എസ്.ഡി.പി.ഐ സമ്മേളന റാലിയിൽ ഒരു കുട്ടി വിളിച്ച അത്യധികം പ്രകോപനപരവും ബഹുസ്വര സാമൂഹികജീവിതത്തെ പ്രശ്നകരമായി ബാധിക്കുകയും ചെയ്യുന്ന മുദ്രാവാക്യം യാദൃച്ഛികമായി വന്നതാണ് എന്ന് കരുതാൻ തരമില്ല. മൂപ്പേറിയ പോപ്പുലർ ഫ്രണ്ടുകാർ മുതൽ യുവാക്കൾ വരെ ആരവത്തോടെ ധ്വനികൂട്ടി അതേറ്റു വിളിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ആ കുട്ടിയെ ആഘോഷിക്കുന്ന അനേകം പോപ്പുലർ ഫ്രണ്ട് പ്രൊഫൈലുകളെയും കാണാനായി.
സംഘപരിവാർ ചെറുപ്രായത്തിലുള്ള കുട്ടികളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്ന വർഗീയവിപുലീകരണത്തിനുള്ള ശ്രമത്തിൽ നിന്ന് ഒട്ടും ഭിന്നമല്ല ഇത്. കേരളം പോലുള്ള ഒരു പ്രദേശത്ത് കുറേ വർഷങ്ങളായി ശ്രമിച്ചിട്ടും സംഘപരിവാറിന് അവർ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന സമൂഹത്തിനുള്ളിൽ നിന്നുപോലും കിട്ടിയിരുന്നത് വളരെ ചെറിയ പിന്തുണകൾ മാത്രമായിരുന്നു. പരസ്പരം വെറുക്കാൻ ശീലിച്ചവരല്ല മലയാളികൾ. ഭിന്നമതങ്ങളുടെ അനുയായികൾ ആകുമ്പോഴും ഏകസഹോദരരെപ്പോലെ പെരുമാറുകയും സ്നേഹിക്കുകയും ചെയ്യുന്ന പാരമ്പര്യം നമ്മുടെ സവിശേഷതയാണ്. ഇവിടെ ഹിന്ദുക്കൾ മാത്രം ഒരിടത്തും മുസ്ലിംകൾ മാത്രം മറ്റൊരിടത്തും ജീവിച്ചു പരസ്പരം വൈരം വളർത്തുന്ന രീതിയേയില്ല. എല്ലാവരും ഒന്നിച്ചാണ് താമസവും ഇടപഴകലുകളും. കൂട്ടുകൂടലും കളികളും. രാജ്യം മുഴുവൻ ബി.ജെ.പി സീറ്റുകൾ നേടുമ്പോഴും കേരളത്തിൽ പിന്നെയും പിന്നെയും അക്കാര്യത്തിൽ അവർ തോറ്റുപോകുന്നത് ഇവിടെ മനുഷ്യർ പരസ്പരം അറിയുന്നവരും ബഹുമാനിക്കുവരും ചെയ്യുന്നവരാണ് എന്നതിനാലാണ്.
പോപ്പുലർ ഫ്രണ്ട് മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ കൃത്യമായ വേരുകൾ ഉണ്ട്. അത് ജമാഅത്തെ ഇസ്‌ലാമിയുടെയും സലഫിസത്തിന്റേതും ആണ്. പി. കോയയോ ഇ. അബൂബക്കറോ ഒക്കെ ആകട്ടെ, ജമാഅത്തെഇസ്‌ലാമി പശ്ചാത്തലത്തിലൂടെ വളർന്നുവന്നവരാണ്. ജമാഅത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കൂടുതൽ അഗ്രസീവായി നടപ്പാക്കാനായിരുന്നു ഇവരുടെ യത്നങ്ങൾ. ജമാഅത്തിൽ നിന്ന് സിമിയിലേക്കും സിമിയിൽ നിന്ന് എൻ.ഡി.എഫിലേക്കും എൻ ഡി.എഫിൽ നിന്ന് പോപ്പുലർ ഫ്രണ്ടിലേക്കും പോപ്പുലർ ഫ്രണ്ടിൽ നിന്ന് എസ്.ഡി.പി.ഐയിലേക്കും അത് പേരിൽ മാറിയെങ്കിലും ഉള്ളിൽ പ്രകടിപ്പിക്കുന്ന ക്രൗര്യം മൗദൂദിയുടെയും തീവ്രസലഫിസത്തിന്റേതും ആണ്.
