ആന്ധ്ര ദമ്പതികളെ വഞ്ചിച്ചത് അനുപമയല്ല; നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സംവിധാനങ്ങളാണ്

ആന്ധ്ര ദമ്പതികളെ വഞ്ചിച്ചത് അനുപമയല്ല; നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സംവിധാനങ്ങളാണ്
Published on

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പല വസ്തുതാവിരുദ്ധമായ നരേറ്റീവുകളും കാണുമ്പോള്‍ ഇത് പറയാതെ വയ്യ

1. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് കഴിഞ്ഞ് മൂന്നു മാസങ്ങളും കുറച്ചു ദിവസങ്ങളുമായി ഒപ്പമുണ്ടായിരുന്ന മനുഷ്യരോട് തെറ്റ് ചെയ്തത്, അവരെ വഞ്ചിച്ചത് അനുപമയും അജിത്തുമല്ല, ഏപ്രില്‍ മാസത്തില്‍ ബയോളജിക്കല്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും തങ്ങളുടെ കുഞ്ഞാണെന്ന ക്ലെയിം ഉന്നയിച്ചിട്ടും നിയമം അനുശാസിക്കുന്ന നടപടികള്‍ കൃത്യമായി പാലിക്കാതെ, കുടുംബത്തിന്റെ, അച്ഛന്റെ 'അഭിമാനം' സംരക്ഷിക്കുന്നതിന് വേണ്ടി ക്രമക്കേടുകള്‍ നടത്തി, ഈ യാഥാര്‍ഥ്യം അറിയിക്കാതെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ കുഞ്ഞിനെ നല്‍കിയ ശിശുക്ഷേമസമിതിയും മറ്റു ഭരണസംവിധാനങ്ങളുമാണ്.

ഈ സംവിധാനങ്ങള്‍ തന്നെയല്ലേ ഒരേ നഗരത്തില്‍ പ്രസവിച്ച അമ്മ കുഞ്ഞിനു വേണ്ടി കയറിയിറങ്ങി നടന്നിട്ടും ആ കുഞ്ഞിന് മുലപ്പാല്‍ പോലും നിഷേധിച്ചത്, അമ്മയില്‍ നിന്നും മാറ്റിയത്? അമ്മയുടെ സാമീപ്യം നിഷേധിച്ചത്? യഥാര്‍ത്ഥത്തില്‍ അനുപമയില്‍ നിന്ന് കുഞ്ഞിനെ ഏതുവിധേനയും മാറ്റുക എന്ന ദൗത്യത്തില്‍ ആ ദമ്പതികള്‍ വഞ്ചിക്കപ്പെടുകയല്ലേ ചെയ്തത്? അവരോടും അനീതി കാട്ടിയത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഈ സംവിധാനങ്ങള്‍ തന്നെയല്ലേ?

2. നിയമപരമായി ഈ കുഞ്ഞിന്റെ ദത്തു നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്തെങ്കിലും അനുകൂലമല്ലാത്ത സാഹചര്യം വന്നാല്‍ കുഞ്ഞിനെ തിരിച്ചെടുക്കാനാവുന്ന വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദത്തെടുക്കലിനു മുന്‍പുള്ള ഫോസ്റ്റര്‍ കെയറിനായാണ് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് നല്‍കിയത്. അവരുടെ ഒപ്പം മൂന്നു മാസങ്ങളും ഏതാനും ദിവസങ്ങളുമാണ് ആ കുഞ്ഞു കഴിഞ്ഞിട്ടുള്ളത്.

കുഞ്ഞിനെ ആ ദമ്പതികള്‍ക്ക് ഏതെങ്കിലും ഒരു സാഹചര്യത്തില്‍ തിരിച്ചു നല്‍കേണ്ടി വരുന്നത് നിയമപരമായി ഒരു അസാധാരണത്വവും ഒരു അസ്വാഭാവികതയും അല്ല എന്ന് തന്നെ കരുതുന്നു.

3. ആ മനുഷ്യരുടെ മാനസികമായ ബുദ്ധിമുട്ട് പൂര്‍ണമായും മനസ്സിലാക്കാനാകുന്നു. അതെ സമയം തന്നെ ആ ബുദ്ധിമുട്ടിനുള്ള പരിഹാരം ജനിച്ചു മൂന്നു ദിവസം മാത്രം സ്വന്തം കുഞ്ഞിനെ കണ്ടിട്ടുള്ള ഒരമ്മയുടെയും കുഞ്ഞിനെ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത ഒരച്ഛന്റെയും (അറിയാവുന്നിടത്തോളം ആ വ്യക്തിക്കുള്ള ഒരേയൊരു കുഞ്ഞ് ഈ കുഞ്ഞാണ് ) അടുത്തു നിന്ന് ആ കുഞ്ഞിനെ എന്നെന്നേക്കുമായി മാറ്റിനിര്‍ത്തുകയാണ് എന്ന് പറയുന്ന വാദം തീര്‍ത്തും മനുഷ്യത്വരഹിതം എന്നേ പറയാനാകൂ. മനസ്സിലാക്കിയതില്‍ നിന്നും ആ മനുഷ്യര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരാണ്.

