ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ! ദുരന്തമുഖത്തെ കണക്കെടുപ്പ് എങ്ങനെ? 'എസ്റ്റിമേറ്റി'ലെ കാണാപ്പുറങ്ങള്‍

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ! ദുരന്തമുഖത്തെ കണക്കെടുപ്പ് എങ്ങനെ? 'എസ്റ്റിമേറ്റി'ലെ കാണാപ്പുറങ്ങള്‍
Published on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നഷ്ടങ്ങളുടെ എസ്റ്റിമേറ്റുകള്‍ വിവരിച്ചു കൊണ്ടുള്ള മെമ്മോറാണ്ടത്തെ മുന്‍നിര്‍ത്തിക്കൊണ്ട് സര്‍ക്കാരിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് മലയാള മാധ്യമങ്ങള്‍. ഒരു മാധ്യമ സ്ഥാപനം തുടങ്ങിവയ്ക്കുകയും മറ്റുള്ളവര്‍ യാതൊരു വിവരശേഖരണവും നടത്താതെ അത് അതുപോലെ ഏറ്റുപാടുകയും ഒടുവിലത്തെ കുറ്റസമ്മതവുമെല്ലാം കഴിഞ്ഞു. പക്ഷേ അങ്ങനെയൊരു വ്യാജവാര്‍ത്ത ഈ സമൂഹത്തില്‍ ഉണ്ടാക്കിയ കേടുപാടുകളും അത് ഇവിടെയുണ്ടാക്കിയ തെറ്റിദ്ധാരണകളും മാധ്യമങ്ങളുടെ പൊള്ളയായ കുറ്റസമ്മതത്തിലൂടെ മാഞ്ഞു പോയിട്ടില്ല. മാധ്യമപ്രവര്‍ത്തകരില്‍ പലരും ആ മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാനോ അതേക്കുറിച്ച് പഠിക്കാനോ അല്ല ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ പറഞ്ഞ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് സമര്‍ഥിക്കാന്‍ ഉള്ള പോയിന്റുകള്‍ കണ്ടുപിടിക്കുകയും അത് സാധൂകരിക്കുകയുമാണ് ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം.

ഒരു ദുരന്തം നടന്നുകഴിഞ്ഞ് ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്കെടുപ്പ് നമ്മള്‍ കരുതുന്നതുപോലെ ലളിതമായ പ്രക്രിയ അല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഒരു വ്യക്തിയുടെ വരുമാനമാര്‍ഗ്ഗമാണ് ഒരു ദുരന്തത്തില്‍ നശിച്ചു പോകുന്നത് എങ്കില്‍ അയാള്‍ക്ക് അതുപോലൊരു വരുമാനമാര്‍ഗ്ഗം തിരികെ ലഭിക്കുന്നത് വരെ ആ വ്യക്തിയുടെ വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങളും ദുരന്തത്തിന്റെ നഷ്ട കണക്കില്‍ ചേര്‍ക്കേണ്ടതുണ്ട്. നശിച്ചുപോയ ആ വരുമാനമാര്‍ഗ്ഗത്തിന് വേണ്ടി അയാള്‍ അത് ആരംഭിക്കുന്ന സമയത്ത് ചിലവഴിക്കേണ്ടി വന്ന തുകയായിരിക്കില്ല ഒരുപക്ഷേ ഇന്ന് ദുരന്തത്തിന് ശേഷം അത് തിരികെ സ്ഥാപിക്കാന്‍ അയാള്‍ക്ക് ചിലവഴിക്കേണ്ടി വരിക. ഇങ്ങനെ ആ നഷ്ടത്തെ ചുറ്റിപ്പറ്റിയുള്ള പലവിധ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് മാത്രമേ ദുരന്തത്തിന്റെ കണക്കുകളെ എഴുതിച്ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതൊരിക്കലും നശിച്ചുപോയ സാധനത്തിനോ സ്ഥാപനത്തിനോ കെട്ടിടങ്ങള്‍ക്കോ മനുഷ്യശരീരത്തിനോ ഇത്ര മൂല്യമാണ് എന്ന് നേര്‍രേഖയില്‍ വിലയിരുത്തി എഴുതിച്ചേര്‍ക്കാന്‍ സാധിക്കില്ല.ഉടനടിയുള്ള ആവശ്യങ്ങളുടെ ദ്രുതഗതിയിലുള്ള വിലയിരുത്തല്‍ മുതല്‍ ദീര്‍ഘകാല വീണ്ടെടുക്കല്‍, അപകടസാധ്യത കുറയ്ക്കല്‍ ആവശ്യകതകള്‍ എന്നിവയുടെ ഏറ്റവും വിപുലമായ വിലയിരുത്തല്‍ വരെ ദുരന്തനഷ്ടങ്ങളുടെ കണക്കുകളില്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മാണം ആസൂത്രണം ചെയ്യുമ്പോള്‍ വ്യക്തതയുടെ അഭാവവും ആശയക്കുഴപ്പവും ഉണ്ടായാല്‍ അത് പുനര്‍നിര്‍മാണത്തിന്റെ ഗുണമേന്മയെ ബാധിക്കും. ഇക്കാരണത്താല്‍, ദുരന്താനന്തര കാലഘട്ടത്തില്‍ നിലവാരമുള്ളതും സമഗ്രവുമായ വിലയിരുത്തല്‍ സുപ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം, ഉപജീവനമാര്‍ഗങ്ങള്‍, സാമൂഹികവും സാമുദായികവുമായ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വീണ്ടെടുക്കല്‍ തുടങ്ങിയവയെല്ലാം സമതുലിതവും സമഗ്രവുമായ രീതിയില്‍ അഭിസംബോധന ചെയ്യുന്ന, മള്‍ട്ടി-സെക്ടറല്‍ ആയിരിക്കണം അത്തരമൊരു വിലയിരുത്തല്‍ എന്ന് യുഎന്നും ലോകബാങ്കും യൂറോപ്യന്‍ യൂണിയനും കൂടി വികസിപ്പിച്ചെടുത്ത പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസെസ്‌മെന്റില്‍ ആധികാരികമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള അനവധി രാജ്യങ്ങള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ദുരന്താനന്തര കാലഘട്ടത്തില്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഒട്ടാകെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ല ദുരന്തനഷ്ടത്തിന്റെ കണക്കുകള്‍ തയ്യാറാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നഷ്ടത്തിന്റെ കണക്കുകള്‍ എഴുതി അത് കേന്ദ്രത്തിന് സമര്‍പ്പിച്ച് പിന്നീട് അത് കേന്ദ്രസംഘം വിലയിരുത്തി അതിന് ശേഷമാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത്. യഥാര്‍ത്ഥ നഷ്ടം എന്താണെന്ന് സമഗ്രമായ വിലയിരുത്തലുകള്‍ ഇല്ലാതെ ഈ കണക്കുകളില്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് മാത്രം വിലയിരുത്തി കൊണ്ടാണ് ഈ നഷ്ടപരിഹാരം നല്‍കുന്നത്. അത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകവുമാണ്.

