മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടിയന്തിരമായി സത്യപ്രതിജ്ഞ ചെയ്യണം, ആരോഗ്യവിദഗ്ധനും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ.എസ്.എസ്.ലാല്‍ എഴുതിയത്
കേരളത്തിലെ കൊവിഡ് പ്രതിസന്ധി അനുനിമിഷം വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു മന്തിസഭയില്ലാത്തത് കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണം.
ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി രോഗവ്യാപനം നടക്കുകയാണ്. രോഗികളെ കിടത്താൻ ഐ.സി യൂണിറ്റ് പോയിട്ട് കിടക്കകൾ പോലും കിട്ടാതായിരിക്കുന്നു. പണം കടമെടുത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടാൻ ശ്രമിക്കുന്ന നിർധനർ ഒരുപാട് പേരുണ്ട്. പക്ഷേ സ്വകാര്യാശുപത്രികളും നിറഞ്ഞു കഴിഞ്ഞു. സർക്കാർ - സ്വകാര്യാശുപതികളിൽ കിടക്കകൾ ഒഴിവുണ്ടെന്ന സർക്കാർ കണക്കുകൾ കടലാസിൽ മാത്രമാണ്. പരിചയമുള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും വരുന്ന നിരവധി ഫോൺ കോളുകളിൽ നിന്നും മനസിലാക്കിയ കാര്യമാണിത്. വിവരങ്ങൾ എന്തെങ്കിലും കിട്ടാൻ 'ദിശ' പോലുള്ള സംവിധാനങ്ങളിൽ വിളിച്ചാൽ മറുപടിയില്ലാത്ത അവസ്ഥയാണ്. താങ്ങാവുന്നതിലും അധികം തിരക്കാണവിടെ. ദിശയിൽ നേരിട്ട് വിളിച്ചു നോക്കി. പതിനഞ്ച് മിനിട്ടാണ് കാത്തിരിപ്പ് സമയം എന്ന് റെക്കോഡ് ചെയ്ത സന്ദേശം പറയുന്നു. ഒടുവിൽ ഫോൺ കിട്ടിയപ്പോൾ തന്നെ അവർക്ക് നൽകാൻ അത്യാവശ്യം ചില വിവരങ്ങൾ മാത്രമേയുള്ളൂ.
സർക്കാർ ഏകോപിപ്പിക്കുന്ന വലിയ സംവിധാനങ്ങൾ ആവിഷ്കരിക്കണം. രാഷ്ട്രീയ വ്യത്യാസങ്ങളും സർക്കാർ - സ്വകാര്യ തർക്കങ്ങളും ഈയവസരത്തിൽ മറക്കാൻ എല്ലാവരും തയ്യാറാകണം.
രോഗവ്യാപനത്തിനിടയിൽ നെട്ടോട്ടമോടുന്ന സാധാരണക്കാരന് ഒരു ഡോക്ടറോട് സംസാരിക്കണമെന്നുണ്ടെങ്കിൽ ദിശ വഴി സാധിക്കില്ല. അതിനായി 'ഇ സഞ്ജീവനി’ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാണ് ഉപദേശം. അത്രയും സാങ്കേതിക ജ്ഞാനുള്ളയാൾക്ക് നേരിട്ട് ഒരു ഡോക്ടറെയെങ്കിലും പരിചയം കാണും. ഞാൻ പറയുന്നത് പാവപ്പെട്ട മനുഷ്യരുടെ കാര്യമാണ്. അവർ ഇരുട്ടിലാണ്. കൊവിഡ് വന്നവരും മറ്റ് രോഗങ്ങൾ വന്നവരും കെ.പി.സി.സി. കൺട്രോൾ റൂമിലും വിളിക്കുന്നുണ്ട്. ഞങ്ങൾ ഡോക്ടർമാരെ നേരിട്ടും വിളിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും സമ്പൂർണ്ണമോ ശാശ്വതമോ ആയ പരിഹാരങ്ങളല്ല. ടെലിമെഡിസിനെപ്പറ്റിയും ഇ പ്രിസ്ക്രിപ്‌ഷനെ പറ്റിയും ഒക്കെ മുഖ്യമന്തിയും നമ്മളും ചർച്ച ചെയ്യുമ്പോൾ സാധാരണക്കാരുടെ വീടുകളിൽ വലിയ ആധിയാണ്. സർക്കാർ ഏകോപിപ്പിക്കുന്ന വലിയ സംവിധാനങ്ങൾ ആവിഷ്കരിക്കണം. രാഷ്ട്രീയ വ്യത്യാസങ്ങളും സർക്കാർ - സ്വകാര്യ തർക്കങ്ങളും ഈയവസരത്തിൽ മറക്കാൻ എല്ലാവരും തയ്യാറാകണം.
