മതവും പുരുഷാധികാരവും: മുസ്ലിം ലീഗ് ഹരിതയെ പിരിച്ചുവിടുമ്പോൾ

മതവും പുരുഷാധികാരവും:
മുസ്ലിം ലീഗ് ഹരിതയെ പിരിച്ചുവിടുമ്പോൾ
Published on

നിലവിലുള്ള എല്ലാ കക്ഷിരാഷ്ട്രീയ പാര്‍ലമെന്ററി പാര്‍ട്ടികളും അത്യാവശ്യം ഭേദപ്പെട്ട രീതിയില്‍ തന്നെ പാട്രിയാര്‍ക്കലാണ് എന്നുള്ളത് വ്യക്തമാണ്. ഓരോ ഘട്ടത്തിലും ആണ്‍കോയ്മ മനസ്ഥിതി വ്യക്തമാക്കുന്ന തരത്തിലാണ് അവരൊക്കെ പെരുമാറിയിട്ടുള്ളത്. ഉദാഹരണത്തിന് തെരഞ്ഞെടുപ്പിന്റെ സമയത്ത് ലതിക സുഭാഷിന് തല മുണ്ഡനം ചെയ്യേണ്ട സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെട്ടു?

അവര്‍ മത്സരിക്കാന്‍ ഒരു സീറ്റ് ആഗ്രഹിച്ചോ ഇല്ലയോ, പിന്നീട് അവര്‍ മറ്റൊരു മുന്നണിയില്‍ ചേര്‍ന്നോ ഇല്ലയോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. മറിച്ച് യൂത്ത് കോണ്‍ഗ്രസിനും വിദ്യാര്‍ത്ഥി കോണ്‍ഗ്രസിനും അതിന്റെയൊക്കെ പ്രസിഡന്റുമാര്‍ക്കും സീറ്റ് ഉണ്ടായിരിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റിനു മാത്രം സീറ്റ് നല്‍കാതിരിക്കാനുള്ള ഒരു അവസ്ഥ എങ്ങനെയാണ് കോണ്‍ഗ്രസ് പോലെ വളരെ ലിബറല്‍ ആയിരിക്കുന്ന ഒരു പാര്‍ട്ടിയില്‍ പോലും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.

പിന്നീട് എന്‍.സി.പിയിലേക്ക് പോയതിനു ശേഷം അവര്‍ക്ക് ശശീന്ദ്രന്റെ വിഷയത്തിലൊന്നും പ്രതികരിക്കാനായില്ല എന്നുള്ളത് യാഥാര്‍ഥ്യം ആണെങ്കില്‍ പോലും അവര്‍ക്ക് തലമുണ്ഡനം ചെയ്ത് കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിവരേണ്ട വന്ന സാഹചര്യം ഉന്നയിക്കുന്ന ഒരു വിഷയം കേരളത്തിന്റെ മുന്നില്‍ ഉണ്ട്. അത് കക്ഷിരാഷ്ട്രീയ പാര്‍ലമെന്ററി പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധതയുടെ വിഷയം തന്നെയാണ്.

പി.കെ ശശി വിഷയത്തിലും നമ്മള്‍ ഇതേ പ്രശ്നം കണ്ടതാണ്. എങ്ങനെയാണ് പാര്‍ട്ടി തന്നെ കോടതിയും പൊലീസും അന്വേഷണവും ഒക്കെയായി മാറുന്നത് എന്നുള്ളതും, പരാതിക്കാരിക്ക് തീവ്രത കുറവുള്ള പീഡനത്തിന്റെ പേരില്‍ നീതി ലഭിക്കാതിരുന്നത് എന്നുള്ളതും സി.പി.എം പോലെയുള്ള പ്രസ്ഥാനത്തിലും നമ്മള്‍ കണ്ടതാണ്. മേല്‍പറഞ്ഞ രണ്ട് ഉദാഹരണങ്ങളും കക്ഷിരാഷ്ട്രീയ പാര്‍ട്ടികളില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ സൂചികകളായിത്തന്നെ മനസിലാക്കപ്പെടണം.

മേല്‍പറഞ്ഞ രണ്ടു രാഷ്ട്രീയ കക്ഷികളില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം ലീഗ് എന്നുള്ളത് ഒരു സാമുദായിക പാര്‍ട്ടിയാണ്. അതിനെ വര്‍ഗീയ പാര്‍ട്ടി എന്ന് ഇപ്പോഴും വിളിക്കുന്നില്ല. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു സാമുദായിക പാര്‍ട്ടിയായാണ് ലീഗിനെ പൊതുവേ ജനാധിപത്യ മതേതര വാദികള്‍ കാണുന്നത്.

