വിയോജിക്കുന്നവരെ കേന്ദ്രവും ആര്‍എസ്എസും പൊതുശത്രുവാക്കും,തുടര്‍വേട്ടകള്‍ക്ക് ന്യായീകരണം ചമയ്ക്കും:വിനോദ് കെ ജോസ്
ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനത്തിലെ തന്റെ വാദങ്ങളെ വസ്തുതാവിരുദ്ധമെന്ന് പ്രസാര്‍ഭാരതി ചെയര്‍മാന്‍ സൂര്യ പ്രകാശ് വിമര്‍ശിച്ചതില്‍ നിലപാട് വ്യക്തമാക്കി ദ കാരവന്‍ മാഗസിന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്. സംഘാടകരായ യുകെ, കാനഡ സര്‍ക്കാരുകള്‍ക്ക് അയച്ച വിശദമായ കത്തിലാണ് വിനോദ് കെ ജോസ് തന്റെ വാദങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ജൂലൈ 10,11 തിയ്യതികളിലായാണ് ലണ്ടന്‍, കാനഡ സര്‍ക്കാരുകള്‍ സംയുക്തമായി ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനം സംഘടിപ്പിച്ചത്. 100 ലേറെ രാജ്യങ്ങളില്‍ നിന്നായി മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍ രാഷ്ട്രീയ നേതാക്കള്‍, നിയമ വിദഗ്ധര്‍, ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 1500 ലെറെ പേര്‍ പെങ്കെടുത്തിരുന്നു. മതവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കാനാണ് വിനോദ് കെ ജോസ് ക്ഷണിക്കപ്പെട്ടത്. മതാധിഷ്ഠിതമായ അസഹിഷ്ണുത ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഇന്ധനമാകുന്നതിന്റെ ചരിത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെയടക്കം പശ്ചാത്തലത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണം. പിന്നാലെ പ്രസാര്‍ ഭാരതി ചെയര്‍മാന്‍ സൂര്യ പ്രകാശ് വിനോദ് കെ ജോസിനെതിരെ സദസ്സില്‍ നിന്ന് പൊട്ടിത്തെറിച്ചു. വ്യാജ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര വേദിയില്‍ വിനോദ് കെ ജോസ് ഇന്ത്യയെ മോശമായി ചിത്രീകരിച്ചെന്നും അവതരണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ വിനോദ് പറഞ്ഞതില്‍ എന്താണ് വസ്തുതയ്ക്ക് നിരക്കാത്തതെന്ന് സൂര്യപ്രകാശ് ചൂണ്ടിക്കാണിച്ചതുമില്ല. സൂര്യപ്രകാശ്, വിനോദ് കെ ജോസിനെ രൂക്ഷമമായി വിമര്‍ശിച്ചെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എന്നാല്‍ ആര്‍എസ്എസിന്റെ അടുപ്പക്കാരനാണ് പ്രസാര്‍ ഭാരതി ചെയര്‍മാന്‍ സൂര്യപ്രകാശ് എന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ല. കൂടാതെ വിനോദ് കെ ജോസിന്റെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തെ ബന്ധപ്പെട്ടതുമില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം വിവരിച്ച് സംഘാടകര്‍ക്ക് കത്തെഴുതിയത്. ഇന്ത്യയില്‍ നിലവിലെ മാധ്യമ സ്വാതന്ത്ര്യം, വിയോജിപ്പിനുള്ള അവകാശം എന്നിവ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയും വിവരിക്കുകയുമാണ് കത്തില്‍.
വിനോദ് കെ ജോസിന്റെ കത്തിന്റെ പരിഭാഷ
ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ആശങ്കയോടെയുള്ള കത്ത്
ലണ്ടനില്‍ സംഘടിപ്പിക്കപ്പെട്ട ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനം, ലോക രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. പ്രഭാഷകനാകാന്‍ എനിക്കയച്ച ക്ഷണക്കത്തില്‍ സംഘാടകര്‍ സൂചിപ്പിച്ച വിവരണത്തേക്കാള്‍ നന്നായി, ധീരവും, സ്വതന്ത്രവും ധാര്‍മ്മികവുമായ മാധ്യമ പ്രവര്‍ത്തനം എന്നതില്‍ എനിക്ക് സംസാരിക്കാനാകില്ല.'സാമ്പത്തിക അഭിവൃദ്ധി, സാമൂഹ്യ വികസനം, ഉല്‍പതിഷ്ണുതയുള്ള ജനാധിപത്യം എന്നിവ പുലരാന്‍ അത്യന്താപേക്ഷിതമാണ് മാധ്യമസ്വാതന്ത്ര്യം. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകളും പ്രതിജ്ഞാബദ്ധമാണ്’. ഇങ്ങനെയായിരുന്നു അതിലെ പരാമര്‍ശം.
