ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?

ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?

Published on

വളരെ വിശദമായി ആലോചനയ്ക്ക് വിധേയമാക്കേണ്ട, ഒരു പക്ഷെ എല്ലാ ആലോചനകളേയും അട്ടിമറിക്കുന്ന അതിവൈകാരിക പ്രസ്താവനകളിലൂടെയാണ് ഫാസിസ്റ്റുകള്‍ എന്നും അവരുടെ ആശയപ്രചരണം നിര്‍വ്വഹിച്ചിട്ടുള്ളത്. സത്യത്തില്‍ സൂക്ഷ്മമായ ആശയ ലോകത്തേക്ക് ഫാസിസം ഇടിച്ചുകയറി വരുന്നതിന്റെ രണ്ട് തെളിവുകളില്‍ ഒന്നാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം. സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് പറയുക വഴി ഇന്ത്യക്കാരന്റെ ചരിത്ര ബോധത്തെ തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ ചോദ്യം ചെയ്തിരിക്കുന്നു. ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തിലുള്ള ഒരു മാപ്പപേക്ഷ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്‍പില്‍ സമര്‍പ്പിച്ച, ഒരു പഴയ സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ പ്രതികരിച്ചിട്ടുള്ള ഒരാളാണ് സവര്‍ക്കര്‍. പഴയ എന്ന് പ്രയോഗിക്കാന്‍ കാരണം ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേക്കുറിച്ച് സവര്‍ക്കര്‍ എഴുതിയിട്ടുമുണ്ട്. പക്ഷെ, 1857ലെ സ്വാതന്ത്ര്യ സമരം സംഘടിപ്പിച്ചതും അതിന് നേതൃത്വം കൊടുത്തതും സവര്‍ക്കര്‍ പ്രതിനിധീകരിക്കുന്ന ആശയമല്ല. അന്നത്തെ ഇന്ത്യന്‍ ജനതയുടെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരുന്നതിനുള്ള മൗലികമായ കാഴ്ച്ചപാട് മതസൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായിരുന്നു. അതിനെ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരമെന്ന് കാള്‍ മാര്‍ക്‌സ് അഭിവാദ്യം ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്ക് ട്രിബ്യൂണില്‍ മാര്‍ക്‌സ് എഴുതിയ പ്രബന്ധത്തിലാണ് ഇത് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരമാണെന്ന ഗംഭീര പ്രയോഗമുള്ളത്. പിന്നീട് മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നെഴുതിയ 'ദ ഫസ്റ്റ് വാര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്' എന്ന പുസ്തകത്തില്‍ ഇത് സംബന്ധിച്ച പ്രബന്ധങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. 1857 എന്നുള്ളത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു വഴിത്തിരിവാണ്.

ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?
‘എകെ 47ലുണ്ടായിരുന്നത് ഒരു വെടിയുണ്ട’; മണിവാസകത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഒപ്പമുണ്ടായിരുന്ന മെമ്പര്‍ പൊന്നുച്ചാമി

