എം ജെ, രാജ്യാന്തര പ്രേക്ഷകരിലെത്തിയ കാഴ്ച, റിയലിസ്റ്റിക് ഫ്രെയിമുകളുടെ സഹയാത്രികന്‍ 

എം ജെ, രാജ്യാന്തര പ്രേക്ഷകരിലെത്തിയ കാഴ്ച, റിയലിസ്റ്റിക് ഫ്രെയിമുകളുടെ സഹയാത്രികന്‍ 

Published on

ഒരു ദളിത് കുടുംബത്തിന് കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെടേണ്ടി വന്നതാണ് ഡോ ബിജുവിന്റെ പുതിയ സിനിമ വെയില്‍മരങ്ങളുടെ പ്രമേയം. ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ഔട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അവാര്‍ഡ് നേടിയ വെയില്‍മരങ്ങളെക്കുറിച്ചുള്ള ജൂറി പരാമര്‍ശത്തിലും അന്താരാഷ്ട്ര മാധ്യമങ്ങളിലെ നിരൂപണങ്ങളിലും എം ജെ രാധാകൃഷ്ണന്‍ എന്ന ഛായാഗ്രാഹകന്റെ ദൃശ്യവിന്യാസ പാടവത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. രാജ്യാന്തര പ്രേക്ഷക സമൂഹത്തിന് മുന്നിലേക്ക് താന്‍ ക്യാമറ ചലിപ്പിച്ച സിനിമകള്‍ തുടര്‍ച്ചയായി എത്തുമ്പോഴും, പുരസ്‌കാരങ്ങളുടെ തോഴനായിരിക്കുമ്പോഴും തുടക്കക്കാരനെന്നോ തഴക്കക്കാരനെന്നോ വേര്‍തിരിവില്ലാതെ സമാന്തര സിനിമകളുടെ വിളിപ്പുറത്ത് ദൃശ്യഭാഷയുടെ താളപ്പൊരുത്തവുമായി എന്നും എംജെ ഉണ്ടായിരുന്നു.

ഷാജി എന്‍ കരുണിന്റെ ഛായാഗ്രഹണ സഹായിയായി സിനിമയിലെത്തിയ എം ജെ രാധാകൃഷ്ണന്‍ നഖക്ഷതങ്ങളിലാണ് പഠനത്തിന് തുടക്കമിട്ടത്. സ്റ്റില്‍ ഫോട്ടാഗ്രാഫിയായിരുന്നു ഈ സിനിമയില്‍. ഷാജി എന്‍ കരുണിനെയാണ് എംജെ തന്റെ ഗുരുവായി കണ്ടതും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാത്തതിന്റെ കുറവ് നികത്തിയത് ഷാജി എന്‍ കരുണിന്റെ ശിക്ഷണത്തിലൂടെയാണ് എംജെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സ്വാഭാവിക പ്രകാശ ക്രമീകരണത്തിനായി എംജെ രാധാകൃഷ്ണന്‍ നടത്തുന്ന പരിശ്രമങ്ങളും പരീക്ഷണങ്ങളും ചലച്ചിത്രമേഖലയില്‍ ഛായാഗ്രഹണവുമായി ബന്ധിപ്പിച്ചുള്ള പ്രയോഗങ്ങളായി തന്നെ മാറിയിട്ടുണ്ട്. കൃത്രിമ പ്രകാശങ്ങളെ ഒഴിവാക്കി, മുറിക്കകത്ത് സ്വാഭാവിക പ്രകാശമൊരുക്കാന്‍ ഓടിളക്കി മാറ്റിയിരുന്നതും നാചുറല്‍ ലൈറ്റിനെ കൂടുതല്‍ ആശ്രയിച്ചാല്‍ മതിയെന്ന നിര്‍ബന്ധവും നമ്മുടെ സിനിമകളിലെ ദൃശ്യസംവേദനത്തിന്റെ കാര്യത്തില്‍ പുതിയ ശൈലിയായി. ജയരാജ് ചിത്രമായ കളിയാട്ടത്തിലെ തെയ്യം ചിത്രീകരണത്തില്‍ സ്വാഭാവിക അന്തരീക്ഷ സൃഷ്ടി എത്രമാത്രം ശ്രമകരമായിരുന്നുൂവെന്ന് എംജെ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. ഏറെയും രാത്രിയാണ് ചിത്രീകരിച്ചത്. ട്രോളി ഒഴിവാക്കിയായിരുന്നു ചിത്രീകരണം. മിറര്‍ റിഫ്‌ളക്ഷനിലാണ് ഇന്റീരിയര്‍ ചിത്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Photo Arun Punalur
Photo Arun Punalur

