ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്

Published on

ബെംഗളുരുവില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കവെ കസ്റ്റഡിയിലെടുക്കപ്പെടുന്നതിന്റെ തലേന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ നടത്തിയ പ്രഭാഷണം

നമ്മുടെ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വിപത്തിനെ നാം നേരിടേണ്ടത് ധാര്‍മ്മികവും രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവും താത്വികവും ചരിത്രപരവുമായി നമുക്കുള്ള സ്രോതസ്സുകള്‍ ഉപയോഗിച്ചാണ്. ഈ റിപ്പബ്ലിക് സ്ഥാപിതമാക്കപ്പെട്ട മൂല്യങ്ങളേക്കുറിച്ച് ആദ്യം പറയട്ടേ. അവ എങ്ങനെയാണ് ഉരുവായതെന്നും ആ മൂല്യങ്ങള്‍ ഇന്ന് ബിജെപിയാല്‍ എങ്ങനെയൊക്കെയാണ് വെല്ലുവിളിക്കപ്പെടുന്നതെന്നും പറയാം. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പുതുതായി പല രാജ്യങ്ങളും പിറവി കൊണ്ടു. ആധുനിക ദേശീയത 19-ാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ് ആരംഭിക്കുന്നത്. ഒരു ഭാഷ, ഒരു മതം, ഒരു ശത്രു എന്ന പ്രമാണത്തെ അടിസ്ഥാനമാക്കിയായിരുന്നു അത്. ഒരു പ്രത്യേക പ്രദേശങ്ങളിലെ ആളുകള്‍ പൊതുവായ ഭാഷയ്ക്കും മതത്തിനും ശത്രുവിനും അനുസൃതമായി സംഘടിച്ചു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലേയും 19-ാം നൂറ്റാണ്ടിലേയും ബ്രിട്ടന്റെ ചരിത്രത്തിലേക്ക് നോക്കാം. ന്യൂനപക്ഷ ഭാഷകളായ വെല്‍ഷ്, ഗെയ്ലിക് ഭാഷകള്‍ അടിച്ചമര്‍ത്തപ്പെടുകയും സ്റ്റാന്‍ഡേഡ് ഇംഗ്ലീഷ് എല്ലാവരിലും അടിച്ചേല്‍പിക്കുകയും ചെയ്തു. രാജാവ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവ് കൂടിയായിരുന്നു. കാത്തലിക്സ് ഉള്‍പ്പെടെയുള്ള മറ്റ് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ രണ്ടാം തരം പൗരന്‍മാര്‍. ജൂതന്‍മാരും മുസ്ലീംകളും മൂന്നാം തരം പൗരന്‍മാരായിരുന്നു. അവര്‍ക്ക് ഒരേ ഭാഷയും നാടും ഫ്രാന്‍സ് എന്ന ഒരേ ശത്രുവുമാണ് ഉണ്ടായിരുന്നത്. ഈ പൗരന്‍മാരെയെല്ലാം ബ്രിട്ടന്‍ ഫ്രാന്‍സിനെതിരായി അണിനിരത്തി. നമ്മള്‍ ഇംഗ്ലണ്ടിന്റെ അതിര്‍ത്തി കടന്ന് 18-19 നൂറ്റാണ്ടുകളിലെ ഫ്രഞ്ച് ദേശീയതയുടെ പരിണാമം നിരീക്ഷിച്ചാല്‍ അവിടേയും ഇങ്ങനെത്തന്നെയായിരുന്നെന്ന് മനസ്സിലാകും. വ്യത്യസ്ത പ്രദേശങ്ങളും അഭിവൃദ്ധിപ്പെടുന്ന ഭാഷകളുമുണ്ടായിരുന്നു ഫ്രാന്‍സില്‍. ബ്രിട്ടനി പ്രദേശത്തുള്ളവര്‍ക്ക്, നോര്‍മാന്‍ഡിക്ക്, ബാസ്‌കുകള്‍ക്കെല്ലാം സ്വന്തം ഭാഷയുണ്ടായിരുന്നു. ഇവയെല്ലാം നിരപ്പാക്കി കളഞ്ഞു. സ്റ്റാന്‍ഡേഡ് ഫ്രെഞ്ച് ഭാഷയ്ക്ക് വേണ്ടി എല്ലാം ഒന്നിലേക്ക് ചുരുക്കി.

ഫ്രാന്‍സില്‍ പ്രൊട്ടസ്റ്റന്റുകാരല്ല, കത്തോലിക്കരായിരുന്നു ഭൂരിപക്ഷം. അവിടെ പ്രൊട്ടസ്റ്റന്റുകള്‍ പീഡിപ്പിക്കപ്പെട്ടു. ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും പരസ്പരം ഒരേ പോലെ വെറുത്തു. അതായിരുന്നു ദേശീയതയുടെ യൂറോപ്യന്‍ മോഡല്‍. ഒരു പക്കാ യൂറോപ്യന്‍ രാജ്യമായാണ് പാകിസ്താന്‍ സ്ഥാപിക്കപ്പെട്ടത്. 'മുസ്ലീംകള്‍ക്ക് ഹിന്ദുക്കള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് നമുക്ക് നമ്മുടേതായ മാതൃഭൂമി വേണം' എന്ന് പാകിസ്താന്റെ സ്ഥാപകനേതാക്കള്‍ പറഞ്ഞു. ഗവര്‍ണര്‍ ജനറലായി ജിന്ന ധാക്കയില്‍ നടത്തിയ ആദ്യ പ്രഭാഷണത്തില്‍ പാകിസ്താനികള്‍ ബെംഗാളിഭാഷ സംസാരിക്കരുതെന്നും എല്ലാവരും ഉറുദു പഠിക്കണമെന്നും ആഹ്വാനം ചെയ്തു. പൗരന്‍മാരെന്ന നിലയില്‍ നമുക്ക് ഒത്തൊരുമിച്ച് നില്‍ക്കണമെങ്കില്‍ ഒരു ഭാഷ വേണമെന്ന് ജിന്ന പറഞ്ഞു. ഇന്ത്യയോടുള്ള വിദ്വേഷം, വൈരം, അസൂയ എന്നിവയെല്ലാം പാകിസ്താന്റെ രൂപീകരണത്തില്‍ അടിസ്ഥാനഘടകങ്ങളായിരുന്നു.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 

