കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗിയുടെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം, ചാനല്‍ ചര്‍ച്ചകളുടെ ശൈലി മാറ്റേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നുവെന്ന് അഭിപ്രായങ്ങളുയരുകയാണ്. ആജ്തകിന്റെ ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് സംബിത് പാത്ര രൂക്ഷമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ത്യാഗിയുടെ പൊടുന്നനെയുള്ള വിയോഗം. പാത്രയുടെ കടുത്ത വാക്പ്രയോഗങ്ങളാണ് ത്യാഗിയുടെ മരണത്തിനിടയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചര്‍ച്ചകള്‍ ഗുസ്തി മത്സരം പോലെയായിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞത്. നേരത്തേ ടൈംസ് നൗവിലും ഇപ്പോള്‍ റിപ്പബ്ലിക് ടിവിയിലുമായി അര്‍ണാബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. സമാന്തരമായി കേരളത്തിലും ചാനല്‍ ചര്‍ച്ചകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വാദങ്ങള്‍ സജീവമാകുന്ന സാഹചര്യവുമാണ്. ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകരും പാനലിസ്റ്റുകളും ഒരുപോലെ തങ്ങളുടെ ഇടപെടലില്‍ മാറ്റം വരുത്തണമെന്ന വാദങ്ങള്‍ ഉയരുകയാണ്. പ്രസ്തുത വിഷയത്തില്‍, ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായ ജ്യോതികുമാര്‍ ചാമക്കാലയുമായി സംസാരിക്കുകയാണ് ദ ക്യു പ്രതിനിധി കെ.പി സബിന്‍. കേരളത്തിലെ ടെലിവിഷന്‍ ചര്‍ച്ചകളുടെ നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമായി സിപിഎം നേതാവ് എംബി രാജേഷ് ചൂണ്ടിക്കാട്ടിയത് ജ്യോതികുമാര്‍ ചാമക്കാലയും ബിജെപി നേതാവ് സന്ദീപ് വാര്യരും ഏറ്റുമുട്ടിയതായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിലപാട് ആരായുന്നത്.
'അഗ്രസീവാകാറുണ്ട്' - ജ്യോതികുമാര്‍ ചാമക്കാല ദ ക്യുവിനോട്
ടെലിവിഷന്‍ ചര്‍ച്ചകളില്‍ അഗ്രസീവാകുന്നത് അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടി വരുന്നതിനാലാണ്. ബോധപൂര്‍വം പ്രകോപിതനാകുന്നതല്ല. മറുഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുമ്പോള്‍ സ്വാഭാവികമായും അതേ രീതിയില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകും. ഉത്തമ ബോധ്യത്തോടെയാണ് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് അവതരിപ്പിക്കാറുള്ളത്. ചില ഘട്ടങ്ങളില്‍ ക്ഷുഭിതനാകാറുണ്ടെന്നത് വസ്തുതയാണ്. അത് ഒട്ടും വ്യക്തിപരമല്ല, വിഷയാധിഷ്ഠിതമാണ്. തെറ്റുപറ്റിയാല്‍ അവിടെത്തന്നെ തിരുത്താറുണ്ട്. വീഴ്ച പറ്റിയാല്‍ പരസ്യമായി ഏറ്റുപറയേണ്ടത് അങ്ങനെ ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ്. അതിനപ്പുറം എന്റെ ഭാഗത്തുനിന്ന് വീഴ്ച വരുന്നുണ്ടെങ്കില്‍ നിശ്ചയമായും അവതാരകര്‍ക്ക് നിയന്ത്രിക്കാം. പരിധി കടക്കാതെ സ്വയം നിയന്ത്രണം പാലിച്ചുപോകാറുണ്ട്. ചാനല്‍മുറിയിലെ വാഗ്‌വാദങ്ങള്‍ അവിടെത്തന്നെ അവസാനിപ്പിച്ച് പുറത്തിറങ്ങുന്നതാണ് എന്റെ രീതി.
ചര്‍ച്ചകളുടെ സ്വഭാവം നല്ല രീതിയില്‍ പരിഷ്‌കരിക്കുന്നതിനോ എല്ലാവര്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോ എതിരല്ല. പൊതുവായ പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതിനോടും എതിര്‍പ്പില്ല. ചാനലുകളില്‍ നിന്ന് വിളിക്കുമ്പോള്‍ ചര്‍ച്ചയുടെ സ്വഭാവം ഇത്തരത്തിലായിരിക്കണമെന്ന് ഉപാധികള്‍ പറയുന്നുവെന്നിരിക്കട്ടെ. അതിനോട് യോജിപ്പുള്ളവര്‍ പങ്കെടുത്താല്‍ മതിയല്ലോ. ഈ സമയത്താണ് സംസാരിക്കേണ്ടത്, ഇന്ന സമയത്ത് ഇടപെടാന്‍ പാടില്ല, എന്നൊക്കെ എല്ലാവരും അംഗീകരിക്കുന്ന തീര്‍പ്പിലേക്കെത്തുന്നതില്‍ ഒരു വിരോധവുമില്ല. പക്ഷേ പങ്കെടുക്കുമ്പോള്‍,ഇങ്ങോട്ടുള്ള നിലപാടെങ്ങനെയാണോ അതേ രീതിയിലായിരിക്കും എന്റെ പ്രതികരണം. മറിച്ചാകുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകും. അതേസമയം സ്വയം നിയന്ത്രണമെന്നതും പ്രധാനമാണ്. പക്ഷേ അത് ഏതെങ്കിലും ഒരു കൂട്ടര്‍ മാത്രം പാലിക്കണമെന്ന് പറയരുത്. എല്ലാവര്‍ക്കും ബാധകമായിരിക്കണം. എന്നെ സംബന്ധിച്ച്, ക്ഷോഭിച്ച് സംസാരിക്കേണ്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഞാനത് ഉള്‍ക്കൊള്ളുന്നു. ഒരാവശ്യവുമില്ലാതെ ഒരിക്കല്‍ പോലും ശബ്ദമുയര്‍ത്തിയിട്ടില്ല. പക്ഷേ അത്തരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ അപ്പുറത്തുനിന്ന് ഒഴിവാക്കേണ്ടതുണ്ട്.
'തെറ്റുപറ്റിയാല്‍ തിരുത്താന്‍ ഒട്ടും മടിയില്ല'
ചര്‍ച്ചകളുടെ ശൈലിയില്‍ മാറ്റം വരണമെങ്കില്‍ ഓരോരുത്തര്‍ക്കും നല്‍കുന്ന സ്ലോട്ടില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്ന് അവരവര്‍ ഉറപ്പുവരുത്തണം. മറ്റുള്ളവര്‍ക്ക് കൗണ്ടര്‍ ചെയ്യാന്‍ സമയം ലഭിക്കുമ്പോള്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണം. തിരുത്തലുകളുണ്ടെങ്കില്‍ അത് അവതരിപ്പിക്കാം. പക്ഷേ പാനലിസ്റ്റുകള്‍ പറയുന്നതില്‍ വസ്തുതാപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടേണ്ട ബാധ്യത അവതാരകന്റേത് കൂടിയാണ്. പിശകുണ്ടായാല്‍ അവിടെ തന്നെ ആങ്കര്‍ ഇടപെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ പാര്‍ട്ടി പ്രതിനിധി അത് പറഞ്ഞുപോവുകയും ആ ക്ലിപ്പ് ആളുകള്‍ വൈറലാക്കുകയും ചെയ്യും. എന്നാല്‍ അടുത്ത ഊഴത്തില്‍ അതിനുള്ള വിശദീകരണമോ മറുപടിയോ ഉണ്ടായത് വൈറലായെന്നും വരില്ല. അപ്പോള്‍ ആദ്യത്തെ പരാമര്‍ശം അതുപോലെ സമൂഹ മാധ്യമങ്ങളില്‍ എക്കാലവും കറങ്ങുകയും ചെയ്യും. തെറ്റെന്ന് തോന്നുന്നത് അപ്പപ്പോള്‍ തിരുത്തി പോകണമെന്ന് ചുരുക്കം. എന്റെ ശൈലിയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. നേതൃത്വമോ പൊതുസമൂഹമോ പറയുകയാണെങ്കില്‍ തിരുത്താന്‍ മടിയുമില്ല. അല്ലാതെ എംബി രാജേഷോ സിപിഎമ്മോ പറയുന്നത് കേട്ട് നിലപാടുകളിലോ ശൈലിയിലോ മാറ്റം വരുത്തേണ്ട കാര്യമില്ല. ഞാനൊരു കുഴപ്പക്കാരനാണെന്നും തോന്നുംപടി സംസാരിക്കുന്നുവെന്നും വരുത്താന്‍ സിപിഎം കിണഞ്ഞുശ്രമിക്കുകയാണ്. അത് അവര്‍ ചെയ്‌തോട്ടെ, ഒരു പ്രശ്നവുമില്ല. അവരുടെ വേവലാതിയെന്തെന്ന് എനിക്കും നാട്ടുകാര്‍ക്കുമറിയാം. ജൂലൈ 5 ന് ശേഷം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചാനല്‍ചര്‍ച്ചകളിലും പുറത്തും ഞാനുയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും അവര്‍ക്ക് മറുപടിയില്ല. അവരുടെ കള്ളങ്ങള്‍ രേഖകള്‍ ആധാരമാക്കി എണ്ണിയെണ്ണി പൊളിച്ചടുക്കിയിട്ടുണ്ട്. എംബി രാജേഷും സിപിഎമ്മും സ്വയം നിയന്ത്രിക്കുകയും തിരുത്തുകയും ചെയ്തിട്ടുവേണം മറ്റുള്ളവരെ ഉപദേശിക്കാന്‍.
ചര്‍ച്ചകള്‍ക്ക് സമയമെടുത്ത് ഗൃഹപാഠം ചെയ്യാറുണ്ട്. അതിന് സാധിക്കില്ലെന്ന് തോന്നിയാല്‍ പോകാറുമില്ല. നമ്മള്‍ തയ്യാറെടുത്ത് പോവുകയും രേഖകള്‍ മുന്‍നിര്‍ത്തി ആധികാരികമായി സംസാരിക്കുകയും ചെയ്യുമ്പോള്‍ എതിരിലിരുന്ന് വിവരക്കേടുകള്‍ മാത്രം വിളിച്ചുപറയുമ്പോള്‍ അസ്വസ്ഥനാകാറുണ്ട്. അത് സ്വാഭാവികമായി സംഭവിച്ചുപോകുന്നതാണ്. നമ്മള്‍ മനുഷ്യരാണല്ലോ. എല്ലാം കടിച്ചുപിടിച്ചിരുന്നാല്‍ അഭിനയമായിപ്പോകും. പക്ഷേ മാന്യത വിട്ട് പെരുമാറാറില്ലെന്ന ഉറച്ചബോധ്യമുണ്ട്. വസ്തുതാപരമായ വാദമുഖത്തോടെയേ ക്ഷുഭിതനായിട്ടുള്ളൂവെന്ന് ഉറപ്പിച്ച് പറയാനാകും. രൗദ്രഭാവമാണ് എനിക്കെന്ന് ചിലര്‍ പരാതി പറയാറുണ്ട്. അതെല്ലാം പ്രേക്ഷകര്‍ വിലയിരുത്തട്ടെ.
'ദേശീയ - സംസ്ഥാന സാഹചര്യങ്ങള്‍ വ്യത്യസ്തം'
ചാനല്‍ ചര്‍ച്ചകളില്‍ ദേശീയ, സംസ്ഥാന സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. രാജീവ് ത്യാഗിയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ വാദങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയിരിക്കുന്നത്.അതില്‍ കൃത്യമായ അന്വേഷണം വേണം. ചാനല്‍ ചര്‍ച്ചകളുടെ സ്വഭാവം മാറണമെന്ന രീതിയില്‍ മുന്നോട്ടുവെയ്ക്കപ്പെട്ട ആശയങ്ങള്‍ അതേ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും വേണം. റിപ്പബ്ലിക് ചാനലില്‍ ഞാന്‍ ചര്‍ച്ചയ്ക്ക് പോയിട്ടുണ്ട്. വരുന്നവരെ പരമാവധി പ്രകോപിപ്പിക്കുന്ന രീതിയാണ് അര്‍ണബിന്റേത്. നമ്മളെ പ്രകോപിപ്പിച്ച് വയലന്റാക്കി ഇറക്കിവിടുന്ന രീതിയാണ് അവര്‍ പിന്‍പറ്റുന്നത്. പക്ഷേ കേരളത്തിലെ സാഹചര്യം പൊതുവെ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
'സന്ദീപ് വാര്യര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു'
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തെ ഒരു ചാനല്‍ ചര്‍ച്ച ഉയര്‍ത്തിയാണ് എംബി രാജേഷ് എന്നെ വിമര്‍ശിക്കുന്നത്. സന്ദീപ് വാര്യരുമായി വാഗ്വാദമുണ്ടായ ക്ലിപ്പിംഗ് സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള വിവാദമാണ് വിഷയം. ആ ചര്‍ച്ച പൂര്‍ണമായി കണ്ടാലറിയാം, സന്ദീപ് വാര്യര്‍ ആദ്യം മിണ്ടാതിരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഫോണില്‍ സന്ദേശം വന്നുവെന്നും തുടര്‍ന്ന് അദ്ദേഹം പ്രകോപിതനാവുകയും ചെയ്തെന്നാണ് മനസ്സിലാക്കുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന് കിട്ടിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ക്ഷുഭിതനായത്. അതിന് ആ രീതിയില്‍ തന്നെ ഞാന്‍ മറുപടി നല്‍കി. അത് അവിടെ കഴിഞ്ഞു. അതിനുശേഷം എത്രയോ ചര്‍ച്ചകളില്‍ ഞാനും സന്ദീപും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'എംബി രാജേഷ് പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്നു'
ഷംസീറുമായുള്ള ഒരു ചര്‍ച്ചയില്‍ വിഡ്ഢിച്ചിരി എന്ന പരാമര്‍ശം ഞാന്‍ നടത്തിയിരുന്നുവെന്നത് വസ്തുതയാണ്. അതുകഴിഞ്ഞ് വേറൊരു ചര്‍ച്ചയില്‍ ആനത്തലവട്ടം ആനന്ദന്‍ എന്നോട് വിഡ്ഢിച്ചിരി ചിരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അതിലൊന്നും കുഴപ്പമില്ല. ഒരുപക്ഷേ അവര്‍ കൗണ്ടറായി അടുത്ത ദിവസം ആനത്തലവട്ടത്തെക്കൊണ്ട് അങ്ങനെ പറയിച്ചതാകാം.അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുകയായിരുന്നു. അദ്ദേഹത്തോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് ഞാന്‍ അതില്‍ പറയുന്നുമുണ്ട്. പക്ഷേ സിപിഎം അതെല്ലാമെടുത്ത് എനിക്കെതിരെ പ്രചരിപ്പിക്കുകയാണ്. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന എംബി രാജേഷിനും എം സ്വരാജിനും എന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനാകുന്നില്ലെന്നതാണ് വസ്തുത. അത് അവരുടെ വ്യക്തിപരമായ ഇമേജിനെ ബാധിക്കുന്നുമുണ്ട്. അവരെ പാര്‍ട്ടി നിയോഗിക്കുന്നതായതിനാല്‍ ഒഴിയാനും പറ്റില്ലെന്ന സ്ഥിതിയാണ്. എംബി രാജേഷ് ചാനലുകളില്‍ വന്നിരുന്ന് മനപൂര്‍വമോ അല്ലാതെയോ നിരവധി കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ട്. തെറ്റുകള്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ തയ്യാറായിട്ടുമില്ല. രണ്ട് ഉദാഹരണങ്ങള്‍ പറയാം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി മാത്രമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ലെന്നും എംബി രാജേഷ് പല ചര്‍ച്ചകളിലും പറഞ്ഞു. അദ്ദഹം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന് രേഖകള്‍ ഉയര്‍ത്തിക്കാട്ടി ഞാന്‍ പറഞ്ഞു. അറിയാഞ്ഞിട്ടാണോ അറിഞ്ഞുകൊണ്ട് തെറ്റുവരുത്തുകയാണോയെന്നും ചോദിച്ചു. അതിന് അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല. ഇ മൊബിലിറ്റി പദ്ധതിയില്‍ ഫയല്‍ ഒറിജിനേറ്റ് ചെയ്തത് ഐടി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ ഭാഗത്തുനിന്നാണെന്നായിരുന്നു രാജേഷിന്റെ വാദം. അത് കള്ളമാണെന്ന് രേഖകള്‍ സഹിതം ഞാന്‍ തെളിയിച്ചുണ്ട്. അതും തിരുത്താന്‍ തയ്യാറായില്ല. രാജേഷിനെ പോലെ ഉത്തരവാദപ്പെട്ടവര്‍ പച്ചക്കള്ളം എഴുന്നള്ളിക്കുന്നതില്‍ ഒരു തെറ്റുമില്ല, പകരം ഞാന്‍ പ്രകോപിതനാകുന്നതുമാത്രമാണ് കുറ്റമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും ജ്യോതികുമാര്‍ ചാമക്കാല ചോദിക്കുന്നു.