അനുപമ നേരിടുന്ന പ്രശ്നങ്ങള്‍ ഏതാനും ആഴ്ചകള്‍ മുന്‍പ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്ന സമയത്ത് കൃത്യമായി വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. ഉപരിപ്ലവമായ വായനയും യഥാര്‍ത്ഥ പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ബന്ധങ്ങളിലും സദാചാരസങ്കല്‍പങ്ങളിലും ഊന്നി നിന്ന കൃത്യമല്ലാത്ത, വസ്തുതാപരമല്ലാത്ത ചില വ്യാഖ്യാനങ്ങളും റിപ്പോര്‍ട്ടുകളും ആദ്യം ചിന്തിപ്പിച്ചത് വളരെ സങ്കീര്‍ണമായ ഒരു പ്രശ്നമാണെന്നും വ്യക്തതയോട് കൂടി പക്ഷം ചേരാനാവില്ല എന്നുമായിരുന്നു.
അപ്പോഴാണ് ദി ഹിന്ദു വില്‍ ആര്‍.കെ രോഷ്ണി എഴുതിയ 'A Missing Baby and a Flustered State' എന്ന ലേഖനം വായിച്ചത്. വായിച്ചതിനു ശേഷം തോന്നിയ സങ്കടവും ദേഷ്യവുമൊക്കെ അടക്കാന്‍ പ്രയാസപ്പെടേണ്ടി വന്നു. സഹിക്കാന്‍ പറ്റിയില്ല, അനുപമയ്ക്ക് കടന്നു പോകേണ്ടി വന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വായിച്ചറിഞ്ഞപ്പോള്‍. സ്വയം സങ്കല്‍പിക്കാനാകുമായിരുന്നില്ല ഒരു സ്ത്രീയെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍, അമ്മയെന്ന നിലയില്‍ ഇത്രയധികം ജഡ്ജ്‌മെന്റല്‍ ആയ ഒരു സമൂഹത്തില്‍ അനുപമയുടെ സ്ഥാനത്ത്.
അന്ന് നൂറു ശതമാനം ബോധ്യമുണ്ടായി അനുപമയ്ക്കൊപ്പം നില്‍ക്കേണ്ടതിലെ ശരിയെക്കുറിച്ചും നീതിയെക്കുറിച്ചും. ദിവസങ്ങള്‍ക്കകം അനുപമ സമരം തുടങ്ങിയപ്പോള്‍ കണ്ടു, സംസാരിച്ചു...സംസാരിച്ചപ്പോള്‍ ആ പെണ്‍കുട്ടിയുടെ കൃത്യമായ ബോധ്യത്തോടും ധൈര്യത്തോടും കരുത്തിനോടും പിടിച്ചു നില്‍ക്കാനും പൊരുതാനുമുള്ള ആര്‍ജവത്തോടും ഒരുപാട് ബഹുമാനം തോന്നി.
ഇന്നലെ അഞ്ചു ദിവസങ്ങള്‍ക്കകം അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കണമെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് വന്നിട്ടുണ്ട്.
സ്വന്തം വായനയുടെയും മനസ്സിലാക്കലിന്റെയും പരിമിതിയില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍ അനുപമയുടെ സമരം, പോരാട്ടം കേരള സമൂഹത്തിനു മുന്‍പില്‍ വയ്ക്കുന്ന പല തലങ്ങളിലുള്ള നിരവധി ചോദ്യങ്ങളുണ്ടെന്നു തന്നെ കരുതുന്നു.
ഇതിലെ ഏറ്റവും പ്രധാനമായ ചോദ്യം ഒരു സ്ത്രീ സ്വന്തം തെരഞ്ഞെടുപ്പായി പ്രസവിച്ചു വളര്‍ത്താന്‍ ആഗ്രഹിച്ച കുഞ്ഞിനെ, ആ സ്ത്രീയുടെ പങ്കാളി ദളിത് ആയതിനാലും ആ സമയത്ത് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്ത ആളായിരുന്നതിനാലും (ഇപ്പോള്‍ വിവാഹമോചനം നേടി അനുപമയുടെ പങ്കാളിയാണ്) അത് കുടുംബത്തിന്റെ 'സല്‍പ്പേരിനെയും' അഭിമാനത്തെയും ബാധിക്കുമെന്നതിനാല്‍ പല വിധത്തിലുള്ള അധികാരപ്രയോഗങ്ങളിലൂടെ ആ കുഞ്ഞിനെ അമ്മയില്‍ നിന്നെടുത്തു മാറ്റിയതാണ്.
