ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ചുകൊണ്ട് കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പൂര്‍ണരുപം
ശിക്ഷ ലഭിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷിച്ചതാണ്. ഇത്തരം ഒരു കേസില്‍ എങ്ങനെ ഇതുപോലൊരു വിധി വന്നു എന്നുള്ളത് ഇന്ത്യന്‍ ലീഗല്‍ സിസ്റ്റത്തില്‍ തന്നെ ഒരു അത്ഭുതമായിരിക്കും. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ 2018ലാണ് പരാതിയുമായി വരുന്നത്. ഇവിടെ കാണേണ്ടത് ഫിഡൂഷ്യറി റിലേഷന്‍ഷിപ്പില്‍ നില്‍ക്കുന്ന ഒരു കന്യാസ്ത്രീ അവരുടെ നിലനില്‍പ്പ് എന്ന് പറയുന്നത് തന്നെ പീഡിപ്പിക്കുന്ന ആളില്‍ ഡിപെന്‍ഡ് ചെയ്താണ്. അവര്‍ നാളെ മരിക്കണോ ജീവിക്കണോ എന്ന് പോലും തീരുമാനിക്കാന്‍ കഴിവുള്ള ഒരാളാണ് ഇവിടെ കുറ്റക്കാരനായി വരുന്നത്. അങ്ങനെ ഒരു അവസ്ഥയില്‍ ഒരു സ്ത്രീ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. അതൊരു സ്വാഭാവിക പ്രതികരണമാണ്.
സ്വാഭാവികമായും അവര്‍ ഒരു പ്രതികരണത്തിലേക്ക് പോയാല്‍ അവരുടെ ജീവന്‍ അപകടത്തില്‍പ്പെടാം അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായേക്കാം. അവരുടെ സഹോദരിയും ഇതേസഭയില്‍ കന്യാസ്ത്രീയാണ്. അവരെ അപായപ്പെടുത്താം. അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സംവിധാനത്തിലേക്ക് പോകാം. ഇതെല്ലാം ആലോചിച്ചുകൊണ്ട് രണ്ട് വര്‍ഷം സൈക്കോളജിക്കല്‍ പ്രഷറില്‍ ഇത് പുറത്ത് പോലും പറയാന്‍ കഴിയാത്ത രീതിയില്‍ കുറെ കാലം അനുഭവിച്ചു, സഹകന്യാസ്ത്രീമാരോട് പറയുന്നില്ല, പക്ഷെ കൗണ്‍സിലേഴ്സിനോട് പറയുന്നു, അതിന് ശേഷം പല തരത്തിലുള്ള കുമ്പസാരങ്ങളില്‍ ഏര്‍പ്പെടുന്നു. ധ്യാനങ്ങളില്‍ പങ്കെടുക്കുന്നു, അങ്ങനെ ഒരു ധ്യാനത്തിന്റെ വേളയില്‍, ഒരു വൈദികന്‍ കൊടുത്ത മാനസികമായ കരുത്തിന്റെ അടിസ്ഥാനത്തിലാണ് സഹകന്യാസ്ത്രീമാരോട് പറയുന്നതും ആദ്യമായി ഒരു പ്രതിഷേധ സ്വരം ഉയര്‍ത്തുന്നതും.
അതിന് ശേഷം ഇവര്‍ ഇത് പലരോടും പറഞ്ഞേക്കുമെന്ന ഭയത്തിന് പിന്നാലെ ഇവര്‍ക്കെതിരെ പലതരത്തിലുള്ള അച്ചടക്ക നടപടിയെടുക്കുന്നു, സ്ഥലം മാറ്റുന്നു, അവര്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുന്നു, ഏറ്റവും ഒടുവിലാണ് 2018ല്‍ പൊലീസില്‍ കന്യാസ്ത്രീ പരാതി നല്‍കുന്നത്. ഈ കാലയളവില്‍ തന്നെ അവര്‍ പലരോടും ഇക്കാര്യം പറയുന്നുണ്ട്. സിസ്റ്റത്തിനകത്തു തന്നെ പരിഹരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്, ഇതെല്ലാം തുടര്‍ച്ചയായി നടന്നിട്ടുണ്ട്. അതിന് ശേഷമാണ് പരാതിയുമായി അവര്‍ രംഗത്തെത്തുന്നത്.
റേപ്പ് എന്ന് പറയുന്നത് ഒരു പ്രത്യേക തരം കുറ്റം തന്നെയാണ്. അവിടെ പ്രതി നിയമത്തിന് മുന്നില്‍ കുറ്റക്കാരനാകുന്നതിനൊപ്പം തന്നെ ഇരയും സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്. അവരും പ്രതിക്ക് തുല്യമായ മാനസിക അവസ്ഥയിലൂടെ കടന്നു പോവുകയാണ്. ഇത് അവരുടെ നിലനില്‍പ്പിനേയും ബാധിക്കുന്നതാണ്. കന്യാസ്ത്രീയെ പിന്തുണയ്ക്കാവുന്ന ഇത്രയും കാരണങ്ങള്‍ ഉണ്ട്. അതിനെല്ലാം സാധൂകരിക്കുന്ന തെളിവുകളും വന്നിട്ടുണ്ട്. സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒരുപാട് വന്നിട്ടുണ്ട്. ഒരുപാട് സാക്ഷികള്‍ കൃത്യമായി മൊഴി പറഞ്ഞിട്ടുണ്ട്. ഈ കേസില്‍ എല്ലാ സാക്ഷികളും സാധാരണക്കാരാണ്. പലരും ഈ സംവിധാനത്തിനകത്ത് തന്നെയുള്ളവരാണ്.
ഒരു കന്യാസ്ത്രീ മൊഴി പറയാനായി കോടതിയില്‍ വരുന്ന സമയത്ത് അവരുടെ അമ്മ, നിങ്ങള്‍ മൊഴി പറഞ്ഞാല്‍ അത് കഴിഞ്ഞ് പുറത്തിറങ്ങുന്ന നിമിഷം താന്‍ ആത്മഹത്യ ചെയ്യും എന്ന് പറയുന്ന തരം ഭീഷണികള്‍ വരെ ഉണ്ടായിരുന്നു. അവരെ വരെ അനുനയിപ്പിച്ച് അവര്‍ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനുള്ള സാഹചര്യം ഉണ്ടാക്കിയാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് പോയത്. ഇത്തരത്തില്‍ സാധാരക്കാരായ ആളുകള്‍ മുന്നോട്ട് വന്ന് സ്വാധീനിക്കപ്പെടാതെ മൊഴി പറഞ്ഞ ഒരു കേസ് കൂടിയാണിത്. മെഡിക്കല്‍ എവിഡന്‍സസ് സുപ്രാധനമായ ഒന്നാണ്. ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം Evidence of Vaginal Penetration നടന്നിട്ടുണ്ടോ എന്ന് തെളിയിക്കുന്നത് അസാധാരണ സംഭവമാണ്. ഇവിടെ അതും വളരെ കൃത്യമായി വന്നിട്ടുണ്ട്. ഇത്തരത്തില്‍ തെളിവുകളുള്ള കേസില്‍, ഒരു റേപ്പ് കേസിനെ വിശകലനം ചെയ്യുമ്പോള്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത് എന്ന നിര്‍ദേശങ്ങള്‍ കൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വിധിന്യായത്തിനെ നമ്മള്‍ നോക്കി കാണേണ്ടത്.
വിധിന്യായത്തിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടിയിട്ടില്ല. വളരെ അസാധാരണമായ ഒരു ജഡ്ജ്മെന്റ് ആയിരിക്കും എന്നാണ് തോന്നുന്നത്. ഇന്ത്യയില്‍ തന്നെ വേറിട്ട് നില്‍ക്കുന്ന ഒരു ജഡ്ജ്മെന്റ് ആയിരിക്കും അത്.
പൊതുവെ ഇന്ത്യന്‍ ലീഗല്‍ സിസ്റ്റത്തില്‍ റേപ്പ് ചെയ്യപ്പെട്ട ഇരയുടെ മാനസിക അവസ്ഥയെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള മേല്‍ക്കോടതികളുടെ ഒരു മാര്‍ഗ നിര്‍ദേശം ഉണ്ടാകും. ഇരയുടെ മാത്രം മൊഴി കൊണ്ട്, ആ മൊഴിയില്‍ വലിയ മാറ്റമോ വൈരുദ്ധ്യമോ ഇല്ലാത്തതാണെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള തൃപ്തികരമായ തെളിവാണ് എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ വിധിയെ നോക്കി കാണുന്നത്.
ഒരു കന്യാസ്ത്രീ അവര്‍ക്ക് കിട്ടിയ ഒരു കച്ചിതുരുമ്പില്‍ കയറി ഇതുവരെ പോരാടിയ ഒരു കേസ് കൂടിയാണിത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതുപോലെ നിരവധി ആളുകള്‍ ഈ സാഹചര്യങ്ങളില്‍ ഉണ്ടാകുമെന്നത് കൂടി മനസിലാക്കേണ്ടതാണ്. ഇതുപോലെ നൂറ് കണക്കിന് നിശബ്ദരുണ്ടാകില്ലേ. ഈ ഒരു സിസ്റ്റത്തില്‍ മാത്രമല്ല, ഫിഡൂഷ്യറി സിസ്റ്റത്തില്‍ ജീവിക്കുന്ന മറ്റു സിസ്റ്റങ്ങളുമുണ്ടാകില്ലേ? ഓര്‍ഫനേജുകളിലുണ്ടാകാം. അവിടെ പ്രോട്ടക്ട് ചെയ്യുന്ന ആളുകള്‍ തന്നെ കുറ്റക്കാരന്‍ ആകുന്ന സ്ഥിതിയുണ്ടാകാം. ചില്‍ഡ്രന്‍സ് ഹോമിലുണ്ടാകാം. മെന്റല്‍ അസൈലങ്ങളിലുണ്ടാകാം. വൃദ്ധസദനങ്ങളിലുണ്ടാകാം. ഇതുപോലെ പല ഫിഡൂഷ്യറി സിസ്റ്റങ്ങളിലും ചൂഷണങ്ങള്‍ നടക്കുന്നുണ്ടാകാം. അവിടെയെല്ലാം അവരുടെ ജീവനും നിലനില്‍പ്പും ഭീഷണിക്കകത്തായതുകൊണ്ട് ഇത് പുറത്ത് പറയണോ വേണ്ടയോ എന്ന് സംശിയിച്ച് നില്‍ക്കുന്ന നൂറ് കണക്കിന് ആളുകള്‍ നമ്മുടെ ചുറ്റിലും ഉണ്ടാകും. അങ്ങനെ ഉള്ള ആളുകള്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആളുകള്‍ നിരന്തരം നിശബ്ദരായി ഇരിക്കണം എന്നാണ് ഈ വിധിയിലൂടെ പറയുന്നത്. അത് സമൂഹത്തിന് തന്നെ നല്‍കുന്ന തെറ്റായ സന്ദേശമായിരിക്കും. ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്ത വിധിയാണ്. തീര്‍ച്ചയായും അപ്പീല്‍ പോകും. കേസിന്റെ വിധിപകര്‍പ്പ് കിട്ടിയാലുടനെ തന്നെ അതിന്റെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറുമായി ചര്‍ച്ച ചെയ്ത് അപ്പീല്‍ പോകാന്‍ തന്നെയാണ് സംസ്ഥാന പൊലീസ് മേധാവിയും രാവിലെ നിര്‍ദേശിച്ചത്.
പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളൊന്നും തന്നെ വിശ്വസനീയമായി ഒന്നും പറയാന്‍ കഴിഞ്ഞവരായിരുന്നില്ല. പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം തന്നെ കൃത്യമായി മൊഴി പറയുകയും ചെയ്തു. ഇത് എങ്ങനെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത് എന്ന് വിധിപകര്‍പ്പ് വന്നാല്‍ മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളു.
ഒപ്പം നിന്ന കന്യാസ്ത്രീമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. 2018ല്‍ ഒരു വിധിയിലൂടെ സുപ്രീം കോടതി കൊണ്ടുവന്ന വിക്റ്റിം പ്രോട്ടക്ഷന്‍ സ്‌കീം കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ കേസ് കൂടിയാണിത്. ഇതില്‍ ഒരു സാക്ഷി അവരെ മൊഴി പറയാതിരിക്കുന്നതിനായി ഹൈദരാബാദില്‍ കൊണ്ടു പോയി ഒളിച്ചു താമസിപ്പിച്ച ഒരു സാഹചര്യം വരെയുണ്ടായി. അവരെ വീട്ടുകാര്‍ മിസ്സിംഗ് കേസ് കൊടുത്ത് അവരെ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി താമസിപ്പിച്ചതിന് ശേഷം വിക്റ്റിം പ്രോട്ടക്ഷന്‍ സ്‌കീമിന്റെ അതോരിറ്റിയായ കോട്ടയം ജില്ലാ ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി അപ്ലിക്കേഷന്‍ കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വിറ്റനസ് പ്രോട്ടക്ഷന്‍ കൊടുക്കാന്‍ ഉത്തരവാകുകയും ചെയ്ത കേസാണിത്.