ഇന്ത്യന്‍ ദേശീയത മൗലികമായി തന്നെ വ്യത്യസ്തമായിരുന്നു. അത് ഒരു ഭാഷയെ മറ്റൊരു ഭാഷയ്ക്ക് മുകളിലാക്കാന്‍ ശ്രമിച്ചില്ല. ഒരു മതത്തെ മറ്റൊരു മതത്തിന്റെ മുകളില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചില്ല. ഒരു ശത്രു പോലും ഉണ്ടായിരുന്നുമില്ല. രണ്ടു പുസ്തകങ്ങളിലായി ഞാന്‍ ഗാന്ധിയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ആദ്യ വോള്യമായ ഗാന്ധി ബിഫോര്‍ ഇന്ത്യയില്‍, എങ്ങനെയാണ് ദക്ഷിണാഫ്രിക്കയിലെ ചിതറിക്കിടക്കുന്ന ജനതാവിഭാഗങ്ങള്‍ക്കിടയിലെ രണ്ട് പതിറ്റാണ്ടുകളായുള്ള ജീവിതം, ഗാന്ധിയെ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാക്കിയതെന്ന് വ്യക്തമാക്കുന്നുണ്ട്. ഗാന്ധി ഗുജറാത്തിലെ കാത്തിയാവാദില്‍ നിന്ന് ലണ്ടനില്‍ ലോ പ്രാക്ടീസിന് പോകുന്നു. തിരിച്ചുവരുന്നു. രാജ്കോട്ടിലും ബോംബെയിലും ഒരു അഭിഭാഷകനാകാന്‍ ശ്രമിക്കുന്നു. എപ്പോഴൊക്കെ മുംബൈയിലെ മൈതാനത്തിന് അടുത്തുള്ള ആ മനോഹരമായ ഹൈക്കോടതി കെട്ടിടം കാണുന്നുവോ അപ്പോഴെല്ലാം ഞാന്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കാറുണ്ട്. ഗാന്ധി അഭിഭാഷകന്‍ എന്ന നിലയില്‍ വിജയിച്ചിരുന്നെങ്കില്‍ ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഉണ്ടാകുമായിരുന്നില്ല. ഗാന്ധി ബോംബെയില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ വിജയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ലോകം ഗുജറാത്തി മധ്യവര്‍ഗ ലോകമാകുമായിരുന്നു. അദ്ദേഹത്തിന്റെ കക്ഷികള്‍ ഗുജറാത്തികള്‍ ആയേനെ, മിക്കവരും ഗുജറാത്തി ഭാഷ സംസാരിക്കുന്ന ബനിയകളും. ദക്ഷിണാഫ്രിക്കയിലേക്ക് പോയതോടെ ഗുജറാത്തിന് പുറത്തുള്ള ഇന്ത്യയെ അദ്ദേഹം കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിയുടെ ആദ്യ കക്ഷികള്‍ ഗുജറാത്തി മുസ്ലീംകളായിരുന്നു. അദ്ദേഹത്തിന്റെ സത്യഗ്രഹം, ആദ്യമായി കണ്ടെത്തിയത് ഒരു പാഴ്സിയായിരുന്നു. കുറച്ചാളുകള്‍ സത്യഗ്രഹത്തെ എതിര്‍ത്തു. ഗാന്ധിയുടെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ് അദ്ദേഹത്തെ രക്ഷിച്ച്, ചികിത്സിച്ച് ആരോഗ്യവാനാക്കിയത്. ഒരു വെജിറ്റേറിയന്‍ ഭക്ഷണശാലയില്‍ വെച്ചുകണ്ട ജൂതന്‍മാരായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍. സത്യഗ്രഹം മങ്ങുകയും പരാജയപ്പെടുകയും ചെയ്തു തുടങ്ങിയപ്പോള്‍, രണ്ടാമത് ശ്രമിക്കാന്‍ ഗുജറാത്തികള്‍ക്ക് ധൈര്യം നഷ്ടപ്പെട്ടുതുടങ്ങിയപ്പോള്‍, തമിഴ് തൊഴിലാളികളാണ് അതിനെ രക്ഷിച്ചത്.

