കെ ജി ജോര്‍ജ്ജിന്റെ മരണം ചില പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തത് ''മരണം വയോജനകേന്ദ്രത്തില്‍ വെച്ച്'' എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടായത്. കൃത്യമായും അദ്ദേഹത്തിന്റെ മക്കളെ പ്രതിക്കൂട്ടില്‍ നിറുത്താനുദ്ദേശിച്ചു തന്നെ നിര്‍മ്മിച്ചെടുത്തതാണ് ആ വാചകം. ഏതോ അപകടം നടന്നെന്ന മട്ടിലാണ് ഉദ്‌ഘോഷണം. മരണം ക്യാന്‍സര്‍ മൂലം' 'മരണം വാഹനാപകടത്തില്‍ ' എന്നൊന്നും ഒരിയ്ക്കലും എഴുതാത്ത പത്രങ്ങളാണിതെഴുതുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കെ. ജി ജോര്‍ജ്ജ് സ്വയമേവ തെരഞ്ഞെടുത്തതാണ് ആ ജീവിതശൈലി എന്നത് പത്രക്കാര്‍ അറിയാഞ്ഞിട്ടല്ല. പൊതുബോധത്തിന്റെ തെറ്റായ ധാരണകളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ മീഡിയ തെരഞ്ഞെടുത്ത തന്ത്രം.
അസിസ്റ്റഡ് ലിവിംഗിനെക്കുറിച്ചും വയോജന കേന്ദ്രങ്ങളെക്കുറിച്ചും എതിരൻ കതിരവൻ എഴുതുന്നു
പഴമയില്‍ പിടിച്ചുതൂങ്ങി നില്‍ക്കുന്ന മലയാളി പൊതുബോധമാണ് കാലം മാറിയതനുസരിച്ച് സമൂഹരീതികള്‍ മാറുന്നത്‌നോട് ഇടഞ്ഞു നില്‍ക്കുന്നത്. മരുമക്കത്തായത്തിന്റെ ഒടുങ്ങിത്തീരലും ഭൂപരിഷ്‌ക്കരണ ബില്ലും മറ്റും ഏല്പിച്ച വിപ്‌ളവമാറ്റങ്ങളോട് മലയാളികള്‍ പെട്ടെന്ന് സാമ്യപ്പെട്ടു എങ്കിലും പിന്നെ വന്നു കയറിയ ആഗോളവ്യവസ്ഥകളും കമ്പ്യൂട്ടര്‍ യുഗത്തിലേക്കുള്ള പെട്ടെന്നുള്ള കുതിച്ചുചാട്ടവും മലയാളികളെ -പൊതുവേ ഇന്‍ഡ്യക്കാരേയും-അമ്പരപ്പിക്കുകയാണുണ്ടായത്. അണുകുടുംബവ്യവസ്ഥ നൂറുശതമാനവും ഉള്‍ക്കൊണ്ടിട്ടില്ല എന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞു എന്നത് അംഗീകരിക്കപ്പെടാന്‍ തടസ്സമായി നില്‍ക്കുന്നു.
പഠിത്തത്തിനോ ജോലിയ്‌ക്കോ ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനത്തിനു പുറത്തു പോകുന്ന കണക്കില്‍ കേരളം മുന്‍ പന്തിയിലാണ്. വൃദ്ധരുടെ വന്‍ ആവാസകേന്ദ്രം ആയിത്തീരുന്നു നമ്മുടെ സംസ്ഥാനം എന്നത് പുതിയ വാര്‍ത്തയൊന്നുമല്ല.
