ആദിവാസി ആയതുകൊണ്ട് മാറ്റിനിർത്തിയിട്ടേ ഉള്ളു

ആദിവാസി ആയതുകൊണ്ട് മാറ്റിനിർത്തിയിട്ടേ ഉള്ളു
Published on

ആദിവാസികളുടെ അവസ്ഥകളുടെ വർണന എന്നത് തന്നെ എഴുത്തുകാർക്കും കവികൾക്കും ആക്റ്റിവിസ്റ്റുകൾക്കും നാല് പേരുടെ മുന്നിൽ അറിയപ്പെടാനുള്ള ഒരു അവസരമാണ്. പറയുന്നു, കേൾക്കുന്നു, സഹതപിക്കുന്നു, പിരിയുന്നു. പിന്നെ അടുത്ത ഇരയെ കേൾക്കുന്നത് വരെ നിശബ്ദതയാണ്. പക്ഷെ, ഈ ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഒന്നറിയുക.

ബാല്യം തൊട്ട്, അതായത് ക്ലാസ് മുറികളിൽ പിന്നിലെ സീറ്റിലേക്ക് മാറ്റി ഇരുത്തപ്പെടുമ്പോൾ മുതൽ ഞാനൊക്കെ അനുഭവിക്കുന്നതാണ് ഇതെല്ലാം. "നീയൊക്കെ ഗ്രാൻഡ്സിനും ഉച്ചക്കഞ്ഞിക്കും വേണ്ടി വരുന്നതാണ് എന്ന് ഞങ്ങൾക്ക് അറിയാം" എന്ന അധ്യാപകന്റെ വാക്കുകൾ സഹപാഠികളിൽ സൃഷ്ടിച്ച പൊട്ടിച്ചിരി ഇന്നും നെഞ്ചിൽ തറയുന്ന അനുഭവമാണ്. ഒന്ന് ചിന്തിച്ചു നോക്കൂ, ഒരു മനുഷ്യജീവി സ്വപ്‌നങ്ങൾ കാണാൻ തുടങ്ങുന്ന ബാല്യത്തിൽ തന്നെ ഒറ്റയടിക്ക് നീയൊന്നും അതിനു യോഗ്യനല്ല എന്ന് സ്വന്തം ഗുരുനാഥരിൽ നിന്നും പരോക്ഷമായി കേൾക്കേണ്ടി വരിക, അതും സഹപാഠികളുടെ മുന്നിൽ വച്ചു പരിഹാസ്യനായി കൊണ്ട്. ആദിവാസി കുട്ടികൾ പഠന രംഗത്ത് മുന്നോട്ടു വരാത്തതിന്റെ കാരണം, സത്യം പറഞ്ഞാൽ ബാല്യം തൊട്ടു അപഹാസ്യനായി നിൽക്കേണ്ടി വരുന്ന ഈ അവസ്ഥകൾ തന്നെയാണ്.

വ്യക്തിപരമായി എടുത്തു പറയാവുന്ന അനുഭവങ്ങൾ ഏറെയുണ്ട് എനിക്ക്. മധുവോ വിശ്വനാഥനോ ആകേണ്ടി വന്നില്ലെങ്കിലും ആദിവാസി ആയതിന്റെ പേരിൽ മാത്രം സംശയമുന എന്നിലേക്ക് തിരിയുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കോളേജ് കാലത്ത് ബത്തേരി ബസ് സ്റ്റാൻഡിൽ വച്ച് ഒരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടപ്പോൾ ആദ്യം പിടിച്ചു വച്ചത് എന്നെയായിരുന്നു. എന്താണ് ആൾക്കൂട്ടം എന്ന് നോക്കിയതേയുള്ളു, തോളത്തു ഒന്നു രണ്ടു പേരുടെ കൈ അപ്പോഴേക്കും വീണു കഴിഞ്ഞിരുന്നു. പെട്ടെന്ന് ആകെ ബഹളമായി.

