'ചരിത്ര'ത്തിൽ ഇല്ലാത്ത ഒരാൾ

'ചരിത്ര'ത്തിൽ ഇല്ലാത്ത ഒരാൾ
Published on

ബൽരാജ് സാഹ്നിയുടെ കഥ അവസാനിക്കുന്നു.

അന്ന് ആ സായാഹ്നത്തിൽ ജയിലിലെത്തിയ പുതിയ തടവുകാരുടെ കൂട്ടത്തിലെ സുമുഖനും ദീർഘകായനുമായ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ജയിലർ ഒന്നു സൂക്ഷിച്ചു നോക്കി.പെട്ടെന്ന് മനസ്സിൽ തോന്നിയ സംശയം ചോദ്യരൂപത്തിൽ പുറത്തുവന്നു.

"നിങ്ങൾ?... നിങ്ങളെ ഞാനിതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ?"

തടവുപുള്ളിയുടെ ജയിൽവേഷം അണിഞ്ഞുനിൽക്കുന്ന ആ യുവാവ് ഉറക്കെ പൊട്ടിച്ചിരിച്ചു.

"കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ താങ്കളെ കാണാനായി ഇവിടെ ഈ മുറിയിൽ വന്നിരുന്നു.ജയിലിലെ രീതികളെക്കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കാനായിട്ടായിരുന്നു അന്ന് ഞാൻ വന്നത്. ഒരു സിനിമയിൽ ജയിലറുടെ റോളിൽ അഭിനയിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പ്....ഇതാ, ഇപ്പോൾ ഇവിടുത്തെ ഒരന്തേവാസിയായി തന്നെയെത്തിയിരിക്കുകയാണ്.എന്റെ പേര് ബൽരാജ് സാഹ്നി...."

ബൽരാജ് സാഹ്നി
ബൽരാജ് സാഹ്നി

1947.കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുള്ളിൽ പി സി ജോഷിയുടെ നേതൃത്വത്തിനെതിരെ ഉയർന്നുതുടങ്ങിയ മുറുമുറുപ്പ് ശക്തമാകുകയായിരുന്നു.ആസന്നമായിരുന്ന ഇന്ത്യൻ വിപ്ലവത്തിന് തടസ്സം സൃഷ്ടിച്ചത് ജോഷി നടപ്പാക്കിയ ഒത്തുതീർപ്പിന്റെയും പരിഷ്കരണവാദത്തിന്റെയും നയങ്ങളാണെന്ന ആരോപണവുമായി ബി ടി രണദിവെയും ഡോ. അധികാരിയും എസ് എ ഡാങ്കെയുമടക്കമുള്ള സഖാക്കൾ രംഗത്തു വന്നു.ഗാന്ധിയും നെഹ്റു വും മറ്റ് ദേശീയ നേതാക്കളുമൊക്കെയായി ജോഷിയ്ക്കു ണ്ടായിരുന്ന അടുത്ത ബന്ധവും ചോദ്യം ചെയ്യപ്പെട്ടു.പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ജോഷിയ്ക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവെക്കേണ്ടി വന്നു. 1947 ഡിസംബർ മാസത്തിൽ ബി ടി രണദിവേ ഔദ്യോഗിക മായിത്തന്നെ ആ സ്ഥാനമെറ്റെടുത്തു.എന്നാൽ തത്ക്കാലത്തേക്ക് ആ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു.1948 ഫെബ്രുവരി യിൽ കൽക്കട്ട യിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ വെച്ച് ജോഷിയെ കേന്ദ്രക്കമ്മിറ്റിയിൽ നിന്നുതന്നെ ഒഴിവാക്കി. മാത്രമല്ല, "ഇന്ത്യൻ വിപ്ലവത്തിന് തുരങ്കം വെച്ചുകൊണ്ട് ദേശീയ ബൂർഷ്വാസിയുടെ ഏജന്റ് ആയി പ്രവർത്തിക്കുകയായിരുന്നുതാനെ"ന്ന് പാർട്ടി അണികളോട് കുമ്പസാരം നടത്താൻ ജോഷി നിർബന്ധിതനാകുകയും ചെയ്തു.

പി സി ജോഷി
പി സി ജോഷി

അധികം വൈകാതെ തന്നെ ജോഷിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും തുടർന്ന് പൂർണ്ണമായും പുറത്താക്കുകയും ചെയ്തു. എതെങ്കിലും രീതിയിൽ ജോഷിയെ സഹായിക്കുകയോ അദ്ദേഹവുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്നതിൽ നിന്ന് സഖാക്കളെ പാർട്ടി വിലക്കി. മോഹൻ കുമാരമംഗലം,എൻ കെ കൃഷ്ണൻ, അരുൺ ബോസ് തുടങ്ങി ജോഷി കൈപിടിച്ചുയർത്തിക്കൊണ്ടുവന്ന ചെറുപ്പക്കാർ ഓരോരുത്തരായി ജോഷിയെ കയ്യൊഴിഞ്ഞു.പാർട്ടിയുടെ വിലക്ക് പേടിച്ച് ഉറ്റ സഖാക്കൾ പോലും ജോഷിയോട് മുഖം തിരിച്ചു നിന്നു.