പാരമ്പര്യവും സമൂഹരീതികളും അരക്കിട്ടുറപ്പിച്ച കുടുംബനീതികള്‍ നടപ്പിലാകാതെ പോകുന്നത് അനുദിനം മാറുന്ന ലോകത്ത് സാധാരണമെങ്കിലും കേരളത്തിലെ ഇന്നത്തെ സ്ഥിതിവിശേഷം നേരത്തെ തന്നെ ഊഹിച്ചെടുക്കാന്‍ സാമൂഹ്യശാസ്ത്രത്തില്‍ ബിരുദം ഒന്നും വേണ്ടതല്ല. അവരവര്‍ തന്നെ കേരളത്തിനപ്പുറമോ വിദേശരാജ്യങ്ങളിലോ മക്കളെ പഠിയ്ക്കാനോ ജോലിയ്ക്കായോ അയക്കുമ്പോള്‍ വേണ്ടുന്ന വീണ്ടുവിചാരം പാരമ്പര്യകുടുംബവ്യവസ്ഥ്യ്ക്ക് എതിരെ നില്‍ക്കുന്ന ഒരു സ്ഥിതിവിശേഷം കൈവരാന്‍ പോകുകയാണെന്ന ധാരണയാണ്. തങ്ങല്‍ ഒറ്റയ്ക്കായേക്കാം എന്ന ഒരു തോന്നലിന്റെ അഭാവം അമിതപ്രതീക്ഷയില്‍ നിന്നോ അറിവില്ലായ്മയില്‍ നിന്നോ ഉടലെടുക്കുന്നതായിരിക്കാം. മക്കളെ സ്‌നേഹിക്കുക എന്നത് അവര്‍ക്ക് എല്ലായ്‌പ്പോഴും സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കയാണെന്ന ശുദ്ധമനസ്സ് ഉള്ളവരാണധികവും എന്നതും സത്യമാണ്. തങ്ങള്‍ ഉദ്ദേശിച്ച പോലെ മക്കള്‍ വിദേശത്താവുകയും അവര്‍ സ്വന്തം ജീവിതം അവിടെ കെട്ടിപ്പടുക്കുകയും ചെയ്യുമ്പോഴാണ് അവനവനെക്കുറിച്ച് ബോധവാന്മാരാകുന്നത്. പക്ഷേ പൊതുബോധം ഇവര്‍ക്ക് പിന്തുണയുമായി എപ്പൊഴുമുണ്ടെന്നത് മക്കളുടെ കുറ്റമായി ഇത് മാറ്റപ്പെടുകയാണ്. അതുകൊണ്ടാണ് വൃദ്ധസദനത്തിലേക്ക് പോകാനുള്ള അമ്മയുടെ തയാറെടുപ്പുകള്‍ മക്കള്‍ക്ക് തീവ്രമായ കുറ്റബോധം തോന്നിയ്ക്കുന്നതായിരിക്കണം എന്നത് തെളിച്ച് ബോധിപ്പിക്കുന്ന 'തിങ്കളാാഴച നല്ല ദിവസം' പോലുള്ള സിനിമകള്‍ ജനസമ്മതി നേടുന്നത്. മക്കള്‍ അടുത്തില്ലാത്ത അമ്മയ്ക്ക് വൃദ്ധസദനത്തില്‍ പോകുന്നതിലും ഭേദം മരണമാണ് യോജിച്ചത് എന്ന് വിധിയ്ക്കുകയാണ് ആ സിനിമ. റഷ്യയില്‍ ഐ റ്റി ജോലി ചെയ്യുന്ന മകന്‍ വൃദ്ധനായ അച്ഛനെ ''അസിസ്റ്റഡ് ലിവിങ്ങ്' എന്ന രീതിയിലേക്ക് സ്ഥാനാന്തരണം ചെയ്യുന്നത് വന്‍ തെറ്റാണെന്നും സഹായിക്കുന്ന റോബോട് വന്‍ വില്ലനാണെന്നും വരുത്തിത്തീര്‍ക്കുന്ന 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻറെ സ്വീകാര്യത ഈ ചിന്താഗതിയില്‍ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് കെ ജി ജോര്‍ജ്ജിന്റെ മരണം ചില പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തത് ''മരണം വയോജനകേന്ദ്രത്തില്‍ വെച്ച്'' എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടായത്. കൃത്യമായും അദ്ദേഹത്തിന്റെ മക്കളെ പ്രതിക്കൂട്ടില്‍ നിറുത്താനുദ്ദേശിച്ചു തന്നെ നിര്‍മ്മിച്ചെടുത്തതാണ് ആ വാചകം. ഏതോ അപകടം നടന്നെന്ന മട്ടിലാണ് ഉദ്‌ഘോഷണം. മരണം ക്യാന്‍സര്‍ മൂലം' 'മരണം വാഹനാപകടത്തില്‍ ' എന്നൊന്നും ഒരിയ്ക്കലും എഴുതാത്ത പത്രങ്ങളാണിതെഴുതുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കെ. ജി ജോര്‍ജ്ജ് സ്വയമേവ തെരഞ്ഞെടുത്തതാണ് ആ ജീവിതശൈലി എന്നത് പത്രക്കാര്‍ അറിയാഞ്ഞിട്ടല്ല. പൊതുബോധത്തിന്റെ തെറ്റായ ധാരണകളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ മീഡിയ തെരഞ്ഞെടുത്ത തന്ത്രം.
