ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രതിനിധികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മതിയായ സമയവും അവസരവും നല്‍കുന്നില്ലെന്നും അവതാരകര്‍ നിരന്തരമായി ഇടപെട്ട് സംസാരം തടസപ്പെടുത്തുന്നുവെന്നും ആരോപിച്ച് സിപിഎം എഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിച്ചിരിക്കുകയാണല്ലോ, ഈ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ് ?
ഇപ്പോഴത്തെ വിവാദങ്ങളില്‍, അവരുടെ പ്രതിനിധികള്‍ക്ക് പറയാനുള്ളത് പറയാന്‍ മതിയായ അവസരമോ സമയമോ കിട്ടുന്നില്ലെന്നാണ് സിപിഎം പറഞ്ഞത്. അത്തരമൊരു സാഹചര്യത്തില്‍ പ്രതിഷേധമാര്‍ഗമായി അവര്‍ ചാനല്‍ ബഹിഷ്‌കരിക്കുന്നു. ഈ പറയുന്ന എല്ലാ ചര്‍ച്ചകളും ഞാന്‍ കണ്ടിട്ടില്ല. വായിച്ചതും പറഞ്ഞുകേട്ടതുമായ അറിവില്‍ നിന്നാണ് സംസാരിക്കുന്നത്. സിപിഎം അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ബഹിഷ്‌കരണം ഒരു പ്രതിഷേധമാര്‍ഗമാണ്. ബഹിഷ്‌കരിക്കുകയെന്നത് ജനാധിപത്യ രീതിയല്ല എന്നൊക്കെ ചിലര്‍ പറഞ്ഞതായി വായിച്ചു. എന്നാല്‍ ഒരു കാര്യം ചോദിക്കാനുള്ളത്, റിപ്പബ്ലിക് ടിവി ബഹിഷ്‌കരിക്കുന്നത് ജനാധിപത്യമല്ലെങ്കില്‍ പിന്നെയെന്താണ് ജനാധിപത്യം. അങ്ങനെയൊരു ചാനല്‍ ബോയ്‌കോട്ട് ചെയ്യുകയല്ലാതെ വേറെന്താണ് ചെയ്യുക. കണ്ടിരിക്കുകയോ ? നമുക്കത് എടുത്തുകളയാന്‍ പറ്റില്ല. അത് ജനാധിപത്യ രീതിയല്ല. അത് നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. ഞാന്‍ അതില്‍ പങ്കെടുക്കില്ല, ആ ചാനല്‍ കാണില്ല എന്നുപറഞ്ഞാല്‍, ഞാന്‍ എങ്ങനെയാണ് ജനാധിപത്യ വിരുദ്ധനാവുക. അങ്ങനെ പറയുകയെന്നത് അവരവരുടെ അവകാശമാണ്. ചര്‍ച്ചയില്‍ മനപൂര്‍വം അവരെ മോശമാക്കുന്നുവെന്ന് സിപിഎമ്മിന് തോന്നുന്നു. ചര്‍ച്ചയില്‍ ഒരാളെ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ പങ്കെടുത്തെന്ന് വരികയും ചെയ്യും എന്നാല്‍ പങ്കെടുത്ത ആള്‍ക്ക് പറയേണ്ടത് പറയാനും പറ്റില്ല. അങ്ങനെയൊരു വൈരുദ്ധ്യമാണുള്ളത്.
സിപിഎമ്മിന്റെ ഈ ബഹിഷ്‌കരണത്തെ പ്രാകൃതമെന്നും ഭ്രഷ്ട് എന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എംജി രാധാകൃഷ്ണന്‍ വിമര്‍ശിക്കുകയുണ്ടായി. അസഹിഷ്ണുതയാണെന്ന് പറയുന്നവരുമുണ്ട്. അത്തരം വാദങ്ങളെ എങ്ങനെയാണ് കാണുന്നത് ?
അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കാനാകില്ല. പ്രാകൃതമാണ്, ഭ്രഷ്ടാണ് എന്നൊന്നും പറയാനാകില്ല. ഇത് തികച്ചും ജനാധിപത്യ രീതിയാണ്. ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ കയറി തല്ലുണ്ടാക്കിയാല്‍ അത് പ്രാകൃതമാണ്. ചാനല്‍ ഓഫീസിന് കല്ലെറിഞ്ഞാലും അങ്ങനെയാണ്. പക്ഷേ പങ്കെടുക്കില്ലെന്ന് പറയുന്നത് ജനാധിപത്യ അവകാശമല്ലേ. ഇപ്പോള്‍ നിങ്ങളുടേത് ഫെയര്‍ മൈന്‍ഡഡ് ജേണലിസം അല്ലെന്ന് എനിക്ക് തോന്നുകയാണെങ്കില്‍ അതില്‍ പങ്കെടുക്കില്ലെന്ന് എനിക്ക് തീരുമാനിക്കാം. അതുതന്നെയാണ് സിപിഎം ചെയ്തത്. അല്ലാതെ പ്രാകൃതമാണ്, ഭ്രഷ്ടാണ് എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പ്രതിനിധികള്‍ ഇല്ലാതെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എത്രകാലം ഇരുകൂട്ടര്‍ക്കും ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയും എന്നൊരു ചോദ്യമുണ്ടല്ലോ. എങ്ങനെയാണ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുക ?
സിപിഎമ്മിന് ഏഷ്യാനെറ്റിനെ ആവശ്യമുണ്ടെങ്കില്‍ അവര്‍ ബോയ്‌കോട്ട് പിന്‍വലിക്കും. അവര്‍ക്ക് ആവശ്യമില്ലെങ്കില്‍ ബഹിഷ്‌കരണം തുടരും. ഏഷ്യാനെറ്റ് മാത്രമല്ലല്ലോ മറ്റുപല ചാനലുകളുമുണ്ടല്ലോ. അവരുടെ ജേണലിസത്തില്‍ പങ്കെടുക്കുകയും പറയാനുള്ളത് പറയുകയും ചെയ്യാമല്ലോ. എന്നോട് റിപ്പബ്ലിക് ടിവിയുടെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാല്‍ അതില്‍ പോയിരിക്കാന്‍ എനിക്കെന്തെങ്കിലും ബുദ്ധിമോശമുണ്ടോ ? നമ്മളെ ഇരുത്തി അപമാനിക്കുന്ന ഒരിടത്ത് പോകേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ നമ്മള്‍ വേണ്ടെന്ന് വെയ്ക്കുകയല്ലേ ചെയ്യുക. ഇവിടെ കാരണം വ്യക്തമാക്കി അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതോടെ അതില്‍ ദുരൂഹതയുമില്ല. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രമെടുത്താല്‍ ബോയ്‌കോട്ട് വലിയ പ്രതിഷേധ മാര്‍ഗമായിരുന്നല്ലോ. സ്വാതന്ത്ര്യ സമരത്തില്‍ തന്നെ വിദേശ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം വലിയ സമരമാര്‍ഗമായിരുന്നു. ഗാന്ധിജി നേതൃത്വം നല്‍കിയ ബഹിഷ്‌കരണ പ്രക്ഷോഭം നടന്ന രാജ്യമാണിത്. അവര്‍ നമ്മളെ മോശമായാണ് പരിഗണിക്കുന്നതെങ്കില്‍ നമ്മള്‍ ബഹിഷ്‌കരിക്കുന്നു. വേറെന്താണ് ചെയ്യുക.
പ്രശ്‌നപരിഹാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് മുന്‍കൈ എടുക്കണം എന്ന അഭിപ്രായമുണ്ടോ ?
അതെ. ഒരു മുഖ്യധാരാ മാധ്യമമായ തങ്ങളെ ഒരു പാര്‍ട്ടി ബഹിഷ്‌കരിക്കുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ച്ചയായും അവര്‍ മുന്‍കൈ എടുക്കണം. ഏഷ്യാനെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എംജി രാധാകൃഷ്ണന്‍ ഉറപ്പായിട്ടും സിപിഎം വിരുദ്ധനല്ല. അദ്ദേഹം പി ഗോവിന്ദപിള്ളയുടെ മകനാണ്. എം ജി രാധാകൃഷ്ണനോട് ബഹുമാനമുള്ള ആളാണ് ഞാന്‍. അദ്ദേഹം ഇടതുപക്ഷാഭിമുഖ്യമുള്ള വ്യക്തിയാണ്. കൂടാതെ ഫെയര്‍ മൈന്‍ഡഡ് ആയ, എത്തിക്കല്‍ ജേണലിസ്റ്റുകൂടിയാണ്. പ്രശ്‌നപരിഹാരത്തിന് ഇരുഭാഗത്തുനിന്നും ഇനിഷ്യേറ്റീവ് ഉണ്ടാകണം. ഇതൊരു തെറ്റിദ്ധാരണയാണോയെന്ന് അന്വേഷിക്കണം. പറയുന്ന രീതിയില്‍ ചാനലിന്റെ ചര്‍ച്ചകളില്‍ പാളിച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി ബോയ്‌കോട്ട് ചെയ്യണമെങ്കില്‍ നമ്മുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ആഭ്യന്തരമായ വിലയിരുത്തലുകള്‍ വേണം. നമ്മള്‍ ചെയ്തത് ശരിയാണോ, സിപിഎമ്മിനെ മോശമായി പരിഗണിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ. എന്നതൊക്കെ വിശദമായി പരിശോധിക്കണം. ഏഷ്യാനെറ്റ് ഒരുപക്ഷേ ഇതിനകം അത് നടത്തിയിട്ടുണ്ടാകും.
