ബുദ്ധദേവ് ഭട്ടാചാര്യ; മികച്ച പൊളിറ്റിക്കൽ വിഷനുള്ള 'ദുരന്ത നായകൻ'

ബുദ്ധദേവ് ഭട്ടാചാര്യ; മികച്ച പൊളിറ്റിക്കൽ വിഷനുള്ള 'ദുരന്ത നായകൻ'
Published on

ബംഗാൾ രാഷ്ട്രീയത്തിലെ 'ദുരന്ത നായകൻ' എന്ന പേരാണ് ബുദ്ധദേവ് ഭട്ടാചാര്യക്ക് അറിഞ്ഞോ അറിയാതെയോ ലഭിച്ചതെന്നാണ് എന്റെ നിഗമനം. മാറ്റങ്ങളോട് കൂട്ടുകൂടില്ല എന്നാണ് പൊതുവായി കമ്മ്യുണിസ്റ്റ് നേതാക്കളെ പറയാറുള്ളത്. പക്ഷെ ഭട്ടാചാര്യയെ ആ കൂട്ടത്തിൽ ഉൾപ്പെടുത്താനാകില്ല.

അമർനാം, തുമാർനാം, വിയറ്റ്‌നാം എന്ന മുദ്രാവാക്യത്തിൽ വിയറ്റ്നാം വിഷയത്തിലുള്ള പ്രതിഷേധങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. മൻമോഹൻ സിംഗിന്റെ കാലത്ത് ആണവ കരാറുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യുപിഎ സർക്കാരിൽ നിന്ന് പിന്തുണ പിൻ‌വലിക്കുന്നു എന്ന ചർച്ച വന്നപ്പോൾ പിന്തുണ നൽകണം എന്ന അഭിപ്രായം ആണ് ഭട്ടാചാര്യക്ക് ഉണ്ടായിരുന്നത്. ബംഗാളിൽ നിന്നുതന്നെ മറ്റൊരു ഘടകം പിന്തുണ പിൻവലിക്കണം എന്ന അഭിപ്രായത്തിന്റെ ഒപ്പമായിരുന്നെങ്കിലും ഭട്ടാചാര്യ തന്റെ അഭിപ്രായത്തിൽ തന്നെ നിലനിന്നിരുന്നു. എന്നാൽ, പോളിറ്റ് ബ്യുറോ മെമ്പറും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലക്കും അദ്ദേഹം അത് പൊതുവേദിയിൽ പറഞ്ഞിട്ടുണ്ടാകില്ല.

ഇടത് നേതാക്കൾ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തിയപ്പോൾ
ഇടത് നേതാക്കൾ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തിയപ്പോൾ

2006 ആണവകരാറിന്റെ പേരിൽ സിപിഐഎം യുപിഎ സർക്കാരിന്റെ പിന്തുണ പിൻവലിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ബിജെപി അധികാരത്തിൽ വരുന്ന കാര്യം സംശയമായിരുന്നു. രാഷ്ട്രീയത്തിൽ അത്തരം പിൻബുദ്ധിയിൽ കാര്യമില്ലെങ്കിലും ആ ആശയം എപ്പോഴും ഗൗരവത്തോടെ കാണേണ്ടതുണ്ട്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി ആകുകയാണെങ്കിൽ രാജ്യത്തിന്റെ മതേതരത്വം അപകടത്തിലാകുമെന്ന് വളരെ നേരത്തെ തന്നെ ഭട്ടാചാര്യ പറഞ്ഞിരുന്നു.

