മലയാളത്തിന്റെ പ്രിയപ്പെട്ട മധു, സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്, തൊണ്ണൂറാം വയസ്സിലും സിനിമാ രംഗത്തെ അനുഗ്രഹസാന്നിധ്യമായി നില കൊള്ളുന്ന ചലച്ചിത്ര പ്രതിഭ എന്ന രീതിയിലാണ്.
എന്നാൽ മറ്റു ചില കാരണങ്ങൾ കൊണ്ടുകൂടിയാണ് മധു ഒരു 'ചരിത്രപുരുഷനാ'കുന്നത് എന്നെനിക്കു തോന്നുന്നു.
അതിലേറ്റവും പ്രധാനമായത് മലയാളസിനിമയിലെ നാഴികക്കല്ലുകളായി ചരിത്രം രേഖപ്പെടുത്തിയ (നീലക്കുയിൽ,ന്യൂസ് പേപ്പർ ബോയ് എന്നീ സിനിമകളൊഴിച്ചുള്ള) പഴയ കാല ചിത്രങ്ങളിലെല്ലാം പ്രധാന നടൻ മധുവായിരുന്നു എന്നതാണ്.1964 ൽ പുറത്തിറങ്ങിയ ഭാർഗവീ നിലയത്തിലാണ് അതിന്റെ തുടക്കം. തൊട്ടു പിന്നാലെ മികച്ച ചിത്രത്തിനുള്ള രാഷ്ട്ര പതിയുടെ സ്വർണ്ണമെഡൽ നേടിയ ചെമ്മീൻ വന്നു.1970 ൽ ഓളവും തീരവും. രണ്ടു വർഷങ്ങൾക്കു ശേഷം സ്വയംവരം പുറത്തിറങ്ങിയതോടു കൂടിയാണ് ആ വൃത്തം പൂർത്തിയാകുന്നത്.
മലയാളത്തിന്റെ നവ സിനിമയുടെ ആരംഭ കാലത്ത്, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സിനിമ പഠിച്ച ശേഷം ,നാട്ടിൽ മടങ്ങിവന്ന് സിനിമയെടുക്കാൻ പുറപ്പെട്ട ഏതാണ്ടെല്ലാപേരും -- ഒരു കെ ജി ജോർജൊഴിച്ച് -- തങ്ങളുടെ നായകനായി കണ്ടെത്തിയതോ ആശ്രയിച്ചതോ താരനായകന്മാരായ സത്യനെയോ നസീറിനെയോ അല്ല, ഒരു സാധാരണ ചെറുപ്പക്കാരന്റെ മട്ടും ഭാവവുമുള്ള മധുവിനെയായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ചലച്ചിത്ര സഹകരണ സംഘമായ ചിത്രലേഖ യുടെ ബാനറിൽ അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രത്തിൽ മധുവും ഉഷാനന്ദിനിയുമായിരുന്നു നായകനും നായികയും.ആ ചിത്രം മുടങ്ങിപ്പോയെങ്കിലും മറ്റൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടു കാരനായ അസീസ് അതേനാളുകളിൽ തന്നെ ചിത്രീകരിച്ചു പുറത്തിറക്കിയ അവൾ എന്ന ചിത്രത്തിൽ ഇതേ ജോഡി തന്നെ പ്രധാന താരങ്ങളായി.
അടൂർ ഗോപാലകൃഷ്ണന്റെ ഒപ്പം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ബാച്ചിൽ പഠിച്ച് ഒന്നാം റാങ്ക് നേടിയ ജോൺ ശങ്കരമംഗലം ആദ്യമെടുത്ത ജന്മഭൂമി എന്ന സിനിമയിലും മധു തന്നെയായിരുന്നു നായകൻ.1969 ലെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച മൂന്നാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജന്മഭൂമിയാണ്.
കുടുംബാസൂത്രണ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ/ കുടുംബക്ഷേമ വകുപ്പ് നിർമ്മിച്ച്, ചിത്രലേഖയുടെ ബാനറിൽ അടൂർ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ഡോക്യൂ-- ഫിക്ഷൻ ചിത്രത്തിലും തുടർന്ന് അതേ ടീം തന്നെ ചെയ്ത സ്വയംവരത്തിലും മധു നായകനായിരുന്നു.