സമ്മേളനത്തിന്റെ രണ്ടാം ദിവസം 'മതവും മാധ്യമങ്ങളും,വെളിപ്പെടാത്ത കഥ' എന്ന വിഷയത്തില്‍, ഇന്ന് ഇന്ത്യയില്‍ ചിന്തിക്കാനും സംസാരിക്കാനും വിശ്വസിക്കാനുമുള്ള അവകാശങ്ങള്‍ക്ക് എത്തരത്തില്‍ തടസം നേരിടുന്നുവെന്ന് മറയില്ലാതെയാണ് ഞാന്‍ അവതരിപ്പിച്ചത്. മതവിശ്വാസ സ്വാതന്ത്ര്യം എന്ന വിഷയം പരിഗണിക്കുന്ന യുഎന്നിന്റെ പ്രത്യക പ്രതിനിധി, ലണ്ടന്‍ സര്‍ക്കാരിന്റെ നയതന്ത്ര അംഗം, വേള്‍ഡ് വാച്ച് മോണിറ്റര്‍, മീഡിയ ഡൈവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ പാകിസ്താനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍, വത്തിക്കാന്‍ പ്രതിനിധികള്‍ എന്നിവരുണ്ടായിരുന്നു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തക്കുറിച്ച് സത്യസന്ധമായി അവതരിപ്പിച്ച പ്രസംഗത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ശ്രമമുണ്ടായെന്നതാണ് വൈരുദ്ധ്യം. ആ ശ്രമം പ്രാകൃതവും നിഷ്ഫലവുമായിരുന്നു. ആ വിഷയം അവിടെ തന്നെ മറക്കപ്പെടേണ്ടതുമായിരുന്നു. എന്നാല്‍ അത് ഇന്ത്യയിലും പിന്‍തുടരാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം തീരുമാനിച്ചു. എന്നോടുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ പെരുമാറ്റം ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ അരങ്ങേറുന്ന അങ്ങേയറ്റം മോശമായ ആക്രമണത്തില്‍ കുറഞ്ഞതൊന്നുമല്ല. അതേക്കുറിച്ചാണ് എന്റെ അവതരണത്തിലും ഞാന്‍ വ്യക്തമാക്കിയിരുന്നു.ആള്‍ക്കൂട്ട ആക്രമണങ്ങളുടെ എണ്ണത്തിലും ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളിലും ഉണ്ടായ വര്‍ധനവില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു എന്റെ പ്രസംഗം.
നിങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അത്തരമൊരു സംഭവം ഉണ്ടായ സാഹചര്യത്തില്‍, എങ്ങിനെയാണ് ഇന്ത്യയില്‍ വിയോജിപ്പ് സ്വീകരിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമെന്ന നിലയില്‍ അതിന്റെ യാഥാര്‍ത്ഥ്യം നിങ്ങളെ അറിയിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നു. ഇത് ഭയജനകമായ സംഗതികളുടെ ചെറിയ രൂപം മാത്രമാണ്. ഹിന്ദു ദേശീയ വാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കക്ഷിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിയോജിക്കുന്നവരെ എങ്ങിനെയാണ് പൊതുശത്രുക്കളായി മുദ്ര കുത്തുന്നത് എന്നതിന്‌റെ ചെറിയ രൂപമാണ്. എങ്ങിനെയാണ് അവരെ വേട്ടയാടുന്നതിന് നിയമസാധുത കല്‍പ്പിച്ച് തുടര്‍ അക്രമം സാധ്യമാക്കുന്നത് എന്നതിന്റെ ഉദാഹരണം.
വിനോദ് കെ ജോസ്
ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഞാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയായിരുന്നു അവ. അതില്‍ കൂടുതലും കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്കിടെ സംഭവിച്ചതുമാണ്. ഝാര്‍ഖണ്ഡില്‍ ഒരു മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി വേട്ടയാടിയതിന്റെ ദൃശ്യമായിരുന്നു ഒടുവിലത്തേത്. 2016 മുതല്‍ 1984 വരെ ഉണ്ടായ സംഭവങ്ങള്‍ കാലഗണനയനുസരിച്ച് ഞാന്‍ അവതരിപ്പിച്ചിരുന്നു. നാല് ദളിത് യുവാക്കളെ കൈകള്‍ ജീപ്പിനോട് ചേര്‍ത്തുകെട്ടി മര്‍ദ്ദിച്ചത് മുതല്‍ ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയിന്‍സിനെ രണ്ട് മക്കളോടൊപ്പം ചുട്ടുകൊന്നത് വരെ പരാമര്‍ശിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ കാലം കുഷ്ഠരോഗ ചികിത്സാലയം നടത്തിയ ആളായിരുന്നു സ്റ്റെയിന്‍സ്.
രണ്ടായിരത്തോളം പേരെ കൊലപ്പെടുത്തിയ ഗുജറാത്ത് വംശഹത്യ, 2700 സിഖുകാരെ ഇല്ലാതാക്കിയ കലാപം എന്നിവയെക്കുറിച്ച് ഞാന്‍ വിശദീകരിച്ചു. ഇവ പൊടുന്നനെ ഉണ്ടായതല്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദീര്‍ഘകാലമായി ശാസ്ത്രീയമായി പരുവപ്പെടുത്തിയ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രയോഗമായിരുന്നു ഇവയെല്ലാം.
ഇത്തരത്തില്‍ വെറുപ്പിന്റെ ചരിത്രപരമായ വേരുകള്‍ തുറന്നുകാട്ടാന്‍, ഫാസിസത്തെക്കുറിച്ചും നാസിസത്തെക്കുറിച്ചും ആര്‍എസ്എസ് സ്ഥാപകരായ വിഡി സവര്‍ക്കറും എംഎസ് ഗോള്‍വോള്‍ക്കറും പങ്കുവെച്ച കാഴ്ചപ്പാടുകളും ഞാന്‍ വിവരിച്ചിരുന്നു. കേന്ദ്ര ഭരണത്തിലുള്ള ബിജെപി ഉള്‍പ്പെടെ ഹൈന്ദവ സംഘടനകളുടെയെല്ലാം മാതൃത്വം രാഷ്ട്രീയ സ്വയം സേവക് സംഘിലാണ്. സെമിറ്റിക് വര്‍ഗങ്ങളെ നാസികള്‍ ഇല്ലായ്മ ചെയ്തതില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് എറെ പഠിക്കാനും നേട്ടമുണ്ടാക്കാനുമുണ്ടെന്ന് ഗോള്‍വോള്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. 33 വര്‍ഷം ആര്‍എസ്എസിനെ നയിക്കുകയും രണ്ട് ഭാവി പ്രധാനമന്ത്രിമാരെ വളര്‍ത്തിയെടുക്കുകയും ചെയ്തയാളാണ് ഗോള്‍വോള്‍ക്കര്‍. എങ്ങിനെയാണ് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇത് മുന്‍നിര്‍ത്തിയാണ് ഞാന്‍ സംസാരിച്ചത്.
അതിക്രമങ്ങല്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആശയപരവും സംഘടനാപരവുമായ ശക്തികളെ വിമര്‍ശനാത്മകമായും അന്വേഷണാത്മകമായും വിലയിരുത്തുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തീരെക്കുറവ് താല്‍പ്പര്യമാണ്. കാരണം മുഖ്യധാരാ മാധ്യമങ്ങളിലെ പദവികളില്‍ ന്യൂനപക്ഷ ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കേവലം 15 ശതമാനം മാത്രമാണ്. ബാക്കി 85 ശതമാനം പേരും ഉന്നത ജാതികളില്‍പ്പെട്ടവരാണ്.
എന്റെ അവതരണം പൂര്‍ത്തിയായതും പ്രസാര്‍ഭാരതി ചെയര്‍മാന്‍ സദസ്സിന്റെ അവസാന വരിയില്‍ നിന്ന് സംസാരമാരംഭിച്ചു. പാര്‍ലമെന്റേറിയന്‍മാരുടെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും ഒപ്പമാണ് എത്തിയതെന്നും ഇന്ത്യയെക്കുറിച്ചുള്ള എന്റെ അവതരണത്തോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നതായും പ്രസ്താവിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്നും ഏറ്റവും സക്രിയമായ ജനാധിപത്യ വ്യവസ്ഥയാണ് രാജ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ് ഞാനെന്നും തങ്ങളുടെ രാഷ്ട്രീയ അജണ്ട പ്രയോഗിക്കാനായി പലരും ഇത്തരം വേദികളെ തെരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഞാന്‍ പറഞ്ഞതില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവയെന്താണെന്ന് ചൂണ്ടിക്കാണിച്ചതുമില്ല.സൂര്യ പ്രകാശിന്റെ ഈ പൊട്ടിത്തെറിക്ക് പിന്നാലെ, ലണ്ടനില്‍ തുടരുന്ന കാലയളവിലത്രയും എനിക്ക് സുരക്ഷ നല്‍കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തരമൊരു അന്താരാഷ്ട്ര വേദിയില്‍ പ്രസാര്‍ ഭാരതി ചെയര്‍മാന്റെ പദവിയില്‍ ഇരിക്കുന്ന ആള്‍ ഇങ്ങനെ പെരുമാറിയതിലൂടെ, വെറുപ്പും അസഹിഷ്ണുതയും വ്യാപിക്കുന്നുവെന്ന എന്റെ വാദങ്ങളുടെ യഥാര്‍ത്ഥ ആവിഷ്‌കാരമാണുണ്ടായതെന്നാണ് ഒരു യുഎന്‍ പ്രതിനിധി എന്നോട് പറഞ്ഞത്. രാഷ്ട്രീയ അഭയം വേണമെങ്കില്‍ ആവശ്യപ്പെടാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ചിരിക്കുകയാണ് ചെയ്തത്. അതിന്റെ ആവശ്യമില്ലെന്നും അവിടെയാണ് (ഇന്ത്യയില്‍) ജനിച്ചതെങ്കില്‍ അവിടെ തന്നെ മരിക്കുമെന്നും പറഞ്ഞു.
എന്നാല്‍ ഒരു കാര്യം സൂര്യ പ്രകാശ് പരാമര്‍ശിച്ചില്ല. ആര്‍എസ്എസുമായി ബന്ധപ്പട്ട വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മുതിര്‍ന്ന ഉപദേശകനാണ് സൂര്യ പ്രകാശ്. അദ്ദേഹം പ്രതിരോധിച്ചത് ഇന്ത്യയെയല്ല. അദ്ദേഹത്തിന്റെ മാതൃസംഘടനയെയാണ്. ഫാസിസത്തോടുള്ള ആര്‍എസ്എസ് സ്ഥാപകര്‍ക്കുള്ള ബന്ധുത്വത്തെ മറച്ചുപിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് കഞ്ചന്‍ ഗുപ്തയും സ്വപന്‍ ദാസ് ഗുപ്തയുമായിരുന്നു. കഞ്ചന്‍ ഗുപ്ത ബിജെപിയോട് കൂറുള്ളയാളാണ്. മുന്‍ ബിജെപി പ്രധാനമന്ത്രിക്ക് പ്രസംഗം എഴുതാന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് മാറിയ ആളാണ്. സ്വപന്‍ദാസ് ഗുപ്ത ബിജെപിയുടെ സഹയാത്രികനുമാണ്. ബിജെപി സര്‍ക്കാര്‍ ദാസ്ഗുപ്തയെ പാര്‍ലമെന്റിലേക്ക് നാമനിര്‍ദേശം ചെയ്തതുമാണ്. എന്നാല്‍ ശനിയാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍, ആ സംഭവത്തെക്കുറിച്ച് ദുഷ്ട ലാക്കോടെ വളച്ചൊടിച്ച റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ വന്നതെന്ന് കണ്ടു. പ്രകാശിന്റെ പി ആര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഈ മാധ്യമങ്ങള്‍.’ ആഗോള സമ്മേളനത്തില്‍ ഇന്ത്യാ വിരുദ്ധ അവതരണം നടത്തിയതിന് മാഗസിന്‍ എഡിറ്ററെ പ്രസാര്‍ ഭാരതി ചെയര്‍മാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചെന്നായിരുന്നു’. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലക്കെട്ട്. ഇത്തരത്തിലാണ് ദ ഹിന്ദു, ഡെക്കാണ്‍ ഹെറാള്‍ഡ്, ദ ട്രിബ്യൂണ്‍, ഔട്ട്‌ലുക്ക് എന്നിവ വാര്‍ത്ത നല്‍കിയത്. കൂടാതെ നിരവധി പ്രാദേശിക ഭാഷാ മാധ്യമങ്ങളിലും ഇത്തരത്തിലായിരുന്നു വാര്‍ത്ത. 1984 ലെ സിഖ് വിരുദ്ധ കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഞാന്‍ പറഞ്ഞെന്ന തെറ്റായ വാദവും ഇവയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും സിഖുകാരെ കൊലപ്പെടുത്തുന്നതില്‍ അവരവരുടേതായ പങ്ക് വഹിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്റെ ഏജന്റായി എന്നെ മുദ്രകുത്തിയായിരുന്നു വ്യാജ പ്രചരണം. വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകരാരും എന്റെ ഭാഗം വിളിച്ച് ചോദിച്ചിരുന്നില്ല. കൂടാതെ ലണ്ടനില്‍ നടന്ന ചടങ്ങിന്റെ ലഭ്യമായ റെക്കോര്‍ഡിംഗുകള്‍ പരിശോധിക്കാനും തയ്യാറായില്ല. പ്രകാശ് അദ്ധ്യക്ഷനായ ചാനല്‍ ലണ്ടനിലെ പരിപാടി രണ്ട് ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തിരുന്നു. അതുപോലും പരിശോധിക്കാന്‍ തയ്യാറായില്ല. ഇതിലുള്‍പ്പെട്ട മാധ്യമങ്ങളില്‍ നിന്നുണ്ടായ തെറ്റായ ഇടപെടലിലെ നിരാശ അവര്‍ക്കെഴുതിയ കത്തുകളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുണ റോയ്,നിഖില്‍ ഡേ എന്നിവരെ അര്‍ബന്‍ നക്‌സല്‍ എന്ന് വിശേഷിപ്പിച്ച് ബുക്‌ലെറ്റ് വിതരണം ചെയ്തു എന്നത് എന്നെ സ്തബ്ധനാക്കിയ വാര്‍ത്തയായിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനയുടെ ഉന്നത നേതാവാണ് കഴിഞ്ഞവര്‍ഷം ബുക്‌ലെറ്റ് പുറത്തിറക്കിയത്. ഇന്ത്യാ വിരുദ്ധന്‍, രാജ്യ ദ്രോഹി എന്നിങ്ങനെ മുദ്രകുത്താന്‍ ഹിന്ദു ദേശീയ വാദികള്‍ ചാര്‍ത്തുന്ന പേരാണ് അര്‍ബന്‍ നക്‌സല്‍ എന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ആവശ്യപ്പെട്ട് നിരന്തരം പ്രചാരണം നടത്തുന്നവരാണ് റോയും ഡേയും. റോയ് മാഗ്‌സസെ പുസ്‌കാര ജേതാവുമാണ്. അതായത് ആരെങ്കിലും ഏകാധിപത്യത്തെയും സ്വേഛാധികാര വാഴ്ചയെയും അഴിമതിയെയും എതിര്‍ക്കുകയോ ചോദ്യം ചെയ്യാന്‍ വേദികള്‍ ഒരുക്കുകയോ ചെയ്താല്‍ ഇത്തരം പ്രയോഗങ്ങള്‍ ചാര്‍ത്തി അവരെ വേട്ടയാടും. ഞാന്‍ ഈ സമ്മേളനത്തിലായിരിക്കെ പ്രമുഖ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇന്ദിര ജെയ്‌സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. വിയോജിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്ന മറ്റൊരു രീതിയാണത്. ഭീമ കൊറേഗാവില്‍ പ്രതിഷേധം സംഘടിപ്പിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ക്കും അര്‍ബന്‍ നക്‌സല്‍ എന്ന പേരാണ് ചാര്‍ത്തിക്കൊടുത്തത്. ഈ അപകീര്‍ത്തിപ്പെടുത്തലിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. രാജ്യത്തിന്റെ തന്നെ പൊതു ശത്രുക്കളായി പ്രഖ്യാപിച്ച് ഇവര്‍ക്കെതിരെയുള്ള തുടര്‍ വേട്ടയാടലുകള്‍ക്ക് ആശയപരമായ ന്യായീകരണം നല്‍കാന്‍ വേണ്ടിയാണിത്. ഫാസിസ്റ്റ് -നാസി വാഴ്ചകളില്‍ ഈ രീതിയുണ്ടായിരുന്നു.
പൊട്ടിത്തെറിച്ചപ്പോള്‍ സൂര്യപ്രകാശ് പറഞ്ഞതില്‍ ഒരു കാര്യം ശരിയാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. എന്നാല്‍ ആഗോള മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ 140 ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു. വനിതകളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രാജ്യമായി തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ വിലയിരുത്തലില്‍ ഇന്ത്യയാണ് ഒന്നാമതെത്തിയത്.യുദ്ധങ്ങളുടെ പിടിയിലായ സിറിയയും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്ക് പിറകിലാണെന്നും അവരുടെ പട്ടിക വ്യക്തമാക്കുന്നു. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 103 ലേക്ക് വീണു. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര അഴിമതി അവബോധ പട്ടികയില്‍ ഇന്ത്യ 81 ാം സ്ഥാനത്താണ്. ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ആകെയുള്ള 149 ല്‍ 142 ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. എന്‍വിയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഇന്ത്യ 141 ല്‍ നിന്ന് 177 ലേക്ക് കൂപ്പുകുത്തി. മതസ്വാതന്ത്ര്യം പരിശോധിച്ച അമേരിക്കന്‍ കമ്മീഷനും ഇന്ത്യയിലെ മനന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും വിശ്വാസ സ്വാതന്ത്ര്യം അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയിരുന്നു. വിവിധ മതവിശ്വാസങ്ങളും മനുഷ്യവര്‍ഗങ്ങളും ഭാഷകളുമടക്കം വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന സമൂഹമാണ് ഇന്ത്യ. അത് അതേപോലെ നിലനിര്‍ത്തണമെങ്കില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ കൂട്ടായി നിലകൊള്ളണം.
തങ്ങളുടെ ജോലിയുടെ പേരില്‍ ജീവനില്‍ ഭയം തോന്നേണ്ട സാഹചര്യം ഒരു മാധ്യമ പ്രവര്‍ത്തകനുമുണ്ടാകരുത്. എന്നാല്‍ നിരവധി പേര്‍ക്ക് ആ ഭയമുണ്ട്. അത് യാഥാര്‍ത്ഥ്യവുമാണ്.
പ്രസംഗത്തിന്റെ അവസാന ഭാഗത്ത് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്ന ഗൗരി ലങ്കേഷിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കന്നഡ ഭാഷാ പത്രത്തിലൂടെ ഗൗരി സാമൂഹ്യ അനീതികള്‍ക്കെതിരെയും ഹിന്ദു ദേശീയവാദത്തിനെതിരെയും വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ 2017 ല്‍ വീടിന് പുറത്ത് അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മുന്‍പ് മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വകവരുത്തുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്. ഹിന്ദുദേശീയതയോട് വിയോജിച്ച നിരവധി ചിന്തകരെ ഒന്നിനുപുറകെ ഒന്നായി വകവരുത്തിയ സംഘടനയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഗൗരിയുടെ ഘാതകരെന്നാണ് സംശയിക്കപ്പെടുന്നത്. ഹിന്ദുത്വത്തിനോട് വിയോജിക്കുന്നവരെ ഇല്ലാതാക്കാനുള്ള മാന്ത്രിക യന്ത്രമാണ് തങ്ങളുടെ തോക്കെന്നാണ് ഗൗരിയുടെ ഘാതകര്‍ മൊഴിനല്‍കിയത്. വിയോജിക്കുന്ന ചിന്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഗൗരിയുടെ അവസ്ഥ വരുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനം പകര്‍ന്ന ഉത്സാഹത്തിന്റെ പശ്ചാത്തലത്തില്‍, ഈ ഗൗരവമേറിയ കാര്യങ്ങള്‍ ഉചിതമായ വേദികളില്‍ അവതരിപ്പിച്ച് ഇന്ത്യാ സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഒരുപക്ഷേ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്‌തേക്കാം. എന്നാല്‍ സ്വാതന്ത്ര്യവും മനുഷ്യാവകാശവും വിലമതിക്കുന്നവര്‍ നിര്‍ബന്ധമായും സമ്മേളനത്തിന്റെ ഉദ്ദേശ ലക്ഷ്യമായി പരാമര്‍ശിക്കപ്പെട്ടപോലെ, എല്ലായിടത്തും മാധ്യമസ്വാതന്ത്ര്യം തെളിച്ചപ്പെടുത്താന്‍ പരിശ്രമിക്കണം. പത്തുവര്‍ഷത്തില്‍ താഴെ ഇന്ത്യ ലോകത്ത് എറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. എറ്റവും വലിയ ജനാധിപത്യരാജ്യം ആ രീതിയില്‍ തന്നെ നിലനിര്‍ത്താനുള്ള ഇടപെടലുകള്‍ ആ ജനത അര്‍ഹിക്കുന്നുണ്ട്.