പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരികയാണ്. പാര്‍ലമെന്റിന്റെയോ വിദ്യാഭ്യാസ വിചക്ഷണരുടെയോ അനുമതി തേടാതെ കൊറോണ അവസരമാക്കി ഏകപക്ഷീയമായി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കൊവിഡ് മഹാമാരിയുടെ അസാധാരണമായ സാഹചര്യത്തില്‍ നിരവധി ജനവിരുദ്ധ നയങ്ങള്‍ സുഗമമായി നടപ്പിലാക്കിയെടുക്കുവാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന, ഭാവി ഇന്ത്യന്‍ സമൂഹത്തിന്റെ രൂപീകരണ പ്രക്രിയ എങ്ങനെയാകണമെന്ന് തീരുമാനിക്കുന്ന വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രം ഇന്നേവരെ നടപ്പാക്കിയ ജനാധിപത്യവിരുദ്ധ നീക്കങ്ങളില്‍ ഏറ്റവും പ്രഹരശേഷിയുളളതാണ് മന്ത്രിസഭാ തീരുമാനം.
ജനാധിപത്യവിരുദ്ധമായ നയരൂപീകരണ പ്രക്രിയ
ജനാധിപത്യ വിദ്യാഭ്യാസ നയ രൂപീകരണ പ്രക്രിയയ്ക്ക് വിരുദ്ധമായ രീതികളാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപപ്പെടുത്തുന്നതില്‍, പ്രാരംഭ ഘട്ടം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയത്. വിദ്യാഭ്യാസ നയരൂപീകരണത്തിന് സാധാരണഗതിയില്‍ ചുക്കാന്‍ പിടിക്കേണ്ടത് പ്രമുഖരും നിഷ്പക്ഷമതികളുമായ വിദ്യാഭ്യാസ വിദഗ്ധരാണ്. എന്നാല്‍ മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന ടി.എസ്.ആര്‍.സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥവൃന്ദത്തിനാണ് നയരൂപീകരണത്തിന്റെ പ്രാരംഭ ഉത്തരവാദിത്വം മാനവ വിഭവ ശേഷി മന്ത്രാലയം നല്‍കിയത്. 2016 മെയ് 27ന് ഈ കമ്മിറ്റി 230 പേജുളള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പൊതുസമക്ഷം അവതരിപ്പിക്കപ്പെട്ടു. അഭിപ്രായങ്ങള്‍ തേടേണ്ടതിനു പകരം ' Some Inputs for the Draft National Education Policy 2016' എന്ന പേരില്‍ 43 പേജുളള ഒരു രേഖ ജൂലൈയില്‍ പരസ്യപ്പെടുത്തുകയാണ് ചെയ്തത്. അതായത് വിദ്യാഭ്യാസത്തിന്റെ ഉളളടക്കത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ ഉള്‍പ്പടെ മര്‍മ്മ പ്രധാനമായ പലതും മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ അന്നേ തീരുമാനിച്ചുവെന്നര്‍ത്ഥം.
