കൊച്ചു കൊച്ചു വേഷങ്ങളുടെ ഒരസാധാരണ സാധാരണക്കാരി

കൊച്ചു കൊച്ചു വേഷങ്ങളുടെ ഒരസാധാരണ സാധാരണക്കാരി
Published on

നാടകത്തില്‍ അഭിനയിക്കാന്‍ വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന കാലത്ത് 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ' വന്ന ആദ്യ കാല കോഴിക്കോടന്‍ നായികയാണ് ശാരദേടത്തി. നിലമ്പൂര്‍ ആയിഷാത്തയൊക്കെ പ്രകമ്പനം കൊള്ളിച്ച അരങ്ങിനെ ഉണര്‍ത്തുന്നതില്‍ അവരും വലിയ പങ്കുവഹിച്ചു. എന്നാല്‍ നാടകത്തിലെ ജീവിതം എങ്ങും അടയാളപ്പെടുത്തപ്പെടാതെ പോകുന്നത് കൊണ്ട് അവിടെ ചിലവിട്ട കാലം ആരുമറിയാതെ അദൃശ്യമായി.

കോഴിക്കോടിന്റെ പൊതുവേദികളില്‍ അര്‍ഹിക്കുന്ന ഒരിടം തനിക്ക് കിട്ടിയിട്ടില്ലന്ന പരാതി അവര്‍ക്കുണ്ടായിരുന്നു. വിളിക്കാന്‍ വിട്ടു പോയ നാടകോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും തന്നെയാണ് ഈ പരാതിയുടെ അടിസ്ഥാനം. ഒരിക്കലവരെ ഓര്‍ത്തു വച്ച് സംഘാടകരെ കൊണ്ടു വിളിപ്പിച്ചതിന് നിറകണ്ണുകളോടെ വന്ന് എന്നെ ഉമ്മവെച്ചത് മറക്കാനാവില്ല.

സിനിമയും നാടകവുമൊക്കെയായി വീട്ടില്‍ വന്നു കണ്ടിട്ടുണ്ട് ശാരദേടത്തിയെയും ഉമ്മര്‍ക്കയെയും. എന്റെ കുട്ടിക്കാലം തൊട്ട് അറിയാമവരെ.അവരുടെ മതമില്ലാത്ത ദാമ്പത്യം വീട്ടിലെ ചര്‍ച്ചയായിരുന്നു. ഒരു ഹിന്ദു മുസ്ലീം ദാമ്പത്യം നാട്ടിലും നാട്ടുകാര്‍ക്കും ' ലൗ ജിഹാദ് ' ഉയര്‍ത്താനാവാതെ ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ഏതോ കാലത്ത് അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരാള്‍ക്കും ആ ധീരതയെ തകര്‍ക്കാനായിട്ടില്ല. ഉമ്മര്‍-ശാരദ ചേര്‍ത്ത് ഉമദ എന്ന മതാതീത നാമമുളള ഒരു മകള്‍ കോഴിക്കോട് ആട്സ് കോളേജില്‍ എന്റെ സഹപാഠിയുമായിരുന്നു.

നിരവധി സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ്മര്‍ക്കയുടെത് അതി മനോഹരമായ കൈപ്പടയായിരുന്നു. ടൈപ്പ് റൈറിങ്ങിനും ഫോട്ടോസ്റ്റാറ്റും ഡി.ടി.പി.ക്കും ഒക്കെ മുമ്പ് തിരക്കഥകള്‍ പകര്‍പ്പെടുക്കാന്‍ നല്ല കൈപ്പടയുള്ളവരെയാണ് ആശ്രയിച്ചിരുന്നത്. അച്ഛനും ശശിയേട്ടനും ഒന്നിച്ച് ചെയ്ത പല കോഴിക്കോടന്‍ സിനിമകളുടെയും ഷൂട്ടിങ്ങ് സ്‌ക്രിപ്റ്റിന്റെ പകര്‍പ്പെടുക്കാന്‍ ഉമ്മര്‍ക്ക വീട്ടില്‍ വരുമായിരുന്നു.

കൊച്ചു കൊച്ചു വേഷങ്ങള്‍ക്കപ്പറത്തേക്ക് ഒരിടം കിട്ടാന്‍ ശാരദേടത്തിക്ക് ആയില്ല എന്നത് ഖേദകരമാണ്. കോഴിക്കോട്ട് കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്‌കരന്‍, വിലാസിനി, ശാന്താദേവി, സാവിത്രി,സരസ ബാലുശ്ശേരി, കുഞ്ഞാവ, നാരായണന്‍നായര്‍, മാമുക്കോയ തുടങ്ങി അനുഗ്രഹീത നടീനടന്മാരുടെ പട്ടികയില്‍ തന്നെയാണ് ശാരദേടത്തിയുടെയും സ്ഥാനം. അവര്‍ക്ക് കിട്ടിയ അത്ര ഇടം അരങ്ങില്‍ കിട്ടിയിട്ടുണ്ടെങ്കിലും വെളളിത്തിരയില്‍ ശാരദേടത്തിക്ക് കിട്ടിയിട്ടില്ല. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ നിമിഷ നേരത്തേക്കാണെകിലും അവര്‍ തിളങ്ങിയിട്ടുണ്ട്. സല്ലാപത്തിലെ അമ്മ ഒരുദാഹരണം മാത്രം.

മലയാള സിനിമ എന്ന വനത്തില്‍ വടവൃക്ഷങള്‍ മാത്രമല്ല ഉള്ളത്. വന്‍ മരങ്ങളായി വളരാത്ത മറ്റനേകം സസ്യജാലങ്ങളുമുണ്ട്.ശാരദേടത്തിയും അത്തരമൊരു സസ്യജാലമായിരുന്നു. ഒരപൂര്‍വ്വജനുസ്സ്. അരങ്ങിനെയും വെളളിത്തിരയെയും തനിമ കൊണ്ട് കൊതിപ്പിച്ച കൊച്ചു കൊച്ചു വേഷങ്ങളുടെ ഒരസാധാരണ സാധാരണക്കാരി .

Related Stories

No stories found.
logo
The Cue
www.thecue.in