ബൽരാജ് സാഹ്നിയെ സംബന്ധിച്ചിടത്തോളം ദമയന്തിയുടെ അകാലമായ മരണത്തിന് ശേഷമുണ്ടായ ഏറ്റവും കടുത്ത ആഘാതമായിരുന്നു ജോഷിയുടെ പുറത്താക്കൽ.ഒരമ്മയുടെ വയറ്റിൽപ്പിറന്നതുപോലെയുള്ള അതിഗാഢമായ ബന്ധമാണ് ജോഷിയോടും കല്പനയോടും ബൽരാജിനുണ്ടായിരുന്നത്. ആ നാളുകളിൽ ശ്രീനഗറിലായിരുന്ന ഭിഷ്മ സാഹ്നിയ്ക്ക് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നറിഞ്ഞയുടനെ അത് പെൺകുട്ടിയാണെങ്കിൽ കല്പന എന്നു പേരിടണം എന്ന് ബൽരാജ് ടെലിഗ്രാം അയച്ച സംഭവം ആ ആത്മബന്ധത്തിന്റെ തെളിവാണ്.

ജോഷിയുടെ പുറത്താക്കലും കൽക്കട്ട തീസിസിന്റെ അങ്ങേയറ്റം സെക്റ്റേറിയനും സാഹസികവുമായ നയങ്ങളും ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇപ്റ്റയെയും പ്രോഗ്രസ്സീവ് റൈറ്റേഴ്സ് മൂവ് മെന്റിനെയുമാണ്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു വേണ്ടി ജോഷി അനാവശ്യ ചിലവുകൾ വരുത്തി വെക്കുകയാണെന്ന് സദാ പരാതിപ്പെട്ടിരുന്ന പാർട്ടിയുടെ ട്രഷറർ എസ് വി ഘാട്ടേയുടെ നിലപാട് ഒടുവിൽ വിജയം കണ്ടു.1947 മദ്ധ്യത്തോടെ തന്നെ ഇപ്റ്റയുടെ അന്ധേരി കേന്ദ്രം അടച്ചുപൂട്ടാനും സെൻട്രൽ സ്ക്വാഡ് പിരിച്ചുവിടാനും ജോഷി നിർബന്ധിതനായിരുന്നു.അന്ന് അവിടെയുണ്ടായിരുന്ന കലാകാരികളുൾപ്പെടെ എല്ലാവരും ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. നർത്തകനായ നരേന്ദ്രശർമ്മ വിമ്മി വിമ്മി കരഞ്ഞുകൊണ്ട് ഒരവസാനതീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കണമെന്നഭ്യർത്ഥിച്ചു. എന്നാൽ ജോഷി നിസ്സഹായനായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തെലുങ്കാനാ സമരം കൊടുമ്പിരിക്കൊള്ളുന്ന നാളുകളായിരുന്നു അത്.'ഡെക്കാൻ കി ഏക് രാത്' ( തെലുങ്കാന യിലെ ഒരു രാത്രി) എന്ന പേരിൽ വിശ്വാമിത്ര ആദിൽ രചിച്ച ഒരു നാടകം ബൽരാജ് സാഹ്നിയുടെ സംവിധാനത്തിൻ കീഴിൽ ഇപ്റ്റ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതിന്റെ റിഹേഴ്‌സൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്റ്റയുടെ ബോംബെ യൂണിറ്റിന്റെ സെക്രട്ടറി രാമറാവു പുതിയൊരു നാടകത്തിന്റെ ആശയവുമായി എത്തുന്നത്.ബോംബെ പട്ടണത്തിലെ ചർച്ച് ഗേറ്റിലുള്ള ഓഫീസിലേക്ക് ബോറിവല്ലി എന്ന സ്ഥലത്തുനിന്ന് ദിവസവും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു സർക്കാർ ഗുമസ്തന്റെ കഥ.ഓഫീസിലെ തന്റെ കസേരയിൽ ഇരുന്നുകൊണ്ട്അയാൾ കാണുന്ന വിചിത്ര സ്വപ്നങ്ങളായിരുന്നു നാടകത്തിന്റെ തീം.കേട്ടപ്പോൾ തന്നെ സംഭവം ഇഷ്ടപ്പെട്ട ബൽരാജ് തന്നെയാണ് 'ജാദൂ കി കുർസി'(മാന്ത്രികകസേര)എന്ന ആ നാടകമെഴുതിയതും പ്രധാന കഥാപാത്രത്തിന്റെ വേഷമണിഞ്ഞതും.