എന്നിരുന്നാലും പുറത്തുവന്ന രേഖയെ സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭ്യാസ സ്‌നേഹികളും വിചക്ഷണരും സര്‍ക്കാരിന് അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നത് സുശക്തമായ ജനാധിപത്യ പ്രക്രിയയിലൂടെയാണെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശവും അന്ന് ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും പരിഗണിക്കാതെ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനായ ഡോ.കെ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഒരു പതിനൊന്നംഗ സമിതിയെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപീകരിക്കാന്‍ ഏല്‍പ്പിക്കുകയും ഈ കമ്മിറ്റി സുബ്രഹ്മണ്യം കമ്മിറ്റിയുടെ പാത അതേ രൂപത്തില്‍ പിന്തുടരുകയുമാണുണ്ടായത്. മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമര്‍പ്പിച്ചവ തമസ്‌കരിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി സംഘപരിവാര്‍ അജണ്ട പേറുന്ന എബിവിപിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
വിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ അജണ്ട ഊട്ടിയുറപ്പിക്കല്‍
സംഘപരിവാര്‍ അജണ്ടകള്‍ വിദ്യാഭ്യാസരംഗത്ത് സ്ഥാപിക്കാനുള്ള കൃത്യമായ ആസൂത്രണം ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുന്നുണ്ട്. ഭാരതീയ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഉദ്ഗ്രഥിച്ചുകൊണ്ടുളള പാഠ്യപദ്ധതി പരിഷ്‌കാരങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെയ്ക്കുന്നത്. ഭാരതീയ പാരമ്പര്യത്തിന്റെ സ്വാംശീകരണം ( കരട് നയം, പേജ് 26) എന്ന പേരില്‍ സുദീര്‍ഘമായ നവോത്ഥാന സമരങ്ങളിലൂടെ നമ്മുടെ നാട് തിരസ്‌കരിച്ച ഫ്യൂഡല്‍ മൂല്യസംഹിതയാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും മുന്നോട്ടുവെച്ച ജനാധിപത്യ-മതേതര-ശാസ്ത്രീയ വിദ്യാഭ്യാസമെന്ന സങ്കല്‍പ്പത്തെ നയം പൂര്‍ണ്ണമായും നിരാകരിക്കുന്നു. എന്തിന് റാം മോഹന്‍ റായ്, ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, ജ്യോതിഭാ ഫൂലെ, സാവിത്രി ഫൂലെ തുടങ്ങിയ നവോത്ഥാന നായകരെയും നേതാജി സുഭാഷ് ചന്ദ്രബോസ്, ശഹീദ് ഭഗത് സിംഗ്, ഖുദ്ദിറാം ബോസ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെയും ദേശീയ വിദ്യാഭ്യാസനയം തമസ്‌കരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ പരിചയപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ 'മതേതരത്വ'ത്തെ കുറിച്ച് നിശബ്ദത പാലിക്കുന്നു. അതേ സമയം ഹിന്ദുമതാധിഷ്ഠിതമായ സേവ, അഹിംസ, നിഷ്‌കാമ കര്‍മ്മ തുടങ്ങിയ പ്രയോഗങ്ങളെ സംബന്ധിച്ച് വാചാലമാകുകയും ചെയ്യുന്നു. സംഘപരിവാറിന് സ്ഥാനമില്ലാത്ത, അല്ലെങ്കില്‍ അവരൊറ്റിക്കൊടുത്ത ജനാധിപത്യ ഇന്ത്യയുടെ രൂപപ്പെടലിന്റെ ചരിത്രവും പാഠങ്ങളും നിരാകരിക്കുന്ന വിദ്യാഭ്യാസ നയമാണ് നടപ്പാകാന്‍ പോകുന്നതെന്ന് സാരം.
ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് മതേതരമായ നടപ്പാക്കലും ഉള്ളടക്കവും സ്ഥാപിതമാക്കിയത് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടമാണ്. മതവും മാതാചാരങ്ങളും മതപഠനവും വ്യക്തിപരമായ വിഷയം മാത്രമാണെന്നും രാഷ്ട്രരൂപീകരണപ്രക്രിയയിലോ പൊതുജീവിതത്തിലോ മതത്തിന് സ്ഥാനമില്ലെുന്നുമുളളതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാരം. എന്നാല്‍ ദേശീയ വിദ്യാഭ്യാസനയം മതപഠനസമ്പ്രദായത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ഇവയ്ക്ക് വിദ്യാഭ്യാസ പ്രക്രിയയില്‍ സ്വതന്ത്രമായി ഇടപെടാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. നളന്ദ-തക്ഷശില മാതൃകയില്‍ ഇന്ത്യന്‍ സംസ്‌കൃതിയിലധിഷ്ഠിതമായ സര്‍വകലാശാലാ സങ്കല്‍പ്പങ്ങളുടെ അവതരണം ശ്രദ്ധിച്ചാലും ഈ വര്‍ഗീയ അജണ്ട വ്യക്തമാണ്. നളന്ദ-തക്ഷശില സര്‍വകലാശാലകള്‍ യഥാര്‍ത്ഥത്തില്‍ പേറിയിരുന്ന ജൈന-ബൗദ്ധ സംസ്‌കാരം നിരാകരിച്ച് ഹിന്ദുമതാധിഷ്ഠിതമായ വിദ്യാഭ്യാസ സംസ്‌കാരമാണ് അവതരിപ്പിക്കുന്നത്. അതേ സമയം, ജനാധിപത്യ സര്‍വകലാശാലാ സങ്കല്‍പ്പങ്ങളെയും അവയുടെ സ്വയംഭരണാവകാശത്തെയും നിഷേധിക്കുകയും ഉന്നതവിദ്യാഭ്യാസത്തെ ആഗോള വിദ്യാഭ്യാസ വിപണിയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്നു. അതായത് കപട ദേശീയതയില്‍ പൊതിഞ്ഞ കച്ചവടമുദ്രാവാക്യമവതരിപ്പിക്കാനായി ഈ സര്‍വകലാശാലകളുടെ പേര് ദുരുപയോഗം ചെയ്യുക മാത്രമാണ് പുതിയ ദേശീയ നയം ചെയ്യുന്നത്. ഇന്ത്യന്‍ പാരമ്പര്യവും ദേശീയ-പ്രാദേശിക സംസ്‌കാരം മുന്നോട്ടുവെയ്ക്കുന്ന വിജ്ഞാനവുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് പകര്‍ന്നുനല്‍കേണ്ടതെന്നാണ് ദേശീയ വിദ്യാഭ്യാസ നയം ഊന്നുന്ന മറ്റൊരു വശം. വസ്തുതാധിഷ്ഠിതമായ വിവരങ്ങളാണ് വിദ്യാഭ്യാസപ്രക്രിയയിലൂടെ പകര്‍ന്നുനല്‍കേണ്ടതെന്നും ഇതിന് ദേശ-ഭാഷാ പരിമിതികളില്ലെന്നതും മന:പൂര്‍വം വിട്ടുകളയുകയാണ്. ദേശീയ പാരമ്പര്യവും വിജ്ഞാനവുമെന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വികലമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് ശാസ്ത്ര-ചരിത്ര കോണ്‍ഗ്രസുകളില്‍ ഇന്നോളം ഇവര്‍ നടത്തിയ നീക്കങ്ങളിലൂടെ ബോധ്യമാകും. .
5+3+3+4 പാറ്റേണ്‍ അടിസ്ഥാന വിദ്യാഭ്യാസത്തെ നിരാകരിക്കുന്നു
നിലനിന്നിരുന്ന 10+2 പാറ്റേണ്‍ സ്‌കൂള്‍ വിദ്യാഭ്യാസ രീതിയ്ക്ക് പകരം 5+3+3+4 എന്ന പാറ്റേണാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. കാലോചിതമായ പരിഷ്‌കാരമാണെന്നാണ് ഈ ഘടനാമാറ്റത്തെ പുതിയ നയത്തിന്റെ വക്താക്കള്‍ വിശേഷിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസിക-ശാരീരിക വളര്‍ച്ച ശാസ്ത്രീയമായി വിശകലനം ചെയ്ത് രൂപീകരിച്ചിരുന്ന 10+2 ഘടനയില്‍ നിന്നും എന്ത് മേന്‍മയും വിശ്വാസ്യതയുമാണ് പുതിയ ഘടനയ്ക്കുളളതെന്ന് വ്യക്തമാക്കാന്‍ ഇതിന്റെ പ്രയോക്താക്കള്‍ക്കായിട്ടില്ല.