അതിനു വേണ്ടി കക്ഷിരാഷ്ട്രീയ സ്വാധീനത്തിന്റെ പ്രിവിലേജുപയോഗിച്ചു, ശിശുക്ഷേമസമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി, അനുപമയുടെയും പങ്കാളി അജിത്തിന്റെയും പരാതികള്‍ പരിഗണിക്കാതെ, കുഞ്ഞിന്റെ ജന്‍ഡര്‍ തെറ്റായി രേഖപ്പെടുത്തി, ഡി.എന്‍.എ ടെസ്റ്റ് നടത്താതെ, പരാതി നിലനിക്കുമ്പോള്‍ തന്നെ നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ കുഞ്ഞിനെ ഫോസ്റ്റര്‍ കെയര്‍നായി വിട്ടു കൊടുക്കുക തുടങ്ങിയ നിയമവിരുദ്ധമായ പ്രവര്‍ത്തികളാണ് നടന്നിട്ടുള്ളത്.
അനുപമ പരാതിയുമായി പൊതുസമൂഹത്തില്‍ വന്നിട്ടും കുഞ്ഞിനെ തിരിച്ചെത്തിക്കുന്നതില്‍ വേണ്ട നടപടിക്രമങ്ങളില്‍ വേണ്ട കാലതാമസം വരുത്തുക എന്നിങ്ങനെ അനവധി ക്രമക്കേടുകളും നീതിനിഷേധങ്ങളും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവും നടന്നിട്ടുള്ള, ഒരു നവജാതശിശുവിന് മുലപ്പാല്‍ പോലും നല്‍കാനനുവദിക്കാതെ കുഞ്ഞിനെ അമ്മയില്‍ നിന്ന് തട്ടിയെടുത്തു നല്‍കിയ, ഇങ്ങനെ പല തലങ്ങളിലെ ആസൂത്രിതമായി നടന്ന, ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിവിടെ നടന്നിരിക്കുന്നത്.
കുഞ്ഞിനെ എത്രയും വേഗം അമ്മയുടെയും അച്ഛന്റെയും അടുത്തെത്തിക്കുക, ഈ കുറ്റം ചെയ്തവര്‍ക്കും കൂട്ട് നിന്നവര്‍ക്കും ഇനി ഇതാവര്‍ത്തിക്കാതിരിക്കാനാവശ്യമായ ശിക്ഷാനടപടികള്‍ വാങ്ങിക്കൊടുക്കുക എന്നതാണ് അത്യാവശ്യവും അനിവാര്യവും.
അടുത്തത്, അനുപമ അജിത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്ന സ്ഥിരം പരാമര്‍ശത്തെക്കുറിച്ചാണ് പറയേണ്ടത്. അതെന്തു കൊണ്ടാണ് അനുപമ പറയുന്നത് പോലെ അത് അനുപമയുടെ കുഞ്ഞാകാത്തത് നമുക്ക്? എല്ലാ സ്ത്രീകളും ഓരോ പുരുഷന്മാരുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഉപകരണങ്ങളാണെന്നുള്ള നമ്മുടെ ബോധം തന്നെയല്ലേ അവിടെ പുറത്തു വരുന്നത്?
ഇനി ചിന്തിക്കേണ്ടത് പൊതുസമൂഹത്തിലെ ഒരു വലിയ വിഭാഗം ഈ വിഷയത്തെ സമീപിക്കുന്ന രീതിയും അത് കേരളസമൂഹത്തിലെ ജനാധിപത്യ ബോധ്യം, പാട്രിയാര്‍ക്കല്‍ മൂല്യങ്ങള്‍, സദാചാരം, കുടുംബം, പുരോഗമനം തുടങ്ങിയവയെക്കുറിച്ചു നല്‍കുന്ന ചില ഉള്‍ക്കാഴ്ചകളുമാണ്.
