മുന്‍കരുതലുകളോട് മുഖംതിരിച്ചതിന് നല്‍കേണ്ടി വന്ന വില, അമേരിക്കയിലെ കൊവിഡ് അനുഭവം

മുന്‍കരുതലുകളോട് മുഖംതിരിച്ചതിന് നല്‍കേണ്ടി വന്ന വില, അമേരിക്കയിലെ കൊവിഡ് അനുഭവം
Published on
Summary

ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത അഞ്ചു മില്യണ്‍ കൊവിഡ് കേസുകളിലും, ആകെ സംഭവിച്ച മൂന്നുലക്ഷത്തിലധികം മരണങ്ങളിലും, അമേരിക്കയുടെ മാത്രം പങ്കാളിത്തം മൂന്നിലൊന്ന്! മുന്‍കരുതലുകള്‍ക്കു മുന്നില്‍ മടിച്ചുനിന്നതിനു കൊടുക്കേണ്ടിവന്ന വില! കാലിഫോര്‍ണിയയില്‍ നിന്ന് മലയാളിയായ ഷിബു ഗോപാലകൃഷ്ണന്‍ എഴുതുന്നു. കൊറോണാ വൈറസിനെ അമേരിക്ക നേരിട്ടത് എങ്ങനെയെന്നത്.

21 മെയ് 2020. ഇന്നുവരെയുള്ള കോവിഡ് ചരിത്രത്തിലെ ഏറ്റവും ഭാരമുള്ള ദിവസം. കോവിഡ്-19 എന്ന അണുവിസ്‌ഫോടനം നടന്നതിനു ശേഷം ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ കോവിഡ്ബാധ സ്ഥിരീകരിച്ച മഹാവ്യാപനത്തിന്റെ ദിവസം. ഈയൊരു ദിവസംമാത്രം ഒരു ലക്ഷത്തിആറായിരം മനുഷ്യരിലാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രണ്ടരമാസം മുന്‍പ് ലോകത്താകമാനം ഉണ്ടായിരുന്ന കേസുകളുടെ എണ്ണത്തില്‍ നിന്നും, ഒരുദിവസംകൊണ്ടു അത്രയധികം മനുഷ്യരിലേക്ക് പടര്‍ന്നുകയറുന്ന മഹാമാരിയിലേക്കുള്ള കോവിഡിന്റെ അധിനിവേശം. ഒന്നില്‍ നിന്നും പത്തിലേക്കും പതിനായിരത്തിലേക്കും പത്തുലക്ഷത്തിലേക്കും പടരുന്ന, അന്‍പതുലക്ഷവും കവിഞ്ഞുനില്‍ക്കുന്ന അണുഭീകരത. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത അഞ്ചു മില്യണ്‍ കേസുകളിലും, ആകെ സംഭവിച്ച മൂന്നുലക്ഷത്തിലധികം മരണങ്ങളിലും, അമേരിക്കയുടെ മാത്രം പങ്കാളിത്തം മൂന്നിലൊന്ന്! മുന്‍കരുതലുകള്‍ക്കു മുന്നില്‍ മടിച്ചുനിന്നതിനു കൊടുക്കേണ്ടിവന്ന വില! മുന്നറിയിപ്പുകള്‍ക്കു മുന്നില്‍ മുന്‍ഗണനകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതിനു നല്‍കേണ്ടിവന്ന വില