ഹബീബ് തൻവീർ,ദീനാ ഗാന്ധി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. സംവിധാനം മോഹൻ സൈഗാൾ നിർവഹിച്ചു 1948 ൽഅലഹബാദിൽ നടന്ന ഇപ്റ്റ യുടെ സമ്മേളനത്തിൽ ഈ രണ്ടു നാടകങ്ങളും അരങ്ങേറി.അതിനിശി തമായ ആക്ഷേപഹാസ്യത്തിന്റെ ശൈലിയിൽ ഇന്ത്യൻ ഭരണകൂടത്തിന് നേരെ നടത്തിയ ചാട്ടുളി പ്രയോഗമായിരുന്നു ,'ജാദൂ കി കുർസി' എന്ന നാടകം. ബൽരാജ് സാഹ്നി എന്ന അഭിനേതാവിൽ അതുവരെ ഒളിഞ്ഞു കിടന്നിരുന്ന കൊമേഡിയൻ ഉഗ്രപ്രതാപത്തോടെ പുറത്തുവന്നത് ആ നാടകത്തിലാണ്.ജവഹർലാൽനെഹ്റുവിനെ 'സാമ്രാജ്യത്വ ത്തിന്റെ പിണിയാളാ'യി വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഗവണ്മെന്റിനെയും നെഹ്‌റു വിനെ വ്യക്തിപരമായും രൂക്ഷമായി വിമർശിക്കുന്ന, പരിഹസിക്കുന്ന സംഭാഷണങ്ങളും സന്ദർഭങ്ങളുമാണ് നാടകത്തിലുടനീളമുണ്ടായിരുന്നത്.അരങ്ങത്ത് അസാമാന്യവിജയം നേടിയ നാടകം കാണാനെത്തിയ സദസ്സ് ചിരിച്ചു മറിയുകയായിരുന്നു .ബൽരാജിന്റെ അടുത്ത ചങ്ങാതിയും പുരോഗമന സാഹിത്യകാരനുമായ കിഷൻ ചന്ദർ പതിനൊന്നു പ്രാവശ്യമാണ് നാടകം കണ്ടത്.

എന്നാൽ ബൽരാജിന് നാടകത്തെ കുറിച്ച് തീരെ അഭിപ്രായമുണ്ടായിരുന്നില്ല.ജവഹർലാലിനെ പോലെയൊരു മഹാനെ ആക്ഷേപിക്കാൻ മാത്രം തനിയ്ക്കെന്ത് യോഗ്യത എന്നായിരുന്നു ബൽരാജിന്റെ ചിന്ത. പി സി ജോഷി നടുനായകസ്ഥാനം വഹിച്ച നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവരിക്കാൻ കഴിഞ്ഞ അസാമാന്യമായ മുന്നേറ്റത്തെയാകെ പിറകോട്ടടിക്കുന്ന പുതിയ സാഹസിക നയത്തോട് ബൽരാജിന് ഒട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല.എന്നാൽ 'ജോഷിയുടെ ആളാ'യി തന്നെ നോട്ടമിട്ടുവെച്ച വരുടെ മുൻപിലൊന്നു പിടിച്ചുനിൽക്കാൻ വേണ്ടി മാത്രമാണ് വാസ്തവത്തിൽ ബൽരാജ് ആ നാടകമെഴുതിയത്.

'ജാദൂ കി കുർസി' കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട പലരും നാടകത്തിന്റെ സ്ക്രിപ്റ്റിനു വേണ്ടി ബൽരാജിനെ സമീപിച്ചു.പക്ഷെ നാടകത്തിന്റെ ഒരു കോപ്പിപോലും അവശേഷിപ്പിക്കാതെ അതെഴുതിവെച്ച പുസ്തകം തന്നെ കത്തിച്ചു കളയുകയായിരുന്നു ബൽരാജ് ചെയ്തത്!

കൽക്കട്ടാ തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും രാജ്യമൊട്ടാകെ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു.ഇപ്റ്റയുടെയും പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് മൂവ് മെന്റിന്റെയും പ്രവർത്തകരും കിരാതമായ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഇരകളായി. പാർട്ടിയുടെ നയത്തോട് പൊരുത്തപ്പെടാനാകാതെ കെ എ അബ്ബാസും ശംഭു മിത്രയുമടക്കമുള്ള പല പ്രമുഖരും പ്രസ്ഥാനം വിട്ടുപോയി.