ബെംഗളുരുവില്‍ രാമചന്ദ്ര ഗുഹയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുന്നു  
ബെംഗളുരുവില്‍ രാമചന്ദ്ര ഗുഹയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുന്നു  
ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പേരില്‍ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ ഒരു പത്രം നടത്തിയിരുന്നു. ഈ പത്രത്തിന്റെ അസാധാരണമായ പ്രത്യേകത എന്തായിരുന്നു എന്നാല്‍ അത് നാല് ഭാഷകളിലാണ് അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, തമിഴ്. ഈ ദക്ഷിണാഫ്രിക്കന്‍ അനുഭവമാണ് ഇന്ത്യ ഒരു ഭാഷയുടേയും ഒരു മതത്തിന്റേയും ഒരു ശത്രുവിന്റെയോ പേരില്‍ ഒരുമിച്ച് നിലനില്‍ക്കില്ലെന്ന് ഗാന്ധിയെ ബോധ്യപ്പെടുത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ത്തിരുന്ന കാലത്തുപോലും ഗാന്ധി ഒരു ബ്രിട്ടീഷുകാരനോടോ ബ്രിട്ടീഷുകാരിയോടോ ഹൃദയത്തിനുള്ളില്‍ വെറുപ്പ് പുലര്‍ത്തിയിരുന്നില്ല. സി എഫ് ആന്‍ഡ്രൂസ് എന്ന ഇംഗ്ലീഷ് ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഇതാണ് ഇന്ത്യന്‍ ദേശീയതയുടെ അനിതരസാധാരണമായ പ്രത്യേകത. മഹാന്‍മാരായ ഒരുപാടുപേര്‍ അതിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. പക്ഷെ ഗാന്ധിയാണ് സന്ദര്‍ഭോചിതമായ ചട്ടക്കൂട് സൃഷ്ടിച്ചത്. ഒരുപാട് വലുപ്പമുള്ള, ഒട്ടേറെ വൈവിധ്യങ്ങളുള്ള, വേര്‍തിരിഞ്ഞ് കിടക്കുന്ന, കൂടിച്ചേരാന്‍ സാധ്യതയില്ലാത്ത ഒരു രാജ്യത്തിനോ അതിന്റെ പൗരന്‍മാര്‍ക്കോ ഒരു ഭാഷയും ഒരു മതവും ഒരു ശത്രുവിനേയും കൊണ്ട് തനിയെ നിലനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.

ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്തെ ചിത്രം 
ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്തെ ചിത്രം 
ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
ഫാസിസ്റ്റുകള്‍ ചരിത്രം തകര്‍ത്താല്‍ നാം എങ്ങനെ ചെറുക്കും?

ബ്രിട്ടീഷ് രാജിനെതിരെ ഗാന്ധി മൂന്ന് മുന്നേറ്റങ്ങള്‍ നടത്തി. 1922ലെ നിസ്സഹകരണം, 1930കളിലെ ഉപ്പുസത്യഗ്രഹം, 1942ലെ ക്വിറ്റ് ഇന്ത്യാ സമരം. ആദ്യ മുന്നേറ്റമായ നിസ്സഹകരണത്തിന്റെ സമയത്ത് സ്വരാജ് എന്ന ആശയത്തേക്കുറിച്ച് ഗാന്ധി നിര്‍വ്വചിക്കുന്നുണ്ട്. നൂറ് വര്‍ഷത്തിന് ശേഷം ഇന്നും അതേ പ്രസക്തിയോടെ ആ ആശയം നിലനില്‍ക്കുന്നു. ഗാന്ധി പറഞ്ഞു, 'സ്വരാജിനേക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് സ്വതന്ത്രമാകുമ്പോള്‍ ഉറച്ച നാല് തൂണുകളില്‍ നില്‍ക്കുന്ന ഇന്ത്യയാണ്; അഹിംസ, അയിത്തനിരോധനം, ഹിന്ദു-മുസ്ലീം സാഹോദര്യം, ഖദര്‍ പ്രചാരണം അഥവാ ചര്‍ക്കയില്‍ അവനവന് വേണ്ടി നൂല്‍നൂല്‍ക്കല്‍. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കി. 1920നും 1950നും ഇടയില്‍ പല കൂട്ടരും സ്വാതന്ത്ര്യസമരത്തിനോട് ചേര്‍ന്നു. സഹകരിച്ചശേഷം ചിലര്‍ പിരിഞ്ഞുപോയി. ഹിന്ദുമഹാസഭയും ആര്‍എസ്എസും മാറിനിന്നു. മാറിനിന്ന മറ്റ് ചിലര്‍ കൂടിച്ചേരുകയും ചെയ്തു.

അംബേദ്കറിന്റെ ആജന്മ എതിരാളിയായിരുന്നു ഗാന്ധി. അദ്ദേഹം ഗാന്ധി ആവശ്യപ്പെട്ടതുപ്രകാരം ഭരണഘടന രചിക്കാനായി തിരിച്ചുവിളിക്കപ്പെട്ടു. അതിന്റെ കാരണം അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും പ്രാഗത്ഭ്യവും മാത്രമല്ല, അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിവന്നിരുന്ന ദേശവ്യാപകമുന്നേറ്റങ്ങളും ദളിത് ജനതയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യതയുമാണ്. 1950ല്‍ ഭരണഘടന രൂപീകരിക്കപ്പെട്ടു. ആത്യന്തികമായി അതിന്റെ അന്തസത്ത ഗാന്ധിയുടെ സ്വരാജ് ആശയമാണ്. അത് അഹിംസയെ പ്രോത്സാഹിപ്പിക്കുന്നു, ഇന്ത്യ ഒരു പാര്‍ട്ടി മാത്രം നയിക്കുന്ന ഏക അധികാര രാജ്യമായിരിക്കാതെ ഒന്നിലേറെ പാര്‍ട്ടികളുള്ള ജനാധിപത്യരാജ്യമായിരിക്കുമെന്ന് ഭരണഘടന പറയുന്നു.

ഡോ. ബി ആര്‍ അംബേദ്കര്‍ 
ഡോ. ബി ആര്‍ അംബേദ്കര്‍ 
ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
‘ഭരണഘടനയുമായി മുസ്ലീം പള്ളിയില്‍ നിന്നും ഒരു ദളിത് ഹിന്ദുനേതാവ്’; ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമെന്ന് റസൂല്‍ പൂക്കുട്ടി