എന്നാല്‍ ഈയൊരു സാമുദായിക സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായിട്ടുള്ള മഹാസമരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് സംഘപരിവാര്‍ പിന്നീട് ഉടനീളം നടത്തിയിട്ടുള്ളത്. യവന സര്‍പ്പങ്ങള്‍ക്ക് പാലൂട്ടുകയാണ് നിസ്സഹകരണ സമരം ചെയ്തത് എന്നുവരെ അവര്‍ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. അത് അടിസ്ഥാനപരമായി ഇന്ത്യന്‍ ജനതയുടെ ഐക്യത്തിനെതിരാണ്. ആ ഐക്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അവര്‍ വ്യാപരിച്ചത്. 1913 നവംബര്‍ 14ന് സവര്‍ക്കര്‍ സാമ്രാജ്യത്വത്തിന്റെ മുന്നില്‍ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ തന്നെത്തന്നെ അദ്ദേഹം വിളിക്കുന്നത് മുടിയനായ പുത്രന്‍ എന്നാണ്, ഇന്ത്യന്‍ ജനതയെ വഴി തെറ്റിപ്പോയ കുഞ്ഞാടുകള്‍ എന്നും. വി ഡി സവര്‍ക്കര്‍ ഒരു ഘട്ടത്തില്‍ താന്‍ ചെയ്ത, ഇന്ത്യക്കാര്‍ ചെയ്ത എല്ലാ സ്വാതന്ത്ര്യ സമരങ്ങളേയും തന്റെ സങ്കുചിത താല്‍പര്യത്തിന് വേണ്ടി ബ്രിട്ടനുമുന്നില്‍ അടിയറ വെച്ചു. എന്നെ സ്വതന്ത്രനാക്കുകയാണെങ്കില്‍ എന്റെ ആഹ്വാനപ്രകാരം വഴിതെറ്റിപ്പോയ കുഞ്ഞാടുകളെ, അതായത് സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത ഇന്ത്യന്‍ ജനതയിലെ ഒരു വിഭാഗത്തെ ഞാന്‍ പിന്തിരിപ്പിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിനീത ദാസന്‍മാരാക്കി മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം മാപ്പപേക്ഷയില്‍ പറയുന്നുണ്ട്. 'ആജീവനാന്തം ഈ സാമ്രാജ്യത്വമെന്ന ഈ രക്ഷാകര്‍തൃ സ്ഥാപനത്തോട് ഞാന്‍ കടപ്പെട്ടിരിക്കും. മുടിയന്‍മാരായ പുത്രന്‍മാരുടെ തെറ്റുകള്‍ തിരുത്താന്‍ മഹത്തായ സാമ്രാജ്യത്വത്തിന് മാത്രമേ കഴിയൂ.' ഇത്രയേറെ സാമ്രാജ്യത്വ പ്രകീര്‍ത്തനം നിര്‍വ്വഹിച്ചിട്ടുള്ള ഒരു വ്യക്തിക്ക് മരണാനന്തര ബഹുമതി നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് വലിയ പരുക്കുണ്ടാക്കും. 1913ലെ മാപ്പപേക്ഷ ഒന്ന് മാത്രം. ഹിന്ദു-മുസ്ലീം ഐക്യത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കത്തി നില്‍ക്കുമ്പോഴാണ് ആ മുന്നേറ്റത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്ന ഒരു പുസ്തകം സവര്‍ക്കര്‍ എഴുതിയത്. അതാണ് 1923ല്‍ പുറത്തിറങ്ങിയ, പില്‍ക്കാലത്ത് ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഹിന്ദുത്വ എന്ന പുസ്തകം. അത് മുന്നോട്ടുവെയ്ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയോ, ഇന്ത്യന്‍ ദേശീയതയെയോ, മതനിരപേക്ഷ മാനവികതയെയോ ഒന്നുമല്ല. വളരെ സങ്കുചിതമായ ദേശീയതയാണ് അത് മുന്നോട്ടുവെയ്ക്കുന്നത്. അതിന് ശേഷം 1925ലാണ് ആര്‍എസ്എസ് രൂപപ്പെടുന്നത്. പിന്നെ നമ്മള്‍ കാണുന്നത് 1937ല്‍ ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ സവര്‍ക്കര്‍ നടത്തിയ ദീര്‍ഘമായ അദ്ധ്യക്ഷ പ്രസംഗമാണ്. ഇന്ത്യയ്ക്ക് ഒറ്റ രാജ്യമായിരിക്കാന്‍ കഴിയില്ല എന്നാണ് അതില്‍ പറയുന്നത്. 1937ല്‍ അഹമ്മദാബാദിലെ ഹിന്ദുമഹാസമ്മേളനത്തില്‍ വെച്ച് സവര്‍ക്കറാണ് ദ്വിരാഷ്ട്രവാദം ആദ്യമായി ഉന്നയിക്കുന്നത്. പിന്നീട് 1940ലെ ലാഹോര്‍ സമ്മേളനത്തിലാണ് മുഹമ്മദലി ജിന്ന ദ്വിരാഷ്ട്രവാദം ഉന്നയിച്ചത്. ആദ്യമായി ദ്വിരാഷ്ട്രവാദ കാഴ്ച്ചപ്പാട് ഉന്നയിച്ച ഹിന്ദുത്വവാദികള്‍ തുടര്‍ന്നങ്ങോട്ടും സാമ്രാജ്യത്വ അനുകൂല നിലപാടുകളാണ് സ്വീകരിച്ചത്. 1948ല്‍ മഹാത്മാ ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ പ്രതിയാണ്. മഹാത്മാ ഗാന്ധിയെ വധിച്ചതില്‍ രോഷം പൂണ്ട് ഇന്ത്യന്‍ ജനത ആദ്യം ഇരച്ചുകയറിയത് ദാദറിലുള്ള സവര്‍ക്കറുടെ വീട്ടിലേക്കായിരുന്നു.