ഒന്നമതായി, പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ ശരികള്‍ തീരുമാനിക്കേണ്ടത് അവളുടെ കുടുംബമാണെന്ന, പ്രത്യേകിച്ച് അച്ഛനാണെന്ന ധാരണ നമ്മുടെ സമൂഹത്തില്‍ എത്ര രൂഢമൂലമാണെന്നതാണ്. ഇവിടെ അനുപമയ്ക്ക് വേണ്ടുന്ന സ്വന്തം കുഞ്ഞിനെ വേണ്ടാത്തത് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കാണ്. വീട്ടുകാരുടെ ധാര്‍മികത എന്നത് സമൂഹത്തിന്റെ ധാര്‍മികതയാണ്. അവിടെ സ്ത്രീയുടെ സന്തോഷം, തിരഞ്ഞെടുക്കല്‍ എന്നിവയ്ക്ക് ഒരു ഇടവുമില്ല എന്നത് ഇവിടെ നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുകയാണ്.
വിവാഹമാലോചിക്കുമ്പോള്‍ ആണ്‍കുട്ടിയുടെ വീട് കാണാന്‍ പാട്രിയാര്‍ക്കല്‍ കീഴ്‌വഴക്കമനുസരിച്ചു അവിടെ താമസിക്കേണ്ടുന്ന പെണ്‍കുട്ടിയെ മാത്രം കൊണ്ട് പോകാതെ എല്ലാവരും അവള്‍ക്കു വേണ്ടി തീരുമാനമെടുക്കുന്നത് ഈ ബോധത്തിന്റെ മറ്റൊരു തലത്തിലാണ്. മറ്റൊന്ന് മകളും അച്ഛനും തമ്മിലുള്ള ബന്ധത്തെ പാട്രിയാര്‍ക്കല്‍ കുടുംബവും സമൂഹവും കാണുന്ന രീതിയാണ്.
ഇവിടെ അനുപമയയ്ക്ക് കുട്ടിയുണ്ടായത് കാരണം അച്ഛനുണ്ടായ ദുരഭിമാനത്തെക്കുറിച്ചാണ് നമ്മുടെ ചുറ്റും ആകുലത കൂടുതല്‍; അവിടെ 'അമ്മ' എന്ന ആളിന്റെ അഭിമാനത്തെക്കുറിച്ചു പറയാത്തതെന്തു കൊണ്ടാണ്? മകളുടെ കാര്യത്തില്‍ അച്ഛന്‍ മാത്രമേ ബാധിക്കപ്പെടുന്നുള്ളൂ? വിവാഹം വരെ പെണ്‍കുട്ടി അച്ഛന്റെ ഉടമസ്ഥാവകാശമുള്ള വ്യക്തിയാണെന്നും അച്ഛന്റെ അഭിമാനത്തിന് മകള്‍ കാരണം എന്തെങ്കിലും കേടു പറ്റിയാല്‍ ആ മകളെ ഉപദ്രവിക്കാനും മാനസികമായി പീഡിപ്പിക്കാനും അച്ഛനമ്മമാര്‍ക്ക് അവാകാശമുണ്ടെന്നുമല്ലേ വീണ്ടും വീണ്ടും നമ്മള്‍ ഇവിടെ സ്ഥാപിക്കുന്നത്?
അടുത്തത്, അനുപമ അജിത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്ന സ്ഥിരം പരാമര്‍ശത്തെക്കുറിച്ചാണ് പറയേണ്ടത്. അതെന്തു കൊണ്ടാണ് അനുപമ പറയുന്നത് പോലെ അത് അനുപമയുടെ കുഞ്ഞാകാത്തത് നമുക്ക്? എല്ലാ സ്ത്രീകളും ഓരോ പുരുഷന്മാരുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഉപകരണങ്ങളാണെന്നുള്ള നമ്മുടെ ബോധം തന്നെയല്ലേ അവിടെ പുറത്തു വരുന്നത്? കുഞ്ഞുങ്ങള്‍ അമ്മയുടേതായാല്‍ എവിടെയാണ് പ്രശ്‌നം? കുഞ്ഞുങ്ങളെ അമ്മയുടെ കുഞ്ഞുങ്ങളായി കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ഇന്നും?