ഒടുവില്‍ മറ്റെല്ലാം മാറ്റിവച്ചു അമേരിക്കയ്ക്കും അണുഭീകരതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു. വൈകിപ്പോയി എന്നുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും അതിനെതിരെ രംഗത്തുവരേണ്ടി വന്നു. രാജ്യവ്യാപകമായി ഒരൊറ്റ രീതിയിലല്ല കോവിഡ് പ്രതിരോധം രൂപംകൊണ്ടത്. സംസ്ഥാനങ്ങള്‍ അവരവരുടേതായ രീതിയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു. ഏകതാനമായ ഒരു ദേശീയനയം ഇക്കാര്യത്തില്‍ ഉണ്ടായില്ല. സംസ്ഥാന ഗവര്‍ണര്‍മാരുടെ ഇക്കാര്യത്തിലുള്ള വകതിരിവും ശുഷ്‌കാന്തിയും നിര്‍ണായകമായ പങ്കുവഹിച്ചു. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പല സംസ്ഥാനങ്ങള്‍ക്കും ഉടനടിയുള്ള ഇടപെടലുകള്‍ കൊണ്ടു കാര്യങ്ങളെ വളരെ വേഗം വരുതിയിലാക്കാന്‍ കഴിഞ്ഞു, ഉദാഹരണം, വാഷിംഗ്ടണും കാലിഫോര്‍ണിയയും. പിന്നീട് മാത്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ വ്യാപനത്തിലും മരണനിരക്കിലും ഈ സംസ്ഥാനങ്ങളെയും പിന്തള്ളി രോഗാതുരതയുടെ മൈലുകള്‍ താണ്ടി.

ന്യൂയോര്‍ക്ക് കൊവിഡിന്റെ തലസ്ഥാനം

വ്യാപനത്തിന്റെ ഭീകരതകൊണ്ട് ലോകത്തിന്റെ കോവിഡ് ആസ്ഥാനം അമേരിക്കയാണെങ്കില്‍, അമേരിക്കയിലെ കോവിഡ് ആസ്ഥാനം ന്യൂയോര്‍ക്കാണ്. 9/11 എന്ന തീവ്രവാദ ഭീകരതയ്ക്ക് ശേഷം ന്യൂയോര്‍ക്ക് നേരിടുന്ന അതിഭീകരമായ അണുഭീകരത. ഉറക്കമില്ലാത്ത ന്യൂയോര്‍ക്ക് നഗരത്തെ കോവിഡിനു എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനായി. അത്രയധികം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന, ആഗോളപൗരന്മാരുടെ ലോകസമ്മേളനം പോലുള്ള ന്യൂയോര്‍ക്കില്‍ കോവിഡ് സമസ്തനാഡികളിലും പിടിമുറുക്കി. അമേരിക്കയിലെ കോവിഡ് നഷ്ടങ്ങളുടെ മൂന്നിലൊന്നും ന്യൂയോര്‍ക്ക് സ്വന്തം പേരിലെഴുതി. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു, മരണം ആശുപത്രി വാര്‍ഡുകള്‍ കയറിയിറങ്ങി, ഊഴംകാത്ത് ശ്മാശാനങ്ങള്‍ക്കു വെളിയില്‍ മൃതദേഹങ്ങള്‍ കാത്തുകിടന്നു, കൂട്ടത്തോടെ അടക്കംചെയ്യാനുള്ള വലിയ കുഴികള്‍ രൂപംകൊണ്ടു, നഗരവഴികളില്‍ ആംബുലന്‍സുകളുടെ നിലയ്ക്കാതെ നിലവിളികള്‍ പാഞ്ഞുനടന്നു. വെന്റിലേറ്ററുകള്‍ ഇല്ലാതെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ വൈറ്റ്ഹൗസുമായി നിരന്തരം ഏറ്റുമുട്ടി. മാസ്‌കുകള്‍ക്കും മറ്റു സുരക്ഷാ സന്നാഹങ്ങള്‍ക്കുമായി സംസ്ഥാനം നിലവിളിച്ചു. ഫെഡറല്‍ സഹായങ്ങളുടെ അടിയന്തര ഇടപെടല്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായി. ആയിരം കിടക്കകളുള്ള അടിയന്തിര ആശുപത്രികള്‍ സൈന്യം ദിവസങ്ങള്‍ക്കുള്ളില്‍ പണിതുയര്‍ത്തി. അമേരിക്കന്‍ നേവിയുടെ ആതുരക്കപ്പലുകള്‍ ന്യൂയോര്‍ക്കിന്റെ തീരങ്ങളിലേക്കു കുതിച്ചു. രാജ്യമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സന്നദ്ധസേവനത്തിനായി അവിടേക്കു നീങ്ങി. അപ്പോഴും ലോക്ക്‌ഡോണ്‍ പൂര്‍ണമായി പ്രഖ്യാപിക്കാതെ ന്യൂയോര്‍ക്ക് പാര്‍ക്കുകളും സബ്വേകളും തുറന്നുവച്ചു. സഡന്‍ ബ്രേക്ക് ഇട്ടിട്ടും നില്‍ക്കാതെ പിന്നെയും ചലിക്കുന്ന ഒരു വണ്ടിപോലെ പുതിയ സാധാരണത്വങ്ങളോട് സമരസപ്പെടാന്‍ ന്യൂയോര്‍ക്ക് പിന്നെയും സമയമെടുത്തു. മാസ്‌കുകള്‍ നിര്‍ബന്ധമാക്കി നിലപാടുകള്‍ പിന്നെയും കടുപ്പിക്കേണ്ടി വന്നു. രണ്ടുമാസത്തെ കഠിനപരിശ്രമം കൊണ്ടാണ് കുത്തിയുയര്‍ന്ന അക്കങ്ങളില്‍ നിന്നും ന്യൂയോര്‍ക്കിനു താഴേക്കിറങ്ങാന്‍ കഴിഞ്ഞത്. രണ്ടുമാസം മുന്‍പിലത്തെ സ്ഥിതിയിലേക്ക് പുതിയതായി കണ്ടെത്തുന്ന കേസുകളുടെ എണ്ണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും, മരണസംഖ്യയും താഴ്ന്നു തുടങ്ങിയിരിക്കുന്നു.