അതനുസരിച്ച് നേരിട്ടുള്ള നഷ്ടങ്ങള്‍ മാത്രമാണ് കണക്കിലെടുക്കുക. നമ്മുടെ രാജ്യത്ത് ദുരന്തത്തിന്റെ കണക്കുകള്‍ ശേഖരിക്കുമ്പോഴോ, അത് കേന്ദ്രം വിലയിരുത്തുമ്പോഴോ യു എന്‍ അനുശാസിക്കുന്ന രീതിയിലുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല, ആ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന രീതിയിലുള്ള യഥാര്‍ത്ഥ നഷ്ട കണക്കുകള്‍ നമ്മള്‍ ശേഖരിക്കുന്നുമില്ല. ഇന്ത്യയില്‍ ഒട്ടാകെ ഇതുതന്നെയാണ് സംഭവിക്കുന്നത്. സംസ്ഥാനം കണക്ക് കൂട്ടി കൊടുക്കുന്നതിന്റ വളരെ ചെറിയൊരു ശതമാനം മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ നഷ്ടം ആ തുക കൊണ്ട് നികത്താന്‍ സാധിക്കാതെ വരുന്നു. നമ്മുടെ മാധ്യമങ്ങള്‍ ഇത്തരം അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലാതെയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് തീര്‍ച്ചയാണ്. അവര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ആയുധം കിട്ടിയ ആവേശത്തിലാണ്. ദുരന്തനഷ്ടങ്ങളുടെ വിലയിരുത്തലുകള്‍ യുഎന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സമഗ്രമായ രീതിയില്‍ നടപ്പിലാക്കാന്‍ ഇനിയെങ്കിലും കേന്ദ്ര നിര്‍ദ്ദേശങ്ങളില്‍ അടക്കം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്ന രീതിയില്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത് കേരളത്തിലെ സര്‍ക്കാറിനെ ഇകഴ്ത്താന്‍ മാത്രമുള്ള ഈ ആവേശത്തിനു പുറകിലെ അജണ്ട എന്തുതന്നെയായാലും അത് ദുരന്തബാധിതരായ ഒരുപാട് പാവപ്പെട്ടവരെയാണ് ബാധിക്കുന്നത്.

മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലെ 'അസസ്‌മെന്റ് ഓഫ് റെസ്‌പോണ്‍സ് ആന്‍ഡ് റിലീഫ് ആസ് പെര്‍ എസ്ഡിആര്‍എഫ് നോമ്‌സ്' എന്ന ഭാഗത്തെ നമ്മുടെ മാധ്യമങ്ങള്‍ യഥാര്‍ത്ഥ സര്‍ക്കാര്‍ ചെലവായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ ആണ് നല്‍കിയത്. 2024 ജൂലൈ 30ന് വയനാട്ടില്‍ ഉണ്ടായ മേപ്പാടി ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകള്‍ അപഹരിക്കപ്പെടുകയും വീടുകളും ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, മൊത്തം നഷ്ടം തിട്ടപ്പെടുത്താനും, വയനാടിനെ പുനര്‍നിര്‍മിക്കാനും വീണ്ടെടുക്കാനും ആവശ്യമായ ഫണ്ട് കണക്കാക്കാനും സര്‍ക്കാര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചട്ടപ്രകാരം ഒരു മെമ്മോറാണ്ടം തയ്യാറാക്കി. അതില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം എടുത്ത് കാണിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനുള്ള കൃത്യമായ പ്രവര്‍ത്തനങ്ങളാണ് മാധ്യമങ്ങള്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരിലെ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ അഭാവവും അറിവില്ലായ്മയും ഈ സമൂഹത്തിനുണ്ടാക്കുന്ന ഹാനി ചെറുതല്ല.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയോ എന്ന ചോദ്യമാണ് ആ വ്യാജ വാര്‍ത്ത പുറത്തു വന്ന ദിവസം സകലരും അതീവ ആശ്ചര്യത്തോടെ ചോദിച്ചത്. മൃതദേഹങ്ങള്‍ നീക്കം ചെയ്യല്‍ (Disposal of dead bodies) എന്ന തലക്കെട്ടിന് കീഴില്‍ ലിസ്റ്റുചെയ്തിരിക്കുന്ന, ഒരു ബോഡിക്ക് 75,000 രൂപ എന്ന കണക്കാണ് ഈ വിവാദത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. സൗജന്യമായി വിട്ടുകിട്ടിയ ഭൂമിയില്‍ ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ വരുമോ എന്ന ചോദ്യം സ്വാഭാവികമായും സംശയങ്ങള്‍ ജനിപ്പിക്കും. SDRF (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട്) അല്ലെങ്കില്‍ NDRF (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട്) പോലുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍, വിവിധ ആവശ്യങ്ങള്‍ക്ക് (ഭവനം, കൃഷി, കന്നുകാലികള്‍) എത്രമാത്രം സാമ്പത്തിക സഹായം അനുവദിക്കാം എന്നതിന് പ്രത്യേക പരിധികളുണ്ട്. ഈ പരിധികള്‍ പലപ്പോഴും യഥാര്‍ത്ഥ ചെലവ് നികത്താന്‍ അപര്യാപ്തമാണ്. ദുരന്ത നഷ്ടങ്ങള്‍ വിലയിരുത്തുമ്പോള്‍