അപരൻ എന്ന് അവർ കരുതുന്ന എല്ലാവരോടുമുള്ള വിദ്വേഷം ആവോളം പ്രയോഗിക്കാൻ പ്രേരണ നൽകുന്ന ദർശനങ്ങളുടെ കൂടി ഉൽപ്പന്നമാണ് ആ സംഘടന. മൗദൂദികൾ വർഷങ്ങൾക്ക് മുമ്പേ ഇവിടെ പ്രചരിപ്പിച്ച ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ല, അതിനാൽ ജീവിക്കാൻ കൊള്ളാത്ത രാജ്യമാണ് എന്ന ബോധത്തിന്റെ പലതരം ബാധകൾ ഇപ്പോഴും ഉള്ളവരാണ് ഇവർ.
ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കൽ ഇസ്ലാമിസത്തിന്റെ രാഷ്ട്രീയ രൂപീകരണ ശ്രമങ്ങൾക്ക് മൗദൂദിയുടെ വാദങ്ങളെ സ്വീകരിക്കുമ്പോൾ മതപരമായ പല പ്രാക്ടീസുകൾക്കും ഇബ്നു അബ്ദുൽ വഹാബ് അടക്കമുള്ള സലഫിസത്തിന്റെ അക്രമോൽസുക രീതികൾക്ക് തുടക്കം കുറിച്ചവരെ പിന്തുണക്കുന്നവരാണ്. അതിനാൽ തന്നെ ഇവ രണ്ടിന്റെയും കേരളത്തിലെ വളർച്ച തോളോട് തോൾ ചേർന്നായിരുന്നു. ആചാരരീതികളിൽ മിക്കവയും സമമായിരുന്നു. സുന്നികളെ സമുദായത്തിന്റെ തന്നെ ഉള്ളിലുള്ളവരല്ല എന്ന മുദ്ര കുത്തിയും നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പിനെ ഭദ്രമാക്കിയ നേർച്ചകൾ പോലുള്ള സാമുദായിക ആചാരങ്ങളെ ഇസ്ലാമിന് പുറത്താക്കിയുമാണ് ഇവരുടെ പ്രചാരണങ്ങൾ ആരംഭിക്കുകയും വികസിക്കുകയും ചെയ്തത്. ആ രീതികൾ ഒക്കെ പലപ്പോഴും പോപ്പുലർ ഫ്രണ്ട് നേതാക്കൾ സംസാരിക്കുകയും അവരുടെ പ്രസിദ്ധീകരണങ്ങൾ പ്രഘോഷിക്കുകയും ചെയ്യുന്നത് കാണാം. ദർഗകൾ തകർക്കണം എന്നത് ഐസിസിന്റെയും സലഫിസത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ഒക്കെ ആശയമായി വരുന്നത്-ഇവരുടെ പ്രാക്ടീസുകളിലും എഴുത്തുകളിലും കാണാം. സമാനമായ വിധത്തിലാണ് ബഹുസ്വര ജീവിതം നയിക്കുകയും എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്ന സൂഫി മുസ്ലിംകളോടുള്ള ഇവരുടെ നിലപാടും. പോപ്പുലർ ഫ്രണ്ടിന് ജമാഅത്തെ ഇസ്ലാമിയുമായുള്ള ആശയബന്ധുത്വത്തെ അധികരിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ലൈവിൽ എഴുതിയ ലേഖനത്തിനു ചുവടെ ഇവരുടെ അനുയായികളിൽ പലരും ആക്ഷേപിക്കാൻ ഉന്നയിച്ച കാര്യം ഈ എഴുതിയവൻ ഒരു സുന്നി മുസ്‌ലിം ആണെന്നും ദർഗകളിൽ പോകുന്ന ആളാണ് എന്നതുമൊക്കെ ആയിരുന്നു.
ഇത്രയും വിശദീകരിച്ചത് പോപ്പുലർ ഫ്രണ്ട് കുട്ടികളിലേക്ക് അടക്കം കുത്തിവെക്കുന്ന അപരവിദ്വേഷം യാദൃച്ഛികമായി സംഭവിക്കുന്നതല്ല എന്ന് സൂചിപ്പിക്കാനാണ്. അപരൻ എന്ന് അവർ കരുതുന്ന എല്ലാവരോടുമുള്ള വിദ്വേഷം ആവോളം പ്രയോഗിക്കാൻ പ്രേരണ നൽകുന്ന ദർശനങ്ങളുടെ കൂടി ഉൽപ്പന്നമാണ് ആ സംഘടന. മൗദൂദികൾ വർഷങ്ങൾക്ക് മുമ്പേ ഇവിടെ പ്രചരിപ്പിച്ച ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ല, അതിനാൽ ജീവിക്കാൻ കൊള്ളാത്ത രാജ്യമാണ് എന്ന ബോധത്തിന്റെ പലതരം ബാധകൾ ഇപ്പോഴും ഉള്ളവരാണ് ഇവർ. ഇവിടെ ദൈവികഭരണം അല്ലാത്തതിനാൽ വോട്ടു ചെയ്യാനോ സർക്കാർ ജോലി സ്വീകരിക്കാനോ പാടില്ലെന്ന അപകടകടകരമായ മൗദൂദിയൻ നിലപാട് വാസ്തവത്തിൽ മുസ്ലിം അല്ലാത്ത അന്യരോടുള്ള വേർത്തിരിവിനെ അവർ എങ്ങനെ നിർമിക്കുന്നു എന്നു കൂടി കാണിക്കുന്നു. സമാധാനം ആഗ്രഹിക്കുന്ന, പരസ്പരം ബഹുമാനിക്കുന്ന ഈ രാജ്യത്തെ 99 ശതമാനം വരുന്ന മുസ്ലിംകളുടെ ജീവിതത്തെത്തന്നെ അപകടത്തിലാക്കാനേ ഇത്തരം സംഘടനകളും അവരുടെ വിദ്വേഷനിലപാടുകളും സഹായിക്കുകയുള്ളു.
സർക്കാർ ചെയ്യേണ്ടത് ഈ വിഷയം സൂക്ഷ്മമായി അന്വേഷിക്കുകയും ഈ കുട്ടിയെ ഇത്തരം വിഷമുദ്രാവാക്യം വിളിക്കാൻ പരിശീലിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയുമാണ്. ഇപ്പോഴും ഈ കുട്ടിയെ ആഘോഷിക്കുന്ന പോപ്പുലർ ഫ്രണ്ട് പ്രൊഫൈലുകൾ വിളിച്ചു പറയുന്നുണ്ട്, അവരുടെ തീവ്രതയും മോഹങ്ങളും. പരസ്പരം അറിഞ്ഞുകഴിയുന്ന വിവിധ സമുദായങ്ങൾക്കിടയിൽ തെറ്റായ ധാരണകൾ രൂപപ്പെടുത്താൻ വർഗീയ പ്രചരണം നടത്തുന്നവരെ, മുസ്ലിംകളിൽ നിന്നായാലും ഹിന്ദുക്കളിൽ നിന്നായാലും ക്രൈസ്തവരിൽ നിന്നായാലും സമൂഹം ഒറ്റപ്പെടുത്തണം. സർക്കാർ ഇവരെ ജാഗ്രതയോടെ നിരീക്ഷിക്കണം. ശക്തമായ നടപടികൾ സ്വീകരിക്കണം. വർഗീയവാദികളിൽ നിന്ന് സമൂഹത്തെ രക്ഷിക്കുക എന്നത് നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മതപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ആണ്.