ഒരു വ്യക്തിപരമായ ചോദ്യത്തിന് ഉത്തരം പറയണോ വേണ്ടയോ എന്നത് നടന്‍ വിനായകന്റെയെന്നല്ല ഏതൊരു വ്യക്തിയുടേയും സ്വാതന്ത്ര്യമാണ്. താന്‍ കുറ്റാരോപിതനായ ഒരു വിഷയം സംബന്ധിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുമ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പൂര്‍ണ്ണമായും അയാള്‍ക്ക് അവകാശമുണ്ട്.
Right to remain silent എന്നത് ഭരണഘടനയുടെ 20(3) അനുഛേദ പ്രകാരം വിചാരണവേളയില്‍ പോലും കുറ്റാരോപിതന് നല്‍കുന്ന അവകാശമാണ്. എന്നാല്‍ പൊതുയിടത്തില്‍ വന്ന് വീണ്ടും വീണ്ടും നുണ പറയുക എന്നത്, ലൈംഗിക അതിക്രമം സംബന്ധിച്ച് ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന അഭിനയം കാഴ്ച്ച വെയ്ക്കുന്നത് , സ്ത്രീ വിരുദ്ധമായ് സംസാരിക്കുന്നത് നല്ല ഒന്നാന്തരം വൃത്തികേടാണെന്നത് പറയാതെ വയ്യ.
തനിക്ക് വിനായകനില്‍ നിന്നും Verbal abuse നേരിടേണ്ടി വന്നുവെന്ന് ഒരു ദലിത് സ്ത്രീ പൊതുയിടത്തില്‍ പറഞ്ഞപ്പോള്‍ വിനായകന്‍ ഒന്നാന്തരം നുണ പറഞ്ഞാണ് അതിനെ പ്രതിരോധിച്ചത്. മാസ്സ് ഡയലോഗെന്ന പോലെ വിനായകന്റെ ഡയലോഗിന് കൈയ്യടികള്‍ ലഭിക്കുകയും പറഞ്ഞത് വിനായകനാണെന്ന ഒറ്റ കാരണത്താല്‍ അമിതമായ പിന്തുണ ലഭിക്കുകയും ചെയ്തു.
ഒരുപക്ഷേ കേരളത്തിലെ മീറ്റു കേസുകളുടെ ചരിത്രത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട ഒരു സ്ത്രീ വിനായകനാല്‍ വെര്‍ബല്‍ അബ്യൂസ് നേരിടേണ്ടി വന്ന എന്റെ പ്രിയപ്പെട്ട സഹോദരിയാവും. ഇത് രണ്ട് വ്യക്തികളല്ല രണ്ട് സിസ്റ്റങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും വരാന്‍ താല്‍പര്യമില്ലാഞ്ഞിട്ടും തുടര്‍ച്ചയായ് വിളിച്ച് നിര്‍ബന്ധിച്ചതുമാണെന്നുമുള്ള നുണകള്‍ വിനായകന്‍ അഭിനയിച്ച് തകര്‍ത്തപ്പോള്‍, അവയോരോന്നും എടുത്ത് വിനായകന്‍ ഭക്തര്‍ ഞങ്ങള്‍ക്കെതിരെ എറിയുകയായിരുന്നു.
തള്ളി പറയലുകളുടേയും ഏറുകൊള്ളലിന്റെയുമെല്ലാം തന്നെ വേദനയിലാണ്
കേസുമായ് മുന്നോട്ടു പോയത്. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ച് കല്‍പ്പറ്റ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു. വിനായകന്‍ ഇങ്ങോട്ടേയ്ക്ക് തുടര്‍ച്ചയായ് വിളിച്ച് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കേരള പോലീസ് വിശദമായ് അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നു. കേസിന്റെ വിചാരണ ജൂണില്‍ തുടങ്ങുന്നു.
ഈ സാഹചര്യത്തില്‍ വിനായകനോട് വീണ്ടും മീറ്റു സംബന്ധമായ ചോദ്യം ഒരു പ്രസ്സ് മീറ്റിനിടെ ഉന്നയിക്കപ്പെടുമ്പോള്‍ അയാള്‍ വീണ്ടും വളരെ അവജ്ഞതയോടെ അതിനെ തള്ളികളയുക മാത്രമല്ല താന്‍ ലൈംഗിക താല്‍പര്യം സ്ത്രീകളോട് തുറന്ന് ചോദിക്കാറുണ്ടെന്ന് പറഞ്ഞ് വിനായകന്‍ താന്‍ നടത്തിയ വാചികമായ് ലൈംഗിക അതിക്രമത്തെ ലഘൂകരിക്കുക കൂടിയാണ്.