വാര്‍ദ്ധക്യത്തെ നേരിടേണ്ടതിനു പ്രത്യേക കരുതലുകളൊ കണക്കുകൂട്ടലുകളോ ഇല്ല പൊതുവേ നമുക്ക് . അത് പൊതുബോധത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നതിനാല്‍ മക്കളെ ആശ്രയിക്കുക, അല്ലെങ്കില്‍ മക്കളുടെ കടമയാണ് എന്ന കുടുംബനീതിയുണ്ടെന്ന് പ്രഖ്യാപിക്കുക, എന്നത് സമൂഹം കണ്ടുപിടിച്ചിരിക്കുന്ന ഒഴികഴിവ് നീതിയാണ്. വിദ്യാഭ്യാസത്തിനു വന്‍ രീതിയില്‍ ചെലവ് ആവശ്യമുണ്ട് എന്നത് അംഗീകരിക്കുകയാണെങ്കില്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ നടപ്പുള്ളതു പോലെ ലോണ്‍ എടുത്ത് പഠിയ്ക്കുക എന്നത് അത്ര പ്രചാരത്തില്‍ വന്നിട്ടില്ല. കേരളത്തില്‍ മാത്രം നടപ്പുള്ള, ലക്ഷക്കണക്കിനു പണം മുടക്കി അഡ്മിഷന്‍ നേടുക എന്നത് മാതാപിതാക്കളുടേ 'സ്റ്റാറ്റസ് പ്രതീകം' ആയ മട്ടാണ്. ഇത് സമൂഹം സൃഷ്ടിച്ച വിന തന്നെയാണ്. രാഷ്ട്രീയവ്യവഹാരങ്ങളുടെ ബാക്കിപത്രമാണിത്, വോട്ട് ബാങ്ക് എന്ന നിര്‍ണ്ണായകമൂല്യനിര്‍മ്മിതിയും പിന്നിലുണ്ട്. സ്ത്രീധനം എന്നത് മാതാപിതാക്കളുടെ കഴുത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്ന വന്‍ വിപത്ത് തന്നെ. ഈ പണച്ചെലവ് മക്കളുടെ ഉത്തരവാദിത്തത്തിലല്ല എന്നത് മാതാപിതാക്കള്‍ക്ക് മേല്‍ വന്നുകൂടിയ ഭാരം ആകുന്നു, അത് നയിക്കുന്നത് അവര്‍ക്ക് പ്രായമാകുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണെന്ന സംഹിതയിലേക്കാണ്. ഇങ്ങനെ തെറ്റായ വിചിന്തനത്തിന്റെ കരുക്കളായി മക്കള്‍ മാറുന്നുമുണ്ട്.
പാശ്ചാത്യരാജ്യങ്ങളില്‍ സ്വതന്ത്രരായും മാതാപിതാക്കളുമായി അധികം ബാദ്ധ്യതാബന്ധം ഇല്ലാതെയുമാണ് മക്കള്‍വളര്‍ത്തപ്പെടുന്നത്. വാര്‍ദ്ധക്യകാലം മാതാപിതാക്കളുടെ സ്വതന്ത്രകാലം ആയി പ്രഖ്യാപിക്കപ്പെടുന്നു. അസ്‌കിതകള്‍ ബുദ്ധിമുട്ടിയ്ക്കുന്നെങ്കില്‍ senior citizens' homes കളിലേക്ക് മാറുന്നത് എളുപ്പമാണ്, സാമൂഹിക കളങ്കമോ അപമാനമോ അതിനില്ല.