പുതിയ തലമുറയില്‍ വിവാഹവും മാതൃത്വവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ആഗ്രഹിക്കാതെ, ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ചു കൃത്രിമ ഗര്‍ഭധാരണംനടത്തി, കുട്ടിയുടെ അച്ഛനാരാണെന്നു അറിയാന്‍, വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ, അച്ഛനെ ആവശ്യമില്ലാതെ മാതൃത്വം തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ പാട്രിയാര്‍ക്കല്‍ കുടുംബ വ്യവസ്ഥയെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു കാലത്തു അമ്മയെ മാറ്റി, കുട്ടിയുടെ ജനനത്തില്‍ പങ്കാളിയായ പുരുഷനിലേക്കു മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നതു നമ്മുടെ പുരുഷകേന്ദ്രീകൃതബോധ്യങ്ങള്‍ അല്ലാതെ മറ്റെന്താണ്?
ഒരു സ്ത്രീക്ക് ഒരു പുരുഷന്റെ സഹായമില്ലാതെ സ്വന്തം കുഞ്ഞിനെ വളര്‍ത്താനാവില്ല എന്ന് ചിന്തിക്കുന്നത് ഏതു യുക്തിയാണ്? ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധിച്ചത് മലയാളി സമൂഹത്തിന്റെ സദാചാരത്തിന്റെ പൊള്ളത്തരമാണ്. ഭൂരിഭാഗം വ്യക്തിബന്ധങ്ങളിലും വിവാഹത്തിലും ജീവിതപങ്കാളിത്തത്തിലും സത്യസന്ധതയും ബഹുമാനവും പരസ്പരവിശ്വാസവും സുതാര്യതയും ആവശ്യമില്ലെന്നു കരുതുന്ന, സമൂഹത്തിനു മുന്‍പില്‍ വിവാഹമോചിതരാകാതെ ജീവിച്ചാല്‍ മതി എന്നതിന്കൂടുതല്‍ പ്രാധാന്യം നല്‍കുന്ന, രഹസ്യമായതെന്തും സാധ്യവും അംഗീകരിക്കപ്പെടുന്നതും അത് പരസ്യമാകുമ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലാകുമ്പോഴും മാത്രം സദാചാര പ്രശ്‌നമാകുന്ന പൊള്ളയായ, കപടമായ ധാര്‍മികതയുടെ പുറത്താണ് മലയാളിസമൂഹം ഈ ജഡ്ജുമെന്റുകള്‍ നടത്തുന്നത് എന്ന് മടിയില്ലാതെ തന്നെ പറയേണ്ടി വരും.
വ്യക്തിജീവിതത്തില്‍, മനുഷ്യബന്ധങ്ങളിലെ ശരിതെറ്റുകള്‍ സങ്കീര്‍ണമാണെന്നും അവ ആ ബന്ധങ്ങളില്‍ ഭാഗമായ മനുഷ്യരുടേതു മാത്രമാണെന്നും അതിലെ ശരിതെറ്റുകള്‍ അവര്‍ സ്വയവും പരസ്പരവും തിരിച്ചറിയേണ്ടതാണെന്നും അത് ഈ വിഷയത്തിന്റെയും ഭാഗമായ എല്ലാവരുടെ കാര്യത്തിലും അങ്ങനെത്തന്നെയാണെന്നും വിശ്വസിക്കുന്നു. പക്ഷെ, ഇവിടെ മനസ്സിലാക്കിയിടത്തോളം സെപ്പറേറ്റഡ് ആയി ജീവിച്ചിരുന്നു എന്ന് പറയുന്ന ഒരു കാലത്തു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാകുകയും ആ ബന്ധത്തില്‍ കുട്ടിയുണ്ടായി മുന്‍വിവാഹം നിയമപരമായി വേര്‍പെടുത്തുകയും ആ കുട്ടിക്കും പങ്കാളിക്കുമൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തി അസാന്മാര്‍ഗ്ഗിയും സ്വന്തം വിവാഹ ജീവിതം കാപട്യത്തിന്റെ അടിത്തറയില്‍ സുരക്ഷിതമായി കൊണ്ടുപോകുകയും സൗകര്യപ്രദമായി എണ്ണമില്ലാത്ത ബന്ധങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന മനുഷ്യര്‍ സന്മാര്‍ഗികളും വിജയികളുമായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന തീര്‍ത്തും അനാരോഗ്യകരവും കപടമായ ഒരു ധാര്‍മികബോധത്തിന്റെ പിടിയിലാണ് ഈ സമൂഹം എന്ന് പറയാതെ വയ്യ. അത് മാത്രമല്ല, ജാതിയും, മതവും, സാമ്പത്തിക സ്ഥിതിയും, പ്രത്യയശാസ്ത്രവും നിറവും ഒക്കെ മാറുന്നതിനനുസരിച്ചു നമ്മുടെ സദാചാരത്തിന്റെ, ധാര്‍മികതയുടെ അളവുകോലുകളും മാറും.
