. ഞാനൊരു മുസ്ലിമാണെന്നും ജാമിയയിലെ ഒരു വിദ്യാര്‍ത്ഥിയാണെന്നും അവര്‍ക്കറിയാമായിരുന്നു, അതുകൊണ്ട് അവര്‍ എന്നെ കൂടുതല്‍ ടോര്‍ച്ചര്‍ ചെയ്യാനാണ് ശ്രമിച്ചത്.

ഞാന്‍ ഒരു തരത്തിലും കലാപത്തിന്റെ ഭാഗമായിട്ടില്ല. ഡല്‍ഹിയില്‍ ആരാണ് കലാപം സൃഷ്ടിച്ചതെന്നും ആസൂത്രണം ചെയ്തതെന്നും, നടപ്പിലാക്കിയതെന്നും എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ അതെല്ലാം കണ്ടതാണ്.

സര്‍ക്കാരിന്റെ ഏജന്‍സികളുടെ നുണകള്‍ വെളിച്ചത്തു വന്നതാണ്. കലാപം ആസൂത്രണം ചെയ്തവരെ രക്ഷിക്കാനായിരുന്നു ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിച്ചത്. കലാപം ആസൂത്രണം ചെയ്തവരെ രക്ഷിക്കാന്‍ നിരപരാധികളെ ജയിലില്‍ ഇടുകയാണ് ചെയ്തത്.

എനിക്ക് അള്ളാഹുവില്‍ വിശ്വാസമുണ്ടായിരുന്നു. തെറ്റ് ചെയ്യാത്തതുകൊണ്ട് പുറത്തുവരാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞാന്‍ ചെയ്തത് എന്താണോ അതൊക്കെ ശരിയാണെന്ന് എനിക്ക് ഉറപ്പാണ്. ഞാന്‍ അവരെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. എനിക്ക് അങ്ങനെ ചോദ്യം ചെയ്യാന്‍ ഭരണഘടന അനുവാദം തന്നിട്ടുണ്ട്.

ഞങ്ങള്‍ നിയമപരമായി തന്നെയാണ് സിഎഎയുടെ കാര്യത്തിലും, ബാബരി മസ്ജിദിന്റെ കാര്യത്തിലും, മുത്തലാഖിന്റെ കാര്യത്തിലുമെല്ലാം സംസാരിച്ചത്.ഞാന്‍ ശരിയുടെ പാതയില്‍ ആയിരുന്നു, അതുകൊണ്ട് ഒരു ദിവസം പുറത്തിറങ്ങുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.

സിഎഎയുമായി ബന്ധപ്പെട്ട കേസുകളില്‍ ഡല്‍ഹി പൊലീസും നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. നിങ്ങള്‍ മൂന്ന് പേരുടെ ജാമ്യത്തിന്റെ വിഷയത്തിലും നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭരണകൂടത്തിന്റെ വലിയ സമ്മര്‍ദ്ദം പൊലീസും നേരിടുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

സര്‍ക്കാരും പൊലീസുമൊക്കെ ഒന്നാണ്. അവര്‍ക്ക് ഒരേ ആറ്റിറ്റിയൂഡ് ആണ്. എന്ത് സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്യുന്നോ അതു പ്രകാരമാണ് പൊലീസ് നടപടിയെടുക്കുന്നത്. പൊലീസും മറ്റുള്ള ഏജന്‍സികളൊന്നും സ്വതന്ത്ര ഡിപ്പാര്‍ട്ട്‌മെന്റുകളല്ല. പൊലീസ് എന്തൊക്കെ ചെയ്‌തോ അതൊക്കെ തെറ്റായിരുന്നു.

അവര്‍ എത്ര വലിയ കഥ ഉണ്ടാക്കിയാലും ഗൂഢാലോചന എന്ന് പറഞ്ഞ് ഊതി വീര്‍പ്പിച്ച കേസുമാത്രമാണിത്. അതുകൊണ്ട് തന്നെ ഗൂഢാലോചന കോടതിയില്‍ തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു കേസുപോലും അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതിന്റെ ഫലമായിട്ടാണ് ഞങ്ങള്‍ക്ക് ജാമ്യം ലഭിച്ചത്.

ഡല്‍ഹി സര്‍ക്കാരിന്റെ ഈ വിഷയങ്ങളിലെ സമീപനത്തെ എങ്ങനെ കാണുന്നു?

ഡല്‍ഹി സര്‍ക്കാര്‍ രണ്ടാമത് വന്ന സമയത്തും അവര്‍ വാഗ്ദാനം ചെയ്തതൊന്നും ചെയ്തിട്ടില്ല. 2016ല്‍ കന്നയ്യ കുമാറിന്റെയും ഉമറിന്റെയും വിഷയം ഉണ്ടായപ്പോഴും ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യാന്‍ വേണ്ടി അവര്‍ ഒപ്പിട്ടുകൊടുക്കുകയാണ് ചെയ്തത്. കേന്ദ്രത്തോട് അനുഭാവം കാണിച്ചാണ് അവര്‍ നിന്നത്.

കേന്ദ്രത്തിന്റെ അജണ്ടയിലാണ് ഡല്‍ഹി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. അതുകാരണം എനിക്ക് അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷകളൊന്നുമില്ല.

