തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റപ്പെട്ടു; കര്‍ഷകര്‍ക്കൊപ്പം നിന്നവര്‍ക്കായിരിക്കും വിജയം: വിജൂ കൃഷ്ണന്‍

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റപ്പെട്ടു; കര്‍ഷകര്‍ക്കൊപ്പം നിന്നവര്‍ക്കായിരിക്കും വിജയം: വിജൂ കൃഷ്ണന്‍
Published on

കര്‍ഷകദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന ബി.ജെ.പിക്കെതിരെ തൊട്ടുമുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രചരണം എല്ലാ സംസ്ഥാനങ്ങളിലും നടത്തിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മിഷന്‍ ഉത്തര്‍പ്രദേശ്, മിഷന്‍ ഉത്തരാഖണ്ഡ്, മിഷന്‍ പഞ്ചാബ് എന്നിങ്ങനെ പ്രത്യേകം പ്രചരണം നടത്തുന്നുണ്ട്.

ഈ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രത്യേകമായി ബി.ജെ.പിക്കെതിരെ കര്‍ഷക സംഘടനകള്‍ മുന്നിലുണ്ടാകും. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത ആഘാതം ഏറ്റിരുന്നു.

ഉപതെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം തിരിച്ചടിയേറ്റു. രാജസ്ഥാനിലെ ഒരു സീറ്റില്‍ മൂന്നാം സ്ഥാനത്തും മറ്റൊന്നില്‍ നാലാം സ്ഥാനത്തുമായി ബി.ജെ.പി.

രാഷ്ട്രീയമായ തിരിച്ചടിയേല്‍ക്കുമെന്ന് ഭയന്നാണ് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായതെങ്കിലും അന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലായിട്ടില്ല. 700ലധികം കര്‍ഷകരാണ് സമരത്തിനിടയില്‍ മരിച്ചത്. അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സമരത്തിന്റെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല.

എം.എസ്.പിക്ക് വേണ്ടിയുള്ള കമ്മിറ്റി രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നിട്ടില്ല. ജനുവരി 31ന് എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകള്‍ വഞ്ചനാദിനം ആചരിച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലും കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളില്ല.

താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചതിനേക്കാള്‍ കുറവാണ് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് സമരത്തില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു. കഴിഞ്ഞ ബജറ്റിലെ അത്ര തുക പോലും മാറ്റിവെക്കാതിരിക്കുന്നതിലൂടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാണ്.

താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചതിനേക്കാള്‍ കുറവാണ് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് സമരത്തില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു. കഴിഞ്ഞ ബജറ്റിലെ അത്ര തുക പോലും മാറ്റിവെക്കാതിരിക്കുന്നതിലൂടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാണ്.

സാമ്പത്തിക സര്‍വേ പറയുന്നത് ഇന്ത്യയിലെ കര്‍ഷക കുടുംബത്തിന്റെ മാസ വരുമാനം 10200ന് അടുത്താണെന്നാണ്. വിളകളില്‍ നിന്ന് ഒരുദിവസം കര്‍ഷകന് 27രൂപയാണ് വരുമാനം ലഭിക്കുന്നത്.

2014ല്‍ പറഞ്ഞത് 2022 ആകുമ്പോള്‍ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു. ഇരട്ടിയാകുന്നില്ല എന്ന് മാത്രമല്ല വരുമാനം കുറഞ്ഞുവരുന്നു എന്നതാണ് പ്രശ്നം. വിത്തും വളവും സബ്സിഡിയില്ലാത്ത കോര്‍പ്പറേറ്റ് കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നു. ഉല്‍പ്പാദന ചിലവ് വലിയ തോതില്‍ ഉയരുന്നു. വളരെ വലിയ കടക്കെണിയിലേക്കാണ് കര്‍ഷകന്‍ പോകുന്നത്.

2014നും 2021നും ഇടയില്‍ ഒരുലക്ഷത്തോളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. 1995 ന് ശേഷം നാലുലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഒരുലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നത് ഗൗരവത്തോടെ കാണണം.

2019ലും 2020ലും ദിവസക്കൂലിക്കാരായ തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു. 2019ല്‍ 32000ലധികവും 2020ല്‍ 38000ത്തിലധികം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു.

ഈ തൊഴിലാളികള്‍ കാര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ പലരും പഞ്ചാബില്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നതാണ് ലക്ഷ്യം.അതിനായി പ്രാദേശികമായ സഖ്യങ്ങളാവാമെന്നാണ് നിലപാട്.

കോവിഡ് മഹാമാരിയുടെ കാലത്ത് ഉത്തര്‍പ്രദേശ് പോലുള്ള സ്ഥലങ്ങളില്‍ എത്രയോ മനുഷ്യരാണ് ഒക്സിജന്‍ കിട്ടാതെ മരിച്ചത്. ഗംഗയില്‍ ശവം ഒഴുകുന്ന ദൃശ്യങ്ങള്‍ ലോകം കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം അവിടെത്തെ എല്ലാ കുടുംബങ്ങളും ദുരിതം അനുഭവിച്ചിട്ടുണ്ട്. അത് ഈ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ പലരും പഞ്ചാബില്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നതാണ് ലക്ഷ്യം.അതിനായി പ്രാദേശികമായ സഖ്യങ്ങളാവാമെന്നാണ് നിലപാട്.

പശ്ചിമ യു.പിയില്‍ നിന്നും സമരത്തില്‍ നല്ല പങ്കാളിത്തമുണ്ടായിരുന്നു. അവിടുത്തെ ജാട്ട്- മുസ്ലിം വിഭാഗങ്ങള്‍ ഒന്നിച്ച് നിന്നാണ് മുസഫര്‍ നഗര്‍ കലാപം നടന്ന സ്ഥലത്ത് വെച്ച് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മഹാപഞ്ചായത്തില്‍ നിലപാടെടുത്തു.

പശ്ചിമ യു.പിയില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും. മന്ത്രിയുടെ മകന്റെ വണ്ടിയിടിച്ച് അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവം, കരിമ്പ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി എന്നിവയെല്ലാം ഉണ്ട്. കരിമ്പ് കര്‍ഷകര്‍ക്ക് കമ്പനികളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയായി ലഭിക്കാനുള്ളത്.

ഉല്‍പ്പാദന ചിലവ് വര്‍ധിക്കുന്നുണ്ടെങ്കിലും കരിമ്പിന്റെ വില കൂട്ടുന്നില്ല. ചെറിയ വില വര്‍ധനയാണ് ഇടയ്ക്ക് ഉണ്ടായത്. കര്‍ഷകര്‍ക്ക് ഈ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിനോട് പ്രതിഷേധമുണ്ട്. ഇത്തരം വോട്ടുകള്‍ ബി.ജെ.പിക്കെതിരെയാക്കാനാണ് കര്‍ഷക സംഘടനകളും ഇടപെടുന്നത്.

ഡീസല്‍ വില വര്‍ദ്ധന കര്‍ഷകരെ വലിയ പ്രതിസന്ധിലാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടിയാകും. തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാണ്. ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

സമരത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച പാര്‍ട്ടികള്‍ക്കാണ് പഞ്ചാബിലും ഉത്തരഖണ്ഡിലും യു.പിയിലും മുന്‍തൂക്കം. ബി.ജെ.പി ഒറ്റപ്പെട്ടു. ഏറ്റവും വലിയ ഒറ്റപ്പെടല്‍ ബി.ജെ.പി നേരിടുന്നത് പഞ്ചാബിലാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറുള്ളവര്‍ക്കായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുക.

ഗോവയിലും തെരഞ്ഞെടുപ്പില്‍ കര്‍ഷക സമരത്തിന്റെ അലയൊലികളുണ്ടാകും. കുതിരക്കച്ചവടത്തിനെതിരെയൊക്കെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക സമരത്തിലൂടെ ബി.ജെ.പിക്കെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പരാന്നഭോജികളാണ് കര്‍ഷക സമരത്തിലുള്ള കര്‍ഷകരെന്ന് അധിക്ഷേപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അന്നദാതാവ് എന്നാണ് ഇന്ത്യന്‍ സമൂഹം കര്‍ഷകരെ വിളിക്കുന്നതും കണക്കാക്കുന്നതും. സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളും അധിക്ഷേപങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകും.

Related Stories

No stories found.
logo
The Cue
www.thecue.in