'ഞങ്ങളെ വീണ്ടും സമരത്തിനിറക്കുന്നത് കേരളത്തിന് തന്നെ അപമാനമാണ്. അത് തിരിച്ചറിഞ്ഞുള്ള ഇടപെടലുണ്ടാകാണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കൂട്ടത്തോടെ സമരത്തിന് ഇറങ്ങുകയോ മരിക്കുകയോ ചെയ്യുക എന്നതാണ് മുന്നിലുള്ള വഴി'.
മുത്തങ്ങയിലെ പോലീസ് അതിക്രമത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ സി.കെ ജാനു സംസാരിക്കുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് പരിശോധിക്കുമ്പോള്‍ മുത്തങ്ങ സമരം ആദിവാസികളുടെ ജീവിതത്തില്‍ എന്തുമാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്?
ആദിവാസികള്‍ക്കിടയില്‍ ചില തിരിച്ചറിവുകളുണ്ടാക്കാന്‍ സമരത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഭൂമി ആളുകള്‍ക്ക് താമസിക്കാനുള്ളതാണെന്ന വിശ്വാസം ആദിവാസികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ആദിവാസികളെ സംരക്ഷിക്കാന്‍ ആരുമില്ലെന്നും എല്ലാവരും അവരെ ഉപയോഗിക്കാനാണ് കൂടെ നിര്‍ത്തിയതെന്ന രാഷ്ട്രീയ തിരിച്ചറിവും ഉണ്ടായിട്ടുണ്ട്. തനിയെ സമരം ചെയ്യാനുള്ള ആത്മധൈര്യം ആദിവാസികള്‍ക്ക് ഇപ്പോളുണ്ട്. നേരത്തെ രാഷ്ട്രീയക്കാര്‍ക്കൊപ്പമായിരുന്നു പോയിരുന്നത്. കാര്യങ്ങളോട് ഒറ്റയ്ക്ക് പ്രതികരിക്കാനാകുമെന്ന തോന്നലും ഉണ്ടായി. കേരളത്തില്‍ ഭൂമിയില്ല എന്ന് പറഞ്ഞിടത്ത് നിന്നും ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും നല്‍കാനുണ്ടെന്ന് കണ്ടെത്തിയില്ലേ. നമ്മള്‍ക്ക് വേണ്ടി നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്ന തോന്നല്‍ ആദിവാസികള്‍ക്കുണ്ട്. പക്ഷേ മറ്റ് തലങ്ങളില്‍ നോക്കുമ്പോള്‍ ആദിവാസികളുടെ അവസ്ഥ ഇന്ന് ദയനീയവും വളരെ ഭീകരവുമാണ്. പല സ്ഥലത്തും ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പരിഹാരമുണ്ടാകുന്നില്ല. അത് ആവര്‍ത്തിക്കപ്പെടുകയാണ്. സമരത്തിലേക്ക് പോയാല്‍ മാത്രമേ ആദിവാസികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളുവെന്ന തോന്നലിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. പഴയത് പോലെയുള്ള സമരം വേണമെന്ന ചിന്ത ആളുകളിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആത്മഹത്യയും അതില്‍ നടപടിയെടുക്കാതിരിക്കുന്നതും ഉള്‍പ്പെടെയുള്ള, ഇപ്പോള്‍ നടന്ന അതിക്രമങ്ങളാണ് അതിനൊരു കാരണം. കഴിഞ്ഞ കാലങ്ങളിലൊന്നും ഇല്ലാത്ത രീതിയിലുള്ള അവഗണനയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
മുത്തങ്ങ സമരത്തിന് ശേഷം 35,000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശരേഖ കിട്ടിയെന്നാണ് പറയുന്നത്. ഇപ്പോഴും ഇരുളത്തുള്‍പ്പെടെ ആദിവാസി കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം നടത്തുന്നു. ആദിവാസി ഭൂപ്രശ്നത്തിന് എന്താണ് പരിഹാരം?
