വർഷങ്ങൾക്ക് മുമ്പ് ആർത്തവരക്തം തടയാൻ സ്ത്രീകൾ ഇന്ന് അശാസ്ത്രീയമെന്ന് തോന്നുന്ന പല മാർഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഈ അടുത്ത കാലം വരെ തുണിക്കഷ്ണങ്ങൾ ഉപയോഗിച്ചായിരുന്നു സ്ത്രീകൾ ആർത്തവരക്തത്തെ പ്രതിരോധിച്ച് നിർത്തിയത് (ഇപ്പോഴും അത് തുടരുന്നവരുണ്ട്). പിന്നീട് സാനിറ്ററി പാഡ് വന്നു. ഇപ്പോൾ മെൻസ്ട്രൽ കപ്പും രംഗപ്രവേശം ചെയ്തു. തുണിക്കഷണങ്ങളിൽ നിന്ന് സാനിറ്ററി പാഡും സാനിറ്ററി പാഡിൽ നിന്ന് മെൻസ്ട്രൽ കപ്പും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
തുണി ഉപയോഗിച്ചിരുന്നപ്പോൾ...
പാഡിന്റെ കടന്നുവരവിന് മുമ്പ് ആർത്തവ രക്തത്തെ തടയാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നത് തുണിക്കഷ്ണങ്ങൾ ആയിരുന്നു. താൽക്കാലിക ആശ്വാസം നൽകിയിരുന്നെങ്കിലും പലപ്പോഴും രക്തം തുണിയിൽ നിൽക്കാതെ പുറത്തേക്ക് പടരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. തുണികൾ പെട്ടെന്ന് നനയുകയും ഒരു ദിവസത്തിൽ തന്നെ പലതവണ തുണി മാറ്റി വെക്കേണ്ടിയും വന്നു. ആർത്തവ കാലത്ത് സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ അന്ധവിശ്വാസങ്ങളുടെ മേമ്പൊടി കൂടിയായപ്പോൾ അക്കാലത്ത് ആർത്തവം സ്ത്രീകളുടെ ഏറ്റവും വലിയ ദുരിതമായി മാറി.
സാനിറ്ററി പാഡിലേക്ക് മാറുമ്പോൾ
മുറിവേറ്റ സൈനികരുടെ രക്തവാർച്ച തടയുന്നതിനായി ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ കണ്ടെത്തിയ ഡിസ്പോസിബിൾ നാപ്കിനിൽ നിന്നായിരുന്നു സാനിറ്ററി പാഡിനെ കുറിച്ചുള്ള ആദ്യ ചിന്ത. 1880കളിലായിരുന്നു ഇത്. 1957 ൽ മേരി കെന്നെർ എന്ന ആഫ്രിക്കൻ അമേരിക്കൻ ഇൻവെന്റർ ഏകദേശം ഇന്ന് കാണുന്ന രൂപത്തിലുള്ള സാനിറ്ററി പാഡിന് രൂപം നൽകി. ഉപകാരം ഏറെയുണ്ടെങ്കിലും സാനിറ്ററി പാഡിന് പരിമിതികളുമുണ്ട്. നനയാൻ പാടില്ലാത്തതിനാൽ നീന്താനോ വെള്ളത്തിൽ ഇറങ്ങാനോ സ്വസ്ഥമായൊന്ന് മഴ നനയാൻ പോലുമോ കഴിയില്ല. സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂർ കൂടുമ്പോൾ മാറ്റിവെക്കേണ്ടി വരും. ചിലർക്ക് അതിന് മുന്നേയും മാറ്റേണ്ടി വന്നേക്കും. പുറത്തേക്ക് രക്തം പടരുമോ എന്ന ടെൻഷൻ കൊണ്ട് ചെയ്യുന്ന കാര്യം കൃത്യമായി പൂർത്തിയാക്കാൻ പോലും പലപ്പോഴും പറ്റിയെന്ന് വരില്ല. യോനീനാളത്തിനു പുറത്തായി ക്രമീകരിക്കുന്നതിനാൽ പാഡ് അല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ രക്തം പുറത്തേക്ക് പടരാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക്കും പഞ്ഞിയും ചേർന്ന വസ്തുവിൽ രക്തം ചേർന്ന് വായു സഞ്ചാരം കുറഞ്ഞ ഇടത്ത് ഇരിക്കുന്നതിനാൽ ചൊറിച്ചിലും അല്ലർജിയും മറ്റു ധാരാളം അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