പ്രീപ്രൈമറിയെയും 1,2 ക്ലാസുകളെ സംയോജിപ്പിച്ചുകൊണ്ടുളള 'flexible, multilevel, play based, activity-based and discovery based learning' ( DRAFT page 75), ഫൗണ്ടേഷണല്‍ സ്റ്റേജ്, 3 മുതല്‍ 5വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്രീപ്രേറ്ററി തലം, 6 മുതല്‍ 8 വരെയുളള മിഡില്‍ സ്റ്റേജ്, 9 മുതല്‍ 12 വരെ ഉള്‍പ്പെടുന്ന സെക്കന്ററി സ്റ്റേജ് എന്നിങ്ങനെയാണ് പുതിയ പാറ്റേണ്‍. ഇതോടെ ആദ്യത്തെ അഞ്ചുവര്‍ഷം, അതായത് രണ്ടാം ക്ലാസ് വരെ ഔപചാരിക വിദ്യാഭ്യാസം ഇല്ലാതാകും. അഞ്ചാം ക്ലാസ്(ഗ്രേഡ്) ആകുമ്പോഴേക്കും ക്ലാസ് റൂം പഠനവും പാഠപുസ്തകവും പരിചയപ്പെട്ടുവരികയേയുളളൂ. ആറാം ക്ലാസിലാണ് ( ഗ്രേഡ്) ഭാഷാ-ഗണിത-ശാസ്ത്ര-ചരിത്ര പഠനങ്ങള്‍ ഔപചാരികമായി ആരംഭിക്കുക. അതായത് പത്ത് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസം കേവലം മൂന്നുവര്‍ഷമായി ചുരുക്കുന്നു. മാത്രമല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന പേരില്‍ കൈത്തൊഴില്‍ നൈപുണ്യ പരിശീലനം, സെമസ്റ്റര്‍ സമ്പ്രദായം എന്നിവ സ്‌കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായത്തിലൂടെ നാലു വര്‍ഷം കൊണ്ട് നാല്‍പ്പതിലധികം കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുന്നുവെന്നാണ് പുതിയ നയം അവകാശപ്പെടുന്നത്. എന്നാല്‍ 14-18 പ്രായപരിധിയില്‍ വിദ്യാര്‍ത്ഥി ആര്‍ജിക്കേണ്ട അടിസ്ഥാന ധാരണകള്‍ നിരാകരിച്ച് പ്രാദേശിക തൊഴില്‍ വിപണിക്ക് അനുസൃതമായ നൈപുണ്യപരിശീലനം മാത്രമാണ് ഈ ഘടനാപരമായ പരിഷ്‌കാരം ലക്ഷ്യം വെയ്ക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, അങ്ങേയറ്റം വികലമായ ഭാഷാ സമീപനമാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെയ്ക്കുന്നത്. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ ലോകഭാഷയെന്ന നിലയിലും ഉയര്‍ന്ന വിജ്ഞാനമാര്‍ജിക്കാനുളള മാധ്യമമെന്ന നിലയിലും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെ പുതിയ വിദ്യാഭ്യാസ നയം തീര്‍ത്തും തമസ്‌കരിക്കുന്നു. ഹിന്ദിയ്ക്കും സംസ്‌കൃതത്തിനും നല്‍കുന്ന അമിത പ്രാധാന്യം സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വ ദേശീയ സങ്കല്‍പ്പത്തിന്റെ പ്രകാശനമാണ്.