ബൽരാജിന്റെ ജീവിതത്തിൽ ചില സു പ്രധാന സംഭവങ്ങൾ അരങ്ങേറിയ നാളുകളായിരുന്നു അത്.അമ്മയില്ലാതെ വളരുന്ന പരീക്ഷിത്തിനെയും ശബ്നത്തെയും നേരാവണ്ണം ശ്രദ്ധിക്കാൻ ബൽരാജിന് തീരെ നേരം കിട്ടിയിരുന്നില്ല .1949 മാർച്ചിൽ ബൽരാജ് തന്റെ ഒരു കസിനും ബാല്യകാല സഖിയുമായ സന്തോഷിനെ വിവാഹം കഴിച്ചു.സിനിമയിലും തിരക്കേറി വന്ന നാളുകൾ.ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ മടങ്ങിവരുന്നുവെന്ന തോന്നലായിരുന്നു.

ബൽരാജ് സാഹ്നിയും സന്തോഷും
ബൽരാജ് സാഹ്നിയും സന്തോഷും

കെ അസീഫിന്റെ 'ഹൽച്ചൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരികയാണ്. നർഗീസും ദിലീപ് കുമാറും നായികാ നായകന്മാരായി വേഷമിടുന്ന ചിത്രത്തിൽ ബൽരാജ് അഭിനയിച്ചത് ഒരു ജയിലറുടെ വേഷത്തിലാണ്.

ആ ദിവസങ്ങളിലൊന്നിൽ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനമനുസരിച്ച് ബോംബേയിൽ ഒരു വലിയ പ്രകടനം നടന്നു. കമ്മ്യൂണിസ്റ്റ് കാരെ ആജന്മ ശത്രുക്കളായി പ്രഖ്യാപിച്ച മൊറാർജി ദേശായി ആയിരുന്നു അന്ന് ബോംബെയുടെ ആഭ്യന്തര മന്ത്രി.പാർട്ടി കേഡർമാർക്കു പുറമെ ഇപ്റ്റയുടെ പ്രധാന പ്രവർത്തകരും ട്രേഡ് യൂണിയൻ സഖാക്കളുമൊക്കെ അണിനിരന്ന പ്രകടനത്തിന് നേർക്ക് പാരേലിൽ വെച്ച് ലാത്തിച്ചാർജ്ജും വെടിവെപ്പും നടന്നു.ഒട്ടേറെ പ്പേർ കൊല്ലപ്പെട്ടു. ബൽരാജ് സാഹ്നി,അണ്ണാ ഭാവു സാത്തെ, അമർ ഷെയ്ഖ്,അലി സർദാർ ജാഫ്രി,ദീനാ ഗാന്ധി തുടങ്ങിയവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു.ആറു മാസത്തേക്ക് ശിക്ഷിക്കപ്പെട്ട ബൽരാജിനെ കൊണ്ടുപോയത് ആർതർ റോഡ് ജയിലിലേക്കായിരുന്നു.

ബൽരാജ് ജയിലിലടയ്ക്കപ്പെട്ടത് കാരണം 'ഹൽചലിന്റെ' ചിത്രീകരണം മുടങ്ങി. ഒടുവിൽ സർക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങി പരോളിലിറങ്ങി ബൽരാജ് തന്റെ ഭാഗങ്ങൾ ചെയ്തു തീർക്കുകയായിരുന്നു.ഷൂട്ടിങ് നടക്കുന്ന സ്റ്റുഡിയോയിൽ ചെന്നാണ്,അന്നൊക്കെ സന്തോഷും പരീക്ഷിത്തും ശബ്‌നവും ബൽരാജിനെ കണ്ടിരുന്നത്.

ജയിലിൽ നിന്നിറങ്ങിയ ബൽരാജിന്റെ മുന്നി ലുണ്ടായിരുന്നത് തികഞ്ഞ അനിശ്ചിതത്വത്തിന്റെ നാളുകളാണ്.ഇപ്റ്റ ആകെ തകർച്ചയുടെ വക്കിലായിരുന്നു. പ്രമുഖർ പലരും സംഘടന വിട്ടുപോയി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ ഏതാണ്ടെല്ലാവരും തന്നെ തടവറയ്ക്കുള്ളിലോ ഒളിവിലോ ആണ്.

