‘ജിയോളജിസ്റ്റുമാര്‍ ഇങ്ങനെയെങ്കില്‍ ഇവിടെയാകെ സൂപ്പര്‍ ക്വാറികളാകും, കര്‍ഷകര്‍ കളരിക്ക് പുറത്താകും’
നമ്മുടെ നാട്ടില്‍ ഏതു വിഷയത്തെ സംബന്ധിച്ചും വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായങ്ങള്‍ പറയാന്‍ വിദഗ്ധരെ കിട്ടും. അങ്ങനെ അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്ന രീതിയില്‍ ഏതു ശാസ്ത്രസത്യത്തെയും നമുക്ക് ട്രിവിയലൈസ് ചെയ്തു നിര്‍വീര്യമാക്കാന്‍ കഴിയും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി ജലചൂഷണം നടത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചപ്പോള്‍ അവര്‍ക്ക് സഹായവുമായി ഒരു ജലഗവേഷണസ്ഥാപനത്തിന്റെ തലവന്‍ തന്നെ എത്തി. ആ പ്രദേശത്ത് മഴ കുറവായതിനാലാണ് ജലക്ഷാമം ഉണ്ടായതെന്നും കമ്പനി ദിവസേന പതിനഞ്ചു ലക്ഷം ലിറ്റര്‍ ജലം ഊറ്റുന്നതല്ല കുഴപ്പത്തിന് കാരണമെന്നും അദ്ദേഹം കണ്ടെത്തി. അന്നത്തെ വികസനവാദികള്‍ അത് ആഘോഷിച്ചു. ആ നാട്ടില്‍ പെയ്യുന്ന മഴക്കനുസരിച്ച് കമ്പനിക്കു ഭൂഗര്‍ഭജലം ഊറ്റാമെന്നു ടിയാന്‍ അനുമതിയും നല്‍കി. പക്ഷെ ജനങ്ങള്‍ക്ക് ഇക്കൂട്ടരുടെ സഹായമൊന്നുമില്ലാതെ തന്നെ കാര്യങ്ങള്‍ അറിയാമെന്നതിനാല്‍ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവര്‍ ശക്തമായി സമരം ചെയ്തു. കമ്പനിക്ക് നിര്‍ത്തിപ്പോകേണ്ടി വന്നു.
ആലപ്പുഴ ആറാട്ടുപുഴ കടല്‍ത്തീരത്തുള്ള കരിമണല്‍ കണ്ട് രോമാഞ്ചം കൊണ്ട മുതലാളിമാര്‍ അവിടെയും വിദഗ്ധനെ കൊണ്ട് വന്നു. ഒരു മാത്യു കമ്മീഷന്‍. കായലിനും കടലിനുമിടയില്‍ കേവലം അമ്പത് മീറ്റര്‍ പോലും വീതിയില്ലാത്ത ആ കരയില്‍ നിന്നും ദിനം പ്രതി ആയിരക്കണക്കിന് ടണ്‍ മണല്‍ ഖനനം ചെയ്താല്‍ ഒരു കുഴപ്പവുമില്ലെന്നുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വലിയ വൈദഗ്ധ്യമൊന്നുമില്ലാത്ത ,മത്സ്യത്തൊഴിലാളികളും നാട്ടുകാരും തള്ളി. കാരണം അവരുടെ മുന്നില്‍ തൊട്ടു തെക്കു ഭാഗത്തുള്ള കൊല്ലം ജില്ലയിലെ പന്മന, ആലപ്പാട് കരകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് കണ്ടുള്ള അനുഭവം ഉണ്ടായിരുന്നു. അങ്ങനെ ആ പദ്ധതിയും ജനങ്ങള്‍ മുടക്കി.
