ബാബറിയില്‍ പൊളിറ്റിക്കല്‍ കരിയര്‍ മാറ്റിയെഴുതപ്പെട്ട മുലായം

ബാബറിയില്‍ പൊളിറ്റിക്കല്‍ കരിയര്‍ മാറ്റിയെഴുതപ്പെട്ട മുലായം
Published on

മുലായം സിംഗ് യാദവ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ സമസ്യകളിലൂടെയെല്ലാം കടന്നുപോയ സോഷ്യലിസ്റ്റ്. ഗുസ്തിക്കാരനാകണം എന്ന ആഗ്രഹവുമായി നടന്നിരുന്ന മുലായം, ഇന്ത്യന്‍ സോഷ്യലിസ്റ്റ് ആയ റാം മനോഹര്‍ ലോഹ്യയുടെ എഴുത്തുകളില്‍ പതിനഞ്ചാം വയസില്‍ ആകൃഷ്ടനാകുന്നു. അത്ര ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയമായ തെളിച്ചം കിട്ടുന്നു എന്ന് പറയാം. സാമൂഹിക നീതിയെക്കുറിച്ചും തുല്യതയെക്കുറിച്ച് ലോഹ്യക്കുണ്ടായിരുന്ന വ്യക്തത പൂര്‍ണ്ണമായും മുലായം സിംഗ് യാദവ് എന്ന രാഷ്ട്രീയക്കാരന്റെ നിലപാടുകള്‍ക്കും ഉണ്ടായിരുന്നു. ദളിത്, മുസ്ലിം വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ കൃത്യമായ നിലപാടുണ്ടാകണം എന്ന വ്യക്തത മുലായത്തിന് ഉണ്ടായത് ലോഹ്യയില്‍ നിന്നാണ്.

1939 നവംബര്‍ 22ന് ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സയ്ഫായില്‍ സുഖാര്‍ സിങിന്റെയും മൂര്‍ത്തിദേവിയുടെയും മകനായിട്ടാണ് മുലായത്തിന്റെ ജനനം. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഗുസ്തിക്കാരന്‍ എന്ന നിലയില്‍ പേരെടുത്തു. ഇറ്റാവയിലെ കെ.കെ കോളജ്, ഷിക്കോഹബാദിലെ എ.കെ. കോളജ്, ആഗ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

1967 ല്‍ ഉത്തര്‍പ്രദേശ് അസ്സംബ്ലിയിലേക്കാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയം. 1974 ല്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ എം.എല്‍.എ ആയിരിക്കെ 1975 ല്‍ അടിയന്തരാവസ്ഥയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട് പത്തൊന്‍പത് മാസത്തോളം ജയിലില്‍ കിടന്നു. 1977 ല്‍ ജയില്‍ മോചിതനായ മുലായം വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അസംബ്ലിയിലേക്ക് തിരിച്ചുവന്നു. അതേ വര്‍ഷം മുലായം പാര്‍ട്ടിയുടെ അമരത്തേക്കുമെത്തി. ശേഷം പാര്‍ട്ടി വിഭജിക്കപ്പെട്ടപ്പോള്‍ 1980ല്‍ മുലായം ജനതാദള്‍ അധ്യക്ഷനായി. 1982 മുതല്‍ 85 വരെ അസ്സംബ്ലിയില്‍ പ്രതിപക്ഷ നേതാവായിരിക്കുകയും ചെയ്തു.

ബാബറി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസിന് പോലും അടിപതറിയപ്പോള്‍ കൃത്യമായ നിലപാടെടുത്തതിന്റെ പേരില്‍ ഭരണം നഷ്ടപ്പെട്ട നേതാവുകൂടിയാണ് മുലായം സിംഗ് യാദവ്. 1989 ലാണ് ജനതാദള്‍ ബി.ജെ.പി യുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നത്. എന്നാല്‍ ബാബറി മസ്ജിദ് പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി സംഘ്പരിവാര്‍ രഥയാത്ര നടക്കുമ്പോള്‍, പലയിടങ്ങളിലും പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു എന്നതിന്റെ പേരില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എന്നിട്ടും 1991 വരെ കോണ്‍ഗ്രസിന്റെ പിന്തുണയില്‍ സര്‍ക്കാര്‍ പിടിച്ച് നിന്നു. ആ പിന്തുണ കൂടി ഇല്ലാതായതോടെ സര്‍ക്കാര്‍ വീണു.

ബാബറിക്ക് ശേഷം പൊളിറ്റിക്കല്‍ കരിയര്‍ പൂര്‍ണമായും മാറിയ നേതാവായിരുന്നു മുലായം സിങ് യാദവ്. ബി.ജെ.പി പൂര്‍ണ്ണമായും വലതുപക്ഷത്ത് നില്‍ക്കുന്നു. കോണ്‍ഗ്രസ് നിശബ്ദമായിരിക്കുന്നു. ഈ സമയത്ത് എല്ലാം നഷ്ടപ്പെട്ട മുലായം, സമാജ് വാദി പാര്‍ട്ടി എന്ന തന്റെ പുതിയ പാര്‍ട്ടിയുമായി മുസ്ലിം ന്യുനപക്ഷങ്ങളുടെ ആശങ്കകള്‍ക്കൊപ്പം നിലപാടെടുത്തു. തൊണ്ണൂറ്റി മൂന്നിലെ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യ-സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. മായാവതി തൊണ്ണൂറ്റി അഞ്ചില്‍ ബി.ജെ.പി യോടൊപ്പം പോകുന്നതുവരെ ആ സര്‍ക്കാര്‍ നിലനിന്നു.

