വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം ഇംഗ്ലീഷ് സംസാരിക്കാതെ ഹിന്ദിയില്‍ സംസാരിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാങ്‌ഗ്വേജ് കമ്മിറ്റിയുടെ 37-ാം യോഗത്തില്‍ സംസാരിക്കവേ പറഞ്ഞത്. എത്രയോ മനോഹരമായി 66 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏതെങ്കിലും പാര്‍ലമെന്റ് കമ്മിറ്റിയുടെ മുന്‍പിലല്ല, ഇന്ത്യയുടെ പാര്‍ലമെന്റില്‍ സകല ജനപ്രതിനിധികളുടെയും മുന്‍പില്‍ വെച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു എന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഇതിനു മറുപടി നല്‍കിയിട്ടുണ്ട്.
ഹരിമോഹന്‍ എഴുതുന്നു.
'ഹിന്ദി അടിച്ചേല്‍പ്പിക്കില്ല. ദക്ഷിണേന്ത്യക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്'
66 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇങ്ങനെയൊരു വാര്‍ത്തയ്ക്ക്. 1955 ഓഗസ്റ്റ് 12, ഒരു വെള്ളിയാഴ്ച ദിവസം പുറത്തിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിലെ പ്രധാനവാര്‍ത്തയുടെ തലക്കെട്ടാണിത്. ഇന്ത്യയുടെ വൈവിധ്യം ഉറക്കെവിളിച്ചു പറഞ്ഞ ഒരു പ്രധാനമന്ത്രിയുടെ വാക്കുകളിങ്ങനെ ചരിത്രരേഖയായി നിലനില്‍ക്കുന്നുണ്ട് എന്നോര്‍മിപ്പിക്കുന്നത്, അത്രയധികം വര്‍ഷങ്ങള്‍ക്കിപ്പുറം ആ വൈവിധ്യത്തെ തച്ചുടയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരു ഭരണാധികാരിയാണ്.
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് 66 വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കില്‍, രണ്ടുദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടാകൂ ഈ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് തെല്ലും ബോധ്യമില്ലാത്തൊരാള്‍, ഇന്ത്യയുടെ ആഭ്യന്തരമന്ത്രി നടത്തിയ അപകടകരവും ബോധശൂന്യവുമായ ഒരു പ്രസംഗത്തിന്.
സ്വന്തം ജീവിതത്തില്‍ നിന്നാണ്, ഇന്ദിരയെന്ന സ്വന്തം മകളില്‍ നിന്നാണ് നെഹ്റുവെന്ന ഭരണാധികാരി ഒരു രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത്-
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം ഇംഗ്ലീഷ് സംസാരിക്കാതെ ഹിന്ദിയില്‍ സംസാരിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാങ്‌ഗ്വേജ് കമ്മിറ്റിയുടെ 37-ാം യോഗത്തില്‍ സംസാരിക്കവേ പറഞ്ഞത്. ഇതിനു മറുപടിയായി പുതുതായി ചിലതു കൂട്ടിച്ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു തോന്നുന്നില്ല. എത്രയോ മനോഹരമായി 66 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏതെങ്കിലും പാര്‍ലമെന്റ് കമ്മിറ്റിയുടെ മുന്‍പിലല്ല, ഇന്ത്യയുടെ പാര്‍ലമെന്റില്‍ സകല ജനപ്രതിനിധികളുടെയും മുന്‍പില്‍ വെച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു എന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഇതിനു മറുപടി നല്‍കിയിട്ടുണ്ട്. സംസ്ഥാനാടിസ്ഥാനത്തില്‍ ഭാഷാപരമായ പുനഃസംഘടന നടത്തുക എന്ന ഉദ്ദേശത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ നെഹ്റു നടത്തിയ പ്രസംഗത്തിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ എഴുതാം. സ്വന്തം ജീവിതത്തില്‍ നിന്നാണ്, ഇന്ദിരയെന്ന സ്വന്തം മകളില്‍ നിന്നാണ് നെഹ്റുവെന്ന ഭരണാധികാരി ഒരു രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത്-
'എന്റെ മകള്‍ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ അവളെ യു.പിയിലെ ഏതെങ്കിലും സ്‌കൂളിലേക്കല്ല പഠിക്കാന്‍ വിട്ടത്. പൂനയിലേക്കായിരുന്നു. പൂനയിലുള്ള ഒരു ഗുജറാത്തി സ്‌കൂളിലാണ് അവള്‍ പഠിച്ചത്. അവള്‍ മറാത്തിയും ഗുജറാത്തിയും പഠിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതേസമയം ഞാനവളെ ശാന്തിനികേതനിലേക്കും അയച്ചിരുന്നു. അവള്‍ ബംഗാളി പശ്ചാത്തലവും കൂടി അറിയണമെന്നു ഞാന്‍ ആഗ്രഹിച്ചു. ബംഗാളി ഭാഷ മാത്രമല്ല, അതിന്റെ സാംസ്‌കാരിക പശ്ചാത്തലം കൂടി അറിയണമെന്നാണു ഞാന്‍ ആഗ്രഹിച്ചത്.