ഹിംസയില്ലാതെ വിയോജിപ്പുകള്‍ അറിയിക്കാനും പരിഹരിക്കാനും സംവദിക്കാനുമായി അഭിപ്രായ സ്വാതന്ത്ര്യം. അഹിംസയെന്ന ആദ്യ തൂണ്‍ ഇവിടെ കാണാം. രണ്ടാമത്തേത് അയിത്തനിര്‍മ്മാര്‍ജ്ജനം. ഭരണഘടനയില്‍ അത് ജാതി-ലിംഗ വിവേചനത്തെ ഇല്ലാതാക്കിക്കൊണ്ടാണ് പ്രയോഗിച്ചത്. ഇന്ത്യന്‍ സാമൂഹിക അസമത്വത്തിലെ ഏറ്റവും അടിസ്ഥാനപരമായ രണ്ട് അച്ചുതണ്ടുകളാണ് ജാതിയും ലിംഗവും. ഇപ്പോഴും ഉപരിവര്‍ഗ പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ചരിത്രത്തിലാദ്യമായി പുതിയ ഒരു ജനാധിപത്യ രാജ്യം സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കി. അതായിരുന്നു രണ്ടാമത്തെ തൂണ്‍. മതപരവും ഭാഷാപരവുമായ ബഹുസ്വരതയായിരുന്നു മൂന്നാമത്തെ തൂണ്‍. ഒരു തൂണ്‍ ഹിന്ദു-മുസ്ലീം സാഹോദര്യമായിരിക്കുമെന്ന് ഗാന്ധി പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ മുസ്ലീംകള്‍ക്ക് മേലെ ആയിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഭാഷാ ബഹുത്വം. കിഴക്കന്‍ ബംഗാളില്‍ ഉറുദു അടിച്ചേല്‍പിച്ച പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി, സ്പാനിഷ് സംസാരിക്കുന്ന മേഖലകളില്‍ ഫ്രെഞ്ച് അടിച്ചേല്‍പിച്ച ഫ്രാന്‍സില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ പ്രധാനപ്പെട്ട ഓരോ ഭാഷാദേശങ്ങള്‍ക്കും അവരുടെ ഭാഷയില്‍ ആളുകളെ ഭരിക്കാനും നയങ്ങള്‍ രചിക്കാനും പൗരന്‍മാരെ പഠിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായി.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

നാലാമത്തെ തൂണായിരുന്ന ഖദര്‍ പ്രചാരണം സാമ്പത്തിക സ്വയം പര്യാപ്തതയായിരുന്നു. ശക്തമായ ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. സ്വരാജിന്റെ നിര്‍വ്വചനത്തിലേക്ക് തിരികെവരാം. എങ്ങനെയാണ് നമ്മള്‍ സ്വരാജ് സുസ്ഥിരമാക്കുക? ഗാന്ധി പറഞ്ഞ ഓരോ തൂണുകളും ഒരേ പോലെ പ്രധാനമാണ്. ഏതെങ്കിലും ഒന്നിന് കേടുപാടുവന്നാല്‍ അത് അപ്പാടെ തകരും.

ഇന്ത്യന്‍ ദേശീയത മൂല്യങ്ങളുടെ ഒരു വ്യവസ്ഥയാണ്. പൊതുവായ ഒരു ഭാഷയിലോ, മതത്തിലോ, ശത്രുവിലോ അത് അധിഷ്ഠിതമല്ല. ദേശീയതയെ ഭരണഘടനാപരമായി നിര്‍വ്വചിക്കുമ്പോള്‍ പ്രധാനമായും അഞ്ച് കാര്യങ്ങളുണ്ട്. ഞാന്‍ അതിനെയാണ് ദേശസ്നേഹം എന്ന് വിളിക്കുന്നത്. ഈ രാജ്യം നിര്‍മ്മിക്കപ്പെട്ടതും നിലനിന്നതും അഞ്ച് മൂല്യങ്ങളിലാണ്.

ഒന്ന്, വൈവിധ്യത്തെ അംഗീകരിക്കലും വിലമതിക്കലും. നമ്മള്‍ വൈവിധ്യമുള്ളവരാണ്. അതില്‍ അഭിമാനിക്കേണ്ടവരും വൈവിധ്യം ആഘോഷിക്കേണ്ടവരുമാണ്. ദേശീയതേക്കുറിച്ചും വൈവിധ്യത്തേക്കുറിച്ചുമുള്ള രണ്ട് മഹാസാഹിത്യകാരന്‍മാരുടെ ഉദ്ധരണികള്‍ ഞാന്‍ പങ്കുവെയ്ക്കാം.

അറിയാത്ത ഇടങ്ങളില്‍ നിന്ന് അനേകം മനുഷ്യര്‍ തിരമുറിയാതെ ഒഴുകി, ഒരേ കടലിലെത്തിയത് ആര്‍ പറഞ്ഞിട്ടെന്ന് ആര്‍ക്കുമറിയില്ല. ആര്യനും, ആര്യന്‍ അല്ലാത്തവനും, ദ്രാവിഡരും ചൈനക്കാരും പഠാന്‍മാരും മുഗളന്‍മാരും ഒരു ശരീരത്തില്‍ ചേര്‍ന്നിരിക്കുന്നു.

ടാഗോര്‍

രണ്ടാമത്തെ വരികള്‍ മഹാനായ കന്നഡ എഴുത്തുകാരന്‍ ശിവരാമ കാരന്തിന്റേതാണ്. കാരന്തിനോട് ഒരിക്കല്‍ ഇന്ത്യന്‍ സംസ്‌കാരത്തേയും ആര്യന്‍ സംസ്‌കാരത്തേയും നിര്‍വ്വചിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞതിങ്ങനെ 'ഇന്ത്യന്‍ സംസ്‌കാരം എന്നൊന്നില്ല, ഇന്ത്യന്‍ 'സംസ്‌കാരങ്ങള്‍' എന്ന് തന്നെ പറയേണ്ട വിധം വ്യത്യസ്തമാണത്. ഈ വൈവിധ്യത്തിന്റെ വേരുകള്‍ പ്രാചീനകാലത്തേക്ക് നീണ്ടുകിടക്കുന്നു, പല വംശങ്ങളുമായും ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അത് വികസിച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെ ചേരുവകള്‍ക്കിടയില്‍ ഏതാണ് തദ്ദേശീയമെന്നും ഏതാണ് അന്യമെന്നും, ഏതാണ് സ്നേഹത്തോടെ ഉള്‍ക്കൊണ്ടതെന്നും, ഏതാണ് അടിച്ചേല്‍പിച്ചതെന്നും പറയുക അസാധ്യമാണ്.'