ദേശീയ നവോത്ഥാനവും പരിഷ്‌കരണവുമൊക്കെ അതാത് വിഭാഗങ്ങളിലുള്ള സ്ത്രീകളെ നവീകരിച്ചുകൊണ്ടിരുന്നു. വീണ്ടും നവോത്ഥാന സ്ത്രീ മുന്നേറ്റങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പല കക്ഷികളും മുമ്പോട്ടു വരുന്നു. എന്നാല്‍ മുസ്ലിം ലീഗുമായി ബന്ധപ്പെടുത്തി നമ്മള്‍ ആലോചിച്ചു കഴിഞ്ഞാല്‍ ഇക്കാലമത്രയും, കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയം വരെയും ലീഗൊരു വനിതയെ പോലും ജയിക്കാനായി മത്സരിപ്പിച്ചിട്ടില്ല.

അപ്പോള്‍ സ്വാഭാവികമായിട്ടും നമുക്കൊരു സംശയം വരും ഈ സമുദായത്തിനുള്ളില്‍ ആണുങ്ങള്‍ക്ക് മാത്രമാണോ മേല്‍ഗതി വേണ്ടത്, ആണുങ്ങള്‍ മാത്രമാണോ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്ന്. അല്ലെങ്കില്‍ അവര്‍ക്ക് മാത്രമാണോ തീരുമാനം എടുക്കാനുള്ള അവകാശമുള്ളത് എന്ന്. വളരെ കൃത്യമായിട്ടും അങ്ങനെയാണ് അവര്‍ അത് ധരിച്ചു വച്ചിട്ടുള്ളത് എന്നത് ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ തിരിച്ചറിയേണ്ടി വരും.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തോറ്റുപോകുന്ന ഒരു സീറ്റ് കൊടുത്ത് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ അവര്‍ നിര്‍ത്തിയിട്ടുണ്ട്. അതിനു മുമ്പ് തോറ്റുപോകുന്ന ഒരു സീറ്റ് കമറുനിസ അന്‍വറിനും അവര്‍ കൊടുത്തിരുന്നു. അധികാര സ്ഥാനങ്ങളിലേക്ക് സ്വന്തം ശബ്ദവുമായി കടന്നുവരുന്ന സ്ത്രീകളോട് ഐ.യു.എം.എല്‍ എന്നുള്ള പാര്‍ട്ടിയുടെ സമീപനം എന്താണെന്ന് ഈ നിലപാട് വ്യക്തമാക്കുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കണമെന്ന നിയമം കേരളത്തില്‍ നടപ്പിലാക്കിയപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് സംസാരിച്ചിട്ടുള്ള ഒരു പ്രതിനിധി മുസ്ലിം ലീഗിലെ അംഗമാണ്. അദ്ദേഹം ഇന്ന് മലപ്പുറത്തു നിന്ന് ജയിച്ച് എം.പി ആയിട്ടിരിക്കുകയാണ്.

അപ്പോള്‍ സ്വാഭാവികമായിട്ടും നമുക്കൊരു സംശയം വരും ഈ സമുദായത്തിനുള്ളില്‍ ആണുങ്ങള്‍ക്ക് മാത്രമാണോ മേല്‍ഗതി വേണ്ടത്, ആണുങ്ങള്‍ മാത്രമാണോ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്ന്. അല്ലെങ്കില്‍ അവര്‍ക്ക് മാത്രമാണോ തീരുമാനം എടുക്കാനുള്ള അവകാശമുള്ളത് എന്ന്. വളരെ കൃത്യമായിട്ടും അങ്ങനെയാണ് അവര്‍ അത് ധരിച്ചു വച്ചിട്ടുള്ളത് എന്നത് ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ തിരിച്ചറിയേണ്ടി വരും.

സമീപകാലത്ത് രൂപീകൃതമായ മുസ്ലിം ലീഗിന്റെ ഒരു പോഷക ഭാഗമാണ് ഹരിത. അതിലെ പല പെണ്‍കുട്ടികളെയും ഞാനറിയും. അവരൊക്കെ ചുറുചുറുക്കോടെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളാണ്. അവരൊന്നും തന്നെ ഈ പറയുന്ന മുസ്ലിം ലീഗോ അതിന്റെ ആള്‍ക്കാരോ ആരോപിക്കുന്നത് പോലെ 'അച്ചടക്കം' വിട്ടു കളിക്കുന്ന കുട്ടികളല്ല. സ്വന്തം കൂട്ടത്തിലെ സ്ത്രീകളുടെ ആത്മാഭിമാനവും സ്വയം നിര്‍ണയാവകാശവും ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണവര്‍ എന്നാണു മനസിലാകുന്നത്.