നമുക്കു ദ്വിഭാഷ സംസാരിക്കുന്ന സ്ഥലങ്ങളാണുള്ളത്. അവ അങ്ങനെയായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കു പോകുന്നതില്‍ നിന്ന് ആളുകളെ തടയുമായിരുന്നോ? ഭരണഘടനയില്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി നിങ്ങള്‍ അവരെ, ഈ രാജ്യത്തെ ജനങ്ങളെ തടഞ്ഞുനിര്‍ത്തുമായിരുന്നോ?'
നെഹ്റുവിന്റെ വെള്ളം ചേര്‍ക്കാത്ത നിലപാട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം എങ്ങനെയായിരുന്നുവെന്നു നോക്കുക. 1959 ഓഗസ്റ്റ് 7-നു ലോക്‌സഭയില്‍ വെച്ചു വീണ്ടും നെഹ്റു നടത്തിയ പ്രസംഗത്തില്‍ ഒരു ഭാഗമിങ്ങനെ-
'ഹിന്ദിയെ പിന്തുണയ്ക്കുന്നവരുടെ അധികാര ശബ്ദം ആ ഭാഷയുടെ വികസനത്തില്‍ കൂടുതല്‍ മുറിവുകള്‍ വരുത്തും. നിങ്ങളുടെ സമീപനം ജനാധിപത്യപരമാണോ അതോ അധികാരസ്വഭാവത്തിലുള്ളതോ? ഹിന്ദി സംസാരിക്കുന്ന ഇടങ്ങള്‍ ഇന്ത്യയുടെ കേന്ദ്രമാണെന്നും മറ്റുള്ളവര്‍ വെറും അരികുകളാണെന്നുമുള്ള അധികാരശബ്ദം ഉണ്ടാകുന്നുണ്ട്. ഇതു ശരിയായ സമീപനമല്ല, അപകടകരമായ സമീപനമാണ്.
ഇംഗ്ലീഷിനെ നിങ്ങള്‍ ഔദ്യോഗികമെന്നോ അനൗദ്യോഗികമെന്നോ വിളിച്ചോളൂ. പക്ഷേ ഏറ്റവുമധികം ആളുകള്‍ പഠിക്കുന്ന, ഒരുപക്ഷേ നിര്‍ബന്ധമായി പഠിക്കുന്ന ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് ഏറ്റവും പ്രധാനപ്പെട്ട ഭാഷയായിത്തന്നെ തുടരണം. എത്രകാലമെന്ന് അറിയില്ല. പക്ഷേ, ഒരു നിശ്ചിത കാലത്തേക്ക് ഇംഗ്ലീഷ് ഒരു അധിക ഭാഷയായി നിലനില്‍ക്കണം എന്നു ഞാന്‍ കരുതുന്നു. കാരണം, ഹിന്ദി സംസാരിക്കാനറിയാത്ത ജനങ്ങള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇംഗ്ലീഷ് അതിനു പകരമായി ഉപയോഗിക്കാം. അവര്‍ക്ക് ആവശ്യമുള്ള കാലത്തോളം ഇംഗ്ലീഷ് ഒരു പകരം ഭാഷയായി ഉപയോഗിക്കാം. ഇതു ഞാന്‍ പറയുന്നത്, ഹിന്ദി സംസാരിക്കുന്ന ആളുകളോടല്ല, അതറിയാത്ത ആളുകളോടാണ്.'
ഇതിനും മുന്‍പ്, 1949 സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ ഈ രാജ്യത്തെ ഭാഷകളുടെ സ്റ്റാറ്റസ് നിര്‍ണയിക്കാനായി നടന്ന ചര്‍ച്ചകളുടെ ഭാഗമായി നെഹ്റു മുതല്‍ കേരളത്തില്‍ നിന്നുള്ള പി.ടി ചാക്കോ വരെയുള്ളവര്‍ സംസാരിച്ചു. ഒടുവില്‍ എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി മുന്‍ഷി-അയ്യങ്കാര്‍ ഫോര്‍മുല അംഗീകരിക്കുകയും ഇങ്ങനെ തീരുമാനമെടുക്കുകയും ചെയ്തിരുന്നു- 'ദേവനാഗരി ലിപിയിലുള്ള ഹിന്ദിയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. പക്ഷേ അതു ദേശീയ ഭാഷയാണ്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇംഗ്ലീഷ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അടുത്ത 15 വര്‍ഷക്കാലത്തേക്ക് ഉപയോഗിക്കാം. അതിന്റെ കാലാവധി 1965 ജനുവരി 26 ആയിരിക്കും.'
ശേഷം ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വര്‍ധിച്ചു. ഡി.എം.കെ എന്ന ദ്രാവിഡ പാര്‍ട്ടിയുടെ പ്രചാരം തമിഴ്‌നാട്ടില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹിന്ദിക്കെതിരെയും തമിഴിന് അനുകൂലമായും സമരങ്ങള്‍ രൂപപ്പെട്ടു. ഇതിനിടയില്‍ 1963-ല്‍ നെഹ്റു സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഔദ്യോഗിക ഭാഷാ നിയമപ്രകാരം ഇംഗ്ലീഷ് ഹിന്ദിയോടൊപ്പം തന്നെ ഔദ്യോഗിക ഭാഷയായി കണക്കാക്കാം എന്നായി. ഇതോടെ പ്രതിഷേധം തണുത്തെങ്കിലും നെഹ്റുവിനു ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം വീണ്ടും പ്രതിഷേധം രൂക്ഷമായി. ഇതിനു പരിഹാരമായി നെഹ്റു നല്‍കിയ ഉറപ്പു പാലിക്കും വണ്ണം ശാസ്ത്രി രാജ്യത്തിന് ഒരുറപ്പു നല്‍കി. രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം എന്ന പുസ്തകത്തില്‍ വിശദമായി ഇതു പ്രതിപാദിക്കുന്നുണ്ട്. അതുപ്രകാരം,
1) സംസ്ഥാനങ്ങള്‍ക്ക് ഇംഗ്ലീഷോ അവരുടെ ഇഷ്ടപ്രകാരമുള്ള മറ്റേതെങ്കിലും ഭാഷയോ ഉപയോഗിക്കുന്നതു തുടരാം.
2) സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷോ പ്രാദേശിക ഭാഷ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയോ ആവാം.
3) ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഇംഗ്ലീഷ് ഉപയോഗിക്കാം.
4) കേന്ദ്ര സര്‍ക്കാര്‍ ഇംഗ്ലീഷ് ഉപയോഗിക്കണം.
5) സിവില്‍ സര്‍വീസ് പരീക്ഷ ഹിന്ദിയില്‍ നടത്തുന്നതിനു പകരം ഇംഗ്ലീഷില്‍ തന്നെ തുടരണം.
ശേഷം 1968-ല്‍ ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്നു. ഈ നയപ്രകാരം ത്രിഭാഷാ ഫോര്‍മുലയും വന്നു. ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കും ഒപ്പം ഹിന്ദി ഓപ്ഷണല്‍ ആയി സ്‌കൂളില്‍ പഠിപ്പിക്കാം എന്ന നയം ഇതുപ്രകാരം നിലവില്‍ വന്നു. ഓര്‍ക്കുക, അപ്പോഴും ഹിന്ദി നിര്‍ബന്ധമല്ല.
തമിഴും മലയാളവും കന്നഡയും തെലുഗുവും മറാത്തിയും പഞ്ചാബിയും ബംഗാളിയുമടക്കം എത്രയേറെ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും കലവറയാണ് ഇന്ത്യ എന്ന യഥാര്‍ഥ്യത്തെ ദേശീയതാ വാദം കൊണ്ട് കീഴ്‌പ്പെടുത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കാം എന്നു കരുതുന്നത് അങ്ങേയറ്റം വിഡ്ഢിത്തമാണ്.
ഈ ചരിത്ര യാഥാര്‍ഥ്യങ്ങളോട് ഒട്ടും താദാത്മ്യം പ്രാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വെള്ളം ചേര്‍ത്തു. ഇതുപ്രകാരം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍പ്പോലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണം എന്ന അവസ്ഥയായി. അതിനു തുടര്‍ച്ചയായി ഇപ്പോള്‍ അമിത് ഷാ ഇറക്കിയ തിട്ടൂരവും.
ഇങ്ങനെ ചരിത്രം നിഷേധിച്ചുകൊണ്ടും ഇന്ത്യയുടെ വൈവിധ്യങ്ങളെ തെല്ലും ഉള്‍ക്കൊള്ളാതെയും സംഘപരിവാര്‍ ഭരണകൂടം നടപ്പിലാക്കുന്ന ഏകാധിപത്യ നയങ്ങളുടെ തുടര്‍ച്ചയാണ് വാക്കാലെങ്കിലുമുള്ള അമിത് ഷായുടെ നിര്‍ദേശം. തമിഴും മലയാളവും കന്നഡയും തെലുഗുവും മറാത്തിയും പഞ്ചാബിയും ബംഗാളിയുമടക്കം എത്രയേറെ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും കലവറയാണ് ഇന്ത്യ എന്ന യഥാര്‍ഥ്യത്തെ ദേശീയതാ വാദം കൊണ്ട് കീഴ്‌പ്പെടുത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കാം എന്നു കരുതുന്നത് അങ്ങേയറ്റം വിഡ്ഢിത്തമാണ്.
ഈ വൈവിധ്യങ്ങളിലുള്ള ഏകതയുടെ മനോഹാരിത തിരിച്ചറിഞ്ഞത് കൊണ്ടാണ് ഭൂരിപക്ഷവും ഹിന്ദി സംസാരിക്കുന്നൊരു നിയമനിര്‍മ്മാണ സഭയുണ്ടായിട്ടും നെഹ്റു എന്ന ഭരണാധികാരി ഇന്ത്യ എന്ന ആശയത്തിനൊപ്പം നിലകൊണ്ടത്. ഇന്ദിരയെ ബംഗാളി സംസ്‌കാരവും മറാത്തി ഭാഷയും പഠിക്കാനയച്ച നെഹ്റു അതുതന്നെയാണ് ഇന്ത്യയോടു പങ്കുവെയ്ക്കുന്നതും. നിങ്ങള്‍ ഈ രാജ്യത്തിന്റെ വൈവിധ്യങ്ങളെ അറിയൂ. ഇപ്പോള്‍ സംഘപരിവാറിനു മുന്നില്‍ വന്മതില്‍ പോലെ നിന്ന് ആ മനുഷ്യന്‍ ആവര്‍ത്തിക്കുന്നതും അതു തന്നെയാണ്. നെഹ്റുവിന്റെ വാക്കുകള്‍ക്ക് ഇന്നും ജീവനുണ്ട്, അതിങ്ങനെ ഇന്ത്യയെന്തെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കും.