ഗാന്ധിവധ വിചാരണയ്ക്കിടെ  
ഗാന്ധിവധ വിചാരണയ്ക്കിടെ  
ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, 20 കിലോയില്‍ താഴെ തൂക്കമുള്ള ഒമ്പതുകാരി കഴുക്കോലില്‍ തൂങ്ങി മരിച്ചെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ?

സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ നിര്‍ണായകമായ വഴിത്തിരിവുകളിലൊക്കെ സാമ്രാജ്യത്വ അനുകൂല നയം സ്വീകരിക്കുകയും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ നേതൃത്വമായി മാറിയ മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് സവര്‍ക്കര്‍. 'ബിഎസ് മൂഞ്ചെയും സവര്‍ക്കറും വാളിന്റെ തത്വത്തിലാണ് വിശ്വസിക്കുന്നത്. അത് ഹിന്ദുമത വിശ്വാസമല്ല. ഞാന്‍ അവരുടെ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ല' എന്ന മഹാത്മാ ഗാന്ധി കൃത്യമായും പറയുന്നുണ്ട്. 1927 മാര്‍ച്ച് 10-ാം തീയതി യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയ ഒരു വാചകമുണ്ട്. നമ്മുടെ ഉള്ളിലിപ്പോഴും വല്ലാതെ കോളിളക്കമുണ്ടാക്കുന്ന ഒരു വാക്യമാണത്. ഗാന്ധി ചോദിക്കുന്നു 'പാണ്ഡവരുടെ ത്യാഗശീലത്തേക്കുറിച്ചും യുധിഷ്ഠരന്റെ ക്ഷമാശീലത്തേക്കുറിച്ചും ഓര്‍ക്കുന്ന, ക്ഷമയുടേയും സഹനത്തിന്റേയും മതമാണ് ഹിന്ദുമതമെന്ന് കരുതിയ, മുസല്‍മാന്‍മാരോട് നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ട ഒരു ഭ്രാന്തന്‍ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ഉണ്ടായിപ്പോയത് അത്ര വലിയ തെറ്റാണോ?' അസാധാരണമായ ഈ പ്രസ്താവന ഇന്ത്യന്‍ ജനതയോട് പൊതുവായി നടത്തിയ പ്രസ്താവനയാണെന്നാണ് പലരും കരുതുന്നത്. അങ്ങനെ കരുതുന്നതില്‍ തെറ്റില്ല, പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. സവര്‍ക്കറും മറ്റുള്ളവരും പ്രതിനിധാനം ചെയ്യുന്ന വാളിന്റെ തത്വശാസ്ത്രം അവര്‍ തുടക്കം മുതലേ ഗാന്ധിക്കെതിരെ വീശിയിട്ടുണ്ട്. അതിനെതിരെയുള്ള ഗാന്ധിയുടെ ഹൃദയസ്പര്‍ശിയായ പ്രതികരണമാണിത്. ക്ഷമാശീലം, ത്യാഗം, നീതിബോധം ഇതൊക്കെ ഉയര്‍ത്തിപ്പിടിക്കുന്നത് ഹിന്ദുമതമാണ്, എല്ലാ മതങ്ങളുടേയും അടിസ്ഥാനമായിട്ടുള്ള ഒരു മതത്തേക്കുറിച്ചാണ് ഗാന്ധി പറഞ്ഞത്. ഗാന്ധിയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ 'മനുഷ്യരെ സൃഷ്ടാവിനോട് അഭിമുഖമാക്കുന്ന ഒരു മതത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ ലോകത്തിലുള്ള എല്ലാ വേദങ്ങളും ഉള്‍പ്പെടും ഖുര്‍ആനും ബൈബിളും എല്ലാം ഉള്‍പ്പെടുന്ന ഒന്നാണ് എന്റെ മതം'. അവിടെ അപരനില്ല. എല്ലാറ്റിനേയും ചേര്‍ത്തുപിടിക്കുന്ന ഉള്‍ക്കൊള്ളലിന്റെ ഒരു കാഴ്ച്ചപ്പാടാണുള്ളത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലും ഗാന്ധിയും 
സര്‍ദാര്‍ വല്ലഭായ് പട്ടേലും ഗാന്ധിയും 
ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?
വെടിവെച്ചുകൊല്ലാന്‍ ചിലരെ കണ്ടെത്തുന്നത് എത്ര ക്ലേശകരമായാണ്!