അവര്‍ പറയുന്നത് പ്രസവിച്ച അമ്മയ്ക്ക് നീതി കിട്ടണം എന്ന് തന്നെയാണ്. മാത്രമല്ല, തങ്ങള്‍ക്കൊപ്പമുള്ള കുഞ്ഞിനെ പ്രസവിച്ച അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെയാണ് തങ്ങള്‍ക്ക് കുഞ്ഞിനെ കിട്ടിയത്, അവനു വേണ്ടി അവര്‍ സമരം ചെയ്യുകയാണ് എന്നറിഞ്ഞ അവര്‍ക്ക്, നീതിബോധമുള്ള മനുഷ്യരാണെങ്കില്‍, എങ്ങനെയാണ് ഈ കുഞ്ഞിനെ സമാധാനത്തോടെ വളര്‍ത്താനാകുക? എത്രയും വേഗം കുഞ്ഞിനെ പ്രസവിച്ച അമ്മയുടെ അടുത്തെത്തിക്കാനല്ലേ എത്ര വിഷമമുണ്ടായാലും അവരും ശ്രമിക്കുക?

ഈ സാഹചര്യത്തിലെ സ്വാഭാവികമായ, യുക്തിസഹമായ ഒരു സംശയം തങ്ങള്‍ കേട്ടിട്ടും ഫോട്ടോ പോലും കണ്ടിട്ടുമില്ലാത്ത, ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകള്‍ക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവര്‍ക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ്.

ഈ കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ലാത്ത അവര്‍ക്ക് ഈ അവസ്ഥയെ അതിജീവിക്കാനാകട്ടെ എന്നും നിയമത്തിന്റെ സുതാര്യമായ മാര്‍ഗത്തിലൂടെ ഇവിടെ ചെയ്തത് പോലെയല്ലാതെ ഒരു കുഞ്ഞിനെ ലഭിക്കട്ടെ എന്ന് ഏറെ ആഗ്രഹിക്കുന്നു. മനുഷ്യന്റെ നീതിബോധത്തിന്റെ അടിത്തറയില്‍ നിന്ന് ചിന്തിച്ചാല്‍ അനുപമയോടും അജിത്തിനോടുമൊപ്പം, അവരെല്ലാവരും ആഗ്രഹിക്കുന്നെങ്കില്‍ ആന്ധ്രയിലെ ആ ദമ്പതികളും ഈ കുഞ്ഞിന്റെ ജീവിതത്തില്‍ പങ്കാളികളാകുന്ന ഒരു സാഹചര്യം അസാധ്യമല്ല. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ അവര്‍ക്കു കഴിയുമെങ്കില്‍ അങ്ങനെ ഒരു ആരോഗ്യകരമായ ബന്ധം ഉരുത്തിരിയട്ടെ എന്നും ഈ പ്രായത്തില്‍ അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ഈ കുഞ്ഞ് അജിത്തിന്റെ മുന്‍ പങ്കാളിക്കും ആന്ധ്രയിലെ ദമ്പതികള്‍ക്കും അവന്റെ അച്ഛനമ്മമാരോടൊപ്പം പ്രിയപ്പെട്ടവനായി ഏറെ സ്‌പെഷ്യല്‍ ആയി വളരട്ടെ എന്നും ആഗ്രഹിക്കുകയാണ്.