ശക്തമായ സമരം ആവശ്യമാണെന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇത്രയധികം കുടുംബങ്ങള്‍ക്ക് കൈവശ രേഖ കൊടുത്തിട്ടുണ്ടെങ്കിലും അവരുടെ ഭൂമി ഏതാണെന്ന് കാണിച്ച് കൊടുത്തിട്ടില്ല. ആദിവാസികള്‍ക്കായി പട്ടയ മേള നടത്തുന്നുവെന്ന് വാര്‍ത്ത വരും. ആ മേളയില്‍ ആദിവാസികള്‍ക്ക് പട്ടയം കൊടുക്കാതെ കൈവശ രേഖയാണ് കൊടുക്കുന്നത്. കൈവശരേഖ കൊടുത്താലും മറ്റുള്ള പൗരന്‍മാര്‍ ഭൂമിയില്‍ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങള്‍ ആദിവാസിക്ക് ചെയ്യാന്‍ പറ്റില്ല. ആദിവാസികളുടെ ഭൂമിക്ക് കരം എടുക്കാത്തത് കൊണ്ട് ലോണെടുക്കാനോ കൂടുതല്‍ വിദ്യാഭ്യാസം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളെ പഠിപ്പിക്കാനോ കഴിയില്ല. കുടില്‍ കെട്ടി സമരം ചെയ്യുന്നത് പോലെത്തന്നെയുള്ള അവസ്ഥയാണ് കൈവശ രേഖ കിട്ടിയാലും ഉള്ളത്. വീട് വെക്കാനും കൃഷി ചെയ്യാനും കഴിയും. വാടക കൊടുക്കേണ്ടെന്ന വ്യത്യാസം മാത്രമേയുള്ളു. പട്ടയമേള ആദിവാസികള്‍ക്ക് വേണ്ടിയാണെന്ന് പറയുകയും അതേ വേദിയില്‍ അല്ലാത്തവര്‍ക്ക് പട്ടയം നല്‍കുകയും ചെയ്യും. ഈ ഭൂവിതരണത്തിലൂടെ രണ്ടാംപൗരനെ ഉണ്ടാക്കിക്കൊണ്ട് വരികയാണ് സര്‍ക്കാര്‍. ആദിവാസികള്‍ക്ക് ഒറിജിനല്‍ പട്ടയം കൊടുക്കണം. അവര്‍ക്ക് സ്വയംതൊഴില്‍ സംരംഭമൊക്കെ തുടങ്ങാന്‍ കഴിയണം. ഇപ്പോള്‍ വിദ്യാഭ്യാസമുള്ള ആളുകളാണ് ഉള്ളത്. സംരംഭമൊക്കെ തുടങ്ങാന്‍ പറ്റും. അതിനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കുകയാണ്. ഈ അവസ്ഥ മാറണം. ആദിവാസികളില്‍ ഭൂരഹിതരായ എത്രയോ പേര്‍ ഇപ്പോഴുമുണ്ട്. മരിച്ചാല്‍ പോലും അടക്കാനാവാതെ ദുരിതം അനുഭവിക്കുന്നവര്‍. കഴിഞ്ഞ നാളുകളിലൊക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്രയേറെ സമരം നടന്നിട്ടും പൊതുസമൂഹം ആദിവാസികളെ മനുഷ്യരായി പരിഗണിക്കാത്ത അവസ്ഥ തുടരുകയാണ്. ആദിവാസിയെ വീണ്ടും വീണ്ടും സമരത്തിലേക്കെത്തിക്കുകയാണ്.
ഫെബ്രുവരി 19ലെ പരിപാടി സമര പ്രഖ്യാപന കണ്‍വന്‍ഷനാക്കാനാണ് ഞങ്ങളുടെ തീരുമാനം. ആദിവാസികള്‍ സമരം ചെയ്തും സംഘടിച്ചും ബോധവാന്‍മാരാകുന്നുണ്ടെങ്കിലും അത് അവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് മാറണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. സര്‍ക്കാര്‍ അതിനെ അവഗണിച്ച് ഭീകരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ്. കണ്ണൂര്‍ ആറളം ഫാം വലിയ പ്രതീക്ഷയുണ്ടായിരുന്ന സ്ഥലമാണ്. ഒരു കുടുംബത്തിന് ഒരേക്കര്‍ വീതം 3500 ഏക്കര്‍ ഭൂമിയാണ് വിതരണത്തിനായി നീക്കിവെച്ചത്. ഇന്ന് അവിടെ ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെ സ്വയം ഒഴിഞ്ഞു പോകുകയാണ്. ആന ഫാമായി അത് മാറിക്കൊണ്ടിരിക്കുന്നു. അവിടെ അവശേഷിക്കുന്ന ആദിവാസികള്‍ സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണ്. രാഷ്ട്രീയമായും സാമൂഹ്യമായും മാറ്റങ്ങളുണ്ടാകണം. ആദിവാസികള്‍ സമരം ചെയ്ത് മരിച്ച് തീരുന്ന അവസ്ഥയാണ്. വളരെ മോശമായ ആറ്റിറ്റിയൂടാണ് സര്‍ക്കാര്‍തലത്തില്‍ ആദിവാസികള്‍ക്കെതിരെയുള്ളത്. ഈ അവസ്ഥ മാറണം. കുടില്‍ കെട്ടി സമരം ഇനി വ്യാപകമാകും. സമര പ്രഖ്യാപന കണ്‍വന്‍ഷന് ശേഷം ഈ സമരത്തിലേക്കാണ് ആദിവാസികള്‍ വരുന്നത്. അവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. മുത്തങ്ങ സമരം നടന്നിട്ട് 20 വര്‍ഷം പിന്നീടുമ്പോഴും ആ കരാറും വ്യവസ്ഥകളും ഒന്നും പാലിക്കപ്പെടുന്നില്ല. പൂര്‍ണമായും ലംഘിക്കപ്പെടുകയാണ്. 2001 ലെ കുടില്‍ കെട്ടല്‍ സമരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറിലെ ഭൂമി ഇതുവരെ ആദിവാസികള്‍ക്ക് കാണിച്ച് കൊടുത്തില്ല. 20 വര്‍ഷമായിട്ടും ഒരേക്കര്‍ ഭൂമി എവിടെയാണെന്ന് കാണിച്ച് കൊടുക്കാത്ത അവസ്ഥ ഏത് ലോകത്താണ് നടക്കുക. മാതൃകാ കേരളത്തില്‍ നടക്കുന്ന സംഭവമാണ്. കഴിഞ്ഞ ദിവസം ഒരു മരണ വീട്ടില്‍ പോയി. തലേ ദിവസം നാല് മണിക്കാണ് മരണം. പിറ്റേ ദിവസം അഞ്ച് മണിക്കാണ് ഞാന്‍ ചെല്ലുന്നത്. ഇത്ര സമയം കഴിഞ്ഞിട്ടും അടക്കം ചെയ്യാനുള്ള കാര്യങ്ങളൊന്നും ചെയ്യാതെ ഇരിക്കുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുകയാണ് വീടിന്റെ ചുറ്റും നേരത്തെ മരിച്ചവരെ കുഴിച്ചിട്ടിരിക്കുകയാണെന്ന്. ചാലു പോലെയുള്ള മുറ്റത്തടക്കം നേരത്തെ ആളുകളെ കുഴിച്ചിട്ടിട്ടുണ്ട്. ഇയാളെ എവിടെയാണ് കുഴിച്ചിടേണ്ടതെന്നാണ് അവരുടെ ആലോചന. കാര്‍ണോമാരെ കുഴിച്ചിട്ട സ്ഥലം തോണ്ടിയിട്ട് തന്നെ ഇയാളെ കുഴിച്ചിടാനാണ് ആലോചിക്കുന്നതെന്ന് പറയുന്ന ഭീകരാവസ്ഥയാണ് അവിടെ കണ്ടത്. ആദിവാസികള്‍ വംശീയമായി ഇല്ലാതായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. മരിക്കുന്നത് വരെ സമരം എന്നതിലേക്ക് മാറണമെന്നതാണ് 20ാം വാര്‍ഷികം നടക്കുമ്പോഴും ഉള്ളതെന്നത് രാഷ്ട്രീയ ജീര്‍ണതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ മാറ്റം വേണം. കോറോണയ്ക്ക് ശേഷം ഞാനൊക്കെ സജീവമായിരുന്നില്ല. ഇനി സജീവമായി രംഗത്തിറങ്ങണം.
ഒരു കുടുംബത്തിന് ഭൂമി കിട്ടി കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ വീട്ടില്‍ മക്കളും അവരുടെ കുടുംബങ്ങളും കൂടിയാകുന്നതോടെ അംഗങ്ങള്‍ക്ക് കിടക്കാന്‍ പോലും ഇടമില്ലാതാകുന്നു. അണുകുടുംബമായി മാറുന്നു. അവരുടെ ഭൂമി ആവശ്യം എങ്ങനെ പരിഹരിക്കാന്‍ കഴിയും?