സർക്കാരിനെ ശത്രുവാക്കിക്കൊണ്ട് ഒരു കമ്മ്യുണിസ്റ്റുകാരനെ സിനിമയിലെടുക്കാൻ നിർമ്മാതാക്കൾ ഭയപ്പെട്ടു. കുഞ്ഞുങ്ങൾക്ക് നേരെ ചൊവ്വേ ഭക്ഷണം കൊടുക്കാൻ പോലും പറ്റാത്ത വിധത്തിൽ ദാരിദ്ര്യം ആ വീടിനെ ചൂഴ്ന്നു നിന്നു. വരുമാനത്തിന് വേണ്ടി ബൽരാജും 'തോഷ്' എന്നു വിളിക്കുന്ന സന്തോഷും പല ജോലികളിലും ഏർപ്പെട്ടു.ഒരു ബാലതാരമായി പരീക്ഷിത്തിനെ അഭിനയിപ്പിക്കുന്നതിന് വേണ്ടി ചില നിർമ്മാതാക്കൾ ബൽരാജിനെ സമീപിച്ചു.മകന്റെ പഠനം മുടക്കിക്കൊണ്ട് അഭിനയിക്കാൻ പറഞ്ഞയക്കുന്ന കാര്യത്തിൽ ബൽരാജിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. നിവൃത്തികേട് കൊണ്ട് മാത്രം അതിനു വഴങ്ങുകയായിരുന്നു.ഒടുവിൽ പഴയ കൂട്ടുകാരനായ ചേതൻ ആനന്ദ് തന്നെയാണ് ആ ഇരുൾ നിറഞ്ഞ വഴിയിൽ വെളിച്ചം കാണിക്കാനെത്തിയത്. ആനന്ദ് സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള നവ്‌ കേതൻ ഫിലിംസ് നിർമ്മിക്കുന്ന 'ബാസി' എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതാൻ ചേതൻ ആനന്ദും ദേവാനന്ദും ബൽരാ ജിനോട് ആവശ്യപ്പെട്ടു.ദേവാനന്ദും ഗീതാബാലിയും മുഖ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട,ഗുരുദത്ത് എന്ന മറ്റൊരു ചങ്ങാതിയുടെ ആ കന്നി സംവിധാനസംരംഭം വലിയൊരു വിജയമായി മാറി.

ബൽരാജ് സാഹ്നി, മകൻ പരീക്ഷിത് സാഹ് നിയോടൊപ്പം
ബൽരാജ് സാഹ്നി, മകൻ പരീക്ഷിത് സാഹ് നിയോടൊപ്പം

അപ്പോഴേക്കും ബൽരാജ് കമ്മ്യുണിസ്റ്റ് പാർട്ടിയോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു എങ്കിലും,ദാരിദ്ര്യത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നും മനുഷ്യനെ വിമോചിപ്പിക്കുന്ന, എല്ലാവർക്കും തുല്യനീതിയും തുല്യമായ അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിശ്വാസിയായിരുന്ന ബൽരാജ് ഹൃദയം കൊണ്ട് എന്നുമൊരു കമ്മ്യുണിസ്റ്റുകാരനായിരുന്നു. തന്റെ മാസ്റ്റർ പീസ് റോളായ 'ദോ ബീഗാ സമീനി'ലെ റിക്ഷാക്കാരൻ ശംഭുവിന്റെ വേഷം അതിഗംഭീരമായി അവതരിപ്പിക്കാൻ ബൽ രാജിന് സാധിച്ചത് അങ്ങനെയൊരു കമ്മ്യൂണിസ്റ്റ് മനസ്സു ള്ളതുകൊണ്ടു കൂടിയായിരുന്നു.

കൽക്കട്ടാ തീസിസിന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് നയം തിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി പി സി ജോഷിയെ വീണ്ടും പാർട്ടിയിലേക്ക് സ്വീകരിച്ചു. പക്ഷെ അദ്ദേഹത്തിനൊരിക്കലും തനിക്ക് പാർട്ടിയ്ക്കുള്ളിൽ പണ്ടുണ്ടായിരുന്ന സ്വാധീനശക്തി വീണ്ടെടുക്കാനായില്ല.എന്നാൽ ബൽരാജിന്റെ കുടുംബത്തിലെ ഏറ്റവും പ്രമുഖ അംഗം എന്ന സ്ഥാനം ജോഷിക്ക് എന്നുമുണ്ടായിരുന്നു.ദമയന്തിയെ പോലെ സന്തോഷും 'പിസിജി'യെ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരനായി സ്വീകരിച്ചു.