ഈ വിവാദത്തിനൊപ്പം ചാനല്‍ ചര്‍ച്ചകളുടെ പൊതു സ്വഭാവത്തെക്കുറിച്ചും അവതാരകരുടെ ഇടപെടലുകളെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകളുടെ സ്വഭാവത്തില്‍ സമഗ്രമായ മാറ്റമുണ്ടാകണമെന്ന് തന്നെയാണോ നിലപാട് ?
എന്റെ അഭിപ്രായത്തില്‍ ചര്‍ച്ചകളില്‍ അവതാരകന്‍ അല്ല മിടുക്കനാകേണ്ടത്. അവിടെ വരുന്നവര്‍ക്ക് പറയാനുള്ള മതിയായ അവസരം കൊടുക്കണം. അവര്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. ഞാന്‍ ഈ പറയുന്നത് ഏഷ്യാനെറ്റിനെക്കുറിച്ച് മാത്രമല്ല. പൊതുവെ, അവതാരകന്റെ ആധിപത്യമുണ്ടാകുന്നത് നല്ല പ്രവണതയല്ല. വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുകയെന്നതുകൂടിയാണ് ജേണലിസം. താരതമ്യേന ദുര്‍ബലരായവര്‍ക്ക് മുന്‍തൂക്കം കൊടുക്കാനൊക്കെ ശ്രമിക്കണം. അങ്ങനെയൊക്കെയാണ് വേണ്ടത്. പല ഇംഗ്ലീഷ് ചാനലുകളിലും മോഡറേറ്റര്‍ മിടുക്കന്‍മാരാകാന്‍ വേണ്ടി ശ്രമിക്കുകയും പ്രത്യേക അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്നതും കാണാം. അത്തരം ചര്‍ച്ചകള്‍ കൃത്യമായ അജണ്ട വെച്ചുള്ളതാണ്. സത്യാന്വേഷണം അല്ലെങ്കില്‍ ഫെയര്‍ മൈന്‍ഡഡ് ജേണലിസം എന്നീ ഉദ്ദേശങ്ങളോടെയല്ല അത്തരം ചര്‍ച്ചകള്‍. അവസാനം ഇന്ന ആളെ നമ്മള്‍ വിഡ്ഢിയായി കാണിക്കണം. ഇന്നയാളെ ഒന്നുമല്ലാത്തവനാക്കണം. എന്നൊക്കെ അജണ്ട വെച്ച് നടത്തുന്ന പരിപാടിയാണത്. നമ്മള്‍ അതിലേക്ക് അധപ്പതിക്കാതിരിക്കണം. ഏഷ്യാനെറ്റ് അങ്ങനെ അധപ്പതിച്ചിട്ടുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല. ഉണ്ടായ ചില വ്യതിചലനങ്ങള്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.
ഇവിടുത്തെ അവതാരകര്‍ അര്‍ണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്ന് പലരും ആക്ഷേപം ഉന്നയിക്കാറുണ്ട്, അങ്ങനെ കരുതാനാകുമോ ?