ഇതിന് സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയ പരിഹാരമുണ്ട്. ഒരു കുടുംബത്തിന് ഒരേക്കര്‍ ഭൂമിയെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. വനാവകാശ നിയമത്തില്‍ പതിനഞ്ചേക്കര്‍ വെച്ചിട്ടുണ്ട്. 1957ല്‍ ഉണ്ടാക്കിയ പ്രൊജക്ടില്‍ അഞ്ചേക്കര്‍ പറഞ്ഞിട്ടുണ്ട്. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരാണ് ഉണ്ടായിരുന്നത്. അത് നടപ്പിലാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ആദിവാസികള്‍ക്ക് വേണ്ടി മാത്രമായി നിയമവും വ്യവസ്ഥയും വേണമെന്നല്ല ഞങ്ങള്‍ പറയുന്നത്. നിലവിലുള്ള നിയമം നടപ്പിലാക്കി ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. നാലുസെന്റിലെ ഒരു വീട്ടില്‍ അച്ഛനും അമ്മയുമായിരിക്കും ഉണ്ടാവുക. തൊട്ടടുത്ത് വേറൊരു വീട് വെക്കാനുള്ള സ്ഥലമോ സൗകര്യമോ ഇല്ല. നാല് മക്കളും കല്യാണം കഴിച്ചാല്‍ അവരുടെ കുടുംബവും ആ വീട്ടിലാണ് താമസിക്കുക. ഒരു വീടിനകത്ത് തന്നെ എട്ടും ഒമ്പതും കുടുംബങ്ങളായി മാറും. വീടെന്ന് പറയാനാകില്ല, കോളനിയാണ്. നാലുസെന്റിനകത്തെ കോളനിക്കകത്ത് അഞ്ചും പത്തും കുടുംബങ്ങളായി ജീവിക്കുന്നു. മദ്യപാനവും അരാജകത്വവും ഉണ്ടാവും. സ്വകാര്യം പറയാന്‍ പോലും കഴിയാത്ത സ്ഥലത്ത് ഇതൊക്കെ കൂടിവരും. വംശീയമായി തകര്‍ക്കാനുള്ള അജണ്ട സര്‍ക്കാരിന് ഉള്ളാലെ ഉണ്ടെന്നാണ് കരുതുന്നത്. എപ്പോഴും സമരം ചെയ്തു കൊണ്ടിരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമൊന്നുമില്ല. എല്ലാരെയും പോലെ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹമാണുള്ളത്. അതിനുള്ള ഇടമില്ലെങ്കില്‍ എന്ത് ചെയ്യും. സമരമല്ലാതെ മറ്റൊരു വഴിയും ഞങ്ങള്‍ക്ക് മുന്നിലില്ല. ഞങ്ങളെ വീണ്ടും സമരത്തിനിറക്കുന്നത് കേരളത്തിന് തന്നെ അപമാനമാണ്. അത് തിരിച്ചറിഞ്ഞുള്ള ഇടപെടലുണ്ടാകാണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കൂട്ടത്തോടെ സമരത്തിന് ഇറങ്ങുകയോ മരിക്കുകയോ ചെയ്യുക എന്നതാണ് മുന്നിലുള്ള വഴി.
ആദിവാസികള്‍ രാഷ്ട്രീയ ശക്തിയായി മാറുമെന്നതിന്റെ സൂചന മുത്തങ്ങ സമരത്തിലുണ്ടായിരുന്നു. എങ്ങനെയാണ് അത് ചിതറിപ്പോയത്?
രാഷ്ട്രീയ ശക്തിയായി മാറണമെന്നാണ് ആദിവാസികള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആദിവാസികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ വീതം വെച്ച് എടുത്തിരിക്കുകയാണ്. വോട്ടു ബാങ്കും ജാഥാ തൊഴിലാളികളും മാത്രമാക്കി കാലാകാലങ്ങളായി നിലനിര്‍ത്തിയ പ്രവണത ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. അതിനെ മറികടന്ന് മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ്.
താങ്കളുടെ വ്യക്തിപരമായ രാഷ്ട്രീയത്തില്‍ ഉണ്ടായ മാറ്റം പരിശോധിച്ചാല്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്നും വിട്ടുപോരുകയും ചെയ്തിട്ടുണ്ട്. എന്താണ് തുടരാന്‍ തടസ്സമായിരുന്നത്. അല്ലെങ്കില്‍ മറ്റ് പരീക്ഷണങ്ങളിലേക്ക് പോകാന്‍ സാഹചര്യമുണ്ടാക്കിയത്?