1971-- 72 കാലഘട്ടത്തിൽ തന്ന എടുത്ത വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന സിനിമയിലെ നായകവേഷത്തിലഭിനയിക്കാൻ വേണ്ടി ജോൺ എബ്രഹാം എന്ന എക്കാലത്തെയും 'റിബൽ ചലച്ചിത്രകാരൻ' ആശ്രയിച്ചത് അന്ന് വിലയേറിയ താരജോഡികളായിരുന്ന രുന്ന മധുവിനെയും ജയഭാരതിയെയുമാണ്.
അതേ കാലത്ത് 1970 ലാണ്, പ്രതി നായകന്റെ വേഷത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ഹാസ്യ താരമായി നിറഞ്ഞു നിന്നിരുന്ന അടൂർ ഭാസിയെ തനിക്കു പകരം നായകനാക്കുകയും ചെയ്തു കൊണ്ട്, മധു 'പ്രിയ' സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം, ഒരു കൊമ്പനാന കേന്ദ്ര കേന്ദ്ര കഥാപാത്രമായി വരുന്ന സിന്ദൂരചെപ്പും.1970,71 വർഷങ്ങളിലെ സ്റ്റേറ്റ് ഫിലിം അവാർഡുകളിൽ,മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'പ്രിയ'യും സിന്ദൂരച്ചെപ്പുമാണ്.
നിർമ്മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയും വിതരണക്കാരനുമാകുന്ന ആദ്യത്തെ മലയാള നടൻ മധുവാണ് -- വി ശാന്താറാമും രാജ് കപൂറും മാത്രമായിരിക്കണം ഈ വഴിയിൽ മുൻപേ നടന്നവർ. ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കുന്ന -- അതും പ്രധാന വേഷങ്ങളിലൊന്നിൽ മലയാള നടനും മധു തന്നെ. ഗോവ വിമോചനത്തിനായി രക്തസാക്ഷിത്വം വരിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഏഴ് ഇന്ത്യക്കാരിൽ ഒരാളായ സുബോധ് സന്യാൽ എന്ന ബംഗാളി ഫുട്ബോൾ താരമായി, കെ ഏ അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനിയിൽ.
എന്നാൽ ഇതിനൊക്കെ അപ്പുറത്ത് മറ്റൊരു കാര്യത്തിന്റെ പേരിലാണ് മധു മലയാളസിനിമയുടെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. അറുപതുകളിലെയും എഴുപതുകളിലെയും മലയാള സിനിമയുടെ പ്രധാന സവിശേഷത, സാഹിത്യവുമായുള്ള അതിന്റെ നാഭീ നാള ബന്ധം ആണല്ലോ. ശ്രേഷ്ഠവും ഇടത്തരവും പൈങ്കിളിയെന്ന് വിളിക്കാവുന്നവയുമൊക്കെയായ മിക്ക സാഹിത്യകൃതികളും ചലച്ചിത്രമാക്കപ്പെട്ട ആ നാളുകളിൽ, മധുവായിരുന്നു അവയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത്. ഏതാണ്ട് എൺപതിലേറെ ചിത്രങ്ങൾ. സത്യനെയും നസീറിനെയുക്കാൾ വളരെ കൂടുതൽ.
തകഴിയുടെ കൃതികളാണ് അക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. ചെമ്മീൻ, ഏണിപ്പടികൾ, ചുക്ക്, നുരയും പതയും ഗന്ധർവ ക്ഷേത്രം എന്നീ ചിത്രങ്ങൾ.
ബഷീറിന്റെ ഭാർഗവീ നിലയത്തിലും (നീല വെളിച്ചം ) കേശവദേവിന്റെ സ്വപ്നത്തിലും ഉറൂബിന്റെ ഉമ്മാച്ചു വിലും മധു വായിരുന്നു പ്രധാന നടൻ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത എസ് കെ പൊറ്റക്കാടിന്റെ മൂടുപടത്തിലേക്ക് വേണ്ടിയാണല്ലോ ആദ്യം മധു തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് പൊറ്റക്കാടിന്റെ നാടൻ പ്രേമം, പുള്ളിമാൻ എന്നിവയിലും നായകനായി.
പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് ആദ്യമായെത്തിയ മധു, പിന്നീട് അതേ കഥാകാരന്റെ ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു. കെ സുരേന്ദ്രന്റെ ദേവിയിൽ നസീറിനും ഷീലയോടുമൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിച്ച മധു ഇതേ അഭിനേതാക്കളോടൊപ്പം തന്നെ ജി വിവേകാനന്ദന്റെ കള്ളിചെല്ലമ്മയിലും വേഷമിട്ടു. വിവേകാനന്ദന്റെ മഴക്കാറ്, അരിക്കാരി അമ്മു, ഒരു യുഗസന്ധ്യ എന്നിവയിലും പിന്നീട് പ്രധാന വേഷങ്ങൾ ചെയ്തു.ഇ എം കോവൂരിന്റെ നോവൽ അമ്മയെ കാണാൻ എന്ന പേരിൽ പി ഭാസ്കരൻ സിനിമയാക്കിയപ്പോൾ മധുവിനുമുണ്ടായിരുന്നു ഒരു ചെറിയ വേഷം.
എം ടി വാസുദേവൻ നായർ ആദ്യമായി തിരക്കഥയെഴുതിയ മുറപ്പെണ്ണ് (സ്നേഹത്തിന്റെ മുഖങ്ങൾ), ഓളവും തീരവും, വിത്തുകൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നിവയ്ക്കു പുറമെ സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ നഗരമേ നന്ദി, മാപ്പുസാക്ഷി എന്നിവയിലും അഭിനയിച്ചു. പി പത്മരാജന്റെ ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം എന്നീ നോവലുകളുടെ ചലച്ചിത്ര രൂപാന്തരങ്ങളിലും എം കെ ചന്ദ്രശേഖരനോടൊപ്പം ചേർന്ന് കഥയെഴുതിയ അപരനിലും അഭിനയിച്ചു.
സി രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ പ്രിയ എന്ന പേരിൽ ചലച്ചിത്രമാക്കിക്കൊണ്ടാണല്ലോ മധു സംവിധാനരംഗത്തേക്ക് കടന്നത്. പിന്നീട് രാധാകൃഷ്ണൻ സംവിധാനം ചെയ്ത അഗ്നി,ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങളിൽ നായകവേഷത്തിൽ വന്നത് മധുവാണ്. സി രാധാകൃഷ്ണന്റെ പിൻ നിലാവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിലും മധു അഭിനയിച്ചു.
എൻ. മോഹനന്റെ പൂജയ്‌ക്കെടുക്കാത്ത പൂക്കൾ, വൈക്കം ചന്ദ്രശേഖരൻ നായരുടെ നഖങ്ങൾ, മാധവിക്കുട്ടി, വി ടി നന്ദകുമാറിന്റെ തീർത്ഥ യാത്ര (ദൈവത്തിന്റെ മരണം ), രണ്ടു പെൺകുട്ടികൾ, പെരുമ്പടവം ശ്രീധരന്റെ അഭയം, പിന്നെയും പൂക്കുന്ന കാട്,എസ് എൽ പുരം സദാനന്ദന്റെ നോവൽ അഗ്നിശുദ്ധിയുടെ ചലച്ചിത്ര രൂപാന്തരമായ ഇൻക്വിലാബ് സിന്ദാബാദ്, ശ്രീകുമാരൻ തമ്പിയുടെ കാക്കത്തമ്പുരാട്ടി, സാറാ തോമസിന്റെ അസ്തമയം, തുടങ്ങിയവയൊക്കെ മധുവിന്റെ പ്രധാന ചിത്രങ്ങളാണ്.