'ദോ ബിഗാ സമീൻ',സീമ' 'കാബൂളിവാല' തുടങ്ങിയ ചിത്രങ്ങൾക്ക് 'ശേഷം ബൽരാജ് സാഹ്നി ഇന്ത്യൻ സിനിമാലോകത്തെ മികച്ച അഭിനേതാക്കളിലൊരാളും തിരക്കുള്ള താരവുമായി വളർന്നു.1954 ൽ കെ എ അബ്ബാസിന്റെ നേതൃത്വത്തിൽ ബിമൽ റോയ്, രാജ് കപൂർ, നർഗീസ്, ദേവാനന്ദ്,നിരൂപറോയ് സലീൽ ചൗധുരി, ഋഷികേശ് മുഖർജി തുടങ്ങിയവരടങ്ങിയ ചലച്ചിത്ര സംഘത്തോടൊപ്പം സോവിയറ്റ് യൂണിയൻ സന്ദർശിച്ച ബൽരാജിന് സമത്വസുന്ദരമായ ഒരു ധീരനൂതന ലോകം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള മനുഷ്യന്റെ അദ്ധ്വാനവും പ്രയത്നവും നേരിട്ടുകാണാനുള്ള അപൂർവാവസരം ലഭിച്ചു.

ദോ ബിഗാ സമീൻ
ദോ ബിഗാ സമീൻ

അതിന് തലേവർഷം ഇപ്റ്റയുടെ ബോംബെ സമ്മേളനത്തിൽ വെച്ച് കണ്ട 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം ബൽരാജിനെ കെ പി എ സി യുടെയും തോപ്പിൽ ഭാസിയുടെയും ചിരകാല സുഹൃത്താക്കി മാറ്റി. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് 1959 ൽ കേരളം സന്ദർശിക്കാനെത്തിയ ബൽരാജിനും കുടുംബത്തിനും പുരോഗമന കലാപ്രവർത്തകർ ആവേശകരമായ വരവേൽപ്പാണ് നൽകിയത്.

1957 ലും 62 ലും പുരോഗമന ശക്തികളുടെ പിന്തുണയോടെ ബോംബെ നഗരത്തിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ച വി കെ കൃഷ്ണമേനോന്റെ പ്രധാന പ്രചാരകരിലൊരാളായിരുന്നു ബൽരാജ് സാഹ്നി. കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ഭിന്നിപ്പിൽ അതീവ ദുഃഖിതനായിരുന്ന ബൽരാജ് പിന്നീട് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് 1969 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്നാണ്. ബാങ്ക് ദേശസാൽക്കരണം, പ്രിവിപേഴ്സ് നിറുത്തലാക്കൽ തുടങ്ങിയ പുരോഗമനാത്മക നടപടികൾ കൈക്കൊണ്ട ഇന്ദിരാ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് കിഷൻ ചന്ദർ, കെ എ അബ്ബാസ് തുടങ്ങിയവരോടൊപ്പം ബാൽരാജ് സാഹ്നി കോൺഗ്രസിൽ ചേർന്നു.

കാബൂളിവാലാ
കാബൂളിവാലാ

സോവിയറ്റ് യൂണിയനിലെ ഫിലിം സ്കൂളിൽ നിന്ന് സംവിധാനം പഠിച്ച് മടങ്ങിയെത്തിയ പരീക്ഷിത് സാഹ് നി പിതാവിന്റെ കാലടികൾ പിന്തുടർന്ന് അഭിനയരംഗത്തെത്തി.തോഷിൽ ജനിച്ച സ്‌നോബർ എന്ന ഇളയമകൾ ബൽരാജിന്റെ വാത്സല്യഭാജനമായി വളർന്നു.എന്നാൽ ബൽരാജിനെ ഏറെ ദുഃ ഖിപ്പിച്ചത് ദുരന്തങ്ങളുടെ തുടർക്കഥയായി മാറിയ മകൾ ഷബ്‌നത്തിന്റെ ജീവിതമാണ്. വിവാഹജീവിതത്തിലെ തകർച്ചയിൽ തുടങ്ങി മാനസിക വിഭ്രാന്തിയിലും ആത്മഹത്യാ ശ്രമത്തിലുമൊക്കെക്കൂടി കടന്നുപോയി ഒടുവിൽ 1972 മാർച്ചുമാസത്തിൽ ശബ്നം മരണത്തിന് കീഴടങ്ങിയതോടെ ബൽരാജിന് ജീവിതത്തേക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു.

സിനിമയുടെ മായാ പ്രപഞ്ചത്തിൽ നിന്ന് മെല്ലെ അകന്ന് സാഹിത്യരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ ബൽരാജ് പഞ്ചാബി സാഹിത്യലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളിലൊന്നായി പേരും പെരുമയും നേടി.സോവിയറ്റ് യൂണിയൻ സന്ദർശനത്തെ കുറിച്ച് എഴുതിയ 'സോവിയറ്റ് സഫർനാമാ' എന്ന പുസ്തകത്തിന് തനിക്ക് ലഭിച്ച സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ്

ബൽരാജ് ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഓഫർ നിരസിക്കുകയും ചെയ്തു.

രാജ് കപൂർ നർഗീസ്,ദേവാനന്ദ്, നിരൂപ റോയ്, ബൽരാജ് സാഹ്നി
രാജ് കപൂർ നർഗീസ്,ദേവാനന്ദ്, നിരൂപ റോയ്, ബൽരാജ് സാഹ്നി

1972 നവംബർ. ജവഹാർലാൽ നെഹ്‌റു സർവകലാശാലയിലെ ആ വർഷത്തെ വിദ്യാർത്ഥി കളുടെ കോൺവൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ടത് ബൽരാജ് സാഹ് നിയായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠ സഖാവ് പി സി ജോഷി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്ര രചനയുമായി മുഴുകി കഴിയുന്ന ജെ എൻ യുവിൽ നിന്ന് അത്തരമൊരു ക്ഷണം കിട്ടിയപ്പോൾ ബൽരാജ് അത്യാഹ്ലാദത്തോടെയാണ് അത് സ്വീകരിച്ചത്.

എന്നാൽ "ഒരു വിലകുറഞ്ഞ സിനിമാ താരത്തെ വിഖ്യാതമായ ജെ എൻ യു കോൺവോക്കേഷൻ പ്രസംഗം നടത്താനായി ക്ഷണിച്ചതിലൂടെ ചടങ്ങിന്റെ പവിത്രതയെ തന്നെ സർവകലാശാലാ അധികൃതർ കളങ്ക പ്പെടുത്തിയിരിക്കുകയാണെ"ന്ന് ആരോപിച്ചുകൊണ്ട് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി.യോഗം തുടങ്ങുന്നതിനു മുൻപ് പിസിജിയെ സന്ദർശിക്കാൻ ക്യാമ്പസിലെ മുറിയിലെ ത്തിയ ബൽരാജ് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്ക പങ്കുവെച്ചു. മരണത്തെ മുഖാമുഖം കണ്ട,വർഗീയ കലാപത്തിന്റെ കറുത്ത നാളുകളെക്കുറിച്ച് ഓർമ്മിക്കാൻ ആവശ്യപ്പെടുകയാണ് അപ്പോൾ ജോഷി ചെയ്തത്.

കോൺവോക്കേഷൻ പ്രസംഗം നടത്താനായി ജെ എൻ യു വിൽ
കോൺവോക്കേഷൻ പ്രസംഗം നടത്താനായി ജെ എൻ യു വിൽ

ബൽരാജിനെ വൈസ് ചാൻസലർ വേദിയിലേക്ക് ആനയിച്ചപ്പോൾ അന്തരീക്ഷമാകെ സംഘർഷത്തിന്റെ വക്കിലായിരുന്നു. ബൽരാജ് പതുക്കെ എഴുന്നേറ്റ് എഴുതിത്തയ്യാറാക്കിയ തന്റെ പ്രസംഗം വായിക്കാൻ തുടങ്ങിയതോടെ സദസ്സ് മെല്ലെ നിശ്ശബ്ദമായി.പതിഞ്ഞ ശബ്ദത്തിൽ ആരംഭിച്ച പ്രസംഗം പതുക്കെ പതുക്കെ വികാരം തുടികൊട്ടുന്ന ഉജ്ജ്വല വാക്പ്രവാഹമായി മാറി.അവസാനം പ്രസംഗം അവസാനിപ്പിച്ച് എല്ലാവരെയും വണങ്ങിയ ശേഷം ബൽരാജ് ഇരിപ്പിട ത്തിലേക്ക് മടങ്ങുമ്പോൾ നിറുത്താതെ കരഘോഷം മുഴക്കിക്കൊണ്ട് സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിൽക്കുകയായിരുന്നു .മുൻനിരയിൽ ഒരു ഭാഗത്തായി ഒതുങ്ങിക്കൂടി എല്ലാത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന ഒരു പഴയ വിപ്ലവകാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, അപ്പോൾ...

ആ ദിവസങ്ങളിൽ ബൽരാജ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇന്ത്യാ വിഭജനത്തെ തുടർന്നുള്ള കലാപകലുഷിതമായ നാളുകളിൽ,ആഗ്രയിലെ ഒരു ചെരുപ്പ് വ്യാപാരിയായ സലിം മിഴ്സയും കുടുംബവും കടന്നുപോകുന്ന ആത്മസംഘർഷങ്ങളും അവർ ഏറ്റുവാങ്ങുന്ന ഒറ്റപ്പെടുത്തലുകളും തിരസ്‌കാരങ്ങളും.... ഇസ്മത്ത് ചുഗ്തായിയുടെ വിഖ്യാതകഥയിൽ നിന്ന് കൈഫി ആസ്മിയും ഷാമാ സെയ്ദിയും ചേർന്ന് മെന ഞ്ഞെടുത്ത തിരക്കഥയുടെ സഹായത്തോടെ എം എസ് സത്യു ഒരുക്കിയ വികാര തീവ്രമായ ചലച്ചിത്രം 'ഗരം ഹവാ' ആയിരുന്നു ബൽരാജ് സാഹ് നിയുടെ ഹംസഗീതം.മതതീവ്രവാദികളുടെ കടുത്ത എതിർപ്പുകളെയും സെൻസർ ബോർഡിന്റെ വിലക്കുകളെയുമൊക്കെ അതിജീവിച്ചുകൊണ്ടാണ് ചിത്രം ഒടുവിൽ തീയേറ്ററുകളിലെത്തിയത്.