അങ്ങനെ ഉണ്ടാവുന്നുണ്ടെന്ന് വേണം കരുതാന്‍. അര്‍ണബിന്റെ രീതി ആളുകളെ ആകര്‍ഷിക്കാനുള്ളതാണ്. അത്തരം രീതി നടപ്പാക്കുന്നതിലൂടെ ടിആര്‍പി വര്‍ധിപ്പിക്കാനും കൂടുതല്‍ പരസ്യം നേടാനും പറ്റും. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് എറിഞ്ഞുകൊടുക്കുക എന്നതല്ല റെസ്‌പോണ്‍സിബിള്‍ ജേണലിസം. രണ്ടുപേരെ തല്ലുകൂടിപ്പിക്കുന്ന പരിപാടിയായി ഇതിനെ മാറ്റരുത്. ഗിവിങ് ദ പ്യൂപ്പിള്‍ വാട്ട് ദേ വാണ്ട് എന്നതല്ല ജേണലിസത്തിന്റെ റൂള്‍. അത് മയക്കുമരുന്ന് വില്‍ക്കുന്ന ആളുടെ പദ്ധതിയാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ മയക്കുമരുന്നാണ് വേണ്ടതെന്നുകരുതി മയക്കുമരുന്ന് വില്‍ക്കുക എന്നതായിരിക്കും അവരുടെ ചിന്ത. ഒരിക്കലും ആ രീതി ജേണലിസത്തില്‍ സ്വീകരിക്കാന്‍ പാടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റേത് വേറൊരു ധര്‍മ്മവും ദിശയുമാണ്. അതല്ല നമ്മള്‍ പലപ്പോഴും കാണുന്നത്. റിപ്പബ്ലിക്കിന്റെ രീതിയെ എതിര്‍ക്കുന്ന ആളാണ് ഞാന്‍. ജേണലിസത്തെ അട്ടിമറിക്കുന്ന രീതിയാണത്. ലാഭമുണ്ടാക്കാന്‍ അത് പ്രായോഗികമായിരിക്കും. ഒരു പാര്‍ട്ടിയുടെ വക്താവ് എന്ന നിലയിലും അത് ചെയ്യാം. അത് അങ്ങനെയായാണല്ലോ ഇപ്പോള്‍ വരുന്നത്. ആ രീതിയെ പിന്‍തുണയ്ക്കുകയോ അനുകരിക്കുകയോ ചെയ്യുന്നവര്‍ക്ക് അത്രത്തോളമേ ക്രെഡിബിളിറ്റിയുണ്ടാകൂ. ആ ചാനല്‍ കാണുന്നവരൊന്നും അതില്‍ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ അത് കണ്ടിരിക്കാന്‍ രസമുള്ളതുകൊണ്ട് അതിന് മുന്നിലിരിക്കും. വാര്‍ത്തയ്ക്കുവേണ്ടി അവര്‍ മറ്റ് ചാനലുകളും പത്രങ്ങളും പോര്‍ട്ടലുകളുമൊക്കെയാകും നോക്കുന്നുണ്ടാവുക. വിശ്വസനീയത ഇല്ലാത്ത ഒരു സംഭവമാണല്ലോ അത്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്യൂണായി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ പരാമര്‍ശിച്ചിരുന്നു. അതിനെതിരെ സിപിഎം കടുത്ത പ്രതിഷേധവുമുയര്‍ത്തി. ആ താരതമ്യത്തെ എങ്ങനെ വിലയിരുത്തുന്നു ?
ഒരാളെ പറ്റിയും അങ്ങനെ പറയാന്‍ പാടില്ലെന്നതാണ് വ്യക്തിപരമായ അഭിപ്രായം. പ്രത്യേകിച്ചും സ്പീക്കറെക്കുറിച്ച്. ബഹുമാന്യമായ പദവിയാണത്. ജനാധിപത്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിനെയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. അത്തരമൊരു പരാമര്‍ശം പാടില്ലാത്തതാണ്. അത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ചിന്തകനും ദേശാഭിമാനി പത്രാധിപരുമായിരുന്ന പി ഗോവിന്ദപ്പിള്ളയില്‍ നിന്ന് മകന്‍ എംജി രാധാകൃഷ്ണന്‍ ഒന്നും പഠിച്ചില്ലേയെന്നൊക്കെ ഈ പ്രശ്‌നമുയര്‍ത്തി പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്, അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കുന്നുണ്ട് ?