അവിടെ കൂടിയ പത്രപ്രവര്‍ത്തകരോട് എന്താണ് മീറ്റു എന്ന തുടര്‍ച്ചയായ ചോദ്യത്തിലൂടെ, ജോലി സ്ഥലത്തെ ആരെങ്കിലുമാണോ ഉന്നയിച്ചത് എന്നതടക്കമുള്ള മറു ചോദ്യങ്ങളിലൂടെ വീണ്ടും അയാള്‍ അതിക്രമത്തെ മറച്ചു പിടിയ്ക്കുകയാണ് ചെയ്യുന്നത്. വളരെ സ്വാഭാവികമായ ഒന്നായ്, ലൈംഗിക അതിക്രമത്തെ ചിത്രീകരിക്കുകയും അതിക്രമം നേരിട്ട സ്ത്രീ പറയുന്നത് നുണയാണെന്നതുമാണ് വിനായകന്‍ വീണ്ടും പറഞ്ഞു വെയ്ക്കുന്നത്.
ഇത് ഒന്നാന്തരം വൃത്തികേടാണ്. ഒന്നുമില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുക്കാനും, പിന്നീട് കോടതി മുന്‍പാകെ ഹാജറായ് ജാമ്യമെടുക്കാനും പോയ അതേ വിനായകനാണ് ഏത് മീറ്റുവെന്നൊക്കെ നിഷ്‌കളങ്ക ഡയലോഗ് അടിക്കുന്നത്. അയാളുടെ താര പ്രിവിലേജില്‍ നിന്ന് എന്തോന്ന് മീറ്റു, ഒക്കെ നുണയാണ് എന്നാവര്‍ത്തിച്ച് ആവര്‍ത്തിച്ച് വിനായകന് പറയാം.
അയാളുടെ ഈ ആവര്‍ത്തനത്തില്‍ വിനായകന്‍ ഫാന്‍സിന് ആറാടാം, അയാള്‍ അതിക്രമം കാണിച്ച സ്ത്രീയെ വീണ്ടും അതുവഴി അപമാനിയ്ക്കാം. എന്നിട്ട് ഇന്റര്‍വ്യൂകളിലെ പച്ച മനുഷ്യത്വം എന്ന ലേബലില്‍ സെലിബ്രേറ്റ് ചെയ്യപ്പെടാം.
ബ്ലാക്ക് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് നേരെ ആക്രോശിച്ച ബ്ലാക്ക് പുരുഷന്‍മാരും ഇതര സ്ത്രീ പുരുഷന്‍മാരും ഒരുപോലെ ഉന്നയിച്ച ആരോപണമാണ് ബ്ലാക്ക് സ്ത്രീകളുടേയും ക്വിവര്‍ മനുഷ്യരുടേയും തുറന്നു പറച്ചിലുകളും ബ്ലാക്ക് പുരുഷന്‍മാര്‍ക്കെതിരെയുള്ള പ്രതിരോധങ്ങളും സമുദായ സന്തുലനാവസ്ഥ നശിപ്പിക്കുമെന്നത്. തങ്ങളുടെ അടിമത്തതിന്റെയും അസ്വാതന്ത്ര്യത്തിന്റെയും ചങ്ങലകള്‍ പുരുഷാധിപത്യത്തിന്റെയും വംശീയതയുടേയും ഇഴചേര്‍ന്ന് കിടക്കുന്നതാണെന്ന് പറഞ്ഞ് പ്രതിരോധിച്ച കറുത്ത ആയിര കണക്കിന് പെണ്ണുങ്ങളുടെ ആര്‍ജ്ജവത്താലാണ് ഫെമിനിസവും ജനാധിപത്യവുമൊക്കെ അല്‍പമെങ്കിലും തെളിമയുള്ള ഇടങ്ങളില്‍ എത്തിച്ചേര്‍ന്നത്.
തെറ്റിനെ ശരിയാക്കി കൈയ്യടിക്കലല്ല പാര്‍ശ്വവല്‍കൃത രാഷ്ട്രീയവും രാഷ്ട്രീയ ഐക്യപെടലും. അത്തരം ഐക്യ നാട്യങ്ങള്‍ ആ വ്യക്തിയ്ക്ക് സ്വയം തിരുത്താനുള്ള അവസരങ്ങളെ റദ്ദ് ചെയ്യുന്ന, പാര്‍ശ്വവല്‍കൃത രാഷ്ട്രീയത്തിന് ദോഷം മാത്രം നല്‍കുന്നവയാണ്. വീരാരാധന കൂട്ടര്‍ നശിപ്പിക്കുന്നത് പ്രാഥമികമായ ധാര്‍മ്മികതയെ മാത്രമല്ല ആ നടനെ കൂടിയാണ്...