ബുദ്ധദേവ് ഭട്ടാചാര്യ പ്രണവ് മുഖർജിക്കൊപ്പം
ബുദ്ധദേവ് ഭട്ടാചാര്യ പ്രണവ് മുഖർജിക്കൊപ്പം

കമ്മ്യുണിസ്റ്റ് ഐഡിയോളജിയിൽ നിന്ന് കൊണ്ട് തന്നെ ചില മാറ്റങ്ങൾ ആകാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഭട്ടാചാര്യ. അതെ സമയം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ രാഷ്ട്രീയ ദുരന്തങ്ങളും വായിക്കേണ്ടതുണ്ട്. നന്ദിഗ്രാം, സിങ്കൂർ, ഇതുരണ്ടുമാണ് ബംഗാളിലെ സിപിഐഎമ്മിന്റെ പതനത്തിന്റെ പ്രധാന കാരണമെന്ന് പൊതുവെ ഒരു അഭിപ്രായമുണ്ട്. ഇത് രണ്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കളങ്കം തന്നെയാണ്. ആ ദുരവസ്ഥ ഉണ്ടാക്കിയതിൽ നിന്ന് ഒരിക്കലും ഭട്ടാചാര്യക്ക് കൈകഴുകാൻ പറ്റില്ല. എങ്കിലും അദ്ദേഹം എന്തിനത് ചെയ്തു എന്ന രീതിയിൽ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ഞാൻ ഒരിക്കലും ചോദ്യം ചെയ്യില്ല. പാർട്ടി ജനങ്ങളുമായി ഈ വിഷയങ്ങൾക്ക് മുമ്പ് തന്നെ അകന്ന് തുടങ്ങിയിരുന്നു എന്നാണ് ഞാൻ കരുതുന്നത്.

ബംഗാളിൽ നിന്നുള്ള സഹോദരങ്ങൾ പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത രീതിയിൽ കേരളത്തിൽ വന്ന് താമസിച്ച് പണിയെടുക്കുന്നു. ഇത് മുന്നിൽകണ്ടായിരുന്നു ഭട്ടാചാര്യ അത്തരമൊരു നയം അന്നെടുത്തത്. വ്യാവസായിക വത്കരണം അല്ലാതെ മറ്റൊരു പരിഹാരം ഇല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു സർക്കാരിനെ കൊണ്ട് മാത്രം തീർത്താൽ തീരുന്നതായിരുന്നില്ല ആ സമയത്തെ തൊഴിൽ പ്രശ്നങ്ങൾ. അദ്ദേഹത്തിന് തെറ്റ് പറ്റി എന്നത് ശരിതന്നെ. ബംഗാളിലെ പാർട്ടി ഘടകങ്ങൾ പരസ്യമായി അദ്ദേഹത്തെ പിന്തുണച്ചെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഒപ്പം ആയിരുന്നോ എന്ന കാര്യത്തിൽ സംശയം ഉണ്ട്.

മമത ബാനർജി വന്നിട്ടും ആ പ്രശ്‌നത്തിന് പരിഹാരമായില്ലല്ലോ. ഇപ്പോഴും ആയിരക്കണക്കിന് ആളുകളാണ് അടിസ്ഥാന തൊഴിലിന് വേണ്ടി ആ നാട്ടിൽ നിന്ന് ട്രെയിൻ കയറുന്നത്. ഒരു വലിയ ബിഗ് ടിക്കറ്റ് പ്രോജക്ട് വന്നാൽ മാത്രമേ തൊഴിൽ പ്രശ്നം പരിഹരിക്കാനാവൂ എന്ന ആശയത്തിന് പിന്നാലെയാണ് അദ്ദേഹം ടാറ്റയെ ഈ പദ്ധതിക്കായി ക്ഷണിക്കുന്നത്. അതിൽ സർക്കാർ എടുത്ത പല നടപടികളും പിന്നീട് കുഴപ്പത്തിലായി. നന്ദിഗ്രാമിൽ പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണം പോലീസ് അവിടെ സ്വീകരിച്ച നിലപാടാണ്. പോലീസിന്റെ സമീപനം ആകെ കുഴപ്പമുണ്ടാക്കി. പോലീസ് വെടിവെപ്പിൽ പതിനാല് പേരാണ് മരിച്ചത്. അതായിരുന്നു ടേണിംഗ് പോയിന്റ്. സിങ്കൂരിൽ ഇത്ര തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. നന്ദിഗ്രാം പ്രശ്നത്തോടെ പിന്നെ എവിടെയെല്ലാം സ്ഥലം എടുക്കുന്നുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങൾ എന്ന രീതിയായി. ടാറ്റ പോലെയുള്ള ഒരു കമ്പനിക്ക് കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന ബംഗാളിൽ ഇൻവെസ്റ്റ് ചെയ്യുക എന്നതിലെ ഇമേജ് മാറ്റലായിരുന്നു ഭട്ടാചാര്യയുടെ ലക്ഷ്യം. പക്ഷെ ഇതിലൂടെ ബംഗാളിൽ നിന്ന് പാർട്ടിയുടെ അടിത്തറ തകരുന്നത് അദ്ദേഹം അറിഞ്ഞില്ല.

