അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  

അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  

Published on

കേരളത്തിന്റെ ഭൂപ്രകൃതിയും ആഗോളതലത്തിലുണ്ടാകുന്ന രൂക്ഷകാലാവസ്ഥയും വ്യതിയാനങ്ങളും നിരീക്ഷിക്കുമ്പോള്‍ ഇനിയും ദുരന്തങ്ങളുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ എംജി മനോജ്. കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി ചൂഷണവും സ്ഥിതി ഗുരുതരമാക്കുകയാണെന്നും നമുക്ക് സാധിക്കുന്ന തരത്തിലെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ പ്രളയത്തിന്റെ കെടുതിയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരാകുന്നതിന് മുന്നെ അടുത്ത ദുരിതത്തിലേക്കാണ് നമ്മള്‍ എടുത്തെറിയപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ പ്രളയമാണ് വലിയ ദുരന്തം വിതച്ചതെങ്കില്‍ ഇത്തവണ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ്. സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും പരിശോധിച്ചാല്‍ അടുത്ത തവണ വരള്‍ച്ചയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തിലോ ദുരന്തം ആവര്‍ത്തിച്ചേക്കാം എന്ന് പറയേണ്ടി വരും. ഏത് തരത്തിലായിരിക്കും എന്ന് നമുക്ക് കൃത്യമായി പറയാന്‍ കഴിയില്ല.

ദുരന്തങ്ങള്‍ രണ്ട് തരത്തിലുണ്ട്. പ്രകൃത്യാലുള്ളതും മനുഷ്യന്‍ സൃഷ്ടിക്കുന്നതും. പ്രകൃത്യാലുള്ള പ്രതിഭാസങ്ങളെ തടയാന്‍ നമ്മുടെ കൈയില്‍ മാര്‍ഗങ്ങളില്ല. പക്ഷെ അതിന്റെ ആഘാതം കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്നൊരുക്കം നടത്തുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധം. മുന്നറിയിപ്പ് സംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തണം.

കേരളത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ മാപ്പ് ചെയ്തിട്ടുണ്ട്. നാലിലൊന്ന് പ്രദേശങ്ങളിലും ലാന്‍ഡ് സ്ലൈഡ് സാധ്യതകളുണ്ട്. ഇവിടെ നിന്ന് മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കല്‍ പ്രായോഗികമല്ല. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഭൂമിയെല്ലാം സാധ്യതയുള്ള ഇടങ്ങളാണ്. എല്ലായിടത്തും മണ്ണിടിച്ചില്‍ ഉണ്ടാകും എന്നല്ല അതിന്റെ അര്‍ത്ഥം. ചരിവ് മാത്രമല്ല മണ്ണിടിച്ചിലിന്റെ ഘടകം. മഴയുടെ തീവ്രത, മണ്ണിന്റെ ഘടന, പ്രദേശത്തുള്ള ആഴത്തില്‍ വേരോട്ടമുള്ള മരങ്ങളാണോ അല്ലയോ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ അതിലുണ്ട്. പാറയുടെ മുകളിലുള്ള മണ്ണാണെങ്കില്‍ ഊര്‍ന്നുപോകാനുള്ള സാധ്യത കൂടുതലാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വര്‍ഷം ശരാശരി 70ല്‍ അധികം ആളുകള്‍ ഇടിമിന്നലേറ്റ് മരിക്കുന്നുണ്ട്.
അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  
‘ഹിറ്റാച്ചികൊണ്ട് മലകുഴിച്ചു’; കവളപ്പാറയിലെ ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ

ഭൂകമ്പത്തിന്റെ സാധ്യത പരിശോധിച്ചാല്‍ സോണ്‍ ത്രീയില്‍ ആണ് നമ്മള്‍ വരിക. ചെറിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് അതിനര്‍ത്ഥം. ഇടുക്കിയിലേയും മറ്റ് ഹൈറേഞ്ച് മേഖലയിലേയും ചില പ്രദേശങ്ങള്‍ ഈ കാറ്റഗറിയില്‍ വരുന്നുണ്ട്. ചുഴലിക്കാറ്റ്, പെട്ടെന്നുള്ള പ്രളയം, മേഘവിസ്‌ഫോടനം (മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ), കാട്ടുതീ ഇവയൊക്കെ നേരിടുന്ന സംസ്ഥാനമാണ് നമ്മുടേത്.

ബഹുമുഖദുരന്തസാധ്യതമേഖലകളായി കേരളത്തെ രേഖപ്പെടുത്തി തരംതിരിച്ചു കഴിഞ്ഞാല്‍ വാസയോഗ്യമായ സ്ഥലങ്ങള്‍ കുറവായിരിക്കും.

മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെ കാര്യത്തിലായാലും എന്ത് മുന്നൊരുക്കത്തിന്റെ പേരിലായാലും സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും പ്രധാനമാണ്. മുന്നറിയിപ്പുകള്‍ക്ക് ആളുകള്‍ വിലകല്‍പിക്കാത്ത സാഹചര്യങ്ങളുണ്ട്. 'ഇതൊന്നും എന്നെ ബാധിക്കില്ല' എന്ന ചിന്തിക്കുന്നവരുണ്ട്. എല്ലാം മുന്നറിയിപ്പുകളും നൂറ് ശതമാനം കൃത്യമാക്കാന്‍ മനുഷ്യന് കഴിഞ്ഞേക്കില്ല. അനുഭവിച്ചതിന് ശേഷമേ പഠിക്കൂ എന്ന രീതി ഇനിയെങ്കിലും മാറ്റണം. ദുരന്തങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് ഭാഗ്യമാണെന്ന് കരുതുകയും വീണ്ടും മുന്നറിയിപ്പുകള്‍ അനുസരിക്കുകയുമാണ് വേണ്ടത്.