പരീക്ഷണവും ഗവേഷണവും നടത്തി വിജയിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ജീവിത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുക എന്നത് മാത്രമാണ്. ഏത് വഴിയിലൂടെ പോയാലാണ് അത് സാധ്യമാകുകയെന്ന് നോക്കി ആ വഴി സ്വീകരിക്കും. ഇപ്പോഴും രാഷ്ട്രീയ സംഭവത്തില്‍ നിന്നും നമ്മള്‍ ഒരടി പോലും പിന്നോട്ട് പോയിട്ടില്ല. മുന്നോട്ട് തന്നെയാണ് പോകുന്നത്. പക്ഷേ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ആദിവാസിക്കില്ല. അതാണ് പ്രധാന പ്രശ്‌നം. അത് കൊണ്ട് നമ്മള്‍ വിചാരിക്കുന്ന അത്ര വേഗതയില്‍ ഇതിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ട്. ഭൂമിയോ വരുമാനമോ ജോലിയോ ഇല്ല. എല്ലാവരും ചൂഷണം ചെയ്ത് ചണ്ടിയായ ശരീരം മാത്രമാണ് ആദിവാസിക്ക് ബാക്കിയായുള്ളത്. ആ ശരീരം മറ്റുള്ളവരെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതില്‍ നിന്നും മാറ്റം വരണമെങ്കില്‍ ഒരുപാട് കഷ്ടപ്പാടുണ്ട്. അതിന്റെ കാലതാമസവും ഉണ്ട്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ആളുകളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. രാഷ്ട്രീയമായി മുന്നേറിയാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ വോട്ട് ചെയ്യുന്നവരാണ് ആദിവാസികള്‍. ആരും വോട്ട് ചെയ്യാതിരുന്നിട്ടില്ല. എന്തുകൊണ്ട് കേരളത്തില്‍ മാത്രം പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പൊളിറ്റിക്കല്‍ അജണ്ടയുണ്ടാക്കാനുള്ള ശക്തി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായില്ല എന്നത് പരിശോധിക്കപ്പെടണം. അങ്ങനെ പരിശോധിച്ചാല്‍ മാത്രമേ പൊളിറ്റിക്കല്‍ മൂവ്‌മെന്റായാല്‍ നിന്നാലേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുള്ളുവെന്ന അവസ്ഥയിലേക്ക് ഞങ്ങളെ എത്തിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങുമ്പോള്‍ എം.എല്‍.എയോ എം.പിയോ മന്ത്രിയോ ആയി ഖജനാവ് മുഴുവന്‍ കട്ടുമുടിച്ച് ഞങ്ങളുടെ പേരില്‍ മള്‍ട്ടി നാഷണല്‍ കമ്പനി തുടങ്ങി ഉപജീവനം തുടങ്ങാനൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇവിടുത്തെ ജനാധിപത്യ വ്യവസ്ഥയില്‍ മുഴുവന്‍ മനുഷ്യരും ജീവിക്കുന്നത് പോലെ ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഈ അവകാശമാണ് നിഷേധിക്കുന്നത്. അതിനെതിരെയുള്ള സമരമാണ് ഞങ്ങളുടേത്. പച്ചയായി പറഞ്ഞാല്‍ മനുഷ്യാവകാശ ലംഘനമാണ് ആദിവാസികള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നത്. വെറുതെയൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയല്ല. അതിനെയുമൊരു സമരമായാണ് ഞങ്ങള്‍ മനസിലാക്കുന്നത്.
വിദ്യാഭ്യാസം, തൊഴില്‍ എന്നതിലേക്കൊക്കെ പുതിയ കാലത്തെ സാധ്യതകളിലേക്ക് ആദിവാസി വിഭാഗങ്ങളെ എത്തിക്കുന്നതില്‍ എന്താണ് തടസ്സമായി നില്‍ക്കുന്നത്. എങ്ങനെയാണ് മാറ്റം കൊണ്ടുവരാന്‍ സാധിക്കുക?
പൊതുസമൂഹത്തിലും രാഷ്ട്രീയ മേഖലയിലുമാണ് മാറ്റം ഉണ്ടാകേണ്ടത്. ആദിവാസികളുടെ ഇടയിലല്ല മാറ്റം വരേണ്ടത്. ആദിവാസികളില്‍ മാറ്റം സംഭവിക്കുന്നുണ്ട്. എന്റെ കാലത്തൊന്നും വിദ്യാഭ്യാസം ചെയ്തവരില്ല. ഇന്നത്തെ കാലത്ത് എംഫിലും പി.എച്ച്.ഡിയുമൊക്കെ പഠിച്ച ആദിവാസികളുണ്ട്. വിദ്യാഭ്യാസമില്ലാത്തവര്‍ കുറവാണ്. പാതി വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ഇല്ലെന്നല്ല. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇവിടെ ഉണ്ടാകണം. ഈ മാറ്റത്തെ ഉള്‍ക്കൊള്ളാതിരിക്കുകയും രാഷ്ട്രീയമായും സാമൂഹികമായും മാറ്റങ്ങള്‍ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നതിന്റെ ദുരന്തമാണ് ആദിവാസികള്‍ നിരന്തരം അനുഭവിക്കുന്നത്.