സാമ്പത്തികമായും പാഡുപയോഗം സ്ത്രീകൾക്ക് വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. ഒരു സാനിറ്ററി പാഡ് കൂടിപ്പോയാൽ 6 മണിക്കൂർ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഈ കണക്കിന് ഒരു ദിവസം ഒരാൾക്ക് 4 പാഡുകൾ ആവശ്യമായി വരും. മാസത്തിൽ 5 ദിവസം രക്തസ്രാവമുള്ള ഒരാൾക്ക് ഒരു മാസം 20 പാഡുകൾ വേണ്ടിവരുമെന്ന് ചുരുക്കം. 6 പാഡുകൾ അടങ്ങുന്ന ഒരു പാക്കറ്റിന് 45 രൂപയാണ് സാധാരണയായി ഈടാക്കുന്നത്. ഈ കണക്ക് പ്രകാരം ഒരു സ്ത്രീ കുറഞ്ഞത് ഒരു മാസം 3 പാക്കറ്റ് പാഡെങ്കിലും വാങ്ങേണ്ടതായി വരുന്നു. ഒരു വർഷം 1620 രൂപയുടെ പാഡ് ഒരു സ്ത്രീ ഉപയോഗിക്കുന്നു. ഇതിന്റെ സംസ്കരണമാണ് അടുത്ത പ്രശ്നം. പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുക ഒരിക്കലും സാധ്യമല്ല. കത്തിക്കുകയോ മണ്ണിൽ വലിച്ചെറിയുകയോ ചെയ്യുന്നതാണ് പലപ്പോഴും ആളുകൾ ചെയ്യുന്നത്.
മെൻസ്ട്രൽ കപ്പിലേക്ക്
1867 ൽ എസ്.എൽ ഹോക്കർട്ട് ഇന്ന് കാണുന്ന മെൻസ്ട്രൽ കപ്പിന്റെ ആദ്യരൂപം നിർമ്മിച്ചു. 1932 ൽ മക്ഗ്ലോസാൻ, പെർക്കിൻസ് എന്നിവർ ചേർന്ന് ബുള്ളറ്റ് രൂപത്തിലുള്ള മെൻസ്ട്രൽ കപ്പുകൾ തയ്യാറാക്കി. ഇതിനുശേഷം 1937ൽ ലിയോണ ചാൾമേഴ്സ് എന്ന നടിയാണ് അല്പം കൂടി സൗകര്യപ്രദമായ കപ്പുകൾ കൊണ്ടുവരുന്നത്. 1960കളിൽ ടാസ്സ്‌വേ ബ്രാൻഡ് മെൻസ്ട്രൽ കപ്പുകൾ പുറത്തിറക്കിയെങ്കിലും വാണിജ്യപരമായി വിജയിച്ചില്ല. ആദ്യത്തെ മെൻസ്ട്രൽ കപ്പുകൾ ഉണ്ടാക്കിയിരുന്നത് റബ്ബറുകൊണ്ടായിരുന്നു. 2001 ൽ യു.ക്കെ നിർമ്മിച്ച മൂൺകപ്പ് ആയിരുന്നു ലോകത്തിലെ ആദ്യത്തെ സിലിക്കൺ മെൻസ്ട്രൽ കപ്പ്. ഇന്ന് നാം ഉപയോഗിക്കുന്ന മെൻസ്ട്രൽ കപ്പുകൾ ഫ്ലെക്സിബിൾ മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
യോനി നാളത്തിനകത്തേക്ക് കയറ്റി വെക്കാവുന്ന ഏറ്റവും സുഖപ്രദമായ സംവിധാനമാണിത്. യോനി നാളത്തിനുള്ളിലായി ഗർഭാശയ മുഖത്തിനു മുൻപിലാണ് കപ്പ് വക്കുന്നത്. പാഡുകളും ടാബൂണുകളും രക്തത്തെ വലിച്ചെടുക്കുമ്പോൾ മെൻസ്ട്രൽ കപ്പ് രക്തത്തെ ശേഖരിക്കുന്നു. യോനിക്കകത്ത് വക്കുന്നതിനാൽ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാവുകയില്ല എന്നത് വളരെ വലിയ കാര്യമാണ്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചാൽ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ വസ്തുതയാണ്. ഗർഭധാരണവും മെൻസ്ട്രൽ കപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. മെൻസ്ട്രൽ കപ്പ് പല വലിപ്പത്തിലുണ്ട്, ഓരോ ആളുകൾക്കും വത്യസ്ത അളവുകൾ ആയിരിക്കും. പ്രായത്തെയും മറ്റു ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തി ഇതിന്റെ വലിപ്പം നിർണ്ണയിക്കുന്നു.