പെരിയാറില്‍ മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നതിന് ചില വിദഗ്ധര്‍ ന്യായീകരണമായി കണ്ടത് പതിറ്റാണ്ടുകളായി പുഴക്കടിയില്‍ അടിഞ്ഞുകൂടിയ ആല്‍ഗേകളാണ് എന്നായിരുന്നു. പുഴ പല ദിവസങ്ങളില്‍ പല നിറങ്ങളില്‍ ഒഴുകുന്നത് നേരില്‍ കാണുന്ന ജനങ്ങള്‍ക്ക്, അതിലേക്ക് നിരന്തരം വിഷങ്ങള്‍ ഒഴുക്കുന്ന രാസവ്യവസായസ്ഥാപനങ്ങളുടെ പൈപ്പുകള്‍ നേരില്‍ കാണുന്ന നാട്ടുകാര്‍ക്ക് ഈ വിദഗ്ധരെ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. സുപ്രീം കോടതി നിയോഗിച്ച അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ പുറത്തു വരുമ്പോഴും തല്‍പ്പരകക്ഷികള്‍ അതിനെ നിര്‍വീര്യമാക്കാന്‍ ഈ വിദഗ്ധന്റെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചുകൊണ്ടിരുന്നു. ഇതുപോലെ അതിരപ്പിള്ളി ജലവൈദ്യുതbപദ്ധതിയുടെ അനുമതിക്കായി പാരിസ്ഥിതിക പഠനം നടത്തിയ സ്ഥാപനങ്ങളുണ്ട്.
ഇത്തരത്തിലെ ഏറ്റവും വിചിത്രമായതായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാധയുമായി ബന്ധപ്പെട്ടുള്ള ചില അതിവിദഗ്ധരുടെ പഠനറിപ്പോര്‍ട്ടുകള്‍. ദിവസേന രാവിലെ ഓരോ ഔണ്‍സ് കുടിച്ചാലും ഒരു കുഴപ്പവുമില്ലെന്നുവരെ അവര്‍ പറയും. പത്തിലേറെ പഠനങ്ങള്‍ സ്ഥിരീകരിക്കുകയും സുപ്രീം കോടതിയിലും ഐക്യരാഷ്ട്രസഭയിലുമടക്കം വിശദമായ പഠനങ്ങള്‍ക്ക് ശേഷം നിരോധിക്കപ്പെടേണ്ട കീടനാശിനിയെന്ന് കണ്ടെത്തുകയും നിരവധി രാജ്യങ്ങള്‍ നിരോധിക്കുകയും ചെയ്തതാണ് എന്‍ഡോസള്‍ഫാന്‍. എന്നാല്‍ കേരളത്തിലെ ചില വിദഗ്ധര്‍ അനേകവര്‍ഷങ്ങളായി കീടനാശിനികള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ഏജന്റന്മാരായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഏറെ വിചിത്രമായ മറ്റൊന്ന് കൂടി സംഭവിച്ചിരിക്കുന്നു. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ തന്നെ പറയുന്നു എന്‍ഡോസള്‍ഫാന്‍ മൂലമല്ല അവിടെ ജനങ്ങള്‍ക്ക് ദുരന്തമുണ്ടായത് എന്ന്. ഒരു വ്യക്തി എന്ന നിലയിലോ കാര്‍ഷികശാസ്ത്രജ്ഞന്‍ എന്ന നിലയിലോ അദ്ദേഹത്തിന് അങ്ങനെ ഒരഭിപ്രായമുണ്ടാകുന്നതില്‍ തെറ്റില്ല. ഒരു ജനാധിപത്യരാജ്യത്തെ പൗരന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന് അതിന് അവകാശവുമുണ്ട്. പക്ഷെ ഇന്നദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്തത്തില്‍ ഒന്ന് ആ ജനതയുടെ ചികിത്സയും പുനരധിവാസവും സമാശ്വാസവും ഒരുക്കുക എന്നതാണ്. സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാരും നിരവധി ഔദ്യോഗിക സ്ഥാപനങ്ങളും അംഗീകരിച്ച് നല്‍കിയിരിക്കുന്ന പാക്കേജ് നടപ്പാക്കാന്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തിയ സമിതിയുടെ അധ്യക്ഷനാണ് ജില്ലാ കളക്ടര്‍. അദ്ദേഹത്തിന്റെ നിലപാട് ഇങ്ങനെയാണെങ്കില്‍ ആ പദ്ധതി എങ്ങനെ ഫലപ്രദമാകും.