REUTERS/Andrew Kelly

ഈ സമയത്തൊക്കെയും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ മുടങ്ങാതെ ജനങ്ങളെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. എല്ലാ ദിവസവും ആന്‍ഡ്രൂ കോമോയുടെ പത്രസമ്മേളനങ്ങള്‍ക്കായി അമേരിക്ക കാത്തിരുന്നു. ശാസ്ത്രീയമായ വിശകലനങ്ങളും സ്ഥിതിവിവരക്കണക്കുകളും കൊണ്ട് കോമോ സംസ്ഥാനത്തെ കൈപിടിച്ചു നടത്തി. ആവശ്യങ്ങള്‍ക്കു വേണ്ടി കലഹിച്ചു. ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും ഒരുമിച്ചു നിന്നുള്ള പോരാട്ടമാണെന്നും, ഞാനിപ്പോള്‍ ഈ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ മാത്രമാണെന്നും പ്രഖ്യാപിച്ചു. ജനങ്ങളെ ന്യൂയോര്‍ക്ക് എന്ന കൊടിപ്പതാകയ്ക്കു കീഴില്‍ അണിനിരത്തി, സജ്ജരാക്കി, എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ വിശകലനങ്ങള്‍ കൊണ്ടും വീക്ഷണങ്ങള്‍ കൊണ്ടും അവരെ കൂട്ടിയിണക്കി. ഇത്രയധികം വ്യൂവര്‍ഷിപ്പ് മറ്റൊരു സംസ്ഥാന ഗവര്‍ണര്‍ക്കും നേടിയെടുക്കാന്‍ കഴിഞ്ഞില്ല; കൃത്യമായ വസ്തുതകളും വിവരങ്ങളും സ്ലൈഡുകളും കൊണ്ട്, കോമോ പത്രസമ്മേളനങ്ങളെ പ്രൊഫഷണലിസം നിറഞ്ഞ ആശയവിനിമയവേദികളാക്കി മാറ്റി. ന്യൂയോര്‍ക്ക് ഇപ്പോള്‍ മടങ്ങി വരികയാണ്, കൂര്‍ത്തുപൊങ്ങിയ ദുരിതകാലത്തിന്റെ വിസ്‌ഫോടനത്തില്‍ നിന്നും അവര്‍ തിരിച്ചുനടക്കുകയാണ്. 29 ,000 ന്യൂയോര്‍ക്കേഴ്സാണ് ഈ പോരാട്ടത്തില്‍ ഇതിനോടകം പൊലിഞ്ഞുപോയത്.