ജനപ്രിയ സാഹിത്യത്തിലൂടെ പ്രശസ്തരായ മുട്ടത്തു വർക്കിയുടെ പട്ടു തൂവാല, കരകാണാക്കടൽ, ലൈൻ ബസ്, തെക്കൻ കാറ്റ്, കടൽ കാനം ഈ ജെ യുടെ കളിയോടം, പുത്രി, അദ്ധ്യാപിക, യാമിനി, സ്വർഗ്ഗപുത്രി, മൊയ്തു പടിയത്തിന്റെ കുട്ടിക്കുപ്പായം,കെ ജി സേതുനാഥിന്റെ ഉദ്യോഗസ്ഥ, വീട്ടുമൃഗം ജേക്കബിന്റെ ലേഡി ഡോക്ടർ (സ്നേഹിച്ചു പക്ഷെ...) ചെമ്പിൽ ജോണെഴുതിയ കല്യാണഫോട്ടോ, പ്രമീള ജോസഫിന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായരെഴുതിയ ഉദയം, പാറശ്ശാല ദിവാകരന്റെ സൗന്ദര്യ പൂജ, എം പരമേശ്വരൻ നായരുടെ വഴി പിഴച്ച സന്തതി എന്നീ ചിത്രങ്ങളിലും മധു പ്രധാന റോളുകളിൽ അഭിനയിച്ചു.
സിനിമയ്ക്കു വേണ്ടി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ചെമ്പരത്തി, വിലാസിനി എഴുതിയ ഒരിക്കൽ കൂടി, ജോർജ് ഓണക്കൂർ രചിച്ച കൈതപ്പൂ എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ മധു അഭിനയിക്കുന്നുണ്ട്.
ചെറുപ്രായം തൊട്ടുതന്നെ നാടകത്തിലഭിനയിച്ചു തുടങ്ങുകയും നാടകത്തോടുള്ള ആവേശം മൂത്ത് കോളേജ് അധ്യാപകജോലി രാജിവെച്ച് സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുകയും ചെയ്ത മധു തന്നെയാണ്, അഭ്രപാളിയിലേക്ക് പകർത്തപ്പെട്ട നാടകങ്ങളിൽ മിക്കവയിലും മുഖ്യവേഷമിട്ടത്. നാടകവേദിയിലെ ഗുരുതുല്യരായ കൈനിക്കര കുമാരപിള്ളയുടെയും(മാതൃകാ മനുഷ്യൻ )ജി ശങ്കരപ്പിള്ളയുടെയും(പൂജാ മുറി )നാടകങ്ങൾ സെല്ലുലോയ്ഡിലേക്ക് പകർത്തിയത് മധു തന്നെയാണ്. മാന്യശ്രീ വിശ്വാമിത്രൻ എന്നും സതി എന്നും പേരിട്ട ആ രണ്ടു ചിത്രങ്ങളും നാടകത്തിന്റെ പ്രമേയത്തോട് നീതിപുലർത്തിക്കൊണ്ടു തന്നെ സിനിമയുടെ രൂപഭാവങ്ങൾ കാത്തു സൂക്ഷിച്ചു. അതിനു ശേഷം പി ആർ ചന്ദ്രൻ എഴുതിയ മിഥ്യ എന്ന നാടകം കാമം ക്രോധം മോഹം എന്ന പേരിലും മറ്റൊരു നാടകമായ അക്കൽ ദാമ അതേ പേരിലും മധു ചലച്ചിത്രങ്ങളാക്കി.
മലയാളനാടകവേദിയിലെ കുലപതികളുടെ കൂട്ടത്തിൽ ,തോപ്പിൽ ഭാസിയെഴുതിയ അശ്വമേധം, തുലാഭാരം, ശരശയ്യ, യുദ്ധകാണ്ഡം, എസ് എൽ പുരത്തിന്റെ വില കുറഞ്ഞ മനുഷ്യർ, തിക്കോടിയന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ (മൃത്യുഞ്ജയം ) എന്നിവയിൽ അഭിനയിച്ച മധു കെ. എസ് നമ്പൂതിരിയുടെ സമസ്യ,പി എ വാര്യരുടെ അമ്മു ( ചവുട്ടിക്കുഴച്ച മണ്ണ് )കടവൂർ ചന്ദ്രൻ പിള്ളയുടെ പുത്രകാ മേഷ്ടി, എം എ ഇബ്രാഹിം കുട്ടിയുടെ മാണിക്യ കൊട്ടാരം എന്നിവയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പുത്രകാമേഷ്ടിയിൽ അഴിമതിക്കാരൻ കോൺടാക്ടറായ അച്ഛന്റെയും അയാൾക്കെതിരെ നിലയുറപ്പിച്ച പോലീസ് ഓഫീസറായ മകന്റെയും ഇരട്ട വേഷങ്ങളിലാണ് മധു അഭിനയിച്ചത്.