കേരളം അടുപ്പിച്ച് രണ്ട് വര്‍ഷമായി നേരിടുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ വേണമെന്ന് സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഇതാ ഒരു വിദഗ്ധന്‍ വിചിത്രമായ ഒരു അഭിപ്രായവുമായി വന്നിരിക്കുന്നു.
'ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇല്ലാതാക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയല്ല വേണ്ടതെന്ന് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ വി നന്ദകുമാര്‍. ഖനനം മണ്ണിടിച്ചിലിന് കാരണമാകില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിയമ വിധേയമാക്കുകയാണ് വേണ്ടതെന്നും നന്ദകുമാര്‍ പറയുന്നു.' ഇദ്ദേഹത്തിന് അങ്ങനെ ഒരഭിപ്രായമുണ്ടാകുന്നതില്‍ തെറ്റില്ല. എന്നാല്‍ അതൊരു വിദഗ്ധാഭിപ്രായമെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ നേരത്തെ പറഞ്ഞ നിരവധി അവസരങ്ങളില്‍ എന്ന പോലെ മറ്റ് വിദഗ്ധരുടെ അറിവുകളും ജനങ്ങളുടെ അനുഭവങ്ങളും മാഞ്ഞുപോകും എന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തടഞ്ഞേ പറ്റൂ. കാരണം ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കേരളത്തിന്റെ സ്ഥിതി അപകടത്തിലാകും. കേരളത്തിലെ അതിശക്തമായ പാറമട ലോബിക്ക് കിട്ടുന്ന വലിയൊരു ആയുധമായി അത് മാറും. അവരെ ഏതുവിധേനയും സഹായിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘത്തിന് ഇത് ആഹ്ലാദകരമാകും. അതുകൊണ്ട് ഈ അഭിപ്രായത്തെ ഇഴ കീറി പരിശോധിച്ചേ പറ്റൂ. പ്രത്യേകിച്ചും നമ്മുടെ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിച്ചു വായിച്ചാല്‍ ഒന്ന് മനസ്സിലാകും. മേല്‍പ്പറഞ്ഞ ആദ്യവാചകത്തിന് വിരുദ്ധമോ യോജിക്കാത്തതോ ആയ ചില സത്യങ്ങള്‍ അദ്ദേഹം തന്നെ പറയുന്നുണ്ട്. പാറമടകള്‍ ഒരു കുഴപ്പവുമില്ലാത്തവയാണ് എന്നൊന്നും ഇദ്ദേഹം പറയുന്നില്ല. എന്നാല്‍ എന്താണവയുടെ കുഴപ്പം എന്ന് പറയുന്നുമില്ല.
'ഒരിടത്തും ഖനനത്തിന്റെ പേരില്‍ മണ്ണിടിച്ചിലുണ്ടായതായി കേട്ടിട്ടില്ല. ആ വാദം തെറ്റാണ്. പക്ഷേ ഖനനം പ്രകൃതിക്ക് ദോഷമാണ്. നിയമങ്ങള്‍ പാലിച്ചാണോ ഖനനം നടക്കുന്നതെന്ന് നോക്കണം. പലതും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാതെ ആളുകള്‍ സ്വന്തമായി പാറ പൊട്ടിച്ച് വില്‍ക്കുകയാണ്. അവിടെയൊക്കെ പരിശോധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണം.' ( ഒരു കുഴപ്പവുമില്ലെങ്കില്‍ ഇവയെ നിയന്തിക്കുന്നതെന്തിന്? കുഴപ്പമുണ്ടെങ്കില്‍ എന്താണത്?) മറ്റു നിരവധി പഠനങ്ങള്‍ ഇതിനു വിപരീതമായി പറയുന്നുണ്ട്. പാറമടകളിലെ സ്‌ഫോടനങ്ങളുടെ കമ്പനം മണ്ണും പാറയും തമ്മിലുള്ള ബന്ധം വിടുവിക്കുന്നു. ആ വിടവുകളിലേക്കു വലിയ തോതില്‍ മഴവെള്ളം ഇറങ്ങിയാല്‍ ചരിഞ്ഞ പ്രദേശങ്ങളില്‍ അത് മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുന്നു എന്നവര്‍ പറയുന്നു. ഇനി മണ്ണിടിച്ചില്‍ എങ്ങനെ ഉണ്ടാകുന്നു എന്ന ഇദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേള്‍ക്കുക.
