പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രത്തിലെ വിവാദമായ ഡയലോഗ് താനായിരുന്നെങ്കില്‍ സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്യില്ലായിരുന്നുവെന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഡിസേബിള്‍ഡ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍. ഒരുപാട് സ്ട്രഗിള്‍ ചെയ്ത് ജീവിക്കുന്ന ഒരു കമ്മ്യൂണിറ്റിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും രൂപേഷ് പീതാംബരന്റെ സ്റ്റേറ്റ്‌മെന്റ് പോകുന്നവര്‍ മൊത്തം നമ്മുടെ തലയില്‍ കയറുക എന്ന സംഭവം പോലെയാണ് ഫീല്‍ ചെയ്തതെന്നും അസ്ല ഫാത്തിമ ദ ക്യുവിനോട് പറഞ്ഞു.
സ്ഫടികം എന്ന ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് ചോദിക്കവെയായിരുന്നു രൂപേഷ് പീതാംബരന്‍ കടുവയിലെ വിവാദരംഗത്തെക്കുറിച്ച് പറഞ്ഞത്. ആ രംഗം മ്യൂട്ട് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും, ഞാനായിരുന്നു ചിത്രത്തിന്റെ സംവിധായകനോ, തിരക്കഥാകൃത്തോ, പ്രൊഡ്യൂസറോ, അഭിനേതാവോ എങ്കില്‍ അങ്ങനെ ചെയ്യുകയോ മാപ്പു പറയുകയോ ചെയ്യില്ലെയിരുന്നുവെന്നുമായിരുന്നു രൂപേഷിന്റെ പരാമര്‍ശം.
ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയില്‍ നായകനായ പൃഥ്വിരാജ് പറയുന്ന ഡയലോഗ് ഡിസേബിള്‍ഡ് ആയിട്ടുള്ള വ്യക്തികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും അപമാനിക്കുന്നതാണെന്ന് ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ അസ്ല ഫാത്തിമ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് ഡയലോഗ് മ്യൂട്ട് ചെയ്തതും, പൃഥ്വിരാജും ഷാജി കൈലാസും ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞതും.
രൂപേഷ് പീതാംബരന്റെ പരാമര്‍ശത്തോടെ വിഷയം വീണ്ടും ചര്‍ച്ചയില്‍ വന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ആ ഒരു ഡയലോഗിനെക്കുറിച്ച് വീണ്ടും പറയാന്‍ പോലും ആഗ്രഹിക്കാത്ത ഒരാളാണ് താനെന്നും അസ്ല ഫാത്തിമ ദ ക്യുവിനോട് പറഞ്ഞു.
ഫാത്തിമ അസ്‌ല പറഞ്ഞത്
ഒരുപാട് ഡിസേബിള്‍ഡ് ആയിട്ടുള്ള, അതായത്, ഇന്റലക്ച്വലി ഡിസേബിള്‍ഡ് ആയ കുട്ടികളുടെ രക്ഷിതാക്കളും എല്ലാം കടുവയിലെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച സമയത്താണ് അവരാ ഭാഗം മ്യൂട്ട് ചെയ്തത്. അതായത് അവരുടെയൊക്കെ ഇമോഷനെ അത് ബാധിച്ചു എന്ന് വ്യക്തമായി മനസ്സിലാക്കിയപ്പോള്‍ ആണല്ലോ, അത്രയും വലിയൊരു സിനിമയില്‍ നിന്നും അത്തരമൊരു ഭാഗം മ്യൂട്ട് ചെയ്യുന്നത്. എന്നിട്ടു പോലും അത് ചെയ്യേണ്ടതില്ല എന്ന് പറയുമ്പോള്‍ വീണ്ടും, ഇതേ തൊട്ട് വീണ്ടും ഇട്ട് കൊടുത്തിട്ട് ഇങ്ങനെയുള്ള ആളുകളെ ഇമോഷണലി ബാധിക്കുന്ന രീതിയിലുള്ള ഒരു സംസാരമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെ കുറിച്ച് ഓരോരുത്തരുടെയും അഭിപ്രായം പലതായിരിക്കും. വേണമെന്ന് പറയുന്നവരും, വേണ്ടാ എന്ന് പറയുന്നവരുമൊക്കെ ഉണ്ടാവാം. പക്ഷെ, അതില്‍ മൈനോറിറ്റി ആയിട്ട് നില്‍ക്കുന്ന, ഒരുപാട് സ്ട്രഗ്ഗിള്‍ ചെയ്ത് ജീവിക്കുന്ന ഒരു കമ്മ്യൂണിറ്റിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആ സ്റ്റേറ്റ്‌മെന്റ് പോകുന്നവര്‍ മൊത്തം നമ്മുടെ തലയില്‍ കയറുക എന്ന സംഭവം പോലെയാണ് ഫീല്‍ ചെയ്തത്.
ആ ഡയലോഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് എഴുതിയ സമയത്തോ, അത് ഷൂട്ട് ചെയ്ത സമയത്തോ, പറഞ്ഞ സമയത്തോ, അല്ലെങ്കില്‍ അത് സെന്‍സര്‍ ചെയ്ത സമയത്തോ ഒന്നും ഒരു പ്രശ്‌നമായി അവര്‍ക്ക് തോന്നിയിട്ടില്ല. കാരണം അത് സമൂഹത്തിലുള്ള ഒരു സംഭവമാണ്. സമൂഹത്തില്‍ ഈയൊരു കാര്യം ആളുകള്‍ ഇങ്ങനെയാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷേ ഞങ്ങള്‍ പറയുന്നതെന്താണെന്ന് വച്ചാല്‍, ഇത് വീണ്ടും ഇന്‍ഫ്‌ലൂവന്‍സ് ചെയ്യും എന്നാണ്. വീണ്ടും ഇത് കേള്‍ക്കുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ്. അവരുടെ ഇമോഷനെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതല്ലാതെ ഇത് മ്യൂട്ട് ചെയ്തത്‌കൊണ്ടോ അല്ലെങ്കില്‍ ഈയൊരു ഭാഗം സിനിമയില്‍ നിന്നും പോയതുകൊണ്ടോ, ഈ ചിന്താഗതി മാറും എന്നൊന്നും പറയാന്‍ പറ്റില്ല. എങ്കില്‍ പോലും, അത് കേള്‍ക്കുമ്പോഴുള്ള ഇമോഷനില്ലേ, അത് റെസ്പെക്ട് ചെയ്യേണ്ടതുണ്ട് എന്നാണു ഞാന്‍ പറയുന്നത്. ആളുകള്‍ക്കിടയില്‍ അത്തരത്തില്‍ തന്നെ ചിന്തിക്കുന്നവര്‍ ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്. അതല്ലാതെ മനസ്സിലാക്കുന്നവരും കുറച്ചുപേരുണ്ട്.
ഇത് വീണ്ടും ചര്‍ച്ചയില്‍ വന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ആ ഒരു ഡയലോഗിനെക്കുറിച്ച് വീണ്ടും പറയാന്‍ പോലും ആഗ്രഹിക്കാത്ത ഒരാളാണ് ഞാന്‍. അത് വീണ്ടും സംസാരിക്കേണ്ടി വരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവര്‍ അത് ഏത് സാഹചര്യത്തിലാണ് പറഞ്ഞത് എങ്കിലും ആവശ്യമില്ലാത്ത ഒരു എക്‌സാംപിള്‍ ആയിരുന്നു ഉപയോഗിച്ചത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് പല രീതിയില്‍ സംസാരിക്കാമല്ലോ, അതിലേക്ക് ഒരു കമ്മ്യൂണിറ്റിയെ വലിച്ചിഴക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.