നാചുറല്‍ ലൈറ്റ്‌സിനെ കഴിഞ്ഞ് മതി കൃത്രിമ പ്രകാശ ക്രമീകരണങ്ങളെന്നത് ഡിജിറ്റല്‍ കാലത്തും എംജെയുടെ നിര്‍ബന്ധമായിട്ടുണ്ട്. ഒരു വര്‍ഷത്തോളമെടുത്താണ് ഡോ ബിജുവിന്റെ വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. മണ്‍റോ തുരുത്തിലെയും ഹിമാചലിലെയും മഞ്ഞും മഴയും വേനലും കൃത്രിമമായി നിര്‍മ്മിച്ചെടുക്കാതെ പ്രകൃതിയുടെ തനിഭാവങ്ങളായി തന്നെ എംജെയുടെ ക്യാമറക്കണ്ണിലൂടെ രാജ്യാന്തര പ്രേക്ഷകരിലെത്തി. എം ജെ രാധാകൃഷ്ണന്‍ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ തനിക്കൊപ്പമെത്തുമെന്ന് ഡോ ബിജു പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നിരുന്നില്ല. പ്രവര്‍ത്തിച്ച സംവിധായകരില്‍ മിക്കവരോടും തീവ്രമായ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഛായാഗ്രാഹകനുമായിരുന്നു എംജെ. ഡോ. ബിജു ഇതുവരെ ചെയ്ത എല്ലാ സിനിമകള്‍ക്കും ഛായാഗ്രാഹകനായി പകരമൊരാളെ ചിന്തിച്ചിരുന്നില്ല. എംജെയ്ക്ക് ലഭിച്ച ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം ഡോ ബിജു ചിത്രങ്ങളിലൂടെയാണ്. ബിജു സിനിമകളിലൂടെ രണ്ട് തവണ അന്തര്‍ദേശീയ പുരസ്‌കാരവും ലഭിച്ചു.

Photo Arun Punalur
Photo Arun Punalur

ക്യാമറയെ അദൃശ്യസാന്നിധ്യമാക്കി മിനിമം ലൈറ്റുകളിലൂടെ സാധ്യമാകുന്ന പ്രകാശക്രമീകരണം, അതിനൊപ്പമുള്ള ചിത്രീകരണം. വാണിജ്യധാരയില്‍ സിനിമാറ്റിക് റിയലിസം ആഘോഷമാകുന്ന കാലത്ത് പരീക്ഷണവ്യഗ്രതയോടെ മുന്നേറിയ ഈ പ്രതിഭയ്ക്ക് പ്രസക്തിയുമേറെയുണ്ട്. നവാഗതനായ ഫറൂഖ് അബ്ദുള്‍ റഹ്മാന്‍ പി കുഞ്ഞിരാമന്റെ ജീവിതവും കവിതയും പ്രമേയമാക്കി കളിയഛന്‍ ഒരുക്കിയപ്പോള്‍ സ്വയംകലഹിച്ചും പ്രകൃതിയെ പ്രണയിച്ചും കളിയരങ്ങില്‍ അമ്പരപ്പിച്ചും ഇണങ്ങിയും ഇടഞ്ഞും ഇടറിയും നീങ്ങുന്ന കുഞ്ഞിരാമന്റെ ജീവിതചിത്രം വരച്ചിടുന്നതില്‍ എംജെ രാധാകൃഷ്ണന്‍ എന്ന ഛായാഗ്രാഹകന്റെ പങ്കാളിത്തം നിര്‍ണായകമായിരുന്നു.

വാണിജ്യസ്വഭാവമുള്ള സിനിമകള്‍ക്ക് ഛായാഗ്രഹണം ചെയ്തിരുന്നുവെങ്കിലും സിപി പദ്മകുമാറിന്റെ സമ്മോഹനം എന്ന സിനിമ എംജെ രാധാകൃഷ്ണനെ സമാന്തര സിനിമകളിലെ പ്രധാനിയായി പ്രതിഷ്ഠിച്ചു. പിന്നീട് വാണിജ്യ സിനിമകളില്‍ നിന്നുള്ള വിളി കുറഞ്ഞു. അവാര്‍ഡ് സിനിമകളുടെ ക്യാമറാമാന്‍ എന്ന വിശേഷണം മാറ്റിനിര്‍ത്തുന്നതല്ല, തനിക്ക് ആഹ്ലാദം പകരുന്നതായിരുന്നുവെന്ന് എംജെ പറഞ്ഞിട്ടുണ്ട്. കാര്യമായ പൈസയില്ലാതെ സിനിമയോടുള്ള പാഷനുമായി വരുന്ന തുടക്കക്കാര്‍ രാധാകൃഷ്‌ണേട്ടന്‍ ഉണ്ടെങ്കില്‍ സിനിമ പൂര്‍ത്തിയാകുമെന്ന വിശ്വാസത്തില്‍ തന്നെ സമീപിക്കുന്നതായിരിക്കുമെന്ന് പിന്നീട് ഇദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

സ്ഥിരം ഛായാഗ്രാഹകനായിരുന്ന മങ്കട രവിവര്‍മ്മയ്ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ ഛായാഗ്രാഹകനായി കൂടെക്കൂട്ടിയത് എംജെയെ ആണ്. മോഹിനിയാട്ടം ഡോക്യുമെന്ററി മുതല്‍ പിന്നെയും എന്ന സിനിമ വരെ. ജയരാജിനൊപ്പം ദേശാടനം, കളിയാട്ടം, കരുണം, കണ്ണകി, സ്‌നേഹം, താലോലം, ഗുല്‍മോഹര്‍, ഒറ്റാല്‍ എന്നീ സിനിമകളില്‍ എംജെ ഛായാഗ്രാഹകനായി.

Photo Arun Punalur
Photo Arun Punalur

പ്രകൃതിയെയും മനുഷ്യനെയും ജൈവികമായി ദൃശ്യവല്‍ക്കരിക്കാന്‍ വെമ്പുന്ന ഛായാഗ്രാഹകനെയാണ് എംജെയുടെ ഫ്രെയിമുകളില്‍ കാണാറുള്ളത്. രാജീവ് അഞ്ചലിന്റെ അമ്മാനംകിളിയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായതെങ്കിലും മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയാണ് പുറത്തുവന്നത്. മനുഷ്യനെ പ്രകൃതിയുടെ മറുഭാവമായോ നേരേ തിരിച്ചോ അനുഭവപ്പെടുത്തുന്ന രീതിയില്‍ മനുഷ്യനെയും പ്രകൃതിയെയും ഇടകലര്‍ത്തിയുള്ള രംഗവിന്യാസങ്ങളാണ് എംജെ സിഗ്നേച്ചറായി സിനിമകളില്‍ മാറിയത്. മരണസിംഹാസനം, കരുണം, പുലിജന്മം, പപ്പിലിയോ ബുദ്ധ, കാട് പൂക്കുന്ന നേരം, ആകാശത്തിന്റെ നിറം,ഒറ്റാല്‍ എന്നിവ എടുത്തുപറയാനാകുന്ന വര്‍ക്കുകളുമാണ്

logo
The Cue
www.thecue.in