'ഭൂമിയുടെ അടിയിലേക്ക് കൂടുതലായി വെള്ളം എത്തുമ്പോള്‍ അകത്ത് മാറ്റങ്ങള്‍ ഉണ്ടാകും. പാറയും മണ്ണും ചേര്‍ന്നുള്ള ഭാഗത്ത് ലൂബ്രിക്കേഷന്‍ വരും. അത്തരം ഭാഗങ്ങളില്‍ നിന്നാണ് മണ്ണിടിച്ചില്‍ ആരംഭിക്കുന്നത്.' പാറമടകളില്‍ നടക്കുന്ന ശക്തമായ സ്‌ഫോടനങ്ങള്‍ മണ്ണും പാറയും തമ്മിലുള്ള ബന്ധം തകര്‍ക്കില്ലെന്ന് ഏതു ഭൗമ ശാസ്ത്രജ്ഞന്‍ പറഞ്ഞാലും വിശ്വസിക്കാന്‍ അനുഭവസ്ഥര്‍ക്ക് കഴിയില്ല. പാറമടകളിലെ ഉഗ്രസ്‌ഫോടനം മൂലം ഉണ്ടാകുന്ന കമ്പനങ്ങള്‍ കിലോമീറ്ററുകള്‍ ദൂരെ വരെ കെട്ടിടങ്ങളെ തകരാറിലാക്കുന്നു എന്ന് ഇദ്ദേഹത്തിന് വേണമെങ്കില്‍ കാണിച്ചുകൊടുക്കാം. പാറകളില്‍ കൂടി അതിവേഗം സഞ്ചരിക്കുന്ന കമ്പനങ്ങള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നാണോ ഇദ്ദേഹം പറയുന്നത്?
പക്ഷെ ഇദ്ദേഹം ഒരു ഭൗമ ശാസ്ത്രജ്ഞനെന്നതിലപ്പുറം ചില താല്‍പര്യങ്ങള്‍ ഉള്ള വ്യക്തിയാണ് എന്ന് പിന്നീട് പറയുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. പാറമടകള്‍ മുഴുവനുമായി അടച്ചുപൂട്ടുന്നത് ശരിയല്ല,( അങ്ങനെ വേണമെന്ന് ആരാണ് പറഞ്ഞത് എന്നൊന്നും ചോദിക്കരുത്.) നാടിന്റെ വികസനത്തിന് പാറ ആവശ്യമാണ്, ബില്‍ഡിങ് വസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകുന്നതിനെപ്പറ്റി അദ്ദേഹത്തിനുള്ള ആശങ്കയില്‍ നിന്ന് തന്നെ നയം വ്യക്തമാണ്. നൂറുകണക്കിന് മനുഷ്യര്‍ മണ്ണിനടിയില്‍ പെട്ട് മരിച്ച സ്ഥലത്തു നിന്നുകൊണ്ട് ഇങ്ങനെ വികസനാവശ്യങ്ങളെപ്പറ്റി ആകുലപ്പെടുന്ന മനസ്സു നമുക്ക് പരിചയമുള്ളതാണ്, നമ്മുടെ മിക്ക രാഷ്ട്രീയനേതാക്കളുടെയും പല ഉദ്യോഗസ്ഥരുടെയും നിര്‍മ്മാണക്കമ്പനിക്കാരുടെയും മനസ്സാണത്, ഒരു ശാസ്ത്രജ്ഞന്റേതല്ല, മനുഷ്യത്വത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരാളുടേതല്ല.