നടതള്ളപ്പെട്ട വൃദ്ധര്‍, നിസ്സഹായരായ മക്കള്‍
ശക്തമായ കുടുംബബന്ധങ്ങള്‍ ഭാരതീയ സമൂഹവ്യവസ്ഥയെ കെട്ടുറപ്പുള്ളതായി നിലനിര്‍ത്തിയിട്ടുണ്ട്, നിലനിര്‍ത്തുന്നുമുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ കാണാത്തതാണിത്. സമൂഹത്തിന്റെ പൊതുസ്വാസ്ഥ്യം ഇന്‍ഡ്യയില്‍ മെച്ചപ്പെട്ടതുതന്നെ എന്നത് സത്യമാണ്. പക്ഷേ കാര്‍ഷികവ്യവസ്ഥ മാറപ്പെടുകയും വിഭവനിര്‍മ്മിതിയും വിതരണവും പാടേ സ്വഭാവം മാറ്റപ്പെട്ടതും ആയതോടെ ജോലിസാദ്ധ്യതയുടെ പരിമാണങ്ങള്‍ വിപ്‌ളവാത്മകമായി പുതുരീതി കൈവരിക്കുകയും അണുകുടംബങ്ങളില്‍ നിന്നു പോലും മക്കള്‍ ജോലിതേടി പ്പോയി മറ്റൊരിടത്ത് വാസമുറപ്പിക്കുകയും ചെയ്തു. ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെട്ടു, കുടുംബരീതി പുനര്‍നിര്‍വ്വചനത്തിനു വിധേയമായി. മാതാപിതാക്കള്‍ ഒറ്റയ്ക്കാവുന്നത് സ്വാഭാവികമായി ഇതിന്റെ പരിണതി എന്ന് നില വന്നു. ഇത് മക്കളുടെ കുറ്റമായി പ്രഖ്യാപിക്കപ്പെടുന്നതാണ് സമൂഹനീതിയ്ക്ക് എളുപ്പം.
എന്നാല്‍ അച്ഛനമ്മമാരെ കൈവെടിഞ്ഞ മക്കള്‍ ഇല്ലെന്നല്ല. പലപ്പോഴും അശരണരായ അവര്‍ വഴിയാധാരമാകുന്നതോ സ്വന്തംവീട്ടില്‍ നരകിച്ച് കഴിയുന്നതോ മക്കളുടെ അവഗണന കൊണ്ട് സംഭവിക്കുന്നുണ്ട് എന്നതും സത്യമാണ്. എന്നാല്‍ ഇതിനു ഒരു മറുപുറവും ഉണ്ട്. നഗരത്തിലെ ഇടുങ്ങിയ അപാര്‍ട്‌മെന്റിലോ കമ്പനി ക്വാര്‍ടേഴ്‌സുകളിലൊ താമസിക്കുന്നത് എളുപ്പമായിരിക്കില്ല പ്രായമായവര്‍ക്ക്, പൊരുത്തപ്പെടാന്‍ പറ്റാതെ വരും. ഇത് കലഹങ്ങളിലേക്ക് നയിക്കാറുണ്ട്. കമ്പൂട്ടര്‍ യുഗത്തില്‍ ജീവിക്കുന്ന പേരക്കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിച്ച് പരാജയമടയുന്ന വൃദ്ധര്‍ക്ക് നിസ്സഹായതാബോധത്തോടൊപ്പം അലോസരവും ശുണ്ഠിയും ഉളവായെങ്കില്‍ അദ്ഭുതപ്പെടാനില്ല. അസുഖബാധിതരുമായെങ്കില്‍ അവരെ കൈകാര്യം ചെയ്യുന്നത് എളുപ്പവുമായിരിക്കില്ല. കുട്ടികളുടെ പഠനത്തേയും സ്വസ്ഥതയേയും ബാധിയ്ക്കുന്നു ഇത് എന്ന പരാതിയില്‍ കഴമ്പുണ്ട്. മക്കളും മാതാപിതാക്കളും ഒരു ദൂഷിതവലയത്തില്‍പ്പെട്ട് ദുസ്സഹമായ ജീവിതത്തിലേക്ക് വഴുതി വീഴുന്നു.