ശ്വാസകോശത്തിൽ അടിയന്തിരമായി ശസ്ത്രകയ ആവശ്യമുള്ള ഒരു രോഗിയുടെ കാര്യത്തിനായി യൂത്ത് കോൺഗ്രസിന്റെ നേതാവ് മായാദാസ് രണ്ടു മണിക്കൂർ മുമ്പ് എന്നെ വിളിച്ചു. രോഗി ഇപ്പോൾ കിടക്കുന്ന ആശുപത്രിയെ ഞാൻ ബന്ധപ്പെട്ടു. ചികിത്സിക്കുന്ന ഡോക്ടർ എന്റെ സുഹൃത്താണ്. രോഗിക്ക് കോവിഡില്ല. ശ്വാസകോശത്തിന് അടിയന്തിര ശസ്ത്രകിയ വേണം. എന്നാൽ ഈ ശസ്ത്രക്രിയ ചെയ്യാനുളള സൗകരും അവിടെയില്ല. പുറത്തു നിന്ന് ഡോക്ടറെ വരുത്തി ശസ്ത്രക്രിയ ചെയ്താൽ ചികിത്സോപകരണങ്ങൾ ഉൾപ്പെടെ കുറഞ്ഞ് ഒന്നര ലക്ഷം രൂപ ചെലവാകും. ആശുപത്രി ലാഭമെടുക്കാതെ ചെയ്താലും. വലിയ സ്വകാര്യാശുപത്രിയിൽ പോയാൽ രൂപ രണ്ടര ലക്ഷമെങ്കിലും ചെലവാകും. രോഗിയാണെങ്കിൽ സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ. സർക്കാർ ആശുപത്രികളിൽ ഒപ്പറേഷൻ തീയറ്ററുകൾ അടിച്ചിരിക്കയാണ്. അപകടങ്ങളിൽപ്പെടുന്നവർക്ക് മാത്രമേ അടിയന്തിര ശസ്ത്രക്രിയ ചെയ്യാൻ അനുവാദമുള്ളൂ. രോഗിക്ക് പ്രായം അറുപത് കഴിഞ്ഞിട്ടേയുള്ളൂ. ഇപ്പോൾ ഐ.സി യൂണിറ്റിലാണ്. ശസ്ത്രക്രിയ ചെയ്താൽ ഇനിയും വർഷങ്ങൾ ജീവിച്ചിരിക്കും. നാട്ടിലെ യാഥാർത്ഥ്യത്തിന്റെ ഒരംശമാണിത്.
സി.പി.എമ്മും ഇടതുമുന്നണിയും ഉറക്കം നടിക്കരുത്. നമുക്ക് മുൻ പരിചയമില്ലാത്ത ഈ ദുരന്ത സാഹചര്യത്തെ നേരിടാൻ അടിയന്തിരമായി പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യണം.
കേരളത്തിലെ ആരോഗ്യ വകുപ്പാണ് നാടിന്റെ ആരോഗ്യ അതോറിറ്റി. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമാണ് മുഖ്യമായും ചികിത്സകൾ ചെയ്യുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറക്ടർമാരെ മുൻ നിരയിൽ ഉൾപ്പെടുത്താതെയാണ് തുടക്കം മുതൽ സർക്കാർ കൊവിഡ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ആദ്യം എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് ആരോഗ്യ മന്ത്രിയായിരുന്നു. പിന്നീടത് മുഖ്യമന്തിയായി. ഇവർക്കിടയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് ആരോഗ്യവകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ദിവസങ്ങൾക്ക് മുമ്പ് സ്വയം വിരമിച്ചു. പുതിയ ഡയറക്ടർക്ക് താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി തനിക്ക് തുടർച്ചയുണ്ടോ എന്നറിയാത്തതിനാൽ നിസംഗനാണെന്ന് അറിയുന്നു.
എഴുപത് ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യാശുപത്രികളെയാണെന്ന യാഥാർത്ഥ്യം കേരളത്തിലുണ്ട്. ഭൂരിഭാഗം രോഗികളെ കൈകാര്യം ചെയ്യുന്ന സ്വകാര്യാശുപത്രികളുടെ ചില വിവരങ്ങൾ സർക്കാരിനുണ്ടെങ്കിലും സർക്കാരും സ്വകാര്യ മേഖലയും ഇപ്പോഴും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല. ചികിത്സാ ചെലവുകളെപ്പറ്റി വരുന്ന പരാതികളും അടിയന്തിരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഐ.എം.എ പോലുള്ള സംഘടനകൾ സ്വമേധയാ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. സർക്കാർ നയങ്ങളെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക സമിതിയിൽ പോലും ഉൾപ്പെടുത്താതെ തുടക്കം മുതലേ സർക്കാർ ഐ.എം.എ യെ പുറത്തുനിർത്തിയിരിക്കുന്നു.
കൊവിഡ് – കൊവിഡിതര രോഗങ്ങളിൽപ്പെട്ട് മനുഷ്യർ നെട്ടോട്ടമോടുമ്പോൾ, ചികിത്സാ സൗകര്യങ്ങൾക്കും ഓക്സിജനുമൊക്കെ വലിയ ദൗർലഭ്യം നമ്മുടെ മുന്നിൽ വന്നു നിൽക്കുമ്പോൾ, സി.പി.എമ്മും ഇടതുമുന്നണിയും ഉറക്കം നടിക്കരുത്. നമുക്ക് മുൻ പരിചയമില്ലാത്ത ഈ ദുരന്ത സാഹചര്യത്തെ നേരിടാൻ അടിയന്തിരമായി പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യണം. നിസാര രാഷ്ട്രീയ ലാഭങ്ങൾക്കായി സമയം കളയരുത്. മുഖ്യമന്ത്രിയും കുറഞ്ഞത് ആരോഗ്യ മന്ത്രിയും ഉള്ള മന്ത്രിസഭയെങ്കിലും ഉടൻ അധികാരമേൽക്കണം. പൊതുജനാരോഗ്യ രംഗത്ത് പ്രസക്തമായ പ്രസ്ഥാനങ്ങളെയെല്ലാം അടിയന്തിരമായി പുതിയ സർക്കാർ ഏകോപിപ്പിക്കണം.