ബുദ്ധദേവ് ഭട്ടാചാര്യയുടെയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
ബുദ്ധദേവ് ഭട്ടാചാര്യയുടെയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

വളരെ മികച്ച ഭൂരിപക്ഷമായിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഓരോ വർഷവും കിട്ടികൊണ്ടിരുന്നത്. 2006 ൽ പോലും ഇത്രയേറെ ഭൂരിപക്ഷം ലഭിച്ചപ്പോളും അദ്ദേഹം ഇത്തരത്തിൽ ഒരു തകർച്ച ഒട്ടും പ്രതീക്ഷിച്ചില്ല. മറ്റൊരു ഓപ്‌ഷൻ ഇല്ലാത്തതിനാൽ ജനം എല്ലാകാലത്തും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം കരുതി. ഫലഭൂയിഷ്ഠമായ മണ്ണ് എന്തിന് ഫാക്ടറിക്ക് വേണ്ടി വിട്ടുകൊടുക്കണം എന്നത് കർഷകരെ സംബന്ധിച്ച് ഒട്ടും അംഗീകരിക്കാൻ കഴിയില്ലായിരുന്നു. എന്തിന് ഞങ്ങളുടെ മണ്ണ് നൽകണം എന്ന ന്യായമായ ചോദ്യം അവർ ഉന്നയിച്ചു. എങ്കിലും തങ്ങളുടെ മക്കൾ ഇതേ സ്ഥിതിയിൽ കർഷകർ ആകേണ്ടെന്നും അവർക്ക് ഉയർന്ന നിലവാരത്തിൽ നല്ല ജോലി കിട്ടട്ടെയെന്നും അവർ ആഗ്രഹിച്ചു.

പിന്നീടുള്ള തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടും എന്ന കാര്യം വ്യക്തമായിരുന്നെങ്കിലും ഇത്ര ദയനീയമായി പരാജപ്പെടുമെന്ന കാര്യം ആരും പ്രതീക്ഷിച്ചില്ല. പൊതുവെ ഇടതുപക്ഷ അനുഭാവമുള്ള കലാകാരൻമാർ ഉൾപ്പടെ പൊതുരംഗത്തെ നിരവധി പേർ ഈ സാഹചര്യത്തിലായിരുന്നു സർക്കാരിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്. 'Right Person at the Right Place but in the Wrong Time' എന്നതായിരുന്നു ഭട്ടാചാര്യയുടെ വിധി. ഈ വിഷയത്തിൽ ജ്യോതി ബസു ആണ് നേരത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിയിരുന്നത്. ജ്യോതി ബസു വ്യവസായ വത്കരണത്തിന് വേണ്ടി ഒരു പോളിസി ഉണ്ടാക്കിയെന്നല്ലാതെ വലുതായി ഒന്നും ചെയ്തിട്ടില്ല. ഒരുപാട് അനുകൂലമായ ഘടകങ്ങൾ ഉണ്ടെന്നിരിക്കെ അദ്ദേഹം ഇത്ര കാലം മുഖ്യമന്ത്രിയായി ഇരിക്കണമായിരുന്നോ എന്നൊരു ചോദ്യമുണ്ട്.

