ഫാന്റസിയല്ല, റിയലിസ്റ്റിക്കാണ്; മുമ്പ് കണ്ട ഫഹദല്ല: അഖില്‍ സത്യന്‍ അഭിമുഖം

അഖില്‍ സത്യന്‍
അഖില്‍ സത്യന്‍
Published on

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുവിളക്കും' എന്ന സിനിമ പേരിലും പോസ്റ്ററിലുമെല്ലാം കൗതുകം നിറച്ചുവച്ചതായിരുന്നു.

പേര് പോലെ ഫാന്റസിയല്ല, റിയലസ്റ്റിക്കായൊരു മൂവിയാണ്. സത്യന്‍ അന്തിക്കാട് ശൈലിയില്‍ അല്ലാത്തൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ പുറത്താണ് പാച്ചുവും അത്ഭുത വിളക്കും ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഖില്‍ സത്യന്‍.

സിനിമയുടെ ക്യൂരിയോസിറ്റി ഞാനായിട്ട് കളയുന്നത് ശരിയല്ലല്ലോ, എങ്കിലും ഫഹദിന്റെ ഇതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പാച്ചുവും അത്ഭുതവിളക്കും എന്നുപറയാം. ബാക്കിയെല്ലാം തീയറ്ററില്‍ കണ്ട് മനസ്സിലാക്കുന്നതല്ലേ നല്ലത്. ദ ക്യു'വിനോട് ആദ്യ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അഖില്‍ സത്യന്‍.

Q

താങ്കളുടെ ആദ്യചിത്രം, സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്ന ലേബലില്‍ നിന്നും സംവിധായകന്‍ എന്ന നിലയിലേയ്ക്ക് മാറുന്നു. എന്താണ് അഖിലിന്റെ അത്ഭുതവിളക്കില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യം ?

A

അങ്ങനെ ഒരു രഹസ്യം ഉണ്ടെന്ന് പറയാനാവില്ല, ഇല്ലെന്നും പറയാനാവില്ല. ഇതൊരു മിഡില്‍ക്ലാസ് വ്യക്തിയുടെ റിയലസ്റ്റിക് ആയിട്ടുള്ള കഥയാണ്. പിന്നെ പേര് ആ കഥയ്ക്ക് ഇണങ്ങുന്നതാണ്. പാന്‍ ഇന്ത്യന്‍ സിനിമകളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്.അതുകൊണ്ട് ആ തരത്തിലുള്ള ഒരു ചിത്രമായും ഇതിനെ കാണാം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നതിലുപരി ഞാന്‍ എന്താണോ, എന്റെ വീക്ഷണങ്ങള്‍ എന്താണോ അതാണ് പാച്ചുവും അത്ഭുതവിളക്കിലൂടെ എനിക്ക് പങ്കുവയ്ക്കാനുള്ളത്. എന്നാല്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചിലതും ഇതിലുണ്ടെന്ന് പറയാം. കാരണം അച്ഛനിലെ സംവിധായകന്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കാര്യം സിനിമാ കുടുംബത്തില്‍ നിന്നുള്ളവരാണെങ്കിലും ഞാനും അനുപൂം ഇതുമായി യാതൊരു ബന്ധുവമില്ലാതെ വളര്‍ന്നവരാണ്.

അച്ഛനൊപ്പം ഷൂട്ടിംഗ് സൈറ്റില്‍ പോവുക, ഷൂട്ടിംഗ് കാണുക തുടങ്ങിയ പരിപാടികളൊക്കെ എനിക്കും അനൂപിനും ഒരു പ്രായം വരെ അന്യമായിരുന്നു. അതുകൊണ്ട് തന്നെ ഒരു സാധാരണക്കാരനെപ്പോലെ ഞങ്ങള്‍ക്കും സിനിമ എന്നത് നിഗൂഡമായൊരു രഹസ്യമായിരുന്നു. 25 വയസ് വരെ പഠനവും ജോലിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ സിനിമ എന്നത് ഞങ്ങളുടെ മനസ്സില്‍ ഒരു നിറമുള്ള സ്വപ്നമായി എപ്പോഴും ഉണ്ടായിരുന്നു. അച്ഛന്‍ പക്ഷേ ആദ്യം പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും സിനിമയോടുള്ള താല്‍പ്പര്യം ജനുവിന്‍ ആണെന്ന് മനസിലാക്കിയപ്പോള്‍ ഒപ്പം വര്‍ക്ക് ചെയ്യാന്‍ അച്ഛന്‍ കൂട്ടി. ഈ സിനിമയുടെ കഥ ശരിക്കും അച്ഛനോട് ഞാന്‍ പറയുന്നത് എഴുതി പൂര്‍ത്തിയാക്കി ബൈന്‍ഡിംഗ് എല്ലാം കഴിയുമ്പോഴാണ്. ഞാന്‍ സിനിമ ആലോചിക്കുന്നുണ്ടെന്നും ഫഹദുമായി ഡിസ്‌കസ് ചെയ്തതുമെല്ലാം അച്ഛനറിയാമായിരുന്നു.