നാടക കൃത്തുകളായ സി എൻ ശ്രീകണ്ഠൻ നായർ (അർച്ചന )കെ ടി മുഹമ്മദ് ( തുറക്കാത്ത വാതിൽ) പി ജെ ആന്റണി ( നദി) സി പി ആന്റണി ( കറുത്ത പൗർണമി ) എന്നിവരുടെ രചനകളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രങ്ങളിൽ മധുവിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
മലയാളത്തിലെ മൂന്നു പ്രമുഖ ഖണ്ഡ കാവ്യങ്ങൾ ചലച്ചിത്രമാക്കിയപ്പോൾ മധു അവയിൽ പ്രധാന റോളുകൾ കൈകാര്യം ചെയ്തു.കുമാരനാശാന്റെ കരുണയിലെ തൊഴിലാളി നേതാവ്,ചങ്ങമ്പുഴയുടെ രമണനിലെ മദനൻ,മധു തന്നെ സംവിധാനം ചെയ്ത ഓ എൻ വിയുടെ നീലക്കണ്ണുകളിലെ തേയില തോട്ടത്തിലെ തൊഴിലാളി എന്നിവയാണ് ആ വേഷങ്ങൾ.
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കാർട്ടൂൺ പരമ്പരയായ ടോംസിന്റെ ബോബനും മോളിയും സിനിമയായപ്പോൾ മധു അതിൽ ഒരു സീരിയസ് റോളിൽ അഭിനയിച്ചു.
വിശ്വ സാഹിത്യം മലയാളത്തിലേക്ക് വന്നപ്പോഴും മധുവിന് അതിൽ സ്ഥാനമുണ്ടായിരുന്നു. ആർ എൽ സ്റ്റീവൻസണിന്റെ ഡോ. ജെക്കിൾ ആൻഡ് മിസ്റ്റർ ഹൈഡ് കറുത്ത രാത്രികൾ എന്ന പേരിൽ സിനിമയായപ്പോൾ, അതിൽ ഉഗ്രനും ശാന്തനുമായി വന്നു. വിശ്വസാഹിത്യ പ്രേമികളായ മലയാളികൾക്കെല്ലാം സുപരിചിതമായ, വിക്ടർ ഹ്യൂഗോയുടെ ക്ലാസ്സിക് കൃതി പാവങ്ങളിലെ വിഖ്യാത നായകൻ ഴാങ് വാൽ ഴാങിനെ മലയാള സിനിമയിൽ പ്രേക്ഷകർ കാണുന്നത് മധുവിന്റെ രൂപഭാവങ്ങളോടെയാണ്. ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത നീതിപീഠം എന്ന ചിത്രത്തിൽ. അലക്സാണ്ടർ ഡ്യൂമായുടെ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ 'പടയോട്ടം' എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രമായി, നവോദയയുടെ ജീജോ ഒരുക്കിയപ്പോൾ,പ്രേംനസീർ അവതരിപ്പിച്ച അതിലെ നായകനെ ചതിച്ചു തടവിലാക്കി, അയാളുടെ കാമുകിയെ തട്ടിയെടുക്കുന്ന സഹോദരന്റെ വേഷത്തിൽ വന്നത് മധുവാണ്.