ഡല്‍ഹി ഗവണ്‍മെന്റിന്റെ നിലപാടുകള്‍ ശരിയായിരുന്നെങ്കില്‍ ഇങ്ങനെയാരു ചാര്‍ജ് ഷീറ്റ് ഉണ്ടാകില്ലായിരുന്നു. ചുരുങ്ങിയ പക്ഷം ഞങ്ങള്‍ ജാമ്യത്തിലറങ്ങിയപ്പോഴെങ്കിലും അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയി എന്ന് അവര്‍ പറയുമായിരുന്നു. അവര്‍ ഞങ്ങളെ ഒരു തരത്തിലും സപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ഡല്‍ഹി പൊലീസെന്നോ കേന്ദ്ര സര്‍ക്കാരെന്നോ ഡല്‍ഹി ഗവണ്‍മെന്റെന്നോ ഒരു തരത്തിലുള്ള പ്രതീക്ഷയുമില്ല.

യുഎപിഎ പോലെ ഗുരുതര വകുപ്പുകള്‍ ചുമത്തി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ജയിലില്‍ അടയ്ക്കുന്നതിനോട് ആസിഫിന് എന്താണ് പറയാനുള്ളത്?

കൃത്യമായ തെളിവുകളില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ജാമ്യം കിട്ടില്ലായിരുന്നു. അവര്‍ ഞങ്ങളെക്കുറിച്ച് ഒരു കഥയാണ് ഉണ്ടാക്കിയത്. ഗൂഢാലോചനക്കാര്‍ എന്ന് പറഞ്ഞു ലേബല്‍ ചെയ്യുന്ന ആളുകള്‍ പരസ്പരം അറിയുന്നവരൊന്നുമല്ല.

എനിക്ക് ഖാലിദ് സൈഫിയേയൊ, ഉമര്‍ ഖാലിദിനെയോ അറിയില്ല. ഞാന്‍ അവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഞങ്ങളെങ്ങനെ ഇവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഞങ്ങള്‍ തമ്മിലൊക്കെ എന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ ഗൂഢാലോചന എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.

നതാഷയെയൊ, ദേവാംഗനയേയൊ ഉമറിനെയോ ഞാന്‍ കണ്ടിട്ടില്ല. കുറ്റാരോപിതര്‍ തമ്മില്‍ ഒരു ബന്ധവുമില്ല. ഇതൊക്കെ ചെയ്തത് സിഎഎയ്ക്കും എന്‍ആര്‍സിക്കും എതിരെ നില്‍ക്കുന്നവരെ പേടിപ്പിക്കാന്‍ വേണ്ടിയിട്ടാണ്. സമരം ഇനി തുടങ്ങാതിരിക്കാന്‍ വേണ്ടിയാണ്.

ANI

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അതൊരു നിയമപരമായ വിഷയമാണ്, അതുകൊണ്ട് ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ല. ജാമ്യം കിട്ടില്ല എന്ന് പറഞ്ഞിടത്ത് ഞങ്ങള്‍ക്ക് ജാമ്യം കിട്ടി. അതുകൊണ്ട് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് നീതിയുക്തമായ തീരുമാനമാണ് ഉണ്ടായത്.

ജയിലില്‍ കിടക്കുന്ന മറ്റുള്ളവര്‍ക്കും റഫറന്‍സിന് സഹായകമാകുന്ന സ്‌ട്രോങ്ങ് ജഡ്ജ്‌മെന്റായിരിക്കും ഇത്. സുപ്രീം കോടതിയില്‍ വിധിക്കെതിരെ അപ്പീല്‍ പോയിട്ടുണ്ട്. ജാമ്യം റദ്ദാവില്ല എന്നാണ് കിട്ടിയ വിവരം. പക്ഷേ ഇതില്‍ ചില ഭേദഗതികള്‍ വരുത്തിയേക്കാം.

ഈ വിധി മറ്റ് കേസുകളില്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് കണ്ടീഷന്‍സ് വെക്കാം. സുപ്രീം കോടതി വിധി ഞങ്ങള്‍ക്ക് അനുകൂലമായി വരുമെന്നാണ് വിചാരിക്കുന്നത്.

രാഷ്ട്രീയ തടവുകാരായ ഹാനി ബാബുവിനെ പോലുള്ള അധ്യാപകര്‍ പോലും തങ്ങള്‍ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമക്കാന്‍ ശ്രമം നടന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്?

ജാമ്യവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉള്ളതുകൊണ്ട് അതേക്കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. കോടതിയുടെ അന്വേഷണ പരിധിയില്‍ ആയതുകൊണ്ട് എന്റെയടുത്ത് നിന്ന് ഒരു സ്റ്റേറ്റ്‌മെന്റ് ഇപ്പോള്‍ ഉണ്ടാകാത്തതാണ് നല്ലതെന്ന് കരുതുന്നു. അതിനെക്കുറിച്ച് പിന്നീട് വിശദമായി പറയും. ഞങ്ങളുടെ ലീഗല്‍ ടീമിന് ഒരു പക്ഷേ കൂടുതല്‍ കൃത്യമായി ഇക്കാര്യത്തില്‍ പറയാനുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in