കാര്‍ഷിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍.
കാര്‍ഷികമേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂളില്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണ് കൃഷി. കാര്‍ഷികമേഖലയില്‍ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അധികാരമുള്ളത്. സംസ്ഥാനങ്ങളുടെ അധികാരം കൈവശപ്പെടുത്തി എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയുടെ നിയന്ത്രണം സ്വകാര്യ കമ്പനികളുടെ കൈവശമാകും. ഭാവിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ മേഖലയില്‍ യാതൊരു നിയന്ത്രണവുമില്ലാതാകും. കര്‍ഷകര്‍ക്കുള്ള പരിമിതമായ പരിരക്ഷ പോലും എടുത്ത് മാറ്റപ്പെടും. കാര്‍ഷിക മേഖലയില്‍ കമ്പനീരാജാകും.
കര്‍ഷകരില്‍ നിന്നും കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്നതിലൂടെ കര്‍ഷകരുടെ താല്‍പര്യങ്ങളല്ല സംരക്ഷിക്കപ്പെടുക. കര്‍ഷകരില്‍ നിന്നും വിലപേശി വാങ്ങാന്‍ വന്‍കിടക്കാര്‍ക്ക് കഴിയും. ഉല്‍പ്പന്നങ്ങള്‍ വിറ്റൊഴിക്കാന്‍ പലപ്പോഴും കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. വായ്പകള്‍ തിരിച്ചടയ്ക്കാനും അടുത്ത സീസണിലേക്കുള്ള കൃഷിയിറക്കുന്നതിനുള്ള തുക കണ്ടെത്താനും കുടുംബത്തിന്റെ ചിലവുകള്‍ക്കായി പണം കണ്ടെത്തുന്നതിനും വേണ്ടിയായിരിക്കും ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. പ്രാദേശിക കച്ചവടക്കാര്‍ക്ക് പകരം കുത്തകകളെ ഏല്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ചൂഷണത്തിന് ഇരകളാകും. നിലവിലുള്ള കരാര്‍ കൃഷിയില്‍ പോലും കര്‍ഷകര്‍ക്ക് ആവശ്യമായ വില ലഭിക്കുന്നില്ല.
വന്‍സ്രാവുകള്‍ കളത്തിലിറങ്ങുന്നത് ചെറുകിടക്കാരെ ഇല്ലാതാക്കാനും ചെറിയ തുകയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വേണ്ടിയാണ്. അതിന്റെ നഷ്ടം സഹിക്കേണ്ടി വരിക ചെറുകിട കര്‍ഷകര്‍ തന്നെയായിരിക്കും. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച താങ്ങുവിലയെങ്കിലും ഉറപ്പാക്കുകയും അത് കര്‍ഷകന്റെ അവകാശമാണെന്ന് പ്രഖ്യാപിക്കുകയും വേണം. ഇങ്ങനെയുണ്ടായാല്‍ ഇപ്പോള്‍ നിയമത്തിന് വേണ്ടി വാദിക്കുന്നവര്‍ കളംവിടുന്നത് കാണാം.
1947 ഓഗസ്ത് 15ന് കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും 2020 ജൂണ്‍ 3ന് കൊണ്ടുവന്ന 3 ഓര്‍ഡിനന്‍സുകളിലൂടെ മാത്രമാണ് അത് ലഭിച്ചതെന്നുമാണ് ബിജെപി സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇന്ത്യയില്‍ എവിടെ വേണമെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതാണ് പാര്‍ലമെന്റിലെ ബില്ലുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാര്‍ഷികമേഖലയെ സംബന്ധിച്ച് 1991 ആവര്‍ത്തിക്കുകയാണെന്നാണ് ചിലരുടെ വിലയിരുത്തല്‍. ആഗോളവത്കരണവും സ്വകാര്യവത്കരണവും ഉദാരവത്കരണവും കര്‍ഷരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു.
മൂന്ന് നിയമങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വില ഉറപ്പ് നല്‍കുന്നത് ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപിച്ച് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരും രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തിലാണ്. നിയമം പാസായതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും നേരിട്ട് വില്‍ക്കാന്‍ കഴിയും. നിലവിലുള്ള പല തടസ്സങ്ങളും മറികടക്കാനും പുതിയ മൂലധനം ഈ മേഖലയിലേക്ക് കടന്നുവരാനും സഹായിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. താങ്ങുവില ഒഴിവാക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. എങ്കിലും സിപിഎം പോലുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അഖിലേന്ത്യ കിസാന്‍ സഭ പോലുള്ള സംഘടനകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നത് ചെറുകിട കര്‍ഷകര്‍ക്ക് ദോഷമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ കമ്പനികള്‍ക്ക് കാര്‍ഷിക മേഖല തുറന്ന് കൊടുക്കുന്നതിലൂടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുകയാണ്. ഇത് ദോഷം ചെയ്യും. താങ്ങുവില അവകാശമായി പ്രഖ്യാപിക്കപ്പെടണം. അത്തരമൊരു നടപടി ഉണ്ടായാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കൃത്യമായി പണം ലഭിക്കുകയുള്ളു. നിലവിലുള്ള മാര്‍ക്കറ്റ് സംവിധാനം പുനക്രമീകരിക്കപ്പെടുകയും വേണം.
പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ അടിസ്ഥാന വില ഇല്ലാതാക്കുന്നതാണെന്ന് കര്‍ഷകര്‍ ഭയക്കുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ മുന്‍നടപടികള്‍ ഓര്‍മ്മയുള്ളത് കൊണ്ടാണ് ഈ ഭയം. ഇപ്പോള്‍ തന്നെ മിനിമം തുക എന്നത് കുറഞ്ഞ നിരക്കിലാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചിരിക്കുന്ന സബ്‌സിഡി വെട്ടിച്ചുരുക്കല്‍, പൊതുസംഭരണത്തിന്റെ തോത് കുറയ്ക്കുക എന്നതൊക്കെയാണ് മൂന്ന് നിയമങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് കാണാം. ശാന്തകുമാര്‍ കമ്മിറ്റിയും ഇത് തന്നെയാണ് നിര്‍ദേശിച്ചത്. കേരളം പോലുള്ള സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്വിന്റലിന് 2750 രൂപ എന്ന കണക്കിനാണ് നെല്ല് സംഭരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന വിലയായി നിശ്ചയിച്ച തുകയേക്കാള്‍ 900 രൂപ അധികമാണ് കേരളം നല്‍കുന്നത്. സര്‍ക്കാരിന്റെ സംഭരണം മാറ്റിയാല്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഇതില്‍ നിന്നും വ്യക്തമാകും.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് പാര്‍ലമെന്റില്‍ കാര്‍ഷികബില്ലുകള്‍ പാസാക്കിയത്. എതിര്‍പ്പ് അറിയിക്കാനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ട്. അതുപോലും അവഗണിച്ചാണ് ബില്ലുകള്‍ പാസ്സാക്കിയെന്ന് പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റില്‍ പാസാക്കാനായിട്ടുണ്ടാകാം. പുറത്ത് പ്രതിഷേധം തുടരും. കര്‍ണാടകയില്‍ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 25ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധദിനമായി ആചരിക്കും. കര്‍ഷകരുടെ പിന്തുണയോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് നിയമം നടപ്പാക്കാനാകുകയുള്ളു. കര്‍ഷകര്‍ സഹകരിക്കാതിരുന്നാല്‍ എങ്ങനെയാണ് നടപ്പാക്കുക?. സംസ്ഥാന സര്‍ക്കാരുകളും വിയോജിപ്പ് അറിയിക്കുന്നുണ്ടല്ലോ.