രാവിലെ കോളേജിൽ പോകാൻ ഇറങ്ങിയ ഞാൻ ഒരു നിമിഷം കൊണ്ടാണ് പൊതു സമൂഹത്തിനു മുന്നിൽ കള്ളനായി മാറിയത്. ബഹളം കേട്ടു സഹപാഠികളായ രണ്ടു ആദിവാസി കുട്ടികൾ കൂടി എത്തിയപ്പോൾ അവരെയും ചേർത്തായി ചോദ്യം ചെയ്യൽ. ഞങ്ങൾ കോളേജിൽ പോകാൻ എന്ന മട്ടിൽ ബസ് സ്റ്റാൻഡിൽ കറങ്ങി നടന്നു മോഷണം നടത്തുകയാണെന്നാണ് ആളുകൾ പറഞ്ഞുണ്ടാക്കിയത്. അവസാനം പൊലീസ് സ്റ്റേഷനിൽ കൊണ്ട് പോയി തൊണ്ടി മുതൽ കണ്ടെടുക്കണം എന്ന അഭിപ്രായമായി. അതിനിടയിൽ, രണ്ടെണ്ണം കൊടുത്തിട്ടു പൊലീസിനെ വിളിക്കാം എന്നായിരുന്നു ചിലരുടെ വാക്കുകൾ. പക്ഷെ, ഏതോ ഒരു ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടിരിക്കണം. ഇപ്പോഴും ആ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നി പോകാറുണ്ട്.

ഞാൻ വന്ന ബസിലെ കണ്ടക്ടർ, സ്ഥിരമായി കണ്ടു പരിചയമുള്ള ആളാണ്‌. അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു. ''കുട്ടികൾ ഇപ്പോൾ ബസിൽ വന്നിറങ്ങിയതാണ്, പിന്നെങ്ങനെ അതിനു മുന്നേ നടന്ന മോഷണം നടത്തും'' എന്നൊക്കെയുള്ള പുള്ളിയുടെ ചോദ്യങ്ങൾ കേട്ടത്തോടെ ആൾക്കൂട്ടം അയഞ്ഞു. കൂടാതെ, കണ്ടക്ടർ ഇടപെട്ടത്തോടെ കണ്ടു നിന്ന കുറച്ചു പേര് ഞങ്ങൾക്ക് വേണ്ടി രംഗത്ത് വരികയും ചെയ്തതോടെ ആളുകൾ ഞങ്ങളുടെ കോളറിലെ പിടി വിട്ടു. അതിനു ശേഷം കുറച്ചു കാലത്തേക്ക് ആളുകൾ കൂട്ടം കൂടുന്നത് കണ്ടാൽ അതിന്റെ പരിസരത്ത് പോലും പോകാതെ മാറി നടക്കുമായിരുന്നു. പിന്നീട് മനസ്സിലായി അങ്ങനെ മാറി നടക്കേണ്ടവരല്ല ഞങ്ങളെന്ന്. പൊതു പ്രവർത്തനത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചതും ആ ചിന്ത തന്നെയാണ്.

കാക്കത്തോട് കോളനി പുനരാധിവാസവും പൊലീസിലേയും എക്‌സൈസ്-ഫോറെസ്റ്റ് ഡിപ്പാർട്മെന്റുകളിലെയും സ്പെഷ്യൽ റിക്രൂട്ട്മെന്റ് അട്ടിമറിക്കപ്പെടുന്നതിനെതിരെ നടത്തിയ സമരത്തിന്റെ വിജയവും തുടങ്ങി പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞെങ്കിലും അവിടെയും ആദിവാസിക്ക് പരിമിതികൾ ഉണ്ടെന്നു മനസ്സിലായി. പണ്ട് അടിക്കണക്കിൽ ദൂരം നിശ്ചയിച്ചു മാറ്റി നിർത്തുന്നതിന് പകരമായി മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ആദിവാസികൾക്ക് വേണ്ടി പ്രത്യേക ഇടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഇന്ന്. അവിടേക്കാണ് ഞങ്ങളെ മാറ്റിനിർത്തപ്പെടുന്നത്.

കൂട്ടത്തിൽ ചേർക്കാതെ ഞങ്ങൾക്ക് വേണ്ടി മാത്രം പ്രത്യേക ഇടങ്ങൾ ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സംവരണ സീറ്റുകൾ ഉള്ളത് കൊണ്ട് മാത്രം രൂപീകരിക്കപ്പെട്ടത് പോലെയാണ് പലതിന്റെയും പ്രവർത്തന ശൈലി. അത് മാറണം, ഞങ്ങൾക്ക് കഴിവുണ്ടെങ്കിൽ അതിനെ അംഗീകരിക്കണം, പൊതു ഇടങ്ങളിൽ ഞങ്ങൾക്കും ഒരിടം വേണം. എങ്കിലേ പൊതു ബോധത്തിന് മാറ്റം വരൂ.

Related Stories

No stories found.
logo
The Cue
www.thecue.in