അത് മാത്രമല്ല, പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി ആരെ പങ്കാളിയായി തിരഞ്ഞെടുക്കണം, ആരുമായുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കണം, സ്വന്തം കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം എന്നൊക്കെ തീരുമാനിക്കുന്നത്, അവളുടെ മൗലികാവകാശമാകുമ്പോള്‍, സ്വന്തം ശരീരത്തിനും ഗര്‍ഭപാത്രത്തിനും ജീവിതത്തിനും മേലുള്ള സ്വയംനിര്‍ണയാധികാരം അവള്‍ക്കുണ്ടാകേണ്ടതുമുള്ളപ്പോള്‍ അവളുടെ ജീവിതത്തില്‍ തങ്ങളുടെ തീരുമാനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാന്‍ അച്ഛനമ്മമാര്‍ക്കു എന്താണധികാരം?
തങ്ങളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉപകരണങ്ങളായി മക്കളെ കാണുന്ന, തങ്ങളുടെ അഭിമാനത്തിന്റെ പ്രതീകങ്ങളായി സമൂഹത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കേണ്ടവരായി മക്കളെ കാണുന്ന, കല്യാണം എന്ന പാട്രിയാര്‍ക്കല്‍ ബന്ധത്തെ വിവാഹം കഴിക്കാതെയോ, വിവാഹമോചിതരായോ അല്ലെങ്കില്‍ പരമ്പരാഗത വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളില്‍പ്പെട്ടോ ചോദ്യം ചെയ്യുന്ന പെണ്‍മക്കള്‍ തങ്ങളുടെ അഭിമാനം ഇല്ലാതാക്കുന്നു എന്ന് ചിന്തിക്കുന്ന ഒരു സമൂഹം ഇനി എത്ര മാത്രം മാറേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. പെണ്‍മക്കളുടെ പ്രവര്‍ത്തികളില്‍ മാത്രം നിലനില്‍ക്കേണ്ടതാണോ കുടുംബത്തിന്റെ സ്റ്റാറ്റസും അഭിമാനവും? ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തില്‍ ഈ സദാചാര ജഡ്ജ്മെന്റുകള്‍ നമ്മളെന്തിനാണ് കൊണ്ട് വരുന്നത്?
