ഏറ്റുവിളിക്കുന്നവര്‍ മാറി ചിന്തിച്ചാല്‍ പീഠങ്ങള്‍ നീക്കം ചെയ്യപ്പെടും

ഏറ്റുവിളിക്കുന്നവര്‍ മാറി ചിന്തിച്ചാല്‍ പീഠങ്ങള്‍ നീക്കം ചെയ്യപ്പെടും
Published on
Summary

പീഠങ്ങളുണ്ടാക്കി വ്യക്തികളെ അതിലിരുത്തി ചിലപ്പോള്‍ ആള്‍ ദൈവങ്ങളെ എഴുന്നള്ളിച്ചു ജനാധിപത്യത്തെ ഒരനുചര വൃന്ദം വെല്ലുവിളിക്കുകയാണ്. ഈ വികാരം രൂപപ്പെടുത്തുന്നവര്‍ക്ക് സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ഏറ്റുവിളിക്കുന്ന വര്‍ മാറി ചിന്തിച്ചാല്‍ പീഠങ്ങള്‍ നീക്കം ചെയ്യപ്പെടും.

അമിതാധികാര പ്രവണത സമഗ്രമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ്. ജനാധിപത്യ സമൂഹത്തിന് ഇത് വലിയ ഭീഷണിയാണ്, തര്‍ക്കമില്ല. ഏകകക്ഷി സംവിധാനത്തിലും വ്യക്തി ആരാധന മൂര്‍ച്ഛിക്കുമ്പോഴുണ്ടാകുന്ന അപകടം 1930കള്‍ മുതല്‍ (അതോ അതിനു മുന്‍പോ - അറിയില്ല) സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ കാലത്ത് കണ്ടതാണ്. ഹിറ്റ്‌ലര്‍, മസ്സോളിനിമാരുടെ അമിതാധികാരത്തെപ്പറ്റി പറയേണ്ട കാര്യവുമില്ല. ഇന്ത്യയിലേക്ക് വരാം.

രണ്ടു തരം അമിതാധികാരം നമ്മള്‍ കണ്ടു. ഇന്ന് ഒരു തരമേ ഉള്ളൂ.

ഒന്ന് ഭരണകൂടത്തിന്റെ ദണ്ഡന ശക്തിക്ക് മുകളില്‍നിന്നു കൊണ്ട് പ്രയോഗിക്കുന്ന അമിതാധികാരം. രണ്ട്, ഇതില്ലാതെ അനുയായികളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സ് കീഴ്‌പ്പെടുന്ന അമിതാധികാരം. രണ്ടാമത്തേത് ഇന്നില്ല.

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു മഹാത്മാ ഗാന്ധി. Inner voice ഒരു കാര്യം ശരിയെന്ന് അദ്ദേഹത്തെ തോന്നിപ്പിച്ചാല്‍, എത്ര വലിയ ഭൂരിപക്ഷം എതിര്‍ത്താലും പിന്നെ ഗാന്ധി പിന്നോട്ടില്ല. ഒറ്റയാള്‍ എതിര്‍പ്പ്, മരണം വരെ ഉപവാസം എന്നിങ്ങനെ വരും ചെറുത്ത് നില്‍പ്പ്.

രണ്ട് ഉദാഹരണങ്ങളുണ്ട്. ഡോ:അംബേദ്കറിന് അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒപ്പിടേണ്ടി വന്ന പൂനാ സന്ധി. രണ്ട്, മഹാ ഭൂരിപക്ഷത്തോടെ കോണ്‍സ്സ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്രബോസിന് ഗാന്ധിജി പ്രഖ്യാപിച്ച നിസ്സഹകരണത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നത്.

ഏറ്റുവിളിക്കുന്നവര്‍ മാറി ചിന്തിച്ചാല്‍ പീഠങ്ങള്‍ നീക്കം ചെയ്യപ്പെടും
നേതൃത്വ പൂജകളിലൊന്നും ഇ.എം.എസിനെ കാണാനാകുമായിരുന്നില്ല, ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം

ഗാന്ധിജിക്ക് അധികാര ചിഹ്നങ്ങള്‍ വര്‍ജ്യമായിരുന്നു. അദ്ദേഹത്തിന്റെ പവ്വര്‍ അഥവാ അദ്ദേഹം ചെലുത്തിയ അമിതാധികാരത്തിന്റെ പ്രഭവ കേന്ദ്രം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും അദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയ രാഷ്രീയസന്യാസിവര്യനെന്ന സ്ഥാനവുമായിരുന്നു.

ഭരണാധികാരമില്ലാതെ ഇത്രയും അധികാരം സ്വന്തം വ്യക്തിത്വത്തിന്റെ പിന്‍ബലത്തില്‍ മറ്റാര്‍ക്കെങ്കിലും നമ്മുടെ രാജ്യത്തോ, ലോകത്തിന്റെ മറ്റു ഭാഗത്തോ ആധുനിക കാലത്ത് ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?