അതൊന്നും പാടില്ലാത്തതാണ്. എന്തൊക്കെ പറഞ്ഞാലും രാധാകൃഷ്ണന്‍ മാന്യനായ മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റേതായ നിലപാടുകളും, വിശ്വാസങ്ങളുമുള്ളയാളാണ്. പ്രോഗ്രസീവ് തിങ്കറാണ്. പി ഗോവിന്ദപ്പിള്ളയാണെങ്കില്‍ വളരെ ആദരീണയനായ വ്യക്തിത്വമാണ്. എല്ലാവരും ബഹുമാനിക്കുന്നയാളാണ്. ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പിജിയെ ഈ പ്രശ്‌നത്തില്‍ വലിച്ചിഴയ്‌ക്കേണ്ട കാര്യമല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അത് നല്ല രീതിയിലേ പാടുള്ളൂ. രാധാകൃഷ്ണന്‍ എന്റെ സുഹൃത്താണ്. ഇപ്പോഴത്തെ വിഷയമൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല.സിപിഎം ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയതെങ്ങനെയെന്ന് അന്വേഷിക്കണം. അത്തരമൊരു പരിശോധന ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഏഷ്യാനെറ്റിന് തുടക്കമിടുകയും നയിക്കുകയും ചെയ്തയാളാണ് താങ്കള്‍, ഹൈപ്പോതെറ്റിക്കലാണ് ചോദ്യം, താങ്കള്‍ മേധാവിയായിരിക്കുകയും സിപിഎം പോലൊരു പാര്‍ട്ടി, ചാനലിനെ ബഹിഷ്‌കരിക്കുകയും ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് ആ പ്രശ്‌നത്തെ സമീപിക്കുക ?
അങ്ങനെയൊരു അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ എന്റെ പോരായ്മയായിട്ടാണ് കാണുക. ഞാന്‍ നയിക്കുന്ന സ്ഥാപനത്തിന്റെ പോരായ്മയായിട്ടാണ് വിലയിരുത്തുക. എല്ലാവര്‍ക്കും മാധ്യമത്തിന്റെ വിസിബിളിറ്റി ആവശ്യമാണ്. ഒരാളുടെ മുഖം ഇഷ്ടമല്ലാത്തതുകൊണ്ട് അയാളുടെ പരിപാടിക്ക് പോകില്ല എന്നതൊന്നുമല്ലല്ലോ ഇവിടുത്തെ വിഷയം. സിപിഎം ഇങ്ങനെയൊരു തീരുമാനമെടുക്കണമെങ്കില്‍ അതിന് തക്കതായ കാരണമുണ്ടാകും. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു എന്നതുതന്നെയാണ് അഭിപ്രായം. ഞാന്‍ ഉണ്ടായിരുന്ന കാലത്ത് അങ്ങനെ സംഭവിച്ചിട്ടില്ല. അന്ന് എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റേതായ എഡിറ്റോറിയല്‍ പോയിന്റ് ഉണ്ടാകുന്നതില്‍ ഒരു തെറ്റുമില്ല. കൂടാതെ മാധ്യമങ്ങള്‍ ഒബ്ജക്ടീവ് ആയിരിക്കണം എന്നതല്ല, ശരിയുടെ ഭാഗത്ത് നില്‍ക്കണം എന്നുള്ളതുമാണ് കാര്യം. ഫെയര്‍ മൈന്‍ഡഡ് ആയിരിക്കണം. ഏഷ്യാനെറ്റിലുണ്ടായിരുന്ന കാലത്തെ അനുഭവം പറയാം. താങ്കള്‍ ഇടതുപക്ഷക്കാരനാണെന്ന് ആരോപണമുണ്ടല്ലോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതില്‍ നിന്ന് ആരോപണം എന്ന വാക്ക് ഒഴിവാക്കണം എന്നാണ് ഞാന്‍ മറുപടി പറയാറ്. ഇടതുപക്ഷക്കാരനാണെന്നത് ആരോപണമാകുന്നതെങ്ങനെയാണ്.ഞാന്‍ വിശ്വസിക്കുന്നതാണത്. ഞാന്‍ ലെഫ്റ്റാണ്, പ്രോഗ്രസീവാണ്. ഞാന്‍ നടത്തുന്ന ചാനലിന് ആ സ്വഭാവം ഉണ്ടാകും. എല്ലാതരം കാഴ്ചപ്പാടുകളെയും നമ്മള്‍ റിഫ്‌ളക്ട് ചെയ്യുകയും വേണം. ഒരു പാര്‍ട്ടിയുടെ ആളെ വിളിച്ച് അയാള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതിരിക്കുകയും, മോശക്കാരനാക്കുകയുമൊക്കെ ചെയ്താല്‍ നിവൃത്തിയില്ലാതെ ബോയ്‌കോട്ട് ചെയ്യേണ്ടിവരും. അതുകൊണ്ടാണ് പലരും റിപ്പബ്ലിക് ടിവിയില്‍ പോകാന്‍ വിസമ്മതിക്കുന്നത്. ഏഷ്യാനെറ്റിന് ആ സ്ഥിതി ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല, അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.