എന്നാല്‍ സംഘ് പരിവാര്‍ മുന്നോട്ടുവെച്ച മതം ഹിന്ദുമതമായിരുന്നില്ല, അത് കൊളോണിയല്‍ ജാതി മേല്‍ക്കോയ്മയാണ്. ഹിന്ദുത്വം എന്ന വാക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഉപയോഗിച്ചത്. ജനാധിപത്യവാദികള്‍ പോലും ഹിന്ദുമതവും ഹിന്ദുത്വവും വേറെയാണ് എന്ന് വിശദീകരിക്കാനാണ് ശ്രമിച്ചത്. ആ വിശദീകരണം പ്രസക്തവുമാണ്, പക്ഷെ ഹിന്ദുത്വം എന്ന് പറയുമ്പോള്‍ പോലും അതിന് ഹിന്ദുമതവുമായി എന്തോ ബന്ധമുണ്ടെന്ന് കരുതുന്നതില്‍ ന്യായമുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍, കീഴാള ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ ഉറച്ചുനിന്നവരാണ്. ഇവിടുത്തെ ജാതിമേല്‍ക്കോയ്മ കൊളോണിയല്‍ താല്‍പര്യമാണ് പുലര്‍ത്തിയത്. കൊളോണിയല്‍ ജാതി മേല്‍ക്കോയ്മയുടെ പ്രത്യയ ശാസ്ത്രമാണ് ഹിന്ദുത്വ എന്ന പേരില്‍ അവതരിപ്പിച്ചത്. ആ ഹിന്ദുത്വ ഒരു പരസ്യപദം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍ ജാതി മേല്‍ക്കോയ്മ എന്ന് തന്നെ കൃത്യമായി വ്യവച്ഛേദിച്ച് സംഘ് പരിവാറിനെ വിശദീകരിക്കേണ്ടതുണ്ട്. അതിന്റെ പ്രതിനിധിയാണ് സവര്‍ക്കര്‍. 1966ല്‍ മരിക്കുമ്പോള്‍ സവര്‍ക്കറിന് ഒരു ഔദ്യോഗിക ബഹുമതിയും ലഭിച്ചിരുന്നില്ല. പിന്നീട് അത്ഭുകരമെന്നോണം നമ്മള്‍ കാണുന്നത് പതിയെപ്പതിയെ സവര്‍ക്കര്‍ക്ക് അംഗീകാരം ലഭിക്കുന്നതാണ്. 2003ല്‍ സവര്‍ക്കറുടെ ചിത്രം മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന്റെ നേരെ മുന്നില്‍ തൂക്കിയതോടുകൂടി ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ പരുക്ക് വളരെ വളരെ മാരകമായിത്തീര്‍ന്നു. അന്ന് സീതാറാം യെച്ചൂരി ഉപയോഗിച്ച ഒരു വാക്കാണ് 'ദ ഗ്രേറ്റ് കറ്റാസ്ട്രഫി' ഏറ്റവും ഉചിതമായ പ്രയോഗം. അത്ര വലിയ ദുരന്തമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവിച്ചത്. ആ ദുരന്തം അവിടെ നില്‍ക്കുമെന്ന് നമ്മള്‍ കരുതി. പക്ഷെ അത് അവിടെയും നില്‍ക്കാന്‍ പോകുന്നില്ല, ഇനിയും മുന്നോട്ടേക്കാണ് എന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവന. അത് ചരിത്രനിഷേധമാണ്, മതനിരേപക്ഷതയ്ക്കും മാനവികതയ്ക്കും എല്ലാ ജനാധിപത്യമൂല്യങ്ങളുടേയും കടയ്ക്കല്‍ കത്തിവെക്കുന്നതാണ്. അതിനെതിരെ മാത്രമല്ല ഇന്ത്യന്‍ ജനത പ്രതികരിക്കേണ്ടത്. സവര്‍ക്കറേയും ഗോള്‍വല്‍ക്കറേയും ബിഎസ് മൂഞ്ചെയേയും, സമാനമായ പുനരുത്ഥാന-ജനാധിപത്യ വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിച്ച സാമ്രാജ്യത്വ അനുകൂല നിലപാട് സ്വീകരിച്ചവരെ പൊക്കിക്കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കെതിരേയും അഭിപ്രായ വ്യത്യാസമില്ലാതെ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഇന്ത്യന്‍ ജനത ഐക്യപ്പെടേണ്ടതുണ്ട്.

ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?
‘മനുഷ്യരെ വെടിവെച്ചുകൊന്ന് എന്ത് സമാധാനമാണ് ഉണ്ടാക്കുന്നത്,ആ 4പേരെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ പട്ടികയില്‍ ചേര്‍ത്തുവെയ്ക്കാനുളളതാണ്’ 

ഇന്ത്യയിലുടനീളമുള്ള സ്‌കൂള്‍കുട്ടികളുടെ ആദ്യത്തെ മോഹം താജ്മഹല്‍ കാണുക എന്നുള്ളതാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ പരമാവധി മോഹം താജ്മഹല്‍ കാണലായിരുന്നു. മാഷ് ചിത്രം കാണിച്ചുതരുമായിരുന്നു. നേരില്‍ കാണാതെ തന്നെ ഇന്ത്യന്‍ ജനത മനസില്‍ കണ്ട ലോകത്തിലെ ഏഴാമത്തെ മഹാത്ഭുതമായ താജ്മഹല്‍, ആ താജ്മഹലിന്റെ സൗന്ദര്യപരവും സാംസ്‌കാരികവുമായ മൂല്യങ്ങളെല്ലാം മാറ്റി നിര്‍ത്താം. ആ താജ്മഹല്‍ വഴി ടൂറിസ്റ്റുകള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തി നമുക്ക് എത്ര മാത്രം സമ്പത്താണ് ഉണ്ടാക്കിത്തരുന്നത്. സമ്പത്തുണ്ടാക്കിത്തരുന്ന, ഇന്ത്യയുടെ പ്രശസ്തി ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന താജ്മഹലിനേക്കുറിച്ച് സംഘ്പരിവാര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും മാത്രം പരിശോധിച്ചാല്‍ അറിയാം, ഇവര്‍ എന്തുമാത്രം പാപ്പരായ ഒരു ചരിത്രബോധമാണ് മുന്നോട്ട് വെക്കുന്നതെന്ന്. രവീന്ദ്രനാഥ ടാഗോറിനേപോലെയുള്ള മഹാപ്രതിഭകള്‍ 'കാലത്തിന്റെ കവിള്‍ത്തടത്തിലെ ഏകാന്തമായ കണ്ണുനീര്‍ത്തുള്ളി' എന്ന് താജ്മഹലിനെ പ്രശംസിച്ചു. ലോകം മുഴുവന്‍ അതിന് മുന്നില്‍ വിസ്മയിച്ച് നില്‍ക്കുമ്പോഴാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യുപിയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ നിന്ന് താജ്മഹല്‍ ഒഴിവാക്കപ്പെടുന്നത്. അത് തേജോ മഹാലയം എന്ന ശിവക്ഷേത്രമാണ് എന്ന് വാദിക്കുന്നത്. ഇന്ത്യയിലെ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന സ്മാരകങ്ങള്‍, സ്ഥലനാമങ്ങള്‍ ഇതൊക്കെ മാറ്റി മറിച്ചുകൊണ്ടാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യക്കാര്‍ എന്നൊരു പൗരാണിക ജനത പതിനായിരമോ ഇരുപതിനായിരമോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്നതായിട്ട് ഒരു രേഖയുമില്ല. പലതരം കൂടിച്ചേരലുകളിലൂടെ സമന്വയത്തിലൂടെ, രൂപപ്പെട്ടതാണ്. ഇന്നും നടക്കുന്ന ഒരു പ്രക്രിയയാണ് ഇന്ത്യന്‍ ജനതയുടെ രൂപീകരണം. അതൊരു പ്രക്രിയയാണെന്ന് തിരിച്ചറിയാതെ, മുന്‍പേ തന്നെ, ഇന്ത്യന്‍ ജനതയുണ്ട്, ഇന്ത്യ ആദിമമാണ്, ഇന്ത്യന്‍ രാഷ്ട്രം എന്ന് പറയുന്നത് ആധുനിക ദേശരാഷ്ട്രങ്ങള്‍ക്കെല്ലാം അപ്പുറമുള്ള ഒന്നാണ്, ഇത് പുണ്യഭൂമിയാണ്, മോക്ഷഭൂമിയാണ്, ദേവഭൂമിയാണ് എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു ജനവിഭാഗം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരും ലോകം മുഴുവനും അങ്ങനെ കരുതണമെന്ന് പറയുന്നത് പരിഹാസ്യമാണ്. ദിനാ നാഥ് ബത്ര തേജോമയി ഭാരതത്തില്‍ പല വാക്കുകള്‍ക്കും നിരോധനം കല്‍പിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ നിന്ന് ഏറ്റവും അടിയന്തിരമായി 24 വാക്കുകള്‍ മാറ്റിക്കളയണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിച്ചു. ദോസ്ത്, മുഷ്‌കില്‍, ഖല്‍ബ്, മൊഹല്ല തുടങ്ങിയ ഹിന്ദുസ്ഥാനി, ഉറുദു പദങ്ങള്‍ കലര്‍ന്ന ഹിന്ദി വാക്കുകള്‍ മുഴുവന്‍ ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം വാദിച്ചുകൊണ്ടിരിക്കുന്നത്. സമന്വയത്തിലൂടെ രൂപപ്പെടുന്ന ഇന്ത്യയുടെ മതനിരപേക്ഷ സംസ്‌കാരത്തെയാകെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമം.

താജ്മഹലില്‍ പൂജ നടത്തുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ 
താജ്മഹലില്‍ പൂജ നടത്തുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ 

ലോകത്തുടനീളമുള്ള ചരിത്രം നമ്മള്‍ പരിശോധിച്ചാല്‍ കാണാം ഫാസിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ചരിത്ര സ്മരണകളാണ്. ഗീബല്‍സിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. '1789നെ ഞാന്‍ ചരിത്രത്തില്‍ നിന്ന് ഉന്മൂലനം ചെയ്യും'. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന കാഴ്ച്ചപ്പാടും മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഫ്രഞ്ച് വിപ്ലവത്തിന്റെ വര്‍ഷമാണ് 1789. ഫ്രഞ്ച് വിപ്ലവത്തെ, ആ കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്. ആ രീതി പിന്തുടര്‍ന്നുകൊണ്ടാണ് ഇവിടെ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരത്തേയും ഇവിടുത്തെ സമന്വയത്തിന്റെ സ്മാരകങ്ങളേയും ഇവര്‍ അടിച്ചുതകര്‍ക്കുന്നത്. ചരിത്രം നഷ്ടപ്പെട്ടാല്‍ ചെറുത്തുനില്‍ക്കാനുള്ള ഒരു ജനതയുടെ കഴിവ് കുറയും. 1930ല്‍ മഹാവീര്‍ പ്രസാദ് ദ്വിവേദി പറയുന്നുണ്ട് 'നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, നമ്മുടെ ചരിത്രം നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. ചരിത്രം നഷ്ടപ്പെട്ടാല്‍ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നമ്മള്‍ വളരെ പ്രയാസപ്പെടേണ്ടി വരും. എന്നാല്‍ ചരിത്രം നിലനില്‍ക്കുകയാണെങ്കില്‍ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ എളുപ്പമായിരിക്കും'. ഇന്ത്യന്‍ ജനത ഇന്ത്യന്‍ ജനതയായി തീര്‍ന്ന വഴികളൊക്കെ ഇവര്‍ കൊട്ടിയടക്കുകയാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജീവിതത്തില്‍ വലിയ വിള്ളലുണ്ടാക്കാന്‍ ഇടയുള്ള, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള ഒരു പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ നടക്കുന്നത്.