ഫഹദിന്റെ ഇതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്റെ ചിത്രത്തിലെ കഥാപാത്രം. ഒരു ഹാസ്യകഥാപാത്രം എന്നുപറയുന്നതില്‍ തെറ്റില്ല. പക്ഷേ കഥയ്ക്ക് അനുയോജ്യമായ വിധം ഗൗരവവും അതിശയോക്തിയുമെല്ലാം കഥാപാത്രത്തിനുമുണ്ട്.

മൂന്ന് സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിന്റെ കേന്ദ്രബിന്ദുക്കളാണ്. ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാനാവില്ല. കഥയെഴുതിക്കഴിഞ്ഞപ്പോള്‍ ഈ പേര് ചേരുമെന്ന് തോന്നി. അങ്ങനെ ഞാന്‍ തന്നെയാണ് ഈ പേരിട്ടതും. പിന്നെ അത്ര വലിയ സംഭവമൊന്നുമല്ല, ഒരു ചെറിയ കഥയാണിത്. ചിത്രം കണ്ടുകഴിമ്പോള്‍ പേരിനര്‍ത്ഥം മനസിലാകും.

അഖില്‍ സത്യന്‍
അഖില്‍ സത്യന്‍
ഞങ്ങള്‍ രണ്ടുപേര്‍ക്കും സിനിമയോടുള്ള താല്‍പ്പര്യം ജനുവിന്‍ ആണെന്ന് മനസിലാക്കിയപ്പോള്‍ ഒപ്പം വര്‍ക്ക് ചെയ്യാന്‍ അച്ഛന്‍ കൂട്ടി. ഈ സിനിമയുടെ കഥ ശരിക്കും അച്ഛനോട് ഞാന്‍ പറയുന്നത് എഴുതി പൂര്‍ത്തിയാക്കി ബൈന്‍ഡിംഗ് എല്ലാം കഴിയുമ്പോഴാണ്. ഞാന്‍ സിനിമ ആലോചിക്കുന്നുണ്ടെന്നും ഫഹദുമായി ഡിസ്‌കസ് ചെയ്തതുമെല്ലാം അച്ഛനറിയാമായിരുന്നു
Q

പാച്ചുവും അത്ഭുതവിളക്കും എന്ന ആദ്യ സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഖിലിനൊപ്പമുള്ളത് പ്രതിഭാസമ്പന്നരായ ഒരു നിരയാണ്. പ്രൊഡക്ഷന്‍ ഡിസൈനില്‍ രാജീവന്‍, ലീഡ് ആക്ടറായി വിജി വെങ്കിടേഷ്, സംഗീതമൊരുക്കാന്‍ ജസ്റ്റിന്‍ പ്രഭാകരന്‍,ക്യാമറ ശരണ്‍ വേലായുധന്‍, എന്തുകൊണ്ട് ഇങ്ങനെ ഒരു ടീം ? ഒരു പാന്‍ ഇന്ത്യന്‍ ഫീല്‍ പ്രഖ്യാപനത്തില്‍ തന്നെ വന്നിരിക്കുന്നു?

A

പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ചിത്രങ്ങളോടെ വളരെ താല്‍പര്യമുള്ള ആളാണ് ഞാന്‍. എല്ലാവരും കരുതുന്നപോലെ സത്യന്‍ അന്തിക്കാട് പാറ്റേണില്‍ ആയിരിക്കും മകനായ എന്റെ ആദ്യ സിനിമയെന്ന തോന്നലും മാറ്റണം എന്ന ഉദ്ദേശത്തില്‍ നിന്നാണ് ഇങ്ങനെയൊരു ടീമിനെ ഞാന്‍ ആലോചിക്കുന്നത്. ഇതൊരു കുടുംബ കഥയല്ല, എന്റെ സിനിമയില്‍ അധികം കുടുംബത്തെക്കുറിച്ച് പറയുന്നില്ല. സാധാരണ ജീവിതം നയിക്കുന്ന ഒരു മധ്യവര്‍ഗ്ഗക്കാരന്റെ കഥയാണിത്.