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
‘ജനങ്ങള്‍ മരിച്ചുവീഴുകയാണ്’; ഒരുമയോടെ ജീവിച്ച ഇന്ത്യന്‍ ജനതക്കിടയിലേക്ക് സിഎഎ എന്തിനെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ഇന്ത്യന്‍ ദേശീയതയേക്കുറിച്ച് നാം മനസിലാക്കിയാല്‍ പിന്നെ യുദ്ധോത്സുക ദേശഭക്തിക്ക് (ജിങ്കോയിസം) പ്രസക്തിയില്ല. ഒരു ഭാഷയും ഒരു മതവും ഒരു പാചകശൈലിയും സംഗീതധാരയും ഒരു വസ്ത്രവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഇതാണ് നമ്മുടെ ഭരണഘടനാ മൂല്യങ്ങളില്‍ ഒന്നാമത്തേത്. ഒരു ഇന്ത്യക്കാരനും ഭാഷയുടെ അടിസ്ഥാനത്തിലോ മറ്റോ കൂടുതല്‍ ശ്രേഷ്ഠനോ സവിശേഷതയാര്‍ന്നവനോ അല്ല. ഭരണഘടനാമൂല്യങ്ങളോടുള്ള നിങ്ങളുടെ കൂറാണ് ഇന്ത്യന്‍നെസ്. നിങ്ങളുടെ ജന്മത്താലോ രക്തത്താലോ അല്ല. നിങ്ങള്‍ ഏത് വിശ്വാസമാണ് പിന്തുടരുന്നത്, ഏത് വസ്ത്രമാണ് ധരിക്കുന്നത് എന്നതില്‍ അല്ല. നിങ്ങള്‍ അഹിംസാ മൂല്യങ്ങളെ, ബഹുസ്വരതയെ, സാമൂഹ്യതുല്യതയെ, സാമ്പത്തിക സ്വയംപര്യാപ്തയുടെ അന്തസിനെ ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടോ എന്നതിലാണ്. അതാണ് ഇന്ത്യന്‍ ദേശസ്നേഹത്തിന്റെ പൈതൃകദര്‍ശനം. ഗാന്ധിയും നെഹ്റുവും ടാഗോറും ശ്രീ നാരായണഗുരുവും കമലാദേവി ചത്തോപാധ്യായയും ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ ഉയര്‍ത്തിപ്പിടിച്ചത് ഇതാണ്.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
സിഎഎ: ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ഭീകരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കടിച്ചു

രണ്ടാമത്തേത് നിങ്ങളുടെ ദേശസ്നേഹത്തിന്റെ വിവിധ തലങ്ങളാണ്. നിങ്ങളുടെ രാജ്യത്തിന്റെ മൂല്യങ്ങളോടുള്ള കൂറ്. അത് പാര്‍ലമെന്റിലെ ശീതീകരിച്ച മുറിയില്‍ നിന്ന് മാത്രം വരുന്നതല്ല. സാര്‍വ്വത്രിക സ്നേഹം പോലെ ദേശസ്നേഹവും വീട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. നിങ്ങളുടെ ഗ്രാമത്തെ, നിങ്ങളുടെ തെരുവിനെ, താലൂക്കിനെ, ജില്ലയെ, സംസ്ഥാനത്തെ, രാജ്യത്തെ സ്നേഹിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ പതാക വേണമെന്ന് ശക്തമായി വാദിക്കുന്ന ഒരാളാണ് ഞാന്‍. കര്‍ണാടക സംസ്ഥാന പതാക രൂപീകരിച്ചപ്പോള്‍ അത് ആദ്യം ഉപയോഗിച്ചത് തൊഴിലാളി വര്‍ഗമാണ്. ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍. മനോ വിഭ്രാന്തിയുള്ള ദേശീയവാദികള്‍ പറയും അത് ദേശവിരുദ്ധമാണെന്നും പതാക ഒന്നേ ഉള്ളൂവെന്നും. അങ്ങനെയല്ല, കാരണം ദേശസ്നേഹം എല്ലാ തലത്തിലും പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. പൗരസംബന്ധമായ നിങ്ങളുടെ അഭിമാനം ഗ്രാമം മുതല്‍ക്കേ തുടങ്ങാം.