4. ഈ സാഹചര്യത്തില്‍ ഒന്ന് വളരെ കൃത്യമായി മനസ്സിലാകുന്നു. ആത്മഹത്യ ചെയ്ത/കൊല്ലപ്പെട്ട വിസ്മയയോടുള്ള നമ്മുടെ സ്‌നേഹം, എമ്പതി ഒക്കെ എല്ലാം സഹിച്ചും ക്ഷമിച്ചും ആരെയും എതിര്‍ക്കാതെയും ചോദ്യം ചെയ്യാതെയും ആ കുട്ടി സ്വയം ഇല്ലാണ്ടായത് കൊണ്ട് തന്നെയാകാന്‍ തന്നെയാണ് സാദ്ധ്യത.വിസ്മയ തന്നെ ഉപദ്രവിച്ച ജീവിതപങ്കാളിയായ പുരുഷനെ ചോദ്യം ചെയ്തരുന്നെങ്കില്‍, തന്നെ ആ ബന്ധം തുടരാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചുവെങ്കില്‍ അതിനെ എതിര്‍ത്തും അച്ഛനേയും പങ്കാളിയെയും ചോദ്യം ചെയ്തും പൊതുസമൂഹത്തിനു മുന്‍പില്‍ വന്നു പൊരുതിയിരുന്നെങ്കില്‍, നിയമ നടപടികള്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍, ആ കല്യാണം ജാതിക്കു പുറത്തുള്ള ഒരു പ്രണയവിവാഹമായിരുന്നെങ്കില്‍, അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലേക്ക് പോയിരുന്നെങ്കില്‍ വിസ്മയോടുള്ള നമ്മുടെ സ്‌നേഹം എന്താകുമായിരുന്നു എന്ന് കണ്ടറിയേണ്ടതുണ്ട്.

ഇവിടെ അച്ഛനെ ചോദ്യം ചെയ്യുന്ന, കുടുംബത്തെ എതിര്‍ക്കുന്ന, നിങ്ങളുടെ 'പുറത്തു പറയുന്ന' സദാചാര സങ്കല്‍പത്തിന് യോജിക്കാത്ത ഒന്ന് ''ഞാന്‍ ചെയ്തു എന്ന് പറഞ്ഞ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, അതെന്റെ കുഞ്ഞാണ്, അതിന്റെ അച്ഛനെപ്പറ്റി നിങ്ങള്‍ അധികം ആകുലപ്പെടണ്ട, എന്റെ കുഞ്ഞ് എന്റെ അവകാശമാണ്, ആരുമായുള്ള ബന്ധത്തില്‍ എനിക്ക് കുട്ടിയുണ്ടാകണമെന്നു ഞാനാണ് തീരുമാനിക്കുന്നത് എന്ന് പറയുന്ന, സ്വന്തം അവകാശത്തിനു വേണ്ടി പോരാടുന്ന ഒരു സ്ത്രീയെ ഈ സമൂഹത്തിനുള്‍ക്കൊള്ളാന്‍ പറ്റില്ല. അതിനു സദാചാരം ഒരു മറയാക്കുന്നതാണ് എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

ഈ കുഞ്ഞിനെ ആരുമറിയാതെ അബോര്‍ട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു അച്ഛനും അമ്മയും പത്രപ്പരസ്യം കൊടുത്തു ജാതിയും ജാതകവും നോക്കി സ്ത്രീധനവും കൊടുത്തു നടത്തുന്ന ഒരു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെങ്കില്‍ നമ്മുടെ കണ്ണില്‍ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ, സംശയമില്ല. മാത്രമല്ല, അനുപമ എന്ന വ്യക്തി ഇല്ലായിരുന്നെകില്‍ അജിത്തും മുന്‍പങ്കാളിയും ജീവിതകാലം മുഴുവന്‍ ഒരുമിച്ചുണ്ടാകും അല്ലെങ്കില്‍ വിവാഹിതരാകുന്ന മനുഷ്യര്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ചുണ്ടാകും എന്ന്, മനുഷ്യര്‍ പ്രണയ - വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിച്ച് പുതിയ ബന്ധങ്ങളിലേക്ക് പോകില്ല അത് സദാചാര ഭ്രംശമാണ്, വിവാഹബന്ധങ്ങള്‍ ആജീവനാന്തം തുടരേണ്ടതാണ് എന്ന് ചിന്തിക്കുന്ന വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത് എന്തടിസ്ഥാനത്തിലാണ്?' (കാലവും നിയമങ്ങളും മാറിയതും മനുഷ്യരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യാപ്തി മാറിയതിനെക്കുറിച്ചും കേരളത്തിലെ കുടുംബകോടതികളിലെ ഡിവോര്‍സ് കേസുകളുടെ എണ്ണത്തെക്കുറിച്ചും ഒരു ധാരണയുമുണ്ടായാല്‍ മതി ഇത്തരം അഭിപ്രായങ്ങളുടെ പിന്നിലെ യുക്തിരാഹിത്യം മനസ്സിലാക്കാന്‍).