ഗുജറാത്തില്‍ 2002ല്‍ നടന്ന ഭീകര വംശഹത്യയേക്കുറിച്ചുള്ള വിശകലനങ്ങളില്‍ റൊമീല ഥാപ്പര്‍ പറയുന്ന മൗലികമായ ഒരു കാര്യം 1980കള്‍ മുതല്‍ ഗുജറാത്തില്‍ നടന്ന ചരിത്ര തിരുത്തുന്ന പ്രക്രിയയാണ് ഈയൊരു വംശഹത്യയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ്. അങ്ങനെയെങ്കില്‍ അതേ ഗുജറാത്തില്‍ അതിനേക്കാല്‍ ഭീകരമായി ചരിത്രം തിരുത്തുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഗുജറാത്തിലെ ഒമ്പതാം ക്ലാസ് പരീക്ഷയില്‍ ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് ചോദിക്കുന്നത്. ഗോഡ്‌സെയാണ്, സവര്‍ക്കറാണ് ഇവിടെ ബിംബവല്‍ക്കരിക്കപ്പെടുന്നത്. സംഘ് പരിവാറിനെ, അവരുടെ ഭീകരതയെ തുറന്നുകാണിച്ച ഒരാളാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍. പട്ടേല്‍ ഒരു സവര്‍ണ ബോധം പങ്കുവെച്ചു എന്നത് ശരിയാണ്. പക്ഷെ അദ്ദേഹം, മഹാത്മാ ഗാന്ധി വധത്തില്‍ സംഘ്പരിവാറുകാര്‍ മധുര പലഹാരവിതരണം നടത്തിയതിനെയടക്കം ആക്ഷേപിച്ചിട്ടുണ്ട്. ആ പട്ടേലിനെ പിടിച്ചെടുക്കുന്നു, പ്രതിമയുണ്ടാക്കുന്നു. പിടിച്ചെടുക്കുക, കളങ്കപ്പെടുത്തുക, മലിനമാക്കുക, കീഴ്‌പ്പെടുത്തുക ഇതൊക്കെയാണ് ഫാസിസ്റ്റ് പദ്ധതി. അത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

നമ്മള്‍ പ്രാദേശികമായി തന്നെ വികേന്ദ്രീകൃതമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. രണ്ട് തരത്തിലാണ് ഇന്ത്യന്‍ ജനത ചരിത്രത്തില്‍ ഇടപെടേണ്ടത്. ഒന്ന്, ചരിത്രമെന്നത് മുകളില്‍ നിന്ന് താഴേക്ക് കെട്ടിയിറക്കുന്ന ഒന്നല്ല. താഴെ നിന്ന് നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. സ്വാഭാവികമായും ഓരോ പ്രദേശത്തിനും അതിന്റേതായ ഒരു ജനകീയ ചരിത്രമുണ്ടാകും. ആ പ്രദേശത്തെ ജനത ജാതിയുടെയും മതത്തിന്റേയും മൊഴിഭേദത്തിന്റേയും തൊഴിലിന്റേയുമെല്ലാം അടിസ്ഥാനത്തില്‍ വിട്ടുവിട്ടുനിന്ന ജനതയായിരിക്കും. പക്ഷെ, ജീവിതത്തിലൂടെ അവര്‍ അടുത്തടുത്ത് വന്നിട്ടുണ്ടാകും. വിട്ടുപോകുന്ന അവസ്ഥയില്‍ നിന്ന് കാലാന്തരത്തില്‍ അടുത്തടുത്ത് വന്നത് എങ്ങനെയാണ്, അതിന്റെ വഴികള്‍ ഏതാണ് എന്ന് വിശദമാക്കുന്ന തരത്തിലുള്ള പ്രാദേശിക ചരിത്ര നിര്‍മ്മിതി വികേന്ദ്രീകൃതമായ അര്‍ത്ഥത്തില്‍ എല്ലാ ഗ്രാമത്തിലും നഗരത്തിലും തൊഴില്‍ കേന്ദ്രത്തിലും വിദ്യാലയങ്ങളിലും ആരംഭിക്കണം. അത്തരം ചില ശ്രമങ്ങള്‍ ഇന്ത്യയുടെ പലഭാഗത്തും നടന്നിട്ടുണ്ട്.