റിക്ഷക്കാരൻ ശംഭു വിന് ശേഷം ബൽരാജ് ഹൃദയത്തോടടുക്കി പ്പിടിച്ച വേഷമായിരുന്നു സലീം മിഴ്സയുടേത്.മാത്രമല്ല ഇപ്റ്റയുടെ പ്രതിഭകളുടെ -- ഇസ്മത് ചുഗ്തായി, കൈഫി - ഷൌക്കത്ത് ആസ്മി ദമ്പതികൾ, സത്യു - ഷാമാ സെയ്ദി ദമ്പതികൾ, ബൽരാജ് -- സർഗാത്മകമായ കൂടിച്ചേരൽ ഒരിക്കൽ കൂടി സംഭവിക്കുകയായിരുന്നു, ചിത്രത്തിലൂടെ. പ്രബുദ്ധരായ പ്രേക്ഷക നിരൂപകസമൂഹങ്ങൾ, സിനിമക്ക് നൽകിയ ഹാർദ്ദവമായ സ്വീകരണവും അംഗീകാരങ്ങളും നേരിട്ടു കാണാനും സന്തോഷിക്കാനും കാലം പക്ഷെ ബൽരാജിനെ അനുവദിച്ചില്ല.1973 ഏപ്രിൽ 13 ന് പെട്ടെന്നുണ്ടായ ഹൃദയാ ഘാതം ആ അതുല്യ കലാകാരനെ കവർന്നെടുത്തു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ ഈയിടെ കൊണ്ടാടിയപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച പല വീരസാഹസിക കഥകളുടെയും കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പേരുകളൊന്നും കാണാൻ കഴിഞ്ഞില്ല.'ഇടതുപക്ഷക്കാരെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ പോലും തങ്ങൾ political correctness പാലിക്കുന്നു എന്നു കാണിക്കാൻ വേണ്ടി അംബേദ്കറുടെയും ലോഹ്യയുടെയുമൊക്കെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തെക്കുറിച്ച് എടുത്തു പറയാൻ മനഃപൂർവം ശ്രദ്ധ പുലർത്തിയപ്പോൾ, പി സി ജോഷിയുടെയും അജയ് ഘോഷിന്റെയും എസ് എ ഡാങ്കെയുടേയും മുസാഫർ അഹമ്മദിന്റെയും പി കൃഷ്ണപിള്ളയുടേയും എ കെ ഗോപാലന്റെയും മറ്റനേകം കമ്മ്യൂണിസ്റ്റുകാരുടെയും പേരുകൾ പാടേ വിസ്മരിച്ചുകളഞ്ഞു.

പി സി ജോഷിയോടൊപ്പം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ
പി സി ജോഷിയോടൊപ്പം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി വീടും കുടുംബവും സർവ്വതും ത്യജിച്ച ആ ധീര വിപ്ലവകാരികളെപ്പോലും കണ്ടില്ലെന്നു നടിച്ച അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ബൽരാജ് സാഹ്നി പണ്ടെന്നത്തെയോ ബോളിവുഡ് സിനിമയിൽ അച്ഛൻ വേഷം കെട്ടി മിന്നിമറഞ്ഞ വെറുമൊരു താരം മാത്രം. എന്നാൽ ഒരു പ്രതീക്ഷ ഇപ്പോഴും അവശേഷിക്കുന്നു.റോൾ മോഡലുകളെയും ഐക്കണുകളെയും അന്വേഷിച്ചു നടക്കുന്ന ആധുനിക തലമുറയ്ക്ക് പ്രചോദനം പകരാൻ ഈ പഴങ്കഥകൾക്ക് എങ്ങാനും ചിലപ്പോൾ സാധിക്കുന്നു ണ്ടെങ്കിൽ ...അപ്പോൾ കൃതാർത്ഥതയടയുക മറ്റാരുമല്ല, സർവസാക്ഷിയായ ചരിത്രം തന്നെയായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in