1996ല്‍ ആദ്യമായി മുലായം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുലായം അന്ന് പ്രധാനമന്ത്രി വരെ ആകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ സമവായ സ്ഥാനാര്‍ഥിയായിരുന്ന എച്ച്.ഡി ദേവഗൗഡയാണ് പ്രധാനമന്ത്രിയായത്. മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയുടെ റോളിലേക്ക് മുലായം ചുരുങ്ങി. 2002 ല്‍ യു.പി യില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. പക്ഷെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പി-ബി.എസ്.പി സഖ്യ സര്‍ക്കാരിന് ഒരുപാട് കാലത്തെ ആയുസ്സുണ്ടായില്ല. 2003 ല്‍ സര്‍ക്കാര്‍ വീണു. മുലായം മൂന്നാം തവണയും യു.പി യുടെ മുഖ്യമന്ത്രിയായി. 2007 ല്‍ വീണ്ടും ബി.എസ്.പി അധികാരത്തിലെത്തി, മുലായം പ്രതിപക്ഷ നേതാവായി സഭയുടെ മറുതലയ്ക്കലിരുന്നു. 2009 ല്‍ വീണ്ടും ലോക്സഭയില്‍. 2012 ല്‍ യു. പി അസംബ്ലി തെരഞ്ഞെടുപ്പില്‍ വീണ്ടും എസ്.പി ജയിച്ചു. മുലായം പക്ഷെ മുഖ്യമന്ത്രിയായില്ല. മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. 2014 ലും മുലായം ലോക്സഭയിലെത്തിയെങ്കിലും പാര്‍ട്ടി അയാള്‍ക്കൊപ്പം എത്തിയില്ല. കേവലം അഞ്ചു സീറ്റുകളില്‍ മാത്രമേ പാര്‍ട്ടിക്ക് അന്ന് ജയിക്കാന്‍ കഴിഞ്ഞുള്ളു. പിന്നീടിങ്ങോട്ട് പതുക്കെ അടുത്ത തലമുറയ്ക്കായി മുലായം മാറിനടക്കുന്നത് കാണാന്‍ കഴിയും.

ഈ കഴിഞ്ഞ യു. പി തെരഞ്ഞെടുപ്പില്‍ ചുവന്ന തൊപ്പി ധരിച്ചവര്‍ യു.പിയിലുള്ളവര്‍ക്കുള്ള റെഡ് അലെര്‍ട് ആണ് എന്ന് പ്രധാനമന്ത്രി കളിയാക്കിയിരുന്നു. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തങ്ങള്‍ ധരിക്കുന്ന ചുവന്ന തൊപ്പി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ മോദിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് മുലായം.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നേതാവുകൂടിയാണ് മുലായം സിംഗ് യാദവ്. വിവാദങ്ങളില്‍ ഏറ്റവും വീര്യം കൂടിയത് ബലാത്സംഗത്തെ കുറിച്ച് നടത്തിയ കമന്റ് ആണ്. 2012 ലെ ഡല്‍ഹി ഗ്യാങ് റേപ്പിനു ശേഷം, റേപ്പ് ഇന്ത്യയില്‍ ഒരു ക്യാപിറ്റല്‍ ഒഫന്‍സ് ആണ്. ആ നിയമ മാറ്റത്തെ എതിര്‍ത്തുകൊണ്ട്, 'ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളായിരിക്കും' എന്നാണ് മുലായം പറഞ്ഞത്. പെണ്‍കുട്ടികളെല്ലാം പെണ്‍കുട്ടികളായി അടങ്ങിയിരിക്കണം എന്നുകൂടിയാണതിന്റെ അര്‍ഥം. 2014 ലെ ബദായൂന്‍ ഗ്യാങ് റേപ്പ് കേസില്‍ അന്നത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എടുത്ത് പറഞ്ഞത് boys are boys , ആണ്‍കുട്ടികള്‍ എല്ലാവരും ആണ്‍കുട്ടികളാണ് എന്ന നിലപാട് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല എന്നായിരുന്നു. ഒരു സോഷ്യലിസ്റ്റായിരിക്കുമ്പോഴും സ്വയംതിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ആണ്‍ബോധം മുലായത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം.

മറ്റൊരു വിവാദം ടിബറ്റിനെ സ്വതന്ത്രമാക്കണം എന്ന മുലായത്തിന്റെ നിലപാടിനെ തുടര്‍ന്നുണ്ടായതാണ്. ഇന്ത്യയുടേയും ചൈനയുടെയും ഇടയിലുള്ള ബഫര്‍ സോണ്‍ ആണ് ടിബറ്റ്. അത് സ്വതന്ത്രമായി തന്നെ നില്‍ക്കണം. ദലൈലാമയോടൊപ്പവും ടിബറ്റ് സ്വാതന്ത്ര്യവാദികളോടൊപ്പവും ഇന്ത്യ നില്‍ക്കണം എന്നായിരുന്നു മുലായത്തിന്റെ വാദം. പാകിസ്താനല്ല ചൈനയാണ് ഇന്ത്യയുടെ മുഖ്യ ശത്രു എന്നും മുലായം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ധ്രുവീകരണ രാഷ്ട്രീയം പിടിമുറുക്കുമ്പോള്‍, ഒരു ഗുസ്തിക്കാരനായി പോകുമായിരുന്ന മുലായം, റാം മനോഹര്‍ ലോഹ്യയുടെ പുറകെ തെളിച്ച വഴിയില്‍ നമുക്ക് മുറുകെ പിടിക്കാന്‍ ബാക്കി വെക്കുന്നത് തുല്യതയുടെയും സാമൂഹിക നീതിയുടെയും ചുവന്ന തൊപ്പിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in