അതേ സമയം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒറിയ തുടങ്ങി പാലി, പ്രഷ്യന്‍, പ്രാകൃത് എന്നിവയടങ്ങുന്ന 'ഫണ്‍ കോഴ്‌സ്' എന്ന സമ്പ്രദായം ഭാഷാപഠനത്തിന്റെ ഭാരമൊഴിവാക്കാനെന്ന പേരില്‍ അവതരിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഹിന്ദിയിതര ഭാഷകളോട് സ്വീകരിക്കുന്ന സമീപനമാണ് ഇത് വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസമേഖല ആഗോള വിപണിയുടെ സ്വതന്ത്ര വിഹാരരംഗമാകും
2030 തോടെ ഉന്നതവിദ്യാഭ്യാസ രംഗം പുതിയൊരു ഘടനയിലേക്ക് മാറ്റാനുള്ള പദ്ധതികളാണ് ദേശീയ വിദ്യാഭ്യാസനയം ആവിഷ്‌കരിക്കുന്നത്. ടൈപ്പ് 1,2,3 എന്ന വിധത്തില്‍ യഥാക്രമം റിസര്‍ച്ച് യൂണിവേഴ്‌സിറ്റി, ടീച്ചിംഗ് യൂണിവേഴ്‌സിറ്റി, കോളജുകള്‍ എന്ന ഘടനാമാറ്റമാണ് നടപ്പില്‍ വരുന്നത്. അക്കാദമികവും ഘടനാപരവുമായി വിവേചനപരമായ സങ്കല്‍പ്പമാണിത്. അധ്യാപകരുടെയും ഗവേഷകരുടെയുമെല്ലാം എണ്ണം, ഈ തരംതിരിവുണ്ടാകുന്നതോടെ ഗണ്യമായി കുറയും. ഇത്തരമൊരു സമ്പ്രദായം അവതരിപ്പിക്കുന്നതിന് ഒറ്റ ലക്ഷ്യമേയുളളൂ- ആഗോള വിപണിയായി രൂപപ്പെടുന്ന ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസമേഖലയെ കച്ചവടസാധ്യതകള്‍ക്കനുസരിച്ച് തരംതിരിക്കുക. ഉയര്‍ന്ന ക്രയശേഷിയുളളവര്‍ക്ക് ആദ്യത്തെ ഗ്രേഡ് സ്ഥാപനങ്ങളില്‍ നിന്നും കോഴ്‌സുകള്‍ വാങ്ങാം. വമ്പന്‍ മുതല്‍മുടക്കിന് ശേഷിയുള്ള സ്വദേശത്തെയും വിദേശത്തെയും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താം, ലാഭം കൊയ്യാം. ചെറുകിടക്കാര്‍ക്ക് ഗ്രേഡ് കുറഞ്ഞ സ്ഥാപനങ്ങള്‍ ഉണ്ടാകും. ഈ മത്സരക്രമത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശേഷിയിലാത്തവ പൂട്ടിപ്പോകും. സര്‍ക്കാരിന് വിദ്യാഭ്യാസ നടത്തിപ്പില്‍ യാതൊരു ഉത്തരവാദിത്വവുമുണ്ടാവില്ല. അതുകൊണ്ടാണ് നിലനില്‍ക്കുന്ന എല്ലാ കോളേജുകള്‍ക്കും 2030 ഓടെ സ്വയംഭരണ പദവി നല്‍കാനുള്ള കൊണ്ടു പിടിച്ച ശ്രമം നടക്കുന്നത്. സ്വാഭാവികമായും, സാമൂഹ്യമായും സാമ്പത്തികവുമായും പിന്നാക്കം നില്‍ക്കുന്നവര്‍ - വിദ്യാര്‍ത്ഥിയായാലും അധ്യാപകരായാലും - സ്വാഭാവികഗതിയില്‍ തന്നെ ഈ രംഗത്തു നിന്നും പുറത്തുപോകും. ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് സ്വപ്നം കാണുവാന്‍ പോലുമാകാതെ അവര്‍ സ്‌കൂള്‍ തലത്തില്‍ ലഭിച്ച കൈത്തൊഴിലുമായി ഒരു നേരത്തെ അന്നം കിട്ടുമോയെന്ന് തേടിയിറങ്ങും. മറ്റൊരുകൂട്ടര്‍ വിളമ്പിക്കിട്ടിയ വര്‍ഗീയതയുടെ ബലത്തില്‍ ബീഫ് പാകം ചെയ്ത അടുക്കളകള്‍ തേടിപ്പോകും. പ്രീപ്രൈമറി മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സര്‍വസംവിധാനങ്ങളും സമ്പ്രദായങ്ങളും കുത്തകകള്‍ക്ക് അനുകൂലമായി മാറ്റിയെഴുതുന്ന ഒന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ന് ചുരുക്കം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രൂപീകരണത്തിനും മുന്‍പ് നടപ്പിലായ നയം