ബുദ്ധദേവ് ഭട്ടാചാര്യ ജ്യോതി ബസുവിനൊപ്പം
ബുദ്ധദേവ് ഭട്ടാചാര്യ ജ്യോതി ബസുവിനൊപ്പം

ഷാലിമാർ സ്റ്റേഷനിൽ നിന്നാണ് കേരളത്തിലേക്കുള്ള ട്രെയിനുകൾ വരുന്നത്. കയ്യിൽ ഒരു പ്ലാസ്റ്റിക് കവറും പിടിച്ച് നൂറുകണക്കിന് ചെറുപ്പക്കാരാണ് കേരളത്തിലേക്ക് ജോലിക്കായി തിക്കിത്തിരക്കി കയറുക. ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാനാണ് ഭട്ടാചാര്യ അത്തരം പദ്ധതികൾ ആലോചിച്ചത്. സുരഭിലമായ ഒരു രാഷ്ട്രീയ കരിയർ ഉണ്ടായിരുന്ന ഭട്ടാചാര്യക്ക് ഒരു ദുരന്ത നായകൻ എന്ന പേര് വരുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. നല്ല ആശയങ്ങളുണ്ടായിരുന്നു. പ്രവർത്തികമാക്കുന്നതിലാണ് പിഴവ് പറ്റിയത്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ വിലാപയാത്രയിൽ നിന്ന്
ബുദ്ധദേവ് ഭട്ടാചാര്യയുടെ വിലാപയാത്രയിൽ നിന്ന്

ജ്യോതി ബസുവിന് പ്രായമായപ്പോൾ നേതൃമാറ്റം നേരത്തെ തന്നെ നടക്കേണ്ടത് ആയിരുന്നു. സാഹചര്യങ്ങളെ മനസിലാക്കിയപ്പോഴേക്കും അടിമണ്ണ് ഒലിച്ച് പോയിരുന്നു. തൊഴിലില്ലായ്മ എന്നതായിരുന്നു ബംഗാളിലെ പ്രധാന പ്രശ്നം. ആ ചലഞ്ച് ഭട്ടാചാര്യ ഏറ്റെടുത്തു. ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി വ്യവസായികളെ കാണുന്നത് അത്ഭുതവും വിവാദവുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഭട്ടാചാര്യ ആ അതിർവരമ്പ് ഭേദിയ്ക്കുവാൻ ആർജ്ജവം കാണിച്ചു.

ബുദ്ധദേവ് ഭട്ടാചാര്യ രാഹുൽഗാന്ധിക്കൊപ്പം
ബുദ്ധദേവ് ഭട്ടാചാര്യ രാഹുൽഗാന്ധിക്കൊപ്പം

കോൺഗ്രസിനോടുള്ള പാർട്ടിയുടെ സമീപനം എങ്ങനെ ആകണം എന്നതിലും ദേശീയ നേതൃത്വത്തോട് ഇടഞ്ഞായിരുന്നു ബംഗാൾ ഘടകം ഉണ്ടായിരുന്നത്. കോൺഗ്രസിനോട് മൃദുസമീപനം സ്വീകരിക്കണം എന്നായിരുന്നു ഇവരുടെ പക്ഷം. രാഹുൽ ഗാന്ധിയുമായി കൈകോർത്ത് പൊതുറാലിയെ അഭിസംബോധന ചെയ്തിരുന്നു. രാഷ്ട്രീയപരമായി ഏറെ വിഷൻ ഉണ്ടായിരുന്നെങ്കിലും ഭട്ടാചാര്യക്ക് അത് നടപ്പിൽ വരുത്തുന്നതിൽ വീഴ്ച്ച പറ്റി.

കേട്ടെഴുത്ത് - അഫ്സൽ റഹ്മാൻ

Related Stories

No stories found.
logo
The Cue
www.thecue.in