നേരത്തെ പറഞ്ഞ യു എന്നിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസ്സസ്‌മെന്റ് പാലിക്കാത്തത് കൊണ്ട് കൂടി സംഭവിക്കുന്നതാണത് . അതേസമയം മറ്റ് ചില ആവശ്യങ്ങള്‍ക്ക്, ഉദാഹരത്തിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് യഥാര്‍ത്ഥ ചിലവ് (Actuals) വകയിരുത്താന്‍ സാധിക്കുകയും ചെയ്യും.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ! ദുരന്തമുഖത്തെ കണക്കെടുപ്പ് എങ്ങനെ? 'എസ്റ്റിമേറ്റി'ലെ കാണാപ്പുറങ്ങള്‍
വയനാട് ദുരിതാശ്വാസത്തില്‍ നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനം, കണക്കുകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; വാർത്താസമ്മേളനം പൂർണ്ണരൂപം

ഇത്തരം അവസരങ്ങളില്‍ പരിധികള്‍ ഉള്ള വിഭാഗങ്ങളില്‍ അപര്യാപ്തമായ തുക, പരിധികള്‍ ഇല്ലാതെ വകയിരുത്താന്‍ സാധിക്കുന്ന ചിലവില്‍ അധികം വകയിരുത്തിയും, പരിധികള്‍ ഉള്ള ചിലവുകള്‍ തന്നെ അനുവദനീയമായ പരമാവധി തുക വകയിരുത്തിയും ബാലന്‍സ് ചെയ്യുന്ന രീതിയുണ്ട്. ഉദാഹരണത്തിന് പൂര്‍ണമായും തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ NDRF norms അനുസരിച്ച് പരമാവധി അനുവദിക്കാന്‍ പറ്റുന്ന തുക ഒരു വീടിനു 1,30,000 രൂപ മാത്രമാണ്. കേവലം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൊണ്ട് ഒരു വീട് പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കില്ല എന്ന് നമുക്കറിയാം. വയനാട്ടില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വീടുകളുടെ ശരാശരി ചിലവ് പതിനഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഈ വ്യത്യാസം പരിഹരിക്കുക യഥാര്‍ത്ഥ തുക വകയിരുത്താന്‍ സാധിക്കുന്ന ചിലവുകള്‍ പെരുപ്പിച്ച് കാണിച്ചോ പരിധിയുള്ള മറ്റ് ചിലവുകള്‍ക്ക് അനുവദനീയമായ പരമാവധി തുക വകയിരുത്തിയോ ആണ്.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ! ദുരന്തമുഖത്തെ കണക്കെടുപ്പ് എങ്ങനെ? 'എസ്റ്റിമേറ്റി'ലെ കാണാപ്പുറങ്ങള്‍
വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