ക്രൂരതയുടെ പര്യായങ്ങളായ അച്ഛന്‍, അമ്മ
ഇന്‍ഡ്യയില്‍ പൊതുവേ പുരാണപ്രോക്തവും പഴഞ്ചരക്കും ആയ സൂക്തങ്ങള്‍ കുട്ടികളില്‍ കള്ളത്തരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഉപയുക്തമാകാറുണ്ട്. മാതാപിതാക്കളെ വന്ദിക്കണമെന്ന് സ്‌കൂളുകളിലും ഉപദേശങ്ങള്‍ നല്‍കപ്പെടുകയാണ്. പലപ്പോഴും ഇത് സത്യമല്ലെന്നും ഒരു വന്‍ മറ സൃഷ്ടിക്കലാണെന്നും കുട്ടികള്‍ക്ക് തന്നെ മനസ്സിലാകാറുണ്ട് എന്നത് സമൂഹം അംഗീകരിക്കുന്നില്ല. കുട്ടികളെ ദേഹോപദ്രവമേല്‍പ്പിക്കുന്നത് കഠിനമായ കുറ്റമാണ്, പലേ രാജ്യങ്ങളിലും. അടികൊടുക്കുന്നതുകൊണ്ട്, അതുകൊണ്ട് മാത്രം, അച്ചടക്കം (discipline) കൈവരുത്താമെന്ന് ദൃഢമായി വിശ്വസിച്ച് അത് നടപ്പാക്കുന്നവരുടെ ലോകമാണ് ഇന്‍ഡ്യ. അതുകൊണ്ട് സ്വജീവിതം മെച്ചപ്പെട്ടെന്നും സ്വഭാവരൂപീകരണത്തിനു സഹായിച്ചെന്നും വിശ്വസിക്കുന്ന മക്കള്‍ ധാരാളമായുണ്ട് എന്ന സത്യം എങ്ങനെ ക്രൂരത പൊതു സൈക്കില്‍ വെളുപ്പിച്ചെടുക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ്. ഉടമസ്ഥാവകാശം എന്ന തെറ്റിദ്ധാരണ കല്‍പ്പിച്ചു നല്‍കിയ അധീശത്വം മാത്രമാണിത്. മക്കള്‍ അവഗണിയ്ക്കുന്നതായി വിലപിക്കുന്ന മാതാപിതാക്കള്‍ അവര്‍ ചെയ്ത ക്രൂരതകള്‍ മറന്നേ പോകുന്നു. കഠിനമായ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടേ ഈ മാനസികസ്ഥിതി മാറ്റിയെടുക്കാന്‍ സാധിയ്ക്കൂ. ഗുരുവായൂരില്‍ നടതള്ളപ്പെടുന്ന വൃദ്ധജനങ്ങളില്‍ ചിലര്‍, ഓണത്തിനു വീട്ടില്‍ എത്താത്ത മക്കളെക്കുറിച്ച് വിലപിക്കുന്നവരില്‍ ചിലര്‍, സ്വയം ആലോചിക്കേണ്ടതാണ് അവരുടെ പണ്ടുകാലത്തെ മക്കള്‍ സമീപനം.
ഓര്‍മ്മിക്കുക, സുവിധാസദനങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയാണ്
കേരളത്തിനു പുറത്തുള്ളവര്‍ സാമ്പത്തികസ്ഥിതിയനുസരിച്ച് വീട്ടില്‍ ഹോം നേഴ്‌സ് ഉണ്ടായിരിക്കുക എന്ന സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. പക്ഷേ അവര്‍ക്ക് പരിമിതിയുണ്ട്, പ്രത്യേകതരം ഭക്ഷണം കിട്ടണമെന്ന് വാശിപിടിയ്ക്കുന്ന ഹോം നേഴ്‌സിനെക്കൊണ്ട് വലഞ്ഞ് അവര്‍ക്ക് വേണ്ടിത്തന്നെ ഒരു വേലക്കാരിയെ നിയമിക്കേണ്ട ഗതികേടിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഡോക്റ്ററുടെ അടുത്ത് കൊണ്ടു പോകാനോ മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറക്കാനോ ഇനിയും വേറേ സഹായം വേണ്ടി വരികയും ചെയ്യും. ഭാരം കൂടിയ അച്ചനേയോ അമ്മയേയോ കുളിപ്പിക്കാന്‍ ഹോം നേഴ്‌സിനാവുന്നില്ല എന്ന പരാതിയും സാധാരണമാണ്. ഇങ്ങനെ വലഞ്ഞ പല മക്കളും വയോജനകേന്ദ്രതെതെ അഭയം പ്രാപിച്ച കഥകളുണ്ട്.