സ്വയം നീറി, കുടുംബത്തിന്റെ,സമൂഹത്തിന്റെ അപ്പ്രൂവല്‍ കിട്ടാന്‍ വേണ്ടി സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് ആര്‍ക്കോവേണ്ടി , സമൂഹത്തെ കാണിക്കാന്‍ വേണ്ടി ആരോ നിര്‍വചിച്ച, വരച്ചിട്ട, ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നതില്‍ കൂടുതല്‍ ആയിരം മടങ്ങു ശരിയും ധാര്‍മികതയും സമൂഹം മുഴുവന്‍ തന്നെ വിധിക്കുമെന്നുറപ്പുള്ള, ഒറ്റപ്പെടുത്തുമെന്നുറപ്പുള്ള ഒരു കാര്യം താന്‍ ചെയ്തു എന്ന് പറയാനും ഏറ്റെടുക്കാനുമുള്ള സത്യസന്ധതയും ധൈര്യവും, സമൂഹത്തിലെ, കുടുംബത്തിലെ സ്വന്തം സ്ഥാനവും സുരക്ഷിതത്വവും എല്ലാം റിസ്‌ക് ചെയ്ത് എന്റെ കുഞ്ഞിനെ ഞാന്‍ പ്രസവിക്കും എന്ന തീരുമാനവും ആ കുഞ്ഞ് അധാര്‍മികമായി, ക്രൂരമായി ചതിക്കപ്പെട്ടു സ്വന്തം കയ്യില്‍ നിന്നെടുത്തു മാറ്റിയപ്പോള്‍ അവനു വേണ്ടി ഓരോ ദിവസവും പോരാടാന്‍ തീരുമാനിച്ചുറച്ച, മറ്റൊരു കുഞ്ഞിനും ഇത്തരം വ്യവസ്ഥാപിതമായ അനീതി നേരിടേണ്ടി വരരുത് എന്നുറച്ചു പറയുന്ന ഈ അമ്മയുടെ കൂടെയാണെന്ന് തന്നെ, ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്കൊപ്പവും കുഞ്ഞിനൊപ്പവും നിന്ന പങ്കാളിക്കൊപ്പവുമാണെന്ന് തന്നെ വിശ്വസിക്കുന്നു.

കരയാത്ത, സഹതാപം ആവശ്യമില്ലാത്ത, ബോള്‍ഡ് ആയി നില്‍ക്കുന്ന, എന്റെ കുഞ്ഞിനെ എന്നില്‍ നിന്നകറ്റിയവര്‍ക്കെതിരെ നടപടിയെടുക്കണം എന്നുറക്കെ പറയുന്ന, ഇത്രയും സ്വഭാവഹത്യയും സദാചാര വിലയിരുത്തലുകളും നടത്തിയിട്ടും അല്‍പം പോലും പതറാതെ തന്റെ ശരിയിലും തന്റെ കുഞ്ഞിനും പങ്കാളിക്കുമൊപ്പം ഉറച്ചു നില്‍ക്കുന്ന, അച്ഛനും അമ്മയുമാണെങ്കിലും ചെയ്തത് തെറ്റാണ്, ക്രിമിനല്‍ കുറ്റമാണ്, എന്ന് പറയാനുള്ള ആര്‍ജവം ഉള്ള, കുടുംബത്തിലെ പാട്രിയാര്‍ക്കല്‍ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ കേരളം സമൂഹം അധികം കണ്ടു ശീലിച്ചിട്ടില്ല; അതുള്‍ക്കൊള്ളാനാവില്ല. അത് അനുപമയുടെ പ്രശ്‌നമല്ല, നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്. മാത്രമല്ല, ഈ പറയുന്ന സദാചാരം സ്വന്തം ജീവിതത്തില്‍ 'കൃത്യമായി പാലിക്കുന്ന' ഭൂരിഭാഗം ആളുകളാണ് ഇത് പറയുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍, നിയമം നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്; അവിടെ സദാചാരവാദികള്‍ക്കും,സദാചാരത്തില്‍ ഇരട്ടത്താപ്പ് പുലര്‍ത്തുന്നവര്‍ക്കും, സദാചാരവാദികളാല്‍ വിധിക്കപ്പെടുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം നിയമമില്ല. ഇത് മനസ്സിലാകുന്നില്ല എന്ന രീതിയില്‍ പെരുമാറുന്നത് ഈ സമൂഹം എത്ര കാലം തുടരും? സമൂഹത്തിന്റെ നീതിബോധമില്ലാത്ത പല ശരികളെയും കീഴ്വഴക്കങ്ങളെയും ചോദ്യം ചെയ്യാനാകുന്ന, പൊരുതുന്ന, കരുത്തുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാനാകുന്ന വിധം ഈ സമൂഹം മാറേണ്ടിയിരിക്കുന്നു, വളരേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in