പരിധികള്‍ ഉള്ള ചിലവുകള്‍ കോമ്പന്‍സേറ്റ് ചെയ്യാന്‍ പരിധികള്‍ ഇല്ലാത്ത ചിലവുകള്‍ പെരുപ്പിച്ച് കാണിക്കാം എന്നോ പരിധികള്‍ ഉള്ള ചിലവുകള്‍ തന്നെ പരമാവധി തുക വകയിരുത്താം എന്നോ നിഷ്‌കര്‍ഷിക്കുന്ന ഔദ്യോഗികമായ ഉത്തരവുകളോ നിയമങ്ങളോ ഒന്നും തന്നെ നിലവില്‍ ഇല്ല. എങ്കിലും ദുരന്ത നിവാരണത്തിന്റെ ഘട്ടങ്ങളില്‍ പ്രതിസന്ധികള്‍ തരണം ചെയ്യുന്നത് കാലാകാലങ്ങളായി എല്ലാ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളും ഇങ്ങനെത്തന്നെയാണ്. കേരളത്തില്‍ തന്നെ മുന്‍കാലങ്ങളില്‍ നടന്ന ദുരന്തങ്ങളുടെ ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട മെമ്മോറാണ്ടങ്ങള്‍, മറ്റ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ ഇവ വ്യക്തമാകും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള വസ്ത്രം, വെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള പ്രതീക്ഷിത ചിലവുകള്‍ കോടികള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. എന്നാല്‍ നമുക്കറിയാം നമ്മുടെ നാട്ടില്‍ നടന്ന എല്ലാ ദുരന്തങ്ങള്‍ക്ക് ശേഷവും നമ്മളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഭക്ഷണവും, വസ്ത്രവും, വെള്ളവുമൊക്കെ സൗജന്യമായി ക്യാമ്പുകളില്‍ എത്തിച്ചിരുന്നു എന്ന്. ക്യാമ്പുകളിലെ യഥാര്‍ത്ഥ ചിലവുകള്‍ പരമാവധി എഴുതാം എന്നതിനാലാണ് ഇത്തരം ചിലവുകള്‍ പലതും സൗജന്യമായി ലഭിക്കുമെങ്കിലും പരമാവധി തുക എഴുതുന്നത്. അതുപോലെ തന്നെയാണ് JCB ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വാടക. അവ പലതും സൗജന്യമായി വിട്ടുകിട്ടിയതാവും. എങ്കിലും പരമാവധി തുക അസസ്‌മെന്റില്‍ ഉള്‍പ്പെടുത്തും.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ! ദുരന്തമുഖത്തെ കണക്കെടുപ്പ് എങ്ങനെ? 'എസ്റ്റിമേറ്റി'ലെ കാണാപ്പുറങ്ങള്‍
വയനാട് സന്ദർശനത്തിൽ എന്തുകൊണ്ട് മോഹൻലാൽ ആക്രമിക്കപ്പെടുന്നു?

റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിയ്യതിക്ക് മുന്നേ മൃതദേഹങ്ങള്‍ മറവു ചെയ്തു എന്നിരിക്കെ എങ്ങിനെയാണ് 75,000 രൂപ എസ്റ്റിമേറ്റ് ഇടുന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടി എന്ന് കരുതുന്നു. യഥാര്‍ത്ഥത്തില്‍ ഇത്രയും പണം ചെലവാകണം എന്നില്ല. സ്ഥലവും മറ്റും സൗജന്യമായി ലഭിക്കുന്ന അവസരങ്ങളില്‍ യഥാര്‍ത്ഥ ചിലവ് പ്രതീക്ഷിച്ച ചിലവുകളേക്കാള്‍ ഒരുപാട് കുറയും. ചിലപ്പോള്‍ വളരെ കൂടുതലും ആവാം. യഥാര്‍ത്ഥ ചിലവ് എന്ത് തന്നെയായാലും അനുവദനീയമായ പരമാവധി തുക പ്രസ്തുത അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ! ദുരന്തമുഖത്തെ കണക്കെടുപ്പ് എങ്ങനെ? 'എസ്റ്റിമേറ്റി'ലെ കാണാപ്പുറങ്ങള്‍
മണ്ണ് മാന്തി നോക്കുമ്പോൾ അടിയിലെന്താണെന്ന് നമുക്ക് അറിയില്ലല്ലോ? വയനാട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറയുന്നു

മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ചെലവുകളുടെ കണക്കോ ഏതെങ്കിലും ഒരു പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റോ അല്ല. വയനാടില്‍ സംഭവിച്ച ദുരന്തത്തില്‍ ആകെ ഉണ്ടായ നഷ്ടങ്ങളുടെയും, രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍, താത്കാലിക പുനരധിവാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം തുടങ്ങിയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ചെലവുകളുടെ അസസ്‌മെന്റ് റിപ്പോര്‍ട്ട് ആണ്. അതില്‍ ചില ചിലവുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിയതിക്ക് മുന്നേ യഥാര്‍ത്ഥത്തില്‍ ചിലവാക്കി കഴിഞ്ഞതാവും. ചിലത് വരാന്‍ പോകുന്ന ചിലവാകും.

Related Stories

No stories found.
logo
The Cue
www.thecue.in