ഞാന്‍ ഇദ്ദേഹത്തെ കുറ്റം പറയില്ല. നമ്മുടെ നാട്ടിലെ ജിയോളജി വിദഗ്ധരില്‍, പ്രത്യേകിച്ചും സര്‍ക്കാരില്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നവരില്‍ മിക്കവര്‍ക്കും ഇതേ നിലപാടാണ്. എന്ത് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വകുപ്പ് ഈ നാട്ടില്‍ മിക്ക പാറമടകള്‍ക്കും അനുമതി കൊടുക്കുന്നത് എന്ന് നാട്ടുകാര്‍ക്കറിയാം. അതിന്റെ പിന്നിലെ വന്‍ അഴിമതിക്കഥകള്‍ മുമ്പ് പുറത്തു വന്നിട്ടുള്ളതാണ്. ഈ ഖനനസ്ഥലങ്ങള്‍ ഒരിക്കലെങ്കിലും ഒന്ന് പോയി കാണാന്‍ ഇവര്‍ തയ്യാറായാല്‍ പിന്നെ അനുമതി പുതുക്കുകയെങ്കിലും ചെയ്യില്ല. എത്ര ആഴത്തില്‍ ഖനനത്തിനാണ് ഇവര്‍ അനുമതി നല്‍കിയത്, എത്ര പാറക്കല്ലുകള്‍ ഇവര്‍ ഖനനം ചെയ്യുന്നു, അവര്‍ തന്നെ വച്ചിട്ടുള്ള ഏതെല്ലാം വ്യവസ്ഥകള്‍ ഇവര്‍ പാലിക്കുന്നുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഒരു വട്ടം ചോദിച്ചാല്‍ പിന്നെ അനുമതി പുതുക്കാന്‍ കഴിയില്ല. ഖനനത്തിനായി മേല്‍മണ്ണ് മാറ്റുമ്പോള്‍ അത് നശിപ്പിക്കരുതെന്നും ഖനനം അവസാനിച്ചാല്‍ ആ കുഴി മൂടി അതിനു മേല്‍ മുമ്പ് മാറ്റിവച്ച മേല്‍മണ്ണിട്ടു നികത്തി കൃഷിയോഗ്യമാക്കണമെന്ന വ്യവസ്ഥയുണ്ടോ നിയമത്തില്‍? ആറു മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തിയാല്‍ സ്റ്റെപ്പ് കെട്ടണം എന്ന വ്യവസ്ഥയുണ്ട്. ആരൊക്കെ ഇത് ചെയ്യുന്നു എന്ന് നോക്കാറുണ്ടോ? ഇനിയും പലതുമുണ്ട്. ഏറ്റവും ചുരുങ്ങിയത് സര്‍ക്കാരുകള്‍ക്ക് ഇവര്‍ അടക്കേണ്ട തുക എത്രയാണെന്നുള്ള ശരിയായ കണക്കിവര്‍ നല്‍കാറുണ്ടോ? അതില്‍ കൂടുതല്‍ ഖനനം ചെയ്യുന്നുണ്ടെങ്കില്‍ ആ പണമെങ്കിലും അടപ്പിക്കാന്‍ ഇവര്‍ എന്തെങ്കിലും ചെയ്യാറുണ്ടോ? ആ വകുപ്പില്‍ അല്ല ജോലി ചെയ്യുന്നത് എന്ന ഒഴികഴിവു പറഞ്ഞു ഇദ്ദേഹം രക്ഷപ്പെട്ടേക്കാം. ഞാന്‍ സര്‍ക്കാര്‍ ജിയോളജി വിദഗ്ധരുടെ കാര്യമാണ് പറയുന്നത്.