ന്യൂജഴ്‌സിയും ഇല്ലിനിയോസും മസാച്യുസെറ്റ്സും കാലിഫോര്‍ണിയയും പെന്‍സില്‍വാനിയയും മിഷിഗണും ടെക്‌സസും ഫ്‌ലോറിഡയും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കിനു പിന്നില്‍ നിന്നു പരസ്പരം മത്സരിച്ചു. ഈ സംസ്ഥാനങ്ങളെല്ലാം സ്റ്റേ-അറ്റ്-ഹോം അല്ലെങ്കില്‍ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസിന്റെ പിടിയിലായി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും, തമ്മില്‍ ആറടി അകലം പാലിക്കാത്തവര്‍ക്കും പൊലീസ് പിഴകള്‍ ചുമത്തി. സ്‌കൂളുകള്‍ എല്ലാം ഓണ്‍ലൈന്‍ ക്ളാസുകളിലേക്കു കളംമാറ്റി. അടയ്ക്കുമ്പോള്‍ മൂന്നുമാസം കൂടി അക്കാദമിക് ഇയറില്‍ ബാക്കിയുണ്ടായിരുന്ന സ്‌കൂളുകള്‍ ഇനി ഇക്കൊല്ലം തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചു. പബ്ലിക് സ്‌കൂളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭക്ഷണസഹായങ്ങള്‍ മുടങ്ങാതെ അവരില്‍ എത്തിക്കാന്‍ ശ്രമിച്ചു, ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കെടുക്കാന്‍ ഐപാഡും ഇന്റര്‍നെറ്റ് അക്‌സസും വേണ്ടവര്‍ക്ക് സ്‌കൂളുകള്‍ തന്നെ അതുനല്‍കി.

us covid
us covid

വീട്ടിലിരിക്കില്ലെന്ന് ശഠിക്കുന്നവര്‍

ഇനിയും ചുരുളഴിഞ്ഞു തീര്‍ന്നിട്ടില്ലാത്ത ഒരു ആരോഗ്യസമസ്യക്കു മുന്നില്‍ അറിയാവുന്ന ആയുധങ്ങള്‍ വച്ചു പോരാടുകയായിരുന്നു എന്നുപറയുന്നതാവും ശരി. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന കണ്ടെത്തലുകള്‍, അനുമാനങ്ങള്‍, അനുശീലനങ്ങള്‍, അറിയുന്തോറും അകലുന്ന അണുലോകം. മരുന്നുകള്‍ പലതും പറഞ്ഞുകേട്ടു. പലതും പാതിവഴിയില്‍ ഉപേക്ഷിച്ചു, പ്രഖ്യാപിച്ചവര്‍ മാത്രം അതിനെ പിന്നെയും പിന്താങ്ങുന്നതും, ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതും കണ്ടു. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ കൈയിലാണ് അധികാരമെന്നു അഭിനയിക്കുന്നു പോലുമില്ലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഭരണനേതൃത്വം പരാജയപ്പെട്ടെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ ഇപ്പോഴും ഏറ്റുമുട്ടുകയാണ്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോവിഡ് ഏറ്റവും വലിയ ചര്‍ച്ചാവിഷയമാകുമെന്നുള്ള കാര്യം ഉറപ്പായി. അപ്പോഴും കോവിഡ് ഉണ്ടായിരിക്കുമോ എന്നുള്ള കാര്യത്തില്‍ മാത്രം ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.

ചെറിയ തോതില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചെങ്കിലും ഇക്കാര്യത്തിലും ഏകതാനമായൊരു ദേശീയനയമില്ല. പ്രാദേശികമായി വമ്പിച്ച സമ്മര്‍ദ്ദമാണ് ഭരണാധികാരികള്‍ക്ക് നേരിടേണ്ടി വരുന്നത്. ജനങ്ങള്‍ കൂട്ടത്തോടെ പലയിടങ്ങളിലും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പല വേഗങ്ങളും സമീപനങ്ങളും സാധ്യതകളുമാണ് പിന്തുടരുന്നത്. സ്വാതന്ത്ര്യം നിഷേധിക്കാന്‍ അനുവദിക്കില്ല എന്നുള്ള കൂട്ടപ്രതിഷേധങ്ങള്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും നീങ്ങുമ്പോള്‍ ജനങ്ങളെ എത്രകാലം വീട്ടിലിരുത്താന്‍ കഴിയുമെന്ന ചോദ്യത്തിനും കനം വയ്ക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ബേഏരിയയിലെ ആറു കൗണ്ടികളിലെ രണ്ടുമാസം പിന്നിടുന്ന ഷെല്‍ട്ടര്‍-ഇന്‍-പ്ലീസ് മെയ് അവസാനംവരെ നീട്ടിക്കൊണ്ടു സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ പറഞ്ഞത്, നമ്മള്‍ സ്പാനിഷ് ഫ്‌ലുവില്‍ നിന്നും പാഠം പഠിച്ചവരാണെന്നും, ഇനി അത്തരമൊരു മണ്ടത്തരം ആവര്‍ത്തിക്കില്ലെന്നുമാണ്. അന്നു എല്ലാം അവസാനിച്ചുവെന്ന് കരുതി നമ്മള്‍ പുറത്തിറങ്ങി, വളരെ നേരത്തെ മാസ്‌കുകള്‍ ഉപേക്ഷിച്ചു, അതു അബദ്ധമായി. ഒന്നാം ഘട്ടത്തേക്കാള്‍ കൂടുതല്‍ ജീവനുകള്‍ നമുക്ക് പകരം കൊടുക്കേണ്ടി വന്നു. വളരെ സാവധാനത്തിലായിരിക്കും വീണ്ടുംതുറക്കുക എന്നതാണ് മിക്കവാറും സംസ്ഥാനങ്ങളുടെയും നയമെങ്കിലും അതിനു എത്രത്തോളം കഴിയുമെന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങളും കടുക്കുകയാണ്.

വമ്പിച്ച തൊഴില്‍നഷ്ടവും എത്രയും വേഗം സമ്പദ് വ്യവസ്ഥ തുറന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയും പതിയെ മേല്‍ക്കൈ നേടുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പല സംസ്ഥാനങ്ങളും തുറന്നുകൊടുക്കലില്‍ ഉദാരമാവുകയും അവിടെയെല്ലാം അക്കങ്ങള്‍ക്കു പിന്നെയും ഉയരം വയ്ക്കുകയും ചെയ്യുന്നു. അതിനെ അതിന്റെ വഴിക്ക് വിടുക എന്നൊരു നയത്തിലേക്കു എത്തിച്ചേരുകയോ, അല്ലെങ്കില്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതമാവുകയോ ചെയ്യുന്നു. കോവിഡ് വിമുക്ത ലോകമല്ല കാത്തിരിക്കുന്നതെന്നും, കോവിഡിനൊപ്പമുള്ള മറ്റൊരു ലോകമാണ് കാത്തിരിക്കുന്നതെന്നുമുള്ള യാഥാര്‍ഥ്യത്തിലേക്കു അമേരിക്കയും ചുവടുവയ്ക്കുകയാണ്. രോഗസുരക്ഷ വൈയക്തികമായ കരുതലുകളുടെ ഒരു കൂട്ടുത്തരവാദിത്തമായി പരിണമിക്കുകയാണ്, വാതിലുകള്‍ പതിയെ തുറക്കപ്പെടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in