രണ്ടാമത്തേത് നമ്മുടെ ഔദ്യോഗിക ചരിത്രത്തിലെ പരിമിതികള്‍ പരിഹരിക്കണം. മൂന്നാമത്തേത് ചരിത്രത്തെ മലിനമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിരന്തരം ജാഗ്രത പുലര്‍ത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. നമ്മുടെ ഔദ്യോഗിക ചരിത്രത്തില്‍ വലിയ മുന്നേറ്റമുണ്ടായിട്ട്. പക്ഷെ, നമ്മുടെ ചരിത്രബോധത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. ബിധന്‍ ചന്ദ്ര പറയുന്നുണ്ട് 'ചരിത്രം പഠിക്കുന്നതുകൊണ്ടാണ് നമ്മള്‍ വര്‍ഗീയവാദികളാകുന്നത്.' കാരണം നമുക്കിപ്പോഴും ഔറംഗസേബും ശിവജിയും ഇസ്ലാം മതത്തിന്റേയും ഹിന്ദുമതത്തിന്റേയും അഭിമാനത്തിന് വേണ്ടി ഏറ്റുമുട്ടുന്ന രണ്ട് രാജാക്കന്‍മാരാണ്. പക്ഷെ, നമ്മുടെ ഔദ്യോഗിക ചരിത്ര രചനകളില്‍ അത് വ്യത്യസ്തമാണ്. ഈ വൈരുധ്യത്തേക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ചരിത്ര രചനയിലെ മുന്നേറ്റം നമ്മുടെ ബോധത്തിലുമുണ്ടാകണം. നിരന്തരമായ വഴികളിലൂടെ ഇന്ത്യന്‍ ജനതയുടെ ചരിത്രത്തെ നവീകരിച്ചുകൊണ്ട്, ഇന്ത്യന്‍ ജനതയുടെ ഐക്യം, സുരക്ഷിതത്വം, സമാധാനം, സ്വസ്ഥത ഇതെല്ലാം ഉറപ്പുവരുത്താനുള്ള ശ്രമം നമ്മള്‍ നടത്തണം. ഇരുണ്ട കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ ഇരുണ്ടകാലത്തും പ്രകാശിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യന്‍ ജീവിതത്തിന്റെ ഐക്യം അത്ര പെട്ടെന്നൊന്നും മരിക്കില്ല, ആര്‍ക്കും കൊല്ലാന്‍ പറ്റില്ല എന്ന് തെളിയിക്കുന്ന എത്രയോ ഉദാഹരണങ്ങളുണ്ട്. കേരളത്തില്‍ പ്രളയകാലത്ത് നമ്മളത് കണ്ടതാണ്. മലപ്പുറം പോത്തുകല്ലില്‍ ഒരു മുസ്ലീം പള്ളി പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രമാകുന്നു, എറണാകുളം കീഴില്ലത്തെ വിഷ്ണു ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ദിവാകരന്‍ നമ്പൂതിരി ഭണ്ഡാരത്തിലെ പണം മുഴുവന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ഇതുപോലെ നിരവധി ഉദാഹണങ്ങളുണ്ട്. ഇവ കണ്ടെത്തി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കണം. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ, ഇന്ത്യന്‍ ജനത മതത്തിന്റെ അടിസ്ഥാനത്തില്‍ വേറിട്ടുനിന്ന് തെരുവില്‍ തല്ലിക്കൊണ്ടിരിക്കുകയല്ല, ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ ഐക്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത ജനങ്ങളിലെത്തിക്കണം. മുന്‍പ് ചില വീഴ്ച്ചകള്‍, വഴുക്കലുകള്‍ ഉണ്ടായെന്ന് നമ്മള്‍ അംഗീകരിക്കണം. അവയെ ആദര്‍ശവല്‍ക്കരിക്കരുത്. ആ വഴുക്കലുകള്‍ ഇനിയുണ്ടാകാതെ നോക്കുകയാണ് വേണ്ടത്.

logo
The Cue
www.thecue.in