ഈ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ വിലയിരുത്തിക്കൊണ്ട് കേരള നിയമസഭയുടെ പരിസ്ഥിതി സമിതി നല്‍കിയ റിപ്പോര്‍ട്ട് ഈ വിദഗ്ധന്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. അതില്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു വിമര്‍ശിക്കപ്പെടുന്ന വകുപ്പാണ് മൈനിങ് ജിയോളജി എന്നുള്ള വസ്തുത നമ്മുടെ മുന്നിലുണ്ട്. കേരളത്തിന്റെ മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കുണ്ടായിട്ടുള്ള വീഴ്ച സമിതി എടുത്ത് പറയുന്നുണ്ട്. അശാസ്ത്രീയമായ ഖനനാനുമതികള്‍ എങ്ങനെ പ്രളയത്തെ മഹാദുരന്തമാക്കി എന്ന് സമിതി കണ്ടെത്തുന്നുണ്ട്. ( ഇദ്ദേഹത്തിനെന്തു നിയമസഭയും ലോകസഭയും?)
ഈ മഹാദുരന്തത്തിനുള്ള പ്രധാന കാരണങ്ങളായി ഇദ്ദേഹം കണ്ടെത്തുന്നത് കര്‍ഷകരുടെ ഇടപെടലുകളാണ്. പാറമടകളോ തെറ്റായ നിര്‍മ്മാണങ്ങളോ അല്ല മറിച്ച് റബ്ബര്‍ കൃഷിയും മഴക്കുഴികളും മറ്റുമാണത്രെ. 'മണ്ണ് മാറ്റുകയും റബര്‍ കൃഷിക്കായി കുഴിയെടുക്കുകയും ചെയ്തു. അതിതീവ്ര മഴ ഉണ്ടായപ്പോള്‍ സ്ലിപായി പോയതാണ്.റബ്ബര്‍ കൃഷിക്കായി ജെസിബി ഉപയോഗിച്ച് കുഴികളുണ്ടാക്കിയതോടെ മണ്ണിന്റെ ഘടന മാറി.' ഇതിന്റെ ലക്ഷ്യം വ്യക്തമാണ്. ഖനനമാണ് പ്രധാനം, കൃഷിയല്ല. നിര്‍മ്മാണ ലോബികളെ രക്ഷിക്കണം. കഴിയുമെങ്കില്‍ കര്‍ഷകരെ അവിടെ നിന്നും ഓടിക്കണം. ഖനനലോബി എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ചെറിയ പാറമടകള്‍ വേണ്ട. 'സൂപ്പര്‍ ക്വാറികളാണ് നമുക്ക് വേണ്ടത്. രണ്ട് ജില്ലയ്ക്ക് വേണ്ടി ഒരു വലിയ ക്വാറി മതിയാകും. അങ്ങനെ ചെയ്താല്‍ കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ല.' കെട്ടിടനിര്‍മ്മാണ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കലാണല്ലോ ഒരു ജിയോളജിസ്റ്റിന്റെ പ്രാഥമിക കടമ. മനുഷ്യജീവന്‍ അത്ര വലിയ വിഷയമല്ല.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മാനിഫെസ്റ്റോയില്‍ പാറ, മണല്‍, മണ്ണ് മുതലായവയുടെ ഖനനവും വിതരണവും പൊതുമേഖലയിലാക്കും എന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. . ഇത്തരം പ്രകൃതിവിഭവങ്ങള്‍ മുതലായവ പരിമിതമാണ് എന്നതിനാല്‍ അവയുടെ ലഭ്യത എല്ലാവര്‍ക്കും, വരും തലമുറകള്‍ക്കുമടക്കം നീതിപൂര്‍വ്വകമായി ലഭ്യമാക്കണമെന്നുള്ള ലക്ഷ്യം നേടണമെങ്കില്‍ ഇത് അനിവാര്യമാണ്. നിയമസഭാ പരിസ്ഥിതി സമിതി ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ഇങ്ങനെ ഒരു നിര്‍ദ്ദേശവും ഈ വിദഗ്ധന്‍ പറയുന്നില്ല. ആരെ സഹായിക്കാനാണ് ഇദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അദാനിമാര്‍ക്കു മാത്രമേ ഇങ്ങനെയുള്ള സൂപ്പര്‍ ക്വാറികള്‍ ഉണ്ടാക്കാന്‍ കഴിയൂ എന്ന് വ്യക്തം.