'വൃദ്ധസദനം' എന്ന പേര് ഇപ്പോള്‍ അധികം ഉപയോഗിക്കപ്പെടുന്നില്ല. Assisted Living 'സുവിധാസദനം; എന്നൊക്കെയുള്ള പേരുകള്‍ കൂടുതല്‍ അന്വര്‍ത്ഥമാണു താനും. സ്ഥിരമായ ഡോക്റ്റര്‍/നേഴ്‌സ് പരിചരണം, കൃത്യസമയത്ത് മരുന്ന് നല്‍കല്‍, ശരീരശുദ്ധി ഉറപ്പാക്കല്‍ അങ്ങനെ വീട്ടില്‍ എളുപ്പത്തില്‍ ചെയ്തുകിട്ടാന്‍ പ്രയാസമുള്ളതൊക്കെ ഇത്തരം സുവിധാസദനങ്ങളില്‍ ലഭ്യമാണെന്നുള്ളത് അന്യദേശത്തുള്ള മക്കള്‍ക്കും ആശ്വാസകരമാണ്. ഒരേ താല്‍പ്പര്യങ്ങളുള്ളവര്‍, ഒരേ അസുഖങ്ങള്‍ ഉള്ളവര്‍, അങ്ങനെ പല സാമ്യങ്ങളുള്ളവര്‍ കൂട്ട് കെട്ട് നിര്‍മ്മിച്ചെടുത്ത് പരസ്പരം ആശ്വാസമാകുന്നത് സാധാരണമാണ് ഇത്തരം കേന്ദ്രങ്ങളില്‍. രോഗപീഡകള്‍ നിരന്തരം മനസ്സിനേയും ശരീരത്തേയും ശല്യം ചെയ്യുന്നവര്‍ക്ക് ഇത്തരം ബന്ധങ്ങള്‍ ആശ്വാസദായകമാണ്. ഇപ്പോള്‍ ഇത്തരം 'സദന'ങ്ങള്‍ പലതും ഭാരിച്ച തുക വസൂലാക്കുന്നുണ്ട് എന്നത് അത്യം തന്നെ, അധികം പേര്‍ക്ക് എത്തിപ്പിടിയ്ക്കാവുന്ന സാമ്പത്തിക സീമകള്‍ക്കും അപ്പുറമാണ്. പക്ഷേ കൂടുതല്‍ സംരംഭങ്ങള്‍ വ്യാപകമാവുമ്പോള്‍ ഇതിനു മാറ്റം വരാവുന്നതാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തന മേഖല ഈ രംഗത്തേയ്ക്ക് വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. റെഗുലേറ്ററി നിയമങ്ങള്‍ നിലവില്‍ വരേണ്ടതാണ്, സര്‍ക്കാര്‍ നേതൃത്വത്തില്‍ 'സദന'ങ്ങള്‍ തുറക്കേണ്ടതാണ്. അമേരിക്കയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ പലേ സംരംഭങ്ങളുണ്ട്, വരിഷ്ഠപൗരര്‍ക്ക് അവരുടെ കയ്യിലൊതുങ്ങുന്ന തരത്തിലുള്ളതും അവരുടെ ജീവിതശൈലിയ്ക്കിണങ്ങുന്നതും അവരുടെ അസുഖങ്ങള്‍ക്ക് ഉചിതചികില്‍സ ലഭിയ്ക്കുന്നതുമായ ഇടങ്ങള്‍ തേടിപ്പിട്യ്ക്കാന്‍ നമ്മളെ സഹായിക്കുന്നതിനായി. 'മെഡി കെയര്‍' പോലെ പൊതുജനരോഗ്യത്തോട് ഇണക്കിച്ചേര്‍ത്ത ആയുര്‍സുവിധാവ്യവസ്ഥകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒക്കെ ഇക്കാര്യത്തില്‍ വരിഷ്ഠപൗരര്‍ക്ക് ഉപദേശവും സഹായങ്ങളുമായി തയാറായി നില്‍പ്പുണ്ട്. Senior citizens ന്റെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായുള്ള ആശുപത്രി സംവിധാനങ്ങള്‍ സൗജന്യമായി നല്‍കപ്പെടുന്നുണ്ട്. വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കേരളം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഉടനടി ഇത്തരം സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതുണ്ട്. വയോജനകേന്ദ്രത്തില്‍ മരിയ്ക്കുന്നത് അതിദാരുണമായ സംഭവം അല്ലെന്നും സ്വാഭാവിക ജീവിതപരിണാമത്തിന്റെ സുഖ സമാപ്തിയാണെന്ന് എളുപ്പമല്ലെങ്കിലും പൊതുബോധസംഹിതകള്‍ മാറ്റിയെഴുതപ്പെടേണ്ടതുണ്ട്
ഏറ്റവും വിചിത്രമായിട്ടുള്ളത് അന്യരാജ്യങ്ങളിലേക്ക് ഊറ്റത്തോടെ മക്കളെ പറഞ്ഞുവിട്ടവര്‍, അതിനുള്ള വഴികള്‍ മക്കള്‍ ചെറുപ്പമായിരിക്കുമ്പോള്‍ത്തന്നെ തേടി നടന്നവര്‍ തന്നെയാണ് ഇപ്പോള്‍ അക്കാര്യത്തില്‍ വിലപിക്കുന്നത് എന്നതാണ്. പുറം രാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്നവരുടെ രാജ്യമാണ് ഇന്‍ഡ്യ, അതില്‍ത്തന്നെ ഏറ്റവും മുന്‍പന്തിയിലാണു താനും.പ്രത്യേകിച്ചും കേരളം. ഇതിനുള്ള വാതാവരണം സൃഷ്ടിച്ചവര്‍- ഒരു പരിധി വരെ- ആണ് ഇപ്പോഴത്തെ വൃദ്ധതലമുറ എന്നതും ഓര്‍മ്മയില്‍ വരേണ്ടതാണ്. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രം തങ്ങള്‍ എത്തപ്പെട്ട അവസ്ഥയെക്കുറിച്ച് വിഭ്രാന്തപരമായ തിരിച്ചറിവുകള്‍ ഉണ്ടാകുക എന്നത് ഭാവിയെക്കുറിച്ച് ഒരു മുന്‍കൂര്‍ ധാരണകളും ആവിഷ്‌ക്കരിക്കാത്തവരുടെ പ്രശ്‌നമാണ്. മേല്‍ച്ചൊന്നപോലെ പിന്തിരിപ്പന്‍ വിചാരശീലങ്ങളും പാരമ്പര്യകുടുംബവ്യവസ്ഥാനുശീലങ്ങളും ഇതിന്റെ മൂലകാരണങ്ങള്‍ ആകുന്നുണ്ട്. ജീവിതസായഹ്നവേളയിലേക്ക് പണം നീക്കിയിരിപ്പ് അത്യാവശ്യമാണെന്ന ചിന്ത ആഴത്തില്‍ പതിയേണ്ടിയ്രിക്കുന്നു,
പാശ്ചാത്യരാജ്യങ്ങളില്‍ ഇതൊക്കെ ജീവിതരീതിയുടേയും കുടുംബവ്യവസ്ഥയുടേയും ഭാഗമായതുകൊണ്ട് സെലിബ്രിറ്റികള്‍ മരിയ്ക്കുമ്പോള്‍ 'മരണം വയോജനകേന്ദ്രത്തില്‍' എന്ന് വെണ്ടയ്കാ മുഴുപ്പില്‍ വാര്‍ത്തയാകുന്നില്ല. മലയാളി മനസ്സ് അത്യാവശ്യമായി സമരസപ്പെടേണ്ട ഒരു ചിന്താശീലമാണ് വാര്‍ദ്ധ്യക്യത്തില്‍ എവിടെ, എങ്ങിനെ ജീവിക്കണം എന്നുള്ള മുങ്കൂറ് ധാരണകള്‍. മക്കള്‍ സ്വതന്ത്രരായിക്കഴിഞ്ഞു,, വരിഷ്ഠപൗരര്‍ ( Senior citizens) ആണ് ഇനി സ്വാതന്ത്ര്യം നേടേണ്ടത്.