അവരൊക്കെ പാര്‍ട്ടിക്ക് വിധേയരായി നിന്നുകൊണ്ട് അതിനുള്ളില്‍ നിന്ന് സ്ത്രീ ശബ്ദത്തെ, അതിന്റെ താല്‍പര്യം അനുസരിച്ചുള്ള സ്ത്രീശബ്ദത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. ഇതു മനസിലാക്കുന്നതില്‍ കൂടെ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ പരാജയപ്പെട്ടത് അവരുടെ ശരികളും മൂല്യബോധവും മറ്റു ചില താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണല്ലോ.

പി.കെ ശശിക്കെതിരെയുള്ള പീഡന പരാതി ഡി.വൈ.എഫ്.ഐയില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി ഉന്നയിച്ചതിന് സമാനമായുള്ള സാഹചര്യമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. സഹപ്രവര്‍ത്തകനായിട്ടുള്ള ഒരാളുടെ പേരിലാണ് ഹരിതയിലെ പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചത്. ആ ആരോപണത്തോട് മുസ്ലിം ലീഗിന്റെ സമീപനം ഇങ്ങനെ പിരിച്ചുവിട്ടുകൊണ്ടുള്ളതാണെങ്കില്‍ ഇതൊരു സാമുദായിക പാര്‍ട്ടി എന്നുള്ളതില്‍ നിന്ന് മാറി വര്‍ഗീയ പാര്‍ട്ടിയായി പരിണമിച്ചിരിക്കുന്നു എന്ന് നമ്മള്‍ അടയാളപ്പെടുത്തേണ്ടി വരും.

അവിടെയൊക്കെ സ്ത്രീവിരുദ്ധമായിരിക്കുന്ന ചില നിലപാടുകള്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒക്കെ എടുത്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു നിലപാടായിരുന്നില്ല അവര്‍ സ്വീകരിച്ചത്. സ്ത്രീകള്‍ ഇനിമേലില്‍ ഈ സംഘടനയില്‍ ശബ്ദിക്കരുത് എന്നുള്ള സന്ദേശം നല്‍കികൊണ്ട് ആരോപണം ഉന്നയിച്ച കമ്മിറ്റിയെ ഒന്നാകെ പിരിച്ചുവിടുന്ന ഒരു തീരുമാനം ആണ് മുസ്ലിം ലീഗ് എടുത്തതായി അറിയുന്നത്. അതവരെ നൂറ്റാണ്ടുകള്‍ പിന്നിലേക്കു നയിക്കുന്നു. ഇക്കാലത്തു നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത ഒരു പാര്‍ട്ടിയായി അവര്‍ രേഖപ്പെടുമെന്നതില്‍ സംശയമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്ലിം ലീഗ് മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി നില്‍ക്കുന്ന ഒരു പാര്‍ട്ടിയല്ല എന്നുള്ളതും അത് വളരെ കൃത്യമായിട്ടും ആണാധിപത്യത്തില്‍ തന്നെ അടിയുറച്ച് നില്‍ക്കുന്ന ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും പൊതു സമൂഹം വിലയിരുത്തിയാല്‍ അതിനു പൊതുസമൂഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

സ്ത്രീകളുടെ ശബ്ദത്തെ എന്തുകൊണ്ടാണ് അവര്‍ അടിച്ചമര്‍ത്തിയത്, ഏത് ആയുധം കൊണ്ടാണ് അവര്‍ അടിച്ചമര്‍ത്തിയത് എന്നത് കൂടി നമ്മള്‍ ആലോചിക്കണം. അച്ചടക്കം ലംഘിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. അച്ചടക്കം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ഈ പറഞ്ഞ ആണുങ്ങള്‍ക്ക് അറിയാമോ? ഈ പറഞ്ഞ ആണുങ്ങള്‍ അടക്കവും ഒതുക്കവും നേരും നെറിയുമൊക്കെയുള്ള ആണുങ്ങളാണോ? ഇവര്‍ കള്ളക്കടത്തിന്റെയും സ്ത്രീപീഡനത്തിന്റെയും ഒക്കെ തന്നെ വക്താക്കളല്ലേ? എന്നിട്ടിവരാണോ ഈ കൊച്ചു പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ വന്നിട്ടുള്ളത്.

അപ്പോള്‍ ഇതിനര്‍ത്ഥം വളരെ കൃത്യമായി മതത്തെയും തങ്ങളുടെ അധികാരസ്ഥാനത്തെയും ഉപയോഗിച്ചുകൊണ്ട് സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു വര്‍ഗീയ പാര്‍ട്ടിയായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു എന്ന് വളരെ ഖേദപൂര്‍വം രേഖപ്പെടുത്തേണ്ടിവരുമെന്നു തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in