മാര്‍ക്‌സിന് ദാര്‍ശനിക ബൗദ്ധിക തലത്തില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനത മറ്റൊന്നാണ്. ഒരു പരിധി വരെ ജയപ്രകാശ് നാരായണന് കഴിഞ്ഞിട്ടുണ്ട്.

ഇനി ഭരണാധികാരികളുടെ കാര്യം. ഇന്ത്യയില്‍ അമിതാധികാരം പലയളവില്‍ സ്വാതന്ത്ര്യാനന്തര കാലത്ത് കണ്ടെങ്കിലും ചരിത്രത്തില്‍ അതിന്റെ ഉച്ചസ്ഥായി (High point) അടിയന്തരാവസ്ഥയാണ്. ഇന്ത്യ എന്നാല്‍ ഇന്ദിര, ഇന്ദിര എന്നാല്‍ ഇന്ത്യ- പ്ലൂറല്‍ രാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ കത്തി വച്ച ബറുവായിസം കഞ്ഞി പടര്‍ന്ന കാലം.

ഇനി ഒരു ഉദാഹരണം തമിഴ്‌നാടാണ്. Self Respect ആണിക്കല്ലായി സ്വീകരിച്ച ദ്രാവിഡ പ്രസ്ഥാനം വ്യക്തി പൂജയിലേക്കും കുടുംബാധിപത്യത്തിലേക്കും കൂപ്പുകുത്തിയത് 1970കള്‍ മുതല്‍ ക്രമേണയാണ്. 1990 കളില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ കാല്‍ തൊട്ടു വണങ്ങുന്നതില്‍ ചെന്നെത്തി Self-disrespect.

1990 കളില്‍ ഏകകഷി ഭൂരിപക്ഷം ഇല്ലാതായപ്പോള്‍, കൂട്ടായ നേതൃത്വം ഉടലെടുത്തപ്പോള്‍ അമിതാധികാരം തെല്ലൊന്ന് അപ്രത്യക്ഷമായി എന്ന് പറയാം.എന്നാല്‍, ഉയര്‍ന്നുവന്ന പ്രാദേശിക പാര്‍ട്ടികള്‍ കുടുംബാധിപത്യത്തിലേക്കും അഴിമതി ആരോപണങ്ങളിലേക്കും പെട്ടെന്ന് വഴുതിവീണു.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം ഉയര്‍ത്താന്‍ പ്രതിജ്ഞ എടുത്തവര്‍ സ്വന്തം കക്ഷിയില്‍ ഒരു ജനാധിപത്യവും അനുവദിച്ചില്ല. മറഞ്ഞു പോയി എന്ന് നാം കരുതുന്ന ഫ്യൂഡല്‍ പ്രവണതകള്‍ ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടങ്ങളായ രാഷ്ട്രീയപാര്‍ട്ടികളിലൂടെ പ്രത്യക്ഷപ്പെട്ട് നടമാടുകയാണ്.

Protocol and Privilege based political leadership and bureaucratic camp followers ഭരണകൂടത്തെ നയിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ അന്ത:സത്ത ചോരുന്നതില്‍ എന്ത അത്ഭുതമാണുള്ളത്?

ഐക്യമുന്നണി സംവിധാനം നിലവില്‍ വന്നശേഷം കേരളത്തില്‍ വ്യക്തി പ്രഭാവാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെട്ടില്ല.

Leader ല്‍ അധിഷ്ഠിത രാഷ്രീയത്തിന് പകരം വിഭാഗ താത്പ്പര്യങ്ങള്‍ക്ക് പരിഗണലഭിക്കുന്ന ഒരു സംവിധാനമാണ് 1967 മുതല്‍ കേരളത്തില്‍ ഉരുത്തി ഒത്തുവന്നത്. ഇ.എം.എസ്., സി.അച്ചുത മേനോന്‍ എന്നിവര്‍ക്ക് പോലും സമശീര്‍ഷരായ മന്ത്രിമാര്‍ ഉണ്ടായിരുന്നു. പിന്നീട് ഇതിന് പതിയെ മാറ്റങ്ങള്‍ വന്നു. നെഹ്റുവിന്റെ ഇന്ത്യ ഇന്ദിരയിലുടെ മോഡി കാലത്തെത്തിനില്‍ക്കുന്നു. കേരളം ഇ.എം.എസിലൂടെ കരുണകരിലേക്കും അവിടെ നിന്ന് പിണറായി വരെയും. ഈ കാലഘട്ടങ്ങളെ സൂക്ഷമമായി വിലയിരുത്താന്‍ സമയമായിട്ടുണ്ട്.

പൊതുവില്‍ ഇന്ത്യന്‍, (അതിന്റെ ഭാഗമായ)കേരള സമൂഹങ്ങളില്‍ ഭിന്നസ്വരം പ്രകടിപ്പിക്കാനുള്ള ആര്‍ജ്ജവം ക്രമാനുഗതമായി കുറഞ്ഞു വരികയാണ്.ഇതിന് കാരണങ്ങള്‍ പലതാണ്. ഒന്ന്, വളര്‍ന്നു വരുന്ന ആശ്രിത മനോഭാവം. സ്ഥാനലബ്ധിക്കും, അത് നിലനിര്‍ത്താനും വിധേയത്വം അനിവാര്യമാകുന്ന അവസ്ഥ. രാഷ്ട്രീയ ഭാവി ഒരു മത്സര വിജയത്തിന്റെ അടിസ്ഥാനത്തിലാകുന്നു ഒരു യജമാനന്‍, യജമാന കുടുംബം പ്രഥമ ഗണനീയരായും അവരുടെ പ്രീതിക്കായി മത്സരിക്കുന്ന അനുയായികള്‍. പണ്ട് മട്ടാഞ്ചേരിയില്‍ മൂപ്പന്റെ ചാപ്പയ്ക്ക്വേണ്ടി അടികൂടിയ പട്ടിണി പാവങ്ങളെ മോചിപ്പിച്ച പ്രസ്ഥാനങ്ങള്‍ പാരമ്പര്യം മറന്നു പോയോ എന്ന സംശയം പരക്കെ ഉയരുന്നു.

ഇന്ന് നമ്മടെ നാട്ടില്‍ ഒരു പൊതുവെ ഒരു fear psychosis നിലവിലുണ്ട്. ഭയം പലതരം. അമിതാധികാരലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ സ്ഥാനം പോകുമെന്ന ഭയം career politicians ,bureaucrats ന്റെ ഇടയില്‍ വ്യാപകമാണ്.

അമിതാധികാരം വ്യക്തി അധിഷ്ഠിതമാകാം, മതാധിഷ്ഠിതമാകാം, മറ്റ് പ്രത്യയ ശാസ്ത്രാധിഷിതമാകാം. ഭയം എന്ന വികാരമാണ് അമിതാധികാരത്തെ നട്ടുനനച്ച് വളര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം എം.ടി. പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ച, ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്നതിലേക്ക് ചുരുങ്ങുന്നു. കക്ഷിരാഷ്ട്രീയ ധ്രുവീകൃത സമൂഹത്തില്‍ നിന്നും, മാദ്ധ്യമ അജണ്ടകള്‍ നയിക്കുന്ന പൊതുമണ്ഡലത്തില്‍ നിന്നും ഇതിലപ്പുറം ഒന്നും പ്രതീക്ഷക്കാനാവില്ല.

Malaise is deep.

ഇത് കണ്ടില്ലെങ്കില്‍ അപകടത്തിലാവുന്നത് ജനാധിപത്യമാണ്.

1959-ല്‍ ഒരു ലോക് സഭാസംവാദത്തില്‍ എസ്.എ. ഡാങ്കേ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിനോട് പറഞ്ഞു -ജനങ്ങള്‍ അങ്ങയെ അവരുടെ മനസ്സിലെ പീഠത്തില്‍ നിന്നും താഴെ ഇറക്കായിരിക്കുന്നു എന്ന്.

താന്‍ അതില്‍ അതീവ സന്തുഷ്ടനാണെന്നും തന്നെയല്ല ആരെയും പീഠത്തിലിരുത്തരുതെന്നും ജവഹര്‍ലാല്‍ നെഹ്റു മറുപടി പറഞ്ഞു.

പീഠങ്ങളുണ്ടാക്കി വ്യക്തികളെ അതിലിരുത്തി ചിലപ്പോള്‍ ആള്‍ ദൈവങ്ങളെ എഴുന്നള്ളിച്ചു ജനാധിപത്യത്തെ ഒരനുചര വൃന്ദം വെല്ലുവിളിക്കുകയാണ്. ഈ വികാരം രൂപപ്പെടുത്തുന്നവര്‍ക്ക് സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ഏറ്റുവിളിക്കുന്നവര്‍ മാറി ചിന്തിച്ചാല്‍ പീഠങ്ങള്‍ നീക്കം ചെയ്യപ്പെടും. ജനാധിപത്യം സമ്പുഷ്ടമാകും. പ്രതീക്ഷിക്കാന്‍ കൊള്ളാം. നമ്മള്‍ ഏറെ ദൂരം മടക്കയാത്ര നടത്തേണ്ടിയിരിക്കുന്നു. എളുപ്പമാണോ? അല്ല എന്നത് ഉറപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in