ഈ പ്രശ്‌നത്തില്‍, ഇപ്പോള്‍ കുഞ്ഞിനൊപ്പമുള്ള മാതാപിതാക്കള്‍ തങ്ങളുടേതല്ലാത്ത പ്രവര്‍ത്തികള്‍ കൊണ്ട് ബാധിക്കപ്പെട്ടവരാണെന്നും നമ്മുടെ എമ്പതി അര്‍ഹിക്കുന്നവരാണെന്നും അവര്‍ക്കു ഈ അവസ്ഥയെ ഉള്‍ക്കൊള്ളാനും അതിജീവിക്കാനും കഴിയട്ടെ എന്നാഗ്രഹിക്കുന്നു. അനുപമയുടെ കുഞ്ഞ് ഒരു ഫോസ്റ്റര്‍ കെയര്‍ കാലയളവില്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. അവര്‍ക്കു ഇനി നിയമാനുസൃതം മറ്റൊരു കുട്ടിയെ ദത്തെടുക്കാന്‍ കഴിയുമെന്നും കരുതുന്നു. പ്രസവിച്ച അമ്മയ്ക്ക് മാത്രമാണ് കുഞ്ഞിനെ ആരോഗ്യകരമായി, സ്‌നേഹത്തോടെ വളര്‍ത്താന്‍ കഴിയുന്നതെന്നും കരുതുന്നില്ല. എന്നിട്ടും, ഇപ്പോള്‍ ഒരുവയസുള്ള സ്വന്തം കുഞ്ഞിനെ ഇതുവരെ ശരിക്കും കാണാനായിട്ടില്ലാത്ത, എടുക്കാനായിട്ടില്ലാത്ത ഒരമ്മയുടെ അവകാശത്തേക്കാള്‍ ആ മാതാപിതാക്കളുടെ അവകാശത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അനുപമ വിവാഹിതയാകാതെ കുഞ്ഞിനെ പ്രസവിച്ചതിനാല്‍ അനുപമയുടെ കുഞ്ഞ് ഇപ്പോളുള്ള വീട്ടില്‍ വളരുന്നതാണ് നല്ലതെന്നും അനുപമയുടെ കൂടെ വളര്‍ന്നാല്‍ ആ കുഞ്ഞിന്റെ ഭാവി ആരോഗ്യകരമാവില്ല എന്നുമുള്ള വാദം യുക്തിരഹിതവും നമ്മുടെ പൊള്ളയായ സദാചാരവിലായിരുത്തലുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഒരു വിധത്തിലും യോജിക്കാനാകാത്തതുമാണ്.
കല്യാണം കഴിക്കാതെ പ്രസവിക്കുന്ന അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും സ്ത്രീധനം കൊടുത്തും ജാതിയും ജാതകവും നോക്കി വീട്ടുകാര്‍ തിരഞ്ഞെടുക്കുന്ന ആളെ കല്യാണം കഴിച്ചു പ്രസവിക്കുന്ന അമ്മമാര്‍ക്കും മനുഷ്യാവകാശങ്ങള്‍ നമ്മള്‍ വേര്‍തിരിച്ചുണ്ടാക്കിയിട്ടുണ്ട് എന്നു തന്നെ പറയേണ്ടി വരും.
എന്തടിസ്ഥാനത്തിലാണ് ഈ കുഞ്ഞ് അതിന്റെ ബയോളോജിക്കല്‍ അച്ഛനമ്മമാരോടൊപ്പം ജീവിച്ചാല്‍ അതിന്റെ ഭാവി ഇല്ലാതാകും എന്ന് പറയുക? ഏതു സാഹചര്യത്തിലും സ്വന്തം പ്രവര്‍ത്തി ഏറ്റെടുക്കുകയും സമൂഹത്തിന്റെ ശരിതെറ്റുകളുടെ വലയില്‍പ്പെടാതെ ജീവിതത്തെ കാപട്യമില്ലാതെ സത്യസന്ധതയോടെ കാണുകയും ചെയ്യുന്നവരിലാണ് യഥാര്‍ത്ഥ ധാര്‍മികത എന്ന് തന്നെ വിശ്വസിക്കുന്നു. ഇത്ര പ്രതികൂല സാഹചര്യങ്ങളിലും സമൂഹം എന്നെ എങ്ങനെ വിധിയെഴുതിയാലും അപമാനിച്ചാലും സ്വന്തം കുഞ്ഞിനെ പ്രസവിക്കണം എന്ന് തീരുമാനിച്ച, എന്റെ കുഞ്ഞിനെ വളര്‍ത്തും എന്നു തീരുമാനിച്ച, സ്വന്തം കുടുംബവും ഒരു വലിയ പാര്‍ട്ടി സംവിധാനവും ഭരണസംവിധാനങ്ങളും എല്ലാം ഒരുമിച്ചുചേര്‍ന്നു ഒറ്റപ്പെടുത്തിയിട്ടും കുഞ്ഞിനെ എടുത്തു മാറ്റിയിട്ടും കുഞ്ഞിനെ തിരികെക്കിട്ടാന്‍, അവനു വേണ്ടി രാപകല്‍ സമരം ചെയ്യാന്‍ തെരുവിലിറങ്ങിയ, സ്വന്തം കുഞ്ഞിന് വേണ്ടി ഇങ്ങനെ പോരാടാന്‍ കരുത്തും സ്‌നേഹവും ധൈര്യവും തന്റേടവുമുള്ള ഒരു അമ്മയിലും കൂടുതല്‍ സ്‌നേഹവും സുരക്ഷിതത്വവും അവനു നല്‍കാന്‍ ഈ ലോകത്താര്‍ക്കാണ് കഴിയുക? ഈ അമ്മയ്ക്കൊപ്പമല്ലാതെ ആര്‍ക്കൊപ്പമാണ് ആ കുഞ്ഞ് വളരേണ്ടത്?