ഇന്ത്യൻ ക്ലാസ്സിക് സാഹിത്യം മലയാള സിനിമയിൽ പുനരവതരിച്ചപ്പോൾ, അവയിൽ മിക്കതിലും മധു അഭിനേതാവായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദുർഗേശ നന്ദിനി, തിലോത്തമയെന്ന ചരിത്രസിനിമയായി ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോ നിർമ്മിച്ചു.നായകന്മാരായ സത്യൻ, പ്രേം നസീർ എന്നിവരോടൊപ്പം പ്രതി നായകനായ ഉസ്മാന്റെ റോളിൽ മധു അഭിനയിച്ചു. ശരചന്ദ്ര ചാറ്റർജിയുടെ പ്രസിദ്ധമായ ദേവദാസിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിലും മധുവുണ്ടായിരുന്നു -- ദേവദാസിന്റെ ഉഗ്രപ്രതാപിയായ പിതാവിന്റെ വേഷത്തിൽ. താരാശങ്കർ ബാനർജിയുടെ വിഖ്യാത കൃതിയായ സപ്തപദി (ഏഴു ചുവട് )സ്നേഹദീപമേ മിഴി തുറക്കൂ എന്ന മലയാള ചിത്രമായി പി ഭാസ്കരൻ അവതരിപ്പിച്ചപ്പോൾ, കേന്ദ്ര കഥാപാത്രമായ വൈദിക ഡോക്ടറുടെ വേഷമഭിനയിച്ചത് മധു വാണ്.
മലയാളസാഹിത്യത്തിലെ ദുരന്തനായകനായ പരീക്കുട്ടിയായി അഭിനയിക്കുന്നത് താൻ സ്വപ്നം കണ്ടിരുന്നെന്ന് ഒരിക്കൽ മധു പറഞ്ഞിരുന്നു. പരീക്കുട്ടിയെ മാത്രമല്ല, വായനയിലൂടെ സഹൃദയ മനസുകളിൽ കുടിയേറിയ പല ലെജന്ററി കഥാപാത്രങ്ങളെയും മജ്ജയും മാസവുമുള്ള മനുഷ്യരൂപങ്ങളായി മലയാളികൾ നേരിട്ടു കാണുന്നത് മധുവിന്റെ രൂപഭാവങ്ങളോട് കൂടിയാണ്. കേശവപിള്ള ( ഏണിപ്പടികൾ ) മായൻ (ഉമ്മാച്ചു), ഇക്കോരൻ ( നാടൻ പ്രേമം ), ദേവയ്യൻ ( പുള്ളിമാൻ )കൃഷ്ണേന്ദു/ കൃഷ്ണസ്വാമി ( ഏഴു ചുവട് ) സാഹിത്യകാരൻ / ബഷീർ ( ഭാർഗവീ നിലയം ) ശംഭു ( ദേവി ), അസ്രാങ്കണ്ണ് മുതലാളി ( കള്ളിചെല്ലമ്മ ),ബാപ്പുട്ടി (ഓളവും തീരവും ) ഉണ്ണി ( വിത്തുകൾ )സാഹിത്യകാരൻ പ്രസാദ് (യുദ്ധകാണ്ഡം), മാർത്താ ണ്ഡൻ തമ്പി ( മാതൃകാ മനുഷ്യൻ / മാന്യശ്രീ വിശ്വാമിത്രൻ ). മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ ഭാവനാ സൃഷ്ടികളായ ഈ ജീവിതങ്ങളെ,രാമുകാര്യാട്ട്, പി ഭാസ്കരൻ, വിൻസെന്റ്, കെ എസ് സേതുമാധവൻ,പി എൻ മേനോൻ, തോപ്പിൽ ഭാസി തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ നിർദ്ദേശങ്ങളനുസരിച്ച് സ്വന്തം ശരീരത്തിലും ആത്മാവിലുമായി ഏറ്റു വാങ്ങിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത്,എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റുന്ന,കാമ്പും കരുത്തും വ്യക്തിത്വവും തലയെടുപ്പുമുള്ള കുറെ അപൂർവ കഥാപാത്രങ്ങളെയാണ്., സാഹിത്യത്തിൽ നിന്ന് സെല്ലുലോയ്ഡിലേക്ക് ആത്മാവ് ഒട്ടും ചോർന്നുപോകാതെ പരാവർത്തനം ചെയ്യപ്പെട്ട ആ പച്ച മനുഷ്യരിലൂടെ മധു മലയാള സിനിമയുടെ സുകൃതമായി മാറുന്നു.