മൂന്നാമത്തേതിന് ഇന്ന് വളരെയേറെ പ്രധാന്യമുണ്ട്. ഒരു സംസ്ഥാനവും മതവും എല്ലാ തികഞ്ഞതല്ലെന്ന അംഗീകരിക്കല്‍. ആരും നേതാവും അല്ല. താന്‍ ഒരു ഹിമാലയന്‍ അബദ്ധം കാണിച്ചതായി ഗാന്ധിജി പറയാറുണ്ട്. ഇപ്പോഴത്തെ നേതാക്കളുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് വലിയൊരു വൈരുദ്ധ്യമാണ്. നോട്ട് നിരോധനം പോലെയുള്ള അബദ്ധങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നോട്ട് നിരോധനത്തിന് ആഴ്ച്ചകള്‍ക്ക് ശേഷം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു എനിക്ക് 50 ദിവസം തരൂ എന്ന്. ആയിരം ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ നോട്ട് നിരോധനത്തേക്കുറിച്ച് ചോദിക്കാന്‍ ധൈര്യം കാണിച്ചാല്‍ അദ്ദേഹം വേറെ വിഷയത്തിലേക്ക് പോകും. ആരും തെറ്റുകള്‍ ഏറ്റുപറയാന്‍ തയ്യാറല്ല. ഇന്ത്യ എല്ലാം തികഞ്ഞതാണെന്ന് പറഞ്ഞ് മറ്റ് രാജ്യങ്ങളെ പഴിക്കുക, ഹിന്ദുക്കള്‍ തികഞ്ഞവരാണെന്ന് പറഞ്ഞ് മറ്റ് മതസ്ഥരെ പഴിക്കുക. അത് ശരിയേ അല്ല. തന്റെ രാജ്യത്തിന്റെ വീഴ്ച്ചകളില്‍ നാണം തോന്നുന്നവനാണ് യഥാര്‍ത്ഥ ദേശസ്നേഹി. തന്റെ മതം വിവേചനം കാണിക്കുമ്പോള്‍ ദുഖിക്കുന്നവന്‍. ഒരു ഉപരിവര്‍ഗ ഹിന്ദു ദളിതനോട് വിവേചനം കാണിക്കുമ്പോള്‍ അയാള്‍ക്ക് ലജ്ജ തോന്നണം. മുസ്ലീംകള്‍ മുസ്ലീം സ്ത്രീകളോട് മോശമായി പെരുമാറിയാന്‍ ഒരു മുസ്ലീമിന് നാണം തോന്നണം. എന്റെ ഭാഷ, എന്റെ മതം, എന്റെ രാജ്യം എല്ലാം തികഞ്ഞതാണെന്ന് പറയാനുള്ള ആര്‍ജവും പോരായ്മകള്‍ തിരുത്താനുള്ള ഉത്തരവാദിത്തവുമാണ് ദേശസ്നേഹം. യഥാര്‍ത്ഥ ഒരു ദേശസ്നേഹിക്ക് തന്റെ രാജ്യം ചെയ്യുന്ന കുറ്റകൃത്യത്തെയോര്‍ത്ത് ലജ്ജ തോന്നും.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
സിഎഎ പ്രക്ഷോഭം: ആസാദ് കീഴടങ്ങിയത് കസ്റ്റഡിയിലായ കുട്ടികളെ വിട്ടയക്കാന്‍; ‘പ്രതിഷേധം തുടരണം’
ശിവറാം കാരന്ത്‌ 
ശിവറാം കാരന്ത്‌ 

ഗാന്ധിയും അംബേദ്കറും പറഞ്ഞ നാലാമത്തെ കാര്യം ഇതാണ്. നിങ്ങള്‍ മറ്റ് സംസ്‌കാരങ്ങളില്‍ നിന്നും പഠിക്കണം. ടാഗോര്‍ പറഞ്ഞു 'ലോകത്ത് എവിടെ കത്തിക്കുന്ന വിളക്കിലും നാം വിജയം കാണണം'. അത് വിളക്ക് ആയിരിക്കുകയും പ്രകാശിക്കുന്നതിലുമാണ് കാര്യം. അത് അറിവ് നല്‍കുന്നു, അത് ബോധോദയം നല്‍കുന്നു, അത് മാനവികതയുടെ അടിസ്ഥാന പ്രമാണങ്ങള്‍ കാണിക്കുന്നൂ എങ്കില്‍ അത് എവിടെ കത്തിക്കുന്നു എന്നതിനല്ല പ്രസക്തി. 1938ല്‍ ഗാന്ധി പറഞ്ഞു. 'ദൂരങ്ങള്‍ ഇല്ലാതാകുന്ന ഈ കാലത്ത് ഒരു രാജ്യത്തിനും കിണറ്റിലെ തവളയെ അനുകരിക്കാനാകില്ല'. മറ്റുള്ളവര്‍ നമ്മെ കാണുന്നതുപോലെ നമ്മെ നോക്കുന്നത് ഉണര്‍വ്വ് നല്‍കും. വിമര്‍ശനങ്ങള്‍ക്ക് സംവാദങ്ങള്‍ക്ക് പഠനത്തിന് നമ്മള്‍ തുറന്നിരിക്കണം. നിങ്ങളുടെ അയല്‍ക്കാരിലോ, അയല്‍ സംസ്ഥാനത്തോ, അയല്‍ രാജ്യത്തോ അത് ഒതുങ്ങരുത്.

ബഹുസ്വരമായ, വിശാലകാഴ്ച്ചപ്പാടുള്ള, തുറന്ന, ജ്ഞാനദീപ്തമായ, സമത്വാധിഷ്ടിതമായ മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവ പിന്‍വലിഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോളുള്ളത് ഹിന്ദുത്വയുമായി ചേര്‍ന്ന പുതിയൊരു മാതൃകയാണ്. നമ്മെ കേന്ദ്രത്തിലും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭരിക്കുന്ന ഹിന്ദുത്വയ്ക്ക് മൂന്ന് പ്രകൃതങ്ങളാണുള്ളത്. ഒന്ന് ഹിന്ദുക്കള്‍, അഹിന്ദുക്കളേക്കാള്‍ ശ്രേഷ്ഠരാണെന്ന വാദം. രണ്ട്, ഹിന്ദി മറ്റ് ഇന്ത്യന്‍ ഭാഷകളേക്കാള്‍ ശ്രേഷ്ഠമാണ്. മൂന്ന്, യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആയിരിക്കണമെങ്കില്‍ നിങ്ങള്‍ പാകിസ്താനെ വെറുക്കണം എന്നത്. ഈ 21-ാം നൂറ്റാണ്ടില്‍, പരസ്പര ബന്ധിതമായ, ആഗോളീകരിക്കപ്പെട്ട ഈ ലോകത്ത് ഹിന്ദുത്വ നമ്മളെ 19-ാം നൂറ്റാണ്ടിലെ ഒരു യൂറോപ്യന്‍ രാജ്യമാക്കാന്‍ ശ്രമിക്കുന്നു. യൂറോപ്പ് ആ കാലത്ത് നിന്നും ഏറെ മുന്നോട്ട് പോയി. പരസ്പരം യുദ്ധം ചെയ്തിരുന്ന ഫ്രാന്‍സും ജര്‍മനിയും ഇപ്പോള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷ അടിച്ചേല്‍പിച്ചിരുന്ന ഇംഗ്ലണ്ട് അത് തിരുത്തി.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