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ജൂലൈ 29നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ വളരെ മുന്‍പ്, അതായത് 1986 മുതല്‍ തന്നെ ഉയര്‍ന്ന ധാര്‍മ്മിക-നൈതിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള മനുഷ്യനിര്‍മ്മാണ പ്രക്രിയയെന്ന നവോത്ഥാന വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍ നിരാകരിക്കപ്പെട്ടിരുന്നു. കമ്പോളാധിഷ്ഠിത-തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന അജണ്ട ആദ്യമായല്ല ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. വര്‍ഗീയതയിലും കപട ദേശീയതയിലും പൊതിഞ്ഞ കമ്പോള വിദ്യാഭ്യാസ നയമെന്ന വിശേഷണമാകും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുയോജ്യമായ വിശേഷണം. ഇതിന്റെ കരട് രൂപപ്പെടുന്ന അവസരത്തില്‍ തന്നെ ഈ നയത്തിന്റെ നടപ്പാക്കലും ആരംഭിച്ചിരുന്നു.2019 ജൂലൈ 5 ന്റെ ബജറ്റ് സെഷനില്‍ ധനകാര്യമന്ത്രി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ രൂപീകരണം പ്രഖ്യാപിച്ചതും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സ്വതന്ത്രവ്യാപാരം ലക്ഷ്യമാക്കിക്കൊണ്ടുളള നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ ഏകപക്ഷീയമായി പാര്‍ലമെന്റിലും രാജ്യസഭയിലും പാസാക്കതും ഈ നയത്തിന്റെ ഭാഗമായാണ്. മാത്രമല്ല എന്‍ഇപിയ്ക്ക് അനുസൃതമായി നാഷണല്‍ കരിക്കുലം ഫ്രയിം വര്‍ക്കിന്റെ പുന:സംഘാടനവും നേരത്തേ ആരംഭിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ്പ്രതിസന്ധിയുടെ പേരില്‍ മതേതരത്വവും ഫെഡറലിസവും പോലെയുള്ള പാഠഭാഗങ്ങള്‍ സിബിഎസ്ഇ എടുത്തുകളഞ്ഞതും മറ്റൊന്നായിരുന്നില്ല.
മാത്രമല്ല ആഗോളവിദ്യാഭ്യാസ വിപണിയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ പുന:സംഘടിപ്പിച്ചുകൊണ്ട് ഡല്‍ഹി സര്‍വകലാശാല നടപ്പാക്കാന്‍ശ്രമിച്ച FYUP, ബാംഗ്ലൂര്‍ സര്‍വകലാശാല മുന്നോട്ടു വെച്ച ' അണ്ടര്‍ ഗ്രാജ്വേറ്റ് ക്രഡിറ്റ് ബേസ്ഡ് സെമസ്റ്റര്‍ സ്‌കീം വിത്ത് മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് ഓപ്ഷന്‍സ് ആന്‍ട് മള്‍ട്ടിപ്പിള്‍ ഡിഗ്രിസ്', കേരളത്തില്‍ സമീപകാലത്ത് അവതരിപ്പിക്കപ്പെട്ട പ്രൊഫ.സാബു തോമസ് കമ്മിറ്റി റിപ്പോര്‍ട്ട്, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയെല്ലാം ദേശീയവിദ്യാഭ്യാസ നയത്തിന്റെ വിവിധ രൂപങ്ങളാണ്. ആഗോളവിപണിയായി പരിവര്‍ത്തനപ്പെടുന്ന ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് സാധാരണക്കാരന്റെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ക്കും നിലനില്‍പ്പിനും സ്ഥാനമുണ്ടാകില്ല. ആത്യന്തികമായി ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ഫാസിസ്റ്റ് അജണ്ടയുടെ നടപ്പിലാക്കലിനാണ് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചത്. അതുകൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രതിരോധിക്കേണ്ടത് ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യസ്വഭാവം നിലനിന്നുകാണല്‍ കാംക്ഷിക്കുന്ന ഏതൊരാളുടെയും ഉത്തരവാദിത്വമാണ്.
അലീന എസ്
(റിസര്‍ച്ച് സ്‌കോളര്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല)