കൊറോണ ദുരന്തകാലത്ത് കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു രാഷ്ട്രീയ ദുരന്തമായി മാറുകയാണോ എന്ന് സംശയിക്കുകയാണ് എന്‍.ഇ സുധീര്‍ ലേഖനത്തില്‍.
മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച ലോകപ്രശസ്ത ടെലികോം വിദഗ്ധന്‍ സാം പിത്രോദ പറഞ്ഞത് ഞാന്‍ കേരളത്തിന്റെ ആരാധകനാണ് എന്നാണ്. 'ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്. പുതിയ ലോകത്തിന്റെ രൂപഘടന നിശ്ചയിക്കാനുള്ള ലബോറട്ടറിയായി കേരളത്തെ മാറ്റാം'. കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള പുതു ലോകം സൃഷ്ടിക്കുന്നതില്‍ കേരളത്തിനു മാതൃകയാവാന്‍ കഴിയുമെന്ന് സാം പിത്രോദ വിശ്വസിക്കുന്നു.
കോണ്‍ഗ്രസ്സിന്റെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റഗംവും പ്രശസ്ത എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍ കേരളം നേടിയ കൊറോണ പ്രതിരോധത്തെ തുടക്കം മുതലേ അകമഴിഞ്ഞ് പ്രശംസിക്കുകയാണ്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ പ്രശംസിച്ചു കൊണ്ട് ലോകത്തെ പ്രധാന മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന ലേഖനങ്ങളെ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുമായി ലണ്ടനിലെ ദ ഗാര്‍ഡിയന്‍ പ്രതിനിധി നടത്തിയ അഭിമുഖവും ഡോ.ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയും ഫേസ്ബുക്കില്‍ ഷേയര്‍ ചെയ്യുകയുമുണ്ടായി. ഇതൊക്കെ ഒരു വശത്ത്. ഇന്ത്യയിലെ കോണ്‍ഗ്രസ്സ് നേതൃത്വം കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളെ എങ്ങനെ കാണുന്നു എന്ന് ഇപ്പോഴും വ്യക്തമല്ല. അവര്‍ എന്തെങ്കിലും കുറവുകള്‍ ചൂണ്ടിക്കാട്ടിയതായും അറിയില്ല. ഏതായാലും വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ നാളിതുവരെ വിമര്‍ശിച്ചു കണ്ടിട്ടില്ല. സ്വന്തം മണ്ഡലത്തിലെ ഏതെങ്കിലും പ്രശ്‌നം അദ്ദേഹം ഉയര്‍ത്തിക്കാട്ടിയതായും അറിയില്ല. രണ്ടു പേരും, തരൂരും രാഹുല്‍ ഗാന്ധിയും, നമ്മുടെ അതിര്‍ത്തി ജില്ലകളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നുകൂടി പ്രത്യേകം ഓര്‍ക്കണം. എന്നാല്‍ അവരുടെ ജില്ലകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളുടെ കാര്യത്തില്‍ കേരളം എന്തെങ്കിലും പിഴവുകള്‍ വരുത്തി എന്ന് പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെയും ദേശീയ രാഷട്രീയത്തിലെയും ഈ രണ്ട് പ്രധാന നേതാക്കള്‍ ഇതുവരെ പറഞ്ഞതായി ഈ ലേഖകന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
സ്വയം ഒരു കുഴി കുഴിച്ച് അതിലേക്ക് എടുത്തു ചാടി ഞാനിതാ വീണേ എന്ന് വിലപിക്കുകയാണ് നമ്മുടെ പ്രതിപക്ഷം. പ്രത്യേകിച്ചും കോണ്‍ഗ്രസ്സ്. സുസംഘടിതമായ തയ്യാറെടുപ്പുകളോടെ അസാധാരണമായ ഒരു ദുരന്തത്തെ നേരിട്ട ഒരു ഭരണകൂടത്തെ എങ്ങനെ കുരിശിലേറ്റാം എന്ന ദുഷ്ചിന്തയുടെ ഫലമാണ് ഈ അസംബന്ധ നാടകത്തിലെ കോമാളികളാക്കി അവരെ മാറ്റിയത്.
അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം മറിച്ചൊരു നിലപാടെടുത്ത് പുലിവാലു പിടിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. മലയാള വാര്‍ത്താ മാധ്യമങ്ങള്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോലും കൊടുക്കുന്നുള്ളൂ. മറ്റുള്ളവരെല്ലാം ഇവരെ അഗണിച്ചു. കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ കാണുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പഴയ ചൊല്ലാണ് ഓര്‍മ്മ വരുന്നത്. അവര്‍ സ്വയം കുഴിച്ച കുഴിയിലാണ് വീണിരിക്കുന്നത്. കുഴിയുടെ ആഴമോ അതിലെ ചളിയുടെ അളവോ അവര്‍ മുന്‍കൂട്ടി കണ്ടില്ല. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ സ്വയം ഒരു കുഴി കുഴിച്ച് അതിലേക്ക് എടുത്തു ചാടി ഞാനിതാ വീണേ എന്ന് വിലപിക്കുകയാണ് നമ്മുടെ പ്രതിപക്ഷം. പ്രത്യേകിച്ചും കോണ്‍ഗ്രസ്സ്. സുസംഘടിതമായ തയ്യാറെടുപ്പുകളോടെ അസാധാരണമായ ഒരു ദുരന്തത്തെ നേരിട്ട ഒരു ഭരണകൂടത്തെ എങ്ങനെ കുരിശിലേറ്റാം എന്ന ദുഷ്ചിന്തയുടെ ഫലമാണ് ഈ അസംബന്ധ നാടകത്തിലെ കോമാളികളാക്കി അവരെ മാറ്റിയത്.
അപരിചിതവും, അസാധാരണവുമായ വലിയൊരു സാമൂഹ്യ ദൗത്യം ഏറ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും നിരവധി പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഒരു പാട് പിഴവുകള്‍ സംഭവിക്കാനിടയുണ്ട്. ചെറിയൊരു പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. ഈ സംഘടിത പ്രവര്‍ത്തനത്തിലെ ആരെങ്കിലും ഒരാള്‍ അബദ്ധത്തില്‍ വരുത്തുന്ന തെറ്റുകള്‍ പോലും വലിയ വിപത്തായി മാറാനിടയുണ്ട്. ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ ലോക വാര്‍ത്തകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. മഹാശക്തരെന്ന് പേരുകേട്ട പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നും ചെയ്യാനാവാതെ കുന്നുകൂടിക്കൊണ്ടിരിക്കുന്ന ശവങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കേരളത്തിന് മുന്നിലും വലിയൊരു പ്രതിസന്ധിയുടെ സാധ്യത ആദ്യം മുതലേ നിഴലിച്ചിരുന്നു. കൊറോണ വൈറസിന് സൃഷ്ടിക്കാവുന്ന ഒരു വന്‍ദുരന്തത്തിന്റെ എല്ലാ സാഹചര്യങ്ങള്‍ക്കും ഒത്ത ഇടമായിരുന്നു നമ്മുടെ കൊച്ചു കേരളം. പുറം ലോകവുമായുള്ള നിരന്തര ബന്ധം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്വദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികള്‍. ഇതൊക്കെ മുന്നില്‍ കണ്ട് ആദ്യ കേസ് മുതല്‍ വളരെ കരുതലോടെ പ്രവര്‍ത്തിച്ച ഒരു ആരോഗ്യ വകുപ്പ് നമുക്കുണ്ട്. അതിന്റെ ചുക്കാന്‍ പിടിച്ച വനിതയാണ് ഇന്ന് ലോകം ആഘോഷിക്കുന്ന നമ്മുടെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. രോഗികള്‍ കൂടി വന്നതോടെ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമായി. അതോടെ ആവശ്യമായ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രംഗത്തെത്തി.
ലോക്ക് ഡൗണ്‍ പോലുള്ള അസാധാരണ നിലപാടുകള്‍ കൈക്കൊണ്ടു. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങളെയും രോഗാവസ്ഥയെയും വിലയിരുത്തി ആവശ്യമായ വിവരങ്ങള്‍ സമൂഹത്തോട് അദ്ദേഹം പങ്കുവെച്ചു. ഓര്‍ക്കുക, അപ്പോഴൊക്കെ നമ്മുടെ പ്രതിപക്ഷ നേതാവ് എന്തൊക്കെയാണ് പ്രസ്താവിച്ചതെന്ന്. ഇപ്പോളതിന് തമാശയുടെ വില പോലുമില്ല. ഇത് പറയുമ്പോഴും ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ആരാധകനോ, അദ്ദേഹം ഉള്‍പ്പെട്ട പാര്‍ട്ടിയുടെ അനുയായിയോ അല്ല. എന്റെ മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും എനിക്ക് കടുത്ത വിയോജിപ്പുകളുണ്ട്. ഒരു പാട് വിമര്‍ശനങ്ങളുമുണ്ട്. ഡാറ്റയുടെ കാര്യത്തില്‍ വരുത്തിയ ശ്രദ്ധക്കുറവില്‍ എനിക്കും വിയോജിപ്പുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം വിയോജിപ്പുകളെ മാറ്റിവെക്കാന്‍ എന്റെ രാഷ്ടീയ ബോധം എന്നെ പ്രാപ്തനാക്കുന്നു. ഇന്നലെകളിലെ തെറ്റുകളെയും ഇപ്പോഴത്തെ ചെറിയ പിഴവുകളെയും കൊണ്ട് റദ്ദ് ചെയ്യാനോ, മറച്ചു പിടിക്കാനോ, അകന്നു നില്‍ക്കാനോ ഉള്ള ഒന്നല്ല ഇന്നവരേറ്റെടുത്ത് വിജയിപ്പിച്ച ദൗത്യം. ഓര്‍ക്കുക, കൊറോണ വൈറസ് കൊന്നൊടുക്കുമായിരുന്ന ഒരു പാട് മനുഷ്യരെ അവര്‍ രക്ഷിച്ചിട്ടുണ്ട്. മറ്റേതൊരു സംസ്ഥാനത്തേയും പോലെ അലംഭാവം കാണിച്ച് വിധിയുടെ വിളയാട്ടത്തിന് കേരളത്തിനെ അവര്‍ വിട്ടുകൊടുത്തില്ല. മലയാളിയെ എന്നല്ല, ഈ സംസ്ഥാന പരിധിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരുടെയും കരുതല്‍ ഈ ഭരണകൂടം ഏറ്റെടുത്തു. ഈ നിലപാട് മറ്റ് സംസ്ഥാനങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ നിങ്ങള്‍ ആഘോഷിക്കുന്ന വാളയാര്‍ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. ഒരു ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് എന്ന കാര്യം നിങ്ങള്‍ മറക്കുകയാണ്.
കോണ്‍ഗ്രസ്സിനോടുള്ള ഒരു ചോദ്യം ഇതാണ്.
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ അതാതിടങ്ങളില്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ്സ് എന്തു ചെയ്തു? പ്രധാനമന്ത്രിയോടും മറ്റ് മുഖ്യമന്ത്രിമാരോടും നിങ്ങളുടെ ദേശീയ നേതൃത്വത്തിന് ആവശ്യപ്പെടാമായിരുന്നില്ലേ? മറിച്ച് ലോകമെമ്പാടുമുള്ള മലയാളിയുടെയും ഉത്തരവാദിത്തം കേരളത്തിന്റെ തലയില്‍ കെട്ടിവെച്ച് അതിന്റെ പേരില്‍ നാടകം കളിക്കാനിറങ്ങിയതെന്തിന്? ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ വരവ് നല്‍കുന്ന പാഠം രണ്ടു ദിവസമായി നമ്മള്‍ കാണുന്നുണ്ടല്ലോ. പ്രതിപക്ഷത്തിന്റെ താളത്തിനൊത്ത് കരുതലില്ലാതെ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്തായിരുന്നേനെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. അല്പം മനുഷ്യത്യവും വകതിരിവുമുള്ള
ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് ഇതൊക്കെ.
നിങ്ങളെ നയിച്ചത് നിലനില്പിനെപ്പറ്റിയുള്ള ആശങ്കകളായിരുന്നു. പാര്‍ട്ടിയുടെ നിലനില്പിനെപ്പറ്റിയല്ല; മുകള്‍തട്ടില്‍ നായക വേഷം കെട്ടിയാടിയ ചില ബിംബങ്ങളുടെ നിലനില്പിനെപ്പറ്റി. അവരും അവരുടെ ഭക്ത ശിരോമണികളുമാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നിറം കെടുത്തിയിരിക്കുന്നത്. അന്തസ്സ് കളഞ്ഞു കുളിച്ചു കൊണ്ടിരിക്കുന്നത്. അസാധാരണമായ ഒരു ദുരന്തകാലത്ത് രാഷ്ടീയ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്ന വലിയ ചോദ്യം രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നിലുണ്ട്. ലോകം മുഴുവന്‍ ഈ ചോദ്യത്തെ നേരിടുകയാണ്. ഭരണത്തിന്റെ ഭാഗമായ പാര്‍ട്ടികള്‍ക്ക് ഭരണകൂട പ്രവര്‍ത്തനത്തിന്റെ നിഴലില്‍ കഴിയാം. ഭരണം മോശമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന്റെ നിഴലിലും. ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസ്സ് കാണിച്ചു തന്നത് ഇത്തരമൊരു സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നാണ്.
ലോകം ഏറ്റെടുക്കാന്‍ പോകുന്ന ഒരു പൊതുജനാരോഗ്യ മാതൃകയെ അപകീര്‍ത്തിപ്പെടുത്താനും അട്ടിമറിക്കാനും കൂട്ടുനില്‍ക്കുന്ന ഒരാള്‍ക്കൂട്ടമായി കേരളത്തിലെ പ്രതിപക്ഷം മാറുകയാണ്. പകര്‍ച്ചവ്യാധിയുടെ ദുരന്തകാലത്ത് രാഷ്ട്രീയ ദുരന്തമായി നിങ്ങള്‍ സ്വയം മാറരുത്
ക്രിയാത്മക രാഷ്ടീയ പ്രവര്‍ത്തനത്തിന് അധികാരം ആവശ്യമുണ്ടോ? ദേശിയ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വളര്‍ന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സാണ് ഇവിടെ പ്രതിക്കൂട്ടില്‍. ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനും അടച്ചിടല്‍ കാലത്തിന്റെ സൗകര്യമൊരുക്കുന്നതിലും നിങ്ങളെന്തു ചെയ്തു ? ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ ഏതു തരത്തില്‍ സഹായിച്ചു? കേരളത്തിന്റെ പരിതാപകരമായ സമ്പദ് വ്യവസ്ഥയെ ഏതു തരത്തിലാണ് നിങ്ങള്‍ സഹായിച്ചത് ? ഒരു ദേശീയ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ ഒരു സംസ്ഥാന ഘടകം എന്ന നിലയില്‍ എന്തു സാമ്പത്തിക സഹായമാണ് നിങ്ങള്‍ കേരളത്തിന്റെ ഖജനാവിലേക്ക് കൊടുത്തത് ? എന്ത് ക്രിയാത്മക നിര്‍ദ്ദേശമാണ് നിങ്ങള്‍ കേരള ഗവണ്‍മെന്റിന്റെ മുന്നില്‍ വെച്ചത്? കേരള മോഡല്‍ ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ സൃഷ്ടിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആ മോഡലിനെ മുന്നോട്ടു കൊണ്ടുപോവാന്‍ ഈ പുതിയ സാഹചര്യത്തില്‍ എന്താണ് വേണ്ടതെന്ന് നിങ്ങള്‍
ആലോചിക്കുന്നുണ്ടോ? ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ കേരളം എങ്ങനെ നേരിടും? ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആലോചിക്കേണ്ട വിഷയങ്ങളാണ് ഇതെല്ലാം. മറ്റുള്ളവര്‍ ചെയ്യുന്നു എന്നല്ല; അധികാരത്തിനു പുറത്തുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്ന ബൌദ്ധിക വ്യായാമങ്ങളെപ്പറ്റി സൂചിപ്പിച്ചു എന്നു മാത്രം.
നിസ്സാരമായ പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ച് സെല്‍ഫ് ഗോളടിച്ച് നശിക്കേണ്ട ഒന്നല്ല ഇന്ത്യയില്‍ ജനാധിപത്യത്തിന് വേരോട്ടം നടത്തിയ കോണ്‍ഗ്രസ്സ് പാര്‍ട്ടി.
ലോകം ഏറ്റെടുക്കാന്‍ പോകുന്ന ഒരു പൊതുജനാരോഗ്യ മാതൃകയെ അപകീര്‍ത്തിപ്പെടുത്താനും അട്ടിമറിക്കാനും കൂട്ടുനില്‍ക്കുന്ന ഒരാള്‍ക്കൂട്ടമായി കേരളത്തിലെ പ്രതിപക്ഷം മാറുകയാണ്. പകര്‍ച്ചവ്യാധിയുടെ ദുരന്തകാലത്ത് രാഷ്ട്രീയ ദുരന്തമായി നിങ്ങള്‍ സ്വയം മാറരുത്. കേരളത്തിന്റെ ജനാധിപത്യത്തിന് ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷം ആവശ്യമുണ്ട്. അതിന് കോണ്‍ഗ്രസ്സ് തയ്യാറാകണം. നിങ്ങളുടെ നിലനില്പ് കേരളത്തിലെ ഓരോ ജനാധിപത്യവാദിയും ആഗ്രഹിക്കുന്നുണ്ട്. കൊറോണ പുതിയ ലോകത്തെ സൃഷ്ടിക്കുകയാണ്. കൊറോണയൊടൊപ്പമുള്ള നമ്മുടെ ജീവിതത്തിന് പുതിയൊരു രാഷ്ട്രിയ പ്രവര്‍ത്തനം ആവശ്യമുണ്ട്. പൊതുപ്രവര്‍ത്തനത്തിന്റെ മുഖം നിങ്ങളിപ്പോള്‍ കാണിച്ചു കൊണ്ടിരുക്കുന്ന ഒന്നല്ല എന്നോര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്. എനിക്കൊരുപാട് സ്‌നേഹിതരും പരിചിതരുമുള്ള കൂട്ടായ്മയാണ് കേരളത്തിലെ പ്രതിപക്ഷം. ആ സ്‌നേഹം കൊണ്ടാണ് നിങ്ങളുടെ ശരിയല്ലാത്ത ഇടപെടലുകളെ ഓരോന്നായി ഇവിടെ അവതരിപ്പിക്കാതിരുന്നത്. ദൃശ്യമാധ്യമങ്ങളിലൂടെയല്ല കോണ്‍ഗ്രസ്സ് അതിന്റെ അസ്തിത്വം ഉറപ്പിക്കേണ്ടത്. അങ്ങനെയല്ല വോട്ട് ബാങ്കില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടത്. വേദനാജനകമായ ഒരു സാഹചര്യത്തെ ഇങ്ങനെ മുതലെടുക്കാന്‍ ഇനിയും ശ്രമിക്കരുത്. സാം പിത്രോദ പറഞ്ഞ കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് അവസാനിപ്പിക്കാം. നമുക്ക് പുതിയ ലോകത്തിന്റെ രൂപഘടന നിശ്ചയിക്കാനുള്ള ലബോറട്ടറിയായി കേരളത്തെ മാറ്റാം. അതില്‍ നിങ്ങളുടെ പങ്ക് ചെറുതല്ല. സാഹചര്യത്തെ ഉള്‍ക്കൊണ്ട് വകതിരിവോടെ ഇടപെട്ടാല്‍ മാത്രം. ശശി തരൂരും നിങ്ങളുടെ പാര്‍ട്ടിക്കാരനാണ് എന്നും ഓര്‍ക്കുക. കേരളത്തില്‍ ജീവിക്കുന്ന ഒരു ജനാധിപത്യവാദിയുടെ തോന്നലുകളാണ് ഇവയൊക്കെ.