ഹിന്ദുത്വ സങ്കുചിതവും ദരിദ്രവും ബഹുസ്വരവിരുദ്ധവുമായ ഒരു ആശയം മാത്രമല്ല. വിയോജിപ്പിനെ ഇല്ലാതാക്കല്‍, വിമര്‍ശിക്കുന്നവരെയെല്ലാം ദേശദ്രോഹികളായും അര്‍ബന്‍ നക്സലുകളായും മുദ്രകുത്തല്‍ ഇവയൊക്കെ അതിന്റെ ഭാഗമാണ്. എനിക്കിപ്പോള്‍ നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാനെങ്കിലും കഴിയുന്നുണ്ട്. ഹിന്ദുത്വത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ പല എഴുത്തുകാരും ക്രൂരമായി കൊല്ലപ്പെട്ടു. ന്യൂട്ടണ്‍ എന്ന ചിത്രത്തിലെ ഒറ്റ വാചകത്തില്‍ ഹിന്ദുത്വ രാജ്യത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നത് എങ്ങനെയെന്ന് ചുരുക്കി പറയുന്നുണ്ട്. 'ഈ രാജ്യം ദണ്ഡിന്മേലാണോ പതാകയിലാണോ മുന്നോട്ടുപോകുന്നത്?'. വിഭ്രാന്തിയാര്‍ന്ന ദേശീയതയാണ് ഹിന്ദുത്വ. നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരികള്‍ ഡല്‍ഹിയില്‍ ഇരുന്ന് ചെയ്യുന്നത് അതാണ്. നമ്മള്‍ ഇതിനെ ദേശസ്നേഹം എന്ന് വിളിക്കണോ അതോ യുദ്ധവെറിയെന്ന് വിളിക്കണോ?. 'പ്രേടിയോട്ടിസം' എന്ന വാക്കിനെ ഓക്സഫോഡ് ഇംഗ്ലീഷ് ഡിക്ഷണറി നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്; 'തന്റെ രാജ്യത്തെ സ്നേഹിക്കുന്ന, ശത്രുക്കളില്‍ നിന്നും ഏകാധിപതികളില്‍ നിന്നും തന്റെ സ്വാതന്ത്ര്യത്തേയും അവകാശത്തേയും പിന്തുണയ്ക്കാനും സംരക്ഷിക്കാനും തയ്യാറായ വ്യക്തി'. ഡിക്ഷണറി ജിങ്കോയിസത്തേക്കുറിച്ച് പറയുന്നത് ഇങ്ങനെ; തന്റെ രാജ്യത്തിന്റെ യുദ്ധസന്നദ്ധതയേക്കുറിച്ച് വീമ്പുപറയുന്നവന്‍, വിദേശ രാജ്യങ്ങളോട് ആക്രമണോത്സുക മനോഭാവം വെച്ചുപുലര്‍ത്തുന്നയാള്‍'.

ദേശസ്നേഹം ഉള്‍ക്കൊള്ളലില്‍ നിന്നും സ്നേഹത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. വെറുപ്പും പ്രതികാരവുമാണ് ജിങ്കോയിസത്തിന്റെ ഇന്ധനം. തന്റെ മതവും തന്റെ രാജ്യവും ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്നതാണ് ജിങ്കോയിസത്തിന്റെ പ്രത്യേകത. തങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിന് വിശ്വഗുരു ആകണം എന്നാണ് ആര്‍എസ്എസ് പറയുന്നത്. ആര്‍എസ്എസിന്റെ ഏറ്റവും അസംബന്ധമായ ആശയങ്ങളിലൊണിത്.

മൂന്നാമത്തേത് ആക്രമണവും ലുംപനൈസേഷനുമാണ് (അജ്ഞരാക്കല്‍). ഹിന്ദുത്വ ഇന്ത്യന്‍ ബഹുസ്വരത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഒരു ഭാഷ, ഒരു മതം, ഒരു നേതാവ് എന്ന നിലയിലേക്ക് ഇപ്പോള്‍ അത് മാറിയിരിക്കുന്നു.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
Fact Check : ‘ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധശേഖരം’; പ്രചരണം വ്യാജം 

എന്തുകൊണ്ടാണ് ജിങ്കോയിസം ഇപ്പോള്‍ ആധിപത്യം സ്ഥാപിക്കുന്നത്? ദേശീയതയേക്കുറിച്ചുള്ള ദരിദ്രമായ ഈ ആശയം ദക്ഷിണേന്ത്യയിലൊഴികെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പിന്തുണ നേടുന്നുണ്ട്. ഹിന്ദുത്വ ഇപ്പോള്‍ ആധിപത്യം സ്ഥാപിക്കുന്നതിന് ഞാന്‍ കാണുന്നത് നാല് കാരണങ്ങളാണ്. ഒന്ന്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിയും സ്വജനപക്ഷപാതവുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയത് ഹിന്ദുത്വയുടെ വളര്‍ച്ചയ്ക്ക് കാരണമാണ്. രണ്ടാമത്തേത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷത്തിന്റെ വീഴ്ച്ചയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരമുണ്ടായിരുന്ന ഇടത് ഒന്നിലേക്ക് ചുരുങ്ങി. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് അപ്പുറത്ത് ഇടതുപാര്‍ട്ടികള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കലാകാരന്‍മാരിലും എഴുത്തുകാരിലും ചിന്തകരിലും സംഗീതഞ്ജരിലും സിനിമാ സംവിധായകരിലും എല്ലാം. സംസ്ഥാനങ്ങളിലെ ഭരണാധികാരം ചുരുങ്ങിയെങ്കിലും രാജ്യം മുഴുവന്‍ അവര്‍ക്ക് ഒരു സാംസ്‌കാരിക അധികാരമുണ്ടായിരുന്നു. പക്ഷെ അവര്‍ എപ്പോഴും ഇന്ത്യയേക്കാള്‍ സ്നേഹിക്കുന്നത് മറ്റ് രാജ്യങ്ങളേയും അവിടുത്തെ നേതാക്കളേയുമാണ്.