പാഡുമായി തുലനം ചെയ്യുമ്പോൾ സാമ്പത്തികമായും മെൻസ്ട്രൽ കപ്പ് ലാഭകരമാണ്. ഒരു മെൻസ്ട്രൽ കപ്പ് 6 വർഷം വരെ ഉപയോഗിക്കാം. ഒരു കപ്പിന് 200 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ഓരോ തവണത്തെ ഉപയോഗത്തിന് ശേഷവും കഴുകി പിന്നീട് ഉപയോഗിക്കാം എന്നതിനാൽ പാരിസ്ഥിതിക പ്രശ്നവും ഉണ്ടാകില്ല. മെൻസ്ട്രൽ കപ്പ് നിറഞ്ഞുകവിഞ്ഞാലോ എന്നൊരു ഭയം ചിലർക്കെങ്കിലും ഉണ്ടാകാം. നിറയുമ്പോൾ അത് മനസിലാക്കാൻ സാധിക്കുമെന്നാണ് വസ്തുത. വസ്ത്രത്തിലും മറ്റും പടരുന്നതിന് മുൻപേ രക്തം കളഞ്ഞശേഷം വീണ്ടും ഉപയോഗിക്കാൻ കഴിയും.
ഉപയോഗിക്കാൻ വളരെ എളുപ്പവും സുരക്ഷിതവുമാണ് മെൻസ്ട്രൽ കപ്പുകൾ എന്നും, എന്നാൽ പലതരം ഭയങ്ങൾ കാരണം മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ ഇപ്പോഴും മടി കാണിക്കുന്നവരുണ്ട് എന്നും ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ.ശ്രുതി മോഹൻ പറയുന്നു. ഒരു തവണ ഉപയോഗിക്കുമ്പോൾ പോകാവുന്ന ഭയം മാത്രമാണിത്.
മെൻസ്ട്രൽ കപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡോക്ടർ ശ്രുതി മോഹൻ മറുപടി പറയുന്നു
ഗർഭധാരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ?
മെൻസ്ട്രൽ കപ്പും ഗർഭധാരണവുമായി യാതൊരു ബന്ധവുമില്ല. മെഡിക്കൽ ഗ്രേഡ് സിലിക്കൺ എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് മെൻസ്ട്രൽ കപ്പുകൾ നിർമ്മിക്കുന്നത്. ശരീരത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന വസ്തുവല്ല ഇത്. ശരീരത്തിനുള്ളിൽ ഉപയോഗിക്കുന്ന മറ്റു ഡിവൈസുകളും ഇതേ മെറ്റീരിയൽ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മെൻസ്ട്രൽ കപ്പ് നമ്മൾ പുറമെ വെക്കുന്നതേയുള്ളു. ഗർഭപാത്രത്തിൽനിന്ന് വരുന്ന ആർത്തവ രക്തം ശേഖരിക്കുക എന്നത് മാത്രമാണ് മെൻസ്‌ട്രൽ കപ്പിന്റെ ജോലി.
ലൈംഗികാഹ്ലാദത്തിൽ കുറവുണ്ടാകുമോ?
ലൈംഗികാഹ്ലാദവുമായി ബന്ധപ്പെട്ട് മെസ്ട്രൽ കപ്പിന് യാതൊരു റോളുമില്ല. ലൈംഗികാഹ്ലാദം യോനിയുടെ ഭാഗത്തെ നെർവ് സപ്ലൈയുമായി ബന്ധപ്പെട്ടിരിക്കുന്നു. യോനീ ഭാഗത്തെ രക്തക്കുഴലുകളെയോ നാഡികളെയോ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും മെൻസ്ട്രൽ കപ്പ് ചെയ്യുന്നില്ല.
യോനീനാളത്തിനു പകരം മറ്റെവിടെയെങ്കിലും കയറിപ്പോകുമോ?
യോനിയുടെ ഭാഗത്ത് മൂന്ന് ദ്വാരങ്ങളാണുള്ളത്. മൂത്രനാളം, യോനീനാളം, മലദ്വാരം എന്നിവ. അതിൽ ഏറ്റവും വലിയ ദ്വാരവും എന്തെങ്കിലും കയറാൻ സാധ്യതയുള്ളതും യോനീ നാളത്തിലാണ്. ഈ മൂന്ന് ദ്വാരങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാൽ യോനിക്കുള്ളിൽ നിന്നും കപ്പ് മറ്റൊരിടത്തേക്കും പോകാനോ, മറ്റൊരു ദ്വാരത്തിൽ കേറാനോ സാധ്യതയില്ല. ഗർഭപാത്രത്തിലേക്ക് കയറിപ്പോകുമെന്ന പേടിയും അസ്ഥാനത്താണ്.
കപ്പിന്റെ ഉപയോഗം വേദന ഉണ്ടാക്കുമോ?
പലയാളുകൾക്കും മെൻസ്ട്രൽ കപ്പ് കയറ്റിവക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ശരിയായ ധാരണയില്ല. നമ്മുടെ യോനിയുടെ ഡയമീറ്റർ ചിലപ്പോൾ മെൻസ്ട്രൽ കാപ്പിന്റേതിനേക്കാൾ ചെറുതായിരിക്കും. മെൻസ്ട്രൽ കപ്പിന്റെ ഡയമീറ്റർ കുറക്കാനുള്ള മെത്തേഡുകൾ ഉണ്ട്. C ഫോൾഡ്, L ഫോൾഡ് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തിൽ കപ്പിന്റെ ഡയമീറ്റർ കുറച്ച് യോനിക്കകത്തേക്ക് കയറ്റുകയാണെങ്കിൽ വേദന ഒഴിവാക്കാഴൻ സാധിക്കുന്നു. തള്ളിക്കയറ്റാനൊക്കെ നോക്കുമ്പോൾ ചിലപ്പോൾ വലിയ വേദനയുണ്ടാക്കും. മിക്കവരും മെൻസ്ട്രൽ കപ്പ് ഉപയോഗിച്ച് പരീക്ഷിച്ച് നോക്കുന്നത് ആർത്തവം ഇല്ലാത്ത സമയത്തായിരിക്കും. എന്നാൽ ആർത്തവ സമയത്തത്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഈ സമയത്ത് രക്തവും വഴുവഴുപ്പുള്ള ദ്രാവകവും കൊണ്ട് യോനി കുറച്ചുകൂടി അയഞ്ഞതായിരിക്കും. ഈ സമയത് മെൻസ്ട്രൽ കപ്പ് കയറ്റിയാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.
തിരികെയെടുക്കുമ്പോൾ യോനീനാളത്തിൽ മുറിവുണ്ടാകുമോ?
മെൻസ്ട്രൽ കപ്പ് തിരികെയെടുക്കുമ്പോൾ മുറിവോ ഒന്നും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. യോനീ ഭാഗം നന്നായി അയഞ്ഞിരിക്കുന്ന സമയമാണ് ആർത്തവ സമയം. അതുകൊണ്ട് തന്നെ മുറിവുകളുണ്ടാവാൻ സാധ്യത തീർത്തും കുറവാണ്. ആർത്തവമില്ലാത്ത സമയത് യോനി അല്പം വരണ്ടിരിക്കുന്നതിനാൽ ചിലപ്പോൾ നേരിയ പോറലുകൾക്ക് സാധ്യതയുണ്ട്.