ദുരന്തത്തിന് ശേഷമാണെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകേണ്ടത്. തീരപ്രദേശത്തോ, ഇടനാടുകളിലോ ചെയ്യുന്നതുപോലെ അധികം മണ്ണിളക്കി കൃഷി ചെയ്യുന്നത് മലനാട് പ്രദേശങ്ങളില്‍ ദോഷകരമാകും. മരങ്ങള്‍ മുഴുവന്‍ വെട്ടി നശിപ്പിച്ചുകൊണ്ടുള്ള കൃഷി, ഭൂമിയില്‍ വലിയ പ്രകമ്പനമുണ്ടാക്കുന്ന പാറമടകള്‍ ഇവയെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കും. കരിങ്കല്‍ ഖനനം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണം.

ഓരോ ദുരന്തങ്ങള്‍ക്ക് ശേഷവും നമ്മള്‍ പണം കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ പ്രളയമെടുത്താല്‍ 36,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. അതിന്റെ പകുതി പോലും നമുക്ക് ഇതുവരെ പിരിഞ്ഞ് കിട്ടിയില്ല. ദുരന്തങ്ങള്‍ക്ക് ശേഷം തീരദേശത്തുള്ളവരെയും ഹൈറേഞ്ചിലുള്ളവരേയും മാറ്റിപ്പാര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടുകളിലുണ്ടാവും. പക്ഷെ നമ്മുടെ സാമ്പത്തികസ്ഥിതിയേക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ പ്രായോഗികത.

അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  
ഉരുള്‍ പൊട്ടിയ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം

കേരളത്തിന്റെ ജനസാന്ദ്രത തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. ഏതൊരു കുടുംബത്തിനും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ വേണ്ടി വരും. അതിന് അനുസരിച്ച് പ്രകൃതിയെ ആശ്രയിക്കുകയും ഇളക്കുകയും വേണ്ടിവരും. പരിസ്ഥിതിയെ ദ്രോഹിക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായി. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്ത ഇടങ്ങളിലും ഉരുള്‍പൊട്ടലുണ്ടാകുന്നുണ്ട്. ന്യൂനമര്‍ദ്ദനങ്ങളും അതിതീവ്രമഴകളും ഉണ്ടാകുന്നത് ആഗോളതാപനം വരുത്തിവെയ്ക്കുന്ന കാലാവസ്ഥാവ്യതിയാനം മൂലമാണ്. ദുരന്തം നടക്കുന്ന പ്രദേശത്തെ ആളുകളെ കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല. ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാം എന്ന് മാത്രമേ പറയാന്‍ പറ്റൂ. ശാശ്വതമായ ഒരു പരിഹാരം ഉണ്ടെന്ന് തോന്നുന്നില്ല. ആഗോളതലത്തില്‍ കാര്‍ബണ്‍ തള്ളുന്ന രാജ്യങ്ങളെ എടുത്താല്‍ പുറംരാജ്യങ്ങളാണ് പ്രധാന കുറ്റവാളികള്‍. അത് മൂലമുള്ള ചൂട് കൊണ്ടാണ് സമുദ്രങ്ങളില്‍ പൊടുന്നനെ മാറ്റങ്ങള്‍ ഉണ്ടാകുന്നതും ന്യൂനമര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നതും. ദുരന്തങ്ങള്‍ക്ക് ആഗോള അടിസ്ഥാനത്തിലും പ്രാദേശിക അടിസ്ഥാനത്തിലും കാരണങ്ങളുണ്ട്. പരിഹാരങ്ങളുമുണ്ട്. ഈ വിഷയത്തില്‍ ലോകം ഒരു കാഴ്ച്ചപ്പാടിലേക്ക് വന്നാല്‍ മാത്രമേ ഒരു ഭാഗം ശരിയാകുകയുള്ളൂ. വിപണിയില്‍ ലോകം ഒന്ന് എന്ന ധാരണ വന്നു. പക്ഷെ പാരിസ്ഥിതികമായി ഇനിയും ആ ചിന്തയുണ്ടായിട്ടില്ല. ഉടമ്പടികളില്‍ നിന്ന് ഒപ്പുവെച്ചശേഷം പല രാജ്യങ്ങളും പിന്മാറുകയാണ്.

എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള കൃഷിരീതിയും മറ്റും അഭികാമ്യമല്ല. അവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തുകയും വേണം. ജനങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടണം. നിയമങ്ങള്‍ പുസ്തകങ്ങളില്‍ മാത്രമായിട്ട് എന്ത് പ്രയോജനം? സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഏറ്റവും ആദ്യത്തേയും അവസാനത്തേയും പ്രതിവിധി.

അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  
മൂന്ന് ദിവസങ്ങളില്‍ പെയ്തത് പത്തിരട്ടി അധികം മഴ ; 22 ഇടങ്ങളില്‍ 100 മില്ലി മീറ്ററിലധികം
logo
The Cue
www.thecue.in