ഇനി ഗാഡ്ഗില്‍ കമ്മിറ്റിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ അതി നീചമായ അഭിപ്രായം കൂടി പരിശോധിക്കണം. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംരക്ഷണനിയമമാണ് 1986 ലേത്. അതിന്റെ ഖണ്ഡിക 3 (2 ) (v ) അനുസരിച്ച് വിവിധ ഭൂപ്രദേശങ്ങള്‍ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ പരിഗണിച്ച് തരം തിരിക്കാനും അവയില്‍ ഓരോന്നിലും ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ നടത്താമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കാനും നിയമം ഉണ്ടാക്കാനും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് അധികാരമുണ്ട്. അതിന്റെ ഭാഗമായാണ് തീരദേശത്തെ വിവിധ മേഖലകളായി വിഭജിച്ചുകൊണ്ട് അവിടെ എങ്ങനെയെല്ലാം നിയന്ത്രണങ്ങള്‍ വേണമെന്ന 1991 ലെ തീരദേശ പരിപാലനനിയമം വിജ്ഞാപനം ചെയ്തത്. അതുപോലെ തന്നെ പാരിസ്ഥിതിക ദുര്‍ബലമായ ഒന്നാണ് പശ്ചിമഘട്ടം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ ഒരു സമിതിയെ പശ്ചിമഘട്ടത്തില്‍ മേഖലാവിഭജനം നടത്തി അതിന്റെ സന്തുലനം നിലനിര്‍ത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അതിനെ കേവലം ഒരു നാടകമെന്ന് പറയുക വഴി ഇദ്ദേഹം നിയമത്തെയും അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനെയുമാണ് അപമാനിക്കുന്നത്. ആ സമിതിയുടെ കുഴപ്പമായി അദ്ദേഹം കാണുന്നത് അതില്‍ ഒരു ജിയോളജിസ്റ്റ് ഇല്ല എന്നതാണ്. അതുണ്ടായിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ല എന്നാണോ? അങ്ങനെ ഒരു കുറവ് അദ്ദേഹത്തിന് തോന്നുന്നു എങ്കില്‍ ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. അതിനു പകരം ഒരു വിദഗ്ധ സമിതിയെ നാടകമെന്ന് വിളിക്കുന്ന ധാര്‍ഷ്ട്യം അംഗീകരിക്കാന്‍ കഴിയില്ല. ഇത് കേവലം ഒരു ചെറിയ അപഭ്രംശമല്ല. ഇത്രയധികം പറയുന്നതിനിടയില്‍ ഒരു വട്ടം പോലും പരിസ്ഥിതി എന്ന വാക്കു അദ്ദേഹം ഉപയോഗിക്കുന്നില്ല. കാരണം അങ്ങനെ ഒന്നുള്ളതായി അദ്ദേഹം കരുതുന്നില്ല. ഇനി അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ എന്ത് കാര്യം?
വാല്‍ക്കഷ്ണം: ഇദ്ദേഹത്തെപ്പോലൊരു ജിയോളജിസ്റ്റ് അതില്‍ ഇല്ലാതിരുന്നത് നമ്മുടേ ഭാഗ്യം. അല്ലെങ്കില്‍ ഇവിടെ ആകെ സൂപ്പര്‍ ക്വാറികള്‍ മാത്രമാകും. അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകര്‍ കളരിക്ക് പുറത്താകും.