മൂന്നാമത്തേത് നമ്മുടെ ചുറ്റുമുള്ള ഇസ്ലാമിക മതമൗലികവാദമാണ്. പാകിസ്താന്‍ ആദ്യം മുസ്ലീങ്ങളുടെ മാതൃഭൂമിയായിരുന്നു. പിന്നെയത് ഇസ്ലാമിക് റിപ്പബ്ലിക് ആയി, ആദ്യം അവര്‍ ഹിന്ദുക്കളേയും പിന്നീട് സിഖുകാരേയും പിന്നെ ക്രിസ്ത്യാനികളേയും അഹമ്മദീയരേയും ഷിയാക്കളേയും വേട്ടയാടി. ഞാന്‍ 1995ലും 2008ലും പാകിസ്താനിലും പോയിരുന്നു. 13 വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും വലിയ വ്യത്യാസം കൂടുതല്‍ താടികളും കൂടുതല്‍ ബുര്‍ഖകളും കണ്ടതാണ്, തീര്‍ച്ചയായും ഒപ്പം കുറേ തീവ്രവാദികളും. ബംഗ്ലദേശ് മതേതര രാജ്യമായാണ് തുടങ്ങിയത്. കാലക്രമേണ, ദശാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് ഇസ്ലാമിക രാജ്യമായി മാറുകയായിരുന്നു. ഇന്ത്യയെ ഒരു ഹിന്ദു പാകിസ്താന്‍ ആക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
‘കലാപകാരികള്‍ക്ക് പ്രേരണ നല്‍കുന്നു’; മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍
ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
നിങ്ങള്‍ക്ക് കശ്മീരാണ് വേണ്ടത്, കശ്മീരികളെയല്ല

ഹിന്ദുത്വ മേല്‍ക്കൈ നേടാനുളള നാലാമത്തെ കാരണം ആഗോള വ്യാപകമായുള്ള ജിങ്കോയിസ്റ്റ് ദേശീയതയുടെ വളര്‍ച്ചയാണ്. ട്രംപ്, പുടിന്‍, ബോറിസ് ജോണ്‍സണ്‍, ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍ എന്നിവരെല്ലാം അധികാരത്തിലെത്തിയത് അത് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റേയും ഇടതിന്റേയും പരാജയങ്ങളും ആഗോള അന്തരീക്ഷവും ഹിന്ദുത്വയ്ക്ക് ഇടം തുറന്നുകൊടുത്തു.

ഒരു മിത്തും ഈ സന്ദര്‍ഭത്തില്‍ തുറന്നുകാണിക്കട്ടെ. ഹിന്ദുത്വ ആധികാരികമായും ഇന്ത്യന്‍ ആണെന്നും ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തില്‍ വേരുകളുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ഹിന്ദുത്വയില്‍ 'ഇന്ത്യന്‍’ ആയി ഒന്നുമില്ല. അത് 50-75 ശതമാനവും 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ദേശീയതയില്‍ നിന്നും സ്വാംശീകരിച്ചെടുത്തതാണ്. യൂറോപ്യന്‍ ഫാസിസം കാക്കി ട്രൗസര്‍ ഇട്ടതുപോലെ. ശേഷിക്കുന്ന 25-50 ശതമാനവും മധ്യകാല ഇസ്ലാമിന്റേതാണ്. ആര്‍എസ്എസിന്റെ രാഷ്ട്രീയ മാതൃക നോക്കാം. അറിഞ്ഞുകൊണ്ടോ അറിയാതെയോ അത് 13-14 നൂറ്റാണ്ടുകളിലെ ഇറാഖ് പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്നു. ഇറാഖില്‍ 'ധിമ്മി' (Dhimmi) എന്ന പേരില്‍ രണ്ടാം തരം പൗരന്‍മാരുണ്ടായിരുന്നു. അവര്‍ ജൂതന്‍മാരും ക്രിസ്ത്യാനികളുമായിരുന്നു. മുസ്ലീംകള്‍ ഒന്നാം പൗരന്‍മാരായിരുന്നു. 'നിങ്ങള്‍ ജീവിച്ചോളൂ പക്ഷെ പ്രധാന അധികാരസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് ഇടമില്ല' എന്നായിരുന്നു സ്ഥിതി. എല്ലാ വെള്ളിയാഴ്ച്ചയും പള്ളിയില്‍ പോകുകയും ഖുര്‍ആന്‍ വായിക്കുകയും ചെയ്യുന്ന ആള്‍ മാത്രമായിരുന്നു യഥാര്‍ത്ഥ പൗരന്‍. ഹിന്ദുത്വയും അത് തന്നെയാണ് പറയുന്നത്.

കടപ്പാട്: ദ ക്വിന്റ്, പരിഭാഷ; റെയ്ക്കാഡ് അപ്പു ജോര്‍ജ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്
‘അച്ഛാ ഞാന്‍ ചരിത്രം പഠിച്ചുകൊണ്ടിരിക്കുകയല്ല, രചിക്കുകയാണ്’: CAA പ്രക്ഷോഭം ചിത്രങ്ങളിലൂടെ  
logo
The Cue
www.thecue.in