നമ്മുടെ ജനാധിപത്യ സംവിധാനങ്ങളും ജനാധിപത്യ ബോധ്യവും പുരോഗമനവും സദാചാരവും നീതിബോധവും എല്ലാം ഭൂരിഭാഗം ഇടങ്ങളിലും പൊള്ളത്തരങ്ങളെന്നും ജാതിയും മതവും പാട്രിയാര്‍ക്കിയും സമ്പത്തും നിറവും രാഷ്ട്രീയവും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഇടങ്ങളുടെ സൃഷ്ടിയാണ് എന്നും തിരിച്ചറിയേണ്ട സമയമാണ്.
ഒരു അമ്മയുടെയും കുഞ്ഞിന്റെയും മനുഷ്യാവകാശ ലംഘനം, ഭരണ സംവിധാനങ്ങളുടെ, നിയമ സംവിധാനങ്ങളുടെ അക്ഷന്തവ്യമായ ദുരുപയോഗം ഇതിലൊന്നും ശ്രദ്ധ ചെലുത്താതെ ഈ കുഞ്ഞിന്റെ ജനനത്തിനു പിന്നിലെ ധാര്‍മികതയ്ക്കു പിന്നാലെ മാത്രം പോകുന്ന നമ്മുടെ സമൂഹത്തെക്കുറിച്ച് വേദനയുണ്ട്, അസ്വസ്ഥതയുണ്ട്. ഒരുപാടു തിരുത്തലുകള്‍ ആവശ്യമാണ്.
ബന്ധങ്ങളില്‍ പങ്കാളികളാകുന്ന മനുഷ്യരുടെ മൂല്യങ്ങളില്‍ ശരികളില്‍ നില നില്‍ക്കട്ടെ നമ്മുടെ ധാര്‍മികത അവര്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്തിടത്തോളും. സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഗര്‍ഭപാത്രത്തിന്റെയും ജീവിതത്തിന്റെയും ശരികളുടെയും മേല്‍ സ്വയം നിര്‍ണയാധികാരമുണ്ടെന്നു നമ്മള്‍ തിരിച്ചറിയട്ടെ. പിതൃമേധാവിത്വത്തിന്റെ ഇടങ്ങളായ നമ്മുടെ കുടുംബങ്ങള്‍ ജനാധിപത്യ ഇടങ്ങളായി മാറട്ടെ. നമ്മുടെ ഒപ്പമുള്ള മനുഷ്യരുടെ മാനുഷികമായ സന്തോഷങ്ങളുടെ ഭാഗമാകട്ടെ..അനുപമയുടെ സമരം ഒരുപാടു ആത്മവിമര്‍ശനം നടത്താനുള്ള ഒന്നാണ് ഈ സമൂഹത്തിന്. തിരിച്ചതിരിവുണ്ടാകട്ടെ ഒരു പാട് ഇടങ്ങളില്‍. ഉണ്ടായിട്ടും മിണ്ടാതിരിക്കുന്ന സത്യസന്ധതയില്ലായ്മ തിരസ്‌കരിക്കപ്പെടട്ടെ. എത്രയും വേഗം കുഞ്ഞ് അനുപമയ്ക്കരികിലെത്തട്ടെ. ആ ദിവസത്തിനായുള്ള കാത്തിരിക്കുന്ന മനുഷ്യരുടെ, മനസ്സുകളുടെ എണ്ണം കൂടട്ടെ. നമുക്ക് നീതിക്കു വേണ്ടിയുള്ള ഏതു സമരത്തോടും ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിയട്ടെ.