ഒരു സത്യന്‍ അന്തിക്കാട് ടൈപ്പ് മൂവിയല്ല എന്നുപറയുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിലെ നല്ല ഷേഡുകള്‍ ഇതിലുമുണ്ടാകും.എന്റെയും അനൂപിന്റെയും ജീവിതത്തിലും സിനിമാമോഹങ്ങളിലും അദ്ദേഹത്തിനുള്ള സ്വാധിനം അത്രത്തോളമാണ്.

ഞാന്‍ ഈ സിനിമയ്ക്ക് വേണ്ടി ആദ്യം സമീപിച്ച ടെക്‌നീഷ്യന്‍ രാജീവനാണ്. കാക്ക കാക്ക, ഭീമ, വിണ്ണൈതാണ്ടി വരുവായ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്ത ആളാണ്. അദ്ദേഹത്തെ മലയാളത്തിലേയ്ക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു. സംഗീത സംവിധായകനായി ജസ്റ്റിന്‍ പ്രഭാകരന്‍ വേണമെന്നായിരുന്നു തുടക്കം മുതല്‍. മലയാളത്തില്‍ കുഞ്ഞിരാമായണം മ്യൂസിക് ചെയ്തത് ജസ്റ്റിനായിരുന്നു. ജസ്റ്റിന്റെ സംഗീതത്തോടുള്ള ആരാധനയാണ് അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ പ്രേരിപ്പിച്ചത്.

ഉത്തരാ മേനോനാണ് കോസ്റ്റ്യൂം. ഗൗതം മേനോന്റെ സഹോദരി കൂടിയാണ് ഉത്തരാ മേനോന്‍. ഛായാഗ്രാഹകനായി കെ.യു മോഹനന്‍ സാറിനെ സമീപിച്ചിരുന്നു. മലയാളം ചിത്രം ചെയ്യുന്നില്ല, കാര്‍ബണ്‍ വേണുവിന് വേണ്ടി ചെയ്തതാണ് മറ്റ് ചിത്രങ്ങളുടെ തിരക്കുണ്ടെന്നായിരുന്നു മറുപടി. എങ്കിലും നീ വാ എന്ന് മോഹനന്‍ സാര്‍ പറഞ്ഞു വിളിച്ചു. ഞാന്‍ ചെന്ന് കഥ പറഞ്ഞു. കഥ കേട്ടതും അദ്ദേഹം ക്യാമറ ചെയ്യാമെന്ന് സമ്മതിച്ചു.എന്നാല്‍ അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളുടെ ഡേറ്റുമായി ക്ലാഷ് ആവുകയും അദ്ദേഹം പിന്‍മാറുകയും ചെയ്തു. അങ്ങനെയാണ് ശരണിലേയ്ക്ക് എത്തുന്നത്. സത്യത്തില്‍ ക്യാമറ ചെയ്യാന്‍ ശരണിനെ നിര്‍ദ്ദേശിക്കുന്നത് ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നാണ്.അമ്പിളിയാണ് ശരണിന്റെ ആദ്യ വര്‍ക്ക്.

പിന്നെ ഞാന്‍ ഒരു പാന്‍ ഇന്ത്യന്‍ ക്രൂവിന്റെ പുറകെ തന്നെ പോയി. കാസ്റ്റിംഗ് ഞാന്‍ നേരത്തേയും ചെയ്തിട്ടുണ്ട്. ഇന്നുവരെ ഒരു പരസ്യത്തില്‍പ്പോലും അഭിനയിക്കാത്ത സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയാണ് വിജി വെങ്കിടേഷ്. പക്ഷേ എന്റെ കഥ കേട്ടപ്പോള്‍ അവര്‍ക്കതില്‍ താല്‍പര്യം തോന്നുകയും അഭിനയിക്കാം എന്നുപറയുകയും ചെയ്തു.വര്‍ഷങ്ങളായി മുംബൈയിലാണ് ആള്‍.

മലയാളമൊക്കെ മറന്നുപോയി. അപ്പോള്‍ മലയാളം കൈകാര്യം ചെയ്യുന്നവര്‍ തന്നെ വേണമെന്നുണ്ട്.രണ്ട് മാസത്തോളം ട്യൂറ്ററെ വച്ച് പുള്ളിക്കാരിയെ മലയാളമൊക്കെ പഠിപ്പിച്ചു. അങ്ങനെ കുറേ പണിയെടുത്തിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി.അനില്‍ രാധാകൃഷ്ണനാണ് സൗണ്ട് ഡിസൈനര്‍. സിങ്ക് സൗണ്ടിലാണ് സിനിമ പ്രധാനമായും

വിജി വെങ്കിടേഷ്
വിജി വെങ്കിടേഷ്
ഇന്നുവരെ ഒരു പരസ്യത്തില്‍പ്പോലും അഭിനയിക്കാത്ത സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയാണ് വിജി വെങ്കിടേഷ്. പക്ഷേ എന്റെ കഥ കേട്ടപ്പോള്‍ അവര്‍ക്കതില്‍ താല്‍പര്യം തോന്നുകയും അഭിനയിക്കാം എന്നുപറയുകയും ചെയ്തു.വര്‍ഷങ്ങളായി മുംബൈയിലാണ് ആള്‍.
അഖില്‍ സത്യന്‍
Q

ദാറ്റ്‌സ് മൈ ബോയ് (That's my boy) എന്ന ഡോക്യുമെന്ററിയാണ് അഖില്‍ സിനിമക്ക് മുമ്പ് ചെയ്തത്, ഒരു പാട് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലിലെത്തി,ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. വര്‍ത്തമാനകാലത്ത് സംസാരിക്കപ്പെടേണ്ട വിഷയവുമായിരുന്നു ഡോക്യുമെന്ററിയുടേത്. സിനിമക്ക് മുമ്പേ എന്തുകൊണ്ടാണ് ഡോക്യുമെന്ററിയിലേക്ക് പോയത് ?

A

എത്ര ഒളിച്ചുവച്ചാലും ചില സത്യങ്ങള്‍ എന്നെങ്കിലും മറനീക്കി പുറത്തുവരുമല്ലോ. അതുപോലെ തന്നെയാണ് ചില ആഗ്രഹങ്ങളും, നമ്മള്‍ എത്ര മറച്ചുവച്ചാലും ചിലപ്പോഴൊക്കെ അതിങ്ങനെ പൊങ്ങിവരും.എന്റെ കാര്യത്തിലും സംഭവിച്ചതും അതുതന്നെയാണ്. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, സിനിമയിലേയ്ക്ക് ഞങ്ങള്‍ മക്കള്‍ വരുന്നതിനോട് അച്ഛന് താല്‍പര്യമില്ലായിരുന്നു. എനിക്കാണെങ്കില്‍ നേരത്തെ തന്നെ ഡോക്യുമെന്ററിയോട് വളരെ താല്‍പര്യമുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ഡോക്യൂമെന്ററി ഒക്കെ വിടാതെ കാണുമായിരുന്നു. അച്ഛന്റെ കൂടെ അസിസ്റ്റന്റായി നില്‍ക്കുമ്പോഴും എനിക്ക് സ്വന്തമായി എന്തെങ്കിലുമൊന്ന് ചെയ്യമെന്ന് മനസ്സിലുണ്ടായിരുന്നു. ഫിക്ഷന്‍ ടൈപ്പിലൊരു ഷോര്‍ട്ട് ഫിലിം പോലെ എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്താണ് ഈ ഡോക്യുമെന്ററി പിറക്കുന്നത്.

അങ്ങനെ ത്രെഡ് തിരയുന്ന സമയത്താണ് ഒരാള്‍ എന്നോട് സോനു എന്ന വ്യക്തിയെക്കുറിച്ച് പറയുന്നത്. നേരത്തെ പെണ്‍കുട്ടിയായിരുന്നു ഇപ്പോള്‍ ആണ്‍കുട്ടിയായ ഒരാള്‍. ഇത്തരത്തിലൊരു കഥയെഴുതുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലുള്ളൊരാളെ കണ്ട് സംസാരിച്ചാല്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്ന് ഞാന്‍ കരുതി.അങ്ങനെ ബാംഗ്ലൂരില്‍ സോനുവിനെ കാണാന്‍ പോയി. സോനുവിനെ കാത്തിരുന്ന എന്റെ മുന്നിലേയ്ക്ക് താടിയൊക്കെ നീട്ടിവളര്‍ത്തിയ ഒരു പയ്യന്‍ വന്നു, സോനുവിനെ കാണാന്‍ വന്നതാണോ എന്നുചോദിച്ചു, അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. സത്യത്തില്‍ ആ പയ്യനായിരുന്നു സോനു. എനിക്കന്നുണ്ടായ അമ്പരപ്പ് പറഞ്ഞറിയിക്കാനാവില്ല. അത് ഒരു ചിത്രമാക്കിയാല്‍ കാണുന്നവര്‍ക്കും അതേ അമ്പരപ്പുണ്ടാകുമെന്ന് തോന്നിയതിനാലാണ് ഡോക്യുമെന്ററി ആക്കാന്‍ തീരുമാനിച്ചത്. സോനുവിനെ കണ്ടുമുട്ടിയപ്പോള്‍ തന്റെ കഥ സോനു തന്നെ പറയുന്ന രീതിയില്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചു. ആ ഡോക്യുമെന്ററി അദ്ദേഹത്തെ ഫോളോ ചെയ്തുള്ളതാണ്.

ഞാന്‍ എനിക്കുവേണ്ടി ചെയ്തൊരു കാര്യമായിരുന്നു ഇത്. പുറത്തുവിടണമെന്ന് ആദ്യം തീരുമാനിച്ചിരുന്നില്ല. ഞാന്‍ തന്നെയാണ് ഷൂട്ട് ചെയ്യതും എഡിറ്റ് ചെയ്തതുമെല്ലാം.എന്നാല്‍ ഔട്ട്പുട്ട് കണ്ടുകഴിഞ്ഞപ്പോള്‍ ഇത് പുറംലോകം അറിയേണ്ട ഒരു വിഷയമാണെന്ന് തോന്നി. നമ്മളൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരംശം പോലും ലഭിക്കാത്ത മനുഷ്യരുടെ കഥയാണത്. ട്രാന്‍സ്ജെന്റേഴ്സിന്റെ ജീവിതവും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും നമുക്ക് ഊഹിക്കാനാവില്ല. ഞാനത് പ്രശസ്തമായ ഏഥന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് വീഡിയോ ഫെസ്റ്റിവലിലേയ്ക്ക് അയച്ചു. വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ആ ഫിലിം ഫെസ്റ്റിവലില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ ഓസ്‌കാര്‍ നോമിനേഷനായി അയക്കും. അന്ന് ഇന്ത്യയില്‍ നിന്നും എന്റെ 'ദാറ്റ്സ് മൈ ബോയി'യും നിര്‍ഭയ എന്ന ഡോക്യുമെന്ററിയും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അത് വലിയൊരു അംഗീകാരമായിരുന്നു. പിന്നീട് 60 ഓളം ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു. ദൂരദര്‍ശന്‍ സെലക്ട് ചെയ്തു. അതിന്റെ എഡിറ്റിംഗിന് നാഷണല്‍ അവാര്‍ഡും കിട്ടി. അന്നെനിക്ക് ശരിക്കും ഒരു ആത്മവിശ്വാസം കൈവന്നു. കാരണം വളരെ ലോ ക്വാളിറ്റിയില്‍ എന്റെ കയ്യിലെ സമ്പാദ്യം വച്ച് നിര്‍മ്മിച്ച ഒന്നായിരുന്നു അത്.മുംബൈയിലെ ലിബര്‍ട്ടി തീയറ്ററില്‍ വച്ച് നടത്തിയ പ്രദര്‍ശനത്തില്‍ ലോകമെമ്പാടുനിന്നുമുള്ള അനേകം ട്രാന്‍സ്ജെന്റേഴ്സ് ഇത് കാണാന്‍ വന്നിരുന്നു. എന്റെ സ്വന്തം സിനിമ കാണാന്‍ അന്ന് സീറ്റ് പോലും കിട്ടിയില്ല.ഫോട്ടോയെടുക്കാന്‍ ക്യാമറ കയ്യില്‍ പിടിച്ചിട്ട് കൈവിറയ്ക്കുകയായിരുന്നു.

കണ്ടവരെല്ലാം പറഞ്ഞ ഒരു കാര്യമുണ്ട്. സാധാരണ ഇത്തരം ട്രാന്‍സ്ജെന്റേഴ്സ് മൂവികളില്‍ എല്ലാം അവരുടെ പരാജയവും ജീവിതപ്രയാസങ്ങളുമായിരിക്കും അവതരിപ്പിക്കുക.എന്നാല്‍ ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെന്ററിയില്‍ സോനു വിന്നറാണ്. അത് കണ്ടവര്‍ക്കെല്ലാം അവര്‍ ജീവിതത്തില്‍ തോറ്റുപോയവരല്ല എന്ന തോന്നലുണ്ടായി എന്നാണ് എന്റെ വിശ്വാസം. എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ പ്രതികരണങ്ങള്‍.

ഞാന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ അനൂപ് (അനൂപ് സത്യന്‍) ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. 'എ ഡ്രീം കോള്‍ഡ് അമേരിക്ക' എന്ന അനൂപിന്റെ ഡോക്യുമെന്ററി ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലുകളിലൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനൂപ് സിനിമക്ക് ശേഷവും പുറത്തു നിന്നുള്ള എന്‍.ജി.ഒകള്‍ക്ക് ഉള്‍പ്പെടെ ഡോക്യുമെന്ററി ചെയ്യുന്നുണ്ട്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ദാറ്റ്‌സ് മൈ ബോയ് ഇവിടെ കാണാം

നമ്മളൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരംശം പോലും ലഭിക്കാത്ത മനുഷ്യരുടെ കഥയാണത്. ട്രാന്‍സ്ജെന്റേഴ്സിന്റെ ജീവിതവും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും നമുക്ക് ഊഹിക്കാനാവില്ല
അഖില്‍ സത്യന്‍
Q

ദാറ്റ്സ് മൈ ബോയ് പോലെയൊരു സിനിമ മനസ്സിലുണ്ടോ ?

A

സത്യത്തില്‍ അതിന്റെ റിയലിസ്റ്റിക്കായുള്ള വശമാണ് എനിക്കിഷ്ടം. അത് സിനിമയാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നാലും എന്നെങ്കിലും തോന്നിയാല്‍ തീര്‍ച്ചയായും ചെയ്യും. പക്ഷേ എനിക്കെപ്പോഴും ഈ കഥ ഒരു ഡോക്യുമെന്ററി ഫീലില്‍ തന്നെ അനുഭവിക്കാനാണ് താല്‍പര്യം. കാരണം ഡോക്യുമെന്ററിയില്‍ നമുക്ക് അതിന്റെ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും കൊണ്ടുവരാനാകും. സിനിമയില്‍ അത് സാധ്യമാകണമെന്നില്ല. പാച്ചുവും അത്ഭുത വിളക്കിന്റെ കഥയുമായി ബന്ധപ്പെട്ട് ഞാന്‍ സിനിമാട്ടോഗ്രാഫര്‍ എസ്. തിരുവിനെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തിന് 'ദാറ്റ്സ് മൈ ബോയി'യുടെ കഥ ഭയങ്കര ഇഷ്ടമാണെന്നും സിനിമയാക്കിയാല്‍ കൊള്ളാമെന്നും പറഞ്ഞു. തുറന്നു പറയുകയാണെങ്കില്‍ എന്നേക്കാള്‍ നല്ലത് പണി അറിയാവുന്ന ആരെങ്കിലും അത് ചെയ്യുന്നതായിരിക്കും.

അഞ്ജന ജയപ്രകാശ്
അഞ്ജന ജയപ്രകാശ്
Q

ഫഹദ് ഫാസില്‍, മലയാളത്തില്‍ ഈ ജനറേഷനിലെ ഏറ്റവും മികച്ച നടനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി നിന്ന് ഫഹദിന്റെ ക്യാമറക്ക് മുന്നിലെ പെര്‍ഫോര്‍മന്‍സ് കണ്ടിട്ടുണ്ട് അഖില്‍, എന്തുകൊണ്ടാണ് ഫഹദ് ആദ്യസിനിമയുടെ ഓപ്ഷനായത് ?

A

ശരിക്കും പറഞ്ഞാല്‍ ഈ കഥയുമായി ഫഹദിന്റെ അടുത്തുപോകാന്‍ എനിക്ക് ചമ്മലായിരുന്നു. കാരണം ഇന്ന് മലയാള സിനിമയില്‍ ഏറ്റവും സെലക്ടീവായ ഒരു നടനാണ് ഫഹദ് ഫാസില്‍. കാര്യം ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ പരിചയമൊക്കെ ഉണ്ടെങ്കിലും വല്ലപ്പോഴുമൊക്കെ ഫോണില്‍ സംസാരിക്കമെന്നേയുള്ളു. അച്ഛനെപ്പോലെ തന്നെ ജോലി കഴിഞ്ഞാല്‍ നേരെ വീട്ടില്‍ പോകുന്ന സ്വഭാവക്കാരനാണ് ഞാന്‍. മറ്റ് സോഷ്യല്‍ ആക്റ്റിവിറ്റീസ് ഒക്കെ കുറവാണ്. ഫഹദാണെങ്കില്‍ ഒരു കഥ തെരഞ്ഞെടുക്കണമെങ്കില്‍ അത് അത്രമാത്രം മികച്ചതായിരിക്കണം. പക്ഷേ കഥ കേട്ടയുടനെ ഫഹദ് ചോദിച്ചത് എന്നു തുടങ്ങാം എന്നായിരുന്നു.

കഥയുമായി നമ്മള്‍ ഈ പറയുന്ന പ്രധാനവ്യക്തികളെ സമീപിക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ മകനാണ് എന്നുപറയുന്ന പോയിന്റ് നമ്മള്‍ കയറിചെന്ന് ഇരുന്ന് ഹലോ പറയുന്നതോടെ തീര്‍ന്നു.പിന്നെ അവര്‍ ആ പറയു എന്നു പറയുമ്പോള്‍ അവിടെ അഖില്‍ എന്ന ഒരു സാധാരണ വ്യക്തിമാത്രമാണ്. കഥയാണ് പിന്നെ അവിടെ താരം. ഞാന്‍ ചിത്രത്തിനായി സമീപിച്ച എല്ലാവര്‍ക്കും കഥയിഷ്ടപ്പെടുകയും എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ചെയ്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

നിര്‍മ്മാതാവ് സേതു മണ്ണാര്‍ക്കാടിനൊപ്പം അഖില്‍ സത്യന്‍
നിര്‍മ്മാതാവ് സേതു മണ്ണാര്‍ക്കാടിനൊപ്പം അഖില്‍ സത്യന്‍
Q

ചിത്രീകരണം എത്രത്തോളമായി, സിനിമ ഈ വര്‍ഷം പ്രതീക്ഷിക്കാമോ?

A

കൊവിഡ് ലോക്ഡൗണ്‍ ഒക്കെ ആകുന്നതിന് മുമ്പ് ജനുവരിയില്‍ കുറച്ച് ചിത്രീകരണം നടത്തിയിരുന്നു. ബോംബെയിലെ ചേരികളില്‍ വച്ചുള്ള സീനുകളായിരുന്നു അത്.അവിടെതന്നെ പോയി ഷൂട്ട് ചെയ്യണമെന്നുണ്ടായിരുന്നു. അന്ന് ഫഹദ് മാലിക് ഗെറ്റപ്പിലായിരുന്നു. നന്നായി മെലിഞ്ഞ് താടിയൊക്ക നീട്ടിയ അവസ്ഥ. എനിക്ക് വേണ്ടിയിരുന്നത് കുറച്ചുകൂടി തടിയുള്ള ആളെയായതിനാല്‍ ഫഹദിന്റെ ഭാഗങ്ങളൊഴിച്ച് ചേരിയിലെ ഷൂട്ടിംഗ് ഞങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമയുടെ ഒരു അരമണിക്കൂര്‍ ചിത്രീകരണം പൂര്‍ത്തിയായി എന്നുപറയാം. ഇനിയുള്ളത് ഗോവ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലാണ്. ഈയൊരു സാഹചര്യത്തില്‍ പരിമിതികളില്‍ നിന്നുകൊണ്ട് ചെയ്യാനാവില്ല. ഇപ്പോള്‍ നടക്കുന്ന ചിത്രീകരണങ്ങളെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുറച്ച് ക്രൂവും സെറ്റിട്ടുമെല്ലാമാണ്.പക്ഷേ ഞങ്ങള്‍ക്ക് ചിത്രീകരിക്കാനുള്ളത് ആള്‍ക്കുട്ടവും അതുപോലെ ഈ പറഞ്ഞ സ്ഥലങ്ങളിലെ യഥാര്‍ത്ഥയിടങ്ങളുമാണ്.അത്യാവശ്യം ബജറ്റ് ഇറക്കി പിടിക്കുന്ന സിനിമയായതിനാല്‍ തന്നെ ഈ സമയത്തെ ഷൂട്ടിംഗ് ചിലപ്പോള്‍ ദോഷകരമായി ബാധിച്ചാല്‍ അത് പ്രൊഡ്യൂസര്‍ക്കാണ് നഷ്ടമുണ്ടാക്കുന്നത്.ഞാന്‍ പ്രകാശന്‍ നിര്‍മ്മിച്ച സേതു മണ്ണാര്‍ക്കാട് ആണ് ഇതിന്റേയും നിര്‍മ്മാതാവ്. സേതുവേട്ടന്‍ അന്നേപറഞ്ഞതാണ് നമുക്ക് ഒരുമിച്ച് ചിത്രം ചെയ്യണമെന്ന്.അങ്ങനെ ഒരാളുടെ ധൈര്യത്തിലാണ് ഞാന്‍ ഇതെല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. ഇത്രയും വലിയ ആളുകളെ സിനിമയിലേയ്ക്ക് വിളിക്കുമ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹം ഒപ്പം നില്‍ക്കുന്നതാണ് എന്റെ ഭാഗ്യം. പിന്നെ അച്ഛനൊപ്പം വര്‍ഷങ്ങളായിട്ടുള്ള പാണ്ഡ്യന്‍ - മോമി ടീം ഇതില്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. അച്ഛന്റെ സെറ്റില്‍ ചെന്നിറങ്ങുന്ന ഒരു ഫീലുണ്ട് ഇവര്‍ക്കൊപ്പമൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍. നിലവുള്ള അവസ്ഥയ്ക്ക് ഒരു അയവ് വരണം.വലിയ സെറ്റിട്ട് ചെയ്യേണ്ട സീനൊക്കെയുണ്ട്. ഏപ്രിലില്‍ ബാക്കിയുള്ള ചിത്രീകരണം ആരംഭിച്ച് തീയറ്ററില്‍ എത്തിക്കണമെന്നാണ് ആഗ്രഹം. തിയറ്ററില്‍ തന്നെ പോയികാണേണ്ട ചിത്രമാണിത്. ഒരല്‍പ്പം വൈകിയാലും പ്രേക്ഷകന് തീയറ്ററില്‍ ഇരുന്ന് ആസ്വദിക്കാനാവണം എന്റെ സിനിമ.

സത്യന്‍ അന്തിക്കാടിനും ഫഹദ് ഫാസിലിനുമൊപ്പം അഖില്‍ സത്യന്‍
സത്യന്‍ അന്തിക്കാടിനും ഫഹദ് ഫാസിലിനുമൊപ്പം അഖില്‍ സത്യന്‍
Q

പുതിയ ചിത്രവുമായി ബന്ധമില്ലാത്തൊരു ചോദ്യമാണ്. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാളി എക്കാലവും വെയ്റ്റ് ചെയ്യുന്നതാണ്, അഖില്‍ അടുത്തിടെ ഇന്‍സ്റ്റയില്‍ ഇട്ട പോസ്റ്റ് അങ്ങനെ ഒരു സൂചനയുമാണ്, അങ്ങനെ സിനിമ വരുന്നുണ്ടോ ?

A

സംഭവം ഉള്ളതാണ്. പക്ഷേ സിനിമ എന്നുവരുമെന്ന് പറയാനാവില്ല. ഞാന്‍ പ്രകാശന്‍ ചെയ്യുന്ന സമയത്ത് തന്നെ ശ്രീനി അങ്കിളും അച്ഛനും കൂടി ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ട് ആ ത്രെഡില്‍. സംഭവം കേട്ടതുമുതല്‍ ലാല്‍ സാറും ഓക്കെയാണ്. എന്നുചെയ്യാം എന്നാണ് അദ്ദേഹം എപ്പോഴും ചോദിക്കുന്നത്. നമ്മളൊക്കെ പ്രതീക്ഷിക്കുന്ന, കൊതിക്കുന്ന ഒരു ലാല്‍-ശ്രീനിവാസന്‍ കൂട്ടിലെ ഹ്യൂമറുള്ള കഥയാണ് സംഭവം. ത്രെഡ് ആയിക്കഴിഞ്ഞു. ഇനി തിരക്കഥയെഴുതേണ്ട കാര്യമേയുള്ളു, അച്ഛന്റെ സിനിമകളുടെ തിരക്കും ശ്രീനി അങ്കിളിന്റെ ആരോഗ്യവും ഒന്ന് ശരിയായാല്‍ ഉടന്‍ പ്രതീക്ഷിക്കാം. അച്ഛന്റെ ഒരു പടം കഴിഞ്ഞ് ഗ്യാപ്പായാല്‍ മിക്കവാറും അത് സംഭവിച്ചിരിക്കും. ഞാന്‍ എന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് ആ പടത്തില്‍ അസിസ്റ്റ് ചെയ്യാന്‍ റെഡിയായിരിക്കുകയാണ്.

അനൂപും അഖിലും സത്യന്‍ അന്തിക്കാടിനൊപ്പം
അനൂപും അഖിലും സത്യന്‍ അന്തിക്കാടിനൊപ്പം

Related Stories

No stories found.
logo
The Cue
www.thecue.in